പുതിന്റ്റെ പേടിസ്വപ്നമായ നവാൽനി
പി.എസ് .ശ്രീകുമാർ
ബോറിസ് യെൽട്സിൻ 1999 ൽ പ്രസിഡന്റ്റ് സ്ഥാനം രാജിവച്ച ശേഷം വ്ലാദിമിർ പുതിന്നെ ചുറ്റിയാണ് റഷ്യയുടെ രാഷ്ട്രീയം തിരിയുന്നത് . യെൽട്സിൻ രാജിവക്കുമ്പോൾ പ്രധാനമന്ത്രി സ്ഥാനത്തിരുന്നത് പുതിൻ ആയിരുന്നു. തുടർന്ന്, പുതിൻ ആക്റ്റിങ് പ്രസിഡന്റായി സ്ഥാനം എടുത്തു . അതിനുശേഷമുള്ള രണ്ടു ദശാബ്ദക്കാലം ഒന്നുകിൽ പ്രസിഡന്റിന്റ്റ് അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ കസേരയിൽ പുതിൻ ഉണ്ടായിരുന്നു. ഭരണഘടനാപരമായ നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് അദ്ദേഹം പ്രസിഡന്റ്റ് സ്ഥാനത്തുനിന്നും മാറി പ്രധാനമന്ത്രിയുടെ കസേരയിൽ ഇടയ്ക്ക് ചേക്കേറിയത്. രണ്ടു തവണയിൽ കൂടുതൽ തുടർച്ചയായി പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതിനുണ്ടായിരുന്ന പ്രതിബന്ധങ്ങൾ 2020 ജൂണിൽ നടത്തിയ ഭരണഘടനാ ഭേദഗതിയിലൂടെ ഒഴിവാക്കി. പുതിയ നിയമ പ്രകാരം ആര് വര്ഷം വീതമുള്ള രണ്ടു തവണകൾ കൂടി അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനത്തു തുടരാം. നിലവിലുള്ള അദ്ദേഹത്തിന്റെ കാലാവധി തീരുന്നതു 2024 ലാണ്. പിന്നീട് രണ്ടു തവണകൾ കൂടി എന്ന് പറയുമ്പോൾ, 2036 വരെ, പ്രസിഡന്റ് സ്ഥാനത്തു തുടരുവാൻ ഇപ്പോൾ വരുത്തിയ ഭരണഘടനാ ഭേദഗതിയിലൂടെ സാധിക്കും. എന്നാൽ പുതിന്നെതിരായി റഷ്യയുടെ പലഭാഗത്തും ഉയരുന്ന എതിർപ്പുകളും പ്രതിഷേധങ്ങളും അദ്ദേഹത്തിന്റ്റെ ആഗ്രഹത്തിന് വിലങ്ങുതടിയായി മാറുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ സംശയം..
പ്രസിഡന്റ്റ് സ്ഥാനത്തേക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്നത് 2018 മാർച്ച് 18 നായിരുന്നു. പുതിനെ സംബന്ധിച്ചിടത്തോളം, തുടർച്ചയായ രണ്ടാം തവണയായിരുന്നു അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാര്ഥികളുൾപ്പെടെ എട്ടോളം പേര് അദ്ദേഹത്തിനെതിരെ മത്സരിച്ചു. പുതിന്നെതിരെ മത്സരിക്കുമെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ച , അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റ്റെ നേതാവായ അലക്സി നവാൽനിയെ,പഴയ ഒരു അഴിമതി കേസിൽ പെടുത്തി മത്സരത്തിൽനിന്നും വിലക്കി. അതോടെ പുതിന് അനായാസ വിജയമാണ് ഉണ്ടായത്. പോൾ ചെയ്ത വോട്ടിന്റ്റെ എഴുപത്തിആറ് ശതമാനം വോട്ട് നേടിയാണ് അദ്ദേഹം വിജയിച്ചത്.
കമ്മ്യൂണിസ്റ്റ് ഭരണത്തിൽനിന്നും മോചിതമായ ശേഷം, ജനാധിപത്യ രാഷ്ട്രമായി മാറിയ റഷ്യ, പുതിൻറ്റെ നേതൃത്വത്തിൽ ഏകാധിപത്യ ഭരണത്തിലേക്ക് വഴുതിവീണതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പുതിനെ വിമര്ശിക്കുന്നവരെയെല്ലാം അടിച്ചമർത്തുകയാണ്. സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തുന്നവർ പീഡിപ്പിക്കപ്പെടുന്നു. " Freedom in the world" റിപ്പോർട്ട് പ്രകാരം 100 ൽ 20 എന്ന റേറ്റിംഗോഡെ റഷ്യ വളരെ പിന്നിലാണ്. തൻറ്റെ എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണാധികാരിയായിട്ടാണ് മനുഷ്യാവകാശ പ്രവർത്തകർ പുതിനെ ചിത്രീകരിക്കുന്നത്. പുതിൻറ്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിൽ വിമർശിച്ചതിന്റ്റെ പേരിലാണ് 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ മത്സരിച്ച ഹിലരി ക്ലിന്റണെ തോൽപ്പിക്കാൻ വേണ്ടി റഷ്യൻ ചാര സംഘടനയെ പുതിൻ നിയോഗിച്ചത്. അമേരിക്കയിലെ തെരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും , അവിടെ വലിയ വിവാദമായി മാറിയ സംഭവമായിരുന്നു അത് .റഷ്യയിലാണെങ്കിലും, റഷ്യക്ക് പുറത്താണെങ്കിലും, വിമർശകർക്കെതിരെ വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന ആളാണ് പുതിൻ എന്നതിന് ഇതിൽപ്പരം തെളിവ് വേണോ?
പുതിൻറ്റെ രോഷത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി മാറിയിരിക്കുന്നത് പ്രതിപക്ഷ നിരയിലെ ശക്തനായ അലെക്സി നവാൽനിയാണ് . കഴിഞ്ഞ കുറെ വര്ഷങ്ങളായി റഷ്യൻ ഭരണകൂടത്തിൻറ്റെ അഴിമതിക്കും ഏകാധിപത്യത്തിനും എതിരായി റഷ്യയിൽ ഉടനീളം ഓടിനടന്നു പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ശക്തമായി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നവാൽനി, 2013 ലെ മോസ്കോ മേയർ തെരഞ്ഞെടുപ്പിൽ പ്രോഗ്രസ്സ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അന്ന് തെരഞ്ഞെടുപ്പിൽ അദ്ദേഹം രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞത് വോട്ടെടുപ്പിൽ കൃത്രിമം കാട്ടി അദ്ദേഹത്തെ പുതിൻറ്റെ ആളുകൾ തോൽപ്പിക്കുകയായിരുന്നു എന്നാണ്. അതിനുശേഷം വിശ്രമമില്ലാതെ അദ്ദേഹം പുതിനും ഭരണ കക്ഷിയായ യുണൈറ്റഡ് റഷ്യ പാര്ടിക്കുമെതിരെയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ ആയിരുന്നു. റഷ്യയിലെ സിറ്റി കൗൺസിലുകളിലേക്കും, പാർലമെൻറ്റിലെ ഒഴിവുള്ള സീറ്റുകളിലേക്കും , 85 പ്രാദേശിക ഗവർണ്ണർ സ്ഥാനത്തേക്കും ഈ മാസം 13 നു നടന്ന തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം സൈബീരിയയിൽ നടന്ന സമ്മേളനങ്ങളിൽ പങ്കെടുത്ത ശേഷം , കഴിഞ്ഞ ഓഗസ്റ്റ് 20 നു സൈബീരിയയിലെ ടോംസ്‌ക് വിമാനത്താവളത്തിൽനിന്നും മോസ്കോ നഗരത്തിലേക്ക് വിമാനത്തിൽ സഞ്ചരിക്കുമ്പോളാണ് അദ്ദേഹത്തിനു അസ്വസ്ഥത തോന്നിയത്. ശരീരം തീരെ തളർന്നു ബോധരഹിതനായ അദ്ദേഹത്തെ ഉടൻതന്നെ അടുത്തുള്ള മറ്റൊരു വിമാനത്താവളത്തിൽ[ഓംസ്ക് ] ഇറക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അന്ന് രാവിലെ വിമാനത്താവളത്തിൽവച്ച് അദ്ദേഹം കുടിച്ച ചായയിൽ വിഷം കലർത്തിയതായാണ് സംശയിക്കുന്നത്. അതിനു പിറകിൽ പുതിൻറ്റെ കറുത്ത കൈകൾ ഉണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നത്. റഷ്യയിലെയും അന്താരാഷ്ട്ര രംഗത്തെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ജർമൻ സർക്കാരിന്റെയും ശ്രമഫലമായി, രണ്ടു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ ജർമൻ സർക്കാർ ബെര്ലിനിലുള്ള അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റി. അവിടെ നൽകിയ വിദഗ്ദ്ധ ചികിത്സയുടെ ഫലമായി അദ്ദേഹം ഇപ്പോൾ അപകടനില തരണം ചെയ്തു.
രാസായുധമായി ഉപയോഗിക്കുന്ന നോവിച്ചോക് എന്ന നെർവ് ഏജൻറ് ഉപയോഗിച്ചു് നവാൽനിയെ വകവരുത്തുവാനുള്ള ശ്രമമായിരുന്നു നടന്നതെന്നാണ് ജർമൻ ഡോക്ടർമാർ സംശയിക്കുന്നത്. റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്നതും പിന്നീട് ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടുകയും ചെയ്ത അലക്സാണ്ടർ ലിറ്റ് വിനെങ്കോ യെ 2006 ൽ, ലണ്ടനിൽ വച്ച്, റഷ്യൻ രഹസ്യാന്വേഷകർ കൊലപ്പെടുത്തിയത് പൊളോണിയം-210 എന്ന വിഷം ചായയിൽ കലർത്തിയായിരുന്നു. അതുപോലെ തന്നെ മുൻ റഷ്യൻ ചാരനായിരുന്ന സെർജി ക്രിപാലിനെ 2018 ൽ കൊലപ്പെടുത്താൻ ഉപയോഗിച്ചതും നെർവ് ഏജൻറ് നൽകിയായിരുന്നു. ഈ സംഭവങ്ങൾ ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെപ്പോലും പിടിച്ചുലച്ചിരുന്നു. ഇതൊക്കെ വെളിച്ചത്തു വരുന്നത് ഭയപ്പെടുന്ന പുതിൻറ്റെ സർക്കാർ, വിമര്ശകരെയും രാഷ്ട്രീയ എതിരാളികളെയും ഭൂമിയിൽ നിന്നും തുടച്ചു നീക്കുവാൻ എന്തുചെയ്യാനും മടിക്കില്ല . ജർമനിയിലെ ആശുപത്രിയിൽ സുഖം പ്രാപിക്കുന്ന നവാൽനി, പഴയ ആരോഗ്യ സ്ഥിതിയിൽ എത്തുമോ എന്ന് ഇപ്പോഴും പറയാറായിട്ടില്ല. പ്രാദേശിക കൗണ്സിലുകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രതിപക്ഷ കൂട്ടായ്മ പുതിന്റ്റെ പാർട്ടിയെ അമ്പരപ്പിച്ചുകൊണ്ട് കുറച്ചു സീറ്റുകൾ ആദ്യമായി നേടി. റഷ്യയിലെ മൂന്നാമത്തെ വലിയ നഗരമായ നൊവോസിബിർസ്‌ക് നഗര കൗൺസിലിൽ നേടിയ ഏതാനും സീറ്റുകൾ പുതിൻറ്റെ യുണൈറ്റഡ് റഷ്യ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് അഴിമതികളെയും അട്ടിമറി ശ്രമങ്ങളെയും അതിജീവിച്ചാണ്. ഇത് സൂചിപ്പിക്കുന്നത്, റഷ്യൻ ജനതക്കിടയിൽ ഉള്ള അസംതൃപ്തി പുറത്തേക്കു വന്നു തുടങ്ങി എന്നാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി സമ്പദ്ഘടന 6 ശതമാനം ചുരുങ്ങി. തൊഴിലില്ലായ്മയും വരുമാന നഷ്ടവും ജനങ്ങളിൽ കടുത്ത നിരാശ ഉണ്ടാക്കുന്നു. പെട്രോളിയം വിലയിടിവും സമ്പദ്ഘടനക്ക് ആഘാതമായി മാറി. ജനങ്ങളുടെ ഈ അസംതൃപ്തി അടുത്ത വര്ഷം നടക്കേണ്ട പാർലമെൻറ്റ് തെരെഞ്ഞെടുപ്പിൽ ഭരണസംവിധാനത്തിന് എതിരായി മാറുമോ എന്ന് ഉനിറെദ് റഷ്യ പാർട്ടി ഭയക്കുന്നു. ഈ ഒരു സാഹചര്യത്തിൽ,സ്‌ഫിനിക്സ് പക്ഷിയെപ്പോലെ ഉയിത്തെഴുനേൽക്കുന്ന നവാൽനി, പുതിന് പേടിസ്വപ്നമായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളു .
പി.എസ് . ശ്രീകുമാർ
98471 73177