Monday, 22 February 2021

Myanmar and military coup

                 ചരിത്രത്തിലേക്കൊരു തിരിച്ചുപോക്കുമായി  മ്യാൻമർ 

പി.എസ്‌  ശ്രീകുമാർ 

മ്യാന്മറിന്റെ  ചരിത്രത്തിൽ ഒരു കറുത്ത ഏട്  കൂടി , ഫെബ്രുവരി 1 ന്  എഴുതി ചേർത്തിരിക്കുകയാണ്, പട്ടാള തലവനായ ജനറൽ മിൻ ഓങ്‌  ലെയിങ്.  നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേതാവും പ്രധാനമന്ത്രി പദത്തിന് തുല്യമായ പദവിയുള്ള സ്റ്റേറ്റ് കൗൺസിലർ  സ്ഥാനം വഹിക്കുകയും ചെയ്തിരുന്ന ആങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെയും, പ്രസിഡന്റ് വിൻ മിന്റിനെയും  അധികാരത്തിൽനിന്നും പുറത്താക്കുകയും തടവിലാക്കുകയും ചെയ്തിരിക്കുകയാണ്. 2020  നവംബറിൽ തെരഞ്ഞെടുക്കപ്പെട്ട  നാഷണൽ അസംബ്ലി കൂടാനിരുന്നതിന്റ്റെ  തലേന്ന് അതിരാവിലെയാണ്  മ്യാന്മാർ പട്ടാളം ഈ അട്ടിമറി നടത്തിയത്. 

1948 ജനുവരിയിൽ   ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ശേഷം വളരെ കുറച്ചു വർഷങ്ങൾ  മാത്രമേ മ്യാന്മാർ[മുൻപ് ബർമ]  ജനത സ്വാതന്ത്ര്യം അനുഭവിച്ചിട്ടുള്ളു.  ബ്രിട്ടീഷ് ഭരണത്തിനെതിരെ  സായുധ സൈന്യം  രൂപീകരിച്ചു  പോരാടിയ ആങ് സാൻ  [ആങ് സാൻ സൂച്ചി യുടെ പിതാവ്] എന്ന വിപ്ലവ നേതാവിന്റെ നേതൃത്വത്തിലാണ്  മ്യാന്മറിന് സ്വാതന്ത്ര്യം നൽകുവാനുള്ള കരാർ  ബ്രിട്ടീഷ് സർക്കാരുമായി  ഒപ്പിട്ടത്.  എന്നാൽ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ്, പരസ്പരം പോരാടുന്ന മറ്റൊരു  വംശീയ  ഗ്രൂപ്പിന്റെ വെടിയുണ്ട ഏറ്റു അദ്ദേഹം കൊല്ലപ്പെട്ടു.  കൊല്ലപ്പെടുമ്പോൾ,  ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നടന്ന തെരഞ്ഞെടുപ്പിലൂടെ  രൂപീകൃതമായ നിഴൽ മന്ത്രിസഭയിലെ  പ്രധാന മന്ത്രിയായിരുന്നു അദ്ദേഹം.  രാജ്യത്തിനുവേണ്ടി  രക്തസാക്ഷിത്വംവഹിച്ച അദ്ദേഹമാണ്  മ്യാന്മാറിന്റെ രാഷ്ട്രപിതാവ്.  1962   വരെയുള്ള കാലഘട്ടത്തിൽ ജനാധിപത്യ ഭരണക്രമം തുടർന്നെങ്കിലും , പരസ്പരം പോരടിച്ച  വംശീയ ഗ്രൂപ്പുകൾ  സ്വയം ഭരണത്തിനായി  മത്സരിച്ചപ്പോൾ  പട്ടാളം ഭരണം ഏറ്റെടുത്തു.  1990 വരെയും പട്ടാളത്തിന്റെ അനുഗ്രഹാശിസ്സുകളോടെയുള്ള ഭരണമായിരുന്നു  അവിടെ നടന്നത്.

പ്രക്ഷോഭത്തലപ്പത്  സൂച്ചി 

കുടുംബമായി ബ്രിട്ടനിൽ താമസിച്ചിരുന്ന ആങ് സാൻ സൂച്ചി ,  അമ്മയുടെ  അസുഖത്തെ  തുടർന്നാണ് 1988 ൽ മ്യാന്മറിലേക്കു മടങ്ങിയത്.    1988  സെപ്റ്റംബറിൽ  നാഷണൽ ലീഗ് ഫോർ ഡെമോക്രസി എന്ന രാഷ്ട്രീയ സംഘടനക്ക്  രൂപം  നൽകികൊണ്ട്   ജനാധിപത്യ പ്രക്ഷോഭങ്ങളുടെ  നേതൃസ്ഥാനം അവർ ഏറ്റെടുത്തു. പ്രക്ഷോഭങ്ങൾക്ക് ശക്തികൂടിയപ്പോൾ  പട്ടള ഭരണകൂടം  അവരെ തടങ്കലിലാക്കി. അന്തർദേശിയ സമൂഹത്തിന്റെ  സമ്മർദത്തിന് വഴങ്ങിയ പട്ടാള ഭരണകൂടം, 1990  ൽ  തെരഞ്ഞെടുപ്പ് നടത്താൻ നിര്ബന്ധിതരായി.  ഭൂരിപക്ഷം സീറ്റുകളും നാഷണൽ ലീഗ് നേടിയതോടെ , ജനവിധി അംഗീകരിക്കാൻ  പട്ടാളം തയ്യാറായില്ല. സൂചി ഉൾപ്പെടെയുള്ള നേതാക്കളെ വീണ്ടും തടവിലാക്കി. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ അമരത്തിരുന്ന  സൂചിയെ  തേടി 1990 ലെ സമാധാനത്തിനുള്ള പുരസ്‌കാരം എത്തി.  1989 നും 2010 നും  ഇടയിൽ  ഏകദേശം 15  വർഷങ്ങൾ അവർ  വീട്ടു തടങ്കലിലായിരുന്നു  . അതോടെ അന്തർദേശിയ സമൂഹം മ്യാന്മറിനെതിരെ  ഉപരോധം ഏർപ്പെടുത്തി. ഏകാധിപത്യ ഭരണം നിലനിൽക്കുന്ന ചൈനയുടെ സഹായത്തോടെ ഉപരോധത്തെ അതിജീവിക്കാൻ  മ്യാന്മർ  ശ്രമിച്ചു.  ഒറ്റപ്പെടലിൻറ്റെ  ബുദ്ധിമുട്ടുകൾ അനുഭവിച്ച പട്ടാള ഭരണകൂടം,   പരിമിതമായ  സ്വാതന്ത്ര്യം നൽകുന്ന ഒരു പുതിയ ഭരണഘടനക്ക് 2008 ൽ  രൂപം നൽകി. ഇതനുസരിച്ചു രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളും, നാഷണൽ അസംബ്ലിയിലെ മൂന്നിൽ ഒന്നോളം അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരവും പട്ടാളത്തിനാണ്.  2010 ൽ  സൂച്ചി യെ ജയിൽ മോചിതയാക്കിയപ്പോൾ , നാഷണൽ ലീഗ് ഈ ഭരണഘടനാ അംഗീകരിച്ചു. സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്താമെന്നു  സമ്മതിച്ച പട്ടാളം 2010 ൽ  തെരഞ്ഞെടുപ്പ് നടത്തി. എന്നാൽ, പട്ടാളത്തെ പിന്തുണക്കുന്ന യൂണിയൻ  സോളിഡാരിറ്റി ആൻഡ്  ഡെവലൊപ്മെൻറ്  പാർട്ടി യെ അധികാരത്തിലെത്തിക്കാനാണു പട്ടാളം ശ്രമിച്ചത്.   അത് മനസ്സിലാക്കിയ നാഷണൽ ലീഗ്, തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഏകപക്ഷീയമായി  നടത്തിയ  തെരഞ്ഞെടുപ്പിനു ശേഷം   മുൻ പട്ടാള ജനറൽ ആയിരുന്ന  തീൻ സീനിനെ   പ്രസിഡന്റ് ആയി പട്ടാളം അവരോധിച്ചു.   തീൻ സീനുമായി നടത്തിയ ചർച്ചയെ തുടർന്നാണ്  2015  നവംബറിൽ  സ്വതന്ത്ര തെരഞ്ഞെടുപ്പിന് പട്ടാളം തയ്യാറായത്.  അന്ന് നടത്തിയ തെരഞ്ഞെടുപ്പിൽ, വന്പിച്ച ഭൂരിപക്ഷത്തോടെയാണ്  നാഷണൽ ലീഗിനെയും സൂചിയെയും ജനങ്ങൾ വിജയിപ്പിച്ചത്.  മക്കളുടെ വിദേശ  പൗരത്വത്തിണ്റ്റെ പേരിൽ  സൂച്ചിക്കു പ്രധാനമന്ത്രി ആകാൻ സാധിക്കാതിരുന്ന അവസരത്തിലാണ്, ആ പദവിക്ക് തുല്യമായ സ്റ്റേറ്റ് കൗൺസിലർ  പദവിയിൽ കഴിഞ്ഞ അഞ്ചു വര്ഷം അവർ പ്രവർത്തിച്ചത്.പട്ടാളം തയ്യാറാക്കിയ ഭരണ ഘടനയായതിനാൽ, ആ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് മാത്രമേ സൂച്ചിക്കു പ്രവർത്തിക്കുവാൻ സാധിച്ചുള്ളൂ.  പട്ടാളത്തിന്റെ  മനുഷ്യാവകാശ ലംഘനങ്ങളെയും  നിയമ വിരുദ്ധ നടപടികളെയും  അന്താരാഷ്ട്ര വേദികളിൽ  സൂച്ചി ക്കു ന്യായീകരിക്കേണ്ടി വന്നു.   റോഹിൻഗ്യൻ അഭയാര്ഥി  പ്രശ്നത്തിൽ സംഭവിച്ചത് അതാണ്.

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കണ്ണടച്ച് സൂച്ചി 

മ്യാൻമറിലെ രാഖൈൻ  പ്രവിശ്യയിൽ നിന്നും 2017 ൽ  ലക്ഷകണക്കിന് റോഹിൻഗ്യൻ മുസ്ലിം  അഭയാര്ഥികളാണ് തൊട്ടടുത്ത ബംഗ്ലാദേശിലേക്ക്  പലായനം ചെയ്തത്.  ഭൂരിപക്ഷമായ  ബുദ്ധമതക്കാരും, ന്യൂനപക്ഷമായ റോഹിൻഗ്യകളും തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ എല്ലാം  പട്ടാളം ബുദ്ധമതക്കാർക് അനുകൂലമായ നിലപാടാണ് എപ്പോഴും  കൈക്കൊള്ളുന്നത്. റോഹിൻഗ്യൻ വംശജർ  താമസിച്ചിരുന്ന വീടുകൾ,  പട്ടാളവുംകൂടി  ചേർന്ന്  തീയിട്ടു ചാമ്പലാക്കി.  ആയിരകണക്കിന് രോഹിൻഗ്യകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. അന്ന് അവിടെ സംഭവിച്ച  മനുഷ്യാവകാശ ലംഘനങ്ങൾ  ചൂണ്ടിക്കാണിച്ചാൽ  പട്ടാളം തന്റെ സർക്കാരിനെ അട്ടിമറിക്കും എന്ന് അറിയാവുന്നതിനാൽ ആയിരിക്കാം ഈ നടപടിക്കെതിരെ  ഒരക്ഷരം പോലും ഉരിയാടാൻ സൂച്ചി  തയ്യാറാകാതിരുന്നത്  .ഈ സംഭവം  മനുഷ്യാവകാശ പ്രവർത്തക എന്ന അവരുടെ പ്രതിച്ഛായയെ  മോശമായി ബാധിച്ചു. അവർക്കു നൽകിയ നോബൽ സമ്മാനം പോലും തിരിച്ചെടുക്കണമെന്ന്   ലോക മെമ്പാടുമുള്ള  ജനാധിപത്യ വിശ്വാസികൾ ആവശ്യപ്പെടുന്ന  സ്ഥിതിയിൽ   ഉണ്ടായി.  എന്നാൽ  മ്യാൻമറിലെ ജനതക്കിടയിൽ അവരുടെ പ്രതിച്ഛായക്ക് ഒരു കുറവും സംഭവിച്ചില്ലെന്നാണ്  2020  നവംബറിൽ നടന്ന  തെരഞ്ഞെടുപ്പ് ഫലം  സാക്ഷ്യപ്പെടുത്തുന്നത്. സൂച്ചിയുടെ  പാർട്ടിക്ക് 476 ൽ 396 സീറ്റുകളും    83 ശതമാനം വോട്ടും ലഭിച്ചപ്പോൾ ,   പട്ടാളം പിന്തുണച്ച  യൂണിയൻ  സോളിഡാരിറ്റി പാർട്ടിക്ക് ദയനീയമായ പരാജയമാണ് ഉണ്ടായതു. കൂടുതൽ ജനപിന്തുണയോടെയും കരുത്തോടെയും അധികാരത്തിലേറുന്ന  സൂച്ചി  തങ്ങളുടെ വരുതിക്ക് നിൽക്കുകയില്ലെന്നു മനസ്സിലാക്കിയാണ് , സൂച്ചിയുടെ  നേതൃത്വത്തിലുള്ള സർക്കാരിനെ  പുറത്താക്കി, പട്ടാളം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.  സൂച്ചിയെ  പുറത്താക്കിയതിനെതിരെ, രാജ്യത്ത്  യുവാക്കളും, ജനാധിപത്യ വിശ്വാസികളും പ്രക്ഷോഭത്തിലാണ്. ഐക്യ രാഷ്ട്രസഭയും, മറ്റു പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളും  പട്ടാളഭരണത്തിനെതിരെ താക്കീതു നൽകി.   സാമ്പത്തിക ഉപരോധം പുനഃസ്ഥാപിക്കുമെന്നു അമേരിക്കൻ പ്രസിഡന്റ്  ജോ  ബൈഡൻ  മുന്നറിയിപ്പ് നൽകി. എന്നാൽ മ്യാന്മാറിന്  ഏറ്റവും കൂടുതൽ സാമ്പത്തികവും, വാണിജ്യ ബന്ധവുമുള്ള  ഇന്ത്യയും ചൈനയും  പട്ടാളത്തിന്റെ നടപടിയെ ഇതുവരെയും അപലപിച്ചിട്ടില്ല. മ്യാന്മാറിന്റെ ഭരണഘടനക്കുള്ളിൽ നിന്ന് പ്രശനം പരിഹരിക്കണമെന്ന്  ചൈന പറഞ്ഞപ്പോൾ,  അവിടത്തെ സംഭവ വികാസങ്ങൾ സസൂക്ഷ്മം  വീക്ഷിക്കുന്നുവെന്നും  ജനാധിപത്യ പ്രക്രിയ ഉയർത്തിപ്പിടിക്കണമെന്നും ഇന്ത്യ പറഞ്ഞു.

ചൈനയും ഇന്ത്യയും മ്യാൻമറിലെ പട്ടാള ഭരണകൂടവുമായി നല്ല ബന്ധത്തിലാണ്. " അയല്പക്കം  ആദ്യം"  എന്ന ഇന്ത്യയുടെ വിദേശനയത്തിന്റെ  വലിയ ഗുണഭക്തവാന് മ്യാന്മാർ.   ഇന്ത്യയിൽ നിന്നും  കോവിഡ്  വാക്‌സിൻ   ആദ്യം കയറ്റുമതി ചെയ്ത രാജ്യങ്ങളിൽ ഒന്ന്  മ്യാന്മാരായിരുന്നു.  ഇന്ത്യയുടെ  വടക്കു-കിഴക്കൻ മേഖലയിലെ   വിഘടന വാദികളെ അമർച്ച ചെയ്യാൻ ഇന്ത്യൻ സൈന്യവുമായി സഹകരിക്കുന്ന മ്യാൻമർ   പട്ടാളത്തിനെ പിണക്കി നിർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല . മാത്രമല്ല,  മ്യാന്മറുമായി വാണിജ്യബന്ധങ്ങൾ  വർധിപ്പിക്കാൻ നമ്മൾ  വളരെ കരുതലോടെ ശ്രദ്ധിക്കുന്നുണ്ട്.  അതുകൊണ്ടു തന്നെ  മ്യാന്മാർ പട്ടാള  ഭരണ  കൂടത്തെ  പിണക്കി,  ചൈനയുടെ വലയിലേക്ക് എറിഞ്ഞു കൊടുക്കാൻ ഇന്ത്യക്കു താല്പര്യമില്ല.  അയല്പക്കത്തെ  ഈ രണ്ടു വലിയ രാജ്യങ്ങൾ  തങ്ങൾ ക്കെതിരെ തിരിയില്ല  എന്ന വിശ്വാസത്തിൽ,  പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള നടപടികളുമായി  പട്ടാള ഭരണകൂടം  മുന്നോട്ടു പോകാനാണ് സാധ്യത.   ഇനിയുള്ള കുറെ വർഷങ്ങൾ കൂടി സൂച്ചി ക്ക്  വീട്ടു തടങ്കലിൽ  തന്നെ  കഴിയേണ്ടി വരും .   


പി.എസ്‌ .ശ്രീകുമാർ 

98471 73177