Thursday, 15 April 2021

                        തുടർഭരണം  ചുടലപ്പറമ്പാക്കിയ പശ്ചിമ ബംഗാൾ 

പി.എസ്‌ .ശ്രീകുമാർ 


കേരളാ  നിയമസഭയിലേക്ക് നടക്കുന്ന  തെരഞ്ഞെടുപ്പിൽ തുടർ ഭരണം എന്ന മുദ്രാവാക്യവുമായാണല്ലോ  പിണറായി വിജയനും, ഇടതുമുന്നണിയും  പ്രചാരണ പ്രവർത്തനം നടത്തുന്നത്. തുടർ ഭരണം,  കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുമെന്നാണ്  ഇടതുമുന്നണിയുടെ അവകാശവാദം.  ഇതേ അവകാശവാദവുമായി 34  വര്ഷം മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്  തുടര്ഭരണം  ലഭിച്ച പശ്ചിമ ബംഗാളിൽ  എന്താണ് സംഭവിച്ചതെന്ന്  നാം മനസ്സിലാക്കണം.

സ്വാതന്ത്ര്യ ലബ്ദിക്ക്  മുമ്പ്  മുതൽ തന്നെ ഇന്ത്യയിലെ ഏറ്റവും മുൻപന്തിയിൽ നിന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ബംഗാൾ.  വ്യവസായ വത്കരണത്തിലും ബംഗാളിന് പിന്നിലായിരുന്നു  ബോംബെയും മദ്രാസും ഉൾപ്പെടെയുള്ള  ഇതര പ്രവിശ്യകൾ. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലഘട്ടത്തിൽ  രാജ്യതലസ്ഥാനം കൽക്കട്ട ആയിരുന്നു. കൽക്കട്ടയിലെ വാണിജ്യ-വ്യാവസായിക സാധ്യതകളായിരുന്നു  തലസ്ഥാന നഗരി എന്ന പദവി ലഭിക്കുവാൻ ഇടയാക്കിയത്.ചണ  വ്യവസായവും,  വൻകിട  തുണിമില്ലുകളും, ഘനവ്യവസായവുമായിരുന്നു   കൽക്കട്ടയുടെയും , ബംഗാളിന്റെയും കുതിപ്പിന് പിന്നിലെ ഘടകം.    നിരവധി അനുബന്ധ വ്യവസായങ്ങളും  ബംഗാളിൽ  തഴച്ചു വളർന്നു.  സ്വാതന്ത്ര്യ ലബ്ദിയുടെ കാലഘട്ടത്തിൽ, മലയാളികൾ ഉൾപ്പെടെ  ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ളവർ തൊഴിൽ തേടി എത്തിയ പ്രമുഖ നഗരം കല്കട്ടയായിരുന്നു.  ബോംബെ യുടെയും  മദ്രാസ്സിന്റെയുമൊക്കെ സ്ഥാനം  കൽക്കട്ടക്ക്  പിറകിലായിരുന്നു. അൻപതുകൾവരെ  കൽക്കട്ട അതിന്റെ പ്രതാപം ഏറ്റക്കുറവുകളോടെ നിലനിർത്തി..

1948 ലെ  കൽക്കട്ട തീസിസിലൂടെ  കമ്മ്യൂണിസ്റ്റുകൾ  അരാജകത്വവാദവും  ആക്രമണങ്ങളും തുടങ്ങിയതുമുതൽ ബംഗാളിൻറ്റെയും  കല്കട്ടയുടെയും പ്രതാപത്തിനു ഇടിവുവന്നു തുടങ്ങി.  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഘേരാവോയും  ഫാക്ടറികൾ  പൂട്ടിച്ചുള്ള സമരങ്ങളും  വ്യാപകമായതോടെ വലുതും ചെറുതുമായ നിരവധി വ്യവസായ ശാലകൾ പൂട്ടേണ്ടി വന്നു. സ്വാതന്ത്ര്യ ലബ്‌ധിയുടെ  കാലഘട്ടത്തിൽ, ചണ -തുണിമിൽ വ്യവസായങ്ങളുടെ തലസ്ഥാനമായിരുന്ന കൽക്കട്ടയിൽ തൊഴിൽ തേടി എത്തിയവരിൽ 71  ശതമാനം പേര് ബംഗാളിന് വെളിയിൽ നിന്നുള്ളവരായിരുന്നു.  തുണി വ്യവസായത്തിലെ 58  ശതമാനം തൊഴിലാളികളും ഇരുമ്പുരുക്ക് വ്യവസായ ശാലകളിലെ 73  ശതമാനവും  അന്യ സംസ്ഥാനക്കാരായിരുന്നു.  കൽക്കട്ടയിലെ ജനസംഖ്യയിൽ  26.3  ശതമാനം പേര് അന്യ സംസ്ഥാനക്കാരും 29.6 ശതമാനം പേർ  കിഴക്കൻ ബംഗാളിൽ നിന്നും കുടിയേറിയവരുമായിരുന്നു.

പരാജയപ്പെട്ട  കൽക്കട്ട തീസിസും  കമ്മ്യൂണിസ്റ്റുകളും 

ഇന്ത്യക്ക്  പൂർണ സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും, ബ്രിട്ടീഷുകാർക്കു  പകരം ഭരണം കയ്യാളിയ ഇന്ത്യൻ ബൂർഷ്വാസിക്കെതിരെ ആയുധമുപയോഗിച്ചു  പോരാടണമെന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള കൽക്കട്ട തീസിസ്  പരാജയപ്പെട്ടതോടെയാണ്  ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പുമായി സഹകരിക്കാൻ കമ്മ്യൂണിസ്റ്റുകൾ തയ്യാറായത്.  സർക്കാർ-സ്വകാര്യ മേഖലകളിലെ  തൊഴിലാളി സംഘടനകളെയെല്ലാം  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലാക്കികൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറായതും, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ തുടങ്ങിയതും.  1977 ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി  സി പി എമ്മിന്  ബംഗാളിൽ  ഭൂരിപക്ഷം ലഭിക്കുന്നത്.  294  അംഗ നിയമസഭയിൽ 243 സീറ്റുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. ജ്യോതിബസുവിന്റെ നേതൃത്വത്തിൽ  സർക്കാർ രൂപികരിച്ചു.  അധികാരം കിട്ടിയതോടെ  ബംഗാൾ സമൂഹത്തെയാകെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കുവാനുള്ള ശ്രമം അവർ തുടങ്ങി.  പോലീസിലും , സർക്കാർ ഉദ്യോഗസ്ഥർ ക്കിടയിലും   പാർട്ടി സെല്ലുകൾ തുടങ്ങി. തൊഴിലാളി സംഘടനകളെല്ലാം അധികാരം ഉപയോഗിച്ച് പിടിച്ചെടുത്തു. ഒറ്റ പാർട്ടി ഭരണം എന്ന നിലയിലാണ് കമ്മ്യൂണിസ്റ്റ് ഭരണം മുന്നോട്ടു പോയത്.  പ്രതിപക്ഷത്തെ  ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ പോലും അനുവദിക്കാതെ കൊല്ലും കൊലയുമായി പാര്ടിക്കാൾ  ഭീഷണിപ്പെടുത്തി. ബംഗാൾ സമൂഹത്തെയാകെ  കമ്മ്യൂണിസ്റ്റ് അർബുദം പിടികൂടി.  കൽക്കട്ട നഗരം ഒരു പ്രേത ഭൂമിപോലെയായി മാറി. വ്യവസായികൾ  ഫാക്ടറികൾ പൂട്ടി അന്യ  സംസ്ഥാനത്തേക്കു കൂടു മാറിയതോടെ ജനങ്ങൾ പട്ടിണിയിലും പരിവട്ടത്തിലുമായി. അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ അടിച്ചൊതുക്കിയതോടെ, തെരഞ്ഞെടുപ്പ് പ്രഹസനമായി മാറി.ബൂത്തുകൾ മാർക്സിസ്റ്റ് ഗുണ്ടകൾ പിടിച്ചെടുത്തുകൊണ്ട് തെരഞ്ഞെടുപ്പുകൾ തങ്ങളുടെ വരുതിയിലാക്കി . ഉദ്യോഗസ്ഥന്മാരും അവർക്കു കൂട്ടുനിന്നു. 

ആരോഗ്യപരമായ കാരണങ്ങൾകൊണ്ട്  ജ്യോതിബാസു  മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ ബുദ്ധദേബ് ഭട്ടാചാര്യ മുഖ്യമന്തിയായി.  മൂന്നു പതിറ്റാണ്ടു നീണ്ടു നിന്ന   സി പി എം ഭരണത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം ഉൾപ്പെടെ സമസ്ത   മേഖലകളും തകർന്നു തരിപ്പണമായി.നാഷണൽ സാമ്പിൾ സർവേയുടെ 2011 ലെ  കണക്കുകൾ  പ്രകാരം ബംഗാളിലെ 11  ശതമാനം കുടുംബങ്ങളും പട്ടിണിയിലായിരുന്നു.ഏറ്റവും  പിന്നോക്കമെന്നു കരുതുന്ന ഒഡിഷയിൽ പോലും 5  ശതമാനം  കുടുംബങ്ങൾ  മാത്രമായിരുന്നു  പട്ടിണിയിലായിരുന്നത്. 1980  കളുടെ തുടക്കത്തിൽ 7.2 ശതമാനമായിരുന്ന ജി ഡി പി  1991   ആയപ്പോഴേക്കും  6.1 ആയി കുറഞ്ഞു.    സ്വയം തൊഴിൽ കണ്ടെത്തിയവരുടെ ശതമാനം 1991 ൽ, 27.2 ൽ  നിന്നും  2011 ൽ 18 ശതമാനമായി കുറഞ്ഞു.  മാസ ശമ്പളം കിട്ടുന്നവരുടെ  എണ്ണം 1993 ൽ ശതമാനമായിരുന്നത് 2011 ൽ 37  ശതമാനമായി മാറി. കൃഷി  ഒഴിച്ചുള്ള എല്ലാ മേഖലകളിലും  സി പി എം ഭരണത്തിന് കീഴിൽ ബംഗാൾ പിറകിൽ പോയി.

 ബംഗ്ലാദേശ്  വിമോചന  സമയത്തു കിഴക്കൻ ബംഗാളിൽ നിന്നും, പശ്ചിമ ബംഗാളിലേക്ക് ലക്ഷക്കണക്കിന് ബംഗാളികൾ അഭയാർഥികളായി  എത്തിയിരുന്നു.  ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായതിനു ശേഷം  അവരിൽ  ഭൂരിപക്ഷവും മടങ്ങി പോയി.  എന്നാൽ കുറേപ്പേർ മടങ്ങാതെ പശ്ചിമ ബംഗാളിൽ തന്നെ തങ്ങി. മാറിച്ചമ്പി എന്ന സ്ഥലത്തു തങ്ങിയവരെ 1979 ൽ  സി പി എം കാർ  ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാൻ  ശ്രമിച്ചു.  പോകാൻ കൂട്ടാക്കാതിരുന്ന അഭയാർത്ഥികളെ  ഭരണത്തിന്റെ സ്വാധീനം കൂടി ഉപയോഗിച്ച്  ആയുധമേന്തിയ മാർക്സിസ്റ്റുകാർ ക്രൂരമായി ആക്രമിച്ചു. ഇവരുടെ ആക്രമണങ്ങളിൽ നിരവധി പേര് കൊല്ലപ്പെട്ടു. മാർക്സിസ്റ്റ് പാർട്ടിക്കാർ പറയുന്നത് അനുസരിക്കാത്തവരെ ആക്രമിച്ചു  വരുതിയിലാക്കുക എന്നതാണ് അവരുടെ തന്ത്രം.      ഇക്കാര്യം                     കേരളീയരായ  നമുക്ക്  അറിയാമല്ലോ.  അരിയിൽ ഷുക്കൂർ, ഷുഹൈബ്, കൃപേഷ്, ശരത്ലാൽ, ടി പി ചന്ദ്രശേഖരൻ, ജയകൃഷ്ണൻ മാസ്റ്റർ തുടങ്ങി നിരവധി നിരപരാധികളെയാണ്  കേരളത്തിലെ മാർക്സിസ്റ്റുകാർ നിഷ്ട്ടൂരമായി   വെട്ടിനുറുക്കിയത് .  ഇവർ  ചെയ്ത തെറ്റ് എന്തായിരുന്നു ?മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാത്തവരായിരുന്നു ഇവരെല്ലാം.

എതിരാളിയുടെ കണ്ണ് ചൂഴ്ന്നെടുത്ത  മാർക്സിസ്റ്റ് ക്രൂരത 

രാഷ്ട്രീയമായി വ്യത്യസ്‌തഭിപ്രായമുള്ളവരെ വെട്ടിനുറുക്കാൻ  കേരളത്തിലെ സഖാക്കൾ  പഠിച്ചത് ബംഗാളിലെ കമ്മ്യൂണിസ്റ്കാരിൽ നിന്നുമാണ്. ബർധമാണ്  ജില്ലയിൽ   നടന്ന സംഭവം  ഇന്നും ബംഗാളികൾക്ക്  പേടിസ്വപ്നമാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ ഗുണ്ടകൾ  ഒരു പാവപ്പെട്ട കോൺഗ്രസ് കുടുംബത്തിൽ  അതിക്രമിച്ചു കയറി   നബാ കുമാർ സൈൻ എന്ന മൂത്ത  സഹോദരന്റ്‌റെ കണ്ണ് ചൂഴ്ന്നെടുത്തു. മറ്റു രണ്ടു സഹോദരന്മാരെ അമ്മയുടെ മുമ്പിലിട്ടു വെട്ടി കൊലപ്പെടുത്തി. ഈ സഹോദരന്മാരെ ട്യൂഷൻ പഠിപ്പിക്കാൻ വന്ന അധ്യാപകനെയും കൊലപ്പെടുത്തി.  കണ്ണിൽ ചോരയില്ലാത്ത മാർക്സിസ്റ്റ് കാപാലികർ, മക്കളുടെ രക്തത്തിൽ കുതിർത്ത ചോർ  സ്വന്തം അമ്മയെ കൊണ്ട് കഴിപ്പിച്ചു.  ഇത്രയും മനുഷ്യത്വ രഹിതമായ പ്രവർത്തി, ഫാസിസ്റ്റായ ഹിറ്റ്ലറോ, കമ്മ്യൂണിസ്റ്റ് ഏകാധിപതിയായ സ്റ്റാലിൻ  പോലും  ചെയ്തിട്ടില്ല. കോൺഗ്രസ് പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിച്ചു എന്നതാണ് സൈൻ സഹോദരന്മാർ  ചെയ്ത തെറ്റ് .പാർട്ടി ഗ്രാമങ്ങൾ ഉണ്ടാക്കുവാനായി , അഭിപ്രായ  വ്യത്യാസമുള്ളവരെയെല്ലാം ആക്രമിച്ചു വരുതിയിലാക്കാൻ ശ്രമിച്ചു.  പാർട്ടിയുമായി സഹകരിക്കാത്തവർക്കെതിരെ  ഊരുവിലക്ക്  പ്രഖ്യാപിച്ചു. അവരെ  പൊതു കിണറുകൾ പോലും ഉപയോഗിക്കാൻ അനുവദിച്ചില്ല.  ഈ രീതിയിൽ കൊല്ലും കൊലയും നടത്തിയാണ്    മൂന്നു ദശാബ്ദക്കാലംമാർക്സിസ്റ്റ് പാർട്ടി ബംഗാളിനെ അടക്കി ഭരിച്ചത്.

സിംഗൂർ പ്രക്ഷോഭം 

2000  നവംബറിൽ     ജ്യോതിബാസു  മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ, ഉപമുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാർജി മുഖ്യമന്ത്രി ആയി. ബംഗാളിന്റെ വികസനത്തിന്  വ്യവസായ വികസനം ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന്  മനസ്സിലാക്കി  അദ്ദേഹം വൻകിട വ്യവസായികളെ  ബംഗാളിലേക്ക്  ക്ഷണിച്ചു.  അവർ ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും  കൊടുക്കാമെന്നും   വാഗ്ദാനം ചെയ്തു.  വ്യവസായ വൽക്കരണത്തിനുള്ള ത്വരയിൽ  സംസ്ഥാന താല്പര്യം അദ്ദേഹം ബലികഴിച്ച.ഹൂഗ്ലി ജില്ലയിലെ   സിംഗുരിൽ   1000  കോടി രൂപ മുതല്മുടക്കുള്ള ടാറ്റ നാനോ  പ്ലാന്റ് സ്ഥാപിക്കാൻ അദ്ദേഹം അവരോടു ആവശ്യപ്പെട്ടു. അവർക്കു ആവശ്യമായ 997  ഏക്കർ ഭൂമിക്കായി അദ്ദേഹം കണ്ടെത്തിയത് ഫലഭൂയിഷ്ഠമായ  സിംഗൂരിലെ കൃഷിസ്ഥലമായിരുന്നു.  ബ്രിട്ടീഷുകാർ 1894 ൽ   രൂപം കൊടുത്ത  സ്ഥലം ഏറ്റെടുക്കൽ നിയമത്തിന്റെ  അടിസ്ഥാനത്തിൽ  കർഷകരുടെ എതിർപ്പ് അവഗണിച്ചു കുറഞ്ഞ വിലക്ക് സ്ഥലം ഏറ്റെടുത്തു. അതിനെതിരെ കര്ഷകർ   നീണ്ടുനിന്ന  പ്രക്ഷോഭം തുടങ്ങി. സർക്കാരിനൊപ്പം ചേർന്ന് മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർ കർഷകരെ ആക്രമിച്ചു. പ്രതിപക്ഷ പാർട്ടികൾ എല്ലാവരും  കർഷകർക്ക് പിന്നിൽ അണിനിരന്നതോടെ  മാർക്സിസ്റ്റ് പാർട്ടിയും സർക്കാരും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു. അതോടെ ടാറ്റ തങ്ങളുടെ  പ്ലാന്റ് ഗുജറാത്തിലേക്കു മാറ്റി.

നന്ദിഗ്രാമിലെ കൂട്ടക്കൊല 

രാജ്യത്തിന്റെ ശ്രദ്ധ ആകർഷിച്ച മറ്റൊരു പ്രക്ഷോഭം നടന്നത് നന്ദിഗ്രാമിലായിരുന്നു. ഇൻഡോനേഷ്യയിലെ സലിം ഗ്രൂപ്പിന് രാസവള നിർമാണത്തിനായി  നന്ദിഗ്രാമിലെ ഫലഭൂയിഷ്‌ഠമായ  പതിനായിരം ഏക്കർ  കാർഷിക  ഭൂമി  ഏറ്റെടുത്തു നൽകാമെന്ന്   ബംഗാൾ സർക്കാർ ഉറപ്പു നൽകി. കല്കട്ടയിൽനിന്നും 120 കിലോ  മീറ്റർ  അകലെയുള്ള നന്ദിഗ്രാമിലെ ഈ സ്ഥലം ഏറ്റെടുക്കലിനെ  ഗ്രാമ വാസികൾ ഒന്നടങ്കം എതിർത്തു . 2007  മാർച്ച്  മാസത്തിൽ  പ്രക്ഷോഭരംഗത്തുണ്ടായിരുന്ന  കർഷകരെ   സി പി എം പ്രവർത്തകരും പോലീസും ചേർന്ന് ക്രൂരമായി നേരിട്ടു . നിരവധി കർഷകർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. മാത്രമല്ല, കർഷക കുടുംബങ്ങളിലെ സാധു സ്ത്രീകൾ കൂട്ട ബലാത്സംഗംകൾക്കിരയായി. മനുഷ്യത്വം മരവിച്ച ഈ പൈശാചിക നടപടികൾ  സി പി എം ഭരണത്തിന്റെ  ബീഭത്സ രൂപം പുറം ലോകത്തിനു കാട്ടിക്കൊടുത്തു.  പ്രതികാരം ചെയ്യാൻ കാത്തിരുന്ന ജനങ്ങൾ 2009  ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ   കനത്ത തിരിച്ചടിയാണ്  സി പി എം സർക്കാരിന് നൽകിയത്.  ഇതിന്റെ തുടർച്ചയായി,  2011  ലെ  നിയമസഭാ തെരഞ്ഞെടുപ്പിൽ  സി പി എം സർക്കാരിനെ ജനങ്ങൾ  അധികാരത്തിനു പുറത്താക്കുകയും  മമത ബാനർജിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു . അതോടെ മാർക്സിസ്റ്റ് പാർട്ടി ഛിന്നഭിന്നമായി.  പാർട്ടി അണികൾ, പാർട്ടി ഓഫീസുകൾ ഉൾപ്പെടെ  അടച്ചുപൂട്ടി,  തൃണമൂൽ ഉൾപ്പെടെയുള്ള പാർട്ടികളിൽ ചേർന്നു .  2014 ലെ തെരഞ്ഞെടുപ്പോടെ  മുഖ്യപ്രതിപക്ഷ പാർട്ടിയായി   കോൺഗ്രസ് മാറി .  

തുടർ ഭരണത്തിനെതിരെ  അമർത്യാസെൻ 

വികലമായ  തത്വശാസ്ത്രതിറ്റെ  അടിസ്ഥാനത്തിൽ 34  വര്ഷം കൊണ്ട്   ബംഗാളിന്റെ വ്യവസായ വികസനം നശിപ്പിച്ചതാണ് സി പി എം  ചെയ്ത  ഏറ്റവും വലിയ തെറ്റെന്നും, അവർ വ്യവസായ നയം  മാറ്റാൻ  തീരുമാനിച്ചപ്പോഴേക്കും ജനങ്ങൾ അവരെ മാറ്റുകയാണ് ചെയ്തതെന്നുമാണ്  ബംഗാളിയും  സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ പുരസ്‌കാര ജേതാവുമായ  അമർത്യ സെൻ വിലയിരുത്തിയത്. പ്രതിപക്ഷത്തെ അടിച്ചമർത്തികൊണ്ടുള്ള  തുടർ ഭരണത്തിന്റെ അവസ്ഥയാണ്  ബംഗാളിൽ സി പി എം  ഇന്നു നേരിടുന്ന  ദുരവസ്ഥ . സ്റ്റാലിനിസ്റ്റ്  ഏകാധിപത്യ സ്വഭാവമുള്ള  പിണറായി വിജയനെ പോലുള്ള ഒരു നേതാവിന് തുടര്ഭരണം ലഭിച്ചാൽ  സർവനാശം ആയിരിക്കും കേരളത്തിന് നേരിടേണ്ടി വരിക എന്ന മുൻ മുഖ്യമന്ത്രി  ഏ .കെ.ആന്റണിയുടെ  മുന്നറിയിപ്പ്  വളരെ പ്രസക്തമാണ്. കേരളത്തിന്റെ വികസനത്തിനും  ജനാധിപത്യ സംരക്ഷണത്തിനും ഒരു തുടര്ഭരണം ഈ സർക്കാരിന് നൽകില്ലെന്ന പ്രതിജ്ഞ എടുത്തുവേണം ഓരോ കേരളീയനും  ഏപ്രിൽ 6 ന്  പോളിങ് ബൂത്തിലേക്ക് പോകേണ്ടത്.

പി.എസ്‌ .ശ്രീകുമാർ 

9847173177