Sunday, 20 June 2021

                                           നെതന്യാഹു   പടിയിറങ്ങുന്നു 

                                                                                                    പി.എസ് . ശ്രീകുമാർ  





ഇസ്രയേലിന്റെ  ചരിത്രത്തിൽ ഏറ്റവും ദീർഘകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച  ബെഞ്ചമിൻ നെതന്യാഹു  പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.  2009  മുതൽ തുടർച്ചയായി പ്രധാനമന്ത്രി സ്ഥാനത്തു തുടരുന്ന അദ്ദേഹം, ഒരു ചെറിയ  കാലയളവിലാണെങ്കിലും,  1996-1999 കാലഘട്ടത്തിലാണ്  ആദ്യമായി  പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്.  എത്ര ദുർഘടമായ സാഹചര്യത്തിലും ട്രപ്പീസ് കളിക്കാരന്റെ മെയ്‌വഴക്കത്തോടെ  എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച പാരമ്പര്യമാണ് ഇത്രയും നാൾ അദ്ദേഹത്തിനുണ്ടായിരുന്നത്.  ഏകദേശം മൂന്നു പതിറ്റാണ്ട്  ഇസ്രായേൽ രാഷ്ട്രീയം  അടക്കിവാണ അദ്ദേഹത്തിന്, ഒടുവിൽ  പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മക്കുമുമ്പിൽ അടിയറവു പറയേണ്ടിവരുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.

              കഴിഞ്ഞ  രണ്ട്  വർഷത്തിനിടെ നാല് തവണയാണ്  ഇസ്രായേൽ പാര്ലമെന്ററായ  നെസ്സ്റ്റ്ലേക്ക്   തെരഞ്ഞെടുപ്പു  നടന്നത്. അതിനു തുടക്കം കുറിച്ചത്  2019 ഏപ്രിലിലായിരുന്നു .  ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ല. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയായിരുന്നു   ഏറ്റവും വലിയ കക്ഷി. അഴിമതി ആരോപണ വിധേയനായ നെതന്യാഹുവിനൊപ്പം കൂടാൻ പ്രമുഖ പാർട്ടികളാരും തയ്യാറായില്ല.  തുടർന്ന് 2019  സെപ്റ്റംബറിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു.  ഈ തെരഞ്ഞെടുപ്പിന്  ശേഷവും ഒരു കക്ഷിക്കും സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ല.  അങ്ങിനെയാണ്   2020   മാർച്ച്  2  നു  വീണ്ടും  തെരഞ്ഞെടുപ്പ് നടത്തിയത്.  36   സീറ്റുകളോടെ   ലികുഡ്  പാർട്ടി ഏറ്റവും വലിയ  കക്ഷിയായി.  മുമ്പ് രണ്ടു സന്നർഭങ്ങളിലും നെതന്യാഹുവിനൊപ്പം മന്ത്രി സഭ രൂപീകരിക്കാൻ തയ്യാറാകാതിരുന്ന  മുൻ  പ്രതിരോധ മന്ത്രിയായിരുന്ന   ബെന്നി ഗാൻസിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി,  കോവിഡ്  വ്യാപനം രൂക്ഷമായ സാഹചര്യത്തിലും രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കുവാനുമായി  നെതന്യാഹുവുമായി ചേർന്ന്  ഒരു ദേശീയ  സർക്കാർ  രൂപീകരിക്കാൻ കരാർ ഉണ്ടാക്കി.  ഒപ്പം മറ്റു ചില ചെറിയ പാർട്ടികളെയും കൂടി കൂടിയാണ്  സർക്കാർ രൂപീകരിച്ചത്. കരാർ പ്രകാരം  2021  നവംബറിൽ    ഗാൻസ്‌റ്റിന്‌   പ്രധാനമന്ത്രി പദം  കൈമാറേണ്ടിയിരുന്നു.  അതുവരെയും  ഗാൻറ്സ്  ഉപ പ്രധാനമന്ത്രി യായിട്ടിരിക്കും .  എന്നാൽ  രണ്ടു വർഷത്തെ ബജറ്റ്  അവതരിപ്പിക്കണമെന്ന് ഗ്യാന്റസിൻറ്റെ  ആവശ്യം നെതന്യാഹു  നിരസിച്ചതിനെ തുടർന്ന്  ബജറ്റ് പാസാസാക്കാന് പാര്ലമെന്ററിനു സാധിച്ചില്ല. ഒടുവിൽ  പാർലമെന്റ് പിരിച്ചുവിട്ട്  വീണ്ടു തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വന്നു. അങ്ങിനെയാണ് 2021  മാർച്ച്   23  നു തെരഞ്ഞെടുപ്പ് നടന്നത്.  30   സീറ്റുകളോടെ  ഏറ്റവും  വലിയ കക്ഷിയായി മാറിയെങ്കിലും, മറ്റു ഒരു രാഷ്ട്രീയ പാർട്ടിയും  നെതന്യാഹുവുമായി  സഹകരിക്കാൻ തയ്യാറാകാത്തതിനാൽ  മന്ത്രിസഭാ രൂപീകരിക്കാനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ എല്ലാം വിഫലമായി. മന്ത്രിസഭാ രൂപീകരണ  ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഗാസയിൽ  ഹമാസുമായി ഇസ്രായേൽ  യുദ്ധം  തുടങ്ങിയത്. മുൻ യുദ്ധങ്ങളിൽ നിന്നും വ്യതസ്തമായി  ആയിരക്കണക്കിന് റോക്കറ്റുകളാണ് ഹമാസ് പോരാളികൾ  ഇസ്രായേലിലേക്ക് വിക്ഷേപിച്ചത്.  മാത്രമല്ല, ഇസ്രായേലിലെ പല നഗരങ്ങളിലും  ജൂദ വംശജരും അറബ് വംശജരും കായികമായി ഏറ്റുമുട്ടുന്ന സ്ഥിതി വരെ ഉണ്ടായി.  ഒടുവിൽ അന്താരാഷ്ട്ര സമ്മര്ദങ്ങള്ക്കു വഴങ്ങിയാണ്  ഇരു കൂട്ടരും  വെടിനിർത്തൽ നിലവിൽ വരുത്തിയത്.  ഈ യുദ്ധം നെതന്യാഹുവിനെ  രാഷ്ട്രീയമായി സഹായിക്കുമെന്ന് തുടക്കത്തിൽ കരുതിയെങ്കിലും,  യുദ്ധത്തിൽ, ഇസ്രായേലിൽ ഉണ്ടായ നാശനഷ്ടങ്ങൾ  അദ്ദേഹത്തിന്റെ  യശ്ശസ്സിനു മങ്ങൽ  ഉണ്ടാക്കുകയായിരുന്നു.  ഹമാസിന് മുമ്പിൽ ഇസ്രായേലിനു കീഴടങ്ങേണ്ടി വന്നു വെന്നാണ്  പ്രതിപക്ഷം  ആരോപിക്കുന്നതു  .

              നെതന്യാഹുവിനെ  അധികാരത്തിനു പുറത്താക്കാൻ   യെർ  ലാപിഡ്  നേതൃത്വം കൊടുക്കുന്ന യേഷ്‌  അദിത് , ബെന്നി ഗാൻസിന്റ്റെ  ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി, നഫ്റ്റാലി ബെന്നറ്റിൻറ്റെ  യാമിന  പാർട്ടി  തുടങ്ങി എട്ട്  പാർട്ടികൾ  കൂടി ചേർന്ന്  ഒരു സഖ്യം രൂപീകരിച്ചു. ഇക്കൂട്ടത്തിൽ  ഇസ്രായേലിന്റെ  ചരിത്രത്തിൽ ആദ്യമായി   4  അംഗങ്ങൾ ഉള്ള  യുണൈറ്റഡ്  അറബ് ലിസ്റ്റ്  എന്ന പാർട്ടിയും ഉൾപ്പെടുന്നു.  120  അംഗ പാർലമെണ്റ്റിൽ   61  അംഗങ്ങളുടെ പിൻതുണയാണ്  ഈ സഖ്യത്തിനുള്ളത്.  തീവ്ര വലതു പക്ഷ സ്വഭാവമുള്ള  പാർട്ടികളും, മധ്യവർത്തി പാർട്ടികളും തുടങ്ങി ഇടതുപക്ഷ ചിന്താഗതിയുള്ള അറബ് പാര്ടിയുമെല്ലാം അടങ്ങിയ  മഴവിൽ സഖ്യമാണ് സർക്കാർ രൂപീകരണത്തിന് ധാരണ ഉണ്ടാക്കിയിട്ടുള്ളത്.

              മുൻ മാധ്യമ പ്രവർത്തകനാണ് യെർ  ലാപിഡ്.  19  അംഗങ്ങളോടെ  അദ്ദേഹം നേതൃത്വം നൽകുന്ന യെഷ്  ആദിത്  പാർട്ടിയാണ് ഈ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി. യാമിന  പാർട്ടി നേതാവായ  നഫ്ത്തലി   ബെന്നറ്റ് കോടീശ്വരനായ രാഷ്ട്രീയ നേതാവാണ്.  സഖ്യ കക്ഷികൾ ഉണ്ടാക്കിയ ധാരണ പ്രകാരം, ആദ്യ രണ്ടു വര്ഷം പ്രധാന മന്ത്രിയാകുക  വലതു പക്ഷ ആശയക്കാരനായ  നഫ്ത്തലി  ബെന്നറ്റ് ആണ്.  രണ്ടാം ഊഴത്തിൽ   മധ്യവർത്തിയായ  യെർ  ലാപിഡ് പ്രധാന മന്ത്രി ആകും.  വിവിധ ആശയങ്ങളും  ചിന്താഗതികളുമുള്ള  രാഷ്ട്രീയ പാർട്ടികളെ കോർത്തിണക്കി മുന്നോട്ടു പോകുകയെന്നത്  എളുപ്പമല്ല.    വിവിധ ദിശകളിലേക്ക്  ഒരേ സമയം കുതിക്കുന്ന അശ്വാരൂഡ രഥം പോലെയായിരിക്കും  ഈ പുതിയ സഖ്യ സർക്കാർ.  ഈ സഖ്യത്തിൽ  വിള്ളൽ ഉണ്ടാകുന്നതു കഴുകൻ  കണ്ണുകളോടെ  നോക്കിയിരിക്കുകയാണ്  മറുവശത് നെതന്യാഹു.  അഴിമതി ആരോപണങ്ങളിൽ പ്രഥമദൃഷ്‌ട്യാ   കുറ്റക്കാരാണെന്ന് കണ്ടെത്തിയ  അദ്ദേഹം,   പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതോടെ  കുറ്റവിചാരണ നേരിടേണ്ടി വരും.  പ്രധാന മന്ത്രി സ്ഥാനത്തിന് ഭരണഘടനാപരമായ സംരക്ഷണം ഉള്ളതിനാലാണ്  അദ്ദേഹം കുറ്റവിചാര നേരിടാതെ ഇത്രയും നാൾ  രക്ഷപ്പെട്ടത് .  ഇദ്ദേഹത്തിനെതിരെ മൂന്ന്  അഴിമതി കേസുകളാണ് ഉള്ളത്. കൈക്കൂലി വാങ്ങുക,  വിശ്വാസം വഞ്ചന കാട്ടുക,  തട്ടിപ്പു നടത്തുക തുടങ്ങിയ കേസുകളിലാണ്   നെതന്യാഹു  വിചാരണ നേരിടണമെന്നു  ജറുസലേം ജില്ലാ കോടതി  കണ്ടെത്തിയിട്ടുള്ളത്.  ഈ കേസുകളിൽ നിന്നും രക്ഷപ്പെടണമെങ്കിൽ നെതന്യാഹുവിനു പ്രധാന മന്ത്രി സ്ഥാനത്തു തുടർന്നേ  മതിയാകൂ.  അതിനാൽ ഒരാളുടെ മാത്രം ഭൂരിപക്ഷത്തിൽ രൂപീകരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സർക്കാരിനെ മറിച്ചിടാൻ ആവനാഴിയിലെ അമ്പുകളെല്ലാം നെതന്യാഹു പ്രയോഗിക്കുമെന്നതിൽ സംശയമില്ല. തത്ക്കാലം പാർലമെണ്റ്റിൽ ഭൂരിപക്ഷം തെളിയിച്ചാലും,  നഫ്ത്തലി  സർക്കാരിന് എത്ര നാൾ  ഭരണത്തിൽ തുടരാനാവും എന്നതിന് ഒരു ഉറപ്പും ഇല്ല. 


പി.എസ് .ശ്രീകുമാർ 

98471  73177 

         .