Tuesday, 13 July 2021

       കൂട്ട വംശഹത്യ നേരിടുന്ന   കാനഡയിലെ ആദിവാസി സമൂഹം 

പി.എസ് .ശ്രീകുമാർ 



 കാനഡയിലെ പൊതു-രാഷ്ട്രീയ ജീവിതത്തെ  പിടിച്ചുലച്ചുകൊണ്ടു ആദിവാസികളായ നൂറുകണക്കിന് വിദ്യാർത്ഥികളുടെ അസ്ഥികൂടങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബോര്ഡിങ് സ്കൂളുകളിൽ നിന്നും കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.കുഴിമാടങ്ങൾ ആദ്യം കണ്ടെത്തിയത്  ഈ നൂറ്റാണ്ടിലെ  ഏറ്റവും  തീക്ഷ്ണമായ ഉഷ്ണത്തിൽപെട്ടു ഈയിടെ നൂറുകണക്കിന്  ആളുകൾ  മരിച്ചുവീഴുന്ന  ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് . ഈ പ്രവിശ്യയിലുള്ള  കാംലോപ്‌സിലെ  ഇന്ത്യൻ റെസിഡൻഷ്യൽ  സ്കൂൾ അംഗണത്തിൽനിന്നുമാണ് 215  കുഴിമാടങ്ങൾ കണ്ടെത്തിയത്.  ഭൂമിക്കടിയിലെ  വസ്തുക്കൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ശക്തികൂടിയ റഡാർ  സംവിധാനം ഉപയോഗിച്ച  അന്വേഷണ ഉദ്യോഗസ്ഥർ  ഇവ കണ്ടെത്തിയത്.

ഇന്ത്യൻ ആദിവാസി [അവിടത്തെ ഒരു ആദിവാസി സമൂഹത്തിന്റെ പേരാണ്] കുട്ടികൾക്കായി  പത്തൊമ്പത് , ഇരുപത്  നൂറ്റാണ്ടുകളിൽ    കാതോലിക്കാസഭ  നടത്തിയിരുന്ന 130  സ്കൂളുകളിൽ ഒന്നാണ്  കാംലോപ്സിലെ  ഇന്ത്യൻ  റെസിഡൻഷ്യൽ  സ്കൂൾ.  1863 നും 1998 നും  ഇടക്കുള്ള കാലഘട്ടത്തിൽ കാനഡ സർക്കാരിന്റെ അനുമതിയോടെയാണ്,   ഒന്നര ലക്ഷത്തോളം ആദിവാസി കുട്ടികളെ  കുടുംബങ്ങളിൽ  നിന്നും വേർപെടുത്തി കൊണ്ട്  നിര്വ്വന്ധിതമായി   ഈ സ്കൂളുകളിൽ ചേർത്തത്.  അവരെ ആദിവാസി സമൂഹത്തിലെ ജീവിത രീതിയിൽ നിന്നും അടർത്തിമാറ്റുക എന്നതായിരുന്നു ഈ ബോര്ഡിങ് സ്‌കൂളുകളുടെ ഉദ്ദേശം.    അവരുടെ തനതായ ആദിവാസി ഭാഷയും , സംസ്കാരവും  ആചാരങ്ങളും  ഈ സ്കൂളുകളിൽ  വിലക്കി.  ശുചിത്വം ഇല്ലാത്തതും   അസൗകര്യങ്ങൾ  നിറഞ്ഞതുമായ അന്തരീക്ഷമാണ് ഈ സ്‌കൂളുകളിലെല്ലാം  നിലനിന്നിരുന്നത്.  അനാരോഗ്യകരമായ  ചുറ്റുപാടുകളിൽ താമസിപ്പിക്കപ്പെട്ട  കുട്ടികൾ വ്യാപകമായി ലൈംഗിക പീഡനത്തിനടക്കം ഇരയാക്കപ്പെട്ടിരുന്നു. അധികൃതരുടെ  നിർദേശങ്ങൾ അവഗണിക്കുന്ന കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്താനും  മടിച്ചിരുന്നില്ല.

പ്രാദേശിക സർക്കാരുകൾ നടത്തുന്ന അന്വേഷണങ്ങളിൽ  കൂടുതൽ  സ്‌കൂളുകളിൽ കുഴിമാടങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ജൂൺ അവസാന വാരത്തിൽ സസ്കാചെച്ചവൻ  പ്രവിശ്യയിലെ  മാറിവെൽ   ബോര്ഡിങ് സ്‌കൂളിൽ  750 ൽ പരം കുഴിമാടങ്ങൾ കൂടി  കണ്ടെത്തിയതോടെ കാനഡ സർക്കാരും, മനുഷ്യാവകാശ പ്രവർത്തകരും ഈ വിവാദം ഏറ്റെടുത്തിരിക്കുകയാണ്.  സഭയുടെ കീഴിൽ കാനഡയിലെ വിവിധ പ്രവിശ്യകളിൽ നടത്തിയിരുന്ന ബോര്ഡിങ് സ്‌കൂളുകളിലെല്ലാം കൂടി  6000 ഓളം  കുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടു എന്നാണ്ആദിവാസി സംഘടനകളുടെ കൂട്ടായ്മയായ  "Idle  No  More" കൂട്ടായ്മ   ആരോപിക്കുന്നത്. സാംസ്കാരികമായ വംശഹത്യയാണ് കാനഡയിലെ ആദിവാസി സമൂഹം  നേരിടുന്നതെന്നാണ്  ആംനസ്റ്റി ഇന്റർനാഷണൽ  ആരോപിച്ചിട്ടുള്ളത്

ഖേദം പ്രകടിപ്പിച്ചു മാർപ്പാപ്പ 

ഈ വിവരങ്ങൾ പുറത്തു വന്നതിനെ തുടർന്ന്, കൂട്ട പീഡനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്  കാതോലിക്ക സഭ നേതൃത്വം മാപ്പുപറയണമെന്ന്  കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ  ആവശ്യപ്പെട്ടു.കത്തോലിക്കാ സഭ അധ്യക്ഷനായ  പോപ്പ് ഫ്രാൻസിസ്,  സഭയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ബോർഡിങ്  സ്‌കൂളുകളിൽ നടന്ന  മനുഷ്യാവകാശ ധ്വംസനങ്ങളിലും , ലൈംഗികാതിക്രമങ്ങളിലും , കൊലപാതങ്ങളിലും  .ഖേദം പ്രകടിപ്പിച്ചു.  മാത്രമല്ലാ , സങ്കടകരമായ ഈ സംഭവങ്ങളെക്കുറിച്ചു  കൂടുതൽ വിവരങ്ങൾ വെളിച്ചത്തുകൊണ്ടുവരണമെന്നു  കാനഡയിലെ  സർക്കാർ-മത നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.  എന്നാൽ ഇതിനോടകം പുറത്തു വന്ന  വസ്തുതകളുടെ  അടിസ്ഥാനത്തിൽ  ആദിവാസി സമൂഹത്തോട് മാപ്പുപറയാത്ത,  കാതോലിക്കാ സഭാ  മേലധ്യക്ഷന്മാരെ  പ്രധാനമന്ത്രി ട്രൂഡോ നിശിതമായി വിമർശിച്ചു.

ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ  കാനഡയിലെ  ആദിവാസി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന    വിവേചനങ്ങളും  പീഡനങ്ങളുമാണ്  ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിനേക്കാൾ  മുപ്പതു ലക്ഷം പേര് മാത്രമാണ്  ലോകത്തെ രണ്ടാമത്തെ വിസ്തൃതിയുള്ള രാജ്യമായ കാനഡയുടെ ജനസംഖ്യ . 3.8 കോടിയാണ്   അവിടത്തെ  ജനസംഖ്യ. ഇതിൽ  4.9  ശതമാനം  പേർ,   അതായത്  16,70,000  പേര് മാത്രമാണ്  എല്ലാ ആദിവാസി സമൂഹങ്ങളിലുമായി ഉള്ളത്.  സ്റ്റാറ്റിസ്റ്റിക്‌സ്  കാനഡ കണക്കനുസരിച്ചു , ഇവരുടെ തൊഴിലില്ലായ്മ നിരക്ക്  10.1 ശതമാനമാണ് .അതേസമയം കാനഡയിൽ  കോവിഡിന്  മുമ്പു പൊതുവേ ഉണ്ടായിരുന്ന തൊഴിലില്ലായ്‌മ  നിരക്ക്  6  ശതമാനത്തിനു താഴെയായിരുന്നു.   അവരുടെ കൈവശം ഉണ്ടായിരുന്ന  കൃഷി/താമസ സ്ഥലങ്ങളും , ജീവിത മാര്ഗങ്ങളും ഇല്ലാതായിരിക്കുന്നു.  കൈവശം ഇരുന്ന സ്ഥലങ്ങളിൽ  നിന്ന് പോലും  അവർ കുടിയിറക്കപ്പെട്ടു. ആവശ്യത്തിന്  ഭക്ഷണമോ,താമസ സൗകര്യങ്ങളോ, ശുദ്ധജല ലഭ്യതയോ ഇല്ലാതെ തികച്ചും അനാരോഗ്യകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ് ഫസ്റ്റ് ഇന്ത്യൻസ്  എന്നറിയപ്പെടുന്ന പ്രബലമായ ആദിവാസി സമൂഹം.  വിദ്യാഭ്യാസ രംഗത്തും അവർ അവഗണ നേരിടുകയാണ്.  അവരുടെ കുട്ടികളിൽ  പലരും  സ്‌കൂളുകളിൽ പ്രവേശനം തേടുന്നില്ലെന്നു മാത്രമല്ല, പ്രവേശനം നേടിയവരുടെ  കൊഴിഞ്ഞുപോക്കും വളരെ കൂടുതലാണ്.  ഇവരുടെ ഇടയിൽ  തൊഴിലില്ലായ്മയും കൂടുതലാണ്. അതുകൊണ്ടു    ഇവരിൽ നിന്നുമുള്ള തൊഴിൽ രഹിതരിൽ  നിരവധിപേർ  കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നുണ്ട്.  പോഷകാഹാര കുറവും  ഇവർക്കിടയിൽ വ്യാപകമാണ്.  

സർക്കാരുകൾക്ക് വിമുഖത  

കാ നഡയുടെ ഭരണഘടന ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന്  ഉറപ്പുനല്കുന്നുണ്ടെങ്കിലും  മാറിമാറി വന്ന ഭരണ കൂടങ്ങൾ  അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള  നടപടികൾ കൈക്കൊള്ളാൻ  ശു ഷ്‌കാന്തി കാണിച്ചില്ല എന്നതാണ് വാസ്തവം. സ്‌കൂളുകളിൽ മാത്രമല്ല , പൊതുസമൂഹത്തിലും  ആദിവാസികൾ പീഡിപ്പിക്കപ്പെടുന്നു.   മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  ആദിവാസികളായ സ്ത്രീകളിലും പെണ്കുട്ടികളിലും ഉണ്ടാകുന്ന  മരണ നിരക്ക് 12  മടങ്ങു  കൂടുതലാണ്. മൂന്നു പതിറ്റാണ്ടിനിടയിൽ 1200 ഓളം ആദിവാസി പെൺകുട്ടികൾ  കാണാതാവുകയോ,  കൊല്ലപ്പെടുകയോ ചെയ്‌തിട്ടുണ്ട്‌.   അന്യാധീനപ്പെട്ട അവരുടെ സ്ഥലങ്ങൾ  തിരി ച്ചുനല്കുന്നതിൽ  നിയമ  സംവിധാനം  പോലും  അക്ഷന്തവ്യമായ  കാലതാമസമാണ് വരുത്തുന്നത്. ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ പ്രത്യേകമായി പരിശോധിക്കുവാൻ ആദ്യമായി ഒരു കമ്മീഷനെ നിയമിച്ചത് 1991 ൽ ആയിരുന്നു. റെനേ ദുസ്സൾട്  എന്ന  പ്രമുഖ നിയമന്ജൻറ്റെ  അധ്യക്ഷതയിൽ നിയമിച്ച  കമ്മീഷൻ  പരിഹാര നിർദേശങ്ങൾ അടങ്ങിയ  റിപ്പോർട്ട് 1996 ൽ  നൽകിയെങ്കിലും,  അവയിൽ ഭൂരിപക്ഷവും നടപ്പിലാക്കിയിട്ടില്ല. 

ബോർഡിങ് സ്‌കൂളുകളിൽ  ആദിവാസികളായ കുട്ടികൾ പീഡിപ്പിക്കപ്പെട്ട വിഷയം   2008 ൽ  ഉയർന്നു വന്നപ്പോൾ, അന്ന് പ്രധാനമന്ത്രിയായിരുന്ന സ്റ്റീഫൻ ഹാർപ്പർ  ആദിവാസി സമുദായങ്ങളോട്  മാപ്പു ചോദിച്ചു.   ഈ  സമൂഹം നേരിടുന്ന ഗുരുതരമായ  പ്രശ്നങ്ങൾ  അന്വേഷിക്കുവാനായാണ്   2008  ൽ  സർക്കാർ  ട്രൂത് ആൻഡ് റീകൺസിലിയേഷൻ  കമ്മീഷനെ നിയമിച്ചത് .ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിലും, തൊഴിൽ ലഭ്യതയിലും  മറ്റു വിഭാഗങ്ങളുമായുള്ള വിടവ് നികത്തുവാനും, നിയമ വ്യവസ്സ്‌തക്കുള്ളിൽ നിന്നുകൊണ്ട് തുല്യ പരിഗണന ഈ വിഭാഗങ്ങൾക്ക് നൽകുക തുടങ്ങി നിരവധി നിർദേശങ്ങളാണ് ഈ കമ്മീഷൻ 2015  ൽ നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തത്.  ഈ റിപ്പോർട്ടും  ആത്മാർത്ഥതയോടെ നടപ്പാക്കുവാൻ  സർക്കാരിന് സാധിച്ചിട്ടില്ല.  1996 ലെ റോയൽ കമ്മീഷൻ ശുപാർശചെയ്ത  ആദിവാസികളുടെ  സേവങ്ങൾക്കായുള്ള വകുപ്പും, ആദിവാസികൾ കൂടുതലുള്ള വടക്കൻ മേഘലകൾക്കായുള്ള  വകുപ്പും രൂപീകരിച്ചത് 2017 ൽ മാത്രമാണ്. . ആദിവാസി സമൂഹത്തിന്റെ  വിവിധ ആവശ്യങ്ങൾക്കായി  ബജറ്റിൽ വകയിരുത്തുന്ന തുക പോലും  മുഴുവൻ  ചെലവാക്കുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്.

  കാനഡയിലെ ആദിവാസി സമൂഹത്തിനു നേരെ നടക്കുന്ന പ്രവർത്തികൾ  കടുത്ത മനുഷ്യാവകാശ ധ്വംസനമായാണ്    ആംനസ്റ്റി ഇന്റർനാഷണൽ  ആരോപിച്ചിട്ടുള്ളത്.  ഇന്ത്യ ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങളിലെ ആദിവാസികൾ  നേരിടുന്ന അവഗണയും പീഡനങ്ങളുമാണ്  വികസിത രാജ്യമായ കാനഡയിലും അവർ നേരിടുന്നത്. വികസിത രാജ്യമായാലും അവികസിത രാജ്യമായാലും,  പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ  അനുഭവിക്കുന്ന പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും  എല്ലായിടത്തും ഒരുപോലെയാണ്.  അവരെ കൈപിടിച്ച് മുന്നോട്ടു കൊണ്ടുവരുവാൻ തയ്യാറാകേണ്ടത്   അതാതു രാജ്യങ്ങളിലെ ഭരണാധിപന്മാരുടെ  ഉത്തരവാദിത്വമായി  മാറണം. 

 

.




   

.