ജനദ്രോഹമായി മാറുന്ന കെ-റെയിൽ
പി.എസ് .ശ്രീകുമാർ
അർദ്ധ-അതിവേഗ പാതയായ സിൽവർ ലൈൻ പദ്ധതിക്കായിട്ടുള്ള അതിർത്തി കല്ല് ഇടുന്ന നടപടിയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെയും,കെ-റെയിൽ കോര്പറേഷൻറ്റെയും തീരുമാനം ഐക്യ ജനാധിപത്യ മുന്നണിയുടെ ഒന്നാം ഘട്ട വിജയമായി മാറിയിരിക്കുകയാണ്.ആരെതിർത്താലും കല്ലിടീലുമായി മുന്നോട്ടുപോകുമെന്ന സി.പി.എം നേതാക്കളുടെ ധാർഷ്ട്യവും, മർക്കട മുഷ്ടിയുമാണ് ജനങ്ങളുടെ ജനങ്ങളുടെ ശക്തമായ എതിർപ്പിന് മുന്നിൽ അടിയറവു പറയേണ്ടിവന്നത്. തർക്കമുള്ള സ്ഥലങ്ങളിൽ കല്ലിനു പകരം ജി.പി.എസ് സാങ്കേതിക സഹായത്തോടെ ജിയോ - ടാഗിംഗ് നടത്തിയാകും അതിരു നിശ്ചയിക്കുക എന്നാണ് ഇപ്പോൾ പറയുന്നത്. ഇതും നടപ്പിലാക്കാൻ പോകുന്നില്ല. ജനങ്ങളുടെ വ്യാപകമായ എതിർപ്പിൻറ്റെയും , ഐക്യ ജനാധിപത്യ മുന്നണി ഉയർത്തിയിട്ടുള്ള ശക്തമായ സമരത്തിൻറ്റെയും പശ്ചാത്തലത്തിൽ, കെ-റെയിൽ പദ്ധതി തന്നെ ഉപേക്ഷിക്കാൻ പിണറായി സർക്കാർ തയ്യാറാകേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. തൃക്കാക്കരയിലെ ജനങ്ങൾ അങ്ങിനെയൊരു മുന്നറിയിപ്പായിരിക്കും, തെരഞ്ഞെടുപ്പിലൂടെ നൽകുക എന്നതിൽ സംശയമില്ല.
കേരളത്തിൻറ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെ എന്തുവിലകൊടുത്തും നടപ്പിലാക്കുമെന്ന്, ധിക്കാരത്തോടെ പിണറായി സർക്കാർ പ്രഖ്യാപിച്ച കെ -റയിലുമായി , ബന്ധപ്പെട്ട ചർച്ച ഉണ്ടാകുമ്പോൾ, ഇടതു സഹയാത്രികർ പറയുന്ന ഒരു കാര്യം, ഹൈ സ്പീഡ് റെയിൽ നടപ്പിലാക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ തയ്യാറായില്ലേ എന്നാണ്. എന്താണ് ഇതിന്റ്റെ യാഥാർഥ്യം?
ഹൈസ്പീഡ് റെയിൽ ഇടതുമുന്നണിയുടെ സന്തതി.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വേഗ തീവണ്ടി ഇടനാഴി നിർമിക്കുമെന്ന് പ്രഖ്യാപിച്ചത് , വി.എസ് . അച്യുതാനന്ദൻ സർക്കാരിന്റെ കാലയളവിലായിരുന്നു. 2009 -2010 ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഈ പദ്ധതി പ്രഖ്യാപിച്ചത് അന്നത്തെ ധന മന്ത്രിയായിരുന്ന ഡോ . ടി.എം.തോമസ് ഐസക് ആയിരുന്നു. മാത്രമല്ല, കേരളാ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ എന്ന പേരിൽ ഒരു കമ്പനി രൂപീകരിക്കാനുള്ള നടപടികളും അന്നത്തെ അച്യുതാനന്ദൻ സർക്കാർ കൈകൊണ്ടു. സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഒരു വികസന പദ്ധതി മുഖവിലക്കെടുത്തുകൊണ്ടും, രാഷ്ട്രീയാടിസ്ഥാനത്തിൽ കാണാതെയുമാണ് ഐക്യ ജനാധിപത്യ മുന്നണി എല്ലാ പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ ഉമ്മൻചാണ്ടി സർക്കാർ, ഈ പദ്ധതി സംബന്ധിച്ച സാധ്യതാപഠനം നടത്തുവാനായി 2011 ൽ ശ്രീ. ഈ .ശ്രീധരൻറ്റെ നേതൃത്വത്തിലുള്ള ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി. 2012 ൽ ഡി എം ആർ സി നൽകിയ സാധ്യത റിപ്പോർട്ടിലാണ് 560 കി.മീ നീളത്തിൽ, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി, തൃശൂർ,, കോഴിക്കോട്, കണ്ണൂർ എന്നീ 11 സ്റ്റേഷനുകളോടെയുള്ള വേഗ തീവണ്ടി ഇടനാഴിക്ക് 1,27,000 ലക്ഷം കോടി ചെലവാകുമെന്ന് റിപ്പോർട്ട് നൽകിയത്. ഈ സാധ്യത പഠന റിപ്പോർട്ട്, കേന്ദ്രസർക്കാരിന് അയച്ചതിനൊപ്പം, വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ഡി എം ആർ സി യോട് സർക്കാർ ആവശ്യപ്പെട്ടു. അതേസമയം, സാധ്യത പഠന റിപ്പോർട്ട് പൊതുജനങ്ങളുടെ അറിവിനായി പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുജന മധ്യത്തിൽ സാധ്യത പഠന റിപ്പോർട്ട് ചർച്ചചെയ്യപ്പെട്ടപ്പോഴാണ്, വേഗ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചത്. ജനങ്ങളുടെ എതിർപ്പ് ജനപ്രതിനിധികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വേഗ റെയിൽ പദ്ധതി മരവിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയും, ബദൽ മാര്ഗങ്ങൾ ആരായാൻ തീരുമാനിക്കുകയും ചെയ്തു.
എന്താണ് സബർബൻ റെയിൽ ?
ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് പകരമായി ഉമ്മൻ ചാണ്ടി സർക്കാർ 2013 ൽ അവതരിപ്പിച്ച പദ്ധതിയാണ് സബർബൻ റെയിൽ. ദേശീയ പാതയിലെ തിരക്കും, അതിനെത്തുടർന്നുണ്ടാകുന്ന അപകടങ്ങളും, യാത്ര ക്ലേശങ്ങളും ഒഴിവാക്കുന്നതിനൊപ്പം , ഹൈ സ്പീഡ് റെയിൽ നിർമിക്കുന്നതിൽ ഉണ്ടാകുന്ന കനത്ത ചെലവും, സ്ഥലം ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്ന വ്യാപകമായ കുടിയൊഴിപ്പിക്കൽ എന്നിവ ഒഴിവാക്കുന്നതിനുമാണ് സബർബൻ റെയിൽ പദ്ധതി യു ഡി എഫ് സർക്കാർ കൊണ്ടുവന്നത്. ആദ്യ ഘട്ടമായി, തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള 126.65 കി.മീ ദൂരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഉദ്ദേശിച്ചത്. ഈ പദ്ധതി സംബന്ധിച്ച പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത് മുംബൈ റെയിൽ വികാസ് കോർപറേഷനെ ആയിരുന്നു. അധികമായി ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നത് 70 ഏക്കർ മാത്രമായിരുന്നു. ഇതുതന്നെ സ്റ്റേഷൻ നവീകരണത്തിനും, യാർഡ് നിര്മാണത്തിനുമായിരുന്നു. അന്നത്തെ കണക്കനുസരിച്ചു 1943 കോടി രൂപയായിരുന്നു ആദ്യഘട്ടത്തിലെ പൈലറ്റ് പദ്ധതിയുടെ ചെലവ്. ഇതിനായി, സംസ്ഥാന സർക്കാരും, ഇന്ത്യൻ റെയ്ൽവേയുമായി 50 :50 അനുപാതത്തിൽ ഒരു പ്രത്യേക സംയുക്ത സംരംഭം രൂപീകരിക്കാൻ തീരുമാനിച്ചു. ആദ്യഘട്ടം പൂർത്തീകരിച്ചശേഷം, എറണാകുളംവരെയുള്ള രണ്ടാം ഘട്ടവും, കണ്ണൂർ വരെയുള്ള മൂന്നാം ഘട്ടവുമാണ് ലക്ഷ്യമിട്ടിരുന്നത്.
സബർബൻ റയിലിന്റെ , റയിൽവേയുടെ നിലവിലുള്ള സിഗ്നലിങ് സംവിധാനം മാറ്റി, ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനാമാക്കുവാനും, ലൈനിലുള്ള വളവുകൾ നിവർക്കുവാനും ഉദ്ദേശിച്ചിരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സബർബൻ റയിലിറ്റെ ആവശ്യത്തിനായി വേണ്ടിയിരുന്നത്, അന്നത്തെ കണക്കനുസരിച്ചു 300 ഏക്കർ സ്ഥലവും, 10000 കോടി രൂപയുമായിരുന്നു. അതേസമയം, എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കെ-റെയിൽ പദ്ധതിക്ക് പണി പൂർത്തിയാകുമ്പോഴേക്കും രണ്ടു ലക്ഷം കോടി രൂപയും, 1383 ഹെക്ടർ സ്ഥലവുമാണ്. മാത്രമല്ല, ഇരുപത്തിനായിരത്തിൽ പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുകയും ചെയ്യും. ഇതിനുപുറമേ , കേരളത്തിന്റെ പാരിസ്ഥിതി വ്യവസ്ഥയെ ആകെ തകർക്കുന്നതും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്. നിലവിലുള്ള റെയിൽവേ ലൈനിലൂടെയാണ് 120 കി മീ വേഗതയിൽ സബർബൻ ട്രെയിനുകൾ ഓടിക്കുവാൻ ലക്ഷ്യമിട്ടിരുന്നത്. അന്ന് കേന്ദ്രത്തിൽ നിലവിലുണ്ടായിരുന്ന ഡോ . മൻമോഹൻ സിംഗിൻറ്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ ഈ പദ്ധതിക്ക് എല്ലാവിധ സഹായവും നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഇപ്പോൾ നിലനിൽക്കുന്ന സിഗ്നലിങ് സംവിധാനം ഓട്ടോമാറ്റിക് ആക്കി മാറ്റുക, റെയിൽവേ ലൈനിലെ വളവുകൾ നേരെയാക്കുക , പ്ലാറ്റ്ഫോമുകൾ പുതുക്കി പണിയുക എന്നിവയാണ് പൂർത്തീകരിക്കേണ്ട പ്രധാന ജോലികൾ.അതോടെ നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗത വര്ധിപ്പിക്കുന്നതിനൊപ്പം, ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കി.മീ സ്പീഡിൽ ഓടിക്കുവാനും കഴിയും. പൈലറ്റ് പദ്ധതി പൂർത്തീകരിച്ച ശേഷം, ഘട്ടം ഘട്ടമായി കണ്ണൂർവരെ പൂർത്തിയാക്കാനായിരുന്നു വിഭാവനം ചെയ്തത്. 125 കി. മീ. ന് 1943 കോടി രൂപവച്ചു, 530 കി.മീ പൂർത്തിയാക്കാൻ പതിനായിരം കോടി രൂപയും 300 ഏക്കർ സ്ഥലവും മാത്രമേ അധികമായി വേണ്ടിവരികയുണ്ടായിരുന്നുള്ളു .എല്ലാ അനുമതികളും ലഭ്യമായാൽ, മൂന്നു വർഷംകൊണ്ട് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമായിരുന്നു.
പി.എസ് .ശ്രീകുമാർ
[മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും പൊതു മരാമത്തു വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുമായിരുന്നു ലേഖകൻ]