Tuesday, 30 August 2022

 

സ്വതന്ത്ര ഇന്ത്യയുടെ   വിദേശനയവും ജവഹർലാൽ          നെഹ്‌റുവും

പി.എസ് .ശ്രീകുമാർ  
 
             സ്വതന്ത്ര  ഇന്ത്യയുടെ ശില്പി  ആരെന്ന ചോദ്യത്തിന്  ജവഹർലാൽ നെഹ്‌റു എന്നല്ലാതെ മറ്റൊരു  പേര്  പറയാൻ  ഇല്ല  എന്നതാണ് വാസ്തവം.  . ബഹുമുഖപ്രതിഭയായിരുന്ന നെഹ്രുവിൻറ്റെ കണ്ണുകളും, അദ്ദേഹത്തിൻറ്റെ  ചിന്തകളും  ചെന്നെത്താത്ത മേഖലകൾ  ഇന്ത്യയിൽ ഇല്ലായിരുന്നു.  അദ്ദേഹത്തിൻറ്റെ ഏറ്റവും വലിയ   സംഭാവനകളിൽ  ഒന്ന് ഇന്ത്യയുടെ വിദേശനയം കരുപ്പിടിപ്പിയ്ക്കുന്നതിൽ അദ്ദേഹം  കാണിച്ച കരവിരുതായിരുന്നു . രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ,ലോകം അമേരിക്കയുടെയും,  സോവിയറ്റ് യൂണിയൻറ്റെയും നേതൃത്വത്തിൽ രണ്ടു ചേരികളായി നിന്ന്  ശീതസമരത്തിലായിരുന്ന  സാഹചര്യത്തിലാണ് സ്വതന്ത്ര്യത്തിൻറ്റെ ശുദ്ധവായു ശ്വസിച്ചുകൊണ്ട്‌   ഇന്ത്യ അന്തർ ദേശീയ രംഗത്തേക്ക്  കടന്നുവന്നത്.  മഹാത്മാ ഗാന്ധിയുടെ  അഹിംസാവാദത്തിൽ അടിയുറച്ചു വിശ്വസിച്ച നെഹ്‌റുവിന്   ,യുദ്ധത്തിൻറ്റെ കെടുതികളും,ബുദ്ധിമുട്ടുകളും , ദൂഷ്യവശങ്ങളും  മനസിലാക്കുവാൻ   സാധിച്ചു. അത് കൊണ്ട് അക്രമങ്ങളിലും ആയുധമേന്തിയുള്ള  ആക്രോശങ്ങളിലും  അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു.എന്നുമാത്രമല്ല  ആക്രമണങ്ങളെ  അകറ്റി നിർത്തുവാനും അദ്ദേഹം ആഗ്രഹിച്ചു. സാമ്രാജ്യത്വത്തിനും ,കോളനിവൽക്കരണത്തിനും എതിരെ പോരാടിയ ഒരു രാജ്യമെന്ന നിലയിൽ, രാജ്യത്തിന് ലഭ്യമായ വിഭവങ്ങൾ ,പട്ടിണിയും,കഷ്ടപ്പാടുകളും ഒഴിവാക്കി ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും,വികസനാവശ്യങ്ങൾക്കുമാണ് ഉപയോഗിയ്ക്കേണ്ടതെന്ന്  അദ്ദേഹത്തിന് ബോധ്യമായിരുന്നു.അതിനാൽ, ആയുധങ്ങൾ വാങ്ങിക്കൂട്ടി സൈനിക ശക്തി കൂട്ടുന്നതിന് അദ്ദേഹം എതിരായിരുന്നു. ഈ കാഴ്ചപ്പാട് ഉള്ളതിനാലാണ് അമേരിക്കയുടെയും, സോവിയറ്റ് യൂണിയൻറ്റെയും നേതൃത്വത്തിലുള്ള ശാക്തികചേരികളിൽ ചേരാതെ ,സ്വതന്ത്രമായി നിന്നുകൊണ്ട് ഇന്ത്യയ്ക്ക് ദോഷകരമല്ലാത്ത മേഖലകളിൽ അവരുമായി സഹകരിയ്ക്കുന്ന നിലപാട് കൈക്കൊള്ളാൻ അദ്ദേഹം തീരുമാനിച്ചത്.  എന്നാൽ സ്വതന്ത്ര ഇന്ത്യ തങ്ങളുടെ ചേരിയിൽ  അണി നിരക്കണമെന്നു ആഗ്രഹിച്ച ഇരുചേരികളും നെഹ്രുവിൻറ്റെ ഈ  സ്വതന്ത്രമായ  വിദേശനയത്തെ  സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്.   മാത്രമല്ലാ , നെഹ്രുവിൻറ്റെ സ്വതന്ത്ര നിലപാടിനെ അവസരവാദപരമായി കാണാനാണ് ആദ്യകാലഘട്ടത്തിൽ അമേരിക്കൻ ചേരിയും,സോവ്യറ്റ് ചേരിയും ശ്രമിച്ചത്.  തൻറ്റെ കാഴ്ചപ്പാടിൻറ്റെ വിശുദ്ധിയിൽ ദൃഡ  വിശ്വാസമർപ്പിച്ച നെഹ്‌റു തൻറ്റെ ചേരിചേരാനയത്തിനു മറ്റു ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിൽ,   സാവധാനത്തിലാണെങ്കിലും, വിജയിച്ചു. . ഒരു ചേരിയിലുംനിലകൊള്ളാതെ , ലോകസമാധാനത്തിനുള്ള പ്രസ്ഥാനമായാണ് ഈ കൂട്ടായ്മയെ നെഹ്‌റു കരുപ്പിടിപ്പിച്ചത്. അന്താരാഷ്ട്ര പ്രശ്നങ്ങളിൽ   ഓരോ  രാജ്യത്തെയും ഗുണദോഷങ്ങൾ മനസിലാക്കിയുള്ള  പ്രശ്നാധിഷ്ഠിതമായ സമീപനമായിരുന്നു ചേരിചേരരാജ്യങ്ങളുടെ പ്രവർത്തനരീതി. 1956 ൽ സൂയസ് കനാൽ ദേശസാത്കരിയ്ക്കാൻ അബ്ദുൾനാസർ തീരുമാനിച്ചതോടെ ഇസ്രയേലും,ബ്രിട്ടനും ,ഫ്രാൻസും സൈനികബലത്തിൽ സൂയസ്‌കനാൽ  കൈയടക്കാൻ നടത്തിയ ശ്രമത്തോടെയാണ് സൂയസ് കനാൽ    ഒരു അന്തർദേശിയ  പ്രശ്‍നമായിമാറിയത്.      ഈ  പ്രശ്‍നം  പരിഹരിയ്ക്കാൻ അമേരിയ്ക്കയ്ക്കും  സോവ്യറ്റ് യൂണിയനുമൊപ്പം ഇന്ത്യയും പങ്കു വഹിച്ചു. 1962 ലെ ക്യൂബൻ പ്രതിസന്ധി , 1962 ലെ തന്നെ ഇന്ത്യ -ചൈന യുദ്ധം തുടങ്ങിയ സംഭവങ്ങൾ  ഉണ്ടായപ്പോൾ ,നിഷ്പക്ഷമായ ഇടപെടലുകൾ നടത്താൻ ചേരി-ചേരാ രാജ്യങ്ങൾ ശ്രമിച്ചിരുന്നു.  ഹങ്കറിയിലെ  സോവ്യറ്റ് അധിനിവേശത്തിനെതിരെയും   ദക്ഷിണാഫ്രിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ വർണവിവേചനം അവസാനിപ്പിയ്ക്കുന്നതിനും ഇന്ത്യയുടെ നേതൃത്വത്തിൽ, ചേരി-ചേരാ  രാജ്യങ്ങൾ തങ്ങളുടേതായ പങ്ക് നിർവഹിച്ചു.

                   നെഹ്രുവിൻറ്റെ വിദേശനയത്തിൻറ്റെ പരീക്ഷണശാലയായിരുന്നു  ഇന്ത്യ-ചൈന ബന്ധം.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച് രണ്ടുവർഷങ്ങൾക്കുശേഷം    സായുധ കലാപത്തിലൂടെ സ്ഥാപിതമായ,  ചൈനയിലെ മാവോസേതൂങ്ങിൻറ്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ആദ്യം അംഗീകരിച്ച രാജ്യം ഇന്ത്യയായിരുന്നു.   അയൽ  രാജ്യമെന്ന നിലയിൽ ചൈനയുമായി സൗഹൃദാന്തരീക്ഷത്തിലുള്ള ബന്ധമായിരുന്നു നെഹ്‌റു ആഗ്രഹിച്ചത് .  

               ഇന്ത്യയും ചൈനയും തമ്മിൽ   അസ്വാരസ്യങ്ങൾ  ഉടലെടുത്തത്           തിബറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് . ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധത്തിൽ പോകണമെന്ന് താല്പര്യപ്പെട്ടിരുന്ന നെഹ്‌റുവിനെ വളരെയധികം വേദനിപ്പിച്ചസംഭവമാണ്,  1950 ഒക്ടോബറിലെ   തിബറ്റിലേക്കുള്ള  ചൈനീസ് സൈന്യത്തിൻറ്റെ  കടന്നുകയറ്റം .അതുവരെയും ഒരു സ്വതന്ത്രരാജ്യമായിരുന്ന   തിബറ്റിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിൽ ഇന്ത്യയുടെ ആശങ്ക   പ്രധാനമന്ത്രി ചൗ എൻ ലായിയെ നെഹ്‌റു നേരിട്ട് അറിയിക്കുകയായിരുന്നു .  എന്നാൽ , ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാതിരിയ്ക്കാൻ പരസ്യ പ്രസ്താവന നെഹ്‌റു ഒഴിവാക്കി.  ചൗ എൻ ലായി  1954 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ,  രാജ്യങ്ങളുടെ പരമാധികാരവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും ബഹുമാനിയ്ക്കുമെന്നും, സൈനിക ആക്രമണങ്ങൾ നടത്തില്ലെന്നും, സമാധാനപരമായ സഹവർത്തിത്വം  നില നിർത്തുമെന്നുമൊക്കെയുള്ള പഞ്ചശീലതത്വങ്ങൾ  ഇരു രാജ്യങ്ങളും  രേഖാമൂലം  അംഗീകരിച്ചു.                      തിബറ്റിൻറ്റെ നിയന്ത്രണം മുഴുവൻ  സൈന്യത്തെ ഉപയോഗിച്ച്   ചൈന  കയ്യടക്കിയതിനെത്തുടർന്നാണ്  ഇന്ത്യയും, ചൈനയും അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങളായി മാറിയത്.   തിബറ്റിൻറ്റെ ഭരണാധികാരിയായിരുന്ന ദലൈലാമയെ തടങ്കലിലാക്കാനുള്ള നീക്കമുണ്ടായപ്പോൾ , അദ്ദേഹം തലസ്ഥാനമായ ലാസയിൽ നിന്നും  വേഷ പ്രച്ഛന്നനായി  രക്ഷപ്പെട്ട്  , ഇന്ത്യയിൽ അഭയാർത്ഥിയായി എത്തി. ദലൈലാമയ്ക്ക് അഭയം നൽകിയതോടെ  ഇന്ത്യയെ ശത്രുതാമനോഭാവത്തോടെ ചൈന വീക്ഷിയ്ക്കുവാൻ തുടങ്ങി. തിബറ്റുമായുള്ള ഇന്ത്യയുടെ അതിർത്തി മാനിയ്ക്കുവാൻ ചൈന തയാറായില്ല. അതിർത്തിയിൽ ഇന്ത്യ അറിയാതെ റോഡ് നിര്മിച്ച ചൈന  പുതിയ അവകാശവാദങ്ങൾ ഉന്നയിച്ച്  അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർക്കുവാനും തുടങ്ങി.  ചൗ  എൻ ലായി യുമായി 1960 ൽ നടത്തിയ അതിർത്തി സംബന്ധിച്ച ചർച്ചകളും പരാജയപ്പെട്ടു.ഇന്ത്യ-ചൈന അതിർത്തിയായി  നിശ്ചയിച്ചിരുന്ന മക് മഹൻ രേഖ   അ ഗീകരിയ്ക്കാൻ ചൈന തയാറായില്ല .  1962 ഡിസംബറിൽഅതിർത്തി സംബന്ധിച്ച്     ബ്രിട്ടീഷ് ഭരണ കാലയളവുമുതൽ ഉണ്ടായിരുന്ന  എല്ലാ  കരാറുകളും   കാറ്റിൽ പറത്തിക്കൊണ്ട്  ലഡാക്കിലും,  അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള  അതിർത്തികളിലും   ചൈന കടന്നുകയറ്റം നടത്തുകയും  ഇന്ത്യക്കുമേൽ യുദ്ധം അടിച്ചേൽപ്പിക്കുകയും  ചെയ്തു  . ഇരുരാജ്യങ്ങളും  തമ്മിലുള്ള  ബന്ധങ്ങളുടെ  സീമകൾ ലംഘിച്ചുകൊണ്ടുള്ള ചൈനയുടെ കടന്നു കയറ്റം അപ്രതീക്ഷിതമായിരുന്നു.   യുദ്ധത്തിൻറ്റെ ആദ്യ ദിനങ്ങളിൽ   ഇന്ത്യയെ സഹായിക്കാൻ  മടിച്ചുനിന്ന  അമേരിക്ക, പിന്നീട്  ഇന്ത്യയ്ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്യുകയും, ചൈനയെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ്  ചൈന ഏക പക്ഷീയമായി   വെടി  നിർത്തൽ പ്രഖ്യാപിയ്ക്കുകയും, യുദ്ധത്തിന് മുമ്പുള്ള നിലയിലേയ്ക്ക് സൈനികരെ പിൻവലിയ്ക്കുകയും ചെയ്തത് . 
                യുദ്ധം തീർന്നെങ്കിലും, അതുണ്ടാക്കിയ പ്രകമ്പനങ്ങളും, അസ്വാരസ്യങ്ങളും ഇന്ത്യ-ചൈന ബന്ധത്തിൽ ഇപ്പോഴും നില നിൽക്കുന്നു. യുദ്ധത്തിന് ശേഷം പ്രതിരോധരംഗത്തെ   ആധുനികവൽക്കരിക്കാനുള്ള  ശ്രമങ്ങൾ  ഇന്ത്യ കൈക്കൊണ്ടു. അതിർത്തിക്ക്  വടക്കുള്ള  ചൈനയും, പടിഞ്ഞാറുള്ള   പാകിസ്ഥാനും    പ്രതിരോധ  രംഗത്ത്  വന്പിച്ച മുതൽമുടക്ക് നടത്തുന്ന സാഹചര്യത്തിൽ,  ഇന്ത്യയും പ്രതിരോധരംഗത്തു  കൂടുതൽ  മുതൽ മുടക്കു നടത്താൻ നിർബന്ധിതമായി.  ചേരിചേരാ  നയം പിന്തുടർന്നെങ്കിലും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള നയമാണ്‌   പിന്നീട് വിദേശ നയത്തിലും പ്രതിഫലിച്ചത് .ഇന്ത്യയുടെ സൗഹൃദത്തിനും വിട്ടുവീഴ്ചയ്ക്കും,തെല്ലും വില കല്പിയ്ക്കാത്ത ചൈനയുടെ നയത്തിൽ മനംനൊന്ത നെഹ്‌റു 1964 ൽ അന്തരിച്ചതോടെ,    ലാൽ ബഹാദൂർ ശാസ്ത്രി  അധികാരത്തിലെത്തി. ശാസ്ത്രിയും, ചേരി-ചേരാ  നയം തന്നെ പിന്തുടർന്നു . അദ്ദേഹം  പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലെ വലിയ വെല്ലുവിളി  1965  ലെ പാക്കിസ്ഥാൻ ആക്രമണമായിരുന്നു.  ഓപ്പറേഷൻ ജിബ്രാൾട്ടർ  എന്ന പേരിൽ കാശ്മീരിൽ നുഴഞ്ഞു കയറിയ  പാക്കിസ്ഥാൻ സൈന്യമാണ് യുദ്ധത്തിന് കാരണം.  ഈ യുദ്ധത്തിൽ പാക്കിസ്ഥാന്  ആയുധം നൽകി സഹായിച്ചത് അമേരിക്കയും, ബ്രിട്ടനുമായിരുന്നു. ഐക്യ രാഷ്ട്ര സഭയിൽ  പാകിസ്താൻറ്റെ  ആക്രമണം ഇന്ത്യ ഉന്നയിച്ചെങ്കിലും,  സോവിയറ്റ് യൂനിയന്റ്റെ  മദ്ധ്യസ്ഥ  തയിലാണ് യുദ്ധം അവസാനിച്ചത്. 
സമാധാന ചർച്ചക്ക് വേദിയായ താഷ്‌ക്കന്റിൽ  വച്ചുതന്നെയായിരുന്നു  ഹൃദയാഘാതത്തെ തുടർന്ന്  ശാസ്ത്രി അന്തരിച്ചതും.
 
ബംഗ്ലാദേശിന് വിമോചനം നൽകിയ ഇന്ദിര 

ശാസ്ത്രിയ്ക്കു ശേഷം അധികാരത്തിലേറിയ ഇന്ദിരാഗാന്ധിയും സാമ്പത്തിക -സൈനിക മേഖലകളിൽ സ്വന്തം ശക്തി വർധിപ്പിച്ചുകൊണ്ടുള്ള ചേരി- ചേരാ നയമാണ്     പിന്തുണർന്നത് .    . ബംഗ്ലാദേശ് വിമോചന   യുദ്ധ സമയത്തു്  പാകിസ്താനാനുകൂല നിലപാടുമായി അമേരിയ്ക്കയും, ചൈനയും നില കൊണ്ടപ്പോൾ , സോവിയറ്റ് യൂണിയനുമായി സഹകരിയ്ക്കുവാനും,  ദീർഘകാല  സൗഹൃദ ഉടമ്പടി ഒപ്പു വയ്ക്കുവാനും , ഇന്ദിരാഗാന്ധി തയ്യാറായി. സോവിയറ്റ് യൂണിയനുമായി പ്രതിരോധ രംഗത്ത് ശക്തമായ ബന്ധമുണ്ടാക്കുവാനും , പാലസ്റ്റീൻ പ്രശ്നത്തിൽ , പാലസ്റ്റീൻ വിമോചന പ്രസ്ഥാനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുവാനും  അറബിരാജ്യങ്ങളുമായുള്ള ബന്ധം സുദൃഢ മാക്കുവാനും ഇന്ദിരാഗാന്ധി രൂപം നൽകിയ വിദേശനയത്തിലൂടെ സാധിച്ചു .ആഫ്രിക്കൻ രാജ്യങ്ങളിൽ നടന്ന വിമോചന പ്രക്ഷോഭങ്ങൾക്കും  വർണ വെറിക്കുമെതിരെയുള്ള നിലപാടുകൾ ഇന്ത്യയുടെ വിദേശനയത്തിനു കരുത്തേകി . ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ഇന്ത്യ നേരിട്ട വലിയ വെല്ലുവിളി  1974 ൽ നടത്തിയ അണുപരീക്ഷണമായിരുന്നു.  സമാധാന പരമായ ആവശ്യങ്ങൾക്ക്  ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ്   അണു  പരീക്ഷണം നടത്തിയതെന്ന് നമ്മൾ പറഞ്ഞപ്പോൾ,  ആ വാദം അംഗീകരിക്കാൻ  അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ തയ്യാറായില്ല.  ഇന്ത്യക്കെതിരെ നിരവധി രാജ്യങ്ങൾ വിലക്കുകൾ ഏർപ്പെടുത്തിയെങ്കിലും, അണു  ബോംബ്   നിർമ്മിക്കാൻ  ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്ന ഇന്ദിര ഗാന്ധിയുടെ   ഉറപ്പിൻറ്റെ  ബലത്തിൽ എതിർപ്രചാരണങ്ങളെ അതിജീവിക്കുവാൻ നമുക്ക് സാധിച്ചു.
 
അന്തർദേശിയ രംഗത്ത് തിളങ്ങിയ രാജീവ് ഗാന്ധി
 
  നെഹ്‌റു കരുപ്പിടിപ്പിച്ച ചേരിചേരാ നയം തന്നെയായിരുന്നു    ഇന്ദിര ഗാന്ധിക്ക് ശേഷം,  പ്രധാനമന്ത്രിയെന്ന നിലയിൽ രാജീവ്ഗാന്ധി  തുടർന്നത് .  ചേരിചേരാ പ്രസ്ഥാനം ശക്തിപ്പെടുത്തുവാൻ  അദ്ദേഹം ശ്രമിച്ചു. . അമേരിക്കയുടേയും  സോവിയറ്റ് യൂണിയൻറ്റെയും  നേതാക്കളുമായി  ചർച്ചനടത്തി  അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള  വിദേശനയം  അദ്ദേഹത്തിന്‌ ആഗോളതലത്തിൽ അംഗീകാരം   നേടിക്കൊടുത്തു. ശ്രീലങ്കയിൽ എൽ ടി ടി ഇ  തീവ്രവാദികൾ,  സർക്കാരിനെതിരെ ആരംഭിച്ച  ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന്റ്റെ ഭാഗമായി  രാജീവ് ഗാന്ധിയും, ശ്രീലങ്ക പ്രസിഡൻറ്  ജയവർധനെയും ഒപ്പുവച്ച     ഇൻഡോ-ശ്രീലങ്ക കരാറും, മാലിദ്വീപിൽ  മോഹഭംഗം വന്ന ചില വ്യവസായികളും,  ശ്രീലങ്കയിലെ ഒരു വിഭാഗം തീവ്രവാദികളും ചേർന്ന്  മാലി പ്രസിഡന്റ് അബ്ദുൽ ഗയൂമിനെ  അധികാര ഫ്രഷ്‌ഠന ക്കുവാൻ  നടത്തിയ സായുധ കലാപവും  ഇന്ത്യൻ സൈന്യത്തെ അയച്ച്   അമർച്ചചെയ്തത്  രാജീവ് ഗാന്ധിയുടെ വിദേശനയത്തിലെ പൊൻ  തൂവലുകളാ കളായിരുന്നു.
 1964 ലെ യുദ്ധത്തിന് ശേഷം, ചൈന സന്ദർശിച്ച  ആദ്യ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.   

ഉദാരവത്ക്കരണത്തിലൂന്നിയ നയം  

          1991 ലെ തെരഞ്ഞെടുപ്പിലൂടെ  പ്രധാനമന്ത്രിയായ  നരസിംഹ റാവു  ഉദാരവൽക്കരണ നയങ്ങളിലൂടെ സമ്പത്‌വ്യവസ്ഥയെ  ശക്തിപ്പെടുത്തിയതിനൊപ്പം  വിദേശ നയങ്ങളിലും ഒരു പൊളിച്ചെഴുത്തു   നടത്തി.  സോവിയറ്റ് യൂനിയന്റ്റെ  തകർച്ചക്ക് ശേഷം അമേരിക്ക ഏക ലോക ശക്തിയായിയിരുന്ന അവസരമായിരുന്നതു  കൊണ്ട്  , അമേരിക്ക ഉൾപ്പെടെയുള്ള . പാശ്ചാത്യ രാജ്യങ്ങളുമായി  സൗഹൃദം ശക്തിപ്പെടുത്തുന്നതിന്   റാവു തൻറ്റെ  വിദേശനയത്തിലൂടെ ശ്രമിച്ചു. ഒപ്പം പൂർവേഷ്യൻ  രാജ്യങ്ങളുമായി  ബന്ധം മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം   നടപടികൾ എടുത്തു .  അന്നുവരെ  പിന്തുടർന്ന നെഹ്രുവിന്റെ വിദേശ നയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട്  ഇസ്രയേലുമായി  നയതന്ത്രബന്ധം സ്ഥാപിച്ചു.  നമ്മുടെ വിദേശ നയത്തിൽ വരുത്തിയ  കാതലായ ഒരു മാറ്റമായിരുന്നു  ഈ നടപടിയിലൂടെ  റാവു വരുത്തിയത്. ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നതിനു ഉപോദ്‌ബലകമായ  വിദേശനയമാണ്  റാവു സർക്കാർ പിന്തുടർന്നത്. അമേരിക്കയുമായി മാത്രമല്ലാ , റഷ്യയുമായും, ഇസ്രയേലുമായും, അറബ് രാജ്യങ്ങളുമായും, ഇറാനും പാകിസ്ഥാനുമായും ഒരേ സമയം നല്ല ബന്ധമുണ്ടാക്കുന്നതിൽ റാവു സർക്കാർ വിജയിച്ചു.

പ്രായോഗിക നയസമീപനവുമായി വാജ്പേയി 

       റാവു   സർക്കാരിന് ശേഷം പ്രധാനമന്ത്രിയായി അധികാരമേറ്റത്  ബി ജെ പി നേതാവ് എ.ബി. വാജ്പേയി ആയിരുന്നു.  ആർ എസ് എസ്  നിലപാടുകളിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള  പ്രായോഗിക സമീപനമാണ് വിദേശനയത്തിൽ  അദ്ദേഹം  പ്രകടമാക്കിയത്.  ചൈനയുമായും  , പാകിസ്ഥാനുമായും ഉണ്ടായിരുന്ന ശത്രുത ഉപേക്ഷിച്ചു ബന്ധം പുനസ്ഥാപിക്കുവാൻ 1977-79 കാലഘട്ടത്തിൽ  മൊറാർജി മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയെന്ന നിലയിൽ അദ്ദേഹം  എടുത്ത നടപടികളുടെ തുടർച്ചയാണ് പ്രധാനമന്ത്രിയെന്ന നിലയിലും  അദ്ദേഹം പിന്തുടർന്നത്. ഇന്ത്യയെ  ഒരു ആണവ ശക്തിയായി മാറ്റണമെന്ന ആഗ്രഹത്തോടെയാണ്, അമേരിക്കയുടെ നേതൃത്വത്തിലുള്ള ശക്തികളുടെ എതിർപ്പ് വകവെക്കാതെ  1998 ൽ  അണുപരീക്ഷണങ്ങളുമായി  മുന്നേറിയത്‌. അദ്ദേഹം പ്രധാന മന്ത്രിയായി സ്ഥാനം ഏറ്റെടുത്തു രണ്ടുമാസങ്ങൾക്കുള്ളിൽ പൊഖ്‌റാനിൽ വീണ്ടും അണുപരീക്ഷണം നടത്തി. അതോടെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോ ധം പ്രഖ്യാപിച്ചു.  പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനായി ഇന്ത്യയിൽ നിന്നും ലാഹോറിലേക്കു ബസ് സർവീസ് അദ്ദേഹം ആരംഭിച്ചു. അതിനോടനുബന്ധിച്ചു നവാസ് ഷെരീഫുമായി നടത്തിയ ചർച്ചയിലൂടെ ജമ്മു കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ രണ്ടു രാജ്യങ്ങളും സമാധാന പരമായ ചർച്ചയിലൂടെ  പരിഹരിക്കുമെന്നും  ഇരു നേതാക്കളും പ്രസ്താവിച്ചു.എന്നാൽ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കാത്ത  പാകിസ്ഥാൻ പട്ടാളം , സൈനിക  മേധാവിയായ പർവേസ് മുഷാറഫിൻറ്റെ  നിർദേശാനുസരണം ഇന്ത്യൻ ഭൂപ്രദേശമായ കാർഗിൽ കൊടുമുടി  രഹസ്യ നീക്കങ്ങളിലൂടെ പിടിച്ചടക്കി.  ഒടുവിൽ  ഇന്ത്യയുടെ നാന്നൂറോളം സൈനികരുടെ ജീവൻ ബലികൊടുത്താണ് കാർഗിൽ പരിമിതമായ ഒരു യുദ്ധത്തിലൂടെ മോചിപ്പിച്ചത്.  വാജ്പയീയുടെ വിദേശനയത്തിലെ ഒരു കറുത്ത  ഏടായി മാറിയത്   പാക്കിസ്ഥാൻ ഭീകരർ   കാട് മണ്ഡുവിൽ   നിന്നുമുള്ള  ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിക്കൊണ്ടു അഫ്ഘാനിസ്ഥാനിലെ കാണ്ഡഹാറിൽ കൊണ്ടുപോയതും,അതിലെ യാത്രക്കാരുടെ മോചനത്തിനായി  കൊടും ഭീകരനായ  മസൂദ് അസ്‌ഹറിനെയും കൂട്ടാളികളെയും വിട്ടുകൊടുക്കേണ്ടി വന്നതുമാണ്. കഴിഞ്ഞതെല്ലാം മറന്ന്  പാകിസ്താനുമായി 2001  ജനുവരി മാസത്തിൽ വീണ്ടും ഇസ്ലാമാബാദിലെത്തി ചർച്ചനടത്തി അധികം വൈകാതെ പാകിസ്ഥാൻ ഭീകരർ  ഇന്ത്യൻ പാർലമെൻറ്  ആക്രമിച്ചു. അതോടെ വീണ്ടും യുദ്ധസമാനമായ അന്തരീക്ഷം ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ ഉണ്ടായി. ഈ സംഘർഷാവസ്ഥക്ക്‌  ശമനം ഉണ്ടായത്   ഏകദേശം ഒരു വർഷത്തിനുശേഷമാണ്.

  2003 ൽ അദ്ദേഹം നടത്തിയ  ബെയ്‌ജിങ്‌ സന്ദർശനത്തോടെ ചൈനയുമായുള്ള ബന്ധത്തിൽ ഊഷ്മളത  കൈവന്നു.  അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഉദ്യോഗസ്ഥ തലത്തിലെ ചർച്ചകൾ പോരാ എന്ന് മനസ്സിലാക്കി, രാഷ്രിയ തലത്തിലേക്ക് ചർച്ചകൾ ഉയർത്താൻ തീരുമാനിക്കുകയും, ഇന്ത്യയുടെ ദേശിയ സുരക്ഷാ ഉപദേശകനായ  ബ്രിജേഷ് മിശ്രയെയും ചൈനയുടെ  കമ്മ്യൂണിസ്റ്റ് പാർട്ടി സീനിയർ നേതാവായ ഡായ് ബിങ്ഗ്യോവിനേയും പ്രത്യേക 
പ്രതിവരെ നിധികളായി നിയോഗിക്കുകയും ചെയ്തു. 

മൻമോഹണോമിക്സിൽ  ഊന്നിയ വിദേശ നയം 

സാമ്പത്തിക ശാസ്ത്രജ്ഞനായ   ഡോ.മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിൽ   2004 മുതൽ 2014  അധികാരത്തിലിരുന്ന സർക്കാർ പാകിസ്ഥാനുമായും, ചൈനയുമായും ബന്ധം മെച്ചപ്പെടുത്തുന്നതിന് ശ്രമിച്ചതിനൊപ്പം  "Look East " നയം , രൂപികരിച്ചു , തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും, ആഫ്രിക്കൻ രാജ്യങ്ങളുമായും ജപ്പാനും അമേരിക്കയും ഉൾപ്പെടെയുള്ള  രാജ്യങ്ങളുമായും വ്യാപാര ബന്ധങ്ങളും ,മെച്ചപ്പെടുത്തുവാനുള്ള നടപടികൾ  എടുത്തു. അമേരിക്കയുമായി നടത്തിയ സുദീർഘ ചർച്ചകളിലൂടെ  സിവിൽ ആണുവായുധ കരാർ  ഒപ്പുവെക്കുവാൻ  സാധിച്ചതിനു പുറമെ      ന്യൂക്ലിയാർ   സപ്പ്ലയേഴ്‌സ് ഗ്രൂപ്പിൽ അംഗത്വം ലഭിക്കുവാൻ  അമേരിക്കയുടെ  പിന്തുണ  ഉറപ്പിക്കുവാൻ   സാധിച്ചു.  അതോടെ 1998 ലെ  അണുപരീക്ഷണങ്ങൾക്കു ശേഷം, ഇന്ത്യക്കെതിരെ അമേരിക്കയും സ്ഖ്യകക്ഷികളും  നടപ്പിലാക്കിയ  സാമ്പത്തിക ഉപരോധങ്ങൾ  പിൻവലിച്ചു.അദ്ദേഹം അധികാരത്തിലിരുന്ന പത്തുവർഷ കാലവും അമേരിക്കയുമായും,ചൈനയുമായും, പാകിസ്ഥാനുമായും   ഉള്ള ബന്ധം  മെച്ചപ്പെടുത്തുവാൻ സാധിച്ചു. അതോടൊപ്പം,  റഷ്യയുമായി 1971 മുതൽ നമുക്കുള്ള ബന്ധം ഊട്ടി ഉറപ്പിക്കുവാനും, ജപ്പാനുമായി  തന്ത്രപ്രധാനമായ  ബന്ധം ഉണ്ടാക്കുവാനും സാധിച്ചു.  മധ്യേഷ്യയിലെ,  ഗൾഫ് രാജ്യങ്ങളുമായും, ആഫ്രിക്കൻ രാജ്യങ്ങളുമായും  നമുക്കുള്ള ബന്ധം ശക്തിപ്പെടുത്താനും മൻമോഹൻ സിംഗ് പ്രത്യേക താല്പര്യം എടുത്തു.

പാകിസ്താനുമായള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടന്നുവരവെയാണ്  2008 നവംബര് മാസത്തിൽ മുംബൈ നഗരം പാകിസ്ഥാൻ തീവ്രവാദികളുടെ ആക്രമണത്തിനിരയായത്. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലക്ഷ്കർ -ഇ-തയിബ  എന്ന ഇസ്ലാമിക തീവ്രവാദികളായ പത്തു പേർ  മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ  നടത്തിയ തീവ്രവാദി ആക്രമണങ്ങളിൽ 175 ആളുകളാണ് കൊല്ലപ്പെട്ടത്.  അതോടെ  പാകിസ്താനുമായുള്ള ബന്ധം വീണ്ടും വഷളായി. ബംഗ്ലാദേശുമായി ദീർഘകാലമായി നിലനിന്ന  ടീസ്റ്റ നദീജല  തർക്കം സൗഹാർദ്ദപരമായ ചർച്ചകളിലൂടെ പരിഹരിക്കാനും സാധിച്ചു. സമാനതകളില്ലാത്ത വളർച്ച   രാജ്യ താല്പര്യം സംരക്ഷിച്ചു കൊണ്ടുള്ള വിദേശ ബന്ധങ്ങളിലൂടെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക-വാണിജ്യ മേഖലകളിലും,   ആഭ്യന്തര ഉത്പ്പാദനത്തിലും    വളർച്ച ഉണ്ടാക്കുവാനും അദ്ദേഹത്തിൻറ്റെ  ഭരണ കാലയളവിൽ  സാധിച്ചത്  വിദേശനയതിൻറ്റെ    പ്രതിഫലനമായിരുന്നു.

മോദിയുടെ വിദേശ നയം 

2014  മെയ് മാസത്തിലാണ് നരേന്ദ്ര മോദി  ഇന്ത്യയുടെ പ്രധാനമന്ത്രിയായി ആദ്യം അധികാരത്തിലേറിയത്  .    അധികാരം ഏറ്റ്   അധികം വൈകാതെ   അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സന്ദർശിച്ച്   ഉഭയ കക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുവാൻ   അദ്ദേഹം ശ്രമിച്ചു. അമേരിക്കയുമായി  നിരവധി വാണിജ്യ  കരാറുകളിൽ ഒപ്പുവച്ചതിനു പുറമേ  ആദ്യമായി  പ്രതിരോധ രംഗത്തും  സഹകരിച്ചു പ്രവർത്തിക്കാൻ കരാറുകളിൽ ഒപ്പുവച്ചു.  ഇൻഡോ- പസിഫിക്      സമുദ്ര   മേഖലയിൽ  ചൈനയുടെ ആധിപത്യത്തിനെതിരെ  അമേരിക്കയും,ഓസ്‌ട്രേലിയയും, ജപ്പാനും ചേർന്നുള്ള ചതുർ രാഷ്ട്ര  സഖ്യത്തിൽ ഇന്ത്യ അംഗമായി ചേർന്നത്  ചൈനക്കെതിരെയുള്ള ഒരു സൈനിക സഖ്യ നീക്കമാണെന്ന   ആരോപണം  ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ  ഉന്നയിക്കുന്നുണ്ട്.   അമേരിക്കൻ  പ്രസിഡൻറ്   ആയിരുന്ന ബരാക്ക് ഒബാമയുമായും, പിന്നീട് വന്ന ഡൊണാൾഡ് ട്രംപുമായും വ്യക്തിപരമായ  ബന്ധം ഊട്ടിഉറപ്പിച്ചു കൊണ്ടാണ് അമേരിക്കയുമായി  കൂടുതൽ അടുത്ത ബന്ധം  അദ്ദേഹം സ്ഥാപിച്ചത്. പ്രഗത്ഭയായ സുഷമ സ്വരാജ് ഉൾപ്പെടെയുള്ള ,  ഇന്ത്യയുടെ  വിദേശകാര്യമന്ത്രിമാർ  പലപ്പോഴും  മോദിക്ക് മുമ്പിൽ    നിഴലുകളായി മാറുന്ന ഒരു ചിത്രം  മോദി  ഭരണത്തിൽ മുഴച്ചുനിൽക്കുന്നുണ്ട്. 

പാകിസ്താനുമായുള്ള ബന്ധത്തിൽ  ഒരു തുടർച്ചയില്ല എന്ന വിമർശനം  മോദി  സർക്കാരിനെതിരെ ഉണ്ട്..  രാജ്യത്തിൻറ്റെ  നയം എന്നതിനുപരി, വ്യക്തിപരമായ മഹത്വൽക്കരണം  വിദേശനയത്തിൽ കടന്നുകൂടുന്നതിൻറ്റെ  പ്രകടമായ ഉദാഹരണമായി  ചൂണ്ടിക്കാട്ടപ്പെടുന്നത്   അദ്ദേഹം പാകിസ്ഥാൻ പ്രധാന മന്ത്രിയായിരുന്ന നവാസ് ഷെറീഫിന്റെ  വസതിയിൽ നടത്തിയ  സന്ദർശനമാണ്. രണ്ടു ദിവസം നീണ്ടുനിന്ന റഷ്യൻ സന്ദർശനത്തിനും, ഒരു ദിവസത്തെ  അഫ്ഘാൻ സന്ദർശനത്തിനും ശേഷമാണ്  നവാസ് ഷെരീഫിന്റെ പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി, 2015  ഡിസംബർ  25 ന്  അദ്ദേഹത്തിണ്റ്റെ  ലാഹോറിലെ കുടുംബ വീട്ടിൽ എത്തിയത്.  മോദിയുടെ സന്ദർശനത്തിന്റെ ചൂടാറും മുമ്പ്  2016 ജനുവരി 2 ന് ജെയ്ഷ് -ഇ- മുഹമ്മദ് ഭീകരർ പഞ്ചാബിലെ പത്തൻകോട് വായുസേന സ്റ്റേഷനിൽ ഭീകരാക്രമണം നടത്തി പത്തോളം സൈനികരെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും വധിച്ചു.  അതോടെ ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിൽ വീണ്ടും വിള്ളൽ ഉണ്ടായി, 2016 ൽ തന്നെ സെപ്റ്റംബറിൽ  കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിൽ ജെയ്ഷ് -ഇ-  മുഹമ്മദ് ഭീകരർ ആക്രമണം നടത്തി  19 ജവാന്മാരെ വധിച്ചു.  ഈ ആക്രമണങ്ങളുടെയെല്ലാം  സൂത്രധാരിയായ  ജെയ്ഷ് -ഇ മുഹമ്മദ്  തലവനായ മസൂദ് അസ്ഹറിനെ തീവ്രാദ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും, വിചാരണക്കായി ഇന്ത്യക്കു കൈമാറണമെന്നുമുള്ള ആവശ്യം പാകിസ്ഥാൻ  നിരസിച്ചതോടെ പാകിസ്താനുമായുള്ള ബന്ധം കൂടുതൽ അകൽച്ചയിലേക്കുപോയി. 2019  ഫെബ്രുവരിയിൽ പുൽവാമയിലെ സി.ആർ.പി.എഫ്  ക്യാമ്പ് ആക്രമിച്ചു 40  ജവാന്മാരെ വധിച്ചതോടെ  കേ ന്ദ്ര സർക്കാരിന്റെ തീവ്രവാദ വിരുദ്ധ നിലപാടുകളെ  ജനങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങി.   അതോടെ    തിരിച്ചടിക്കാതിരിക്കാൻ നിവർത്തിയില്ലാത്ത  ഘട്ടം വന്ന സാഹചര്യത്തിലാണ്  പാകിസ്ഥാൻ അധീന കശ്മീരിലെ ബലാകോട്ടിലുള്ള  തീവ്രവാദ പരിശീലന  കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി ലക്ഷർ -ഇ-തയ്‌ബക്കാരായ  കുറെ തീവ്രവാദികളെ  ഇന്ത്യൻ സൈന്യം  കൊന്നത്. ഏതായാലും ഇതൊക്കെ സൂചിപ്പിക്കുന്നത്  പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടു5ത്തുന്നതിൽ  വന്ന പരാജയമാണ്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി  തർക്കം രാഷ്ട്രീയ തലത്തിൽ  ചർച്ച ചെയ്ത്  പരിഹരിക്കാനായി  വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ  രൂപീകരിച്ച സ്പെഷ്യൽ റെപ്രസന്റേറ്റീവ്  തലത്തിലെ  സംവിധാനം   മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും തുടർന്നെങ്കിലും,  മോദി സർക്കാർ അധികാരത്തിൽ വന്നശേഷം  അതിൻറ്റെ പ്രാധാന്യം കുറഞ്ഞു. ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനായി പ്രധാന മന്ത്രി മോദി 5 പ്രാവശ്യം ചൈന സന്ദർശിച്ചു ചർച്ച  നടത്തി.  മോദിയുമായി ഉച്ചകോടി നടത്താൻ  ഷി ജിൻപിങ് രണ്ടു പ്രാവശ്യം ഇന്ത്യയിലേക്കും സന്ദർശനം നടത്തി. 2014 സെപ്റ്റംബർ മാസത്തിൽ  ലഡാക്കിലെ ചുമർ മേഖലയിൽ  ഇന്ത്യൻ പ്രദേശത്തു കടന്നു കയറി റോഡ് നിർമാണം നടത്തിയപ്പോഴാണ്  നമ്മുടെ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായത്.  നയതന്ത്ര തലത്തിലും, സൈനിക തലത്തിലും നടത്തിയ ചർച്ചകൾ ക്കൊടുവിലാണ്  രണ്ടു സൈനിക വിഭാഗങ്ങളും  അവരവരുടെ പ്രദേശത്തേക്ക് പിൻവാങ്ങിയത്. ഏറ്റവും ഒടുവിൽ ഷി ജിൻപിങ് ഇന്ത്യയിൽ വന്നത്  2019 ഒക്ടോബറിലായിരുന്നു.ഈ രണ്ടു  സന്ദർശനങ്ങൾക്കുശേഷവും  അതിർത്തിയിൽ  ചൈനയുടെ കയ്യേറ്റമുണ്ടായി.
2017  ജൂണിൽ   ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയിലാണ്  ഇന്ത്യയുടേയും ചൈനയുടെയും സൈന്യം 73 ദിവസങ്ങൾ ഡോക്ലാമിൽ മുഖാമുഖം നിന്നു ഇവിടെയും പ്രശ്നമുണ്ടായത് ചൈനയുടെ സൈന്യം അനധികൃതമായി  ഭൂട്ടാൻ പ്രദേശത്തു റോഡ് നിർമാണം   നടത്തിയതാണ്.ഒടുവിൽ  ദീർഘമായ ചർച്ചകളിലൂടെയാണ്  സംഘർഷ ത്തിന് അയവുവന്നത്. ഏറ്റവും ഒടുവിൽ 2020 മേയ്  മാസത്തിൽ ലഡാക്കിലെ പാങ്കോങ് തടാകക്കരയിൽ  ചൈനീസ് സൈന്യം നടത്തിയ കയ്യേറ്റമാണ്  ഇന്ത്യയുടെ ഇരുപത്തോളം സൈനികരുടെ ജീവൻ നഷ്ടപ്പെടുന്നതിൽ എത്തിയത്.  ഇവിടെ ഇന്ത്യൻ ഭൂ ഭാഗത്തു നമ്മുടെ സൈന്യം റോഡ്  നിർമാണവുമായി   മുന്നോട്ടുപോയപ്പോൾ, ചൈനയുടെ സൈന്യം വന്നു സംഘർഷം ഉണ്ടാക്കുകയായിരുന്നു. 45 വര്ഷങ്ങള്ക്കു ശേഷം ആദ്യമായി ഇന്ത്യ-ചൈനാ  അതിർത്തിയിൽ വെടിയുതിർന്നു. ഒത്തുതീർപ്പു ചർച്ചകൾക്കൊടുവിൽ  പാങ്കോങ് തടാകക്കരയിൽ നിന്നും, ഗോഗ്ര-ഹോട് സ്പ്രിങ്സ്  ഭാഗങ്ങളിൽ നിന്നും    ചൈനയുടെ  സൈന്യം  പിൻവാങ്ങിയെങ്കിലും, അവർ കയ്യേറിയ     ഗൾവാൻ  മേഖലയിലെ   ചില ഭാഗങ്ങളിൽ നിന്നും ഇപ്പോഴും അവർ  പിൻവാങ്ങിയിട്ടില്ല.  ചൈനയുമായും, പാകിസ്ഥാനുമായുമുള്ള ബന്ധങ്ങളിൽ  ഉണ്ടായിട്ടുള്ള  അകൽച്ചയും, സംഘർഷവും   കുറക്കുവാനുള്ള   ഫലപ്രദവും ദീർഘ ദൃഷ്ടിയിലൂന്നിയതുമായ നടപടികൾക്കു  തുടക്കം കുറിക്കുവാൻ    കേന്ദ്ര സർക്കാർ തയ്യാറാകേണ്ടിയിരിക്കുന്നു.
അതേസമയം ജപ്പാൻ, ഓസ്ട്രേലിയ, ഇസ്രേൽ, ഗൾഫ് രാജ്യങ്ങൾ, എന്നിവയുമായുളള   ബന്ധങ്ങൾ ,  തന്ത്രപരമായ ബന്ധങ്ങളായി   ഉയർത്തുന്നതിൽ  വിജയിക്കുകയും ചെയ്തു.

എന്നാൽ  മോദി സർക്കാറിൻറ്റെ   വിദേശനയത്തിലെ  പാളിച്ച    അയൽ   രാജ്യങ്ങളുമായുള്ള ബന്ധത്തിലാണ്. എന്നും ഇന്ത്യക്കൊപ്പം നിന്ന ശ്രീലങ്ക,മാലിദ്വീപ്,ബംഗ്ലാദേശ്,നേപ്പാൾ, മ്യാന്മാർ  തുടങ്ങിയ രാജ്യങ്ങൾ പലപ്പോഴും ഇന്ത്യക്കെതിരായ നിലപാടെടുക്കുകയും, ചൈനയോട് കൂടുതൽ അടുക്കുകയും ചെയ്തത്  എൻ;ഡി.എ  സർകാരിൻറ്റെ   വിദേശനയത്തിനേറ്റ തിരിച്ചടിയായിരുന്നു. നമ്മളുമായി ചരിത്രപരമായും , സാംസ്കാരികമായും  ബന്ധമുള്ള അഫ്ഘാനിസ്ഥാൻ  ഭരണം   താലിബാൻ  കയ്യാളിയതും  നമുക്ക്  അനുകൂലമായില്ല. അയൽ  രാജ്യങ്ങളുടെ കൂട്ടായ്മയായ " സാർക്കിൻറ്റെ"  രാഷ്ട്ര തലവന്മാരെ   പങ്കെടുപ്പിച്ചു  കൊണ്ടുള്ള , ഉച്ചകോടി മീറ്റിംഗ് 2014 നു ശേഷം കൂടാൻ പോലും സാധിച്ചിട്ടില്ല  എന്നതും  വലിയ പാളിച്ചയാണ്. അന്തർ ദേശിയ രംഗത്ത് ഇന്ത്യയുടെ നേതൃത്വവും, സാന്നിധ്യവും  പ്രകടിപ്പിക്കാൻ അവസരം കിട്ടുന്ന അവസരങ്ങൾ  പാഴാക്കിക്കളയുന്ന നയമാണ് മോദി  സർക്കാരിൻറ്റെ  വിദേശ നയം. ഇതിൻറ്റെ  ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റഷ്യ-യുക്രൈൻ  യുദ്ധത്തിൽ ഇന്ത്യ എടുത്ത നിലപാട്.   രണ്ട്  രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് ഇന്ത്യക്കു ഉള്ളത്.  ആ സൗഹൃദം ഉപയോഗിച്ച് ഇരു രാജ്യങ്ങളെയും   ഒരു മേശക്കു ചുറ്റുമിരുത്തി  പ്രശ്നങ്ങൾ സംസാരിച്ചു  പരിഹരിക്കാനുള്ള ഒരു ശ്രമവും ഇന്ത്യ നടത്തിയില്ല.  വാചക കസർത്തുകൾക്കും, പ്രചാരണ പ്രവർത്തനങ്ങൾക്കുമപ്പുറം  വ്യക്തമായ ഒരു നയത്തിൻറ്റെ  അഭാവമാണ്  എൻ.ഡി.എ സർക്കാരിൻറ്റെ  വിദേശ നയത്തിൽ  നമ്മൾ കാണുന്നത്.
ഏത് രാജ്യത്തിൻറ്റെയും  വിദേശനയത്തിന്റ്റെ  വിജയവും, പരാജയവും നിശ്ചയിക്കുന്നത്,   ആ  നയം  തങ്ങളുടെ ദേശിയ താല്പര്യങ്ങൾക്കനുസരണമാണോ  എന്നതിനെ  ആശ്രയിച്ചാണ്.    ആ  കാഴ്ചപ്പാടിൽ നോക്കുമ്പോൾ, എൻ.ഡി.എ സർക്കാരിൻറ്റെ  വിദേശനയത്തിൽ,   കാതലായ  മാറ്റങ്ങൾ   ആവശ്യമുണ്ട്  എന്നാണ്  കഴിഞ്ഞകാല  അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.