Tuesday, 22 November 2022

   എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആയിമാറുന്ന  സി പി എം 

അഡ്വ.പി.എസ് .ശ്രീകുമാർ 


2021 ലെ സംസ്ഥാന നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനായി  ഇടതുപക്ഷ ജനാധിപത്യ മുന്നണി  2021  മാർച്ചിൽ  പുറത്തിറക്കിയ തെരഞ്ഞെടുപ്പ്  പ്രകടന പത്രികയിൽ  യുവജങ്ങൾക്കായി നൽകിയ   പ്രധാന വാഗ്‌ദാനം   20  ലക്ഷം  അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുമെന്നും,  15  ലക്ഷം പേർക്ക് ഉപജീവന തൊഴിൽ നൽകുമെന്നാണ്.  അതായതു,  മൊത്തം 35  ലക്ഷം പേർക്ക് തൊഴിൽ നൽകും. ഇത് നടക്കണമെങ്കിൽ ഓരോ വർഷവും  7  ലക്ഷം പേർക്ക് തൊഴിൽ നൽകണം.  അങ്ങിനെയാണെങ്കിലേ  5  വര്ഷം കൊണ്ട്,  വാഗ്‌ദാനം  ചെയ്‌തതുപോലെ,   35  ലക്ഷം പേർക്ക് തൊഴിൽ നല്കാൻ സാധിക്കുകയുള്ളു. എന്നാൽ യഥാർത്ഥത്തിൽ   സംഭവിച്ചത്   എന്താണ്?

കോവിഡ്   വ്യാപനത്തോടെ  കേരളത്തിലെ യുവാക്കളിലെ  തൊഴിലില്ലായ്മ കുതിച്ചുയർന്നു എന്നാണ് നാഷണൽ സാമ്പിൾ സർവ്വേ  നടത്തിയ  സർവേയിൽ  വെളിപ്പെട്ടത്.  15 നും, 29 നും  ഇടയ്ക്ക്  പ്രായമുള്ളവരിൽ കോവിഡിന് മുമ്പ്  2019  ഒക്ടോബർ-ഡിസംബർ കാലയളവിൽ 36.3 ശതമാനമായിരുന്നു  തൊഴിലില്ലായ്മാ  നിരക്ക്. 2020  ഒക്ടോബർ-ഡിസംബർ   ആയപ്പോൾ ഇത് 43.9  ശതമാനമായി വർധിച്ചു.   ഇതിനു പുറമേ,     കെ -ഡിസ്‌ക്കും  കുടുംബശ്രീയും കൂടി ചേർന്ന്  കഴിഞ്ഞ   മേയ്  മാസത്തിൽ  നടത്തിയ  ഒരു സർവ്വേ യുടെ ഫലം  മാധ്യമങ്ങളിലെല്ലാം വലിയ വാർത്തയായി വന്നിരുന്നു.  "എൻ്റെ  തൊഴിൽ, എന്റെ അഭിമാനം" എന്ന പദ്ധതിക്ക് വേണ്ടിയായിരുന്നു  ഈ സർവ്വേ നടത്തിയത്.  അതിലേക്കു രജിസ്റ്റർ ചെയ്തത്  53,42,094 പേരായിരുന്നു.  ഈ തൊഴിലന്വേഷകരിൽ  58.3  ശതമാനം പേര് സ്ത്രീകളും  41.5  ശതമാനം പേര് പുരുഷന്മാരുമായിരുന്നു.   ഇത് വ്യക്തമാക്കുന്നത്  കോവിഡിനു  ശേഷം  തൊഴിൽ അന്വേഷകരുടെ എണ്ണം വർധിച്ചു എന്നാണ്. 

സി പി എം  എന്താണ് ചെയ്യുന്നത്?

പിണറായി സർക്കാർ അധികാരത്തിൽ ഏറിയ  നാൾ  മുതൽ  പിൻവാതിൽ നിയമങ്ങളിലാണ്  അവർക്കു താല്പര്യം.  സ്ഥിരം തസ്തികകളിലേക്കുള്ള നിയമനങ്ങൾ  പബ്ലിക് സർവീസ് കമ്മീഷൻ മുഖാന്തിരവും,  താൽക്കാലിക തസ്തികകളിലേക്കുള്ള  നിയമനങ്ങൾ  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ മുഖാന്തിരവും നടത്തണമെന്നാണ്   നിലവിലുള്ള നിയമം. എന്നാൽ പിണറായി സർക്കാർ എല്ലാ നിയമങ്ങളും കാറ്റിൽ  പറത്തി  പിൻവാതിൽ  നിയമങ്ങൾക്കാണ്  തയ്യാറായിട്ടുള്ളത്. 2016  മുതലുള്ള പിണറായി ഭരണത്തിൽ,  സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലും  [കൺസൾട്ടന്റ്മാരായും], പൊതുമേഖലാ സ്ഥാപനങ്ങളിലും, സ്വയംഭരണ സ്ഥാപനങ്ങളിലുമായി  ഏകദേശം മൂന്നു ലക്ഷത്തിൽ പരം  പിൻവാതിൽ നിയമനങ്ങളാണ്, പി എസ്‌  സി യേയും  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെയും  അറിയിക്കാതെ  നടത്തിയിട്ടുള്ളത്.  ഈ നിയമന ങ്ങളെല്ലാം  പാർട്ടി കേഡർമാർക്കും, അവരുടെ ബന്ധുക്കൾക്കുമാണ് നൽകിയിട്ടുള്ളതെന്നാണ്  പൊതുജനം ഉന്നയിക്കുന്ന ആരോപണം.

സഹകരണ സംഘങ്ങൾ 

കേരളത്തിലെ സഹകരണ മേഖല  സി പി എമ്മിൻറ്റെ  നീരാളിപ്പിടുത്തത്തിലാണ്. പതിനായിരത്തോളം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ, അവയുടെ  ആയിരക്കണക്കിന് ശാഖകൾ,  കേരള ബാങ്കിൻറ്റെ   കോർപ്പറേറ്റ്, റീജിയണൽ ഓഫീസുകൾ, ജില്ലാ ഓഫീസുകൾ,   ആയിരത്തിൽ പരം   ശാഖകൾ, 60  അർബൻ ബാങ്കുകൾ,  390  അർബൻ സഹകരണ ബാങ്ക് ശാഖകൾ , സഹകരണ ആശുപത്രികൾ,  വിനോദ/വ്യാവസായിക /ട്രാൻസ്‌പോർട്  മേഖലകളിൽ  പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ  എന്നിവയിൽ എല്ലാം കൂടി  ഏകദേശം ഒന്നര ലക്ഷത്തോളം  ജീവനക്കാരാണ് ജോലി ചെയ്യുന്നത്.  ഇതിനൻറ്റെ  സിംഹഭാഗവും  സി പി എം പ്രവർത്തകരെയും  അവരുടെ ബന്ധുക്കളെയും കൊണ്ട് കുത്തി നിറ ച്ചിരിക്കുകയാണ്..

സർവകലാശാലകളിൽ 

 കേരളത്തിലെ സർവ്വകലാശാലകളിലെ  പിൻവാതിൽ  നിയമനങ്ങളാണ്  ഇന്ന്  കേരളമെമ്പാടും  ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതു.  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും  സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ  മുൻ എംപി.  കെ.കെ. രാഗേഷിൻറ്റെ  ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ എല്ലാ ചട്ടങ്ങളും മറികടന്നു  അസ്സോസിയേറ്റ് പ്രൊഫസ്സർ ആയി  നിയമിക്കാൻ നടന്ന ശ്രമമാണ്,  ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന്  ഉപേക്ഷിക്കേണ്ടിവന്നത് .  ഈ സംഭവത്തോടെയാണ്  പാർട്ടി ബന്ധുക്കളുടെ സർവകലാശാലാ  നിയമനങ്ങൾ   പൊതുജന ശ്രദ്ധയിൽ വന്നതും, വിവാദമായതും. സർവകലാശാലകളിലെ,   ഉയർന്ന തസ്തികകളും താഴ്ന്ന തസ്തികകളും  ഒരുപോലെ   പിൻവാതിൽ നിയമനങ്ങൾക്കായി  മാറ്റിവെക്കപ്പെട്ടിരിക്കുന്നു. മന്ത്രി എം.ബി. രാജേഷിൻറ്റെ  ഭാര്യയെ സംസ്‌കൃത സർവകലാശാലയിൽ അനധികൃതമായി നിയമിച്ചു. മുൻ എം.പി. പി.കെ.ബിജുവിന്റ്റെ  ഭാര്യയെ കേരള സർവകലാശാലയിലും,  മന്ത്രി പി.രാജീവിന്റെ ഭാര്യയെ കൊച്ചിൻ സർവകലാശാലയിലും  നിയമിച്ചു.   സ്പീക്കർ എ.എൻ . ഷംസീറിൻറ്റെ  ഭാര്യയെ  കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ ശ്രമിച്ചെങ്കിലും  കോടതി ഇടപെട്ടതിനാൽ  അത് നടന്നില്ല.സർവകലാശാലകളിലെ ലാസ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികകളിലെ നിയമനം പി.സ്.സി. ക്കു വിട്ടെങ്കിലും, അതിലേക്കുള്ള നിയമനങ്ങൾ ഇതുവരെയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ, സർവകലാശാലകളിലെ അനധ്യാപക തസ്തികകൾ  പി സ് സി ക്കു വിട്ടതിനെ തുടർന്ന് മൂവായിരത്തോളം പേരെ വിവിധ സർവകലാശാലകളിൽ നിയമിച്ചിരുന്നു.  അതും ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

             തൃശ്ശൂരിലെ  കേരള വർമ്മ കോളേജിൽ    പൊളിറ്റിക്സ് വകുപ്പിൽ  ഗസ്റ്റ്  അധ്യാപക തസ്തികയിലേക്ക്  മുൻ എസ് എഫ്  ഐ നേതാവിനെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്   ആ കോളേജിലെ  എസ എഫ്  ഐ കാർ നടത്തിവന്ന  സമരം  വിദ്യാഭ്യാസ രംഗത്തെ  മൂല്യച്യുതിയുടെ ആഴം വ്യക്തമാക്കുന്നതാണ്.  പിണറായി ഭരണത്തിന് കീഴിൽ ഉന്നത വിദ്യാഭ്യാസം കുത്തഴിഞ്ഞതോടെ  പഠിക്കാൻ സമർഥരായ വിദ്യാർഥികൾ, കേരളത്തിലെ പഠനം ഉപേക്ഷിച്ചു  അന്യ സംസ്ഥാനങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകളിലേക്കും  ചേക്കേറിക്കൊണ്ടിരിക്കുകയാണ്. 

ആരോഗ്യ രംഗം 

കാൻസർ ചികിത്സക്ക് പേരുകേട്ട  തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ  മുന്നൂറോളം  തസ്തികകളിലേക്കാണ്   കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ  പിന് വാതിലിലൂടെ നിയമനം നടത്തിയിട്ടുള്ളത്.  ഫർമസിസ്റ്,നഴ്സിംഗ് അസിസ്റ്റന്റ്, സ്വീപ്പർ,ക്ലീനര്, എലെക്ട്രിഷ്യൻ, എലെക്ട്രിക്കൽ സൂപ്പർവൈസർ, ബയോ-മെഡിക്കൽ എഞ്ചിനീയർ തുടങ്ങി വിവിധ തസ്തികകളിലേക്ക്  കുടുംബശ്രീ വഴിയാണ് നിയമനം നൽകിയത്. ഈ നിയമനങ്ങൾക്കൊന്നും യാതൊരുവിധ മാനദണ്ഡവും പാലിച്ചില്ല. ഇതിന്റെയെല്ലാം, മാനദണ്ഡം പാർട്ടി ഓഫീസിൽ നിന്നുമുള്ള കത്ത് മാത്രമായിരുന്നു.

സംസ്ഥാനത്തെ വിവിധ  സർക്കാർ മെഡിക്കൽ കോളേജുകളിലായി  2500 ഓളം  പേരെയാണ് കരാർ അടിസ്ഥാനത്തിലും, ദിവസ വേതനടിസ്ഥാനത്തിലും നിയമിച്ചിട്ടുള്ളത്. ഇങ്ങനെ നിയമിക്കപ്പെട്ടവരിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരും, ഡോക്ടർമാരും, സുരക്ഷാജീവനക്കാരും എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ പിൻവാതിൽ നിയമനങ്ങൾ നടന്നിട്ടുള്ളത് തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജുകളിലാണ്.  തിരുവനന്തപുരത്തു ദിവസ വേതനാടിസ്ഥാനത്തിൽ  270  പേരെയും കരാർ അടിസ്ഥാനത്തിൽ  4  ഡോക്ടർമാരെയും നിയമിച്ചു. ആലപ്പുഴയിൽ ദിവസവേതനാടിസ്ഥാനത്തിൽ 378  പേരെയും കരാർ അടിസ്ഥാനത്തില് 253  പേരെയുമാണ് നിയമിച്ചത്.   തൃശൂർ മെഡിക്കൽ കോളേജിൽ കരാർ/ദിവസവേതനാടിസ്ഥാനത്തിൽ 542  പേരെയും, കണ്ണൂർ പരിയാരത്തെ കരാർ അടിസ്ഥാനത്തിൽ 285  പേരെയും, ദിവസവേതനാടിസ്ഥാനത്തിൽ  62  പേരെയുമാണ് നിയമിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പ് ണ് ആയിരത്തോളം  പാർട്ടിക്കാരെയാണ്  ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചതും, പിന്നീട് അവരെയെല്ലാം സർക്കാർ ജീവനക്കാരായി മാറ്റിയതും.  തിരുവനന്തപുരം എസ് .എ.ടി. ആശുപത്രിയിലും നിരവധിപേർക്ക് പിൻവാതിൽ നിയമനം നൽകി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 

തിരുവനന്തപുരം കോര്പറേഷന് ഉൾപ്പെടെ കേരളത്തിൽ സി പി എം  ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം  ബന്ധു നിയമനങ്ങൾ തകൃതിയായി നടക്കുന്നു.  തിരുവനന്തപുരം കോര്പറേഷന് സി പി എമ്മിൻറ്റെ  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ജ്  പോലെയാണ് പ്രവർത്തിക്കുന്നത്.  പാർട്ടി അംഗങ്ങളുടെ ബന്ധുമിത്രാതികൾക്ക്  ജോലി തരപ്പെടുത്താനുള്ള കേന്ദ്രമായി  ഈ കോര്പറേഷന് അധപതിച്ചു.  കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ ആയിരത്തോളം പേരെയാണ്  ഇവിടെ നിയമിച്ചത്.ഇതിന്റെ ഏറ്റവും ഒടുവിലത്തെ  കണ്ണിയായാണ് 295  താത്ക്കാലിക ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്  നിയമിക്കുന്നുണ്ടെന്നും, ഇതിലേക്ക് പാർട്ടിയുടെ മുന്ഗണന പട്ടിക നൽകണമെന്നും ആവശ്യപ്പെട്ട്  മേയർ  കത്ത് നൽകിയതും, പിന്നീട് വിവാദമായതും.  ഇതുപോലെ തൃശൂർ കോര്പറേഷനിൽ 150 ഓളം പേർക്കാണ് പാർട്ടി  നൽകിയ പട്ടികയിൽ നിന്നും നിയമനം നൽകിയത്.

സാക്ഷരതാ മിഷൻ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്,ലൈബ്രറി കൌൺസിൽ,  സി-ഡിറ്റ്,  വിവിധ അക്കാഡമികൾ  തുടങ്ങിയ  സ്വയംഭരണ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ എല്ലാം പാർട്ടിയുടെ  താൽപ്പര്യം മാത്രം നോക്കിയാണ്.

കഴിഞ്ഞ  ആറ്  വർഷത്തിനുള്ളിൽ നടത്തിയ  എല്ലാ താത്ക്കാലിക നിയമനങ്ങളും    റദ്ദാക്കി   എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ജ് മുഖാന്തിരം    അർഹതക്കനുസരിച്ചും , സംവരണ വ്യവസ്ഥകൾ പാലിച്ചും  പുതിയതായി നിയമനം നടത്തി സംസ്ഥാനത്തെ തൊഴിൽ രഹിതരായ ലക്ഷക്കണക്കിന് യുവാക്കൾക്ക്  തെരഞ്ഞെടുപ്പ് കാലത്തു പ്രകടന പത്രികയിലൂടെ   നൽകിയ വാഗ്‌ദാനം   നടപ്പിലാക്കുവാൻ പിണറായി സർക്കാർ തയ്യാറാകണം.


പി.എസ് .ശ്രീകുമാർ 

9847173177 


[ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് ആണ് ലേഖകൻ]



.