മുഖ്യമന്ത്രിക്കൊപ്പം --
2011 ലെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് ഏപ്രിൽ മാസം 13 നു ആയിരുന്നു. 13 എന്ന നമ്പർ പൊതുവെ അശുഭകരമാണല്ലോ. കേരളത്തെ ഈ തെരഞ്ഞെടുപ്പ് എങ്ങിനെ ബാധിക്കും എന്നൊക്കെ ആലോചിച്ചാണ് ഭാര്യയുമൊത്ത് വോട്ട് ചെയ്യാൻ പോയത്. മുഖ്യമന്ത്രി വി.എസ. അച്യുതാനന്ദൻ പുന്നപ്രയിൽ തന്റെ വീടിനു അടുത്തുള്ള സർക്കാർ സ്കൂളിലും, പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി പതിവ് പോലെ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീടിനു അടുത്തുള്ള സ്കൂളിലും കുടുംബസമേതം പോയി വോട്ട് ചെയ്ത ശേഷം മാധ്യമ പ്രതിനിധികളെ നോക്കി തങ്ങളുടെ മുന്നണി അധികാരത്തിൽ എത്തും എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന രംഗങ്ങൾ ചാനലുകളിൽ മാറിമാറി കാണിച്ചുകൊണ്ടിരുന്നു..
കൃത്യം ഒരു മാസം കഴിഞ്ഞു, അതും, മേയ് 13 നു ആയിരുന്നു വോട്ടെണ്ണൽ. അന്ന് ഞാൻ, പൊതുമരാമത്തു വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി എന്ന നിലയിൽ ത്രിപുരയിൽവച്ച് നടക്കുന്ന ഇന്ത്യൻ റോഡ് കോൺഗ്രസ്സ് സമ്മേളനത്തിൽ, സംസ്ഥാനത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാനുള്ള യാത്രയുമായി ബന്ധപ്പെട്ടു ചെന്നൈയിൽ ആയിരുന്നു. എന്നോടൊപ്പം പൊതുമരാമത്തു വകുപ്പിലെ ചീഫ് എഞ്ചിനീയർ ആയ പി. ബാബുരാജും ഉണ്ടായിരുന്നു. കേരളത്തോടൊപ്പം, തമിഴ് നാട്, പോണ്ടിച്ചേരി, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും അന്നുതന്നെയായിരുന്നു. തമിഴ്‌നാട്ടിൽ ജയലളിയുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം വമ്പിച്ച ഭൂരിപക്ഷത്തിലേക്ക് മുന്നേറുന്നതിനാൽ, റോഡുകളിലെല്ലാം മുദ്രാവാക്യം വിളിച്ചും, പടക്കം പൊട്ടിച്ചും വലിയ ആഘോഷമായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് ചെന്നൈ വിമാനത്താവളത്തിൽ നിൽക്കുമ്പോഴാണ് 72-68 എന്ന നിലയിൽ കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി നേരിയ ഭൂരിപക്ഷത്തിനു വിജയിച്ചതായി ഫ്ലാഷ് ന്യൂസ് ടെലിവിഷനിൽ മിന്നിമറയുന്നത്. ഇന്ത്യൻ റോഡ് കോൺഗ്രസ് സമ്മേളനം മെയ് 14, 15 തീയതികളിൽ അഗർത്തല സർക്കാർ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു. അന്നത്തെ ത്രിപുര മുഖ്യമന്ത്രിയായിരുന്ന മാണിക് സർക്കാരായിരുന്നു ഉദ്‌ഘാടനം ചെയ്തത്. സമ്മേളനം കഴിഞ്ഞു 16 നു മടങ്ങി തിരുവന്തപുരത്തെത്തി. അപ്പോഴേക്കും കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്ന് ഉമ്മൻ ചാണ്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഐക്യജനാധിപത്യ മുന്നണിയുടെ നിയമസഭാ നേതാവായും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും, അതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ രൂപീകരിക്കാനുള്ള അനുമതിക്കായി അദ്ദേഹം ഗവർണറെ കണ്ടു അവകാശം ഉന്നയിക്കുകയും ചെയ്തു. ഇതിനിടക്ക്, മെയ് 17 നു ഉച്ചക്ക് 2 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം വിവിധ കക്ഷി നേതാക്കളും സത്യ പ്രതിജ്ഞ നടത്താൻ തീരുമാനിച്ചതായി നിയുക്ത മുഖ്യമന്ത്രി , ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു.
വീട്ടിൽ പോയി ഫ്രഷ് ആയ ശേഷം ഞാൻ നേരെ ഓഫീസിലേക്ക് പോയി. സത്യ പ്രതിജ്ഞയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടത്തേണ്ട ചുമതല പൊതു ഭരണ (പ്രോട്ടോകോൾ) വിഭാഗവും, പൊതുമരാമത്തു വകുപ്പും, ടൂറിസം വകുപ്പും സംയുക്തമായാണ് ചെയ്യേണ്ടത്. . ഇത് സംയോജിപ്പിക്കാനുള്ള ഉത്തരവാദിത്വം പൊതു ഭരണ വകുപ്പ് സെക്രട്ടറിക്കാന്. അതുകൊണ്ടു സത്യ പ്രതിജ്ഞാ ചടങ്ങിൻറ്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ.ആർ .ജ്യോതിലാലിൻറ്റെ മുറിയിൽ പോയി. വൈകിട്ട് 5 മണിക്ക് കെ.ആർ. ജ്യോതിലാലും, ഞാനും, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറായിരുന്ന രാജാറാം തമ്പിയും കൂടി നിയുക്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കന്റോൺമെന്റ് ഹൗസിൽ ചെന്ന് സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തു. ചർച്ചയിൽ തീരുമാനിച്ച കാര്യങ്ങൾ അറിയിക്കാനായി അവിടെ നിന്നും ഞങ്ങൾ രാജ്ഭവിലെത്തി ഗവർണറുടെ സെക്രട്ടറി അജിത്കുമാർ, കംപ്ട്രോളർ സഞ്ജീവ് എന്നിവരെ കണ്ടു അറിയിച്ചശേഷമാണ് മടങ്ങിയത്. കെ പി സി സി ജനറൽ സെക്രട്ടറിയായ തമ്പാനൂർ രവിയെയാണ് സത്യ പ്രതിജ്ഞയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോഓർഡിനേറ്റ് ചെയ്യാൻ കോൺഗ്രസ് പാർട്ടി നിയോഗിച്ചത്. അദ്ദേഹവും രാജ്ഭവനിൽ എത്തിയതിനാൽ അദ്ദേഹവുമായി വിശദമായി കാര്യങ്ങൾ ചർച്ചചെയ്യുകായും അതനുസരിച്ചുള്ള നടപടികൾ ഔദ്യോഗികമായി എടുക്കുകയും ചെയ്തു.
മേയ് 17 നു രാവിലെ ഒൻപതു മണിക്ക് ഞാനും പ്രോട്ടോകോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരും, പൊതുമരാമത്തു വകുപ്പിലെ ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും, സത്യാ പ്രതിജ്ഞ ചടങ്ങിൻറ്റെ ഒരുക്കങ്ങളുടെ വിലയിരുത്തലിനായി രാജ്ഭവനിൽ എത്തി. നിയുക്ത മുഖ്യമന്ത്രി അദ്ദേഹത്തിന്റെ നിയമ സഭ മണ്ഡലമായ പുതുപ്പള്ളിയിൽ നിന്നും നിരവധി പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെയാണ് സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്തു എത്തിയത്. സത്യാ പ്രതിജ്ഞക്കു ശേഷം അതുമായി ബന്ധപ്പെട്ട രേഖകളിലും ഒപ്പിട്ട ശേഷം, ഗവർണർ നൽകിയ ചായ സൽക്കാരത്തിലും പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രിയും, മന്ത്രിമാരും, അവർക്കായി അനുവദിച്ച സെക്രട്ടറിയേറ്റിലെ ഓഫീസുകളിലേക്കു പോയത്. മന്ത്രിമാരായി ചാർജെടുത്ത ശേഷം ആദ്യത്തെ മന്ത്രിസഭാ യോഗത്തിന് എല്ലാവരും സെക്രട്ടറിയേറ്റിൻറ്റെ വടക്കേ അറ്റത്തുള്ള മന്ദിരത്തിലെ മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്നുള്ള ക്യാബിനറ്റ് റൂമിലേക്ക് പോയി. ഇതിനിടയിൽ കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷൻ എന്നെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും, അദ്ദേഹം ആ നിർദേശം തത്വത്തിൽ അംഗീകരിച്ചതായും അറിഞ്ഞു. കോൺഗ്രസ്സിൻറ്റെയും മറ്റു ഘടക കക്ഷികളുടെയും ബാക്കിയുള്ള മന്ത്രിമാരെ നിശ്ചയിക്കാനുള്ള ചർച്ചകൾ മുഖ്യമന്ത്രിയും വിവിധ പാർട്ടി നേതാക്കളുമായി തകൃതിയായി നടക്കുകയായിരുന്നു.
ബാക്കിയുള്ള മന്ത്രിമാരുടെ സത്യ പ്രതിജ്ഞ മേയ് 23 ന് നടത്തുവാൻ, ഗവർണറുമായി നടത്തിയ ചർച്ചക്ക് ശേഷം മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. സത്യപ്രതിജ്ഞക്ക് ശേഷം ഞാൻ പൊതുമരാമത്തു വകുപ്പിലെ എന്റ്റെ ഓഫീസിലേക്ക് മടങ്ങി. മെയ് 24 ന് പ്രൈവറ്റ് സെക്രട്ടറിയായി എന്നെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് എന്റ്റെ ഓഫീസിൽ കിട്ടി. പൊതുമരാമത്തു വകുപ്പിലെ ബാക്കിയുള്ള ജോലികൾ പൂർത്തീകരിക്കാനുള്ളതിനാൽ രണ്ടു മൂന്നു ദിവസത്തെ സമയം ആവശ്യമുണ്ടെന്ന് അന്ന് രാത്രി തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി അദ്ദേഹത്തെ കണ്ടു ഞാൻ അറിയിച്ചു. അവിടെ ചെല്ലുമ്പോൾ അദ്ദേഹം ആൾക്കൂട്ടത്തിനു നടുവിലായിരുന്നു. അതിനിടയിലൂടെ നുഴഞ്ഞുകയിയാണ് അദ്ദേഹത്തിന്റെ അടുത്തെത്തി വിഷയം അവതരിപ്പിച്ചത്. അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തു. പൊതുമരാമത്തു വകുപ്പിലെ ജോലികളെല്ലാം തീർത്ത് 27 ആം തീയതി രാവിലെ മുഖ്യമന്ത്രിയെ കണ്ട് ഞാൻ പ്രൈവറ്റ് സെക്രട്ടറിയായി ചാർജ് എടുത്തു. അപ്പോഴും അദ്ദേഹം ആളുകൾക്കിടയിലായിരുന്നു. ആ സമയത്ത് അദ്ദേഹം നൽകിയ ഉപദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്ന ഫയലുകളിൽ കാലവിളംബം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നതായിരുന്നു.
നൂറുദിന പരിപാടി
മന്ത്രിസഭാ അധികാരത്തിലേറി ചുരുങ്ങിയ ദിവസങ്ങളെ ആയുള്ളൂ എങ്കിലും, ആദ്യത്തെ നൂറുദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കേണ്ട ഒരു പദ്ധതിക്കു രൂപം കൊടുക്കുവാൻ തീരുമാനിച്ചു. മന്ത്രിമാർ അവരവരുടെ വകുപ്പുകളിൽ നടപ്പിലാക്കേണ്ട പദ്ധതികൾ തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകി.ജൂൺ ഒന്നാം തീയതി പ്രോടെം സ്‌പീക്കറുടെ അധ്യക്ഷതയിൽ നിയമസഭാ കൂടി പുതിയ അംഗങ്ങൾ സത്യപ്രതിഞ്ഞേ ചെയ്‌തു. അതിനുശേഷം കൂടിയ മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്ത് 100 ദിന പദ്ധതിക്ക് അന്തിമ രൂപം നൽകി. അന്ന് തന്നെ വൈകുന്നേരം വഴുതക്കാട് ടാഗോർ തീയേറ്ററിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് മറ്റ് മന്ത്രിസഭാംഗങ്ങളുടെ സാന്നിധ്യത്തിൽ 100 ദിന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രഖ്യാപിച്ച ശേഷം മന്ത്രിസഭായോഗങ്ങളിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്തികൊണ്ടിരുന്നു. നൂറാം ദിവസം പ്രോഗ്രസ്സ് റിപ്പോർട്ട് വി.ജെ.ടി ഹാളിൽ കൂടിയ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ചു. മറ്റു മന്ത്രിമാരെല്ലാവരും മീറ്റിംഗിൽ ഉണ്ടായിരുന്നു. നൂറു ദിനപരിപാടിയിൽ 107 പദ്ധതികളാണ് പ്രഖ്യാപിച്ചത്. അതിൽ 102 പദ്ധതികളും നടപ്പാക്കിയതിന്റെ വിശദ വിവരങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വെബ് ക്യാമറ
നൂറുദിന പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ വെബ് കാമറ സ്ഥാപിച്ചു, ഓഫീസിന്റെ പ്രവർത്തനം സജീവമായി സംപ്രേഷണം നടത്തി തുടങ്ങി. തന്റെ ഓഫീസിൽ നടക്കുന്ന സംഭവങ്ങളൊക്കെ ലോകമെമ്പാടുമുള്ളവർ കാണട്ടെയെന്നും, ആരൊക്കെ അവിടെ വരുന്നു, മുഖ്യമന്ത്രി എന്ത് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ തത്സമയം തന്നെ ജനങ്ങൾ കാണട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഒരു ഭരണാധിപൻറ്റെ ഓഫീസിൽ വെബ് കാമറ സ്ഥാപിച്ചു സംപ്രേഷണം ചെയ്യുന്നത് ലോകത്തു തന്നെ ആദ്യമായിരുന്നു. സെക്രട്ടറിയേറ്റിലെ നിലവിലുണ്ടായിരുന്ന ചട്ടങ്ങൾ പ്രകാരം മന്ത്രിമാരോ, ഉന്നത ഉദ്യോഗസ്ഥരോ നേരത്തെ അറിയിക്കുന്നവരെ മാത്രമേ സെക്രെട്ടറിയേറ്റിനുള്ളിൽ കടത്തി വിടുകയുള്ളു. അല്ലാതെ വരുന്നവർക്കും, പൊതുജനങ്ങൾക്കുമുള്ള സന്ദർശന സമയം പ്രവർത്തി ദിവസങ്ങളിൽ, 3 മുതൽ 5 മണിവരെയാണ്. എന്നാൽ തന്നെ കാണാൻ വരുന്ന എല്ലാവർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുവാൻ അനുവാദം നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. അദ്ദേഹത്തിന്റെ നിർദേശം ഞാൻ പൊതുഭരണ വകുപ്പ് സെക്രട്ടറിയേയും, ആഭ്യന്തര വകുപ്പ് സെക്രട്ടറിയേയും, സെക്രട്ടറിയേറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസറെയും രേഖാമൂലം അറിയിച്ചു. അതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എപ്പോഴും ആൾകൂട്ടം ഉണ്ടാകും. പ്രത്യേകിച്ചു് അദ്ദേഹം ഉണ്ടെന്നറിഞ്ഞാൽ അവിടെ ഉത്സാവ പ്രതീതിയാണ്. ഓഫീസിൽ മാത്രമല്ല, അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ പൊതുജനങ്ങൾക്ക് കയറി ചെല്ലാമായിരുന്നു. ജനപ്രതിനിധികളുടെയോ, പാർട്ടി നേതാക്കളുടെയോ ശുപാർശ കത്തൊന്നും അദ്ദേഹത്തെ കാണാൻ ആവശ്യമില്ലായിരുന്നു. എന്നുമാത്രമല്ല കാണാൻ വരുന്നവരുടെ ജാതിയോ, മതമോ, രാഷ്ട്രീയ ചായ്‌വോ ഒന്നും അദ്ദേഹം നോക്കിയിരുന്നില്ല.
"മുഖ്യമന്ത്രിയുടെ കസേരയിൽ കയറി ഇരുന്ന വിരുതൻ "
മുഖ്യമന്ത്രിയുടെ കാർക്കശ്യമില്ലായ്മ അദ്ദേഹത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ജാഗ്രതക്കുറവിലേക്കും നയിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ചേംബറിലെ ഔദ്യോഗിക കസേരയിൽ ഒരിക്കൽ ഒരാൾ കയറി ഇരിക്കാൻ ഇടയായ സംഭവം. 2011 ഓഗസ്റ്റ് 3, ബുധനാഴ്ച. പതിവുപോലെ മന്ത്രിസഭായോഗമുള്ള ദിവസമാണത്. മന്ത്രിസഭായോഗം കഴിഞ്ഞു ഇറങ്ങിവരുന്ന മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റ് വടക്കേ ബ്ലോക്കിലെ ഓഫീസിനും ക്യാബിനറ്റ് റൂമിനും ഇടയിലുള്ള ഇടനാഴിയിൽ ജനപ്രളയം. ഇതിനിടയിലാണ് വെബ് സംപ്രേഷണം വീക്ഷിച്ചുകൊണ്ടിരുന്ന ഒരു ഗൾഫ് പ്രവാസി ഞങ്ങളുടെ ഓഫീസിലേക്ക് വിളിച്ച്, മുഖ്യമന്ത്രിയുടെ കസേരയിൽ മറ്റാരോ ഇരിക്കുന്ന കാര്യം പറഞ്ഞത്. ഉടൻ തന്നെ സെക്യൂരിറ്റി വിഭാഗത്തെ അറിയിച്ചു. അതിനിടയിൽ എക്‌സൈസ് മന്ത്രി കെ.ബാബു മുഖ്യമന്ത്രിയുടെ ചേമ്പറിലേക്കു കയറിവന്നപ്പോൾ കസേരയിൽ ഇരുന്നുകൊണ്ട് അയാൾ മേശപ്പുറത്തിരുന്ന ഫയലുകൾ എടുക്കാൻ ശ്രമിക്കുന്നത് കണ്ടു. മന്ത്രി ഇതുകണ്ട് അയാളോട് ചോദിക്കുന്നതിനിടയിൽ, അയാൾ കസേരയിൽ നിന്നും എഴുനേറ്റ് പുറത്തേക്കു പോകാൻ ശ്രമിച്ചു. അപ്പോൾ മന്ത്രിയുടെ സെക്യൂരിറ്റി ഓഫീസറും, മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസർമാരും കൂടി അയാളെ പെട്ടെന്ന് പിടികൂടി. വിവരം അറിഞ്ഞു മുഖ്യമന്ത്രി തന്നെ അങ്ങോട്ടേക്കെത്തി നിങ്ങള്ക്ക് എന്താ വേണ്ടതെന്നു ചോദിച്ചു. അയാളുടെ മറുപടികെട്ടു മുഖ്യമന്ത്രിയും കൂടെ ഉണ്ടായിരുന്നവരും ചിരിച്ചുപോയി. "ഞാൻ പ്രധാനമന്ത്രിയാണ്. എല്ലാ ഫയലുകളും എനിക്ക് അയക്കണം" എന്നായിരുന്നു അയാളുടെ മറുപടി.
മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്നു മനസ്സിലാക്കിയ മുഖ്യമന്ത്രി, അയാളെ ദേഹോപദ്രവം ചെയ്യരുതെന്നും, കേസൊന്നും എടുക്കേണ്ട എന്നും സുരക്ഷാ ജീവനക്കാരോട് പ്രത്യേകം പറഞ്ഞു. മുഖ്യമന്ത്രി നിർ ദേശിച്ചതിനാൽ അയാളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയശേഷം പോലീസ് വെറുതെ വിട്ടു. വലിയ സുരക്ഷാ വീക്ഷയാണെന്നും, കുറ്റക്കാരായ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമോയെന്നും പത്രപ്രവർത്തകർ ആരാഞ്ഞു. "പുള്ളി പ്രധാനമന്ത്രി ആണെന്നല്ല പറഞ്ഞത് . മുഖ്യമന്ത്രിക്കും മുകളിലുള്ള ആൾ " ആ സ്ഥിതിക്ക് ഞാനെന്ത് നടപടി എടുക്കാനാണെന്നു ചിരിച്ചുകൊണ്ട് പറഞ്ഞു അദ്ദേഹം അന്തരീക്ഷം തണുപ്പിച്ചു.
ഈ സംഭവത്തിന് ശേഷം അന്നത്തെ ആഭ്യന്തര വകുപ്പ് സെക്രട്ടറി കെ.ജയകുമാറും, പോലീസ് മേധാവി ജേക്കബ് പുന്നൂസും കൂടി മുഖ്യമന്ത്രിയെ കണ്ടു സന്ദർശകരെ നിയന്ത്രിക്കേണ്ട ആവശ്യകത പറഞ്ഞു. എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയും കൈക്കൊള്ളുവാൻ താന്റ്റേതായ ശൈലിയിൽ അദ്ദേഹം വിസമ്മതിച്ചു. സന്ദർശകർ മുറിയിലുള്ള സമയത്തെല്ലാം, യൂണിഫോ അണിയാതെ സാധാരണ വേഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ മുറിയിൽ ഏർപ്പാട് ചെയ്തു. മന്ത്രിമാരോ, ഉന്നത ഉദ്യോഗസ്ഥരോ, പേർസണൽ സ്റ്റാഫോ മാത്രമാകുന്ന അവസരങ്ങളിലൊഴികെ ഈ പോലീസ് ഉദ്യോഗസ്ഥൻ മുറിയിൽ തന്നെ ഉണ്ടാകണമെന്നും, മുഖ്യമന്ത്രി മുറിയിൽ ഇല്ലാത്ത അവസരങ്ങളിൽ, പ്രധാന വാതിലിനു മുമ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ, മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങാതെ തന്നെ പ്രത്യേകം നിയോഗിക്കുകയും ചെയ്തു.
സർക്കാരിനെ വിറപ്പിച്ച പാമോലിൻ വിധി.
1991-96 ലെ കെ.കരുണാകരൻ സർക്കാരിന്റെ ഭരണ കാലയളവിൽ ഭഗസ്യ വകുപ്പ് സെക്രട്ടറി പി.ജെ. തോമസും, സിവിൽ സപ്ലൈസ് കോര്പറേഷൻ മാനേജിംഗ് ഡയറക്ടർ ആയിരുന്ന ജിജി തോംസനും മലേഷ്യയിലെ പവർ ആൻഡ് എനർജി എന്ന കമ്പനിയുമായി പാമോലിൻ ഇറക്കുന്നതിനു കരാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ അഴിമതി ആരോപണമാണ് പാമോലിൻ കേസിലെ വിഷയം. ഉത്സാവ കാലഘട്ടത്തിൽ എന്ന വില കുതിച്ചുയരാൻ ഇടയാകാതെ വിളനിയന്ത്രണത്തിനായാണ് വിദേശത്തു നിന്നും പാമോയിൽ ഇറക്കുമതി ചെയ്യുവാൻ തീരുമാനിച്ചത്. എന്നാൽ പാമോയിൽ ഇറക്കുമതിയിൽ ക്രമക്കേടുണ്ടെന്ന് പിന്നീട് അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാട്ടി. എം.എം.ഹസ്സൻ ചെയർമാനായിരുന്ന പബ്ലിക് അണ്ടർടേക്കിങ്സ് കമ്മിറ്റിയും അത് ശരിവച്ചു. ഉദ്യോഗസ്ഥന്മാർ നടപ്പിലാക്കിയതിലെ പിഴവാണ് അതെന്നാണ് പി.യു .സി അവരുടെ റിപ്പോർട്ടിൽ പറഞ്ഞത്. 1996 ൽ ഒമ്പതാം കേരളാ നിയമസഭയുടെ അവസാനത്തെ സമ്മേളനത്തിൽ അവസാന ദിവസമാണ് റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചത്. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
1996 ലെ തെരഞ്ഞെടുപ്പിൽ യു .ഡി. എഫ് പരാജയപ്പെടുകയും ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതു മുന്നണി അധികാരത്തിൽ വരികയും ചെയ്തശേഷമാണ് അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. കരാറിലെ ഒരു നിബന്ധനയായ ഒപ്പിടുന്ന ദിവസത്തെ വിദേശ വിനിമയ നിരക്ക് അടിസ്ഥാനമാക്കി മന്ത്രിസഭ തീരുമാനമെടുത്തപ്പോൾ, ഒരു കോടിയോളം രൂപ ലാഭമായി സർക്കാരിന് കിട്ടേണ്ടത് , സർക്കാരിന് നഷ്ടമായി മാറി എന്നതായിരുന്നു കുറ്റപത്രത്തിലെ ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനായിരുന്നു ഒന്നാം പ്രതി. ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച് .മുസ്തഫ,ചീഫ് സെക്രട്ടറിയായിരുന്ന എസ് .പദ്മകുമാർ, അഡിഷണൽ ചീഫ് സെക്രട്ടറി സക്കറിയ മാത്യു,എം ഡി ജിജി തോംസൺ, പി ആൻഡ് ഇ കമ്പനി ഡയറക്ടർ ശിവരാമകൃഷ്ണൻ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി പി .ജെ. തോമസ് തോമസ് എന്നിവരായിരുന്നു മറ്റ് പ്രതികൾ. കേസിൽ അന്ന് ധന മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ 23 ആം സാക്ഷിയായിട്ടാണ് ഉൾപ്പെടുത്തിയത്. ഈ കേസ് ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും പല തവണ കയറിയിറങ്ങി തീരുമാനമാകാതെ കിടക്കുകയായിരുന്നു. അച്യുതാനന്ദൻ 2006 ൽ മുഖ്യമന്ത്രിയായപ്പോൾ, അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന കല്ലട സുകുമാരന്റെ ആവശ്യപ്രകാരം, കേസിൽ തുടരന്വേഷണത്തിന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. പാമോലിൻ ഇറക്കുമതി സംബന്ധിച്ച മന്ത്രിസഭാ യോഗത്തിൽ അന്നത്തെ ധന മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും പങ്കെടുത്തിരുന്നെന്നും, അതിനാലാണ് അദ്ദേഹത്തെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഉമ്മൻ ചാണ്ടിയെ പ്രതിയാക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കിലും, പുനരന്വേഷണം നടത്താൻ വിജിലൻസ് കോടതി അനുവദിച്ചു.
പുനരന്വേഷണം നടത്തിയശേഷം, പുതിയതായി ആരെയും ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് വിജിലൻസ് ഡയറക്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.സ്വഭാവികമായും കോടതി വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിക്കാറാണ് പതിവ്. 2011 ഓഗസ്റ്റ് 8 ന്ന് ഈ കേസ് വിജിലൻസ് ജഡ്ജി ഹനീഫയുടെ പരിഗണക്കു വന്നു. ഈ സമയം മുഖ്യമന്ത്രി കോൺഫറൻസ് ഹാളിൽ ഒരു മീറ്റിംഗിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരുടെ പങ്കു അന്വേഷിച്ചു മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ജഡ്‌ജി ഉത്തരവിട്ടതായി കോടതിയിൽ നിന്നും അഡ്വക്കേറ്റ് അബ്ദുൽ കരീം എന്നെ വിളിച്ചു പറഞ്ഞത് . ഇക്കാര്യം മുഖ്യമന്ത്രിയെ ഉടനെ തന്നെ അറിയിക്കുന്നതാണ് നല്ലതെന്നതിനാൽ, ഫോണുമായി ഞാൻ കോൺഫറൻസ് ഹാളിൽ ചെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞ ശേഷം കരീമിനെ കണക്ട് ചെയ്തുകൊടുത്തു. ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതെ മുഖ്യമന്ത്രി മീറ്റിംഗ് തുടർന്ന്. കോടതിവിധി പുറത്തുവന്നയുടൻ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും, വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണനും ആവശ്യപ്പെട്ടതായി ചാനലുകളിൽ ഫ്ലാഷ് ന്യൂസ് വന്നു തുടങ്ങി. ഇതിനോടകം തന്നെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ അദ്ദേഹം മാനസികമായി തീരുമാനിച്ചു. ഞാൻ ഉടൻ തന്നെ കെ.എം. മാണിസാറിനെയും, വ്യവസായ മന്ത്രി കുഞ്ഞാലികുട്ടിയെയും , കോൺഗ്രസ് നേതാക്കളയായ .എം. എം.ഹസ്സൻ, തമ്പാനൂർ രവി എന്നിവരെയും വിവരം അറിയിച്ചു. ഇവരെല്ലാവരും ഓഫീസിൽ എത്തി കോൺഫറൻസ് തീരാൻ കാത്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി മാധ്യമ പ്രവർത്തകരും കോൺഫറൻസ് ഹാളിനു മുമ്പിൽ എത്തിതുടങ്ങി. പത്രപ്രവർത്തകരെ അദ്ദേഹം കാണുന്നതിന് മുമ്പ് നേതാക്കളെല്ലാം കോൺഫറൻസ് ഹാളിൽ കയറി. അവരോടൊപ്പം ഞാനും അകത്തുകയറി, മറ്റു ആരെയും കോൺഫറൻസ് ഹാളിലേക്ക് കടത്തി വിടരുതെന്ന് സുരക്ഷാ ജീവനക്കാർക്ക് നിർദേശം നൽകി. നേതാക്കളുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ രാജിവെക്കാനുള്ള തീരുമാനത്തിൽനിന്നു അദ്ദേഹം പിന്തിരിയാമെന്നു സമ്മതിച്ചു . അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന തീരുമാനം പത്രപ്രവർത്തകരെ അറിയിക്കാനുള്ള ഉത്തരവാദിത്വം കെ.എം.മാണിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഏറ്റെടുത്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അവരാണ് പത്രപ്രവർത്തകരെ തീരുമാനം അറിയിച്ചത്. അങ്ങിനെ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന് നേരെവന്ന വലിയ ഒരു പ്രതിസന്ധി ചായ കോപ്പയിലെ കൊടുംകാറ്റായി ഒതുങ്ങി.
ജയിൽ വാസവും ബാലകൃഷ്ണപിള്ളയും
ഇടമലയാർ കേസിൽ ആർ.ബാലകൃഷ്ണ പിള്ളയെ വിജിലൻസ് കോടതി ഒരു വർഷത്തെ തടവിന് ശിക്ഷിച്ചത് 1996 ൽ ആയിരുന്നു. അന്ന് മുതൽ കേസിൽ നിന്നും രക്ഷപ്പെടാനായി ബാലകൃഷ്ണ പിള്ളയും, പിള്ളയുടെ ശിക്ഷ നടപ്പിലാക്കിക്കാനായി പ്രതിപക്ഷ നേതാവായിരുന്ന വി.എസ് .അച്യുതാനന്ദൻ തമ്മിൽ നടന്ന നിയമ യുദ്ധമാണ് സുപ്രീം കോടതിയുടെ അവസാന വിധിയിലൂടെ യാഥാർഥ്യമായി മാറിയതും, പിള്ള 2011 ഫെബ്രുവരിയിൽ പൂജപ്പുര സെൻട്രൽ ജയിലിൽ അടക്കപ്പെട്ടതും. പിള്ള അഴിക്കുള്ളിലായപ്പോൾ വി.എസ് സംസ്ഥാന മുഖ്യമന്ത്രിയാണ്. ഐക്യ ജനാധിപത്യ മുന്നണിയിലെ ഒരു ഘടക കക്ഷി നേതാവായാൽ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ ജയിലിൽ സന്ദർശിച്ചു.
ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിലേറിയ നാൾ മുതൽ പിള്ള ഉമ്മൻ ചാണ്ടി സർക്കാരിന് തലവേദന സൃഷ്ടിക്കാൻ തുടങ്ങി. ജയിലിൽനിന്നും പുറത്തിറങ്ങാനായി പരോളിന് വേണ്ടിയായിരുന്നു ആദ്യം അദ്ദേഹത്തിന്റെ ആഭ്യർത്ഥന. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ കൈവശം ആയിരുന്നതിനാൽ , നിയമം അനുശാസിക്കുന്ന പരോൾ അദ്ദേഹത്തിന് കൊടുത്തു. പിന്നീടാണ് ശിക്ഷ ഇളവ് ചെയ്തു ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന ആവശ്യം അദ്ദേഹം തന്റെ പാർട്ടി നേതാക്കളിലൂടെ ഉന്നയിക്കാൻ തുടങ്ങിയത്. ഈ ആവശ്യത്തിനായി അദ്ദേഹം പാർട്ടി നേതാക്കൾ ഉൾപ്പെടെ പലരെയും ജയിലിൽ നിന്നും മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു തുടങ്ങി. അദ്ദേഹത്തിന്റെ ഫോൺ വിളി മാധ്യമങ്ങളിൽ വരുകയും പ്രതിപക്ഷ നേതാവ് വി.എസ് . അച്യുതാനന്ദൻ നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു. സർക്കാർ ഒത്താശ ചെയ്യുന്നതുകൊണ്ടാണ് ജയിലിൽ കിടന്നു വെളിയിലുള്ളവരുമായി ഫോണിൽ ബന്ധപ്പെടാൻ പിള്ളക്ക് സൗകര്യം ഉണ്ടാകുന്നതെന്നായിരുന്നു അച്യുതാനന്ദൻറ്റെ ആരോപണം.
സാധാരണഗതിയിൽ, മുഖ്യമന്ത്രി തലസ്ഥാനത്ത് ഒന്നോ രണ്ടോ ദിവസങ്ങൾ ഇല്ലെങ്കിൽ, ഫയലുകളുമായി അദ്ദേഹം തങ്ങുന്ന സർക്കാർ അതിഥി മന്ദിരങ്ങളിൽ വൈകുന്നേരത്തോടെ ചെല്ലാൻ അദ്ദേഹം പറയും. 2011 സെപ്തംബര് 23 ന് നിയമസഭാ സമ്മേളനത്തിന് ശേഷം, ഔദ്യോഗിക കാര്യങ്ങൾക്കായി ഡൽഹിക്കു പോയ മുഖ്യമന്ത്രി 25 നു കൊച്ചി വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഇറങ്ങിയ ഉടൻ എന്നെ വിളിച്ചു നിയമ സഭയുമായി ബന്ധപ്പെട്ട ഫയലുകളുമായി അന്ന് രാത്രി കോട്ടയം റസ്റ്റ് ഹൗസിൽ ചെല്ലാൻ പറഞ്ഞു. ഫയലുമായി ഞാൻ അദ്ദേഹം താമസിക്കുന്ന കോട്ടയം അതിഥി മന്ദിരത്തിലേക്ക് ഓഫീസ് കാറിൽ യാത്ര തിരിച്ചു. ഇടയ്ക്കു ബാലകൃഷ്ണ പിള്ളയുടെ പാർട്ടി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായർ എന്നെ വിളിച്ചു ജയിൽ മോചനവുമായി ബന്ധപ്പെട്ടു ബാലകൃഷ്ണ പിള്ള തന്നെ നിവേദനത്തെക്കുറിച്ചു ചോദിച്ചു. ചെങ്ങന്നൂരിനടുത്തു എത്താറായപ്പോൾ എൻറ്റെ ഫോണിൽ ഒരു കാൾ വന്നു. ഞാൻ ഫീഡ് ചെയ്യാത്ത നമ്പർ ആയിരുന്നതിനാൽ, ആരാണ് വിളിച്ചതെന്ന് മനസ്സിലായില്ലെങ്കിലും, ഫോൺ ഞാൻ എടുത്തു. " ഞാൻ ആർ. ബാലകൃഷ്ണ പിള്ളയാണ്. മുഖ്യമന്ത്രിയുമായി സംസാരിക്കണം. ഫോൺ കൊടുക്കാമോ എന്ന് എന്നോട് ചോദിച്ചു." ഞാൻ പറഞ്ഞു ഞാൻ ഇപ്പോൾ ഒരു യാത്രയിലായതിനാൽ മുഖ്യമന്ത്രിയുടെ ഒപ്പം ഇല്ല.. കോട്ടയത്തു നിരവധി പരിപാടികൾ ഉള്ളതിനാൽ കോട്ടയത്തെവിടെയോ അദ്ദേഹം ഉണ്ടാകും എന്ന് പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു. രാത്രിയിൽ ഫയലുകൾ പരിശോധിക്കുന്നതിനിടയിൽ ഇക്കാര്യം ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. അദ്ദേഹത്തെ പിള്ള വിളിച്ചിരുന്നോ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇല്ലായെന്നും പറഞ്ഞു.അതോടെ അക്കാര്യം ഞാൻ മറന്നു.
നിയമസഭാ കൂടിക്കൊണ്ടിരിക്കുന്ന ദിവസങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾക്കു മുഖ്യമന്ത്രി സഭയിൽ ഉണ്ടെങ്കിൽ അദ്ദേഹം തന്നെയാണ് മറുപടി നൽകുന്നത്. 2011 ഒക്‌ടോബർ 3 ന് ചോദ്യോത്തരവേള കഴിഞ്ഞ ഉടൻ ബാലകൃഷ്ണ പിള്ളയുടെ ഫോൺ വിളി സംബന്ധിച്ച് പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിച്ചു. ജയിലിൽ കിടന്നു കൊണ്ട് നിയമ വിരുദ്ധമായി മൊബൈൽ ഫോണിലൂടെ ഭരണ കക്ഷി നേതാക്കളെയും പ്രവർത്തകരെയുമൊക്കെ ഫോൺ വിളിക്കുന്നെന്നും, സർക്കാർ ഇതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നുണ്ടെന്നും ആരോപിച്ചു. നിയമ വിരുദ്ധമായ ഒരു നടപടിക്കും സർക്കാർ സഹായം നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ ഡി ജി പി ക്കു നിദേശം നൽകിയ കാര്യവും അദ്ദേഹം മറുപടിയിൽ പറഞ്ഞു.
ബാലകൃഷ്‌ണപിള്ളയുടെ ഫോൺ വിളിയുമായി ബന്ധപ്പെട്ട് അടുത്ത ദിവസവും ചോദ്യാത്തരവേള കഴിഞ്ഞ ഉടൻ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി ചോദിച്ചു . പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണനാണ് നോട്ടീസ് കൊടുത്തത് . ഇതേ പ്രശ്‍നം തലേദിവസവും അടിയന്തിര പ്രമേയമായി ചർച്ച ചെയ്തതിനാൽ സ്പീക്കർ അനുമതി നിഷേധിച്ചു. നോട്ടീസിൽ ഒരു പുതിയ പ്രശ്നമാണ് പ്രതിപക്ഷം ഉന്നയിച്ചത്. . സെപ്റ്റംബർ 25 വൈകുന്നേരം 5.55 ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിൽ ബാലകൃഷ്ണപിള്ളയുമായി മുഖ്യമന്ത്രി സംസാരിച്ചു എന്നതായിരുന്നു ആരോപണം.എൻറ്റെ ഫോണിൻറ്റെ ലോഗ് സഹിതമാണ് ആരോപണം ഉന്നയിച്ചത്.ഒടുവിൽ സബ്‌മിഷനായി പ്രശ്‍നം അവതരിപ്പിക്കാൻ അനുമതി നൽകി. അതിനു പ്രതിപക്ഷം സമ്മതിച്ചില്ല. അവർ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ബഹളം നിലക്കാതെവന്നതോടെ അസംബ്ലി അന്നത്തേക്കു പിരിഞ്ഞു. ഓഫീസിൽ വന്ന മുഖ്യമന്ത്രി എവിടെവച്ചാണ് പിള്ള സംസാരിച്ചതെന്ന് ചോദിച്ചു. ചെങ്ങന്നൂരിനടുത്തു എവിടെയോ ആണെന്നും ശരിക്കുള്ള സ്ഥലം അറിയില്ലെന്നും ഞാൻ പറഞ്ഞു. ഇന്റലിജൻസ് എ.ഡി.ജി.പി ഹേമചന്ദ്രനും അപ്പോൾ ഓഫീസിൽ ഉണ്ടായിരുന്നു. അതിനൊരു പരിഹാരം അദ്ദേഹത്തിന്റെ കുശാഗ്ര ബുദ്ധിയിൽ തെളിഞ്ഞു. ഹേമചന്ദ്രനോട് ഫോണിൽ സംസാരിച്ച സമയം എന്റ്റെ ഫോണിന്റ്റെ ടവർ ലൊക്കേഷൻ സംബന്ധിച്ച രേഖ എടുക്കാൻ നിർദേശിച്ചു. ടവർ ലൊക്കേഷൻ എടുത്തപ്പോൾ മുഖ്യമന്ത്രി കോട്ടയത്ത് പൊതുമരാമത്തു വകുപ്പിന്റെ റസ്റ്റ് ഹൗസിലും, പ്രൈവറ്റ് സെക്രട്ടറിയായ ഞാൻ ചെങ്ങന്നൂരിനടുത്ത മുളക്കട എന്ന് സ്ഥലത്തുമാണ്. ഈ കാര്യം പത്രസമ്മേളനം നടത്തി മുഖ്യമന്ത്രി പറഞ്ഞു. അതിനിടക്ക് മറ്റൊരു വെളിപ്പെടുത്തലും പുറത്തു വന്നു. അന്ന് ബാലകൃഷ്ണ പിള്ളയുടെ ഫോണിൽ നിന്നും എന്നോട് സംസാരിച്ചത് അദ്ദേഹത്തിന്റെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ വേണുഗോപാലൻ നായരായിരുന്നുവെന്ന്, അദ്ദേഹം തന്നെ പത്രപ്രസ്താവന ഇറക്കി. വസ്തുതകളുടെയും, രേഖകളുടെയും അടിസ്ഥാനത്തിലുള്ള ഈ കാര്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷത്തിൻറ്റെ ആരോപണങ്ങൾ ചാപിള്ളയായി മാറി. ബുദ്ധിപരമായ രീതിയിൽ പ്രതിസന്ധികളെ നേരിടാനും, പരിഹരിക്കാനുമുള്ള അദേഹത്തിന്റെ അസാമാന്യമായ ബുദ്ധിവൈഭവമാണ് പ്രതിപക്ഷത്തിന്റെ കുന്തമുന ഒടിച്ചു കളഞ്ഞത്. ഈ സംഭവത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞു ആർ. ബാലകൃഷ്ണ പിള്ളയുടെ മകനും മന്ത്രിയുമായ ഗണേഷ്‌കുമാർ അച്യുതാനന്ദനെ വിമർശിച്ചു പത്തനാപുരത്ത് പ്രസംഗിച്ചു. അത് കഴിഞ്ഞുള്ള അടുത്ത ദിവസം നിയമസഭ ചേർന്നപ്പോൾ അച്യുതാനന്ദനെതിരെയുള്ള ഗണേഷ് കുമാറിൻറ്റെ അപകീർത്തികരമായ പ്രസംഗത്തിനെതിരെ പ്രതിപക്ഷം ബഹളം വച്ചു. സർക്കാരിന് വേണ്ടി മുഖ്യമന്ത്രി തന്നെ മാപ്പു പറഞ്ഞു. പിന്നാലെ, ഗണേഷ്‌കുമാർ മാപ്പു പറയണം എന്നതായിരുന്നു അവരുടെ ആവശ്യം. ഒടുവിൽ ഗണേഷ്‌കുമാർ ഖേദം പ്രകടിപ്പിച്ചതോടെ പ്രശനം തീർന്നു.
ആർ.ബാലകൃഷ്ണ പിള്ളയും അദ്ദേഹത്തിന്റെ പാർട്ടിയും അദ്ദേഹത്തെ മാപ്പു നൽകി മോചിപ്പിക്കണമെന്ന് ആവശ്യം ഉയർത്തികൊണ്ടിരുന്നു. റിപ്പബ്ലിക്ക് ഡേ, സ്വാതന്ത്യ ദിനം, കേരളപ്പിറവി ദിനം എന്നിങ്ങനെയുള്ള അവസരങ്ങളിൽ ശിക്ഷിക്കപ്പെട്ട്, ജയിലിൽ കിടക്കുന്ന കുറ്റവാളികൾക്ക് ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ, സർക്കാരുകൾ മാപ്പു നൽകി മോചിപ്പിക്കാറുണ്ട്. 2011 ലെ കേരള പിറവിയോട് അനുബന്ധിച്ചു ശിക്ഷാകാലാവധിയുടെ മുക്കാൽ ഭാഗത്തോളം പൂർത്തിയാക്കിയ 75 വയസ്സിനുമേൽ പ്രായമുള്ളവരെയും നിബന്ധനകൾക്ക് വിധേയമായും, മന്ത്രിസഭയുടേയും, ഗവര്ണരുടെയും അനുമതിയോടെയും മോചിപ്പിക്കാൻ ഉത്തരവിറക്കി. സർക്കാർ ഉത്തരവിൽ പറഞ്ഞ നിബന്ധനകൾക്ക് ഉള്ളിൽ വരുന്നതിനാൽ ആർ. ബാലകൃഷ്ണപിള്ളയും ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജയിൽ മോചിതനായി.