ലോകത്തിൻറ്റെ ഗതിവിഗതികൾ നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പുകൾ
അഡ്വ.പി.എസ് .ശ്രീകുമാർ
ലോകത്തിലെ വിവിധ രാജ്യങ്ങൾ തെരഞ്ഞെടുപ്പുകളിലേക്ക് പോകുന്ന വർഷമാണ് 2024 . തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്രയേറെ രാജ്യങ്ങൾ ഒരു വർഷത്തിൽ പൊതു തെരഞ്ഞെടുപ്പുകളിലേക്ക് പോകുന്നത്. ഏകദേശം അൻപതോളം രാജ്യങ്ങളാണ് ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. തുടക്കം കുറിച്ചത് നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശാണ്. ഈ മാസം ജനുവരി 7 നായിരുന്നു അവിടത്തെ തെരഞ്ഞെടുപ്പ്.
ദക്ഷിണ-ഉത്തര അമേരിക്കയിൽ അമേരിക്കൻ ഐക്യനാടുകളും, ലോകത്തിലെ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് തുരുത്തുകളിലൊന്നായ വെനസ്വേല ഉൾപ്പെടെ ഏഴു രാജ്യങ്ങളിലാണ് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉറുഗ്വേ,എൽ- സാൽവദോർ, പനാമ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്,മെക്‌സിക്കോ എന്നിവയാണ് ഇതര രാജ്യങ്ങൾ. ഏറ്റവും കൂടുതൽ രാജ്യങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആഫ്രിക്കയിലാണ്. സൗത്ത് ആഫ്രിക്ക, മൗറീഷ്യസ്, ഘാന അൾജീരിയ തുടങ്ങി 16 രാജ്യങ്ങളിലാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. യൂറോപ്പിൽ മൊത്തം 14 രാജ്യങ്ങളാണ് പൊതു തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. ഭൂവിസ്തൃതിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യക്ക് പുറമേ, യൂറോപ്യൻ ഉണഷൻ പാർലമെൻ്റിലേക്കുള്ള തെരഞ്ഞെടുപ്പും, അസർബൈജാൻ, റൊമേനിയ തുടങ്ങിയ രാജ്യളിലെ തെരഞ്ഞെടുപ്പും ഈ വർഷം നടക്കും.
ഏഷ്യയിലേക്കു വന്നാൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പാർലമെൻ്റിലേക്കുള്ള തെരഞ്ഞെടുപ്പിന് പുറമേ , നമ്മുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഭൂട്ടാൻ , ഇന്തോനേഷ്യ, ഇറാൻ , തായ്‌വാൻ , ദക്ഷിണ കൊറിയ തുടങ്ങി 11 രാജ്യങ്ങളിലെ പൊതു തെരഞ്ഞെടുപ്പാണ് ഈ വര്ഷം നടത്താനായി നിശ്ചയിച്ചിട്ടുള്ളത്. ലോക ജനസംഖ്യയുടെ ഏകദേശം 45 ശതമാനം പേരാണ് തങ്ങളുടെ രാജ്യത്തെ പോളിങ് ബൂത്തുകളിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നത്. ഇതിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് മാത്രമല്ല, അമേരിക്കൻ ഐക്യനാടുകളും റഷ്യയും പോലുള്ള രാജ്യങ്ങളിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പും ഉൾപ്പെടും.
ഈ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ ലോക ശ്രദ്ധ ആകർഷിക്കുന്നത് വൻ ശക്തികളായ അമേരിക്കയുടെയും റഷ്യയുടെയും പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും, ഇന്ത്യയിലെയും , പാകിസ്താനിലെയും, തായ്‌വാനിലെയും പാർലമെന്റ് തെരഞ്ഞെടുപ്പുകളുമാണ്. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബർ മാസത്തിലാണെങ്കിലും, പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാനുള്ള ഡെമോക്രാറ്റിക്/ റിപ്പബ്ലിക്കൻ പാർട്ടികളുടെ ആഭ്യന്തര പ്രക്രിയകളും കൂടിയാകുമ്പോൾ ജനുവരി മുതൽ നവംബർ മാസം വരെ നീളുന്ന ഒരു നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയായി മാറും. നവംബര് 5 നാണ് അവിടത്തെ തെരഞ്ഞെടുപ്പ്. അവിടത്തെ മുഖ്യധാരാ പാർട്ടികളായ ഡെമോക്രാറ്റിക് പാർട്ടിയും, റിപ്പബ്ലിക്കൻ പാർട്ടിയും 2016 ലെയും 2020 ലെയും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ അട്ടിമറി നടത്താൻ ശ്രമിച്ചു എന്ന് പരസ്പരം ആരോപിക്കുന്നുണ്ട്. 2016 ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ഹില്ലരി ക്ലിന്റണെ തോൽപിക്കാനും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും റഷ്യ ഇടപെട്ടുവെന്ന് ഡെമോക്രാറ്റിക് പാർട്ടി ആരോപിക്കുമ്പോൾ 2020 ലെ തെരഞ്ഞെടുപ്പിൽ, ചില ബാഹ്യ ശക്തികളുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചാണ് ജോ ബൈഡൻ വിജയിച്ചതെന്നാണ് മുൻ പ്രസിഡൻഡ് ഡൊണാൾഡ് ട്രംപ് ആരോപിക്കുന്നത്. മാത്രമല്ലാ, ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ, ട്രംപിനെ മത്സരത്തിൽ നിന്നും മാറ്റിനിർത്തുവാനായി, ഡെമോക്രാറ്റിക് പാർട്ടി അധികാരം ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നും ട്രംപ് ശക്തിയായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥി എന്ന നിലയിലാണ് ഇത്തവണ ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥി ആകുന്നത് . അദ്ദേഹത്തിന് ഇപ്പോൾ പ്രായം 81 ആയി. റഷ്യ -യുക്രൈൻ യുദ്ധം രണ്ടാമത്തെ വർഷത്തിലും ഒരു പരിഹാരമില്ലാത്ത നീണ്ടുപോകുന്നതും, റഷ്യക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഫലപ്രദമല്ലാതെ പോകുന്നതും, ഗാസയിൽ ഇസ്രായേൽ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങൾക്ക് കടിഞ്ഞാണിടാൻ ബൈദണ് സാധിക്കാത്തതുമൊക്കെ ബൈഡന്റെ ജനസമ്മതി കാര്യമായി കുറയുവാൻ ഇടയാക്കിയിട്ടുണ്ട്. അടുത്തകാലത്ത് നടത്തിയ അഭിപ്രായ സർവ്വേകളിലെല്ലാം ട്രംപിന് പിറകിലാണ് ബൈഡന്റെ സ്ഥാനം. ഏതായാലൂം ഈ തെരഞ്ഞെടുപ്പിലെ വിജയാപരാജങ്ങൾ അമേരിക്കയോടൊപ്പം ഇതര രാജ്യങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
റഷ്യൻ പ്രസിഡൻഡ് സ്ഥാനത്തേക്ക് വ്ളാദിമിർ പുടിൻ മത്സരിക്കുന്നത് 5 ആം തവണയാണ്. തുടർച്ചയായി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും 2020 ൽ ഭരണഘടനാ ഭേദഗതിയിലൂടെ അദ്ദേഹം മാറ്റി. അദ്ദേഹത്തിന്റെ ഏറ്റവും ശക്തനായ വിമർശകൻ എന്ന് അറിയപ്പെടുന്ന അലക്സി നവാൽനിയെ ക്രിമിനൽ കേസ്സിൽപ്പെടുത്തി ശിക്ഷിച്ച് ജയിലിലാക്കിയിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ മത്സരിക്കാൻ നോമിനേഷൻ കൊടുത്തവരെല്ലാം തന്നെ റഷ്യൻ രാഷ്ട്രീയത്തിൽ അപ്രസക്തരായവരാണ്. ഭരണ സംവിധാനം മുഴുവൻ പുട്ടിൻറ്റെ കൈപ്പിടിയിലായതിനാൽ സ്വതന്ത്രവും, നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ പുട്ടിനെതിരെ കാര്യമായ വെല്ലുവിളി ഉയർത്തുവാൻ സാധിക്കുന്ന സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പുട്ടിൻ അല്ലാതെ മറ്റൊരാൾ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഇല്ല.
ബംഗ്ലാദേശിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതൃത്വം നൽകുന്ന ഭരണ കക്ഷിയായ അവാമി ലീഗും, മുൻ പ്രധാനമന്ത്രി ഖാലിദാ സിയാ നേതൃത്വം നൽകുന്ന പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ് പാർട്ടിയുമാണ്. 2009 മുതൽ അധികാരത്തിലിരിക്കുന്നത് അവാമി ലീഗാണ്. 2018 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 300 അംഗ ജാതീയ സൻസദ് എന്ന പാർലമെന്റിൽ വെറും 7 സീറ്റുകൾ മാത്രമേ ബി.എൻ.പി സഖ്യത്തിന് ലഭിച്ചുള്ളൂ. അന്ന് നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് അവാമി ലീഗ് ഭരണത്തിലേറിയതെന്ന് ആരോപിച്ച ബി.എൻ. പി ഈ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു . അവാമിലീഗിനെതിരെ മത്സരിച്ചത് ചില ചെറുകിട പാർട്ടികളും, സ്വാതന്ത്രന്മാരുമായിരുന്നു. അതുകൊണ്ടു അവാമി ലീഗിൻറ്റെ വിജയം ഏകപക്ഷീയമായിരുന്നു. .
പാകിസ്താനിൽ ഫെബ്രുവരി 8 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് മുൻ പ്രധാനമന്ത്രിമാരായ ഇമ്രാൻ ഖാൻറ്റെ തെഹ്‌രീക് -ഇ-ഇൻസാഫും, നവാസ് ഷെരീഫിൻറ്റെ പാകിസ്ഥാൻ മുസ്ലിം [എൻ] ലീഗും തമ്മിലാണ്. പട്ടാളത്തിൻറ്റെ സഹായമില്ലാതെ ഒരു കക്ഷിക്കും പാകിസ്ഥാനിൽ അധികാരത്തിൽ കയറാനോ, അധികാരത്തിൽ തുടരാനോ സാധ്യമല്ല. 2018 ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇമ്രാൻഖാനോടൊപ്പമായിരുന്നു പട്ടാളം. എന്നാൽ പട്ടാള മേധാവിയുമായി ഇടഞ്ഞതോടെ 2022 ഏപ്രിലിൽ ഇമ്രാൻഖാനെ പ്രധാനമന്ത്രിപദത്തിൽ നിന്നും പുറത്താക്കി. പ്രധാനമന്ത്രിയായിരുന്ന അവസരത്തിൽ ലഭിച്ച ഉപഹാരങ്ങൾ നിയമവിരുദ്ധമായി വിറ്റു എന്ന കാരണം പറഞ്ഞു അദ്ദേഹത്തെ ശിക്ഷിച്ചു ജയിലിലാക്കിയിരിക്കുകയാണ്. മാത്രമല്ല, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അദ്ദേഹത്തിന് വിലക്കുമുണ്ട്. ഇക്കാരണത്താൽ അദ്ദേഹം ജയിലിൽ കിടന്നുകൊണ്ട് സമർപ്പിച്ച നാമനിർദേശ പത്രികകളും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അദ്ദേഹത്തിന്റെ പാർട്ടിയിലെ പ്രധാന നേതാക്കളെയെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരുകേസിൽ പെടുത്തി പട്ടാളം ജയിലിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പട്ടാളം തന്നെ തോൽപ്പിക്കുകയും, അതിനുശേഷം അഴിമതി കേസിൽ ജയിലിൽ അടക്കുകയും ചെയ്ത നവാസ് ഷെരീഫാണ് ഇപ്പോൾ പട്ടാളത്തിന് പ്രിയപ്പെട്ടവൻ. നവാസ് ഷെരീഫിനെ എല്ലാ കേസുകളിൽ നിന്നും കുറ്റവിമുക്തനാക്കുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുത്തിരിക്കുകയാണ്. ഇപ്പോഴും ഏറ്റവും ജനപ്രീതിയുള്ള നേതാവ് ഇമ്രാൻഖാനാണെങ്കിലും, പട്ടാളത്തിന്റെ അകമഴിഞ്ഞ സഹായത്തോടെ നവാസ് ഷെരീഫ് പ്രധാനമന്ത്രി പദത്തിൽ തിരിച്ചുവരാനാണ് സാധ്യത.
ഐക്യ രാഷ്ട്ര സഭയിൽ നിന്നും, ചൈനയുടെ വരവോടെ, പുറത്താക്കപ്പെട്ട തായ്‌വാനിൽ ജനുവരി 13 നു തെരഞ്ഞെടുപ്പ് നടക്കുകയാണ്. 2.36 കോടി മാത്രമാണ് അവിടത്തെ ജനസംഖ്യയെങ്കിലും, അവിടത്തെ തെരഞ്ഞെടുപ്പിൻറ്റെ ജയപരാജയങ്ങൾ സസൂക്ഷ്‌മം ശ്രദ്ധിക്കുന്നത് മറ്റൊരു വൻശക്തിയായ ചൈനയാണ്. ഇപ്പോഴത്തെ തായ്‌വാൻ പ്രസിഡണ്ടായ സായ് ഇങ് വെൻറ്റെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസ്സിവ് പാർട്ടി[ഡി.പി.പി] വിജയിക്കരുതെന്നാണ് ചൈനയുടെ ആഗ്രഹം, കാരണം ചൈന വൻകരയുമായി കൂടിച്ചേരാതെ തായ്‌വാൻ ഇപ്പോഴത്തെപ്പോലെ തനിച്ചു നിൽക്കണമെന്നാണ് ഡി.പി.പി. ആഗ്രഹിക്കുന്നത്. എന്നാൽ, ചൈനയോട് കൂടിച്ചേരുന്നതിൽ നിന്നും മാറിനിൽക്കാൻ തായ്‌വാന് പറ്റില്ലെന്ന് ചൈന നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഈ സാഹചര്യം നിലനിൽക്കുന്നതിനാലാണ് അവിടത്തെ തെരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെടുന്നത്.
നമ്മുടെ അയൽ രാജ്യങ്ങളായ ശ്രീലങ്കയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പും, ഭൂട്ടാനിലെ പാർലമെൻ്റിലേക്കുള്ള തെരഞ്ഞെടുപ്പും ഈ വര്ഷം നടക്കും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ഫെബ്രുവരി അവസാനമോ, മാർച്ച് ആദ്യമോ ആരംഭിച്ച് മെയ് മാസത്തിൽ അവസാനിക്കും. വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട അട്ടിമറികളെക്കുറിച്ചു പ്രതിപക്ഷ കക്ഷികൾ തങ്ങളുടെ ആശങ്കകൾ തെരഞ്ഞെടുപ്പ് കമ്മീഷൻറ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അട്ടിമറികളില്ലാത്ത ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പാക്കുകയെന്നതാണ് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ നേരിടുന്ന വെല്ലുവിളി.
റഷ്യ-യുക്രൈൻ യുദ്ധത്തിന്റെയും , ഇസ്രായേൽ-പലസ്‌തീൻ യുദ്ധത്തിൻറ്റെയും ഇനിയുള്ള തുടർച്ചയും പല വൻ ശക്തി രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. വിവിധ ലോക രാജ്യങ്ങളിൽ ഈ വര്ഷം നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഫലത്തെ ആശ്രയിച്ചാണ് ആഗോള നയതന്ത്ര ബന്ധങ്ങളിലും , വിദേശകാര്യ നയങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ.
പി.എസ് .ശ്രീകുമാർ
9495577700