Sunday, 24 March 2024

                വഞ്ചിതരായ  സംസ്ഥാന  ജീവനക്കാർ

പി.എസ് .ശ്രീകുമാർ  

സംസ്ഥാനത്തെ  അഞ്ചുലക്ഷത്തിൽപരം വരുന്ന  അധ്യാപകരും, ജീവനക്കാരും ഇതുപോലെ  വഞ്ചിതരായ ഒരു കാലഘട്ടം  കേരളത്തിൻറ്റെ  ചരിത്രത്തിൽ ഉണ്ടായിട്ടില്ല.  പിണറായിയുടെ തുടര്ഭരണം ഉൾപ്പെടെയുള്ള  കഴിഞ്ഞ ഏഴു വർഷങ്ങൾ  സർക്കാർ ജീവനക്കാരെ  സംബന്ധിച്ചിടത്തോളം  ഒരു   കറുത്ത അധ്യായമാണ്.  കോൺഗ്രസ്  സർക്കാരുകൾ  വര്ഷങ്ങളായി   ജീവനക്കാർക്ക് അനുവദിച്ചു  നൽകിയിരുന്ന  ഹൗസ്  ബിൽഡിങ് അഡ്വാൻസ്,   ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശ്ശിക,  ക്ഷാമ ബത്താ  കുടിശ്ശിക തുടങ്ങിയവയെല്ലാം  പിണറായി സർക്കാർ  നിഷേധിച്ചിരിക്കുകയാണ്.   ശമ്പളം   നല്കുന്നതുപോലും    അനിശ്ചിതാവസ്ഥയിലാണ്. ഇന്ന്  ഇന്ത്യയിൽ തന്നെ  ഏറ്റവും   കുറഞ്ഞ ശമ്പളവും  ആനുകൂല്യങ്ങളും   വാങ്ങുന്ന  ജീവനക്കാർ കേരളത്തിലെ സർക്കാർ ജീവനക്കാരാണ്.   

സർക്കാർ  ജീവനക്കാരാകാൻ  കേരളത്തിലെ  യുവത   ആഗ്രഹിച്ച ഒരു  കാലഘട്ടമുണ്ടായിരുന്നു.  അങ്ങിനെ  അവർ  ആഗ്രഹിച്ചിരുന്നത്,   സർക്കാർ  ഒരു നല്ല  മാതൃക  തൊഴിൽദാതാവാണെന്ന   ചിന്തയിലാണ് . ഐക്യ കേരളം   പിറവിയെടുത്ത   1956  നവംബർ  1  മുതൽ  പിണറായിയുടെ  തുടർ ഭരണം മൂന്നാം വർഷത്തിലെത്തിനിൽക്കുന്ന  ഈ  സമയം  വരെയും  എല്ലാ  സർക്കാർ  ജീവനക്കാർക്കും, അധ്യാപകർക്കും,   തൊട്ട്   അടുത്ത  മാസം  ഒന്നാം  തീയതി തന്നെ  ശമ്പളം   കൃത്യമായി   ലഭിച്ചിരുന്നു.  എന്നാൽ  ഈ  നല്ല  മാതൃകയും  പിണറായി  സർക്കാർ   തിരുത്തിക്കുറിച്ചിരിക്കുകയാണ്.   ജോലി ചെയ്തതിൻറ്റെ  കൂലി  എന്ന്  കിട്ടുമെന്ന്  ആർക്കും  പറയാൻ  സാധിക്കുന്നില്ല.  അഥവാ,  ഇനി  ആർക്കെങ്കിലും  അറിയണമെങ്കിൽ,  അവർ  പാഴൂർ  പടിപ്പുരക്കൽ   പോയി  കവടി  നിരത്തേണ്ടി വരും.   മാർച്ച്  മാസത്തെ  അനുഭവം  അതാണ്  സർക്കാർ ജീവനക്കാർക്ക് നൽകുന്ന സൂചന.   സാധാരണ  നിലയിൽ, മാസത്തിന്റെ  ആദ്യ  പ്രവൃത്തി  ദിനത്തിൽ  1.75   ലക്ഷം  ജീവനക്കാർക്കും, 5  ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കും,   രണ്ടാം  ദിവസം  2  ലക്ഷം പേർക്കും, മൂന്നാം  ദിവസം 1.50  ലക്ഷം  ജീവനക്കാർക്കുമായാണ്  ശമ്പളവും, പെന്ഷനും  വിതരണം  നടത്തിയിരുന്നത്.   ഒടുവിൽ  ജീവനക്കാർ  പ്രക്ഷോഭ  നടപടികളുമായി  മുന്നോട്ടു പോയപ്പോൾ  മാത്രമാണ്   കുറേശ്ശേയായെങ്കിലും  ശമ്പളം  കൊടുക്കുവാൻ ഇപ്പോൾ   സർക്കാർ  നിർബന്ധിതരായത്.   ഫെബ്രുവരി  മാസത്തെ ശമ്പളത്തിന്  പുറമേ,  എംപ്ലോയീസ് ട്രഷറി  സേവിങ്സ്  ബാങ്ക് (ETSB )  അക്കൗണ്ടിലുണ്ടായിരുന്ന  മുൻകാല  നിക്ഷേപങ്ങൾ പോലും  ഉപയോഗിക്കാൻ  പറ്റാത്ത  അവസ്ഥയാണ്   ധന മന്ത്രി ബാലഗോപാൽ   ഉണ്ടാക്കിവച്ചിരിക്കുന്നതു.   ETSB  യിൽ  എത്തുന്ന  ശമ്പളം,  ജീവനക്കാർക്ക്  സൗകര്യപൂർവം  അവിടെനിന്നും  തങ്ങളുടെ   ബാങ്ക് അക്കൗണ്ടുകളിലേക്ക്   മാറ്റാൻസാധിക്കുമായിരുന്നു.  ബാലഗോപാൽ  അതിനും  നിയന്ത്രണം  കൊണ്ടുവന്നിരിക്കുകയാണ്.  ദിവസം  50,000   രൂപയ്ക്കു  മുകളിൽ  ട്രഷറി യിൽ  നിന്നും  മാറ്റുവാൻ  സാധിക്കുകയില്ല.  ഫലത്തിൽ,  ETSB  യിൽ  നേരത്തെമുതൽ  ഉണ്ടായിരുന്ന  നിക്ഷേപങ്ങളും  പിൻവലിക്കാൻ  സാധിക്കാത്ത  അന്തരീക്ഷമാണ്,  ഈ സർക്കാർ   വരുത്തിവച്ചിരിക്കുന്നതു.

വിലവര്ധനവിനനുസരിച്   കേന്ദ്ര സർക്കാർ  ജീവനക്കാർക്കും,  ഇതര സംസ്ഥാന  ജീവനക്കാർക്കും  2021  ജനുവരി മുതൽ  ലഭിച്ചുകൊണ്ടിരിക്കുന്ന  ക്ഷാമബത്ത  കേരളത്തിലെ  ജീവനക്കാർക്ക്  മാത്രം  ലഭിക്കുന്നില്ല.   2021  മുതൽ   21  ശതമാനം  ക്ഷാമ ബത്ത  കുടിശ്ശികയാണ്  ജീവനക്കാർക്ക്     ലഭിക്കേണ്ടത്. അതിനുപകരം  വെറും 7  ശതമാനം മാത്രമാണ്  ലഭിക്കുന്നത്.  കേന്ദ്ര  സർക്കർ   ജീവനക്കാർക്ക്  46   ശതമാനം  ക്ഷമ ബത്ത ലഭിക്കുമ്പോൾ,,  കേരളത്തിൽ  ഏഴ്   ശതമാനവുമായി  നിൽക്കുകയാണ് . ഇതനുവദിക്കണമെന്ന്‌   ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭ രംഗത്തായിരുന്നു  സംസ്ഥാന ജീവനക്കാരും  പെന്ഷനക്കാരും.    രാജ്യം     പൊതു തെരഞ്ഞെടുപ്പിലേക്ക്  പോകുന്ന  സാഹചര്യത്തിൽ,  ജീവനക്കാരുടെ   കണ്ണിൽ   പൊടിയിടുന്നതിൻറ്റെ   ഭാഗമായാണ്  രണ്ടു  ശതമാനം  ക്ഷമ ബത്ത  ഏപ്രിൽ  മാസത്തെ ശമ്പളത്തോടൊപ്പം  അനുവദിക്കാൻ  സർക്കാർ ഇപ്പോൾ  തീരുമാനിച്ചത്. അതൊഴിവാക്കിയാലും  ഇനിയും  19  ശതമാനം ക്ഷമ ബത്ത  കുടിശ്ശികയായിട്ടുണ്ട്.  ഇതിനു പുറമെയാണ്,  2019  ജൂലൈ  മാസം  മുതൽ   ലഭിക്കേണ്ടിയിരുന്ന  ശമ്പള  പരിഷ്കരണത്തിന്റെ  കുടിശ്ശിക.  അതും  ഇതുവരെ  നൽകാതെ  സർക്കാർ പിടിച്ചു വച്ചിരിക്കുകയാണ്.  12-3-2024 ൽ  ഇറക്കിയ ജി.ഒ .(പി) .17/ 2024 /ധനം  ഉത്തരവ് പ്രകാരം,  2021  ജനുവരി 1  മുതൽ ലഭിക്കേണ്ട 2  ശതമാനം  ക്ഷാമബത്തയാണ്   40  മാസങ്ങൾക്കു ശേഷം ജീവനക്കാർക്കും  പെൻഷൻകാർക്കും അനുവദിച്ചത്.  എന്നാൽ  40  മാസത്തെ ക്ഷാമബത്താ  കുടിശ്ശിക സംബ്ബന്ധിച്ചു  ഒന്നും  പറഞ്ഞിട്ടില്ല.  കുടിശ്ശിക ക്ഷാമബത്ത  ചെപ്പടിവിദ്യയിലൂടെ  ആവിയാക്കി  മാറ്റിയോ  എന്നാണ്  ജീവനക്കാരും, പെന്ഷന്കാരും സംശയിക്കുന്നത്.  അതേസമയം  ഐ.എ.എസ്, ഐ.പി.എസ് , ഐ.എഫ്.എസ്  ഉദ്യോഗസ്ഥർക്ക്  കുടിശ്ശിക  മേയ്  മാസത്തിൽ   പണമായി  നൽകുമെന്ന് സർക്കാർ ഇറക്കിയ  ഉത്തരവിൽ വ്യക്തമായി  പറയുന്നുണ്ട്. ഓൾ  ഇന്ത്യാ  ഉദ്യോഗസ്ഥർക്ക്  2023  ജൂലൈ മുതൽ ക്ഷാമബത്ത  അനുവദിച്ചപ്പോൾ,  സംസ്ഥാന ജീവനക്കാർക്ക്   2021  ജനുവരി യിലെ  ക്ഷാമബത്ത  മാത്രമാണ് അനുവദിച്ചത്.  ഒരേ പന്തിയിൽ  രണ്ടുരീതിയിൽ  വിളമ്പുന്നതിനൊപ്പം ,സംസ്ഥാന  സർക്കാർ ജീവനക്കാരോട്    കടുത്ത  ചിറ്റമ്മ  നയമാണ്   പിണറായി  സർക്കാർ തുടർന്നുവരുന്നത്‌.  

സർക്കാർ  ജീവനക്കാരുടെ  ശമ്പള  പരിഷ്കരണ കുടിശ്ശികയുടെയും,  ക്ഷാമബത്ത കുടിശ്ശികയുടെയും  തുകകൾ  അടുത്ത  സർക്കാരിന്റെ  ചുമ ലിലേക്കു  തള്ളുന്ന  പ്രവണത  തുടങ്ങി വച്ചതു  നായനാരുടെ  നേതൃത്വത്തിലുള്ള   ഇടതു ഭരണമായിരുന്നു.  ശമ്പള പരിഷ്കരണ  കുടിശ്ശിക  നൽകുന്നത്  എട്ടു  തവണകളാക്കിയാണ്     നായനാർ  സർക്കാർ  ഉത്തരവിറക്കിയത് .  എന്നാൽ  ശമ്പള പരിഷ്കരണ കുടിശ്ശിക പ്രോവിഡന്റ് ഫണ്ടിൽ  ലയിപ്പിക്കാൻ പോലും  തയ്യാറാകാതെയും,  പെൻഷൻ  കുടിശ്ശിക  നൽകാതെയും   ജീവനക്കാരെയും  പെൻഷൻകാരെയും   കൊള്ളയടിക്കുന്ന  ഏർപ്പാട്  തുടങ്ങി വച്ചിരിക്കുന്നത്  പിണറായി  സർക്കാരാണ്.  അർഹമായ  പെൻഷൻ  കുടിശ്ശിക ലഭിക്കാതെ  85000 ൽ പരം  പെന്ഷന്കാരാണ്  മരണമടഞ്ഞത്.  ഇതൊന്നും  കണ്ടില്ലെന്നു  നടിച്ച്   നീറോ  ചക്രവർത്തിയെപ്പോലെ  പിണറായി  വീണ വായിച്ചു  രസിക്കുകയാണ്.  40  മാസങ്ങൾക്കു ശേഷം, 2  ശതമാനം  മാത്രം  ക്ഷാമബത്ത  അനുവദിച്ചപ്പോൾ  പിണറായി  സർക്കാരിന്  അഭിവാദ്യമർപ്പിച്ചു   ആഹ്‌ളാദം  പ്രകടിപ്പിച്ച   എൻ.ജി.ഒ  യൂണിയൻറ്റെയും  കെ ജി ഒ യുവിൻറ്റെയും   പ്രവർത്തകർ   ഓർക്കേണ്ട ഒരുകാര്യമുണ്ട്.  2016 ൽ  പിണറായിയെ  ഭരണമേൽപ്പിച്ചു  ഉമ്മൻചാണ്ടി  മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ  ഒരു ഗഡു  ക്ഷാമ ബത്തപോലും   കുടിശ്ശികയില്ലായിരുന്നുവെന്നത്.

അധികാരത്തിലേറിയാലുടൻ  പങ്കാളിത്ത പെൻഷൻ   പിന്   വലിക്കുമെന്നു പറഞ്ഞു  സംസ്ഥാന ഭരണം കയ്യാളിയ  പിണറായി  സർക്കാർ  എട്ടു  വര്ഷം  പൂർത്തിയാക്കുവാൻ  പോകുന്ന  അവസരത്തിൽ പോലും, അത്  പിൻവലിക്കാൻ  ഇതുവരെ  തയ്യാറായിട്ടില്ല.  പങ്കാളിത്ത പെൻഷൻ  പുനഃപരിശോധിക്കുന്നത്  സംബന്ധിച്ച്  റിപ്പോർട്ട്  നല്കാൻ ചുമതലപ്പെടുത്തിയ  സമിതി  റിപ്പോർട്ട് സമർപ്പിച്ചിട്ടു  33   മാസങ്ങൾ  കഴിഞ്ഞു.  ഇപ്പോഴും  ആ  റിപ്പോർട്ടിനുമേൽ  അടയിരിക്കുകയാണ്‌  ധനമന്ത്രി  ബാലഗോപാൽ.  സർക്കാർ  ജീവനക്കാർ ഉൾപ്പെടെ  സംസ്ഥാനത്തെ  ഏതു വിഭാഗം  ആളുകളും   തങ്ങൾക്കു  ലഭിക്കാനുള്ള  ആനുകൂല്യങ്ങൾ  ചോദിച്ചാൽ   സാമ്പത്തിക പ്രതിസന്ധി  എന്ന  വജ്രായുധമെടുത്താണ്  അതിനെയെല്ലാം  തടയാൻ  പിണറായി  സർക്കാർ  ശ്രമിക്കുന്നത്.   സാമ്പത്തിക  പ്രതിസന്ധിക്കു  ഉത്തരവാദികൾ   പിണറായി  സർക്കാരല്ലാതെ  മറ്റാരാണ്?  ഇടതു ഭരണത്തിലെ  ധൂർത്തും,  കെടുകാര്യസ്ഥതയും  മൂലമാണ്  ഇത്തരമൊരു  സ്ഥിതിവിശേഷത്തിലേക്ക്  സംസ്ഥാനം  തള്ളിയിടപ്പെട്ടിരിക്കുന്നതു.  പിണറായി  സര്ക്കാറിന്റെ   ധാർഷ്ട്യത്തിനും,  ധൂർത്തിനും    ജനാധിപത്യപരമായ  രീതിയിൽ തിരിച്ചടി  നൽകുവാനായുള്ള   അവസരമാണ്   വരുന്നത്.  അത്  വിവേകപൂർവം  ഉപയോഗിക്കാൻ  സംസ്ഥാന  ജീവനക്കാരും,  പെൻഷനർമാരും  തയ്യാറാകണം.


പി.എസ് .ശ്രീകുമാർ 

കൺവീനർ, 

ഓഫീസർസ് ആൻഡ് സർവീസ്  ഓർഗനൈസേഷൻസ് സെൽ.