Thursday, 8 August 2024

 


 മുഹമ്മദ് യൂനസിനിത്  മധുര പ്രതികാരം 

അഡ്വ.പി.എസ് .ശ്രീകുമാർ

 

     അസാധാരണമായ  സംഭവ വികാസങ്ങളാണ്   ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ തെരുവീഥികളിലും, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭവനിലും ആഗസ്റ്റ് 5 ന്  നടന്നത്.  അശ്വമേധയാഗം കഴിഞ്ഞു  കൊട്ടാരത്തിൽ തിരിച്ചെത്തി സിംഹാസനത്തിൽ അമർന്നിരിക്കുന്ന പഴയകാല ചക്രവർത്തിമാരെപോലെ,   വർഷാദ്യം,  പ്രതിപക്ഷമില്ലാത്ത  തെരഞ്ഞെടുപ്പുനടത്തി, നാലാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്തു തിരിച്ചെത്തിയ  ഷെയ്ഖ് ഹസീനക്ക്,   എല്ലാം ഇട്ടെറിഞ്ഞു  ഇന്ത്യയിലേക്ക്  പലായനം ചെയ്യേണ്ടിവന്നു.  വിദ്യാർഥികൾ നടത്തിവന്ന പ്രക്ഷോഭങ്ങൾക്കൊടുവിലാണ്   പ്രധാനമന്ത്രിയുടെ  ഔദ്യോഗിക വസതി അവർ കയ്യേറിയതും      സൈന്യത്തിന് ഹസീനയോട്  രാജിവെക്കാൻ ആവശ്യപ്പെടേണ്ടി വന്നതും. 

പ്രക്ഷോഭം എന്തിനുവേണ്ടിയായിരുന്നു?    

      വിദ്യാർഥികൾ പ്രക്ഷോഭരംഗത്തിറങ്ങിയത്  ജൂൺ  ആദ്യമായിരുന്നു.    2018  ൽ നിലവിലിരുന്ന  സംവരണ നിയമം പുനഃസ്ഥാപിക്കാനുള്ള   ബംഗ്ലാദേശ് ഹൈക്കോടതിയുടെ  വിധിയാണ്  അവരെ   പ്രക്ഷോഭരംഗത്തേക്കിറക്കിയത്.. അന്നത്തെ നിയമ പ്രകാരം   സർക്കാർ ജോലികളിൽ   56  ശതമാനവും   വിവിധ വിഭാഗങ്ങൾക്കുള്ള  സംവരണമായിരുന്നു. 30  ശതമാനം  1971 ലെ ബംഗ്ലാദേശ്  വിമോചനത്തിൽ  പങ്കെടുത്ത സ്വന്തന്ത്ര്യ സമര സേനാനികളുടെ  മക്കൾക്കും,  കൊച്ചു മക്കൾക്കുമായി  മാറ്റിവച്ചിരുന്നു. 10  ശതമാനം വനിതകൾക്കും, മറ്റൊരു 10  ശതമാനം  ജനസംഖ്യാടിസ്ഥാനത്തിൽ  വിവിധ ജില്ലകളിലുള്ളവർക്കും, 5  ശതമാനം  ഗോത്രവർഗക്കാരായ  ന്യുനപക്ഷങ്ങൾക്കും, 1 ശതമാനം   ഭിന്നശേഷിക്കാർക്കുമായി സംവരണം ചെയ്‌തു. അതോടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ  44 ശതമാനം തസ്തികകൾ മാത്രമേ  സംവരണമില്ലാത്ത ഉദ്യോഗാർത്ഥികൾക്ക്‌  ലഭിക്കുകയുള്ളു. ഇതിനെതിരെ  2018 ൽ  വിദ്യാർഥികൾ ശക്തമായ പ്രക്ഷോഭം   നടത്തിയപ്പോൾ,   സംവരണത്തിൽ ചില ഭേദഗതികൾ വരുത്തുവാൻസർക്കാർ  തയ്യാറായി. അതനുസരിച്ച്,  1971  ലെ സ്വാതന്ത്ര്യ സമരസേനാനികളുടെ  അനന്തരാവകാശികൾക്കുള്ള  സംവരണം  വേണ്ടെന്നു വച്ചു .   എന്നാൽ  2024 ജൂൺ 5 ന്   പഴയ സംവരണ നിയമം പുനഃസ്ഥാപിക്കാൻ   ഹൈക്കോടതി  ഉത്തരവിട്ടു.  അതോടെയാണ്  വിദ്യാർഥികൾ  വീണ്ടും  പ്രക്ഷോഭ രംഗത്തിറങ്ങിയത്.  പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം  സമാധാനപരമായിട്ടായിരുന്നു  നടന്നത്.  എന്നാൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ  എല്ലാം അടഞ്ഞു കിടന്നു.   സർക്കാർ   പോലീസിനെ ഉപയോഗിച്ച്  വിദ്യാർഥിസമരം  അടിച്ചമർത്താൻ  ശ്രമം തുടങ്ങി.  അതോടെ  വിദ്യാർഥികൾ  ചെറുത്തുനിൽപ്പ്  ആരംഭിച്ചു.  പ്രക്ഷോഭം  അക്രമാസക്തമായി മാറി.  പ്രക്ഷോഭകരുമായി  ചർച്ച ചെയ്തു  പരിഹരിക്കുന്നതിന്  പകരം  പോലീസിനെ  ഉപയോഗിച്ച്  കിരാതമായി   നേരിട്ടു. മാത്രമല്ലാ, പ്രക്ഷോഭകരെ, റസാക്കർമാരെന്നു വിളിച്ചു ആക്ഷേപിക്കുകയും ചെയ്തു. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ,  പാകിസ്ഥാനുവേണ്ടി ഒറ്റുകൊടുത്തവരെയാണ് റസാക്കർമാരെന്ന്  ബംഗ്ലാദേശുകാർ ആക്ഷേപിക്കാറുള്ളത്.  രാജ്യസ്നേഹികളായ   ബംഗ്ലദേശുകാർക്ക്  ഇങ്ങനെ ആക്ഷേപിക്കുന്നത്  സഹിക്കാൻ പറ്റുന്നതല്ല.   പുറമേ ,  അവാമി ലീഗിൻറ്റെ   പ്രവർത്തകരോടും  വിദ്യാർത്ഥികളെ  നേരിടാൻ  ഹസീന  ആഹ്വാനം  ചെയ്‌തു .  അതോടെ  തെരുവീഥികൾ യുദ്ധക്കളമായി മാറി.  പ്രക്ഷോഭത്തിൽ പങ്കെടുത്ത  200 ൽ പരം  വിദ്യാർത്ഥികളും, യുവാക്കളും  പോലീസിന്റെ വെടിയുണ്ടാക്കിരയായി കൊല്ലപ്പെട്ടു. ഇതിനിടെ  ജൂലൈ 21 ന്  ഹൈക്കോടതി വിധി,  സുപ്രീം കോടതി ഇടപെട്ട്  സ്റ്റേ ചെയ്‌തു. പക്ഷേ, അപ്പോഴേക്കും പ്രക്ഷോഭം പ്രധാനമന്ത്രി ഹസീനക്കും, അവർ നയിക്കുന്ന സർക്കാരിനും എതിരായി മാറി.  ചർച്ചക്കായുള്ള ക്ഷണം നിരസിച്ച പ്രക്ഷോഭകർ,     പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും  അവരുടെ  മന്ത്രിസഭയും  രാജിവച്ചു പുറത്തുപോകുന്നതുവരെ പ്രക്ഷോഭം  ശക്തമായി തുടരുമെന്ന്  പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്കൊപ്പം  പൊതുജനവും  സർക്കാരിനെതിരായി  തെരുവിൽ ഇറങ്ങി.  സർക്കാരുമായി  നിസ്സഹകരണം പ്രഖ്യാപിച്ച  :വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനം"[ Students  Against  Discrimination]  സർക്കാരിന്  നൽകേണ്ട നികുതികൾ ഉൾപ്പെടെയുള്ളവ  നൽകരുതെന്ന്  ജനങ്ങളോട്  ആഹ്വാനം ചെയ്തു . രാജ്യം എമ്പാടും  പ്രക്ഷോഭം  അക്രമാസക്തമായി  മാറി.  സർക്കാർ ഓഫീസുകളും, വാഹനങ്ങളും, എല്ലാം ആക്രമിക്കപ്പെട്ടു.  ആഗസ്റ്റ്  4 നു മാത്രം  95  ഓളം പ്രക്ഷോഭകർ  കൊല്ലപ്പെട്ടു. പ്രക്ഷോഭം  കൈവിട്ട രീതിയിലേക്ക് വളർന്നു,  പ്രധാനമന്ത്രിയുടെ  വസതി ഉൾപ്പെടെ  പ്രക്ഷോഭകർ കൈയേറുമെന്ന സ്ഥിതി വന്നപ്പോഴാണ്  സൈന്യാധിപനായ  വാകർ  ഉസ്  സമീൻ,  ഹസീനയോട്   രാജി വക്കാൻ   ആവശ്യപ്പെട്ടത്.

അട്ടിമറിക്കു പിന്നിൽ ആര് ?

ഷെയ്ഖ് ഹസീനയെ  അധികാരത്തിൽ നിന്നും പുറത്താക്കിയതിന് പിന്നിൽ ആരാണ് ചരട് വലിച്ചതെന്ന സംശയം ഇപ്പോൾ ഉയരുന്നുണ്ട്. വിദ്യാർത്ഥി സമരത്തിൽ നുഴഞ്ഞുകയറി,.അത്   അക്രമാസക്തമാക്കുന്നതിൽ  പ്രതിപക്ഷ കക്ഷികളായ ബി.എൻ.പി ക്കും, ജമാഅത്തിനും  പുറമേ ഏതങ്കിലും വിദേശ രാജ്യത്തിന് പങ്കുണ്ടോ? ബംഗ്ലാദേശിലെ സംഭവ വികാസങ്ങൾ  ലോക്‌സഭയിൽ  ചർച്ചക്ക് വ്ന്നപ്പോൾ,  അട്ടിമറിക്കു പിന്നിൽ വിദേശശക്തികൾ  ഉണ്ടോ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി  ആരാഞ്ഞെങ്കിലും  വിദേശകാര്യമന്ത്രി എസ് . ജയശങ്കർ വ്യക്തമായ മറുപടി പറഞ്ഞില്ല.  വിദേശകാര്യ നിരീക്ഷകർ   പ്രധാനമായി സംശയിക്കുന്നത് പാകിസ്താന്റെ ചാര സംഘടനയായ ഐ.എസ്.ഐ യെയാണ്. ബി.എൻ.പി നേതൃത്വവുമായും  ജമാഅത്തുമായും ഐ.എസ്‌ .ഐ ഒളിഞ്ഞും തെളിഞ്ഞും ബന്ധം പുലർത്തുന്നുണ്ടായിരുന്നു. മാത്രമല്ലാ,  പ്രക്ഷോഭം  ആളിക്കത്തിക്കുവാൻ സാമ്പത്തികമായി സഹായിച്ചിരുന്നതായും  ചില വിദേശ മാധ്യമങ്ങൾ സൂചന നൽകുന്നു.  മറ്റൊന്ന്  ബൈഡൻ ഭരണകൂടത്തിന്  ഹസീനയോടുള്ള ഇഷ്ട്ടക്കേടാണ്. നോബൽ ജേതാവായ ഗ്രാമീണ ബാങ്ക് സ്ഥാപകൻ  മുഹമ്മദ് യൂനസിനെതിരെ ഹസീന  തിരിഞ്ഞതുമുതൽ  അമേരിക്കയുടെ  ബ്ലാക്ക് ലിസ്റ്റിൽ ആണ് ഹസീന.  പ്രതിപക്ഷത്തിന് പ്രവർത്തന സ്വാതന്ത്ര്യം നൽകാതെ നടത്തിയ തെരഞ്ഞെടുപ്പുകൾക്കെതിരെയും, പ്രതിപക്ഷ നേതാക്കളെയും, മനുഷ്യാവകാശ പ്രവർത്തകരെയും ക്രിമിനൽ കേസുകളിൽ കുടുക്കി വേട്ടയാടുന്നതിനെതിരെയും അമേരിക്ക ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഹസീനയെ ഭരണത്തിൽ നിന്നും  മാറ്റുന്നതിൽ  ചൈനക്കും താല്പര്യമുള്ളതായി ചിലർ  സംശയിക്കുന്നു.

ഇടക്കാല  സർക്കാർ 

             പ്രധാനമന്ത്രി രാജിവെക്കുകയും  രാജ്യം വിടുകയും ചെയ്തതിനു ശേഷമാണ്  പ്രതിപക്ഷത്തെക്കൂടി ഉൾപ്പെടുത്തി  ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന്  സൈന്യാധിപൻ  പ്രഖ്യാപിച്ചതും, ബംഗ്ലാദേശ് നാഷണലിസ്റ് പാർട്ടി പ്രസിഡന്റ്  ഖാലിദ സിയ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിൽ വിമോചിതരാക്കിയതും.   ഭരണകക്ഷിയായ  അവാമി ലീഗിന്റെ  സ്ഥാനാർത്ഥിയായി  കഴിഞ്ഞ വർഷം  തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ശഹാബുദീനാണ് പ്രസിഡന്റ്. നിലവിലെ പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടു അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു.  അദ്ദേഹത്തിന്റെ  കീഴിലായിരിക്കുമോ അതോ    പട്ടാളത്തിൻറ്റെ നേരിട്ടുള്ള  നിയന്ത്രണത്തിൽ  ആയിരിക്കുമോ  ഇടക്കാല  ഭരണം   പ്രവർത്തിക്കുക എന്നുള്ള കാര്യങ്ങളൊന്നും  വ്യക്തമായിട്ടില്ല. വിദ്യാർത്ഥി പ്രക്ഷോഭകർ ആവശ്യപ്പെട്ടപ്രകാരം  നോബൽ ജേതാവായ  മുഹമ്മദ് യൂനസിനെയാണ്  ഇടക്കാല  ഭരണത്തിന് നേതൃത്വം കൊടുക്കുവാൻ ക്ഷണിച്ചിട്ടുള്ളത്.  

ആരാണ് മുഹമ്മദ് യൂനസ്?

      പാവങ്ങൾക്ക്, ജാമ്യവസ്തു ഈട്  നൽകാതെ ചെറുകിട വായ്‌പകൾ നൽകി{Micro finance} അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്‍തി കൈവരിക്കുവാൻ സഹായിക്കുന്ന ഗ്രാമീണ ബാങ്കിൻറ്റെ  സ്ഥാപകൻ എന്ന നിലയിൽ  ലോകം എങ്ങും അറിയപ്പെടുന്ന വ്യക്തിത്വമാണ്  മുഹമ്മദ് യൂനസ്. സർവകലാശാല അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച 84  കാരനായ  യൂനസ്  ബംഗ്ലാദേശിലെയും അമേരിക്കയുൾപ്പെടെ നിരവധി വിദേശ സർവകലാശാലകളിലും സാമ്പത്തിക ശാസ്ത്ര  വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്.  അതെല്ലാം ഉപേക്ഷിച്ചാണ് പാവപ്പെട്ട സ്ത്രീകളെ സഹായിക്കാൻ   ഗ്രാമീണ ബാങ്ക് എന്ന ആശയം വികസിപ്പിച്ചെടുത്തത്.1983 ൽ ആണ് ഗ്രാമീണ ബാങ്ക് ഔപചാരികമായി അദ്ദേഹം തുടങ്ങിയത്.  ആദ്യ കാലഘട്ടത്തിൽ  ഷെയ്ഖ് ഹസീനയുമായി വളരെ നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.  ഹസീനയുടെ പിതാവും  ബംഗ്ലാദേശിൻറ്റെ  വിമോചകനുമായിരുന്ന മുജീബുർ   റഹ്മാൻറ്റെ  ആരാധകനുമായിരുന്നു യൂനസ്.    ചുരുങ്ങിയ കാലംകൊണ്ട്   ഗ്രാമീണ ബാങ്കിനെ  ഒരു വലിയ പ്രസ്ഥാനമാക്കി മാറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഏകദേശം 83 ലക്ഷം വനിതകളെ അദ്ദേഹം ഗ്രാമീണ ബാങ്കിന്റെ ഷെയർ ഉടമകളാക്കി മാറ്റി. ഈ രംഗത്തെ ആദ്ദേഹത്തിന്റെ  സംഭാവനകൾ  വിലയിരുത്തി  2006 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന്  നൽകി . അതോടെയാണ് ഹസീന  അദ്ദേഹവുമായി അകന്നു തുടങ്ങിയത്. നോബൽ സമ്മാനം കിട്ടാൻ അർഹത തനിക്കെന്നായിരുന്നു ഹസീനയുടെ ചിന്ത. ഇക്കാരണത്താൽ  യൂനസിനെതിരെ അവരും അവരുടെ പാർട്ടിയും ഒളിയമ്പെയ്തു തുടങ്ങി.  സാധാരണക്കാരെ  ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ . "നാഗരിക് ശക്തി" എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി അദ്ദേഹം രൂപീകരിച്ചു. അതോടെ അവാമി ലീഗും, ബി.എൻ.പി യും  യൂനസിനെതിരെ തിരിഞ്ഞു.    ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ യൂനസിനെതിരെ ഭക്ഷണത്തിൽ മായം ചേർക്കൽ,  അഴിമതി, തൊഴിൽ നിയമ ലംഘനം  തുടങ്ങി  നിരവധി കാരണങ്ങൾ കാണിച്ചു 174  ഓളം  കേസുകൾ എടുത്തു. ചിലതിൽ അദ്ദേഹത്തിന് ജയിൽ ശിക്ഷവരെ കോടതി വിധിച്ചു. അദ്ദേഹത്തെ ഗ്രാമീണ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നും, ഡയറക്ടർ സ്ഥാനത്തു നിന്നുമൊക്കെ പുറത്താക്കി പീഡിപ്പിച്ചു. ആ അവസരങ്ങളിലെല്ലാം  ആംനസ്റ്റി  ഇന്റർനാഷണൽ  ഉൾപ്പെടെയുള്ള  മനുഷ്യാവകാശ സംഘടനകളും, അമേരിക്കയും അദ്ദേഹത്തിന് ശക്തമായ പിന്തുണ നൽകി. കോടതിയിൽ നിന്നും ജാമ്യമെടുത്ത യൂനസ് കഴിഞ്ഞ കുറെ നാളുകളായി ഫ്രാൻസ് കേന്ദ്രമാക്കിയുള്ള പ്രവർത്തനങ്ങളിലാണ്. വിദ്യാർഥികൾക്കു അദ്ദേഹത്തിൽ  വിശ്വാസം  ഉള്ളതിനാലാണ്, ഇടക്കാലഭരണ തലവനായി അവർ അദ്ദേഹത്തെ നിർദേശിച്ചത്.  ഇടക്കാല  ഭരണം നയിക്കാൻ യൂനസിനു അവസരം ലഭിക്കുന്നത്, ഒരുവിധത്തിൽ, ഹസീനയോടുള്ള   മധുര പ്രതികരമായിരിക്കും.

     ഹസീനയുടെ പതനത്തോടെ   രാജ്യത്തിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. താൻ നയിക്കുന്ന സർക്കാർ  പ്രാധാന്യം നൽകുക ജനാധിപത്യ പുനഃസ്ഥാപനം ,  മനുഷ്യാവകാശ സംരക്ഷണം , അഭിപ്രായ സ്വാതാന്ത്ര്യം , സ്വതന്ത്ര നീതിന്യായ വ്യവസ്ഥ  എന്നിവക്കായിരിക്കുമെന്ന്   അര്ഥശങ്കക്കിടയില്ലാതെ അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയുടെ സമീപനം 

           ഷെയ്ഖ് ഹസീനയെ  മാത്രം  വിശ്വാസത്തിലെടുത്തുകൊണ്ടുള്ളതായിരുന്നു  ഇന്ത്യയും -ബംഗ്ലാദേശും തമ്മിലുള്ള  ബന്ധം. അതുകൊണ്ടു തന്നെ ബി.എൻ.പി യും ജമാഅത്തുമടക്കമുള്ള പ്രതിപക്ഷ കക്ഷികൾ  ഇന്ത്യയെ സംശയത്തോടെയാണ് കാണുന്നത്. മുഹമ്മദ് യൂനസ് പോലും  ഹസീനക്ക്  ഇന്ത്യ  നൽകുന്ന  പിന്തുണയെ പലപ്പോഴും  വിമർശിച്ചിട്ടുണ്ട്.    അവിടത്തെ സംഭവവികാസങ്ങളിൽ   തന്ത്രപരമായ രീതിയിൽ  ഇന്ത്യ കൈകാര്യം ചെയ്യേണ്ടിവരും. ബംഗ്ലാദേശ്ബം ഭരണഘടന അനുസരിച്ചു്  പാർലമെന്റ്  പിരിച്ചുവിട്ടുകഴിഞ്ഞാൽ  90  ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടത്തണം. അതിനാൽ  വർഷാവസാനത്തോടെ തെരഞ്ഞെടുപ്പിലൂടെ  പുതിയ സർക്കർ  അവിടെ അധികാരത്തിൽ വരും.  അതിനാൽ,  ജനങ്ങളുടെ മനസ്സറിഞ്ഞുള്ള  നിലപാടുകൾ   പിന്തുടരുവാൻ നമുക്ക് കഴിയണം. ബംഗ്ലാദേശിലെ  പ്രതിപക്ഷ കക്ഷികളുമായി  ബന്ധം സ്ഥാപിക്കുവാനും അവരുടെ വിശ്വാസമാർജിക്കുവാനുമുള്ള ബോധപൂർവമായ  നയതന്ത്ര നീക്കങ്ങൾക്ക്  നാം ശ്രമിക്കണം.  അവിടത്തെ സംഭവവികാസങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്, ദീർഘനാളത്തെ  ഭരണത്തിൽ, ബംഗ്ലാദേശിൻറ്റെ  സമ്പത്‌വ്യവസ്ഥയെ  ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിക്കുവാൻ   ഷെയ്ഖ്  ഹസീനക്ക്  കഴിഞ്ഞെങ്കിലും,  അവർ   പിന്തുടർന്ന   ജനാധിപത്യ വിരുദ്ധവും,  പ്രതിപക്ഷത്തിന്  പ്രവർത്ത സ്വാതന്ത്ര്യം പോലും  നിഷേധിച്ച   ഏകാധിപത്യ നിലപാടുകളുമാണ്   അവരുടെ  പതനത്തിൻറ്റെ  യഥാർത്ഥ  കാരണം.

9495577700