സ്വാതന്ത്ര്യം സ്വപ്നം കാണുന്ന ബലൂചികൾ 
പതിറ്റാണ്ടുകളായി ഒരു നെരിപ്പോടുപോലെ പാകിസ്താൻറ്റെ മണ്ണിൽ പുകഞ്ഞുകൊണ്ടിരുന്ന ബലൂചിസ്ഥാൻ പ്രശ്നം ഇന്ന് പൊട്ടിത്തെറിച്ചു ലാവപോലെ ഒഴുകാൻ ആരംഭിച്ചിരിക്കുന്നു എന്നാണ് പാകിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (BLA) അവകാശവാദത്തിൽ നിന്നും ലഭിക്കുന്ന സൂചന. ഇന്ത്യ-പാകിസ്ഥാൻ വിഭജന കാലഘട്ടം മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ് ഒരു പൊട്ടിത്തെറിയിൽ എത്തിനിൽക്കുന്നത്. പാകിസ്താനിലെ ഏറ്റവും ദീർഘകാലമായി നിലനിൽക്കുന്ന രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് ബലൂചിസ്ഥാനിലെ അസ്വസ്ഥതകൾ.
ഭൂപ്രദേശത്തിന്റെ സമ്പത്ത്, രാഷ്ട്രീയ അവഗണന, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് പതിറ്റാണ്ടുകളായി ഇവിടെ നിലനിൽക്കുന്ന അസ്വസ്ഥത .
സ്വതന്ത്ര രാജ്യമായിരുന്നു കലാട്ട്
ഇന്ത്യ-പാകിസ്ഥാൻ വിഭജനകാലത്ത് നാട്ടു രാജ്യങ്ങളായിരുന്നു ബലൂചിസ്ഥാൻ മേഖലയിലെ കലാട്ട്. ഖറാൻ , ലാസ്‌ബേല, മകരാൻ എന്നിവ. ഇന്ത്യയോടും, പാകിസ്താനോടും ചേരാതെ സ്വതന്ത്രമായി നിൽക്കാനായിരുന്നു ഈ നാട്ടുരാജ്യങ്ങൾ തീരുമാനിച്ചത്. എന്നാൽ കലാട്ട് ഒഴിച്ചുള്ള ബലൂചിസ്ഥാൻ മേഖലയിലെ മറ്റു മൂന്ന് നാട്ടുരാജ്യങ്ങളും, മുഹമ്മദാലി ജിന്നയുടെ സമ്മർദത്തെ തുടർന്ന് പാകിസ്ഥാനിൽ ചേർന്നു . എന്നാൽ കാലാട്ടിലെ രാജാവ് ഖാൻ മീർ അഹമ്മദ് യാർഖാൻ ഇതിനെ എതിർക്കുകയും, സ്വാതന്ത്രരാജ്യമായി നില്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ജിന്നയും ഈ തീരുമാനം അംഗീകരിച്ചു. 1947 ഓഗസ്റ്റ് 15 ന് കലാട്ട് സ്വതന്ത്ര രാജ്യമായി ഖാൻ പ്രഖ്യാപിക്കുകയും, പ്രത്യേകം പാർലമെന്റ് രൂപീകരിക്കുകയും ചെയ്തു. കലാട്ട് രാജാവിന് നൽകിയ വാഗ്‌ദാനങ്ങൾ കാറ്റിൽ പരത്തിയ ജിന്ന പാകിസ്ഥാൻ പട്ടാളത്തെ വിട്ട് 1948 ഏപ്രിൽ 1 നു കാലാട്ടിനെയും ബലാൽക്കാരമായി പാകിസ്ഥാനിൽ ലയിപ്പിച്ചു.
കലാട്ടിനെ പാകിസ്താനിൽ ലയിപ്പിച്ചതിന് പിന്നാലെ, പ്രാദേശിക നേതാക്കളും ജനതയും പ്രതിഷേധം ആരംഭിച്ചു. നാട്ടുരാജ്യങ്ങളുടെ അധികാരങ്ങൾ ഒരിടത്തേക്ക് കേന്ദ്രീകരിക്കുന്നതിനായി "ഒരു യൂണിറ്റ്" എന്ന പദ്ധതിയും പാകിസ്ഥാൻ നടപ്പാക്കി. "ഒരു യൂണിറ്റ് " പദ്ധതി പിൻവലിച്ചു സ്വതന്ത്ര രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് , പ്രിൻസ് അബ്ദുൽ കരീം, നവാബ് നൗറോസ് ഖാൻ, ഷെർ മുഹമ്മദ് മറി തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ സായുധ സമരങ്ങൾക്ക് നേതൃത്വം നൽകി. 1958 ലും, 1961 ലും, 1971 ലും ഉൾപ്പെടെ നിരവധി ആഭ്യന്തര കലാപങ്ങൾ ബലൂചികൾ പാകിസ്താനെതിരെ നടത്തിയെങ്കിലും, അവയെല്ലാം പാകിസ്ഥാൻ സൈന്യം അതിക്രൂരമായി അടിച്ചമർത്തി. 2006 -ൽ ബലൂച് സ്വാതന്ത്ര്യപ്രസ്ഥാന നേതാവായിരുന്ന നവാബ് അക്ബർ ബുഗ്തിയുടെ കൊലപാതകത്തിന് ശേഷം, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഉൾപ്പെടെയുള്ള സംഘടനകൾ സായുധ സമരങ്ങൾ ശക്തമാക്കി. 2025-ൽ, BLA പാകിസ്താനിൽ 71 ആക്രമണങ്ങൾ നടത്തിയതായി പ്രഖ്യാപിച്ചു.
അവഗണയുടെ നെല്ലിപ്പലക കണ്ട ബലൂചികൾ
മരുഭൂമിക്ക് സമാനമായ രീതിയിൽ വരണ്ട ഭൂപ്രകൃതിയാണ് ബലൂചിസ്ഥാനിലേത്. , പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയായും ഏറ്റവും കുറച്ച് വികസിതമായ പ്രദേശമായും അറിയപ്പെടുന്നു. ആ രാജ്യത്തിൻറ്റെ വിസ്‌തൃതിയുടെ ഏകദേശം 44 ശതമാനം വരും ബലൂചിസ്ഥാൻ പ്രവിശ്യ.എന്നാൽ ജനസംഖ്യ നാലുപ്രവശ്യകളിലെ ഏറ്റവും കുറവും. 13 ദശലക്ഷം മാത്രമാണ് അവിടത്തെ ജനസംഖ്യ. അതായത് മൊത്തം പാക് ജനസംഖ്യയുടെ 5 ശതമാനം മാത്രം. പ്രകൃതിവാതകവും , കൽക്കരി ഉൾപ്പെടെയുള്ള പ്രകൃതിസമ്പത്തുക്കളാൽ സമ്പന്നമാണ് ഈ പ്രദേശം. പക്ഷെ ജനങ്ങളുടെ വരുമാനസ്രോതസ് കൃഷി, കാലിവളർത്തൽ, മത്സ്യബന്ധനം ക്ഷീരമേഖല എന്നിവയാണ്. ഇവിടത്തെ ധാതുസമ്പത്തുക്കൾ ഉപയോഗിച്ചാണ് പാകിസ്താനിലെ ഇതര പ്രവിശ്യകളിൽ വ്യവസായം നടത്തുന്നത്. ഇതൊന്നും ഈ പ്രവിശ്യയുടെ വികസനത്തിന് പാക് സർക്കാർ ഉപയോഗിക്കുന്നില്ല. അങ്ങിനെ ഏറ്റവും അവഗണിക്കപ്പെട്ട പ്രദേശമാണ് ബലൂചിസ്ഥാൻ. 85 ബില്യൺ അമേരിക്കൻ ഡോളറാണ് ഈ പ്രദേശത്തെ ജിഡിപി . ഇത് പാകിസ്താന്റെ മൊത്തം ജിഡിപി യുടെ 3.7 ശതമാനം വരും.എന്നാൽ പ്രതിശീർഷവരുമാനം വെറും 710 അമേരിക്കൻ ഡോളർ(PKR 178000) മാത്രമാണ്. 2001 ൽ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം 48 ശതമാനമായിരുന്നത് 2017 ൽ 58 ശതമാനമായി വർധിച്ചു. ബലൂചികളോടുള്ള പാകിസ്താൻറ്റെ ഈ അവഗണയാണ് അവർക്കു ഒട്ടും സഹിക്കാൻ പറ്റാത്തത് .
ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി
ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കാതെ പാകിസ്ഥാൻ കയ്യടക്കിവച്ചിരിക്കുന്ന കാശ്മീരിലൂടെ കടന്നുപോകുന്നു എന്നതിനാലാണ് ചൈനയുടെ OBOR(One Belt One Road) പദ്ധതിയിൽ ഇന്ത്യ ചേരാതിരുന്നത് . ഈ പദ്ധതിയുടെ ഭാഗമായുള്ള ചൈനയിലെ സിൻജിയാങ് പ്രവശ്യയെയും, ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേക്കും, ഗ്വാദർ തുറമുഖത്തിനും വേണ്ടി ചൈന മുടക്കുന്നത് 62 ബില്യൺ അമേരിക്കൻ ഡോളറാണ്. പദ്ധതിയുടെ ഏറ്റവും വലിയ ഉപഭോക്താവും ചൈനയാണ്. എന്നാൽ ബലൂചിസ്ഥാന്റെ വികസനത്തിന് വേണ്ടി OBOR പദ്ധതിയിൽ ഒന്നുമില്ലെന്ന് മാത്രമല്ല, ബലൂചിസ്ഥാൻറ്റെ ധാതുസമ്പത് കൊള്ളയടിച്ചാണ് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് എന്ന കാരണത്താൽ ബലൂച് ജനത ഇതിനെതിരാണ്. ഈ പദ്ധതിയുടെ നിർമാണത്തിനു തടസ്സമുണ്ടാക്കുവാനായി ബലൂച് ജനത അട്ടിമറി ശ്രമങ്ങളും സ്ഫോടനങ്ങളും നടത്തി. ഇതിൻറ്റെ ഭാഗമായി നിർമ്മിച്ച ന്യൂ ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളം, വിമാനയാത്രക്കാരില്ലാതെ പ്രവർത്തനരഹിതമായി തുടരുന്നു. പ്രദേശവാസികൾക്ക് വികസന പദ്ധതികളിൽ നിന്ന് യാതൊരു നേട്ടവും ലഭിക്കുന്നില്ല .
ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ
ബലൂചിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങൾ വ്യാപകമാണ്. പ്രതിഷേധകക്കാരെ കസ്റ്റഡിയിലെടുത്തു പീഡിപ്പിക്കുന്നതു നിത്യസംഭവമാണ്. അതുപോലെതന്നെയാണ് കസ്റ്റഡിയിൽ എടുത്ത പലരെയും പിന്നെ കാണാതാകുന്നതും. 2000 ൽ ബലൂച് ലിബറേഷൻ ആർമി രൂപീകരിക്കപ്പെട്ടശേഷം മാത്രം 16000 ൽ പരം ബലൂചികളെ പാകിസ്ഥാൻ പട്ടാളം കൊലപ്പെടുത്തിയിട്ടുണ്ട്. പൈശാചികതയുടെ പ്രതീകമായ പാകിസ്ഥാൻ പട്ടാളത്തിനെതിരെ ഇവർ ആയുധമെടുത്തുള്ള പോരാട്ടമാണ് നടത്തുന്നത്. ബി എൽ എ യെ അമേരിക്കയും, ചൈനയു, പാകിസ്ഥാനും ഭീകരവാദി സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ അതിനു തയ്യാറാകാത്തതുകൊണ്ടാണ്, അവിടത്തെ വിഘടന വാദത്തിന് ഇന്ത്യ സഹായിക്കുന്നു എന്ന് പാകിസ്ഥാൻ ആരോപിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പ് ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിൽ നിന്നും, പെഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ട്രെയിൻ ബി എൽ എ ആക്രമിച്ചു തട്ടിയെടുത്തു. ഒടുവിൽ പാക് പട്ടാളം എത്തിയാണ് 354 യാത്രക്കാരെ മോചിപ്പിച്ചത്. അന്നുണ്ടായ ഏറ്റുമുട്ടലിൽ 31 പേര് കൊല്ലപ്പെട്ടു.
ജാഫർ ട്രെയിൻ തട്ടിയെടുത്തതോടെ ബലൂചിസ്ഥാൻ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു എന്നത് വാസ്തവമാണ് . ഇന്ത്യൻ യൂട്യൂബർ നിതീഷ് രാജ്പുത് ബലൂചിസ്ഥാനെക്കുറിച്ചുള്ള വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷം പാകിസ്താനിൽ നിരോധിക്കപ്പെട്ടു . ലോക്കമെങ്ങുമുള്ള ലക്ഷങ്ങളാണ് ഇത് കണ്ടത്.
ബലൂചിസ്ഥാൻ മോചനം അകലെയോ?
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി സ്വതന്ത്ര ബലൂചിസ്ഥാൻ പ്രഖ്യാപിക്കുക മാത്രമല്ല, അംഗീകാരത്തിനായി ഐക്യ രാഷ്ട്ര സഭയോടും ഇന്ത്യയോടും അഭ്യർത്ഥിച്ചിട്ടുമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന രാജ്യത്തിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അംഗീകാരം നൽകാനുള്ള സാധ്യത ഇല്ല. കുറെ നാളുകൾ കൂടി ബി എൽ എ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടിവരും. ഇത് പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയും ഇടപെടലും ആവശ്യമാണ്
അഡ്വ.പി.എസ്.ശ്രീകുമാർ