Monday, 23 March 2026

 

സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക്  ജന്മം  നൽകിയത്   കോൺഗ്രസ്  സർക്കാരുകൾ  

അഡ്വ. പി എസ് ശ്രീകുമാർ 

        ഭരണഘടനയിലെ അനുച്ഛേദം  41 ൽ ഉൾപ്പെടുത്തിയ   നിർദേശക തത്വത്തിൽ   രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ  സമൂഹത്തിലെ അശരണരായ വിഭാഗങ്ങൾക്ക്  സർക്കാരിന്റെ സഹായം നൽകണമെന്നുള്ള  കാഴ്ചപ്പാടാണ് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പിന്നിലുള്ള ചേതോവികാരം.  ഈ കാഴ്ചപ്പാട്  ഉൾക്കൊണ്ടുകൊണ്ടാണ്  സാമൂഹ്യ  ക്ഷേമത്തിനായുള്ള  പദ്ധതികൾക്ക് കോൺഗ്രസ് നേതൃത്വം കൊടുത്ത സർക്കാരുകൾ സംസ്ഥാനത്തു തുടക്കം കുറിച്ചത്. 

                 സാമൂഹ്യ ക്ഷേമ പദ്ധതികളിൽ പ്രഥമസ്ഥാനം,   സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കാണ്.    ചിലർ ധരിച്ചിരിക്കുന്നത് , സാമൂഹ്യ ക്ഷേമ പെൻഷനുകൾ അനുവദിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ സർക്കാരുകൾ ആയിരുന്നുവെന്നാണ്.  ഈ  അടുത്ത കാലത്ത്  ഒരു അച്ചടി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സി പി ഐ സെക്രട്ടറി  ബിനോയ് വിശ്വം പറഞ്ഞത്  എഴുപതുകളിലെ സർക്കാരാണ്  ആദ്യമായി സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചതെന്നാണ്. ഇത് തികച്ചും തെറ്റായ ധാരണയാണ്. 1960 ലെ പട്ടം താണുപിള്ള സർക്കാരായിരുന്നു സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നമ്മുടെ സംസ്ഥാനത്തു ആദ്യമായി   അനുവദിച്ചത്.  70 വയസുകഴിഞ്ഞ  അനാഥരായ എല്ലാവര്ക്കും  പ്രതിമാസം 15 രൂപ പെൻഷനായി അനുവദിക്കുമെന്ന്  ധനകാര്യ വകുപ്പിൻറ്റെ  ചുമതലയുണ്ടായിരുന്ന  ഉപമുഖ്യമന്ത്രി ആർ.ശങ്കർ  1960 ജൂൺ 24 ന്  അവതരിപ്പിച്ച  സംസ്ഥാന  ബജറ്റിൽ  പ്രഖ്യാപിക്കുകയും (44 ആം ഖണ്ഡിക)  അത്  നടപ്പിലാക്കുകയും ചെയ്തു. പിന്നീട് 1961-62 ലെ ബജറ്റ്‌  അവതരിപ്പിച്ചുകൊണ്ട്     അനാഥരായ സ്ത്രീകളെ സുരക്ഷിതമായി പാർപ്പിക്കുവാൻ അബലാമന്ദിരങ്ങൾ (ബജറ്റ് പ്രസംഗം 74 ആം ഖണ്ഡിക)  നിർമിക്കുമെന്നു  പ്രഖ്യാപിച്ചതും  അദ്ദേഹമായിരുന്നു . അതുപോലെ അദ്ദേഹമാണ്  ശാരീരിക  അംഗ പരിമിതി (Differently abled) ഉള്ളവർക്ക്  ധനസഹായം നൽകുന്ന പദ്ധതിയും,  1962-63 ലെ ബജറ്റിലൂടെ നടപ്പിലാക്കിയത്.    (  1980 ലെ നായനാർ സർക്കാരിൽ   തൊഴിൽ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിൻറ്റെ  നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്  45 രൂപ കാർഷിക തൊഴിലാളി പെൻഷനായി  അന്ന്  അനുവദിച്ചത്. )

വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം  നടപ്പാക്കി 

       പിന്നീട് 1962 ൽ പട്ടം താണുപിള്ള മുഖ്യമന്ത്രിസ്ഥാനത്തുനിന്നും രാജിവെക്കുകയും,  പകരം ആർ . ശങ്കർ മുഖ്യമന്ത്രിയാകുകയും ചെയ്‌ത   അവസരത്തിലാണ്  മിതമായ വിലക്ക് അരി വിതരണം ചെയ്തുകൊണ്ട്  വിലക്കയത്തിൽ നിന്നും ജനങ്ങൾക്കു സംരക്ഷണം നൽകിയത്.  പ്രൈമറി  സ്കൂൾ  വിദ്യാർത്ഥികൾക്ക്  ഉച്ചക്കഞ്ഞി സമ്പ്രദായം  ഇന്ത്യയിൽ ആദ്യമായി  ആരംഭിച്ചതിനു പുറമേ , എട്ടാം ക്ലാസ് വരെയുള്ള  വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം സൗജന്യമാക്കുകയും ചെയ്തു. അറുപതുകളുടെ തുടക്കത്തിൽ  നില നിന്നിരുന്ന സാമൂഹ്യ സാഹചര്യം, ഇന്ന് ചിന്തിക്കാൻ പോലും സാധിക്കുകയില്ല.  ഈ നടപടിയിലൂടെ ജാതീയമായും മതപരമായും പിന്നോക്കകുടുംബങ്ങളിൽ ജനിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ്, സ്കൂളുകളിൽ  ചേരുവാനും,  പഠിക്കുവാനും  സാഹചര്യമൊരുക്കിയത്.   അതുപോലെതന്നെ പ്രാധാന്യമുള്ളതാണ്, കടുത്ത ദാരിദ്ര്യവും ബുദ്ധിമുട്ടും അനുഭവിക്കുന്ന  വൃദ്ധ ജനങ്ങൾക്ക്  വാർദ്ധക്യകാല  പെൻഷൻ അനുവദിച്ചത് 

ജന്മിത്തം അവസാനിപ്പിച്ചു  

      ജന്മിത്വം അവസാനിപ്പിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഉദ്ഭവകാലം മുതലുള്ള  മുദ്രാവാക്യമായിരുന്നു.  എന്നാൽ അത് നടപ്പിലാക്കിയത് കോൺഗ്രസ് പിന്തുണയുണ്ടായിരുന്ന  അച്യുതമേനോൻ സർക്കാരായിരുന്നു. ജന്മിത്വം അവസാനിപ്പിച്ചുകൊണ്ട്  അഞ്ചു ലക്ഷം കര്ഷക തൊഴിലാളികൾക്കു  പത്തു സെൻറ്  വീതം  സ്ഥലം അനുവദിച്ചു നൽകിയത് 1970  ലെ  കോൺഗ്രസ്  പിന്തുണ  നൽകിയ  സർക്കാർ ആയിരുന്നു.  ഭാരത സർക്കാരിന്റെ മാതൃക പിന്തുടർന്ന്  കഷ്ടപ്പാടും ദുരിതവും അനുഭവിച്ചുപോന്ന  സ്വാതന്ത്ര്യ സമര യോദ്ധാക്കൾക്കു  പെൻഷൻ അനുവദിച്ചു.  കേരളത്തിലെ കോളേജുകളിൽ ഫീസ് ഏകീകരണം ആവശ്യപ്പെട്ടുകൊണ്ട് എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ  യൂത്ത് കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ്  ഫീസ് ഏകീകരണം നടപ്പാക്കാൻ  1972 ൽ ഐക്യ മുന്നണി സർക്കാർ തയ്യാറായത്.  പട്ടികജാതി-പട്ടിക വർഗ്ഗക്കാരായ എല്ലാവര്ക്കും വീട് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ  അടിയന്തിരാവസ്ഥ കാലത്തു  നടപ്പിലാക്കിയ സാമൂഹ്യ  പദ്ധതിയാണ്  ലക്ഷം വീട് പദ്ധതി.  1973 ലാണ് വിധവകൾക്ക് പെൻഷൻ അനുവദിച്ചു ഉത്തരവ് പുറപ്പെടുവിച്ചത്.  സർക്കാർ സർവീസിൽ മഷിയിട്ടു നോക്കിയാൽ പോലും കാണാതിരുന്ന പട്ടികജാതി;പട്ടികവർഗ വിഭാഗക്കാർക്ക് പ്രത്യേക റിക്രൂട്ടിട്മെന്റിലൂടെ  ഉയർന്ന ഉദ്യോഗങ്ങളിലേക്കു നിയമനം നടത്തിയത് ഈ സർക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരൻറ്റെ  നിര്ബന്ധത്താലായിരുന്നു.  ഈ സർക്കാരിന്റെ കാലത്തു തന്നെയാണ് , കർഷകരുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട കർഷക തൊഴിലാളി നിയമം  അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രി ആയിരുന്ന വക്കം പുരുഷോത്തമൻ  1975  ഒക്ടോബര് 2 , ഗാന്ധിജയന്തി  ദിനത്തിൽ  പ്രാബല്യത്തിൽ വരുത്തിയത്. കുഷ്ഠ രോഗികൾക്കും, കാൻസർ രോഗികൾക്കും സാമ്പത്തിക സഹായം അനുവദിക്കുവാൻ തീരുമാനിച്ചതും അച്യുതമേനോൻ സർക്കാർ ആയിരുന്നു. 

വോട്ടിങ്‌  പ്രായം 18  വയസ്സാകുന്നു 

      യുവ ജനങ്ങൾക്ക് ജനാധിപത്യ ഭരണത്തിൽ  കൂടുതൽ പ്രാതിനിധ്യം  വേണമെന്ന് ആവശ്യപ്പെട്ട പ്രസ്ഥാനം  എ.കെ.ആന്റണിയും, ഉമ്മൻ ചാണ്ടിയും  നയിച്ച അന്നത്തെ യൂത്ത് കോൺഗ്രസ് ആയിരുന്നു.  1977 ൽ മുപ്പത്തി ഏഴാം വയസ്സിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആയ  ആന്റണിയും  തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന  ഉമ്മൻ ചാണ്ടിയും   ആദ്യം എടുത്ത തീരുമാനങ്ങളിൽ ഒന്ന് തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടിംഗ് പ്രായം 21 ൽ നിന്നും 18  ആയി  കുറക്കുക എന്നതായിരുന്നു. ഇന്ത്യക്കു തന്നെ മാതൃകയായ തീരുമാനമായിരുന്നു അത്. ഇതിനെ തുടർന്നാണ് മറ്റു സംസ്ഥാനങ്ങളും  വോട്ടിംഗ് പ്രായം 18  ആയി   കുറച്ചത് . പി എസ്  സി വഴിയുള്ള നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായം 35  ആയി ഉയർത്തിയതും   സർക്കാർ ജീവനക്കാർക്ക്, ഇന്ത്യയിൽ ആദ്യമായി ഉത്സവ ബത്ത   അനുവദിച്ചതും  അതേ സർക്കാർ തന്നെ ആയിരുന്നു. സാമൂഹ്യമായി പിന്നോക്കാവസ്ഥയിൽ ആയിരുന്ന മൽസ്യ തൊഴിലാളി കുടുംബങ്ങൾക്ക്  കാൽ  ലക്ഷം  വീടുകൾ നിർമിച്ചു നൽകിയ അന്റണി  സർക്കാർ, ചെങ്കൽച്ചൂളയിലെ  ഹരിജൻ കോളനികൾ പുനരുദ്ധീകരിക്കുകയും  ചെയ്‌തു .  കർഷകരുടെ  സാമ്പത്തിക പ്രയാസങ്ങൾക്ക് ആശ്വാസം പകരുവാനായി നെല്ലിനും, മരച്ചീനിക്കും താങ്ങു വില ഏർപ്പെടുതി.  സാധുക്കളായ   വിധവകളുടെ പെൺമക്കളുടെ  വിവാഹത്തിന് ധന സഹായം നൽകുന്ന പദ്ധതി ആരംഭിച്ചതും  എ.കെ.ആന്റണി ആയിരുന്നു. കായിക താരങ്ങൾക്ക്  പെൻഷൻ എന്ന ആശയം നടപ്പിൽ വരുത്തിയതും ഈ സർക്കാർ ആയിരുന്നു. തൊഴിൽ രഹിതരായ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതുവരെ തൊഴിൽരഹിത വേതനം  നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതും  ആന്റണി സർക്കാർ ആയിരുന്നു.

കലാകാരന്മാർക്കും പത്രപ്രവർത്തകർക്കും   പെൻഷൻ 

      അവശത അനുഭവിക്കുന്ന കലാകാരന്മാരെ   ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഒരു യാത്രക്കിടയിൽ പഴയകാല സിനിമ നടനായ മുതുകുളം രാഘവൻ പിള്ള തന്റെ അവശതകളും, ബുദ്ധിമുട്ടുകളും മുഖ്യമന്ത്രി കരുണാകരന്റെ ശ്രദ്ധയിൽപ്പെടുത്തി. മുതുകുളം രാഘവൻ പിള്ളയുടെ ജീവിത ക്ലേശങ്ങളാണ് അവശകലാകാരന്മാർക്കു  പെൻഷൻ നൽകുന്ന പദ്ധതിക്ക് രൂപം നൽകുവാൻ കരുണാകരനെ പ്രേരിപ്പിച്ചത്.   പത്രപ്രവർത്തകർക്കുള്ള പെൻഷൻ  അനുവദിക്കുവാൻ തീരുമാനിച്ചതും അദ്ദേഹമായിരുന്നു.

പ്രീഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കണമെന്നത്  കെ എസ് യു വും, എസ്  എഫ് ഐയ്യും ഉൾപ്പെടെയുള്ള  വിദ്യാർത്ഥി സംഘടനകളുടെ  ദീർഘനാളത്തെ ആവശ്യമായിരുന്നു. ഇടതുപക്ഷ സർക്കാരുകളൊന്നും നടപ്പിലാക്കാതിരുന്ന  ഈ ആവശ്യം നടപ്പിലാക്കിയത്   1991 ലെ  കരുണാകരൻ സർക്കാരായിരുന്നു.  അതുപോലെ സർക്കാർ ജീവനക്കാരുടെ  ഉത്സവ ബത്ത ബോണസ് ആക്കി  മാറ്റി ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാൻ നേതൃത്വം നൽകിയതും  അദ്ദേഹമായിരുന്നു. 

വാർദ്ധക്യകാല  പെൻഷനുകൾ 

      പ്രധാനമന്ത്രിയായിരുന്ന  ഇന്ദിരാഗാന്ധിയുടെ  സ്മരണ നിലനിർത്തുവാനായി  അവശരും,വൃദ്ധരും, വികലാൻഗരും  അശരണരുമായവ്യക്തികൾക്ക്   സഹായം നൽകുക എന്ന ഉദ്ദേശത്തോടെ  1993 ൽ ഡോ .മൻമോഹൻസിംഗിന്റെ  നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രൂപം  കൊടുത്തതാണ്  ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിര ഗാന്ധി   ദേശീയ  വിധവാ  പെൻഷൻ, വികലാങ്ക   പെൻഷൻ എന്നിവ. കേന്ദ്ര  സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതികൾക്കാവശ്യമായ തുക  യോജിച്ചാണ് കണ്ടെത്തുന്നത്. 1995 ലാണ്‌  കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയതെങ്കിലും, കരുണാകരൻ സർക്കാർ ഈ പദ്ധതി 1993 ൽ തന്നെ കേരളത്തിൽ നടപ്പിലാക്കി.                          ഇന്ന് കേരളത്തിൽ നാല്പത്തി നാല് ലക്ഷത്തിൽ പരം ആളുകൾക്ക് പ്രതിമാസം 623  കോടി രൂപക്ക് മുകളിൽ വിവിധ പെന്ഷനുകളായി  ഈ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നുണ്ട്.

            1996 ഏപ്രിൽ 1 മുതൽ കേരളത്തിൽ ചാരായ നിരോധനം നടപ്പിലാക്കുവാനുള്ള ആന്റണി സർക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനവും സമൂഹത്തിലെ പാവങ്ങളുടെ  സാമൂഹ്യ സുരക്ഷാ ഉറപ്പുവരുത്തുക  എന്നതായിരുന്നു.  വീടുകളിൽ സമാധാന അന്തരീക്ഷം പുലരണമെന്നു ആഗ്രഹിച്ച വീട്ടമ്മമാരും, സുഗതകുമാരി ടീച്ചറിനെ പോലെയുള്ള സാംസ്‌കാരിക പ്രവർത്തകരും, മത മേലധ്യക്ഷന്മാരും നിരന്തരമായി ഉന്നയിച്ചുപോന്ന ഒരു ആവശ്യമായിരുന്നു ചാരായ നിരോധനം എന്നത്.

വിവരാവകാശനിയമം  

            2001 -2005  കാലഘട്ടത്തിലെ ആന്റണി-ഉമ്മൻ ചാണ്ടി സർക്കാരുകളുടെ കാലത്താണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ  വിവരാവകാശ നിയമം കേരളത്തിൽ നടപ്പിലാക്കിയത്. സർക്കാർ തലത്തിൽ നടക്കുന്ന അഴിമതിയും ധൂർത്തും പൊതുജന മധ്യത്തിൽ കൊണ്ടുവരുവാനും  സുതാര്യത ഉറപ്പുവരുത്തുവാനും ഈ നിയമം സഹായിച്ചു.  മൂന്നു രൂപ നിരക്കിൽ അരി, ദരിദ്ര വിഭാഗങ്ങൾക്ക് ഇൻഷുറൻസ്‌ പരിരക്ഷ, സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തോടൊപ്പം മുട്ട തുടങ്ങിയ ഒട്ടേറെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ  നടപ്പിലാക്കിയത്  ആന്റണിക്കുശേഷം  മുഖ്യമന്ത്രിയായ  ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള  ഐക്യ ജനാധിപത്യ മുന്നണി സർക്കാരായിരുന്നു . 

ഒരു രൂപക്ക് അരി 

             2011 -2016 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ മുദ്രാവാക്യം  "വികസനവും കരുതലും" എന്നതായിരുന്നു. സർക്കാർ അധികാരത്തിലേറി നൂറു ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു രൂപയ്ക്കു  പാവങ്ങൾക്ക്  അരി നൽകുന്ന പദ്ധതി നടപ്പിലാക്കി. 5 .8  ലക്ഷം അതിദരിദ്ര കുടുംബങ്ങൾക്ക് ഒരു രൂപ നിരക്കിൽ  35 കിലോയ് അരിയും , 14 .7  ലക്ഷം ബി പി ൽ  കുടുംബങ്ങൾക്ക് ഒരു രൂപ നിരക്കിൽ 25 കിലോ അരിയും  രണ്ടു രൂപക്ക് ഗോതമ്പും  വിതരണം ചെയ്തു. ഈ പദ്ധതി മൊത്തത്തിൽ 94  ലക്ഷം പേർക്ക് പ്രയോജനപ്പെട്ടു.  ഇന്ത്യയിൽ നടാടെയാണ് ഒരു സംസ്ഥാന സർക്കാർ ഇങ്ങിനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്.  2011 ൽ അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ രണ്ടര ലക്ഷത്തിലേറെ പേര് റേഷൻ കാർഡിനായി അപേക്ഷിച്ചു കാത്തിരിക്കുകയായിരുന്നു. നടപടിക്രമങ്ങളിൽ നൂലാമാലകൾ കാരണം പരിശോധന പൂർത്തിയാക്കി കഴിഞ്ഞാലേ കാർഡ് അനുവദിക്കുകയുള്ളു. ഈ ബുദ്ധിമുട്ടു ഒഴിവാക്കുവാൻ  അപേക്ഷിച്ചവർക്കെല്ലാം 24  മണിക്കൂറിനുള്ളിൽ കാർഡ് നൽകാനായിരുന്നു മന്ത്രിസഭായോഗം എടുത്ത തീരുമാനം. പഴയ കുടിശ്ശിക ഒരു മാസത്തിനുള്ളിൽ കൊടുക്കുവാനും തീരുമാനിച്ചു. ആരെങ്കിലും വ്യാജമായി കാർഡ് സമ്പാദിച്ചു എന്ന് പിന്നീട് തെളിഞ്ഞാൽ അത്  ക്യാൻസൽ ചെയ്യുവാനുള്ള അധികാരം വകുപ്പിനു നൽകുകയും ചെയ്തു. അതുകൊണ്ടു അർഹരായ എല്ലാവര്ക്കും  അപേക്ഷ സമർപ്പിച്ചു 24 മണിക്കൂറിനുള്ളിൽ കാർഡ് ലഭിക്കുന്ന അവസ്ഥ ഉണ്ടാക്കുവാൻ സർക്കാരിന് കഴിഞ്ഞു.    

ഉറവവറ്റാതിരുന്ന കാരുണ്യ 

          സംസ്ഥാന ലോട്ടറി വകുപ്പിന്റെ പ്രവർത്തനം പുനഃസംഘടിപ്പിച്ചതിനോപ്പം കാരുണ്യ പ്ലസ് എന്ന പേരിൽ ഒരു ലോട്ടറി ഉമ്മൻചാണ്ടി സർക്കാർ  തുടങ്ങുകയും, അതില്നിന്നുമുള്ള വരുമാനം മുഴുവൻ  പാവങ്ങൾക്കായുള്ള ചികിത്സ ധനസഹായം നൽകുവാൻ ഉപയോഗിക്കുകയും ചെയ്തു. നടപടി ക്രമങ്ങൾ ലളിത വൽക്കരിച്ചു നടപ്പിലാക്കിയ കാരുണ്യ ചികിത്സ പദ്ധതിക്കു   1200  കോടി രൂപയുടെ ധനസഹായമാണ്  അനുവദിച്ചത്. പതിനായിരക്കണക്കിന് പാവപ്പെട്ട ആളുകൾക്ക് ആശ്വാസമായ  കാരുണ്യ പദ്ധതി പിണറായി സർക്കാർ ഇല്ലാതാക്കിഎന്ന് മാത്രമല്ല കോടികളാണ് കുടിശ്ശികയായി നൽകാനുള്ളത്.

      പിടിപാടുള്ളവർക് മാത്രം ലഭ്യമായിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  ജനകീയവത്കരിച്ചുകൊണ്ടു പതിനായിരങ്ങളുടെ കണ്ണീരൊപ്പാൻ ഉപയോഗിച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം പോലും, ഇടതു സഹയാത്രികർക്കല്ലാതെ മറ്റാർക്കും ലഭിക്കുന്നില്ല. 


പിന്നോക്ക-മുന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ 

     പിന്നോക്ക സമുദായ വികസന വകുപ്പ് , മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കുവേണ്ടി മുന്നോക്ക കോര്പറേഷന്, മുന്നോക്ക കമ്മീഷൻ എന്നിവ രൂപീകരിക്കുകയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക്  പഠനാവശ്യത്തിനു സാമ്പത്തിക സഹായം നൽകുകയും ചെയ്തു.   ധീവരർ, വിശ്വകര്മാര്,മൺപാത്ര നിർമാണ സമുദായം തുടങ്ങിയവയിലെ വിദ്യാർത്ഥികൾക്ക്  പ്രത്യേക സംവരണം ഏർപ്പെടുത്തി. മറ്റു  മുപ്പതോളം പിന്നോക്കസമുദായങ്ങളിലെ അംഗങ്ങൾക്കും  വിദ്യാഭ്യാസത്തിനായി പ്രത്യേക സംവരണം ഏർപ്പെടുത്തി.  ബാർബർ ഷോപ്പുകൾ നവീകരിക്കാൻ സാമ്പത്തിക സഹായം അനുവദിച്ചത്തിലൂടെ എല്ലാവരാലും തഴയപ്പെട്ട ഒരു സമുദായത്തിന്റെ  ആവശ്യമാണ് നടപ്പിലാക്കിയത്.   ഒബിസി വിഭാഗത്തിലെ സമർഥരായ വിദ്യാർത്ഥികൾക്ക് വിദേശത്തു ഉന്നത വിദ്യാഭ്യാസത്തിനായി 10  ലക്ഷം രൂപവച്ചു നൽകി. കുമാരപിള്ള കമ്മീഷൻ ശുപാർശ പ്രകാരമുള്ള  വരുമാന പരിധി കാലോചിതമായി വർധിപ്പിച്ചു.

     റബ്ബറിന് വിലയിടിഞ്ഞ സമയത്തു നടപ്പാക്കിയ വില സ്ഥിരത പദ്ധതിയിലൂടെ ഒരു കിലോ റബ്ബറിന്  കുറഞ്ഞ വില 150 രൂപ  ഉറപ്പ്പുവരുത്തി. സർക്കാരിന്റെ ഏജൻസികൾ മുഖേന റബർ  സംഭരണം നടത്തി വിയിടിച്ചിലിൽ നിന്നും കർഷകരെ രക്ഷിച്ചു. 300  കോടി രൂപയാണ് ഈ ആവശ്യത്തിനായി ചിലവഴിച്ചത്. പിണറായി സർക്കാർ അധികാരത്തിൽ  വന്നു പത്തു  വർഷമായിട്ടും സംഭരണ വിലയിൽ കർഷകർക്ക് തൃപ്തികരമായ രീതിയിൽ     വർധിപ്പിക്കാൻ തയ്യാറായിട്ടില്ല.

സൗജന്യ മരുന്ന് 

      സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന മുഴുവൻ രോഗികൾക്കും സൗജന്യമായി ജനറിക്  മരുന്നുകൾ വിതരണം ചെയ്തുകൊണ്ട് സർക്കാർ മാതൃക സൃഷ്ടിച്ചു. 69  ആന്റി കാൻസർ മരുന്നുകൾ ഉൾപ്പെടെ 565 ഇനം ആവശ്യമരുന്നുകൾ വിതരണം ചെയ്തു. 1200  കോടി രൂപയുടെ മരുന്നുകളാണ് ഇങ്ങനെ വിതരണം ചെയ്തത്. മരുന്ന് വില നിയന്ത്രിക്കാൻ ജില്ലാ ആശുപത്രികളോട് ചേർന്ന് കുറഞ്ഞ വിലക്ക് മരുന്നുകൾ നൽകുന്ന  കാരുണ്യ ഫർമാസികൾ ആരംഭിച്ചു.

കരുത്തുറ്റ സാമൂഹ്യ സുരക്ഷ 

      സാമൂഹ്യ സുരക്ഷാ മിഷൻറ്റെ  കീഴിൽ 14  പദ്ധതികൾ നടപ്പാക്കി. 48  ലക്ഷം ഗുണഭോക്താക്കൾക്കു ഇതിന്റെ പ്രയോജനം ലഭിച്ചു. കിടപ്പിൽ ആയവർക്ക് സാമ്പത്തിക സഹായം നൽകുന്ന ആശ്വാസ കിരണം, അവിവാഹിതരായ അമ്മമാർക്ക് സ്നേഹസ്പർശം, എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ നൽകുന്ന സ്നേഹ സാന്ത്വനം, ഗുരുതര രോഗബാധിതരായ കുട്ടികളുടെ സൗജന്യ ചികിത്സക്ക് താലോലം, 65 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യ പരിരക്ഷക്കു വയോമിത്രം, സൗജന്യ ഭക്ഷണത്തിനു വിശപ്പുരഹിത നഗരം, കേൾവി ഇല്ലാത്ത കുഞ്ഞുങ്ങൾക്ക്   ശ്രുതിതരംഗം, മാതാവോ പിതാവോ മരിച്ച കുട്ടികൾക്ക് സ്നേഹപൂർവ്വം, ഡയാലിസിസ് നടതുന്നവർ,, ലിവർ/കിഡ്നി  മാറ്റിവച്ചവർ, ഹീമോഫീലിയ രോഗികൾ എന്നിവർക്കു സാമ്പത്തിക സഹായം  തുടങ്ങി നിരവധി പദ്ധതികൾ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കി.

     സർക്കാർ ആശുപതികളിൽ പ്രസവ ചികിത്സയുംനവജാത ശിശുവിന്റെ 30  ദിവസം വരെയുള്ള ആരോഗ്യപരിരക്ഷയും സൗജന്യമാക്കിക്കൊണ്ടുള്ള അമ്മയും കുഞ്ഞും പദ്ധതി, നവജാത ശിശുക്കളിലെ ജനിതക രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ന്യൂ ബോൺ  സ്ക്രീനിംഗ്, 18  വയസ്സുവരെയുള്ള കുട്ടികൾക്ക് എല്ലാ രോഗങ്ങൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ കിരണം പദ്ധതി എന്നിവ നടപ്പാക്കി. 13270  സ്കൂളുകളിലെ 48  ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ചികിത്സയും,മരുന്നും  ലഭ്യമാക്കുന്ന വിദ്യാലയാരോഗ്യ   പദ്ധതിക്കും തുടക്കം കുറിച്ച്.

 അഞ്ചുവര്ഷംകൊണ്ട് നാലേകാൽ  ലക്ഷം വീടുകൾ 

    അഞ്ചു വര്ഷം കൊണ്ട് 1.84 ലക്‍ഷം പേര്‍ക്  പട്ടയം നല്‍കി. ഇന്ദിര അവാസ് യോജന, എസ്.ടി. സ്നേഹ വീട്, ഗോത്രവര്‍ഗം, മത്സ്യതൊഴിലാളി ഭവനം, പട്ടികജാതി ഭവനം എന്നിങ്ങനെ വിവിധ പദ്ധതികളിലായി  4,24,449  വീടുകളാണ്  ഉമ്മൻ ചാണ്ടി സർക്കാർ അഞ്ചു വര്ഷം കൊണ്ട് പൂർത്തീകരിച്ചത്. അതേസമയം, പുനർനാമകരണം ചെയ്ത ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ പത്തുവർഷം കൊണ്ട്, സർക്കാരിന്റെ കണക്കുപ്രകാരം,   അഞ്ചുലക്ഷം വീടുകൾ  മാത്രമേ  പിണറായി സർക്കാറിന്  പൂർത്തിയാക്കുവാൻ സാധിച്ചിട്ടുള്ളു..  .

സൗജന്യ വൈദ്യുതി 

     ജീവൻ നിലനിർത്തുവാൻ വേണ്ടി ലൈഫ് സപ്പോർട്ട് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗജന്യമായി  നൽകി.കൊണ്ട്  അവരുടെ സാമ്പത്തിക ഭാരം കുറക്കുവാനുള്ള ഉത്തരവ് ഇറക്കി.

സാമൂഹ്യക്ഷേമ പെൻഷനുകൾ 

     2011-16 ലെ  യുഡിഎഫ്  സർക്കാർ അധികാരത്തിൽ വരുമ്പോൾ  കേരളത്തിൽ സാമൂഹ്യ  ക്ഷേമ പെൻഷൻ തുക നൽകിയിരുന്നത്  പ്രതിമാസം 250 രൂപ ആയിരുന്നു. സർക്കാരിന്റെ  കാലാവധി അവസാനയ്ക്കാറായപ്പോൾ, 250 ആയിരുന്നത് അച്ച്യതാനന്ദൻ സർക്കാർ  50 രൂപ കൂട്ടി 300 ആക്കി ഉത്തരവിറക്കി. എന്നാൽ ഈ തുക നല്കിത്തുടങ്ങിയത് ഉമ്മൻചാണ്ടി സർക്കാരായിരുന്നു. പിന്നീട്  ഉമ്മൻ ചാണ്ടി സർക്കാർ ആദ്യവർഷം 300ൽ നിന്ന് 400 ആക്കി ഉയർത്തി. ( GO (ms) 60/2011 SWD-13/12/2011).  2012   വീണ്ടും ഉമ്മൻ ചാണ്ടി സർക്കാർ GO (ms) 50/2012-22/8/2012 നമ്പർ ഉത്തരവ് പ്രകാരം:

 1. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള വാർദ്ധക്യകാല പെൻഷൻ 400 ൽ നിന്ന്  900 രൂപയാക്കി.

2. വികലാംഗ പെൻഷൻ 400ൽ നിന്ന് 700 ആക്കി.

3. മറ്റുള്ള മുഴുവൻ പെൻഷനുകളും 400ൽ നിന്ന് 525 ആക്കി.

 മാത്രമല്ല വർദ്ധിച്ച നിരക്ക്  2012 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നൽകാനും തീരുമാനിച്ചു.

      കൂടാതെ 20/06/2014 ന് GO (ms) 52/2014 നമ്പർ ഉത്തരവ് പ്രകാരം പെൻഷൻ നൽകാനുള്ള വരുമാന പരിധി ഒരു ലക്ഷം ആക്കിയതോടൊപ്പംവിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്ന് ലഭിക്കുന്ന പെൻഷൻ വാങ്ങുന്നവർക്കും അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങാം എന്നും തീരുമാനിച്ചു.

              G0 (MS ) 24/2016 - 1/3/2016 നമ്പർ ഉത്തരവ് പ്രകാരം ഉമ്മൻ ചാണ്ടി സർക്കാർ 75 വയസ്സിന് മുകളിലുള്ളവർക്കുള്ള വാർദ്ധക്യകാല പെൻഷൻ 900 രൂപയിൽ നിന്ന് വീണ്ടും 1500 രൂപയായി ഉയർത്തി.  5,28,117 ലക്ഷം പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. അതുപോലെ 80 ശതമാനത്തിനുമുകളിൽ വൈകല്യം ഉള്ളവരുടെ പെൻഷൻ 1100  രൂപയായി  വർധിപ്പിച്ചു.49,082  പേർക്ക് ഈ വർദ്ധനവ് അനുഗ്രഹമായി മാറി. മറ്റു പെൻഷനുകൾ 600  രൂപയായും  വര്ധിപിപ്പിച്ചു. മാത്രമല്ല, ഈ പെൻഷനുകൾ, ഇടനിലക്കാരില്ലാതെ  അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുന്ന  (Direct Benefit Transfer) രീതിയിലേക്ക് മാറ്റുകയും ചെയ്തു. ഇത് തുരങ്കം വെക്കുവാൻ ഇടതുമുന്നണി ഭരിച്ചിരുന്ന ചില സഹകരണ ബാങ്കുകൾ  മനഃപൂർവം തടസ്സങ്ങളുണ്ടാക്കി ഈ പെൻഷനുകൾ അതതുമാസം  നൽകുന്നതിൽ കാലതാമസം വരുത്തുവാൻ ബോധപൂർവം ശ്രമിച്ചു. അല്ലാതെ 18 മാസം കുടിശ്ശിക വരുത്തി എന്ന് ഇന്ന് ഇടതുനേതാക്കൾ പ്രസംഗിച്ചു നടക്കുന്നത് കല്ലുവച്ച നുണയാണ്.

            2016  മേയിൽ    അധികാരത്തിൽ വന്ന പിണറായി സർക്കാർ ആദ്യമേ ചെയ്തത് GO (ms) 282/2016-15/7/2016 നമ്പർ ഉത്തരവ് പ്രകാരം എല്ലാ പെൻഷനുകളും പ്രതിമാസം 1000 രൂപയായി നിജപ്പെടുത്തി.മാത്രവുമല്ല, ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്ന ആളുകൾക്ക് സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാൻ പാടില്ല എന്ന ചട്ടവും പാസ്സാക്കി.രണ്ടു പെൻഷനുകളിലൂടെ  കൂടുതൽ ലഭിച്ചിരുന്ന വരുമാനം  വെട്ടികുറക്കുകയാണ്  യഥാർത്ഥത്തിൽ പിണറായി സർക്കാർ ചെയ്തത്. പിന്നീട് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ്, (2021 ഏപ്രിൽ 1 മുതൽ)  1600 രൂപയായി അവർ പെൻഷനുകൾ വർധിപ്പിച്ചതും മാസങ്ങളോളം കുടിശ്ശികയുണ്ടായിരുന്നത് കൊടുത്തുതീർത്തതും.

മാത്രമല്ല, 2021ലെ ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞത് വീണ്ടും അധികാരത്തിലേറിയാൽ, സാമൂഹ്യ ക്ഷേമ പെൻഷനുകൾ 2500 രൂപയായി വര്ധിപ്പിക്കുമെന്നാണ്.  എന്നാൽ 2025 സെപ്തംബര് മാസം വരെ സാമൂഹ്യ ക്ഷേമപെന്ഷനുകളിൽ ഒരു രൂപയുടെ വർദ്ധനവ് പോലും പിണറായി സർക്കാർ വരുത്തിയില്ല. എന്നാൽ, 2025 നവംബറിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്,  പെൻഷനുകൾ 1600 രൂപയിൽ നിന്നും 400 രൂപ വർധിപ്പിച്ച്  2000 രൂപയാക്കുകയും അവർ വരുത്തിയ കുടിശ്ശികകൾ കൊടുക്കുകയും ചെയ്തു.   2500 രൂപയെന്ന  വാഗ്‌ദാനം   ഇപ്പോഴും ഒരു മരീചികയായി നിൽക്കുന്നു.  മറ്റ് പല വാഗ്ദാനങ്ങളും പോലെ ഈ  വാഗ്‌ദാനവും   വോട്ട് ബാങ്കിൽ മാത്രം കണ്ണുംനട്ടുള്ളതാണ്. 2011ൽ 250 രൂപ വച്ച് നൽകിയിരുന്ന പെൻഷനുകൾ 2016 ആയപ്പോഴേക്കും 1500 രൂപയാക്കി  ഉമ്മൻ ചാണ്ടി സർക്കാർ  വർധിപ്പിച്ചെങ്കിൽ, 2011ൽ 1500 രൂപ വരെയുണ്ടായിരുന്ന  പെൻഷനുകൾ പത്തുവർഷം കൊണ്ട് ഇരട്ടിയാക്കുവാൻ പോലും പിണറായി സർക്കാരിന് സാധിച്ചിട്ടില്ല. പാവപ്പെട്ടവരോട് ഇവർക്ക് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ, പെൻഷനുകൾ 2500 രൂപയാക്കുമെന്ന വാഗ്ദാനം ഇവർ നടപ്പിലാക്കണമായിരുന്നു.  പാവങ്ങളുടെ പേരിൽ   മുതലക്കണ്ണീർ പൊഴിക്കാൻ മാത്രമേ ഇവർക്കറിയുകയുള്ളു എന്ന് വീണ്ടും പിണറായി സർക്കാർ  തെളിയിച്ചിരിക്കുകയാണ്. സാമൂഹ്യക്ഷേമ പെന്ഷന്കാരോടുള്ള ഈ വഞ്ചനക്ക്  ഏപ്രിൽ 9നു നടക്കുന്ന തെരഞ്ഞെടുപ്പിൽ അവർ ശക്തമായ  തിരിച്ചടി നൽകും എന്നതിൽ തർക്കമില്ല. 

 

അഡ്വ.പി എസ് ശ്രീകുമാർ ,