അമേരിക്കൻ ജനാധിപത്യത്തിലെ പുഴുക്കുത്തുകൾ
പി.എസ് .ശ്രീകുമാർ
ഏറെ അനിശ്ചിതത്വങ്ങൾക്കും, സംഘർഷങ്ങൾക്കും, പിരിമുറുക്കങ്ങൾക്കും ഒടുവിലാണ് അമേരിക്കയുടെ 46 -മത് പ്രസിഡന്റായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ജോ ബൈഡൻ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒരു പക്ഷെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ തെരഞ്ഞെടുപ്പുകളിൽ ഒന്നായിരുന്നു ഇത്തവണത്തേതു് . വായിൽതോന്നിയതൊക്കെ പരസ്യമായി വിളിച്ചു പറയുകയും, എതിരാളികളെ വ്യക്തിഹത്യ നടത്തുന്നതിൽ യാതൊരു ലോഭവും കാണിക്കാത്ത നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ യാണ്, മാന്യതയുടെ ആൾരൂപവും , പക്വ് മതിയുമായ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ തോൽപ്പിച്ചത്. 28 വര്ഷങ്ങള്ക്കു മുമ്പ് , 1992 ൽ വീണ്ടും മത്സരത്തിനിറങ്ങിയ ജോർജ് ബുഷിന് ശേഷം ആദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റ്, മത്സരത്തിൽ തോൽക്കുന്നത്.
ഈ തെരെഞ്ഞെടുപ്പ് ഫലത്തിനായി കാതോർത്തിരുന്നത് അമേരിക്കൻ ജനത മാത്രമായിരുന്നില്ല , മറ്റു ലോകരാജ്യങ്ങളും വളരെയേറെ ആശങ്കയോടെയാണ് തെരഞ്ഞെടുപ്പ് ഫലത്തിനായി ഉറ്റു നോക്കിയിരുന്നത്. തൊണ്ണൂറുകളിൽ ഉണ്ടായ സോവിയറ്റ് റഷ്യയുടെ തകർച്ചക്ക് ശേഷം അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏക ധ്രുവ ലോക ക്രമമാണ് ഇന്ന് നിലവിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി മാത്രമല്ല, ഏറ്റവും വലിയ സമ്പത് ഘടനയും അമേരിക്കയുടേതാണ്. ഈ വൻശക്തി എടുക്കുന്ന തീരുമാനങ്ങൾ മറ്റു പല രാജ്യങ്ങളെയും നേരിട്ടോ പരോക്ഷമായോ ബാധിക്കുന്നു. ഇക്കാരണത്താലാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇത്രമാത്രം പ്രാധാന്യം ലോകരാജ്യങ്ങളും , അന്തർദേശീയ മാധ്യമങ്ങളും നൽകുന്നത്.
തെരെഞ്ഞെടുപ്പിന് മുമ്പ് പുറത്തുവന്ന അഭിപ്രായ സർവ്വേകളിലെല്ലാം ജോ ബൈഡനായിരുന്നു നേരിയ മുൻതൂക്കമെങ്കിലും, 2016 ൽ ട്രംപിനെതിരെ മത്സരിച്ച ഹിലരി ക്ലിന്റണ് ഉണ്ടായപോലെയുള്ള തോൽവി ബൈഡനും ഉണ്ടാകുമെന്നു പറഞ്ഞു ട്രംപ് അഭിപ്രായ സർവ്വേകളെയെല്ലാം പുച്ഛിച്ചു തള്ളി . ട്രംപിന്റ്റെ അഹംഭാവത്തിനും, തന്പോരിമക്കും ഏറ്റ കനത്ത ആഘാതമാണ് ഈ ജനവിധി.
എവിടെയാണ് ട്രംപിന് പിഴച്ചത് ?
"അമേരിക്ക ആദ്യം" എന്ന വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ പേരിൽ സഖ്യരാജ്യങ്ങളെയും , ശത്രുരാജ്യങ്ങളെയും ഒരേ പോലെ വെറുപ്പിച്ച നടപടികളുമായാണ് അദ്ദേഹം ഭരണത്തിന് തുടക്കം കുറിച്ചത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് കരാറിൽ നിന്നും പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപ് ഭരണം തുടങ്ങിയത്. അടുത്ത നടപടി, വടക്കേ അമേരിക്കൻ രാജ്യങ്ങളായ കാനഡയുമായും മെക്സികോയുമായും പ്രസിഡന്റ് ജോർജ് ബുഷ് ഉണ്ടാക്കിയ വാണിജ്യകരാറായ കരാർ (North American Free Trade Agreement ) അമേരിക്കക്കു ദോഷകരമായ നിബന്ധനകൾ ഉണ്ടെന്നു പറഞ്ഞു അദ്ദേഹം റദ്ദാക്കി. അതിനു ശേഷം, അമേരിക്കക്ക് അനുകൂലമായ നിബന്ധനങ്ങൾ ഉൾപ്പെടുത്തി ഈ രാജ്യങ്ങളുമായി പിന്നീട് ട്രംപ് ഒപ്പിട്ടു. അനധികൃത കുടിയേറ്റം നിരോധിക്കുമെന്ന് 2016 ലെ തെരഞ്ഞെടുപ്പുകാലത്തു പറഞ്ഞത് നടപ്പിലാക്കുന്നതിന്റ്റെ ഭാഗമായാണ് കുടിയേറ്റങ്ങൾക്കു കടുത്ത നിയന്ത്രണങ്ങൾ ട്രംപ് കൊണ്ടുവന്നത്. അമേരിക്ക-മെക്സിക്കോ അതിർത്തി പഴുതില്ലാതെ അടച്ചതോടെ തെക്കൻ സംസ്ഥാനങ്ങളിലേക്കു മെക്സിക്കോയിൽ നിന്നുമുള്ള അഭയാർത്ഥി പ്രവാഹം തടയുവാൻ സാധിച്ചു. കുടിയേറ്റത്തിനെതിരായുള്ള ട്രംപിന്റ്റെ നടപടികൾ ആഫ്രോ-ഏഷ്യൻ,ലാറ്റിനോസ്, ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങളെ എല്ലാം ട്രമ്പിൽ നിന്നും അകറ്റി. അഫൊർഡബിൾ കെയർ എന്ന പേരിൽ ഒബാമ പ്രസിഡന്റ് ആയിരുന്നപ്പോൾ നടപ്പിലാക്കിയ പാവപ്പെട്ടവർക്കുള്ള ഇൻഷുറൻസ് പദ്ധതി ട്രംപ് റദ്ദാക്കി. എന്നാൽ പകരം കൊണ്ടുവരുമെന്ന് പറഞ്ഞ പദ്ധതി നടപ്പിലാക്കാതിരുന്നതിനാൽ , പാവപ്പെട്ടവരും ഇടത്തരക്കാരും ട്രംപിനെതിരായി.
സ്ഥിരതയില്ലാത്ത വിദേശനയം
ട്രംപ് ഭരിച്ച നാല് വർഷവും അമേരിക്കക്ക് സ്ഥിരതയാർന്ന വിദേശനയമില്ലായിരുന്നു. ട്രംപിന്റ്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും അമേരിക്കയുടെ കച്ചവട താല്പര്യങ്ങളുമായിരുന്നു വിദേശ നയത്തിൽ പോലും സ്വാധീനം ചെലുത്തിയത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു ട്രംപ് തുടക്കം കുറിച്ചത്. വിദേശ രാജ്യങ്ങളിൽ സൈനിക ആവശ്യങ്ങൾക്കായി ചിലവാക്കിയിരുന്ന വൻ തുകയിൽ കാര്യമായി കുറവ് വരുത്തിയത് നേട്ടം ആയി അദ്ദേഹം ഉയർത്തി കാട്ടി . താലിബാനുമായി സമാധാന കരാർ ഉണ്ടാക്കിയതും, ഇറാഖിലെയും സിറിയയിലെയും സൈനിക സാന്നിദ്ധ്യത്തിൽ കുറവ് വരുത്തിയതും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ യുമായി നടത്തിയ സംഭാഷണങ്ങളിലൂടെ സംഘർഷത്തിൽ അയവു വന്നതും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു . ഇസ്രയേലിനെയും അറബ് രാജ്യങ്ങളെയും ഒരു മേശക്കു ചുറ്റും ഇരുത്തി ആ മേഖലയിൽ സമാധാനം കൊണ്ടുവരുവാൻ സാധിച്ചതും അദ്ദേഹത്തിന്റെ നേട്ടമായി അവകാശപ്പെട്ടു .
2018 ൽ ചൈനയുമായി ഉണ്ടായിരുന്ന വാണിജ്യ കമ്മി 621 ബില്യൺ ഡോളർ ആയിരുന്നു . അമേരിക്ക ഏർപ്പെടുത്തിയ താരിഫുകളിലൂടെ 2019ൽ വാണിജ്യ കമ്മി 345.2 ബില്യൺ ഡോളറായി കുറച്ചു. 2020 സെപ്റ്റംബർ മാസത്തെ കണക്കനുസരിച്ചു ഒൻപത് മാസത്തെ വാണിജ്യ കമ്മി 218.57 ബില്യൺ ഡോളറായി കൊണ്ടുവരുവാൻ ട്രംപിന് സാധിച്ചു. അതോടൊപ്പം ചൈനയിൽ നിന്നും ഉത്പാദന യൂണിറ്റുകൾ അമേരിക്കയിലേക്ക് മാറ്റുവാൻ, അമേരിക്കൻ കമ്പനികൾക്കു നൽകിയ മുന്നറിയിപ്പ് കുറെയൊക്കെ നടപ്പിലാക്കാൻ സാധിച്ചതോടെ ' അമേരിക്ക ആദ്യം ' എന്ന മുദ്രാവാക്യം സാധൂകരിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇങ്ങനെയുള്ള നടപടികളിലൂടെ തൊഴിലില്ലായ്‌മ നിരക്ക് കുറച്ചു കൊണ്ടുവരുവാൻ ട്രംപിന് സാധിചു. 2016 ൽ 4.7 % ആയിരുന്ന തൊഴിലില്ലായ്മാ നിരക്ക്, 2019 മെയ് മാസം ആയപ്പോഴേക്കും 3.6 % ആയി കുറച്ചു കൊണ്ട് സമ്പത് വ്യവസ്ഥ ശക്തിപ്പെടുത്തുവാൻ സാധിച്ചു. അതുപോലെ , ഒബാമയുടെ കാലഘട്ടത്തിൽ പ്രതിവർഷ ശരാശരി വളർച്ചാനിരക്ക് 2 .5 ആയിരുന്നത് 3 ശതമാനമാനത്തിനു മുകളിൽ വർധിപ്പിക്കാനും സാധിച്ചു. അങ്ങിനെ ശക്തമായ സമ്പദ്ഘടനയുടെ അടിത്തറയിലാണ് രണ്ടാമൂഴത്തിനായി ട്രംപ് തയ്യാറെടുപ്പു നടത്തിയത്. ഈ നടപടികൾ സാധാരണ അമേരിക്കകാരന് സാമ്പത്തിക ഭദ്രത നൽകി എന്നതിൽ സംശയമില്ല.
കൊറോണ വരുത്തിയ വിന
നേട്ടങ്ങളുടെ നീണ്ട പട്ടികയുമായാണ് ട്രംപ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഈ വർഷം ആദ്യം തയാറെടുപ്പ് നടത്തിയത്. ജനുവരി 20 ന് ആദ്യ കൊറോണ കേസ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തപ്പോൾ, എല്ലാം നിയന്ത്രണ വിധേയമാണെന്ന് പറഞ്ഞു കോവിഡിനെ അദ്ദേഹം പുച്ഛിച്ചു തള്ളി. സ്വയം മാസ്ക് ധരിക്കാൻ അദ്ദേഹം തയ്യാറായില്ല. രോഗ നിയന്ത്രണത്തിനുള്ള കിറ്റുകളും, വെന്റിലേറ്ററുകളും കരുതി വെക്കുന്നതിൽ വീഴ്ച വരുത്തി. രോഗ നിർണയം നടത്തുവാനോ, രോഗികളെ കണ്ടെത്തി ചികിത്സ നടത്തുവാനോ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ല. സാമൂഹ്യ വ്യാപനം തടയാൻ നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരുകളെ ട്രംപ് അതിനിശിതമായാണ് വിമർശിച്ചത്. സാധാരണ ജനങ്ങളുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കുന്നതിന് പകരം വ്യവസായികളുടെയും സമ്പന്നരുടെയും താല്പര്യം സംരക്ഷിക്കുന്നതിനാണ് ട്രംപ് താല്പര്യപ്പെട്ടതു. ട്രംപിന്റ്റെ ഭരണ പരാജയമാണ് കോവിഡ് മറനീക്കിയത്. ഒക്ടോബർ അവസാനം ആയപ്പോഴേക്കും 10 ദശ ലക്ഷം അമേരിക്കക്കാർ കോവിഡ് ബാധിതരായി. രണ്ടു ലക്ഷത്തി മുപ്പതിനായിരതില്പരം ആളുകൾ മരണമടയുകയും ചെയ്തു. ഒടുവിൽ ട്രംപ് തന്നെ കോവിഡ് ബാധിതനായി ആശുപത്രിയിൽ കിടക്കേണ്ടി വന്നത് അദ്ദേഹത്തിന് വലിയ ക്ഷീണമാണ് വരുത്തിയത്. കോവിഡ് മൂലം മന്ദഗതിയിലായ സമ്പത്ഘടനയെ ഉത്തേജിപ്പിച് പഴയ നിലയിലാക്കുവാൻ "ഉറക്കം തൂങ്ങിയായ" ബൈഡന് സാധിക്കുകയില്ലെന്നും, വ്യാവസായിക വളർച്ചക്ക് ശ്രമിക്കുന്ന തനിക്കു മാത്രമേ സാധിക്കുകയുള്ളുവെന്നുമാണ് ട്രംപ് തെരഞ്ഞെടുപ്പ് വേദികളിൽ ശക്തമായി ഉന്നയിച്ചിരുന്നത്.
ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും , വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസും ട്രംപിനെതിരെ തൊടുത്ത വിട്ട വജ്രായുധം കോവിഡ് കൈകാര്യം ചെയ്തതിലെ പിടിപ്പുകേടായിരുന്നു . മാത്രമല്ല നവംബർ മാസത്തിൽ തുടങ്ങുന്ന ശൈത്യ കാലത്തു കോവിഡ് വ്യാപനവും മരണ നിരക്കും കൂടുവാനുള്ള സാധ്യതയും ബൈഡൻ ശക്തമായി പ്രചരിപ്പിചു. കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമായ നടപടി കൈക്കൊള്ളാത്ത ട്രംപിനെതിരെയുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണം ജനങ്ങളെ വളരെയേറെ സ്വാധീനിച്ചു എന്നത് വ്യക്തം.
വംശീയത വർധിച്ചു
2020 മെയ് 25 നു ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്‌ലോയിഡിനെ വര്ണവെറിയനായ ഒരു പോലീസ് ഓഫീസർ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവം വെള്ളക്കാരല്ലാത്ത എല്ലാ വംശജരെയും ഭീതിപ്പെടുത്തിയ സംഭവമാണ്. ഇതിനു ശേഷവും കറുത്ത വർഗക്കാർ വര്ണവെറിയൻമാരാൽ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നത് ട്രംപിനെതിരായ ഒരു വികാരം അവർക്കിടയിൽ ഉണ്ടാക്കി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ വംശജരുടെ വോട്ട് തങ്ങൾക്കനുകൂലമാക്കാൻ ഡെമോക്രാറ്റുകൾ ശ്രമിച്ചു . ബൈഡനു ലഭിച്ച മറ്റൊരു അനുകൂല ഘടകം ആഫ്രിക്കൻ-ഇന്ത്യൻ വംശജയായ കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരത്തിനിറക്കിയതാണ്. പരമ്പരാഗതമായി ഇന്ത്യൻ വംശജരിൽ ഏറെയും ഡെമോക്രാറ്റിക് പാർട്ടിക്കൊപ്പമാണ്. മോദിയുമായുള്ള ട്രംപിന്റെ സുഹൃത് ബന്ധം സാധാരണയിൽ കൂടുതൽ ഇന്ത്യൻ വംശജരെ ട്രംപിന് അനുകൂലമായി മാററിയെങ്കിലും , ഇവരുടെ ഏറിയപങ്കുവോട്ടും ലഭിച്ചത് ബൈഡനായിരുന്നു . കമലയിലൂടെ മറ്റ് ആഫ്രിക്കൻ-ഏഷ്യൻ വംശജരെയും തങ്ങൾക്കൊപ്പം അണിനിരത്താൻ ഡെമോക്രറ്റുകൾക്ക് സാധിച്ചു .
ഔദ്യോഗിക ഫലപ്രഖ്യാപനം നീളുമോ?
. മാധ്യമങ്ങളിലൂടെ വന്ന കണക്കുകൾ പ്രകാരം 538 ഇലക്ട്‌റൽ വോട്ടുകളിൽ 306 ഇലക്ട്‌റൽ വോട്ടുകൾ ബൈഡനുലഭിച്ചപ്പോൾ ട്രംപിന് 234 ഇലക്ടറൽ വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ഏഴ് കോടി അമ്പതു ലക്ഷം വോട്ട് ബൈഡൻ നേടിയപ്പോൾ, ട്രംപിന് ഏഴു കോടി പത്തു ലക്ഷം വോട്ടുകളാണ് ലഭിച്ചത്. അമേരിക്കയുടെ ചരിത്രത്തിൽ, ജയിച്ച സ്ഥാനാർത്ഥിക്കും തോറ്റ സ്ഥാനാർത്ഥിക്കും ഇത്രയും വോട്ടു ലഭിച്ചത് ആദ്യമാണെന്ന് മാത്രമല്ല , റെക്കോർഡുമാണ് . സ്വിങ് സ്റ്റേറ്റുകളായ. പെൺസിൽവാനിയ , മിഷിഗൺ,നോർത്ത് കരോലിന, അരിസോണ,വിസ്കോൺസിൻ, നെവാഡ എന്നീ സംസ്ഥാനങ്ങളിലും ബൈഡനായിരുന്നു വിജയിച്ചത് .
2000 ൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി ബുഷും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി അൽ ഗോറും മത്സരിച്ചപ്പോൾ, അൽ ഗോറിൻറ്റെ ആവശ്യപ്രകാരം ഫ്ലോറിഡയിൽ വോട്ടെണ്ണൽ വീണ്ടും ആരംഭിചു. ബുഷ് അതിനെ എതിർക്കുകയും സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്തു. ഒടുവിൽ 36 ദിവസങ്ങൾക്കു ശേഷം ഡിസംബർ 12 നാണ് ബുഷ് ജയിച്ചതായി സുപ്രീം കോടതി പ്രഖ്യാപിച്ചത്. മാന്യമായി തോൽവി അംഗീകരിക്കുന്നതിനുപകരം, വ്യാജ ആരോപണങ്ങൾ ഉന്നയിച് പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. തപാൽ വോട്ടിങ്ങിൽ വിശ്വാസമില്ലെന്നും, അതിൽ അട്ടിമറി നടത്തിയെന്നും ആരോപിച് വിവിധ സംസ്ഥാനങ്ങളിലെ കോടതികളിൽ പോയെങ്കിലും, ആ കേസുകളോക്കെ തള്ളിപ്പോയി. അതിനാൽ സുപ്രീം കോടതിയിലേക്ക് പോകാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ആരായുകയാണ് ട്രംപ്. അതിനു പുറമെ സ്വിങ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേടുകൾ ഉണ്ടെന്നു ആരോപിച്ചുകൊണ്ടു അവിടങ്ങളിലൊക്കെ വീണ്ടും വോട്ടെണ്ണൽ ട്രംപ് അനുഭാവികൾ ആവശ്യപ്പെട്ടു. അങ്ങിനെ വീണ്ടും വോട്ടെണ്ണൽ കഴിഞ്ഞിട്ടും ഫല പ്രഖ്യാപന സർട്ടിഫിക്കറ്റ് നൽകാതിരിക്കുവാനായി തടസ്സവാദങ്ങൾ ഉന്നയിചച് ഫല പ്രഖ്യാപനം വൈകി പ്പിക്കുന്നു . ട്രംപിന്റെ നിർദ്ദേശാനുസരണം അധികാര കൈമാറ്റത്തിനുള്ള നടപടികൾ സ്വീകരിക്കാതെ ഇരിക്കുകയായിരുന്ന വൈറ്റ് ഹൗസിലെ ഭരണ ചുമതലയുള്ള ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ വിഭാഗം, ഒടുവിൽ യാഥാർഥ്യം തിരിച്ചറിഞ്ഞു അധികാര കൈമാറ്റത്തിനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ്. . 1887 ലെ ഇലക്ട്‌റൽ കൌണ്ട് നിയമമനുസരിച്ചു വോട്ടെണ്ണലും, വീണ്ടും വോട്ടെണ്ണലും, കോടതി വ്യവഹാരങ്ങളും പൂർത്തിയാക്കി ഡിസംബർ 8 ന് ഇലക്ടർമാരെ സജ്ജമാക്കണം. ഡിസംബർ 14 ന് ഇലക്ടർമാർ വോട്ടു ചെയ്യും. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി ജനുവരി 20 ന് പുതിയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. ഈ സാഹചര്യത്തിൽ, ട്രംപിന്റെ പരാതികളിലെല്ലാം തീർപ്പുകല്പിച്ച ശേഷമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. അതിനാൽ, ഔദ്യോഗിക ഫലപ്രഖ്യാപനത്തിനായി ഡിസംബർ രണ്ടാം വാരം വരെ ചിലപ്പോൾ കാത്തിരിക്കേണ്ടി വന്നേക്കാം. തെരഞ്ഞെടുപ്പിന് ശേഷം ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടായ നടപടികൾ അമേരിക്കൻ ജനാധിപത്യ വ്യവസ്ഥക്ക് തന്നെ പുഴുക്കുത്തലേൽപ്പിച്ചിരിക്കുകയാണ്..
ഇന്ത്യയോടുള്ള ബൈഡന്റെ സമീപനം
1971 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധ സമയത്തു് അമേരിക്ക പാകിസ്ഥാനോടൊപ്പം ആയിരുന്നു. 1991 കാലഘട്ടത്തിൽ ആഗോളവൽക്കരണവും , സ്വതന്ത്ര സമ്പദ് വ്യവസ്ഥയും വ്യാപകമായതോടെയാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ കൂടുതൽ അടുത്ത് തുടങ്ങിയത്. 1998 ൽ ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തെ തുടർന്ന് ഇന്ത്യക്കെതിരെ അമേരിക്ക വി ലക്കേർപ്പെടുത്തി. എന്നാൽ, ആഗോളവത്ക്കരണത്തിന്റ്റെ പശ്ചാത്തലത്തിൽ, സാമ്പത്തികമായി വളരുന്ന , ജനാധിപത്യ രാജ്യമായ ഇന്ത്യയുമായി നല്ല ബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്ക നിർബന്ധിതമായി . ഭരിക്കുന്ന പാർട്ടികൾക്കതീതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഉണ്ടായിട്ടുള്ളത് .
2009 മുതൽ 2017 വരെ ഒബാമയുടെ ടീമിൽ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ച നാൾ മുതൽ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നു ആഗ്രഹിച്ച നേതാവാണ് ബൈഡൻ. വൈസ് പ്രസിഡന്റ് ആകുന്നതിനു മുമ്പ് സെനറ്റ് വിദേശകാര്യ സമിതിയുടെ അംഗമെന്ന നിലയിലും, പിന്നീട് ചെയര്മാന് എന്ന നിലയിലും ഡോ .മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരുമായി 2008 ൽ, സൈനികേതര ആണവ കരാർ ഉണ്ടാക്കുന്നതിൽ മുൻകൈ എടുത്തതും ബൈഡനായിരുന്നു . 2009 നും 2014 നും ഇടയിലുള്ള കാലഘട്ടത്തിൽ, ഇന്ത്യ-അമേരിക്ക വാണിജ്യബന്ധം ഇരട്ടിയായി വർധിച്ചു. 2009 ൽ ഇന്ത്യൻ നിന്നുമുള്ള കയറ്റുമതി 33 .9 ബില്യൺ ഡോളർ ആയിരുന്നത് 2014 ൽ 67 .9 ബില്യൺ ഡോളർ ആയി വർധിച്ചു. ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരഅംഗത്വത്തിനുള്ള അർഹതയുണ്ടെന്ന് അമേരിക്ക അംഗീകരിച്ചതും, ന്യൂക്ലിയർ സപ്പ്ലയേഴ്‌സ് ഗ്രൂപ്പിൽ ഇന്ത്യയെ അംഗമാക്കണമെന്ന ആവശ്യത്തിന് ആദ്യമായി പിന്തുണ നൽകിയതും ഈ സമയത്തു തന്നെ ആയിരുന്നു. 2020 ആകുമ്പോഴേക്കും ഇന്ത്യയും അമേരിക്കയും തമ്മിൽ ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളായി മാറുമെന്ന് ഇരുപതു വര്ഷങ്ങള്ക്കു മുമ്പ് ദീര്ഘദൃഷ്ടിയോടെ അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമാക്കുവാൻ ഇന്ത്യയിലും അമേരിക്കയിലും കഴിഞ്ഞ നിരവധി വര്ഷങ്ങളായി മാറി മാറി ഭരണത്തിൽ വന്ന സർക്കാരുകൾ ശ്രമിച്ചത് ബൈഡന്റെ കാഴ്ചപ്പാട് ശരിവെക്കുന്നതാണ്.
ഒബാമ സർക്കാരിന്റെ അവസാനകാലത്തു ഇന്ത്യയുമായി ഒപ്പുവച്ച ലോജിസ്റ്റിക് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ്(LEMOA } റ്റെ പിറകിലും ബൈഡൻറ്റെ കരസ്പർശം ഉണ്ടായിരുന്നു. സാധാരണഗതിയിൽ പ്രതിരോധ പങ്കാളികളുമായി മാത്രമേ അമേരിക്ക ഇത്തരം കരാറുകളിൽ ഏർപ്പെടുകയുള്ളു. സഖ്യകക്ഷി അല്ലാത്ത ഒരു രാജ്യവുമായി ഈ കരാർ ഒപ്പിടുന്നത് ആദ്യമായിരുന്നു. ഇരു രാജ്യങ്ങളുടെയും പ്രതിരോധ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുവാനും , സ്പെയർ പാർട്ടുകൾ നൽകുവാനും, തുറമുഖങ്ങളും, വിമാനത്താവളങ്ങളും, അതുപോലെ സൈനിക താവളങ്ങളും ഉപയോഗിക്കാനും ഈ കരാറിലൂടെ സാധിക്കും. ഇതിനു തുടർച്ചയായ COMCASA , BECA എന്നിവ ട്രംപിന്റെ കാലത്താണ് ഒപ്പിട്ടത്. ഈ പശ്ചാലത്തിൽ നോക്കുമ്പോൾ, പ്രതിരോധ രംഗത്ത് മാത്രമല്ല, വ്യാപാര-വാണിജ്യ രംഗങ്ങളിലും ബൈഡൻറ്റെ നേതൃത്വത്തിൽ വരുന്ന സർക്കാർ ഇന്ത്യയുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുവാനാണ് സാധ്യത.ഇന്ത്യയും,അമേരിക്കയും,ഓസ്‌ട്രേലിയയും, ജപ്പാനും ചേർന്നുള്ള ചാതുർ രാഷ്ട്ര സഖ്യം ശക്തിപ്പെടുത്താനും ബൈഡൻ ശ്രമിക്കും,
അതേ സമയം, ചൈനയുമായുള്ള ബന്ധത്തിൽ ട്രംപ് ഭരണകൂടം എടുത്തതിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാടെടുക്കാൻ ബൈഡൻ തയ്യാറാകുമെന്നു തോന്നുന്നില്ല . ദക്ഷിണ ചൈന മഹാസമുദ്ര മേഖലയിലു, തായ്‌വാൻ, ഫിലിപ്പൈൻസ്, വിയറ്റ്നാം, ദക്ഷിണ കൊറിയ തുടങ്ങിയ അയൽ രാജ്യങ്ങളെ സൈനിക ശക്തികൊണ്ട് ഭീഷണിപ്പെടുത്തുന്നതുമായ ചൈനയുടെ നയത്തിനെ ബൈഡനും അനുകൂലിക്കുകയില്ല. ഇന്ത്യയുമായി ചേർന്ന് കൊണ്ട് കിഴക്കനേഷ്യൻ രാജ്യങ്ങളെ കോർത്തിണക്കി, ഇൻഡോ -പസിഫിക് മേഖലയിൽ, കൂടുതൽ അടുത്ത് പ്രവർത്തിക്കുവാനുള്ള നയസമീപനം രൂപീകരിക്കുവാനും സാധ്യത ഉണ്ട്. മാത്രമല്ല ചൈനയുടെ വികസന രംഗത്തെ വളർച്ച അമേരിക്കയുടെ താല്പര്യങ്ങൾക്കെതിരാണെന്നു ബൈഡൻറ്റെ പ്രചാരണ രേഖകളിൽ പറഞ്ഞിട്ടുള്ളതിനാൽ ചൈനയുമായുള്ള ബന്ധത്തിൽ ഒരു പൊളിച്ചെഴുത്തിനുള്ള സാധ്യത വിരളമാണ് .
ഇറാൻറ്റെ ആണവ പദ്ധതിക്ക് നിയന്ത്രണം കൊണ്ടുവരുവാൻ ഉദ്ദേശിച്ചു ഒബാമ ഭരണകൂടം 2015 ജൂലൈ മാസത്തിൽ, ഐക്യ രാഷ്ട്ര സഭയിലെ മറ്റ് സ്ഥിര അംഗംകൾകും ജര്മനികും ഒപ്പം ഇറാനുമായി ഒപ്പുവച്ച കരാറിൽനിന്നും 2018 മെയ് മാസത്തിൽ മാറിയതായി ട്രംപ് പ്രഖ്യാപിച്ചു. ഈ തീരുമാനം പുനഃ പരിശോധിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചത് , ഇന്ത്യക്കും ആശ്വാസപ്രദമാണ്. ഇറാനിലെ ചബഹാർ തുറമുഖം വികസിപ്പിക്കാൻ ഇറാനുമായി ഇന്ത്യ കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതിന്റെ ഓണം ഘട്ടം പൂർത്തിയാക്കുവാൻ 85 ദശ ലക്ഷം ഡോളർ ആണ് ഇന്ത്യ ചെലവാക്കിയത്. അനുബന്ധ വികസന പ്രവർത്തനങ്ങൾക്കായി 500 ദശ ലക്ഷം ഡോളർ ചെലവാക്കാൻ ഉദ്ദശിച്ചിരുന്നെങ്കിലും ആണവ നിയന്ത്രണ കരാറിൽ നിന്നും പിന്മാറിയ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിനാൽ ചബാഹര് തുറമുഖവുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിൽ നിന്നും ഇന്ത്യക്കു പിന്മാറേണ്ടി വന്നു. അമേരിക്ക വീണ്ടും ഇറാനുമായി കരാറിൽ ഒപ്പുവെക്കുന്നതോടെ ഇറാനുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയും.
എല്ലാത്തരം തീവ്രവാദ പ്രവർത്തനങ്ങൾക്കും എതിരായുള്ള നിലപാടാണ് ബൈഡനുള്ളത്. അതുകൊണ്ട് , തീവ്രവാദ സംഘടനകൾക്ക് പാകിസ്ഥാൻ നൽകുന്ന പിന്തുണയെക്കുറിച്ചു ബൈഡന് ബോധ്യമുണ്ട്. എന്നാൽ താലിബാനുമായി ഉണ്ടാക്കിയ സമാധാന കരാർ വിജയിക്കാൻ പാകിസ്താൻറ്റെ പിന്തുണ ആവശ്യമുണ്ടെന്നുള്ള കാര്യവും അദ്ദേഹത്തിനറിയാം. അതിനാൽ ഇക്കാര്യത്തിൽ ശബ്ദകോലാഹലങ്ങൾ ഒഴിവാക്കിക്കൊണ്ട്, ഒരു പ്രായോഗിക സമീപനം ആയിരിക്കും ബൈഡന്റെ ഭാഗത്തുനിന്നും ഉണ്ടാകുക. ഇത് എത്ര മാത്രം നമുക്ക് അനുകൂലമാകും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
ഉദാരമായ കുടിയേറ്റ നിയമം നടപ്പിലാക്കുമെന്ന് പ്രചാരണ യോഗങ്ങളിലും, പ്രചാരണ രേഖകളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനാൽ, എച് 1 ബി വീസ യുടെ കാര്യത്തിലും ഗ്രീൻ കാർഡിൻറ്റെ കാര്യത്തിലും ട്രംപ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ മാറ്റി, അനുഭാവ പൂർവം നടപ്പിലാക്കുവാൻ അദ്ദേഹം പ്രതിജ്ഞാ ബദ്ധനാണ്.അമേരിക്കയിൽ പഠിക്കാനോ, ജോലിചെയ്യാനോ താമസിക്കാനോ പോകുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ ആശ്വാസപ്രദമാണ്. അഞ്ചുലക്ഷത്തോളം ഇൻഡ്യക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ മനുഷ്യാവകാശങ്ങൾക്കു വേണ്ടി എന്നും പോരാടിയിട്ടുള്ള കമല ഹാരിസിന്റെ സഹായവും ഇന്ത്യക്കാർക്ക് പ്രതീക്ഷിക്കാം. എന്നാൽ കാശ്മീറിൻറ്റെ ഭരണഘടനപരമായുള്ള പ്രത്യേക പദവി റദ്ദാക്കിയ നടപടിയും, പൗരത്വ ഭേദഗതി ബിൽ , ദേശീയപൗരത്വ രജിസ്റ്റർ എന്നിവ നടപ്പിലാക്കാൻ തുനിയുന്നത് സംബന്ധിച്ചും ട്രംപിന്റെ നയത്തിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് ബൈഡനും കമല ഹാരിസിനും ഉള്ളത്. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് പാർട്ടി സെനറ്ററുമായ പ്രമീള ജയപാൽ നമ്മുടെ വിദേശ കാര്യമന്ത്രി ജയശങ്കറുമായി കൂടി കാഴ്ചക്ക് സമയം ചോദിച്ചപ്പോൾ, അത് നിഷേധിച്ച ജയശങ്കർക്ക് അങ്ങിനെ ഒരു നിലപാടുമായി ഇനി മുന്നോട്ടു പോകുവാൻ സാധിക്കുകയില്ല. പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിലും, മത സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും അനുവദിക്കുന്നതിലും ഡെമോക്രാറ്റിക് പാർട്ടിയുടെ കാഴ്ചപ്പാട് മോഡി സർക്കാരിന് തലവേദന ഉണ്ടാക്കിയേക്കാം. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യയുമായി ബൈഡൻ ഭരണകൂടം ചർച്ച ചെയ്യുമെന്നതിൽ സംശയമില്ല. മറ്റ് പ്രശ്നങ്ങളിൽ, അമേരിക്കൻ ഭരണകൂടത്തിന്റെ നയങ്ങളിൽ പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
ബൈഡൻറ്റെ വിദേശ നയം നൂറു ശതമാനവും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ആന്റണി ബ്ലിങ്കൻ എന്ന പരിണിത പ്രജ്ഞനായ വിദേശകാര്യ വിദഗ്‌ധനെയാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി ബൈഡൻ നോമിനേറ്റ ചെയ്തിട്ടുള്ളത്. ഇന്ത്യയുമായി ആണവ കരാർ ഉണ്ടാക്കുന്നതിൽ വളരെയേറെ സഹായിച്ചിട്ടുള്ള ആളാണ് എന്നതിനുപരി, ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുമായി ശക്തമായ ബന്ധം ഉണ്ടക്കണമെന്നു അഭിപ്രായം ഉള്ള ആളുമാണ് അദ്ദേഹം. ഈ സാഹചര്യത്തിൽ ബൈഡൻ ഭരണകൂടത്തിന് കീഴിലും , അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്രാപിക്കാനാണ് സാധ്യത.
പി.എസ് .ശ്രീകുമാർ
98471 73177