ഇറാൻ : പുകയുന്ന അഗ്നിപർവതം
പുകയുന്ന അഗ്നിപർവതം പോലെയാണിപ്പോൾ ഇറാൻ. ഉരുകിത്തിളക്കുന്ന ഈ അഗ്നി പർവ്വതത്തിൽനിന്നും ഇടയ്ക്കിടെ ലാവ പുറത്തേക്ക് വരുന്നുണ്ടെങ്കിലും എപ്പോഴാൾ അത് പൊട്ടിത്തെറിക്കും എന്നത് പ്രവാചതീതമാണ് . ഇസ്രായേലിനും ആ രാജ്യത്തിന്റെ സുഹൃത്തായ അമേരിക്കക്കും, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും എതിരായി ഉയരുന്ന ഇറാനിയൻ ജനതയുടെ കോപാഗ്നിയാണ് അഗ്നിപർവ്വതത്തിനു സമാനമായി പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുന്നത്.
ആസൂത്രിതമായ ആക്രമണം
നവംബര് 27 ന് ഇറാൻറ്റെ ആണവ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന മൊഹ്‌സിൻ ഫഖ്‌റിസാദേ കൊലചെയ്യപ്പെട്ടത് ഇറാൻറ്റെ പരമോന്നത നേതാവായ അയാത്തൊള്ള ഖമേനിയെ മാത്രമല്ല സാധാരണ ജനങ്ങളിലും രോഷമുണ്ടാക്കിയിരിക്കയാണ്.ടെഹ്റാനിൽ നിന്നും 50 കിലോ മീറ്റർ അകലെയുള്ള അബ്‌സാദിലെ തൻറ്റെ ഒഴിവുകാല വസതിയിലേക്ക് കാറിൽ യാത്ര ചെയ്യുന്ന അവസരത്തിലാണ് ആസൂത്രിതമായി അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് പിന്നിൽ ഇറാനിനുള്ളിലും പുറത്തുമായി അറുപതോളം പേര് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആദ്യം വന്ന റിപോർട്ടുകൾ സൂചിപ്പിച്ചത്. ഫഖ്‌റിസാദെയുടെ വീടിനടുത്തു വച്ചാണ് അദേഹം സഞ്ചരിച്ച കാറിനു നേർക്കു ആദ്യം വെടിയുതിർത്തത്. പിന്നീട് നിർത്തിയിട്ടിരുന്ന ഒരു ട്രക്കിൽ സ്ഫോടനം നടത്തി അദ്ദേഹത്തിന്റെയും കൂടെയുള്ളവരുടെയും മരണം ഉറപ്പിക്കുകയായിരുന്നു. അതിന് ശേഷമാണ് അക്രമകാരികൾ സംഭവ സ്ഥലത്തുനിന്നും അപ്രത്യക്ഷരായത് . കൊലപാതകം നടത്തിയതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും, ഇസ്രായേൽ ചാര സംഘടനയായ മൊസാദാണ് ഇതിനു പിന്നിലെന്നാണ് ഇറാൻ ആരോപിക്കുന്നത്. മൊസ്സാദിന്റെ പ്രത്യേക പരിശീലനം ലഭിച്ച 'കിഡാൻ ' എന്ന വിദഗ്‌ധ കൊലയാളി സംഘം, ഇറാൻ നേതൃത്വത്തിനെതിരെ പൊരുതുന്ന എം.ഇ.കെ. എന്ന മുജാഹിദീൻ സംഘടനയുടെ സഹായത്തോടെ നടപ്പാക്കിയതാണ് ഈ കൊലപാതകങ്ങൾ എന്ന് ഇറാൻ സംശയിക്കുന്നു. എന്നാൽ മറ്റു ചില പാശ്ചാത്യ മാധ്യമങ്ങൾ വെളിവാക്കുന്നത് സാറ്റലൈറ്റിൻറ്റെ സഹായത്തോടെ വിദൂര നിയന്ത്രണ ബാലിസ്റ്റിക് മിസൈൽ ടെക്‌നോളജി ഉപയോഗിച്ചും , സംഭവ സ്ഥലത്തു ആരുടേയും സാന്നിധ്യമില്ലാതെയും നടത്തിയ സ്ഫോടനത്തിലൂടെയാകാം അദ്ദേഹവും കൂടെ ഉള്ളവരും വധിക്കപ്പെട്ടതെന്നാണ്. ഏതു രീതിയിലായാലും മൊസ്സാദിന്റെ കാര്മികത്വത്തിലുള്ള ആസൂത്രണമായിരുന്നു ഇതിന്റെ പിന്നിലെന്ന് ഇറാനിലെ പ്രതിരോധ വൃത്തങ്ങൾ കരുതുന്നു. 2020 ജനുവരിയിൽ അമേരിക്കൻ സേന ബാഗ്ദാദിൽ വധിച്ച ഇറാൻ റവല്യൂഷണറി ഗാർഡിലെ , ജനറൽ ഖാസിം സുലൈമാനിക്കുശേഷം കൊല്ലപ്പെടുന്ന ഏറ്റവും ഉന്നതനാണ് ഫഖ്‌റിസാദേ . ആണവ ശാസ്ത്രജ്ഞൻ എന്നതിന് ഉപരി , ഇറാനിയൻ റവല്യൂഷണറി ഗാർഡിന്റെ ബ്രിഗേഡിയർ ജനറലുമായിരുന്നു അദ്ദേഹം. 1990 മുതൽ ഇറാന്റെ ആണവ പരീക്ഷണങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
അമേരിക്കയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭയിലെ അഞ്ചു സ്ഥിരഅംഗങ്ങളും യൂറോപ്യൻ യൂണിയനുമായി 2015 ൽ ആണവ നിർവ്യാപനകരാറിൽ ഇറാൻ ഒപ്പുവച്ചിരുന്നു. ആ കരാറിന്റെ സൂത്രധാരൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബാരാക് ഒബാമ ആയിരുന്നു. എന്നാൽ ഒബാമ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയതോടെ സംഗതി ആകെ മാറി. ഗൾഫ് മേഖലയിൽ ഇറാന്റെ എതിരാളിയായ സൗദി അറേബ്യ ഈ ആണവ ഉടമ്പടിക്ക് എതിരായിരുന്നു. ഒരുപക്ഷെ, സൗദിയുടെ താല്പര്യങ്ങൾ കൂടി കണക്കിലെടുത്താകാം, ആണവ ഉടമ്പടിയിൽനിന്നും അമേരിക്ക പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിച്ചു. 2018 മെയ് മാസത്തിൽ ഉടമ്പടിയിൽ നിന്നും അമേരിക്ക ഔപചാരികമായി പിന്മാറുകയും , ഇറാനെതിരെ ശക്തമായ ഉപരോധനടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. ആണവ ഉടമ്പടിയിൽ ഒപ്പുവച്ചതിനെ തുടർന്ന് സാമ്പത്തിക ഉപരോധങ്ങളിൽ നിന്നും രക്ഷപെട്ട് ആശ്വാസം കൊള്ളുന്നതിനിടയിലാണ് , ട്രംപ് കടുത്തനടപടികളുമായി മുന്നോട്ട് പോയത്. ഇറാൻ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായി. നിരവധി വര്ഷങ്ങളായി ഇറാനിൽ നിന്നും കുറഞ്ഞ വിലയ്ക്കു എണ്ണ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യപോലും അമേരിക്കയുടെ ഭീഷണിക്കു വഴങ്ങി ഇറാനുമായുള്ള വ്യാപാര ബന്ധങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതമായി . അമേരിക്ക സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും കരകയറുവാൻ റഷ്യയുമായും, ചൈനയുമായും കൂടുതൽ അടുക്കുവാനും വാണിജ്യകരാറുകളിൽ ഏർപ്പെടുകയും ചെയ്തുകൊണ്ട് ഉപരോധത്തെ മറികടക്കാനാണ് ഇറാൻ കഴിഞ്ഞ കുറെ കാലമായി ശ്രമിക്കുന്നത്. ഉപരോധം നടപ്പിൽ വന്നതോടെ ഉടമ്പടിയിൽനിന്നും പിന്മാറുമെന്നും, ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇറാൻ പ്രഖ്യാപിച്ചു. ആണവ ശാസ്ത്രഞ്ജനായ ഫഖ്‌റിസാദെയുടെ മാർഗനിർദേശത്തിൽ അണുബോംബ് നിർമാണം ഉൾപ്പെടെയുള്ള ആണവ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുവാനുള്ള ആസൂത്രണം നടക്കുന്ന അവസരത്തിലാണ് അദ്ദേഹത്തെ കൊലപ്പെടുത്തുന്നത്.
ഇതൊരു ഗൂഡലോചനായോ ?
ഈ കൊലപാതകത്തിന് തൊട്ടുമുമ്പ്ആയിരുന്നു അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും , സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ , ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു എന്നിവർ സൗദിയിലെ ഉയർന്നുവരുന്ന ഹൈ ടെക് നഗരമായ നിയോം സിറ്റിയിൽ രഹസ്യ യോഗം ചേർന്ന വാർത്ത പുറത്തുവരുന്നത്. ഈ മൂന്നു രാജ്യങ്ങളുടെയും പൊതു ശത്രു ആയ ഇറാൻറ്റെ ആണവ പദ്ധതികൾ തകർക്കാനുള്ള ആസൂത്രണമായിരുന്നു ആ രഹസ്യ യോഗത്തിൽ ചർച്ചചെയ്തതെന്നും, അതിന്റെ തുടർച്ചയായിരുന്നു ഫഖ്‌റിസാദേ യുടെ കൊലപാതകമെന്നും ചില പ്രതിരോധ വിദഗ്ധർ കരുതുന്നു. അധികാരം ഒഴിയുന്നതിനു മുമ്പ് ഇറാന് കനത്ത ആഘാതം നൽകുന്നതിനൊപ്പം , പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ജോ ബൈഡന്റെ പാതകൾ ദുഷ്കരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ട്രംപും, നെതന്യാഹുവും, സൽമാൻ രാജകുമാരനും കൂടി ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നും ഇറാൻ നേതൃത്വത്തിലെ ഒരു വിഭാഗം സംശയിക്കുന്നു ഇതിനു ഉപോൽബലകമായി ഇറാൻ എടുത്തുകാട്ടുന്നത് ഒരു ഇസ്രായേലി മന്ത്രി ഫഖ്‌റിസാദെയുടെ മരണത്തെ ധ്രിഡ്ഡികരിച്ചുകൊണ്ടു ചെയ്‌ത ഒരു ട്വീറ്റും ട്രംപിന്റെ റീട്വീറ്റുമാണ്. മാത്രമല്ലാ , ഇതിനു മുമ്പ് ഇറാനിലെ പല പ്രതിരോധ വിദഗ്ധരുടെയും/ ശാസ്ത്രജ്ഞന്മാരുടെയും വധത്തിനു പിന്നിൽ ഇസ്രയേലിൻറ്റെ കരങ്ങൾ ഉണ്ടായിരുന്നു . 2010 ജനുവരി യിൽ ഇറാൻ ഫിസിസിസ്റ് മസൗദി അൽ മുഹമ്മദ്, 2011 നവംബറിൽ ജനറൽ ഹസ്സൻ ടെഹ്‌റാനിയും 17 സൈനികരും, 2012 ജനുവരിയിൽ ആണവ ശാസ്ത്രജ്ഞൻ മുസ്തഫ അഹമ്മദി റോഷൻ, 2013 ഫെബ്രുവരിയിൽ ഇറാൻ റവല്യൂഷണറി ഗാർഡ് മേജർ ജനറൽ ഹസ്സൻ ഷത്തെറിയ , എന്നിവരുടെ എല്ലാം കൊലപാതകത്തിന് കാരണക്കാരായി ഇറാൻ കാണുന്നത് മൊസാദിനെയാണ്.
ഇറാൻ തിരിച്ചടിക്കുമോ ?
മേല്പറഞ്ഞ പശ്ചാത്തലത്തിൽ, ഇസ്രായേലിനു കനത്ത തിരിച്ചടി നൽകണമെന്ന് ഇറാനിയൻ ജനത ആവശ്യപ്പെടുന്നു. ഫഖ്‌റിസാദെയുടെ വധത്തിനെതിരെ രാജ്യത്തു നടത്തിയ പ്രകടനങ്ങളിലെല്ലാം ഉയർന്നു വന്ന ആവശ്യം ഇസ്രയേലിനെതിരെ ശക്തമായ നടപടിയാണ്. എന്നാൽ, ജോ ബൈഡൻ അധികാരമേറ്റെടുക്കുന്ന സാഹചര്യത്തിൽ, ഇറാനുമായുള്ള ആണവ കരാർ അമേരിക്ക വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സാധ്യത തടയുന്നതും പ്രകോപനപരവുമായ നടപടികളൊന്നും കൈക്കൊള്ളരുതെന്നു ഭരണ നേതൃത്വത്തിലെ പ്രബലമായ ഒരു വിഭാഗം കരുതുന്നു.
ഫഖ്‌റിസാദെയുടെ മരണത്തിൽ എങ്ങിനെ പ്രതികരിക്കണം എന്നത് സംബന്ധിച്ച് ഇറാനിലെ തീവ്രവാദ/യാഥാസ്ഥിതിക വിഭാഗക്കാരും മിതവാദികളായ വിഭാഗവും തമ്മിൽ നടക്കുന്ന ആശയ സംഘട്ടനത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഐക്യ രാഷ്ട്ര സഭയുടെ ഏജൻസികളെ ആണവ പരിശോധന നടത്തുന്നതിൽ നിന്നും വില ക്കുന്നതിനും, യുറേനിയം സമ്പുഷ്‌ടീകരണം ആരംഭിക്കുന്നതിനുമായി ഇറാൻ പാർലമെണ്റ്റിൽ ഡിസംബർ ആദ്യം അവതരിപ്പിച്ച ബിൽ. ഫഖ്‌റിസാദെയുടെ വധത്തിന്റെ പശ്ചാത്തലത്തിൽ അണുബോംബ് നിർമാണവുമായി മുന്നോട്ടുപോകുകയെന്ന ഉദ്ദേശത്തോടെ ഉത്പതിഷ്ണുക്കളായ വിഭാഗം ഈ ബില് പാർലമെൻറ്റിൽ അംഗീകരിച്ചെങ്കിലും, മിതവാദിയായ പ്രസിഡന്റ് ഹസ്സൻ റൂഹാനി ബില്ലിന് അംഗീകാരം നൽകിയിട്ടില്ല. ബില് അംഗീകരിച്ചാൽ നയതന്ത്രത്തലത്തിൽ ഇറാന് ദോഷമുണ്ടാകുമെന്ന വാദമുയർത്തിയാണ് റൂഹാനി ബില് അംഗീകരിക്കാതിരിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, ഫഖ്‌റിസാദെയുടെ കൊലപാതകത്തിൽ ഇറാന് ശക്തമായ അമർഷമുണ്ടെങ്കിലും, അന്താരാഷ്ട്ര സമൂഹവുമായും, നയതന്ത്ര ബന്ധങ്ങൾക്കും ദൂഷ്യമുണ്ടാകുന്ന തരത്തിൽ തിരിച്ചടി നൽകുവാൻ ഇറാൻ തയ്യാറാവുകയില്ല. ചിലപ്പോൾ ഉത്പതിഷ്ണുക്കളായ വിഭാഗത്തിനെ തൃപ്തിപ്പെടുത്തുവാനായി മറ്റേതെങ്കിലും രാജ്യത്തുള്ള ഇസ്രായേൽ എംബസ്സിക്കോ അല്ലെങ്കിൽ ഇസ്രേലി പൗരന്മാർക്കു എതിരായി ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തിയേക്കാം. അതിനപ്പുറത്തേക്ക് ഒരു യുദ്ധം ക്ഷണിച്ചുവരുത്തുന്ന നടപടികളിലേക്ക് ഇറാൻ പോകുവാൻ സാധ്യത ഇല്ല. മാത്രമല്ലാ , അടുത്തവർഷം ജനുവരി 20 ന് അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനത്തു എത്തുന്ന ജോ ബൈഡൻ ഇറാനുമായുള്ള ആണവ കരാർ മുന്നോട്ടുകൊണ്ടുപോകുവാൻ താല്പര്യപ്പെടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ, ബൈഡനുമായി ചർച്ച നടത്തി ആണവ കരാർ പുനഃസ്ഥാപിക്കുവാനും, അതുവഴി സാമ്പത്തിക ഉപരോധങ്ങളിൽ നിന്നും ഒഴിവാകുവാനുമുള്ള ശ്രമങ്ങൾക്ക് മുന്ഗണന നൽകുവാനുമായിരിക്കും ഇറാൻ ശ്രമിക്കുക.
പി.എസ് .ശ്രീകുമാർ
9847173177

No comments:
Post a Comment