Sunday, 12 December 2021

ഇന്ത്യയുടെ   വിദേശനയവും ജവഹർലാൽ          നെഹ്‌റുവും


പി.എസ് .ശ്രീകുമാർ  

സ്വാതന്ത്ര്യ സമരത്തിൻറ്റെ ആദ്യകാലഘട്ടങ്ങളിൽ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളോ രാഷ്ട്രീയ പാർട്ടികളോ വിദേശ രാജ്യങ്ങളിലെ സംഭവ വികാസങ്ങളെ കാര്യമായി  ശ്രദ്ധിയ്ക്കുകയോ  പഠിയ്ക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ വിദേശ രാജ്യങ്ങളിൽ താമസിച്ച അനുഭവവും, പശ്ചാത്തലവുമുണ്ടായിരുന്ന മഹാത്മാ ഗാന്ധിയും, ജവഹർലാൽ നെഹ്രുവും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൻറ്റെ ഭാഗമായതുമുതൽ വിദേശ രാജ്യങ്ങളിലെ സംഭവ വികാസങ്ങളെ കുറിച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ്റെ  വേദികളിൽ  ചർച്ചാവിഷയമാകുവാൻ തുടങ്ങി. 1920 ലെ നാഗ് പൂർ  സമ്മേളനത്തിലാണ് വിദേശ രാജ്യങ്ങളുമായി , പ്രത്യേകിച്ചു  അയൽ  രാജ്യങ്ങളുമായി  സഹകരിയ്ക്കണമെന്ന പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗികമായി പാസ്സാക്കിയത് . രാഷ്ട്രീയവും, സാമ്പത്തികവുമായ സാമ്രാജ്യത്വത്തിനെതിരെയുള്ള നിലപാടുകളുടെ ഭാഗമായാണ്   വിദേശ കാര്യങ്ങളിൽ അഭിപ്രായ സ്വരൂപണത്തിനായി ജവഹർലാൽ നെഹ്രുവിൻറ്റെ നേതൃത്വത്തിൽ  1936 ൽ  ഒരു വിദേശകാര്യ  സെൽ  കോൺഗ്രസ് പാർട്ടിയിൽ  രൂപീകരിയ്ക്കുകയും റാം മനോഹർ ലോഹ്യയെ അതിൻറ്റെ അധ്യക്ഷനാക്കുകയും ചെയ്തത് .
                    ഒക്ടോബർ  വിപ്ലവത്തിന് ശേഷം  പിതാവായ മോത്തിലാൽ നെഹ്റുവിനൊപ്പം, സോവിയറ്റ് യൂണിയൻ  സന്ദർശിച്ച ജവാഹർലാൽ നെഹ്‌റു അവിടെ നിന്നും ഉൾക്കൊണ്ട സോഷ്യലിസ്റ്റ്  ചിന്താധാര  കോൺഗ്രസ്സ് പാർട്ടിയ്ക്ക് പകർന്നു നൽകി.   ഹിറ്റ്ലറും,മുസ്സോളിനിയും ശക്തരായതോടെ, സാമ്രാജ്യത്വവിരുദ്ധ നിലപാടുകൾക്കൊപ്പം നാസിസത്തിനെതിരെയും ഫാസിസത്തിനെതിരെയും ശക്തമായ നിലപാടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുടർന്നത് .ദേശീയ താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള വിദേശ നയങ്ങൾക്ക് മാത്രമേ നിലനില്പുണ്ടാകുകയുള്ളുഎന്ന് മനസിലാക്കിയാണ് ഇന്ത്യൻ നാഷണൽകോൺഗ്രസ്സും  അതിൻറ്റെ നേതാക്കളായ മഹാത്മാ  ഗാന്ധിയും ,ജവഹർലാൽനെഹ്രുവും   ഇന്ത്യയുടെ വിദേശനയത്തിന് സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ തന്നെ രൂപം നൽകിയത്. 1936 ൽ നെഹ്‌റു കോൺഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ , അദ്ദേഹം ഒരു വിദേശകാര്യവകുപ്പു തന്നെ കോൺഗ്രസ് പാർട്ടിയിൽ രൂപീകരിയ്ക്കുകയും, റാം മനോഹർലോഹ്യയെ അതിൻറ്റെ അധ്യക്ഷനാക്കുകയും ചെയ്തു. സ്വതന്ത്രഭാരതം അന്തർ  ദേശീയരംഗത്ത്  ഏതെങ്കിലും ചേരികളുടെ ഭാഗമാകരുതെന്ന കാഴ്ചപ്പാട് നമ്മുടെ ദേശീയ നേതൃത്ത്വം  എടുത്തിരുന്നു.സ്വതന്ത്ര ഇന്ത്യ , ഭാരതീയരുടെ മാത്രമല്ല ഏഷ്യാ വൻകരയിലെ രാജ്യങ്ങളുടെയും, അതുവഴി ലോകത്തിൻറ്റെ സഹവർത്തിത്വത്തിനും, വളർച്ചയ്ക്കും ,സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ നെടും തൂണാകണമെന്ന കാഴ്ചപ്പാടും നമ്മുടെ ദേശീയ  നേതാക്കൾക്ക്   ഉണ്ടായിരുന്നു  .   ഈ കാഴ്ചപ്പാട് ജവഹർലാൽനെഹ്‌റു                      " ഇന്ത്യയെ കണ്ടെത്തൽ" എന്ന തൻറ്റെ വിശ്രുത ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നെഹ്രുവിനോളം ,  അന്തർദ്ദേശീയ  പ്രശ്നങ്ങൾ മനസിലാക്കുകയും, അഭിപ്രായരൂപീകരണം നടത്തുകയും ചയ്ത മറ്റൊരു നേതാവ് ആ കാലഘട്ടത്തിൽ   ഇല്ലായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിദേശനയത്തെകുറിച്ചു വ്യക്തമായ കാഴ്ചപ്പാട്  അന്നേ  ഉണ്ടായിരുന്നതുകൊണ്ടാണ് , സ്വതന്ത്ര ഇന്ത്യ യിലെ പ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം, വിദേശകാര്യവകുപ്പും അദ്ദേഹം തന്നെ കൈകാര്യം ചെയ്തത്  . 1947 ആഗസ്റ്റ് 15 മുതൽ 1964 മെയ് 27 ൽ അദ്ദേഹം  അന്തരിക്കു  ന്നതുവരെയും , ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തിൻറ്റെ കൈകളിൽ ഭദ്രമായിരുന്നു. 

സ്വതന്ത്ര ഇന്ത്യയുടെ വിദേശനയം 
 
           ജവഹർലാൽ നെഹ്‌റുവിനെ  വിലയിരുത്തുന്നത്  ആധുനിക ഇന്ത്യയുടെ ശില്പിയായാണ്. ബഹുമുഖപ്രതിഭയായിരുന്ന നെഹ്രുവിൻറ്റെ കണ്ണുകളും, അദ്ദേഹത്തിൻറ്റെ മനസും ചെന്നെത്താത്ത മേഖലകൾ  ഇന്ത്യയിൽ ഇല്ലായിരുന്നു. മുനിസിപ്പൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ മുതൽ ശാസ്ത്ര സാങ്കേതിക മേഖലകളിലെഗഹനമായ  പ്രശ്നങ്ങൾ വരെ പഠി യ്ക്കുവാനും, പരിഹാരം കണ്ടെത്താനും,അദ്ദേഹത്തിന് സാധിച്ചിരുന്നു.  അദ്ദേഹത്തിൻറ്റെ ഏറ്റവും വലിയ  ഒരു സംഭാവന ഇന്ത്യയുടെ വിദേശനയം കരുപ്പിടിപ്പിയ്ക്കുന്നതിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ,ലോകം അമേരിക്കയുടെയും,  സോവിയറ്റ് യൂണിയൻറ്റെയും നേതൃത്വത്തിൽ രണ്ടു ചേരികളായി നിന്ന് മത്സരിച്ചിരുന്ന സാഹചര്യത്തിലാണ്  സ്വാതന്ത്ര്യത്തിൻറ്റെ  ശുദ്ധവായു ശ്വസിച്ചുകൊണ്ട്‌    അന്തർ ദേശീയ രംഗത്തേക്ക്   ഇന്ത്യ  കടന്നുവന്നത്.  മഹാത്മാ ഗാന്ധിയുടെ  അഹിംസാവാദത്തിൽ അടിയുറച്ചു വിശ്വസിച്ച നെഹ്‌റുവിന്   ,യുദ്ധത്തിൻറ്റെ കെടുതികളും,ബുദ്ധിമുട്ടുകളും , ദൂഷ്യവശങ്ങളും  മനസിലാക്കുവാൻ   സാധിച്ചു. അതുകൊണ്ട് അക്രമങ്ങളിലും ആയുധമേന്തിയുള്ള  ആക്രോശങ്ങളിലും  അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു.എന്നുമാത്രമല്ല  ആക്രമണങ്ങളെ  അകറ്റി നിർത്തുവാനും അദ്ദേഹം ആഗ്രഹിച്ചു. സാമ്രാജ്യത്വത്തിനും ,കോളനിവൽക്കരണത്തിനും എതിരെ പോരാടിയ ഒരു രാജ്യമെന്ന നിലയിൽ, രാജ്യത്തിന് ലഭ്യമായ വിഭവങ്ങൾ ,പട്ടിണിയും,കഷ്ടപ്പാടുകളും ഒഴിവാക്കി ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും,വികസനാവശ്യങ്ങൾക്കുമാണ് ഉപയോഗിയ്ക്കേണ്ടതെന്ന്  അദ്ദേഹത്തിന് ബോധ്യമായിരുന്നു.  ഈ ലക്ഷ്യത്തോടെയാണ്  പഞ്ചവത്സര പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്.    ജനങ്ങളുടെയും, രാജ്യത്തിൻറ്റെയും   ഭൗതികവും, സാമ്പത്തികവുമായ ഉന്നമനത്തിന്  പകരം,   ആയുധങ്ങൾ വാങ്ങിക്കൂട്ടി സൈനിക ശക്തി കൂട്ടുന്നതിന് അദ്ദേഹം എതിരായിരുന്നു.  
ഈ കാഴ്ചപ്പാട് ഉള്ളതിനാലാണ് അമേരിക്കയുടെയും, സോവിയറ്റ് യൂണിയൻറ്റെയും നേതൃത്വത്തിലുള്ള ശാക്തികചേരികളിൽ ചേരാതെ ,സ്വതന്ത്രമായി നിന്നുകൊണ്ട് ഇന്ത്യയ്ക്ക് ഹാനികരമല്ലാത്ത മേഖലകളിൽ അവരുമായി സഹകരിയ്ക്കുന്ന നിലപാട് കൈക്കൊള്ളാൻ അദ്ദേഹം തീരുമാനിച്ചത്.എന്നാൽ സ്വതന്ത്ര ഇന്ത്യ തങ്ങളുടെ ചേരിയിൽ  അണി നിരക്കണമെന്നു ആഗ്രഹിച്ച ഇരുചേരികളും നെഹ്രുവിൻറ്റെ ഈ വിദേശനയത്തെ  സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്.നെഹ്രുവിൻറ്റെ സ്വതന്ത്ര നിലപാടിനെ അവസരവാദപരമായി കാണാനാണ് ആദ്യകാലഘട്ടത്തിൽ അമേരിക്കൻ ചേരിയും,സോവ്യറ്റ് ചേരിയും ശ്രമിച്ചത്.  തൻറ്റെ കാഴ്ചപ്പാടിൻറ്റെ വിശുദ്ധിയിൽ ദൃഡ  വിശ്വാസമർപ്പിച്ച നെഹ്‌റു തൻറ്റെ ചേരിചേരാനയത്തിനു മറ്റു ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിൽ,   സാവധാനത്തിലാണെങ്കിലും, വിജയിച്ചു. ഈജിപ്ത് പ്രസിഡന്റ് കമാ ൽ അബ്ദുൽ നാസർ , ബർമ പ്രധാനമന്ത്രി യു നു , യുഗോസ്ലാവിയ പ്രസിഡന്റ് മാർഷൽ ടിറ്റോ, ഇന്തോനേഷ്യൻ   പ്രസിഡൻറ്റ   സ് സുക്കാർനോ,ഘാന പ്രസിഡന്റ് എൻക്രുമ എന്നിവരോടൊപ്പം ചേർന്ന്   നെഹ്‌റു രൂപം നൽകിയ ചേരിചേരാ രാഷ്ട്രങ്ങളുടെ കൂട്ടായ്മ വളരെവേഗമാണ്  സ്വാതന്ത്ര്യം ലഭിച്ച കിഴക്കും പടിഞ്ഞാറുമുള്ള മറ്റു ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ശക്തമായ ഒരു പ്രസ്ഥാനമായി മാറിയത്. ഒരു ചേരിയിലുംനിലകൊള്ളാതെ , ലോകസമാധാനത്തിനുള്ള പ്രസ്ഥാനമായാണ് ഈ കൂട്ടായ്മയെ നെഹ്‌റു കരുപ്പിടിപ്പിച്ചത്. അന്താരാഷ്ട്ര പ്രശ്നങ്ങളിൽ   ഓരോ  രാജ്യത്തെയും ഗുണദോഷങ്ങൾ മനസിലാക്കിയുള്ള  പ്രശ്നാധിഷ്ഠിതമായ സമീപനമായിരുന്നു ചേരിചേരരാജ്യങ്ങളുടെ പ്രവർത്തനരീതി. 1956 ൽ സൂയസ് കനാൽ ദേശസാത്കരിയ്ക്കാൻ അബ്ദുൾനാസർ തീരുമാനിച്ചതോടെ ഇസ്രയേലും,ബ്രിട്ടനും ,ഫ്രാൻസും സൈനികബലത്തിൽ സൂയസ്‌ക്കനാൽ കൈയടക്കാൻ നടത്തിയ ശ്രമത്തോടെയാണ് സൂയസ് കനാൽ   പ്രശ്‍നം    രൂക്ഷമായത് .  ഈ  പ്രശ്‍നം  പരിഹരിയ്ക്കാൻ അമേരിയ്ക്കയ്ക്കും  സോവ്യറ്റ് യൂണിയനുമൊപ്പം ഇന്ത്യയും പങ്കു വഹിച്ചു. 1962 ലെ ക്യൂബൻ പ്രതിസന്ധി , 1962 ലെ തന്നെ ഇന്ത്യ -ചൈന യുദ്ധം തുടങ്ങിയ സംഭവങ്ങൾ  ഉണ്ടായപ്പോൾ ,നിഷ്പക്ഷമായ ഇടപെടലുകൾ നടത്താൻ ചേരി-ചേരാ രാജ്യങ്ങൾ ശ്രമിച്ചിരുന്നു.  ഹങ്കറിയിലെ  സോവ്യറ്റ് അധിനിവേശത്തിനെതിരെയും   ദക്ഷിണാഫ്രിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ വർണവിവേചനം അവസാനിപ്പിയ്ക്കുന്നതിനും ഇന്ത്യയുടെ നേതൃത്വത്തിൽ, ചേരി-ചേരാ  രാജ്യങ്ങൾ തങ്ങളുടേതായ പങ്ക് നിർവഹിച്ചു.
                   നെഹ്രുവിൻറ്റെ വിദേശനയത്തിൻറ്റെ പരീക്ഷണശാലയായിരുന്നു  ഇന്ത്യ-ചൈന ബന്ധം.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച്  രണ്ടു വർഷങ്ങൾക്ക്  ശേഷം മാത്രം സ്വതന്ത്രയായ ചൈനയിലെ  മാവോസേതൂങ്ങിൻറ്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ആദ്യം അംഗീകരിച്ച രാജ്യം ഇന്ത്യയായിരുന്നു.   അയൽ  രാജ്യമെന്ന നിലയിൽ ചൈനയുമായി സൗഹൃദാന്തരീക്ഷത്തിലുള്ള ബന്ധമായിരുന്നു നെഹ്‌റു ആഗ്രഹിച്ചത് . സ്വാതന്ത്ര്യ ലബ്ധിയ്ക്കു മുൻപ് തന്നെ ഈ നിലപാട് നെഹ്‌റു വ്യക്തമാക്കിയിട്ടുണ്ട് .1937 ൽ ജപ്പാൻ   മഞ്ചൂറിയ  ആക്രമിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജപ്പാനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. മാത്രമല്ല ഇന്ത്യയിൽ നിന്നും  അവശ്യമരുന്നുകളും,  പ്രശസ്ത ഭിഷഗ്വരനായ  ഡോ .കോട് നിസ്സിൻറ്റെ   നേതൃത്വത്തിൽ ഡോക്ടർമാരുടെ ഒരു ടീമിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചൈനയിലേക്ക് അയച്ചിരുന്നു. തിബറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഇന്ത്യയും ചൈനയും തമ്മിൽ   അസ്വാരസ്യങ്ങൾ  ഉടലെടുത്തത്. ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധത്തിൽ പോകണമെന്ന് താല്പര്യപ്പെട്ടിരുന്ന നെഹ്‌റുവിനെ വളരെയധികം വേദനിപ്പിച്ചസംഭവമാണ് 1950 ഒക്ടോബറിൽ ചൈനയുടെ സൈന്യം തിബറ്റിൽ പ്രവേശിച്ചത് .അതുവരെയും ഒരു സ്വതന്ത്രരാജ്യമായി നിലനിന്നിരുന്ന    തിബറ്റിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിൽ ഇന്ത്യയുടെ ആശങ്ക നെഹ്‌റു, ചൈനയുടെ പ്രധാനമന്ത്രി ചൗ എൻ ലായിയെ നേരിട്ട് അറിയിച്ചു .  എന്നാൽ , ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാതിരിയ്ക്കാൻ പരസ്യ പ്രസ്താവന നെഹ്‌റു ഒഴിവാക്കി.  ചൗ എൻ ലായി  1954 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ,  രാജ്യങ്ങളുടെ പരമാധികാരവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും ബഹുമാനിയ്ക്കുമെന്നും, സൈനിക ആക്രമണങ്ങൾ നടത്തില്ലെന്നും, ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ലെന്നും, പരസ്പര സഹായത്തിൽ ഊന്നിയുള്ള സമാധാനപരമായ സഹവർത്തിത്വം  നില നിർത്തുമെന്നുമുള്ള  പഞ്ചശീലതത്വങ്ങൾ  ഇരു രാജ്യങ്ങളും  രേഖാമൂലം  അംഗീകരിച്ചു.                      തിബറ്റിൻറ്റെ നിയന്ത്രണം    സൈന്യത്തെ ഉപയോഗിച്ച്   ചൈന  കയ്യടക്കിയതോടെയാണ് ഇന്ത്യയും, ചൈനയും അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങളായി മാറിയത്.   തിബറ്റിൻറ്റെ ഭരണാധികാരിയായിരുന്ന ദലൈലാമയെ തടങ്കലിലാക്കാനുള്ള നീക്കമുണ്ടായപ്പോൾ , അദ്ദേഹം തലസ്ഥാനമായ ലാസയിൽ നിന്നും  വേഷ പ്രച്ഛന്നനായി  രക്ഷപ്പെട്ട്  , ഇന്ത്യയിൽ അഭയാർത്ഥിയായി എത്തി. ദലൈലാമയ്ക്ക് അഭയം നൽകിയതോടെ  ഇന്ത്യയെ ശത്രുതാമനോഭാവത്തോടെ ചൈന വീക്ഷിയ്ക്കുവാൻ തുടങ്ങി
. തിബറ്റുമായുള്ള ഇന്ത്യയുടെ അതിർത്തി മാനിയ്ക്കുവാൻ ചൈന തയാറായില്ല. അതിർത്തിയിൽ ഇന്ത്യ അറിയാതെ റോഡ് നിര്മിച്ച ചൈന  പുതിയ അവകാശവാദങ്ങൾ ഉന്നയിച്ച്  അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർക്കുവാനും തുടങ്ങി.  ചൗ  എൻ ലായി യുമായി 1960 ൽ നടത്തിയ അതിർത്തി സംബന്ധിച്ച ചർച്ചകളും പരാജയപ്പെട്ടു. ഇന്ത്യ-ചൈന അതിർത്തിയായി  നിശ്ചയിച്ചിരുന്ന മക് മഹൻ രേഖ   അംഗീകരിയ്ക്കാൻ ചൈന തയാറായില്ല .  1962 ഡിസംബറിൽഅതിർത്തി സംബന്ധിച്ച്     ബ്രിട്ടീഷ് ഭരണ കാലയളവുമുതൽ ഉണ്ടായിരുന്ന  എല്ലാ  കരാറുകളും   കാറ്റിൽ പറത്തിക്കൊണ്ട്  ലഡാക്കിലും,  അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള  അതിർത്തികളിലും   ചൈന കടന്നുകയറ്റം നടത്തി.  തമ്മിലുള്ള  ബന്ധങ്ങളുടെ  സീമകൾ ലംഘിച്ചുകൊണ്ടുള്ള ചൈനയുടെ കടന്നു കയറ്റം അപ്രതീക്ഷിതമായിരുന്നു. അയൽ   രാജ്യങ്ങളുമായി യുദ്ധം ഉണ്ടാകുകയില്ലെന്നു ഉറച്ചു വിശ്വസിച്ച നെഹ്‌റു, നമ്മുടെ സൈനിക ശേഷിയും, ആയുധശേഷിയും, വർദ്ധിപ്പിയ്ക്കുന്നതിനേക്കാൾ ഊന്നൽ നൽകിയത്  പരസ്പര  സഹകരണത്തിലും, സാഹോദര്യത്തിലുമായിരുന്നു.
യുദ്ധമുണ്ടായ സന്ദർഭത്തിൽ ഒരു  സഹോദര കമ്മ്യൂണിസ്റ്റ് രാജ്യമെന്ന നിലയിൽ സോവിയറ്റ് യൂണിയൻ ഒരു പക്ഷവും  പിടിക്കാതെ    മാറി നിന്നു .   അമേരിക്ക യുദ്ധത്തിൻറ്റെ ആദ്യ ദിനങ്ങളിൽ സഹായം നൽകിയില്ലെങ്കിലും, പിന്നീട് ഇന്ത്യയ്ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്യുകയും, ചൈനയെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ്  ചൈന ഏക പക്ഷീയമായി   വെടി  നിർത്തൽ പ്രഖ്യാപിയ്ക്കുകയും, യുദ്ധത്തിന് മുമ്പുള്ള നിലയിലേയ്ക്ക് സൈനികരെ പിൻവലിയ്ക്കുകയും ചെയ്തത് . 
യുദ്ധം തീർന്നെങ്കിലും, അതുണ്ടാക്കിയ പ്രകമ്പനങ്ങളും, അസ്വാരസ്യങ്ങളും ഇന്ത്യ-ചൈന ബന്ധത്തിൽ ഇപ്പോഴും നില നിൽക്കുന്നു. യുദ്ധത്തിന് ശേഷം പ്രതിരോധരംഗത്തു   ആധുനികവൽക്കരിക്കാനുള്ള  ശ്രമങ്ങൾ  ഇന്ത്യ കൈക്കൊണ്ടു. ഓരോ വര്ഷം കഴിയുന്തോറും പ്രതിരോധ ചെലവ് വർദ്ധിച്ചു വരികയാണ് .ചേരിചേരാ  നയം പിന്തുടർന്നെങ്കിലും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള നയമാണ്‌   പിന്നീട് വിദേശ നയത്തിലും പ്രതിഫലിച്ചത് .ഇന്ത്യയുടെ സൗഹൃദത്തിനും വിട്ടുവീഴ്ചയ്ക്കും,തെല്ലും വില കല്പിയ്ക്കാത്ത ചൈനയുടെ നയത്തിൽ മനംനൊന്ത നെഹ്‌റു 1964 ൽ അന്തരിച്ചതോടെ   ലാൽ ബഹാദൂർ ശാസ്ത്രി  അധികാരത്തിലെത്തി. ശാസ്ത്രിയും, ചേരി-ചേരാ  നയം തന്നെ പിന്തുടർന്നു . അദ്ദേഹം  പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലെ വലിയ വെല്ലുവിളി  1965  ലെ പാക്കിസ്ഥാൻ ആക്രമണമായിരുന്നു.  ഓപ്പറേഷൻ ജിബ്രാൾട്ടർ  എന്ന പേരിൽ കാശ്മീരിൽ നുഴഞ്ഞു കയറിയ  പാക്കിസ്ഥാൻ സൈന്യമാണ് യുദ്ധത്തിന് കാരണം.  ഈ യുദ്ധത്തിൽ പാക്കിസ്ഥാന്  ആയുധം നൽകി സഹായിച്ചത് അമേരിക്കയും, ബ്രിട്ടനുമായിരുന്നു. ഐക്യ രാഷ്ട്ര സഭയിൽ  പാകിസ്താൻറ്റെ  ആക്രമണം ഇന്ത്യ ഉന്നയിച്ചെങ്കിലും,  സോവിയറ്റ് യൂനിയന്റ്റെ  മദ്ധ്യസ്ഥ  തയിലാണ് യുദ്ധം അവസാനിച്ചത്. 
സമാധാന ചർച്ചക്ക് വേദിയായ താഷ്‌ക്കന്റിൽ  വച്ചുതന്നെയായിരുന്നു  ഹൃദയാഘാതത്തെ തുടർന്ന്  ശാസ്ത്രി അന്തരിച്ചതും.
 
ബംഗ്ലാദേശിന് വിമോചനം നൽകിയ ഇന്ദിരയുടെ നയം 

ശാസ്ത്രിയ്ക്കു ശേഷം അധികാരത്തിലേറിയ ഇന്ദിരാഗാന്ധിയും സാമ്പത്തിക -സൈനിക മേഖലകളിൽ സ്വന്തം ശക്തി വർധിപ്പിച്ചുകൊണ്ടുള്ള ചേരി- ചേരാ നയമാണ്     പിന്തുണർന്നത് .   അണ്വായുധ നിർവ്യാപന കരാറിൽ  ഇന്ത്യ ഒപ്പിടണമെന്ന നിബന്ധനകളോടെ സഹായം നൽകാമെന്ന് അമേരിയ്ക്ക വാഗ്ദാനം നൽകിയപ്പോൾ , ചരടുകളില്ലാത്ത വിദേശ സഹായം മതി ഇന്ത്യയ്ക്കെന്ന ഉറച്ച നിലപാടാണ് ഇന്ദിരാഗാന്ധി കൈക്കൊണ്ടത് . ബംഗ്ലാദേശ് വിമോചന   യുദ്ധ സമയത്തു്  പാകിസ്താനാനുകൂല നിലപാടുമായി അമേരിയ്ക്കയും, ചൈനയും നില കൊണ്ടപ്പോൾ , സോവിയറ്റ് യൂണിയനുമായി സഹകരിയ്ക്കുവാനും,  ദീർഘകാല  സൗഹൃദ ഉടമ്പടി ഒപ്പു വയ്ക്കുവാനും , ഇന്ദിരാഗാന്ധി തയ്യാറായി. സോവിയറ്റ് യൂണിയനുമായി പ്രതിരോധ രംഗത്ത് ശക്തമായ ബന്ധമുണ്ടാക്കുവാനും , പാലസ്റ്റീൻ പ്രശ്നത്തിൽ , പാലസ്റ്റീൻ വിമോചന പ്രസ്ഥാനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുവാനും  അറബിരാജ്യങ്ങളുമായുള്ള ബന്ധം സുദൃഢ മാക്കുവാനും ഇന്ദിരാഗാന്ധി രൂപം നൽകിയ വിദേശനയത്തിലൂടെ സാധിച്ചു .ആഫ്രിക്കൻ രാജ്യങ്ങളിൽ നടന്ന വിമോചന പ്രക്ഷോഭങ്ങൾക്കും  വർണ വെറിക്കുമെതിരെയുള്ള നിലപാടുകൾ ഇന്ത്യയുടെ വിദേശനയത്തിനു കരുത്തേകി . ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ഇന്ത്യ നേരിട്ട വലിയ വെല്ലുവിളി  1974 ൽ നടത്തിയ അണുപരീക്ഷണമായിരുന്നു.  സമാധാന പരമായ ആവശ്യങ്ങൾക്ക്  ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ്   അണു  പരീക്ഷണം നടത്തിയതെന്ന് നമ്മൾ പറഞ്ഞപ്പോൾ,  ആ വാദം അംഗീകരിക്കാൻ  അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ തയ്യാറായില്ല.  ഇന്ത്യക്കെതിരെ നിരവധി രാജ്യങ്ങൾ വിലക്കുകൾ ഏർപ്പെടുത്തിയെങ്കിലും, അണു  ബോംബ് ഉ ആഗോളതലത്തിൽ അംഗീകാരം ണ്ടാക്കുവാൻ  ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്ന ഇന്ദിര ഗാന്ധിയുടെ   ഉറപ്പിൻറ്റെ  ബലത്തിൽ എതിർപ്രചാരണങ്ങളെ അതിജീവിക്കുവാൻ നമുക്ക് സാധിച്ചു.
 
അന്തർദേശിയ രംഗത്ത് തിളങ്ങിയ രാജീവ് ഗാന്ധി
 
  നെഹ്‌റു കരുപ്പിടിപ്പിച്ച ചേരിചേരാ നയം തന്നെയായിരുന്നു    ഇന്ദിര ഗാന്ധിക്ക് ശേഷം,  പ്രധാനമന്ത്രിയെന്ന നിലയിൽ രാജീവ്ഗാന്ധി  തുടർന്നത് .  ചേരിചേരാ പ്രസ്ഥാനം ശക്തിപ്പെടുത്തുവാൻ  അദ്ദേഹം ശ്രമിച്ചു. . അമേരിക്കയുടേയും  സോവിയറ്റ് യൂണിയൻറ്റെയും  നേതാക്കളുമായി  ചർച്ചനടത്തി  അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള  വിദേശനയം  അദ്ദേഹത്തിന്‌ ആഗോളതലത്തിൽ അംഗീകാരം   നേടിക്കൊടുത്തു. ശ്രീലങ്കയിൽ എൽ ടി ടി ഇ  തീവ്രവാദികൾ,  സർക്കാരിനെതിരെ ആരംഭിച്ച  ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന്റ്റെ ഭാഗമായി  രാജീവ് ഗാന്ധിയും, ശ്രീലങ്ക പ്രസിഡൻറ്  ജയവർധനെയും ഒപ്പുവച്ച     ഇൻഡോ-ശ്രീലങ്ക കരാറും, മാലിദ്വീപിൽ  മോഹഭംഗം വന്ന ചില വ്യവസായികളും,  ശ്രീലങ്കയിലെ ഒരു വിഭാഗം തീവ്രവാദികളും ചേർന്ന്  മാലി പ്രസിഡന്റ് അബ്ദുൽ ഗയൂമിനെ  അധികാര ഫ്രഷ്‌ഠന ക്കുവാൻ  നടത്തിയ സായുധ കലാപവും  ഇന്ത്യൻ സൈന്യത്തെ അയച്ച്   അമർച്ചചെയ്തത്  രാജീവ് ഗാന്ധിയുടെ വിദേശനയത്തിലെ പൊൻ  തൂവലുകളാ കളായിരുന്നു.
 1964 ലെ യുദ്ധത്തിന് ശേഷം, ചൈന സന്ദർശിച്ച  ആദ്യ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.   ചൈനയുമായുള്ള  ബന്ധത്തിൽ  ഒരു പുതിയ തുടക്കം കുറിക്കുവാൻ  അദ്ദേഹത്തിന്റെ സന്ദർശനത്തിനു  സാധിച്ചു .   ഉൾപ്പെടെയുള്ള നിലവിലുണ്ടായിരുന്ന നയങ്ങൾ തന്നെ തുടരുകയായിരുന്നു കേന്ദ്രത്തിൽ , പിന്നീട്   അധികാരത്തിലേറിയ ഇടക്കാല സര്കാരുകളെല്ലാം .

ഉദാരവത്ക്കരണത്തിലൂന്നിയ നയം  

          1991 ലെ തെരഞ്ഞെടുപ്പിലൂടെ  പ്രധാനമന്ത്രിയായ  നരസിംഹ റാവു  ഉദാരവൽക്കരണ നയങ്ങളിലൂടെ സമ്പത്‌വ്യവസ്ഥയെ  ശക്തിപ്പെടുത്തിയതിനൊപ്പം  വിദേശ നയങ്ങളിലും ഒരു പൊളിച്ചെഴുത്തു   നടത്തി.  സോവിയറ്റ് യൂനിയന്റ്റെ  തകർച്ചക്ക് ശേഷം അമേരിക്ക ഏക ലോക ശക്തിയായിയിരുന്ന അവസരമായിരുന്നതു  കൊണ്ട്  , അമേരിക്ക ഉൾപ്പെടെയുള്ള . പാശ്ചാത്യ രാജ്യങ്ങളുമായി  സൗഹൃദം ശക്തിപ്പെടുത്തുന്നതിന്   റാവു തൻറ്റെ  വിദേശനയത്തിലൂടെ ശ്രമിച്ചു. ഒപ്പം പൂർവേഷ്യൻ  രാജ്യങ്ങളുമായി  ബന്ധം മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം   നടപടികൾ എടുത്തു .  അന്നുവരെ  പിന്തുടർന്ന നെഹ്രുവിന്റെ വിദേശ നയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട്  ഇസ്രയേലുമായി  നയതന്ത്രബന്ധം സ്ഥാപിച്ചു.  നമ്മുടെ വിദേശ നയത്തിൽ വരുത്തിയ  കാതലായ ഒരു മാറ്റമായിരുന്നു  ഈ നടപടിയിലൂടെ  റാവു വരുത്തിയത്. ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നതിനു ഉപോദ്‌ബലകമായ  വിദേശനയമാണ്  റാവു സർക്കാർ പിന്തുടർന്നത്. അമേരിക്കയുമായി മാത്രമല്ലാ , റഷ്യയുമായും, ഇസ്രയേലുമായും, അറബ് രാജ്യങ്ങളുമായും, ഇറാനും പാകിസ്ഥാനുമായും ഒരേ സമയം നല്ല ബന്ധമുണ്ടാക്കുന്നതിൽ റാവു സർക്കാർ വിജയിച്ചു.

       റാവു   സർക്കാരിന് ശേഷം പ്രധാനമന്ത്രിയായി അധികാരമേറ്റത്  ബി ജെ പി നേതാവ് എ.ബി. വാജ്പേയി ആയിരുന്നു.  ആർ എസ് എസ്  നിലപാടുകളിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള  പ്രായോഗിക സമീപനമാണ് വിദേശനയത്തിൽ  അദ്ദേഹം  പ്രകടമാക്കിയത്.  ചൈനയുമായും  , പാകിസ്ഥാനുമായും ഉണ്ടായിരുന്ന ശത്രുത ഉപേക്ഷിച്ചു ബന്ധം പുനസ്ഥാപിക്കുവാൻ 1977-79 കാലഘട്ടത്തിൽ  മൊറാർജി മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയെന്ന നിലയിൽ അദ്ദേഹം  എടുത്ത നടപടികളുടെ തുടർച്ചയാണ് പ്രധാനമന്ത്രിയെന്ന നിലയിലും  അദ്ദേഹം പിന്തുടർന്നത്. ഇന്ത്യയെ  ഒരു ആണവ ശക്തിയായി മാറ്റണമെന്ന ആഗ്രഹത്തോടെയാണ്, അമേരിക്കയുടെ നേതൃത്വത്തിലുള്ള ശക്തികളുടെ എതിർപ്പ് വകവെക്കാതെ  1998 ൽ  അണുപരീക്ഷണങ്ങളുമായി  മുന്നേറിയത്‌. അദ്ദേഹം പ്രധാന മന്ത്രിയായി സ്ഥാനം ഏറ്റെടുത്തു രണ്ടുമാസങ്ങൾക്കുള്ളിൽ പൊഖ്‌റാനിൽ വീണ്ടും അണുപരീക്ഷണം നടത്തി. അതോടെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോ ധം പ്രഖ്യാപിച്ചു.  പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനായി ഇന്ത്യയിൽ നിന്നും ലാഹോറിലേക്കു ബസ് സർവീസ് അദ്ദേഹം ആരംഭിച്ചു. അതിനോടനുബന്ധിച്ചു നവാസ് ഷെരീഫുമായി നടത്തിയ ചർച്ചയിലൂടെ ജമ്മു കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ രണ്ടു രാജ്യങ്ങളും സമാധാന പരമായ ചർച്ചയിലൂടെ  പരിഹരിക്കുമെന്നും  ഇരു നേതാക്കളും പ്രസ്താവിച്ചു.എന്നാൽ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കാത്ത  പാകിസ്ഥാൻ പട്ടാളം , സൈനിക  മേധാവിയായ പർവേസ് മുഷാറഫിൻറ്റെ  നിർദേശാനുസരണം ഇന്ത്യൻ ഭൂപ്രദേശമായ കാർഗിൽ കൊടുമുടി  രഹസ്യ നീക്കങ്ങളിലൂടെ പിടിച്ചടക്കി.  ഒടുവിൽ  ഇന്ത്യയുടെ നാന്നൂറോളം സൈനികരുടെ ജീവൻ ബലികൊടുത്താണ് കാർഗിൽ പരിമിതമായ ഒരു യുദ്ധത്തിലൂടെ മോചിപ്പിച്ചത്.  വാജ്പയീയുടെ വിദേശനയത്തിലെ ഒരു കറുത്ത  ഏടായി മാറിയത്   പാക്കിസ്ഥാൻ ഭീകരർ   കാട്ട്മണ്ഡുവിൽ   നിന്നുമുള്ള  ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിക്കൊണ്ടു അഫ്ഘാനിസ്ഥാനിലെ കാണ്ഡഹാറിൽ കൊണ്ടുപോയതും,അതിലെ യാത്രക്കാരുടെ മോചനത്തിനായി  കൊടും ഭീകരനായ  മസൂദ് അസ്‌ഹറിനെയും കൂട്ടാളികളെയും വിട്ടുകൊടുക്കേണ്ടി വന്നതുമാണ്. കഴിഞ്ഞതെല്ലാം മറന്ന്  പാകിസ്താനുമായി 2001  ജനുവരി മാസത്തിൽ വീണ്ടും ഇസ്ലാമാബാദിലെത്തി ചർച്ചനടത്തി അധികം വൈകാതെ പാകിസ്ഥാൻ ഭീകരർ  ഇന്ത്യൻ പാർലമെൻറ്  ആക്രമിച്ചു. അതോടെ വീണ്ടും യുദ്ധസമാനമായ അന്തരീക്ഷം ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ ഉണ്ടായി. ഈ സംഘർഷാവസ്ഥക്ക്‌  ശമനം ഉണ്ടായത്   ഏകദേശം ഒരു വർഷത്തിനുശേഷമാണ്.

  2003 ൽ അദ്ദേഹം നടത്തിയ  ബെയ്‌ജിങ്‌ സന്ദർശനത്തോടെ ചൈനയുമായുള്ള ബന്ധത്തിൽ ഊഷ്മളത  കൈവന്നു.  അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഉദ്യോഗസ്ഥ തലത്തിലെ ചർച്ചകൾ പോരാ എന്ന് മനസ്സിലാക്കി, രാഷ്രിയ തലത്തിലേക്ക് ചർച്ചകൾ ഉയർത്താൻ തീരുമാനിക്കുകയും, ഇന്ത്യയുടെ ദേശിയ സുരക്ഷാ ഉപദേശകനായ  ബ്രിജേഷ് മിശ്രയെയും ചൈനയുടെ  കമ്മ്യൂണിസ്റ്റ് പാർട്ടി സീനിയർ നേതാവായ ഡായ് ബിങ്ഗ്യോവിനേയും പ്രത്യേക 
പ്രതിവരെ നിധികളായി നിയോഗിക്കുകയും ചെയ്തു. 

മൻമോഹണോമിക്സിൽ  ഊന്നിയ വിദേശ നയം 

സാമ്പത്തിക ശാസ്ത്രജ്ഞനായ   ഡോ.മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിൽ   2004 മുതൽ 2014  അധികാരത്തിലിരുന്ന സർക്കാർ പാകിസ്ഥാനുമായും, ചൈനയുമായും ബന്ധം മെച്ചപ്പെടുത്തുന്നതിന് ശ്രമിച്ചതിനൊപ്പം  "Look East " നയം , രൂപികരിച്ചു , തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും, ആഫ്രിക്കൻ രാജ്യങ്ങളുമായും ജപ്പാനും അമേരിക്കയും ഉൾപ്പെടെയുള്ള  രാജ്യങ്ങളുമായും വ്യാപാര ബന്ധങ്ങളും ,മെച്ചപ്പെടുത്തുവാനുള്ള നടപടികൾ  എടുത്തു. അമേരിക്കയുമായി നടത്തിയ സുദീർഘ ചർച്ചകളിലൂടെ  സിവിൽ ആണുവായുധ കരാർ  ഒപ്പുവെക്കുവാൻ  സാധിച്ചതിനു പുറമെ      ന്യൂക്ലിയാർ   സപ്പ്ലയേഴ്‌സ് ഗ്രൂപ്പിൽ അംഗത്വം ലഭിക്കുവാൻ  അമേരിക്കയുടെ  പിന്തുണ  ഉറപ്പിക്കുവാൻ   സാധിച്ചു.  അതോടെ 1998 ലെ  അണുപരീക്ഷണങ്ങൾക്കു ശേഷം, ഇന്ത്യക്കെതിരെ അമേരിക്കയും സ്ഖ്യകക്ഷികളും  നടപ്പിലാക്കിയ  സാമ്പത്തിക ഉപരോധങ്ങൾ  പിൻവലിച്ചു.അദ്ദേഹം അധികാരത്തിലിരുന്ന പത്തുവർഷ കാലവും അമേരിക്കയുമായും,ചൈനയുമായും, പാകിസ്ഥാനുമായും   ഉള്ള ബന്ധം  മെച്ചപ്പെടുത്തുവാൻ സാധിച്ചു. അതോടൊപ്പം,  റഷ്യയുമായി 1971 മുതൽ നമുക്കുള്ള ബന്ധം ഊട്ടി ഉറപ്പിക്കുവാനും, ജപ്പാനുമായി  തന്ത്രപ്രധാനമായ  ബന്ധം ഉണ്ടാക്കുവാനും സാധിച്ചു.  മധ്യേഷ്യയിലെ,  ഗൾഫ് രാജ്യങ്ങളുമായും, ആഫ്രിക്കൻ രാജ്യങ്ങളുമായും  നമുക്കുള്ള ബന്ധം ശക്തിപ്പെടുത്താനും മൻമോഹൻ സിംഗ് പ്രത്യേക താല്പര്യം എടുത്തു.

പാകിസ്താനുമായള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടന്നുവരവെയാണ്  2008 നവംബര് മാസത്തിൽ മുംബൈ നഗരം പാകിസ്ഥാൻ തീവ്രവാദികളുടെ ആക്രമണത്തിനിരയായത്. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലക്ഷ്കർ -ഇ-തയിബ  എന്ന ഇസ്ലാമിക തീവ്രവാദികളായ പത്തു പേർ  മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ  നടത്തിയ തീവ്രവാദി ആക്രമണങ്ങളിൽ 175 ആളുകളാണ് കൊല്ലപ്പെട്ടത്.  അതോടെ  പാകിസ്താനുമായുള്ള ബന്ധം വീണ്ടും വഷളായി. ബംഗ്ലാദേശുമായി ദീർഘകാലമായി നിലനിന്ന  ടീസ്റ്റ നദീജല  തർക്കം സൗഹാർദ്ദപരമായ ചർച്ചകളിലൂടെ പരിഹരിക്കാനും സാധിച്ചു. സമാനതകളില്ലാത്ത വളർച്ച   രാജ്യ താല്പര്യം സംരക്ഷിച്ചു കൊണ്ടുള്ള വിദേശ ബന്ധങ്ങളിലൂടെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക-വാണിജ്യ മേഖലകളിലും,   ആഭ്യന്തര ഉത്പ്പാദനത്തിലും    വളർച്ച ഉണ്ടാക്കുവാനും അദ്ദേഹത്തിൻറ്റെ  ഭരണ കാലയളവിൽ  സാധിച്ചത്  വിദേശനയതിൻറ്റെ    പ്രതിഫലനമായിരുന്നു.

മോദിയുടെ വിദേശ നയം 

2014  മെയ് മാസത്തിലാണ് നരേന്ദ്ര മോദി  ഇന്ത്യയുടെ പ്രധാനമന്ത്രിയായി ആദ്യം അധികാരത്തിലേറിയത്  .  കീഴ്വഴക്കങ്ങളിൽ നിന്നും വ്യത്യസ്‌തമായി  അദ്ദേഹത്തിന്റെ  സത്യപ്രതിജ്ഞ ചടങ്ങിലേക്ക്   പാകിസ്ഥാൻ  പ്രധാനമന്ത്രി  നവാസ് ഷെരീഫ്  ഉൾപ്പെടെ    സാർക് രാജ്യങ്ങളിലെ  ഭരണത്തലവന്മാരെയെല്ലാം  പങ്കെടുപ്പിച്ചുകൊണ്ട്  വളരെയേറെ  അന്താരാഷ്ട്ര  ശ്രദ്ധനേടി.  അധികാരം ഏറ്റ്   അധികം വൈകാതെ   അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സന്ദർശിച്ച്   ഉഭയ കക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുവാൻ   അദ്ദേഹം ശ്രമിച്ചു. അമേരിക്കയുമായി  നിരവധി വാണിജ്യ  കരാറുകളിൽ ഒപ്പുവച്ചതിനു പുറമേ  ആദ്യമായി  പ്രതിരോധ രംഗത്തും  സഹകരിച്ചു പ്രവർത്തിക്കാൻ കരാറുകളിൽ ഒപ്പുവച്ചു.  ഇൻഡോ- പസിഫിക്      സമുദ്ര   മേഖലയിൽ  ചൈനയുടെ ആധിപത്യത്തിനെതിരെ  അമേരിക്കയും,ഓസ്‌ട്രേലിയയും, ജപ്പാനും ചേർന്നുള്ള ചതുർ രാഷ്ട്ര  സഖ്യത്തിൽ ഇന്ത്യ അംഗമായി ചേർന്നത്  ചൈനക്കെതിരെയുള്ള ഒരു സൈനിക സഖ്യ നീക്കമാണെന്ന   ആരോപണം  ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ  ഉന്നയിക്കുന്നുണ്ട്.   അമേരിക്കൻ  പ്രസിഡൻറ്   ആയിരുന്ന ബരാക്ക് ഒബാമയുമായും, പിന്നീട് വന്ന ഡൊണാൾഡ് ട്രംപുമായും വ്യക്തിപരമായ  ബന്ധം ഊട്ടിഉറപ്പിച്ചു കൊണ്ടാണ് അമേരിക്കയുമായി  കൂടുതൽ അടുത്ത ബന്ധം  അദ്ദേഹം സ്ഥാപിച്ചത്. പ്രഗത്ഭയായ സുഷമ സ്വരാജ് ഉൾപ്പെടെയുള്ള ,  ഇന്ത്യയുടെ  വിദേശകാര്യമന്ത്രിമാർ  പലപ്പോഴും  മോദിക്ക് മുമ്പിൽ    നിഴലുകളായി മാറുന്ന ഒരു ചിത്രം  മോദി  ഭരണത്തിൽ മുഴച്ചുനിൽക്കുന്നുണ്ട്. 

പാകിസ്താനുമായുള്ള ബന്ധത്തിൽ  ഒരു തുടർച്ചയില്ല എന്ന വിമർശനം പലഭാഗത്തുനിന്നും ഉന്നയിക്കുന്നുണ്ട്.  രാജ്യത്തിൻറ്റെ  നയം എന്നതിനുപരി, വ്യക്തിപരമായ മഹത്വൽക്കരണം  വിദേശനയത്തിൽ കടന്നുകൂടുന്നതിൻറ്റെ  പ്രകടമായ ഉദാഹരണമായി  ചൂണ്ടിക്കാട്ടപ്പെടുന്നത്   അദ്ദേഹം പാകിസ്ഥാൻ പ്രധാന മന്ത്രിയായിരുന്ന നവാസ് ഷെറീഫിന്റെ  വസതിയിൽ നടത്തിയ  സന്ദർശനമാണ്. രണ്ടു ദിവസം നീണ്ടുനിന്ന റഷ്യൻ സന്ദർശനത്തിനും, ഒരു ദിവസത്തെ  അഫ്ഘാൻ സന്ദർശനത്തിനും ശേഷമാണ്  നവാസ് ഷെരീഫിന്റെ പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി, 2015  ഡിസംബർ  25 ന്  അദ്ദേഹത്തിണ്റ്റെ  ലാഹോറിലെ കുടുംബ വീട്ടിൽ എത്തിയത്.  മോദിയുടെ സന്ദർശനത്തിന്റെ ചൂടാറും മുമ്പ്  2016 ജനുവരി 2 ന് ജെയ്ഷ് -ഇ- മുഹമ്മദ് ഭീകരർ പഞ്ചാബിലെ പത്തൻകോട് വായുസേന സ്റ്റേഷനിൽ ഭീകരാക്രമണം നടത്തി പത്തോളം സൈനികരെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും വധിച്ചു.  അതോടെ ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിൽ വീണ്ടും വിള്ളൽ ഉണ്ടായി, 2016 ൽ തന്നെ സെപ്റ്റംബറിൽ  കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിൽ ജെയ്ഷ് -ഇ-  മുഹമ്മദ് ഭീകരർ ആക്രമണം നടത്തി  19 ജവാന്മാരെ വധിച്ചു.  ഈ ആക്രമണങ്ങളുടെയെല്ലാം  സൂത്രധാരിയായ  ജെയ്ഷ് -ഇ മുഹമ്മദ്  തലവനായ മസൂദ് അസ്ഹറിനെ തീവ്രാദ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും, വിചാരണക്കായി ഇന്ത്യക്കു കൈമാറണമെന്നുമുള്ള ആവശ്യം പാകിസ്ഥാൻ  നിരസിച്ചതോടെ പാകിസ്താനുമായുള്ള ബന്ധം കൂടുതൽ അകൽച്ചയിലേക്കുപോയി. 2019  ഫെബ്രുവരിയിൽ പുൽവാമയിലെ സി.ആർ.പി.എഫ്  ക്യാമ്പ് ആക്രമിച്ചു 40  ജവാന്മാരെ വധിച്ചതോടെ  കേ ന്ദ്ര സർക്കാരിന്റെ തീവ്രവാദ വിരുദ്ധ നിലപാടുകളെ  ജനങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങി.   അതോടെ    തിരിച്ചടിക്കാതിരിക്കാൻ നിവർത്തിയില്ലാത്ത  ഘട്ടം വന്ന സാഹചര്യത്തിലാണ്  പാകിസ്ഥാൻ അധീന കശ്മീരിലെ ബലാകോട്ടിലുള്ള  തീവ്രവാദ പരിശീലന  കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി ലക്ഷർ -ഇ-തയ്‌ബക്കാരായ  കുറെ തീവ്രവാദികളെ  ഇന്ത്യൻ സൈന്യം  കൊന്നത്. ഏതായാലും ഇതൊക്കെ സൂചിപ്പിക്കുന്നത്  പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടു5ത്തുന്നതിൽ  വന്ന പരാജയമാണ്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി  തർക്കം രാഷ്ട്രീയ തലത്തിൽ  ചർച്ച ചെയ്ത്  പരിഹരിക്കാനായി  വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ  രൂപീകരിച്ച സ്പെഷ്യൽ റെപ്രസന്റേറ്റീവ്  തലത്തിലെ  സംവിധാനം   മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും തുടർന്നെങ്കിലും,  മോദി സർക്കാർ അധികാരത്തിൽ വന്നശേഷം  അതിൻറ്റെ പ്രാധാന്യം കുറഞ്ഞു. ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനായി പ്രധാന മന്ത്രി മോദി 5 പ്രാവശ്യം ചൈന സന്ദർശിച്ചു ചർച്ച  നടത്തി.  മോദിയുമായി ഉച്ചകോടി നടത്താൻ  ഷി ജിൻപിങ് രണ്ടു പ്രാവശ്യം ഇന്ത്യയിലേക്കും സന്ദർശനം നടത്തി. 2014 സെപ്റ്റംബർ മാസത്തിൽ  ലഡാക്കിലെ ചുമർ മേഖലയിൽ  ഇന്ത്യൻ പ്രദേശത്തു കടന്നു കയറി റോഡ് നിർമാണം നടത്തിയപ്പോഴാണ്  നമ്മുടെ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായത്.  നയതന്ത്ര തലത്തിലും, സൈനിക തലത്തിലും നടത്തിയ ചർച്ചകൾ ക്കൊടുവിലാണ്  രണ്ടു സൈനിക വിഭാഗങ്ങളും  അവരവരുടെ പ്രദേശത്തേക്ക് പിൻവാങ്ങിയത്. ഏറ്റവും ഒടുവിൽ ഷി ജിൻപിങ് ഇന്ത്യയിൽ വന്നത്  2019 ഒക്ടോബറിലായിരുന്നു.ഈ രണ്ടു  സന്ദർശനങ്ങൾക്കുശേഷവും  അതിർത്തിയിൽ  ചൈനയുടെ കയ്യേറ്റമുണ്ടായി.
2017  ജൂണിൽ   ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയിലാണ്  ഇന്ത്യയുടേയും ചൈനയുടെയും സൈന്യം 73 ദിവസങ്ങൾ ഡോക്ലാമിൽ മുഖാമുഖം നിന്നു ഇവിടെയും പ്രശ്നമുണ്ടായത് ചൈനയുടെ സൈന്യം അനധികൃതമായി  ഭൂട്ടാൻ പ്രദേശത്തു റോഡ് നിർമാണം   നടത്തിയതാണ്.ഒടുവിൽ  ദീർഘമായ ചർച്ചകളിലൂടെയാണ്  സംഘർഷ ത്തിന് അയവുവന്നത്. ഏറ്റവും ഒടുവിൽ 2020 മേയ്  മാസത്തിൽ ലഡാക്കിലെ പാങ്കോങ് തടാകക്കരയിൽ  ചൈനീസ് സൈന്യം നടത്തിയ കയ്യേറ്റമാണ്  ഇന്ത്യയുടെ ഇരുപത്തോളം സൈനികരുടെ ജീവൻ നഷ്ടപ്പെടുന്നതിൽ എത്തിയത്.  ഇവിടെ ഇന്ത്യൻ ഭൂ ഭാഗത്തു നമ്മുടെ സൈന്യം റോഡ്  നിർമാണവുമായി   മുന്നോട്ടുപോയപ്പോൾ, ചൈനയുടെ സൈന്യം വന്നു സംഘർഷം ഉണ്ടാക്കുകയായിരുന്നു. 45 വര്ഷങ്ങള്ക്കു ശേഷം ആദ്യമായി ഇന്ത്യ-ചൈനാ  അതിർത്തിയിൽ വെടിയുതിർന്നു. ഒത്തുതീർപ്പു ചർച്ചകൾക്കൊടുവിൽ  പാങ്കോങ് തടാകക്കരയിൽ നിന്നും   ചൈനയുടെ  സൈന്യം  പിൻവാങ്ങിയെങ്കിലും    ഗൾവാൻ  മേഖലയിലെ   ചില ഭാഗങ്ങളിൽ നിന്നും ഇപ്പോഴും അവർ  പിൻവാങ്ങിയിട്ടില്ല. സൈനിക തലത്തിൽ 14 റൌണ്ട് ചർച്ചകളാണ് ഇതിനോടകം ഇരു വിഭാഗങ്ങളും നടത്തിയിട്ടുള്ളത്. ചൈനയുമായുള്ള ഈ സംഘർഷാവസ്ഥയെ തുടർന്ന്, ഇരുന്നൂറോളം  ചൈനീസ് ആപ്പുകൾക്കു  ഇന്ത്യ നിരോധനം ഏർപ്പെടുത്തുകയും  ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന  പ്രചാരണം ഉണ്ടാവുകയും ചെയ്തു.  എന്നാൽ ചൈനയുമായുള്ള വ്യാപാര ബന്ധം ഓരോ വർഷവും വർധിക്കുകയാണ്. 2014 ൽ  ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം 70.59 ബില്യൺ ഡോളർ ആയിരുന്നത്,  2021 ൽ 110 ബില്യൺ ഡോളർ ആയി വർധിച്ചു.  നമ്മളോടുള്ള  ശത്രുത  ചൈന തുടരുമ്പോഴും, വാണിജ്യ കാര്യങ്ങളിൽ നമ്മൾ അവരെ കൂടുതൽ ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത് .  ചൈനയുമായും, പാകിസ്ഥാനുമായുമുള്ള ബന്ധങ്ങളിൽ  ഉണ്ടായിട്ടുള്ള  അകൽച്ചയും, സംഘർഷവും   കുറക്കുവാനുള്ള   ഫലപ്രദവും ദീർഘ ദൃഷ്ടിയിലൂന്നിയതുമായ നടപടികൾക്കു  തുടക്കം കുറിക്കുവാൻ    കേന്ദ്ര സർക്കാർ തയ്യാറാകേണ്ടിയിരിക്കുന്നു.
അതേസമയം ജപ്പാൻ, ഓസ്ട്രേലിയ, ഇസ്രേൽ, ഗൾഫ് രാജ്യങ്ങൾ, എന്നിവയുള്ള  ബന്ധങ്ങൾ ,  തന്ത്രപരമായ ബന്ധങ്ങളായി   ഉയർത്തുന്നതിൽ  വിജയിക്കുകയും ചെയ്തു.

എന്നാൽ  മോദി സർക്കാറിൻറ്റെ   വിദേശനയത്തിലെ  പാളിച്ച    അയൽ   രാജ്യങ്ങളുമായുള്ള ബന്ധത്തിലാണ്. എന്നും ഇന്ത്യക്കൊപ്പം നിന്ന ശ്രീലങ്ക,മാലിദ്വീപ്,ബംഗ്ലാദേശ്,നേപ്പാൾ, മ്യാന്മാർ  തുടങ്ങിയ രാജ്യങ്ങൾ പലപ്പോഴും ഇന്ത്യക്കെതിരായ നിലപാടെടുക്കുകയും, ചൈനയോട് കൂടുതൽ അടുക്കുകയും ചെയ്തത്  എൻ;ഡി.എ  സർകാരിൻറ്റെ   വിദേശനയത്തിനേറ്റ തിരിച്ചടിയായിരുന്നു. നമ്മളുമായി ചരിത്രപരമായും , സാംസ്കാരികമായും  ബന്ധമുള്ള അഫ്ഘാനിസ്ഥാൻ  ഭരണം   താലിബാൻ  കയ്യാളിയതും  നമുക്ക്  അനുകൂലമായില്ല. അയൽ  രാജ്യങ്ങളുടെ കൂട്ടായ്മയായ " സാർക്കിൻറ്റെ"  രാഷ്ട്ര തലവന്മാർ  പങ്കെടുപ്പൊച്ചുകൊണ്ടുള്ള , ഉച്ചകോടി മീറ്റിംഗ് 2014 നു ശേഷം കൂടാൻ പോലും സാധിച്ചിട്ടില്ല  എന്നതും  വലിയ പാളിച്ചയാണ്. അന്തർ ദേശിയ രംഗത്ത് ഇന്ത്യയുടെ നേതൃത്വവും, സാന്നിധ്യവും  പ്രകടിപ്പിക്കാൻ അവസരം കിട്ടുമ്പോഴെല്ലാം പാഴാക്കിക്കളയുന്ന നയമാണ് മോദി  സർക്കാരിന്റെ വിദേശ നയം. ഇതിൻറ്റെ  ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റഷ്യ-യുക്രൈൻ  യുദ്ധത്തിൽ ഇന്ത്യാസ് എടുത്ത നിലപാട്.  രണ്ടു രണ്ടു രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് ഇന്ത്യക്കു ഉള്ളത്.  ആ സൗഹൃദം ഉപയോഗിച്ച് ഇരു രാജ്യങ്ങളെയും   ഒരു മേശക്കു ചുറ്റുമിരുത്തി  പ്രശ്നങ്ങൾ സംസാരിച്ചു  പരിഹരിക്കാനുള്ള ഒരു ശ്രമവും ഇന്ത്യ നടത്തിയില്ല.  വാചക കസർത്തുകൾക്കും, പ്രചാരണ പ്രവർത്തനങ്ങൾക്കുമപ്പുറം  വ്യക്തമായ ഒരു നയത്തിന്റെ അഭാവമാണ്  എൻ.ഡി.എ സർക്കാരിന്റെ വിദേശ നയത്തിൽ  നമ്മൾ കാണുന്നത്.
ഏത് രാജ്യത്തിന്റെയും വിദേശനയതിന്റ്റെ  വിജയവും, പരാജയവും നിശ്ചയിക്കുന്നത്,   ആ  നയം  തങ്ങളുടെ ദേശിയ താല്പര്യങ്ങൾക്കനുസരണമാണോ  എന്നതിനെ  ആശ്രയിച്ചാണ്.    ആ ഒരു കാഴ്ചപ്പാടിൽ നോക്കുമ്പോൾ, എൻ.ഡി.എ സർകാരിന്റെ വിദേശനയത്തിൽ,  പ്രയോഗികതയിൽ ഊന്നിയുള്ള കാതലായ  മാറ്റങ്ങൾ   ആവശ്യമുണ്ട്  എന്നാണ്  കഴിഞ്ഞകാല  അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. 


















 

Friday, 3 December 2021


            ഇന്ത്യാ -റഷ്യ സൗഹൃദവും പുടിൻറ്റെ   സന്ദർശനവും 


പി .എസ് .ശ്രീകുമാർ 

കോവിഡ് -19,  ആരംഭിച്ചശേഷം, വിദേശ സന്ദർശനങ്ങളെല്ലാം  ഒഴിവാക്കിയിരുന്ന റഷ്യൻ പ്രസിഡൻറ്  വ്ളാദിമിർ  പുടിൻ,  ആദ്യം  നടത്തുന്ന വിദേശ സന്ദർശനം  ഡൽഹിയിലേക്കാണ്. രണ്ടായിരത്തിനു  ശേഷം  ഇന്ത്യയും, റഷ്യയും   തുടങ്ങിയ വാർഷിക ചർച്ചകളും , രാഷ്ട്ര തലവന്മാർ തമ്മിലുള്ള  ഉച്ചകോടി യോഗങ്ങളുമാണ്   ഡിസംബർ 6 ന്  നടത്തുന്ന  സന്ദർശനത്തിലെ  മുഖ്യ അജണ്ട.

1971 ലെ ഇന്ത്യാ -പാകിസഥാൻ  യുദ്ധത്തിനും, ബംഗ്ലാദേശ് വിമോചനത്തിനും മുന്നോടിയായി രൂപം കൊണ്ടതാണ്   ഇന്ത്യാ -യു എസ് എസ് ആർ  സൗഹൃദ കരാർ . ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെസ്വതന്ത്ര ഇന്ത്യ കടന്നുപോയ്‌കൊണ്ടിരുന്ന അവസരത്തിലാണ്   1971  ആഗസ്റ്റ്  മാസത്തിൽ , ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും, സോവിയറ്റ് പ്രസിഡണ്ട്  ബ്രെഷ്നേവും    സൗഹൃദ കരാറിൽ  ഒപ്പിട്ടത്. ജനാധിപത്യം ചവിട്ടി മെതിക്കപ്പെട്ടതിനെ തുടർന്ന്    പാകിസ്താനിൽ ഉണ്ടായ  ആഭ്യന്തര കലാപങ്ങളുടെ ഫലമായി കിഴക്കൻ ബംഗാളിൽ  മുജീബുർ റഹ്മാൻറ്റെ  നേതൃത്വത്തിൽ  ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യത്തിന് വേണ്ടിയുള്ള  പ്രക്ഷോഭം അതിൻറ്റെ  ഉച്ചസ്ഥായിലെത്തിയപ്പോൾ  ഏകദേശം ഒരു കോടിയോളം കിഴക്കൻ ബംഗാളുകാരാണ്  പശ്ചിമ ബംഗാളിൽ അഭയാർഥികളായി എത്തിയത്.  ശീതസമരം  കൊടുമ്പിരി കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ പാകിസ്താന്  സഹായവുമായി അമേരിക്കയും, ചൈനയും അണിനിരന്നു.  ഈ സന്നിഗ്ദ്ധ  ഘട്ടത്തിലാണ്  സോവിയറ്റ് യൂണിയനുമായി  ഇന്ത്യ  സൗഹൃദ കരാർ ഒപ്പിട്ടത്.  ഈ കരാറിൻറ്റെ  ബലത്തിലായിരുന്നു  ഇന്ത്യക്കും, കിഴക്കൻ ബംഗാളിലെ ജനങ്ങൾക്കും എതിരെ  നടത്തിയ യുദ്ധത്തിൽ,   അവരെ  തോൽപ്പിക്കാനും, ബംഗ്ലാദേശിൻറ്റെ  വിമോചനത്തിന്  സഹായിക്കാനും ഇന്ത്യക്കു സാധിച്ചത്. ഈ വര്ഷം ബംഗ്ലാദേശ് വിമോചനത്തിൻറ്റെ  സുവർണ ജൂബിലി ആണ്.   ഇരുപതു വർഷ കാലാവധിയുള്ള  സൗഹൃദ കരാർ  പുതുക്കേണ്ട അവസരം  എത്തിയപ്പോഴാണ്,    1991 ൽ , സോവിയറ്റ് യൂണിയൻ  തകരുകയും റഷ്യയുൾപ്പെടെയുള്ള നിരവധി സ്വതന്ത്ര രാജ്യങ്ങൾ  ഉണ്ടാകുകയും ചെയ്തത്.  കൂട്ടത്തിൽ ഏറ്റവും വലുതും  ശക്തവുമായിരുന്ന റഷ്യ സ്വാഭാവികമായി സോവിയറ്റ് യൂണിയൻറ്റെ   പിന്തുടർച്ചക്കാരായിമാറി. തുടർന്നാണ്   വീണ്ടും ഇരുപതു വർഷത്തേക്ക്  റഷ്യയുമായി സൗഹൃദ കരാർ നമ്മൾ പുതുക്കിയത്.1971  മുതൽ നമ്മുടെ ഏറ്റവും അടുത്ത സുഹൃത് രാജ്യമാണ് റഷ്യ. വാണിജ്യ-ശാസ്ത്ര-പ്രതിരോധ രംഗങ്ങളിലെല്ലാം  രണ്ടു രാജ്യങ്ങളും  വളരെ അടുത്താണ് പ്രവർത്തിക്കുന്നത്.   എന്നാൽ നരേന്ദ്ര മോഡി സർക്കാർ   അധികാരത്തിൽ വന്നശേഷം,  ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് പഴയ ഊഷ്‌മളത  ഇല്ലായെന്നത് ഒരു വസ്തുതയാണ്.  അതിനു കാരണം മോഡി  സർക്കാരിൻറ്റെ   അമിതമായ അമേരിക്കൻ വിധേയത്വമാണ്. അതോടെ    ചൈനയുമായും, പാകിസ്ഥാനുമായും   റഷ്യ  കൂടുതൽ സൗഹൃദത്തിലായി.

ശക്തമായ വ്യാപാര ബന്ധങ്ങൾ 


ഇന്ത്യയും റഷ്യ യും  തമ്മിലുള്ള   വ്യാപാര ബന്ധം വളരെ  വിപുലമാണ് . പ്രതിരോധം, ഘനവ്യവസായം, രാസവസ്തുക്കൾ, ഇലക്ട്രോണിക്സ്,  മോട്ടോർ വാഹനം, മരുന്നുകൾ, ഷിപ്പിംഗ്, ശൂന്യാകാശ സഹകരണം, ന്യൂക്ലിയർ റിയാക്ടർസ് ,  ശാസ്ത്രസാങ്കേതിക രംഗങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ  റഷ്യയുമായി നമുക്ക് വ്യാപാര ബന്ധം ഉണ്ട്.   പരസ്പര വ്യാപാരം 2012 ൽ 1.5 ബില്യൺ ഡോളറായിരുന്നത് 2019-20 ൽ  10.11  ബില്യൺ ഡോളറായി വർധിച്ചു.   വാണിജ്യ ബന്ധങ്ങൾ 2025  ആകുമ്പോഴേക്കും 30  ബില്യൺ ഡോളറായി വളർത്താനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.

പ്രതിരോധരംഗത്താണ് റഷ്യയുമായി ഏറ്റവും കൂടുതൽ  സഹകരണം  നമുക്കുള്ളത്.   നമ്മുടെ  പ്രതിരോധ സേനകളുടെ ശക്തി  ഇന്നും റഷ്യയുടെ  പിന്തുണയാണ്.  പ്രതിരോധസേനക്ക് ആവശ്യമായ ആയുധസാമഗ്രികളിൽ  65 ശതമാനവും ലഭിക്കുന്നത് റഷ്യയിൽ നിന്നുമാണ്.  തോക്കുകൾ, ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, സുഖോയ് യുദ്ധവിമാനങ്ങൾ,മിസൈലുകൾ എന്നിവയുടെ നിർമാണത്തിലും റഷ്യയുടെ സഹകരണം നമുക്കുണ്ട്. ഇന്ത്യയും റഷ്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈലുകൾ നിർമിക്കുന്നത്.  മധ്യദൂര മിസൈലുകളിൽ ലോകത്ത്‌  ഏറ്റവുമ ശക്തമായ മിസൈൽ സംവിധാനമാണ് ബ്രഹ്മോസ്.  2018 ലെ  ഇന്ത്യാ - റഷ്യ  വാർഷിക ഉച്ചകോടിയിൽ 39000 കോടി രൂപ മുടക്കി റഷ്യയിൽ നിന്നും  "എസ്‌ -400 ട്രയംഫ് "  വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ ഉണ്ടാക്കിയ ഉടമ്പടിയാണ്   അടുത്തകാലത്ത് ഇന്ത്യ ഏർപ്പെട്ട കരാറുകളിൽ   ഏറ്റവും പ്രധാനം. 


 എസ് - 400  ഇടപാടും അമേരിക്കയുടെഭീഷണിയും 

 ഇന്ന് ലോകത്ത്‌  ലഭ്യമായതിൽ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനമാണ്  എസ്‌ -400 . അമേരിക്കയുടെ THAA D {Terminal High  Altitude  Area  Defence } മിസൈൽ പ്രതിരോധ സംവിധാനത്തേക്കാൾ  മികവുറ്റതാണ്  ഇത്. ചൈന, ടർക്കി തുടങ്ങി നിരവധി രാജ്യങ്ങൾ എസ്‌ -400  സംവിധാനം റഷ്യയിൽ നിന്നും വാങ്ങിയിട്ടുണ്ട്. റഷ്യയിൽ നിന്നും എസ്‌ -400  വാങ്ങുന്ന രാജ്യങ്ങളെയെല്ലാം  അമേരിക്കയുടെ എതിരാളികളായി കണക്കാക്കി   CAATSA [Countering  America ' s  Adversaries  Through  Sanctions  Act ]അനുസരിച്ചു  ഉപരോധം ഏർപ്പെടുത്തുമെന്ന്  പ്രഖ്യാപിച്ചിട്ടുണ്ട്.  ഇത്  വാങ്ങിയ  പല രാജ്യങ്ങൾക്കെതിരെയും    അമേരിക്ക ഉപരോധം ഏർപ്പെടുത്തി.  അമേരിക്കയുടെ ഭീഷണിയെ അവഗണിച്ചുകൊണ്ടാണ്  ഇന്ത്യ എസ്‌ -400  കരാർ  റഷ്യയുമായി ഒപ്പുവച്ചത്.  2021  ഡിസംബറിൽ തന്നെ  ഈ ഓർഡർ അനുസരിച്ചുള്ള   ആദ്യ ബാച്ച്  എസ്‌ -400  ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .  ചൈനയും  പാകിസ്താനുമായി നിലനിൽക്കുന്ന ശത്രുതയും,  യുദ്ധസമാനവു മായ  സാഹചര്യത്തിൽ , CAATSA യുടെ പരിധിയിൽ നിന്നും ഇളവ് അനുവദിക്കണം എന്ന്  നമ്മൾ ആവശ്യപെട്ടിട്ടുണ്ട്. ചൈനയുമായി അമേരിക്ക നടത്തുന്ന വ്യാപാര യുദ്ധത്തിന്റ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആവശ്യം  പരിഗണിക്കാതിരിക്കാൻ   അമേരിക്കക്ക്  ആവില്ലെന്നാണ്  എന്നാണ് പ്രതീക്ഷിക്കുന്നത്. 

പുടിൻ ഇന്ത്യയിൽ നടത്തുന്ന ചർച്ചകളിൽ അഫ്ഘാനിസ്ഥാനിലെ പ്രശ്നങ്ങളും വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുവാനുള്ള മാര്ഗങ്ങളും കടന്നു വരും. അതുപോലെ തന്നെ പ്രതിരോധ രംഗത്ത് 5000 കോടി രൂപ മുതൽ മുടക്കിൽ 7.5 ലക്ഷം എ കെ 203 റൈഫിളുകൾ നിർമ്മിക്കുവാനുള്ള ഉടമ്പടിയിൽ ഒപ്പുവെക്കുവാനും സാധ്യത ഉണ്ട്. ചൈനയുമായി നിലനിൽക്കുന്ന സംകീർണമായ അതിർത്തിത്തർക്കങ്ങൾ പരിഹരിക്കുവാൻ റഷ്യയുടെ ഇടപെടലുകളും, സഹായങ്ങളും ചർച്ചകളിൽ വരുവാൻ  ഉള്ള സാധ്യതകളും നിലനിൽക്കുന്നു. ഏതായാലും കൂടുതൽ മേഖലകളിലേക്ക് ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുവാൻ ഈ ഉച്ചകോടിയിൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.എസ് ശ്രീകുമാർ 

9847173177 










Monday, 29 November 2021

                                 നവ കേരളത്തിലെ   മമ്മൂഞ്ഞുമാർ 

പി.എസ്‌ .ശ്രീകുമാർ 

മലയാള  സാഹിത്യത്തിലെ   സുൽത്താനായ  വൈക്കം മുഹമ്മദ് ബഷീറിൻറ്റെ  പ്രശസ്തമായ കഥാപാത്രമാണ്  എട്ടുകാലി മമ്മൂഞ്ഞു   .  നാട്ടിൽ  ആര് ഗർഭം ധരിച്ചാലും അതിന്റെ ഉത്തരവാദിത്വം  സ്വയം ഏറ്റെടുത്തു വീമ്പുപറയുന്ന  മമ്മൂഞ്ഞിന്റെ  മനസികാവസ്ഥയിലാണ്  പിണറായി സർക്കാർ.  നാടിന്  എന്തെങ്കിലും നേട്ടമുണ്ടായാൽ,   കീഴ്മേൽ നോക്കാതെ അതിൻറ്റെ  മൊത്തം നേട്ടവും സര്കാരിന്റെതാണെന്ന്  യാതൊരു ഉളുപ്പുമില്ലാതെ  പി. ആർ ഏജൻസികളെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന തന്ത്രമാണ്  ഈ സർക്കാരിന്റെ മുഖമുദ്ര.  കൊച്ചി-മെട്രോ, കണ്ണൂർ എയർപോർട്ട്,  ഗെയിൽ പ്രകൃതിവാതക  പൈപ്പ്‌ലൈൻ  തുടങ്ങി ഉമ്മൻ ചാണ്ടി സർക്കാർ  നടപ്പിലാക്കിയ   പശ്ചാത്തല വികസന പദ്ധതികൾ       നാടമുറിച്ചു ഉദ്‌ഘാടനം ചെയ്യുകയെന്ന ഒരു കാര്യം മാത്രമേകഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ചെയ്തിട്ടുള്ളെങ്കിലും  അതിന്റെ എല്ലാം പിതൃത്വം സ്വയം ഏറ്റെടുത്തു വീമ്പു പറയാൻ  പിണറായി സർക്കാർ കോടികളാണ് ചെലവഴിച്ചത്.  ഈ കണ്ണിയിലെ  ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന നീതി ആയോഗ് റിപ്പോർട്ടിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.   

നീതി ആയോഗിന്റെ  ആഭിമുഖ്യത്തിൽ  ആദ്യത്തെ ബഹുതല  സ്പർശിയായ ദാരിദ്ര്യ സൂചിക തയ്യാറാക്കിയത്  2015 - 16 ലെ  കുടുംബാരോഗ്യ സർവ്വേ നാലിന്റെ  അടിസ്ഥാനത്തിലാണ്.   ഈ റിപ്പോർട്ട് അനുസരിച്ചു്  കേരളത്തിലെ  മൊത്തം ജനസംഖ്യയുടെ  0.71  ശതമാനം പേര് മാത്രമേ ദാരിദ്ര്യ രേഖക്ക്  താഴെയുള്ളു.കേരളത്തിന് തൊട്ടുമുമ്പുള്ള മറ്റ്  ചില സംസ്ഥാനങ്ങളുടെ നിരക്ക്  ഗോവ 3.76 , സിക്കിം 3.82, തമിഴ്‌നാട് 4 .89, പഞ്ചാബ് 5.59, ഹിമാചൽ പ്രദേശ് 7.62, കർണാടകം 13.16   എന്നിങ്ങനെയാണ്.  ഈ ലിസ്റ്റ് അനുസരിച്ചു ഏറ്റവും ഉയർന്ന നിരക്കിൽ ദാരിദ്ര്യം ഉള്ളത് ബീഹാറിലാണ് . അവിടെ ജനസംഖ്യയുടെ 51.91 ശതമാനവും ദരിദ്രരാണ്.  തൊട്ടുപിറകിലുള്ള  ജാർഖണ്ഡിൽ 42.16 , ഉത്തർപ്രദേശിൽ 37.79 , മധ്യപ്രദേശിൽ  36.69   എന്നിങ്ങനെയാണ്  ദരിദ്രരുടെ ശതമാനം . പോഷകാഹാരം, ശിശു-കൗമാര  മരണ നിരക്ക്, പ്രസവാനന്തര പരിപാലനം, സ്കൂൾ വിദ്യാഭ്യാസം, ഹാജർ നില, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത തുടങ്ങി  പന്ത്രണ്ടു ഘടകങ്ങളെ  ആശ്രയിച്ചാണ്  ബഹുതല ദാരിദ്ര്യം   നിർവചിച്ചതു.  യൂ ഡി എഫ്  സർക്കാരിന്റെ കാലത്തു നൽകിയ സൗജന്യ റേഷൻ, കാരുണ്യ ചികിത്സ സഹായം, അവശ്യമരുന്നുകളുടെ സൗജന്യ വിതരണം, നിത്യോപ യോഗ സാധനങ്ങളുടെ  വില നിയന്ത്രിക്കുവാൻ ശക്തമായ ഇടപെടൽ, തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കാൻ, സ്കൂൾ വിദ്യാർത്ഥികൾക്ക്, കോഴിമുട്ട ഉൾപ്പെടെ  സൗജന്യ ഭക്ഷണം  തുടങ്ങിയ നിരവധി പദ്ധതികളാണ്   ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി യു ഡി എഫ് സർക്കാർ  ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത്.  ഇവയിൽ ഏറ്റവും പ്രാധാന്യം  യു  ഡി എഫ് സർക്കാർ  2011  മേയിൽ , അധികാരത്തിൽ കയറിയ  ഉടൻ പ്രഖ്യാപിച്ച  ഒരു രൂപയ്ക്ക്  അരി എന്ന പദ്ധതിയാണ്.   എ പി എൽ  ഒഴിച്ച് ബാക്കി എല്ലാ വിഭാഗങ്ങൾക്കും  ഒരു രൂപയ്ക്കു ഒരു കിലോ അരി സർക്കാർ  നൽകി. 82  ലക്ഷം വനിതകളെ കാർഡ് ഉടമകളാക്കി, കാർഡ് പുതുക്കി നൽകി. 

ഭക്ഷ്യ സുരക്ഷാ നിയമം 

ഭക്ഷണം ആരുടേയും ഔദാര്യമല്ല, അവകാശമാണ് എന്ന്  പ്രഖ്യാപിച്ചുകൊണ്ട് 2013  സെപ്റ്റംബറിൽ മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിലുള്ള  കേന്ദ്ര സർക്കാർ  ദേശിയ ഭക്ഷ്യ സുരക്ഷാ  നിയമം  നടപ്പിലാക്കിയതിനെ തുടർന്ന്,  കേരളത്തിലും ഈ പദ്ധതി  2016 ൽ  യു  ഡി എഫ് സർക്കാർ നടപ്പിലാക്കി. അന്ത്യോദയ അന്നയോജനാ  വിഭാഗക്കാർക്ക്  5  കിലോ അരിയും , 5  കിലോ ഗോതമ്പും സൗജന്യമായി നൽകി.  മുന്ഗണന വിഭാഗത്തിൽ പെട്ടവർക്ക്             ഒരാൾക്  ഒരു മാസം 4  കിലോ അരിയും, 5  കിലോ ഗോതമ്പും  കിലോക്ക് 2  രൂപ നിരക്കിൽ നൽകി. അതിൽ  1  രൂപ   റേഷൻ കടക്കാർക്കുള്ള കമ്മീഷൻ നല്കുന്നതിനായിരുന്നു.  പൊതു വിഭാഗത്തിൽ  സബ്‌സിഡി  ഉള്ളവർക്ക്  ഒരാൾക്ക്  2 രൂപ [സർവീസ് ചാർജ് ഉൾപ്പെടെ]  നിരക്കിൽ  2  കിലോ  അരിയും   ഒരു കാർഡിന് 2  കിലോ ആട്ടയും, ഗോതമ്പും നൽകി. സബ്സിഡി ഇല്ലാത്ത കാർഡിന് , ഒരു കാർഡിന്  2  അല്ലെങ്കിൽ  3  കിലോ അരി  9.90 രൂപ നിരക്കിലും, ഗോതമ്പു 7.70 രൂപ നിരക്കിലുമാണ് നൽകിയത്.

ഗർഭിണികൾക്ക്‌  പ്രതിമാസം 1000  രൂപ വീതം  ആര് മാസം പ്രത്യേക  ധന സഹായം, 6  മാസം മുതൽ 3  വയസ്സുവരെയുള്ള  കുട്ടികൾക്ക് അംഗനവാടിയിലൂടെ  പോഷകമൂല്യമുള്ള ഭക്ഷണവും, 6  മുതൽ 14  വയസ്സുവരെയുള്ള കുട്ടികൾക്ക സ്കൂളുകളിൽ ഉച്ചഭക്ഷണം, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും  പ്രത്യേക ഭക്ഷണം.  പ്രായപൂർത്തിയായ സ്ത്രീ  റേഷൻ കാർഡിലെ ആദ്യ പെരുകാരി തുടങ്ങി നിരവധി പദ്ധതികളാണ്  യു ഡി എഫ് കാലയളവിൽ  നടപ്പിലാക്കിയത്.

സൗജന്യ ചികിത്സ പദ്ധതികൾ 

2012  നവംബർ  1  മുതൽ, സബ് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുവരെയുള്ള ആശുപത്രികളിൽ  595 ഇനം ജനറിക്  മരുന്നുകൾ  സൗജന്യമായി നൽകി. ഗർഭാവസ്ഥയും ,  നവജാത ശിശു പരിശോധനയും, നവജാത ശിശുവിൻറ്റെ  ഒരു വയസ്സുവരെയുള്ള ചികിത്സയും പൂർണമായും സൗജന്യമായി നൽകുന്നതിനുള്ള 'അമ്മയും കുഞ്ഞും" പദ്ധതി നടപ്പിലാക്കി. 18  വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, എല്ലാ ചികിത്സയും എ പി എൽ / ബി പി എൽ  വ്യാത്യേസമില്ലാതെ  സർക്കാർ ആശുപതികളിൽ സൗജന്യമായി നൽകുന്ന ബ്രിഹത് പദ്ധതിയായ  "ആരോഗ്യകിരണം" ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങൾക്ക് സൗജന്യ പരിശോധനയും, ചികിത്സയും, മരുന്നും നൽകുന്ന "അമൃതം ആരോഗ്യം" പദ്ധതിയും, അർബുദ രോഗ പരിശോധനയും, ചികിത്സയും, മരുന്നും സൗജന്യമായി നൽകുന്ന "സുകൃതം" പദ്ധതി എന്നിവയും ആരംഭിച്ചു. 

കാരുണ്യ പദ്ധതി 

സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്  ശാസ്ത്രക്രിയയുൾപ്പെടെയുള്ള ചികിത്സകൾക്ക് സഹായം നൽകുന്ന കാരുണ്യ  പദ്ധതിയാരംഭിക്കുകയും,  82000  പേർക്കായി 650  കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.  ഇക്കാര്യത്തിനായി തുടങ്ങിയ  കാരുണ്യ ലോട്ടറിയുടെ വരുമാനമാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചത്.  ക്ഷേമ പെൻഷനുകൾ ഏറ്റവും കുറഞ്ഞത് 600  രൂപയും, 80  വയസ്സ് കഴിഞ്ഞവർക്ക്  1200  രൂപയുമായി  വർധിപ്പിക്കുകയും, അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 14  ലക്ഷം പേർക്ക് പെൻഷൻ നൽകിയത്തിൽ നിന്നും , 34  ലക്ഷം പേർക്കായി   വർധിപ്പിച്ചു   നൽകുകയും ചെയ്തു. 

ഇങ്ങനെയുള്ള നിരവധി ജനക്ഷേമകരമായ നടപടികളിലൂടെയാണ്  ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യു ഡി എഫ് സർക്കാർ  ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള നടപടികൾ 2011-16  കാലയളവിൽ കൈക്കൊണ്ടത്. എന്നാൽ പിണറായി ഭരണത്തിൽ എന്താണ് സംഭവിക്കുന്നത് ?

പിണറായി സർക്കാർ തകർത്ത സാമൂഹ്യ  ഭദ്രത 

വിശപ്പ് സഹിക്കാൻ പറ്റാതെ അരി എടുത്തതിനു മധുവെന്ന പാവപ്പെട്ട  ഒരു ആദിവാസി യുവാവിനെ അടിച്ചുകൊന്ന സംഭവം  മനുഷ്യത്വമുള്ള  ആശ്രുടെയും ഹൃദയത്തിൽ നിന്നും മാഞ്ഞുകാണില്ല. ഇടതു സർക്കാരിന്റെ കാലത്താണ് ഈ ആൾക്കൂട്ട കൊലപാതകം വടക്കേ ഇന്ത്യയിലെപ്പോലെ കേരളത്തിലും സംഭവിച്ചത്. വിശപ്പകറ്റാൻ ഭക്ഷ്യ ധാന്യം എടുത്തതിനു ഒരു ആദിവായി യുവാവ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ സംഭവം  കേരളത്തിന്റെ ചരിത്രത്തിൽ  ആദ്യമായിരുന്നു. യു ഡി എഫിന്റെ കാലത്തു 91 കോടി രൂപ ചെവഴിച്ചു അട്ടപ്പാടിയിൽ നടപ്പാക്കിയ കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി  ഇടതു സർക്കാർ തകർത്തതോടെയാണ്  കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധിപേർ അട്ടപ്പാടിയിൽ  മരിച്ചുവീഴുന്നതു.  പിണറായി സർക്കാർ തകർത്ത സാമൂഹ്യ ഭദ്രതയുടെ ചിത്രമാണ് ഇന്ന് അട്ടപ്പാടിയിൽ കാണുന്നത്. 2015-16 കാലയളവിലെ അവസ്ഥയിൽ നിന്നും കേരളത്തെ  എല്ലാ മേഖലകളിലും   ഇടതു സർക്കാർ തകർത്ത ചിത്രമാണ്  നാം ഇന്ന് കാണന്നതു.


പി.എസ്‌ .ശ്രീകുമാർ 

9847173177 















Tuesday, 23 November 2021


                   


സ്ത്രീ പീഡകരുടെ സംരക്ഷകരായ  ഇടതുപക്ഷ സർക്കാർ 

 

പി. എസ്‌ .ശ്രീകുമാ  

സ്ത്രീധനമെന്ന തിന്മക്കെതിരെയും, സ്ത്രീകളുടെയും പെൺകുട്ടികളുടെയും  സുരക്ഷിതത്വത്തിനു വേണ്ടിയും സംസ്ഥാന  ഗവർണർ  ആരിഫ്  മുഹമ്മദ് ഖാൻ നടത്തിയ ഉപവാസം  ദേശീയതലത്തിൽ തന്നെ  ശ്രദ്ധിക്കപ്പെട്ടു.  ഭരണഘടനാ പദവിയുള്ള   സംസ്ഥാന ഗവർണർ , താൻ  തലവനായ ഒരു സംസ്ഥാനത്തു നടക്കുന്ന ഗുരുതരമായ  സംഭവങ്ങളെക്കുറിച്ചു    ജനങ്ങളിൽ  ജാഗ്രതയും, ബോധവൽക്കരണവും   നടത്തുവാനായി  ഉപവാസം നടത്തിയത് ഇന്ത്യയിൽ ഇതാദ്യമായിരുന്നു.  സ്ത്രീ ശാക്തീകരണത്തിലും  സാക്ഷരതയിലും രാജ്യത്തു മുൻപന്തിയിൽ നിൽക്കുന്നുവെന്ന് നാഴികക്ക് നാല്പതുവട്ടം  വിളിച്ചു കൂവുന്ന സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ കനത്ത ആഘാതമായിരുന്നു  ഗവർണറുടെ ഉപവാസം.തളളിനപ്പുറം,   പിണറായി ഭരണത്തിൽ സ്ത്രീ സുക്ഷിതത്വത്തിനു  യാതൊരു വിലയും കല്പിക്കുന്നില്ലെന്നു  ഗവർണർക്കു ബോധ്യമായത്  കൊണ്ടായിരിക്കുമല്ലോ   രാജ്ഭവനിൽ തന്നെ അദ്ദേഹം ഉപവാസം ഇരിക്കാൻ നിര്ബന്ധിതനായത് .

 നെഹ്‌റു നടപ്പിലാക്കിയ സ്ത്രീധന നിരോധന നിയമം  

 ലിംഗ  സമത്വത്തിന്റെ  ആവശ്യകത ഊന്നി പറയുന്ന  ഭരണഘടനയാണ് നമ്മുടേത്.  "പദവിയിലും അവസരത്തിലും സമത്വം" എന്നത് ഭരണഘടനയുടെആമുഖത്തിൽ  വ്യക്തമായി പറഞ്ഞിട്ടുള്ളതിനു പുറമേ പൗരന്റെ മൗലികാവകാശവുമാണ്.  അനുച്ഛേദം 14 ൽ പറയുന്നത്  " ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്തു യാതൊരാൾക്കും നിയമത്തിന്റെ മുമ്പിൽ  സമത്വമോ  സമമായ സംരക്ഷണമോ നിഷേധിക്കുവാൻ പാടുള്ളതല്ല" എന്നാണ്. അനുച്ഛേദം 15 ൽ പറഞ്ഞിട്ടുള്ള  "മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം അല്ലെങ്കിൽ അവയിൽ ഏതെങ്കിലും മാത്രം കാരണമാക്കി രാഷ്ട്രം  യാതൊരു പൗരനോടും  വിവേചനം കാണിക്കുവാൻ പാടുള്ളതല്ല" എന്ന  വാഗ്ദാനം, അനുച്ഛേദം  14 നോട്  കൂട്ടിവായിക്കണം.  സ്ത്രീകളോട് വിവേചനം കാണിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന   സ്ത്രീ ധന നിരോധന നിയമം പാർലമെന്റ് അംഗീകരിച്ചു  നിയമമായതു ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന  1961 ൽ ആയിരുന്നു. എന്നാൽ,  സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന അതിക്രമങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും ഇന്ത്യയിൽ   വെളിച്ചത്തുവന്നുതുടങ്ങിയത് എഴുപത്തുകളുടെ അവസാനത്തിലായിരുന്നു.  പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടകം ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും, രാജ്യ തലസ്ഥാനമായ ഡെൽഹിയിലുമായിരുന്നു ഇതിലേറെയും നടന്നത്. ഇതിനെതിരെ വിവിധ വനിതാ സംഘടനകൾ  പ്രക്ഷോഭനടപടികളുമായി മുന്നോട്ടുവന്നു. ഈ പശ്ചാത്തലത്തിലാണ്  സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാനായി 1983  ഇന്ത്യൻ ശിക്ഷാ നിയമം  സെക്‌ഷൻ  498  എ ഭേദഗതി വരുത്തുവാൻ  അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ  മുൻകൈ എടുത്തത്. .  ഭേദഗതിയനുസരിച്  ശാരീരികമോ, മാനസികമോ ആയ  പീഡിപ്പിക്കലുകളും  ശിക്ഷാർഹമാക്കി.  സ്ത്രീധന തർക്കത്തെത്തുടർന്ന് , ആത്‍മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതും  കുറ്റകരമാക്കികൊണ്ടു ഇന്ത്യൻ തെളിവ് നിയമം സെക്ഷൻ 113  ഭേദഗതി വരുത്തി.  വിവാഹത്തിന്  ശേഷം  7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിച്ചാൽ നിർബന്ധമായും പോസ്റ്റ് മോർട്ടം  നടത്തണമെന്ന വകുപ്പ് ഉൾപ്പെടുത്തി  ക്രിമിനൽ പ്രോസെജുവർ  കോഡിലും ഭേദഗതി വരുത്തി. ഇതിന്  അനുബന്ധമായി,   സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിൽ   " സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെയോ  അവരെ ആശ്രയിച്ചു കഴിയുന്നവരുടെയോ വിവാഹങ്ങൾക്ക് സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് "  പുതിയ  സെക്‌ഷൻ  ചേർത്തു . 1984    ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു.  ഇതനുസരിച്ചു  വിവാഹവുമായി  ബന്ധപ്പെട്ടോ , വിവാഹ സമയത്തോ അതിനു മുമ്പോ, പിമ്പോ വിവാഹിതരാകുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ , വിവാഹിതരാകുന്നവരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ കൊടുക്കുന്ന എല്ലാ  സ്വത്തുക്കളും , വിലയുള്ള പ്രമാണങ്ങളും സ്ത്രീധനമാണ്. 

2004   എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ,     സർവീസിൽ  പ്രവേശിക്കുന്ന ഉദ്യോഗസ്ഥർ  തങ്ങളുടെ വിവാഹത്തിന്  സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുള്ള സത്യവാങ്മൂലം  തങ്ങളുടെയും, വധുവിന്റെയും മാതാപിതാക്കളുടെ  ഒപ്പോടുകൂടി  വകുപ് അധ്യക്ഷന്മാർക്ക്  സമർപ്പിക്കണമെന്ന് നിഷ്കർഷിച്ചുകൊണ്ട്  ,    സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതിവരുത്തി  ഉത്തരവിറക്കി.  എന്നാൽ ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു നടപടിയും  വകുപ്പ് അധ്യക്ഷന്മാർ  ഇപ്പോൾ എടുക്കുന്നില്ല. സ്ത്രീധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ പരിശോധിച്ച് നടപടി എടുക്കാൻ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  എന്നീ  മേഖലകളിൽ സ്ത്രീധന  നിരോധന  ഓഫീസർമാരെയും ചുമതലപ്പെടുത്തിയെങ്കിലും, പിണറായി സർക്കാർ  അതെല്ലാം നിഷ്ഫലമാക്കി.

 

ഏട്ടിലെ പശുവായിമാറിയ വനിതാ കമ്മീഷൻ 

വനിതകൾ നേരിടുന്ന പ്രശ്നങ്ങളിലും വനിതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും  അന്വേഷിച്ചു  പരിഹാരം കാണുന്നതിനായിട്ടാണ്  വനിതാ കമ്മീഷൻ സംസ്ഥാനത്തു സ്ഥാപിക്കുന്നത്. കെ.ആർ. ഗൗരിഅമ്മ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആയിരുന്ന അവസരത്തിലാണ്  ദേശീയ വനിതാ കമ്മീഷൻറ്റെ  മാതൃകയിൽ  സംസ്ഥാന വനിതാ കമ്മീഷൻ ബിൽ  തയ്യാറാക്കിയത്.  എന്നാൽ ഇത് നടപ്പിലാക്കിയത് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ്. ആദ്യ വനിതാ കമ്മീഷൻ അധ്യക്ഷയായി    നിയമിതയായതു പ്രശസ്ത കവയിത്രിയും  സാമൂഹ്യ പ്രവർത്തന രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ള  പരേതയായ  സുഗതകുമാരി ടീച്ചർ ആയിരുന്നു.  അവർ  കമ്മീഷൻ അധ്യക്ഷയായി ചുമതയേറ്റതു  1996  മാർച്ച് മാസത്തിലായിരുന്നു. വനിതകളുടെ പ്രശ്നങ്ങളിൽ  ഇടപെട്ടുകൊണ്ട്  ക്രിയാത്മകമായ  പ്രവർത്തനങ്ങളാണ് സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ കാഴ്ചവച്ചത്. എന്നാൽ   നിലവിലെ പിണറായി സർക്കാർ  ഈ കമ്മീഷനെ മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു പോഷക സംഘടനയുടെ നിലവാരത്തിലേക്ക് അധപതപ്പിച്ചു. പാർട്ടി പ്രവർത്തകരും, നേതാക്കളും ഉൾപ്പെട്ട  ഏതു പരാതിയിലും  അന്വേഷണം  നടത്തുന്നതിന്  മാർക്സിസ്റ്റ് പാർട്ടിക്ക് സ്വന്തം പോലീസും, അന്വേഷണ സംഘവും, കോടതിയുമുണ്ടെന്നു തുറന്ന പറഞ്ഞത്  വനിതാ കമ്മീഷൻ അധ്യക്ഷയായ ജോസഫൈൻ ആയിരുന്നു.   വനിതകളോട്  വളരെ ക്രൂരവും മനുഷ്യത്വ രഹിതവുമായി  പെരുമാറിയ   എം.സി. ജോസഫൈനെ  ഒടുവിൽ പിണറായി സർക്കാരിന്  തന്നെ പുറത്താക്കേണ്ടി വന്നു. കോൺഗ്രസ് സർക്കാരുകളും കമ്മ്യൂണിസ്റ്റ് സർക്കാരുകളും  വനിതാ പ്രശ്നങ്ങളിൽ കൈക്കൊള്ളുന്ന നിലപാടാണ് പ്രധാനം.  കോൺഗ്രസ് സര്കാരുകൾക്കുകീഴിൽ  വനിതാ കമ്മീഷനുകൾക്കു പൂർണ സ്വാതന്ത്ര്യത്തോടെയും നീതിയുക്തമായും പ്രവർത്തിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ, കമ്മ്യൂണിസ്റ്റ് സർക്കാരുകൾ   രാഷ്ട്രീയ ലക്ഷ്യത്തോടെയും , അതിർ വരമ്പുകൾ തീർത്തും മാത്രമേ  പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നുള്ളൂ. അതുകൊണ്ടാണ് ഇടതുപക്ഷ ഭരണത്തിൻകീഴിൽ വനിതാ കമ്മീഷനുകൾക്കു    ഫലപ്രദമായി  പ്രവർത്തിക്കുവാൻ സാധിക്കാതെ, ഏട്ടിലെ പശുക്കുക്കളെപോലെ ഇരിക്കേണ്ടി വരുന്നത്.

രോഷാഗ്നിപടർത്തിയ സ്ത്രീധന മരണങ്ങൾ 

ജൂൺ മാസം അവസാന ആഴ്ച നടന്ന മൂന്നു മരണങ്ങളാണ്  സ്ത്രീധനത്തിനെതിരെയുള്ള രോഷാഗ്നി  കേരള സമൂഹത്തിൽ ഇപ്പോൾ  ആളിക്കത്തിക്കാൻ  ഇടയാക്കിയത് .  മൂന്നു പേരും  25  വയസ്സിനു താഴെയുള്ള പെണ്കുട്ടികളായിരുന്നു.  ഇതിൽ ആദ്യത്തേത് ആയുർവേദ മെഡിസിന് പഠിക്കുകയായിരുന്നു വിസ്മയുടെ മരണമാണ്.  സുന്ദരിയായ ഈ കുട്ടിയെ   വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ കിരണ്കുമാർ  വിവാഹം  ചെയ്തപ്പോൾ  100  പവൻ സ്വർണവും, 1.25 ഏക്കർ സ്ഥലവും ഒരു പുതിയ കാറും  നൽകിയിരുന്നു.  കാറിനു പകരം ആഡംബര കാർ വാങ്ങാനുള്ള രൂപ നൽകണമെന്ന് പറഞ്ഞു ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും നിരന്തരമായി പീഡിപ്പിച്ചു. കൊലപാതകമാണോ ആത്മഹത്യാ ആണോ എന്നതല്ല പ്രശ്‍നം .  സ്ത്രീധന തർക്കത്തെ തുടർന്നാണ്  ആ കുട്ടി  ഭർതൃ ഗൃഹത്തിൽ വച്ച്  മരണമടഞ്ഞത്  എന്നതിൽ ആർക്കും സംശയമില്ല.   ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്  19  വയസ്സുകാരിയായ  സുചിത്ര ഭർതൃഗൃഹത്തിൽ  മരണപ്പെട്ടതാണ് രണ്ടാമത്തെ കേസ്. വിവാഹ സമയത് 51  പവൻ സ്വർണവുംഒരു കാറും കൊടുത്തിരുന്നു. ഇതിനു പുറമെ  10  ലക്ഷം രൂപകൂടി വേണമെന്ന് പറഞ്ഞു ഭർത്താവു വിഷ്ണുവും  അയാളുടെ വീട്ടുകാരും  ആ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  മൂന്നാമത്തെ കേസ്  തിരുവനന്തപുരത്തിനടുത്തുള്ള വിഴിഞ്ഞതായിരുന്നു. സ്ത്രീധനമായി ലക്ഷം രൂപ കൂടി വേണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്   ഭർതാവ്  സുരേഷിന്റെ  വീട്ടുകാർ മാനസികമായും ശാരീരികമായും  പീഡിപ്പിക്കുന്നതിനിടയിലാണ് അർച്ചന എന്ന  കുട്ടി മരണമടയുന്നത് .

സ്ത്രീ പീഡനം വർധിച്ച അഞ്ചുവര്ഷങ്ങൾ 

സംസ്ഥാന പോലീസിന്റെ ക്രൈം റെക്കോർഡ്‌സ് പ്രകാരം  പിണറായി സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ഭരണത്തിനിടക്ക് 66  സ്ത്രീധന മരണങ്ങളും 15143  പരാതികളുമാണ് ഉണ്ടായിട്ടുള്ളത്. 2015  7  സ്ത്രീധന മരണങ്ങളായിരുന്നു കേരളത്തിൽ നടന്നത്.  ഓരോ വർഷവും സ്ത്രീ ധന മരണങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. 2020 ൽ സ്ത്രീധനവുമായി ബന്ധപ്പെട്ട പോലീസ്  കേസുകൾ 2715  ആയിരുന്നു.വനിതാ മതിലും, സ്ത്രീ സുരക്ഷയുമെല്ലാം പിണറായി സർക്കാരിന്  വെറും മുദ്രാവാക്യങ്ങൾ  മാത്രമാണ്.  ഈ സർക്കാർ അധികാരത്തിലേറിയശേഷം  കഴിഞ്ഞ ഏപ്രിൽ മാസം വരെ    പെൺകുട്ടികൾ ഉൾപ്പെടെ  16656 സ്ത്രീകളാണ്   ബലാൽ സംഘത്തിനിരയായത്. ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും  റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങളില്ല.  ഉത്തർപ്രദേശിലെ  ഉന്നാവുംഹത്രാസും അടക്കം നിരവധി ലൈംഗിക പീഡനങ്ങളും, കൊലപാതകങ്ങളും നടന്ന യോഗിയുടെ ഭരണവും   വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ലൈംഗിക പീഡനങ്ങളും  കൊലപാതകങ്ങളും നടന്ന കേരളത്തിലെ  പിണറായി സർക്കാരിന്റെ ഭരണവും തമ്മിലുള്ള ഏക വ്യത്യാസം                  കൊടിയുടെ നിറത്തിൽ മാത്രമാണ്. എന്ത് വിലകൊടുത്തും പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്  ഇരു   മുഖ്യമന്ത്രിമാരും  സ്വീകരിക്കുന്നത്.     ഗവർണർ  ഒരു ദിവസം  ഉപവസിച്ചതുകൊണ്ട്  മുഖ്യമന്ത്രിക്ക്  മാനസാന്തരം ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലതുതന്നെ എന്ന് ആശ്വസിക്കാം !

പി.എസ്‌ .ശ്രീകുമാർ .

കൺവീനർ,

ഓഫീസർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ 

9847173177