Friday, 3 December 2021


            ഇന്ത്യാ -റഷ്യ സൗഹൃദവും പുടിൻറ്റെ   സന്ദർശനവും 


പി .എസ് .ശ്രീകുമാർ 

കോവിഡ് -19,  ആരംഭിച്ചശേഷം, വിദേശ സന്ദർശനങ്ങളെല്ലാം  ഒഴിവാക്കിയിരുന്ന റഷ്യൻ പ്രസിഡൻറ്  വ്ളാദിമിർ  പുടിൻ,  ആദ്യം  നടത്തുന്ന വിദേശ സന്ദർശനം  ഡൽഹിയിലേക്കാണ്. രണ്ടായിരത്തിനു  ശേഷം  ഇന്ത്യയും, റഷ്യയും   തുടങ്ങിയ വാർഷിക ചർച്ചകളും , രാഷ്ട്ര തലവന്മാർ തമ്മിലുള്ള  ഉച്ചകോടി യോഗങ്ങളുമാണ്   ഡിസംബർ 6 ന്  നടത്തുന്ന  സന്ദർശനത്തിലെ  മുഖ്യ അജണ്ട.

1971 ലെ ഇന്ത്യാ -പാകിസഥാൻ  യുദ്ധത്തിനും, ബംഗ്ലാദേശ് വിമോചനത്തിനും മുന്നോടിയായി രൂപം കൊണ്ടതാണ്   ഇന്ത്യാ -യു എസ് എസ് ആർ  സൗഹൃദ കരാർ . ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെസ്വതന്ത്ര ഇന്ത്യ കടന്നുപോയ്‌കൊണ്ടിരുന്ന അവസരത്തിലാണ്   1971  ആഗസ്റ്റ്  മാസത്തിൽ , ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും, സോവിയറ്റ് പ്രസിഡണ്ട്  ബ്രെഷ്നേവും    സൗഹൃദ കരാറിൽ  ഒപ്പിട്ടത്. ജനാധിപത്യം ചവിട്ടി മെതിക്കപ്പെട്ടതിനെ തുടർന്ന്    പാകിസ്താനിൽ ഉണ്ടായ  ആഭ്യന്തര കലാപങ്ങളുടെ ഫലമായി കിഴക്കൻ ബംഗാളിൽ  മുജീബുർ റഹ്മാൻറ്റെ  നേതൃത്വത്തിൽ  ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യത്തിന് വേണ്ടിയുള്ള  പ്രക്ഷോഭം അതിൻറ്റെ  ഉച്ചസ്ഥായിലെത്തിയപ്പോൾ  ഏകദേശം ഒരു കോടിയോളം കിഴക്കൻ ബംഗാളുകാരാണ്  പശ്ചിമ ബംഗാളിൽ അഭയാർഥികളായി എത്തിയത്.  ശീതസമരം  കൊടുമ്പിരി കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ പാകിസ്താന്  സഹായവുമായി അമേരിക്കയും, ചൈനയും അണിനിരന്നു.  ഈ സന്നിഗ്ദ്ധ  ഘട്ടത്തിലാണ്  സോവിയറ്റ് യൂണിയനുമായി  ഇന്ത്യ  സൗഹൃദ കരാർ ഒപ്പിട്ടത്.  ഈ കരാറിൻറ്റെ  ബലത്തിലായിരുന്നു  ഇന്ത്യക്കും, കിഴക്കൻ ബംഗാളിലെ ജനങ്ങൾക്കും എതിരെ  നടത്തിയ യുദ്ധത്തിൽ,   അവരെ  തോൽപ്പിക്കാനും, ബംഗ്ലാദേശിൻറ്റെ  വിമോചനത്തിന്  സഹായിക്കാനും ഇന്ത്യക്കു സാധിച്ചത്. ഈ വര്ഷം ബംഗ്ലാദേശ് വിമോചനത്തിൻറ്റെ  സുവർണ ജൂബിലി ആണ്.   ഇരുപതു വർഷ കാലാവധിയുള്ള  സൗഹൃദ കരാർ  പുതുക്കേണ്ട അവസരം  എത്തിയപ്പോഴാണ്,    1991 ൽ , സോവിയറ്റ് യൂണിയൻ  തകരുകയും റഷ്യയുൾപ്പെടെയുള്ള നിരവധി സ്വതന്ത്ര രാജ്യങ്ങൾ  ഉണ്ടാകുകയും ചെയ്തത്.  കൂട്ടത്തിൽ ഏറ്റവും വലുതും  ശക്തവുമായിരുന്ന റഷ്യ സ്വാഭാവികമായി സോവിയറ്റ് യൂണിയൻറ്റെ   പിന്തുടർച്ചക്കാരായിമാറി. തുടർന്നാണ്   വീണ്ടും ഇരുപതു വർഷത്തേക്ക്  റഷ്യയുമായി സൗഹൃദ കരാർ നമ്മൾ പുതുക്കിയത്.1971  മുതൽ നമ്മുടെ ഏറ്റവും അടുത്ത സുഹൃത് രാജ്യമാണ് റഷ്യ. വാണിജ്യ-ശാസ്ത്ര-പ്രതിരോധ രംഗങ്ങളിലെല്ലാം  രണ്ടു രാജ്യങ്ങളും  വളരെ അടുത്താണ് പ്രവർത്തിക്കുന്നത്.   എന്നാൽ നരേന്ദ്ര മോഡി സർക്കാർ   അധികാരത്തിൽ വന്നശേഷം,  ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് പഴയ ഊഷ്‌മളത  ഇല്ലായെന്നത് ഒരു വസ്തുതയാണ്.  അതിനു കാരണം മോഡി  സർക്കാരിൻറ്റെ   അമിതമായ അമേരിക്കൻ വിധേയത്വമാണ്. അതോടെ    ചൈനയുമായും, പാകിസ്ഥാനുമായും   റഷ്യ  കൂടുതൽ സൗഹൃദത്തിലായി.

ശക്തമായ വ്യാപാര ബന്ധങ്ങൾ 


ഇന്ത്യയും റഷ്യ യും  തമ്മിലുള്ള   വ്യാപാര ബന്ധം വളരെ  വിപുലമാണ് . പ്രതിരോധം, ഘനവ്യവസായം, രാസവസ്തുക്കൾ, ഇലക്ട്രോണിക്സ്,  മോട്ടോർ വാഹനം, മരുന്നുകൾ, ഷിപ്പിംഗ്, ശൂന്യാകാശ സഹകരണം, ന്യൂക്ലിയർ റിയാക്ടർസ് ,  ശാസ്ത്രസാങ്കേതിക രംഗങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ  റഷ്യയുമായി നമുക്ക് വ്യാപാര ബന്ധം ഉണ്ട്.   പരസ്പര വ്യാപാരം 2012 ൽ 1.5 ബില്യൺ ഡോളറായിരുന്നത് 2019-20 ൽ  10.11  ബില്യൺ ഡോളറായി വർധിച്ചു.   വാണിജ്യ ബന്ധങ്ങൾ 2025  ആകുമ്പോഴേക്കും 30  ബില്യൺ ഡോളറായി വളർത്താനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.

പ്രതിരോധരംഗത്താണ് റഷ്യയുമായി ഏറ്റവും കൂടുതൽ  സഹകരണം  നമുക്കുള്ളത്.   നമ്മുടെ  പ്രതിരോധ സേനകളുടെ ശക്തി  ഇന്നും റഷ്യയുടെ  പിന്തുണയാണ്.  പ്രതിരോധസേനക്ക് ആവശ്യമായ ആയുധസാമഗ്രികളിൽ  65 ശതമാനവും ലഭിക്കുന്നത് റഷ്യയിൽ നിന്നുമാണ്.  തോക്കുകൾ, ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, സുഖോയ് യുദ്ധവിമാനങ്ങൾ,മിസൈലുകൾ എന്നിവയുടെ നിർമാണത്തിലും റഷ്യയുടെ സഹകരണം നമുക്കുണ്ട്. ഇന്ത്യയും റഷ്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈലുകൾ നിർമിക്കുന്നത്.  മധ്യദൂര മിസൈലുകളിൽ ലോകത്ത്‌  ഏറ്റവുമ ശക്തമായ മിസൈൽ സംവിധാനമാണ് ബ്രഹ്മോസ്.  2018 ലെ  ഇന്ത്യാ - റഷ്യ  വാർഷിക ഉച്ചകോടിയിൽ 39000 കോടി രൂപ മുടക്കി റഷ്യയിൽ നിന്നും  "എസ്‌ -400 ട്രയംഫ് "  വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ ഉണ്ടാക്കിയ ഉടമ്പടിയാണ്   അടുത്തകാലത്ത് ഇന്ത്യ ഏർപ്പെട്ട കരാറുകളിൽ   ഏറ്റവും പ്രധാനം. 


 എസ് - 400  ഇടപാടും അമേരിക്കയുടെഭീഷണിയും 

 ഇന്ന് ലോകത്ത്‌  ലഭ്യമായതിൽ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനമാണ്  എസ്‌ -400 . അമേരിക്കയുടെ THAA D {Terminal High  Altitude  Area  Defence } മിസൈൽ പ്രതിരോധ സംവിധാനത്തേക്കാൾ  മികവുറ്റതാണ്  ഇത്. ചൈന, ടർക്കി തുടങ്ങി നിരവധി രാജ്യങ്ങൾ എസ്‌ -400  സംവിധാനം റഷ്യയിൽ നിന്നും വാങ്ങിയിട്ടുണ്ട്. റഷ്യയിൽ നിന്നും എസ്‌ -400  വാങ്ങുന്ന രാജ്യങ്ങളെയെല്ലാം  അമേരിക്കയുടെ എതിരാളികളായി കണക്കാക്കി   CAATSA [Countering  America ' s  Adversaries  Through  Sanctions  Act ]അനുസരിച്ചു  ഉപരോധം ഏർപ്പെടുത്തുമെന്ന്  പ്രഖ്യാപിച്ചിട്ടുണ്ട്.  ഇത്  വാങ്ങിയ  പല രാജ്യങ്ങൾക്കെതിരെയും    അമേരിക്ക ഉപരോധം ഏർപ്പെടുത്തി.  അമേരിക്കയുടെ ഭീഷണിയെ അവഗണിച്ചുകൊണ്ടാണ്  ഇന്ത്യ എസ്‌ -400  കരാർ  റഷ്യയുമായി ഒപ്പുവച്ചത്.  2021  ഡിസംബറിൽ തന്നെ  ഈ ഓർഡർ അനുസരിച്ചുള്ള   ആദ്യ ബാച്ച്  എസ്‌ -400  ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .  ചൈനയും  പാകിസ്താനുമായി നിലനിൽക്കുന്ന ശത്രുതയും,  യുദ്ധസമാനവു മായ  സാഹചര്യത്തിൽ , CAATSA യുടെ പരിധിയിൽ നിന്നും ഇളവ് അനുവദിക്കണം എന്ന്  നമ്മൾ ആവശ്യപെട്ടിട്ടുണ്ട്. ചൈനയുമായി അമേരിക്ക നടത്തുന്ന വ്യാപാര യുദ്ധത്തിന്റ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആവശ്യം  പരിഗണിക്കാതിരിക്കാൻ   അമേരിക്കക്ക്  ആവില്ലെന്നാണ്  എന്നാണ് പ്രതീക്ഷിക്കുന്നത്. 

പുടിൻ ഇന്ത്യയിൽ നടത്തുന്ന ചർച്ചകളിൽ അഫ്ഘാനിസ്ഥാനിലെ പ്രശ്നങ്ങളും വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുവാനുള്ള മാര്ഗങ്ങളും കടന്നു വരും. അതുപോലെ തന്നെ പ്രതിരോധ രംഗത്ത് 5000 കോടി രൂപ മുതൽ മുടക്കിൽ 7.5 ലക്ഷം എ കെ 203 റൈഫിളുകൾ നിർമ്മിക്കുവാനുള്ള ഉടമ്പടിയിൽ ഒപ്പുവെക്കുവാനും സാധ്യത ഉണ്ട്. ചൈനയുമായി നിലനിൽക്കുന്ന സംകീർണമായ അതിർത്തിത്തർക്കങ്ങൾ പരിഹരിക്കുവാൻ റഷ്യയുടെ ഇടപെടലുകളും, സഹായങ്ങളും ചർച്ചകളിൽ വരുവാൻ  ഉള്ള സാധ്യതകളും നിലനിൽക്കുന്നു. ഏതായാലും കൂടുതൽ മേഖലകളിലേക്ക് ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുവാൻ ഈ ഉച്ചകോടിയിൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.എസ് ശ്രീകുമാർ 

9847173177 










No comments:

Post a Comment