കേരളവികസനം കോൺഗ്രസ് സർക്കാരുകളിലൂടെ
പി എസ് ശ്രീകുമാർ 
1956 ൽ ,ഐക്യകേരളം പിറവിയെടുക്കുമ്പോള്‍, കേരളസംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലായിരുന്നു. ജനാധിപത്യരീതിയിലുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നതിനെ തുടർന്ന് 1956 ഏപ്രില്‍ 5 ന് കമ്യൂണിറ്റ് പാര്‍ട്ടി നേതാവായ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള ആദ്യമന്ത്രിസഭ അധികാരത്തിലേറി. സി.അച്യുതമേനോന്‍, ജോസഫ് മുണ്ടശേരി, ടി.വി. തോമസ്, കെ.സി.ജോര്‍ജ്, ഡോ. എ.ആര്‍. മേനോന്‍, വി.ആര്‍. കൃഷ്ണയ്യര്‍, കെ.പി. ഗോപാലന്‍, കെ.ആര്‍.ഗൗരി, ടി.എ. മജീദ്, പി.കെ.ചാത്തന്‍ തുടങ്ങിയവരായിരുന്നു മന്ത്രിമാര്‍. വിദ്യാഭ്യാസ-കാർഷിക മേഖലകളിൽ ഇ എം എസ് സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ജനങ്ങളെ ഒന്നാകെ സര്കാരിന്നെതിരെ തിരിച്ചു. അതിനു പുറമെ ആയിരുന്നു, പോലീസ് സ്റ്റേഷനുകളിലെ സെൽ ഭരണവും, അരിവാങ്ങിയതിലെ അഴിമതിയും. അസംതൃപതരായ ജനങ്ങൾ സര്കാരിന്നെതിരെ വിമോചന സമരം നടത്തുവാൻ നിര്ബന്ധിതരായി. വിമോചന സമരത്തെ തുടര്‍ന്ന് ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് ഇ.എം.എസ് സര്‍ക്കാരിനെ കാലാവധി പൂർത്തിയാക്കും മുമ്പുതന്നെ രാഷ്ട്രപതി പിരിച്ചുവിട്ടു.
തുടര്‍ന്ന് 1960 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- പി എസ് പി മന്ത്രിസഭ, പി എസ് പി നേതാവായ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ അധികാരത്തിലേറി. കോണ്‍ഗ്രസ് നേതാവ് ആര്‍. ശങ്കറായിരുന്നു ഉപമുഖ്യമന്ത്രി. പ്രതിഭാശാലിയായിരുന്ന പട്ടത്തിന് മറ്റാര്‍ക്കും ലഭിയ്ക്കാത്ത ഒരു അംഗീകാരം കൂടിയായിരുന്നു മുഖ്യമന്ത്രി പദം. ആദ്യം തിരുവിതാംകൂറില്‍ പ്രധാനമന്ത്രിയാകാനും പിന്നീട് തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തിന്‍റെയും ഐക്യകേരളത്തിന്‍റെയും മുഖ്യമന്ത്രിയാകാനുമുള്ള ഭാഗ്യം അദ്ദേഹത്തിനുമാത്രമാണ് ലഭിച്ചിട്ടുള്ളത്. ഈ കാലഘട്ടത്തിലാണ് ഒരു ജനകീയ മന്ത്രിസഭയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസനത്തിനായുള്ള പദ്ധതികൾക്ക് യഥാർത്ഥത്തിൽ തുടക്കമിട്ടത്. തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ കാര്‍ഷികാവശ്യത്തിന് ജലസേചനമെത്തിക്കുന്നതിനായി കല്ലട ജലസേചന പദ്ധതിക്ക് അംഗീകാരം നല്‍കി, നിര്‍മ്മാണം ആരംഭിച്ചത് ഈ മന്ത്രിസഭയുടെ കാലഘട്ടത്തിലായിരുന്നു. ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചതും പട്ടത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു . തുമ്പയില്‍ ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിയ്ക്കുമ്പോള്‍ അതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും അദ്ദേഹം നല്‍കി. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപിച്ചത് 1963 ലായിരുന്നു. അതുപോലെ കഴക്കൂട്ടത്ത് സംസ്ഥാനത്തെ ഏക സൈനിക സ്കൂള്‍ ആരംഭിയ്ക്കുന്നതിനും അദ്ദേഹം നിര്‍ല്ലോഭം സഹായിച്ചു. മലയാള സാഹിത്യത്തിന് വളര്‍ച്ചയേകാന്‍ ഉതകുന്നവിധത്തില്‍ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും പട്ടത്തിന്‍റെ നേതൃത്വത്തിലായിരുന്നു. കേരളത്തിന്‍റെ സര്‍വതോډുഖമായ വികസനത്തിന് അടിത്തറപാകുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി ഒരു വ്യവസായ നയം പ്രഖ്യാപിക്കുന്നതും ഈ മന്ത്രിസഭയുടെ കാലത്താണ്. കെ.എ. ദാമോദരമേനോനായിരുന്നു വ്യവസായ മന്ത്രി.
സംസ്ഥാനത്തിന്‍റെ വ്യവസായവത്കരണം മുന്നില്‍ കണ്ടുകൊണ്ട് വ്യവസായവത്ക്കരണശ്രമങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുവാനുമായിട്ടാണ് 1961 ല്‍ കെ.എസ്.ഐ.ഡി.സി രൂപീകരിച്ചത്. കേരള സിറാമിക്സ്, ഹാന്‍ടെക്സ്, ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍റ് ഇലക്ട്രിക്കല്‍സ്, മന്നം ഷുഗര്‍ മില്‍സ്, ട്രാക്കോ കേബിള്‍ കമ്പനി, ഹാന്‍ടെക്സ്, കേരള ലളിത കലാ അക്കാദമി എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചതും പട്ടം മന്ത്രിസഭയുടെ കാലത്താണ്.
ഷോളയാര്‍, ശബരിഗിരി ജല-വൈദ്യുത പദ്ധതികളും നേരിയ മംഗലത്തെ ജനറേറ്റര്‍ നിര്‍മ്മാണവും സംസ്ഥാനത്തിന്‍റെ വൈദ്യുതോല്പാദനത്തില്‍ നാഴികകല്ലുകളായി.
1961 ഫെബ്രുവരി 15 ന് പാസാക്കിയ കാര്‍ഷിക ബില്‍, കാര്‍ഷിക രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ചു. കുടിയാന് ഭൂമിയില്‍ ഉമസ്ഥാവകാശവും ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുവാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഈ ശ്രമങ്ങളിലൂടെ 20,000 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്കു നല്‍കുവാന്‍ സാധിച്ചു.
പാവപ്പെട്ടവര്‍ക്ക് തുച്ഛമായ നിരക്കില്‍ റേഷന്‍ കടകളിലൂടെ അരി വിതരണം ചെയ്തതും അരിയുടെ വില ഗണ്യമായി കുറച്ചതും പട്ടത്തിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ചെറുകിട കര്‍ഷകരെ സഹായിക്കാനായി എല്ലാ പഞ്ചായത്തുകളിലും പ്രാഥമിക സഹകരണ സംഘങ്ങള്‍ രൂപീകരിച്ചു. കേരള സര്‍വകലാശാലയുടെ ഒരു സെന്‍റര്‍ കോഴിക്കോട് 1961 ജനുവരി 30 ന് ആരംഭിച്ചു. പട്ടം പഞ്ചാബ് ഗര്‍ണറായി നിയമിതനായപ്പോള്‍ 1962 സെപ്റ്റംബര്‍ 25 ന് മുഖ്യമന്ത്രിപദം രാജിവച്ചു. തുടര്‍ന്ന് ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. പ്രൈമറി സ്കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞി സമ്പ്രദായം ഏര്‍പ്പെടുത്തിയതും 8-ാം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമാക്കിയതും പ്രീ യൂണിവേഴ്സിറ്റി കോഴ്സ് നിര്‍ത്തലാക്കി പകരം പ്രീഡിഗ്രി കോഴ്സ് ആരംഭിച്ചതും ശങ്കറിന്‍റെ കാലത്തായിരുന്നു.
എല്ലാവിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസത്തിന്‍റെയും വികസനത്തിന്റെയും പ്രയോജനം ലഭിയ്ക്കത്തക്കരീതിയില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് പാവപ്പെട്ടവര്‍ക്കുകൂടി ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കിയതും ആർ.ശങ്കർ മുഖ്യമന്ത്രി ആയി ഇരുന്ന അവസരത്തിലാണ്.
1963 ല്‍ പഞ്ചായത്തുകള്‍ക്ക് ഒരു ഏകീകൃത നിയമം ഉണ്ടാക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്ത് അധികാരവികേന്ദ്രീകരണത്തിന് അദ്ദേഹം വലിയ സംഭാവന നല്‍കി. നിര്‍ധനരായ വൃദ്ധജനങ്ങള്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന് തുടക്കം കുറിച്ചതും ശങ്കറിന്‍റെ ഭരണകാലത്തായിരുന്നു. അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പി.ടി. ചാക്കോ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ചുപറത്തുപോകുകയും പിന്നീട് പി.ടി.ചാക്കോയുടെ മരണശേഷം 15 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തപ്പോള്‍ കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിലായി.
1967 ല്‍ സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സപ്തകക്ഷിമുന്നണി അധികാരത്തില്‍ വന്നു. ഇ.എം.എസിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു. സപ്തകക്ഷി മന്ത്രിസഭയില്‍ പാര്‍ട്ടികള്‍ തമ്മിലും മന്ത്രിമാര്‍ തമ്മിലും ഉണ്ടായ ശക്തമായ അഭിപ്രായവ്യത്യാസങ്ങളേയും അഴിമതിയാരോപണങ്ങളേയും തുടര്‍ന്ന് 1969 ഒക്ടോബര്‍ 24 ന് മന്ത്രിസഭ രാജിവച്ചു.
അച്യുതമേനോന്‍ മന്ത്രിസഭ
1969 നവംബര്‍ 1 ന് കേരളപിറവിയുടെ 13-ാം വാര്‍ഷിക ദിനത്തില്‍ സി.പി.ഐ യുടെ രാജ്യസഭാംഗമായിരുന്ന സി. അച്യുതമേനോന്‍റെ നേതൃത്വത്തില്‍ അഞ്ചു കക്ഷികളുടെ ഒരു എട്ടംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ശേഷിച്ച കാലയളവിലേയ്ക്കായി അധികാരത്തിലേറി. 1970 ജനുവരി 1 ന് ജډിത്വം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമം നടപ്പാക്കി. അങ്ങനെ ഭൂമിയുടെ അവകാശം കൃഷിചെയ്യുന്ന കര്‍ഷകനു ലഭിച്ചു. അന്ന് അഞ്ചുലക്ഷത്തോളം കുടികിടപ്പുകാര്‍ക്ക് 10 സെന്‍റ് ഭൂമി സ്വന്തമായി. ഇതിനെ രാജ്യത്തെ പുരോഗമനവാദികള്‍ ഏറ്റവും വിപ്ലവകരമായ നടപടിയെന്നു വിശേഷിപ്പിച്ചു. എന്നാല്‍ ഘടകക്ഷിയായ ഐ.എസ്.പി. യിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് 1970 ജൂണ്‍ 26-ാം തീയതി നിയമസഭ പിരിച്ചുവിടുന്നതിന് മുഖ്യമന്ത്രി ഗവര്‍ണറെ ഉപദേശിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രഖ്യാപനം ഗവര്‍ണര്‍ വി.വിശ്വനാഥന്‍ പുറപ്പെടുവിച്ചു.
1970 സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സി.പി.ഐ മുസ്ലീംലീഗ് ആര്‍.എസ്.പി. പി.എസ്.പി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച ഐക്യകക്ഷി മുന്നണി 69 സീറ്റുകൽ കരസ്ഥമാക്കി.
രണ്ടാം അച്യുതമേനോന്‍ മന്ത്രിസഭ
1970 ഒക്ടോബര്‍ 4 ന് അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തില്‍ മടങ്ങിയെത്തി. ആദ്യം മന്ത്രിസഭയില്‍ നിന്നും മാറി നിന്ന കോണ്‍ഗ്രസ്, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുശേഷം, മന്ത്രിസഭയില്‍ ചേരുവാന്‍ തീരുമാനിച്ചു. കെ. കരുണാകരന്‍, കെ.ടി. ജോര്‍ജ്, ഡോ. കെ. ജി. അടിയോടി വക്കം പുരുഷോത്തമന്‍, വെള്ളഈച്ചരന്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഫീസ് ഏകീകരണം
കേരളത്തെ മാറ്റി മറിച്ച ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നതായിരുന്നു അച്യുതമേനോന്‍റെ കാലഘട്ടം. മിഷനറിമാരുടേയും മാറിമാറിവന്ന സര്‍ക്കാരുകളുടേയും ശ്രമഫലമായി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ പലപ്പോഴായി അങ്ങോളമിങ്ങോളം സ്ഥാപിക്കപ്പെട്ടു. എന്നാല്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാനേജ്മെന്‍റുകള്‍ അഴിമതിയുടെ കേന്ദ്രങ്ങളായി മാറി. അധ്യാപക നിയമനത്തില്‍ യോഗ്യത മാനദണ്ഡമല്ലാതെയായി. അധ്യാപകര്‍ക്ക് ശമ്പളംകൃത്യമായി പല മാനേജുമെന്‍റുകളും നല്‍കിയില്ല. ഇതിനെതിരെ 1971 സെപ്റ്റംബര്‍ 15 മുതല്‍ സ്വകാര്യ കോളേജ് അധ്യാപകര്‍ സമരത്തിനിറങ്ങി. സര്‍ക്കാര്‍ ശമ്പളം നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ ആവശ്യം ശക്തിപ്രാപിച്ചപ്പോള്‍ എ.കെ. ആന്‍റണിയെപോലെയുള്ള യുവനേതാക്കള്‍ ആ സ്ഥാപനങ്ങളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ 1972 മെയ് മാസത്തില്‍ ഫീസ് ഏകീകരണം നടപ്പില്‍ വരുത്തുവാന്‍ തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ച മാനേജ്മെന്‍റുകള്‍ കോളേജുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു. ഒടുവില്‍ 1972 ആഗസ്റ്റില്‍ മാനേജ്മെന്‍റുകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഫീസ് ഏകീകരണം നടപ്പിലാക്കി. ഈ കാലഘട്ടത്തില്‍ തന്നെയാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ ജനാധിപത്യരീതിയില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായതും.
കായല്‍ ഏറ്റെടുക്കല്‍
മിച്ച ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി , കായല്‍ രാജാവായി അറിയപ്പെട്ടിരുന്ന മുരിക്കന്‍റെ വക കുട്ടനാട്ടിലെ 1600 ഏക്കല്‍ കായല്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. സമുദ്രനിരപ്പിനു താഴെയുള്ള റാണി, ചിത്തിര, മാര്‍ത്താണ്ഡം കായല്‍ നിലങ്ങള്‍ സഹകരണാടിസ്ഥാനത്തില്‍ കൃഷി സഹകരണ സംഘങ്ങള്‍ക്ക് നല്‍കി. സംഘത്തിന്‍റെ ഓരോ അംഗത്തിനും ഓരോ ഏക്കര്‍ വച്ച് 1600 ഏക്കര്‍ നിലത്തിന് 1600 അംഗങ്ങളെയും ചേര്‍ത്തു.
1968 ജൂലൈ മാസത്തില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പായ താപ്പറിന് കേരളത്തില്‍ ടൈറ്റാനിയം കോംപ്ലക്സ് വ്യവസായം ആരംഭിക്കാന്‍ ഇ.എം.എസ് സര്‍ക്കാരും വ്യവസായ മന്ത്രി ടി.വി തോമസും അനുമതി നല്‍കുകയും കേന്ദ്രത്തിന്‍റെ ലൈസന്‍സിനായി ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കുശേഷം ഈ ശുപാര്‍ശ പിന്‍വലിക്കാനും ടൈറ്റാനിയം വ്യവസായം പൊതുമേഖലയില്‍ തന്നെ ആരംഭിയ്ക്കാനും 1973 ജൂണില്‍ മന്ത്രിസഭ തീരുമാനിച്ചു.
ലക്ഷം വീട്
അച്യുതമേനോന്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ ആവിഷ്ക്കരിച്ചതാണ് ലക്ഷം വീട് പദ്ധതി. അന്തിയുറങ്ങാന്‍ തലയ്ക്കുമീതെ ശൂന്യാകാശം മാത്രമുണ്ടായിരുന്ന ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഒരിടം നല്‍കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അന്നു സംസ്ഥാനത്തുണ്ടായിരുന്ന 960 പഞ്ചായത്തുകളില്‍ ഓരോ പഞ്ചായത്തിലും 100 വീടുകള്‍ എന്നതായിരുന്നു കണക്ക്. വീടുകള്‍ വയ്ക്കുന്നതിന് സ്ഥലം സൗജന്യമായി നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറായി. വീട് നിര്‍മ്മാണത്തിന് ഒരു വിഹിതം സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തി. ബാക്കി ആവശ്യമായി വന്ന തുക പൊതുജനങ്ങളില്‍ നിന്നും സംഭാവനയായി സ്വീകരിച്ചു. സര്‍ക്കാരിന്‍റെ നയം താഴെത്തട്ടില്‍ നടപ്പിലാക്കിയതില്‍ വന്ന ആസൂത്രണത്തിലെ പാളിച്ചകള്‍ കാരണം ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ലെങ്കിലും അറുപതിനായിരത്തില്‍പ്പരം വീടുകള്‍ ബഹുജനപങ്കാളിത്തത്തോടെ പൂര്‍ത്തികരിച്ചു. 1973 ജനുവരി 6 ന് എറണാകുളം ജില്ലയിലെ കീഴ്മാട് പഞ്ചായത്തില്‍ വച്ച് പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ ദാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിര്‍വഹിച്ചു.
ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്ന കാലഘട്ടമായിരുന്നതിനാല്‍, ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഒട്ടേറെ നടപടികള്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. കുട്ടനാട് വികസന ഏജന്‍സി ഉള്‍പ്പെടെയുള്ള വികസന ഏജന്‍സികള്‍ രൂപീകരിച്ചു. 1971 ല്‍ മണ്ണുത്തിയില്‍ കാര്‍ഷിക സര്‍വകലാശാല സ്ഥാപിച്ചത്, സംസ്ഥാനത്തെ കാര്‍ഷികാഭിവൃത്തിയിലേക്ക് നയിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു. അതുപോലെ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ ഉന്നമനം ലക്ഷ്യമാക്കി കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല ആരംഭിച്ചു.
കടൽ വഴിയുള്ള വ്യാപാരം വർധിപ്പിക്കുന്നതിന് കൂടുതൽ കപ്പൽ നിർമാണ ശാലകൾ ആവശ്യമാണെന്ന് മനസ്സിലാക്കിയ അന്നത്തെ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയാണ് ഒരു പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ കപ്പൽ നിർമാണ ശാല നിർമിക്കാൻ അനുമതി നൽകിയത്. 1972 ഏപ്രിൽ 29 നാണ് കപ്പൽ നിർമാണ ശാലയുടെ ശിലാസ്ഥാപനം നടത്തിയത്. ഇതിന്റെ ആദ്യഘട്ടം 1982 ൽ പൂർത്തിയായി. കപ്പൽ നിർമാണ ശാലയുടെ വരവോടെ കൊച്ചി നഗരത്തിനു സർവ്വതോമുഖമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.
കേരളത്തിൽ കൂടുതൽ വ്യവസായ ശാലകൾ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടെയാണ് അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റിന്റെ ഒരു യൂണിറ്റ് കോട്ടയത്തെ വെള്ളൂരിൽ സ്ഥാപിക്കാനായി കേന്ദ്ര സർക്കാരുമായി 1974 ഒക്ടോബറിൽ കരാർ ഒപ്പിട്ടത്. ഈ കമ്പനിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ സൗജന്യ നിരക്കിലാണ് കേരളം സർക്കാർ നൽകുന്നത്. 1983 മുതൽ കമ്പനി വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങി. എന്നാൽ ഈ കമ്പനിയെ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളുമായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇപ്പോൾ മുന്നോട്ടു പോകുകയാണ്.
നമ്മള്‍കൊയ്യും വയലെല്ലാം നമ്മുടെതാവും പൈങ്കിളിയേ എന്ന് അമ്പതുകള്‍ മുതല്‍ കര്‍ഷക തൊഴിലാളികള്‍ പാടി നടന്നെങ്കിലും അവരുടെ കണ്ണീരൊപ്പാനും അവര്‍ക്ക് വികസനത്തിന്‍റെ നേട്ടം എത്തിയ്ക്കാനും നടപടി എടുത്തത് ഈ കാലഘട്ടത്തിലാണ്. കര്‍ഷകരുടെ മാഗ്നാകാര്‍ട്ട എന്നു വിശേഷിപ്പിക്കുന്ന കര്‍ഷകതൊഴിലാളി നിയമം തയ്യാറാക്കി നിയമമാക്കി മാറ്റിയത് ഈ മന്ത്രിസഭയിലെ തൊഴില്‍ വകുപ്പുമന്ത്രിയായിരുന്ന വക്കം പുരുഷോത്തമനാണ്. 1975 ഒക്ടോബര്‍ 2 ന് ഈ നിയമം പ്രാബല്യത്തില്‍ വന്നു. കര്‍ഷക തൊഴിലാളികള്‍ക്ക് നിശ്ചിത മിനിമം വേതനം, ജോലി സമയം, ജോലി സുക്ഷിതത്വം, തൊഴില്‍ തര്‍ക്ക പരിഹാരം, എന്നിവ ഈ നിയമം നടപ്പിലാക്കിയതുവഴി ഉറപ്പാക്കി.
വ്യവസായരംഗത്ത് കുതിച്ചുകയറ്റത്തിനുതകുന്ന നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. ഒട്ടേറെ ചെറുകിട വ്യവസായ സംരംഭങ്ങള്‍ കേരളത്തിലെമ്പാടും ആരംഭിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി. പഞ്ചായത്തുകള്‍ തോറും വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിക്കാനായുള്ള വ്യവസായമന്ത്രി ടി.വി.തോമസിന്‍റെ ശ്രമമായിരുന്നു ഇതിന്‍റെ പിന്നില്‍. അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ പൂര്‍ണമായും ലക്ഷ്യപ്രാപ്തിയിലെത്തിയില്ലെങ്കിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യവസായിക സംരംഭങ്ങള്‍ കൊണ്ടുവരുവാന്‍ സാധിച്ചു. ബീഡി വ്യവസായം കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്കു മാറിയപ്പോള്‍ ദിനേശ് ബീഡി സംഘം രൂപീകരിച്ച് ആ വ്യവസായത്തെ കണ്ണൂരില്‍ നിലനിര്‍ത്താന്‍ അദ്ദേഹം മുന്‍കൈയെടുത്തു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ,് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ,് കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍-കൊല്ലം, കേരള സ്റ്റേറ്റ് ബാംബു കോര്‍പ്പറേഷന്‍, കേരളാ സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍, സീതാറാം ടെക്സ്റ്റയില്‍സ്, മലപ്പുറം സഹകരണ സ്പിന്നിംഗ് മില്‍, സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള, കെല്‍ട്രോണ്‍ കബോണന്‍റ് കോംപ്ലക്സ,് കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ തുടങ്ങി ഒട്ടേറെ പൊതുമേഖല സ്ഥാപനങ്ങള്‍ ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപിഡിക് പബ്ളിക്കേഷന്‍സ് എന്നിവയും ഈ മന്ത്രിസഭയുടെ കാലത്താണ് ആരംഭിച്ചത്.
കെല്‍ട്രോണിന്‍റെ പിറവി
ഇതിനൊക്കെ മകുടം ചാര്‍ത്തുന്നതാണ് കെല്‍ട്രോണിന്‍റെ ആരംഭം. ഇലക്ട്രോണിക്സ് രംഗത്ത് ഭാവിയിലുണ്ടാകുന്ന വളര്‍ച്ച മുന്‍കൂട്ടി മനസ്സിലാക്കിയ ടി.വി. തോമസും അച്യുതമേനോനുമാണ് കെല്‍ട്രോണ്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. അന്ന് ബോംബെയിലെ നെല്‍കോ എന്ന സ്ഥാപനത്തില്‍ ഉന്നത ജോലിയിലിരുന്ന കെ.പി.പി. നമ്പ്യാരെ ക്ഷണിച്ചു വരുത്തിയാണ്, 1972 ഏപ്രിലില്‍ കെല്‍ട്രോണ്‍ രൂപീകരിക്കുന്നത്. 1975 ആഗസ്റ്റ് 30 -ാം തീയതി തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ വച്ച് കെല്‍ട്രോണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. അതോടൊപ്പം ടി.വി. നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ഒപ്പുവച്ച് കരകുളത്ത് ടി.വി. നിര്‍മ്മാണം തുടങ്ങി. ഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയില്‍ തന്നെ ഇത് വിപ്ലവകരമായ തുടക്കമായിരുന്നു. കെല്‍ട്രോണ്‍ ഇന്ത്യയിലെ തന്നെ ഇലക്ട്രോണിക്സ് രംഗത്ത് ഓരോ പടവും കടന്ന് ഉന്നതങ്ങളിലേയ്ക്കുള്ള കുതിപ്പ് ആരംഭിച്ചു. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി പതിനാലോളം ഉപയൂണിറ്റുകളും വിവിധ കാലയളവില്‍ പിന്നീട് ആരംഭിച്ചു. കെല്‍ട്രോണിന്‍റെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് അപ്ട്രോണ്‍, ബെല്‍ട്രോണ്‍, മെല്‍ട്രോണ്‍ തുടങ്ങിയ ഇലക്ട്രോണിക്സ് വ്യവസായ സ്ഥാപനങ്ങള്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിച്ചത്.
അച്യുതമേനോന്‍ സർക്കാർ ശ്രദ്ധപതിപ്പിച്ച മറ്റൊരു മേഖല ശാസ്ത്ര സാങ്കേതിക രംഗമായിരുന്നു. ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസ്, സെന്‍ട്രല്‍ വാട്ടര്‍ റിസര്‍ച്ച് ഡവലപ്മെന്‍റ് കേന്ദ്രം, കോഴിക്കോട് എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, തുടങ്ങി ഒട്ടേറെ തലയെടുപ്പുള്ള സ്ഥാപനങ്ങളും ആരംഭിച്ചു. അടിയന്തിരാവസ്ഥകാലത്ത് ജനകീയ സഹകരണത്തോടെ നടത്തിയ മണക്കാലയജ്ഞം സാമൂഹ്യ സഹകരണത്തോടെയുള്ള വികസനത്തിന് മാതൃകയായി രാജ്യമെങ്ങും വാഴ്ത്തപ്പെട്ടു. ശാസ്താംകോട്ട ഉപകനാലിന്‍റെ നാലു കിലോമീറ്റര്‍ ദൂരം ശ്രമദാനം കൊണ്ടു കുഴിക്കാന്‍ കഴിഞ്ഞു.
ഇടുക്കി ഡാം
1972 ല്‍ ഇടുക്കി ജില്ല രൂപീകൃതമായി. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി രാജ്യത്തിനു സമര്‍പ്പിച്ചത് 1976 ഫെബ്രുവരി 12 നായിരുന്നു. കാനഡ സര്‍ക്കാരിന്‍റെ സഹായത്തോടെയാണ് മൂന്നു ഘട്ടങ്ങളിലായി 780 മെഗാവാട്ട് ഉത്പാദനശേഷിയുള്ള ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.
കോവളത്തെ രാജ്യന്തര ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതില്‍ മന്ത്രിയായിരുന്ന ടി.കെ. ദിവാകരന്‍റെ പങ്ക് വിസ്മരിക്കാന്‍ സാധിക്കില്ല. അച്യുതമേനോന്‍ മന്ത്രിസഭയുടെ മറ്റൊരു നേട്ടമായിരുന്നു പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ച പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍. എല്ലാ പഞ്ചായത്തുകളിലും ചികിത്സാലയങ്ങള്‍ തുടങ്ങിയത് ആരോഗ്യരംഗത്ത് കുതിച്ചുകയറ്റം ഉണ്ടാക്കുവാന്‍ സാഹചര്യം ഒരുക്കി.
കെ.കരുണാകരനും എ.കെ.ആന്‍റണിയും മുഖ്യമന്ത്രിമാരാകുന്നു.
1977 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഐക്യമുന്നണിയുടെ നേതാവായ കെ. കരുണാകരന്‍ മാര്‍ച്ച് 25 ന് മുഖ്യമന്ത്രിയായി. എന്നാല്‍ രാജന്‍ കേസിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ ഒരു പരാമർശത്തിന്റെ വെളിച്ചത്തിൽ അദ്ദേഹത്തിനു രാജിവയ്ക്കേണ്ടി വന്നപ്പോള്‍ എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി ഏപ്രില്‍ 27 ന് സത്യപ്രതിജ്ഞ ചെയ്തു. ഭരണസാരഥ്യമേറ്റെടുത്തതിനുശേഷം ആന്‍റണി എടുത്ത ഒരു സുപ്രധാന തീരുമാനം, രാജ്യനിര്‍മ്മാണത്തില്‍ ചെറുപ്പക്കാര്‍ക്കുള്ള പങ്ക് മനസ്സിലാക്കിക്കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വോട്ടിംഗ് പ്രായം 18 വയസ്സായി കുറച്ചതാണ്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മറ്റു സംസ്ഥാന സര്‍ക്കാരുകളും പിന്നീട് കേന്ദ്രസര്‍ക്കാരും പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുവാനുള്ള പ്രായവും 18 വയസ്സായി കുറച്ചത്. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഉത്സവകാല അലവന്‍സ് അനുവദിച്ചതും ആന്‍റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ്. പി.എസ്.സി വഴിയുള്ള നിയമന പ്രായപരിധി 35 വയസ്സായി വര്‍ദ്ധിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി കാല്‍ ലക്ഷം വീടുകള്‍ നല്‍കി. വിധവകളുടെ പെണ്‍മക്കള്‍ക്കു വിവാഹ സഹായം ഏര്‍പ്പെടുത്തി. നെല്ലിനും മരിച്ചീനിക്കും താങ്ങുവില ഏര്‍പ്പെടുത്തി. യുവാക്കളുടെ കഴിവ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായി ഉപയോഗിക്കുന്നതിന്‍റെ ഭാഗമായി സ്വയം തൊഴില്‍ കണ്ടെത്തല്‍ പദ്ധതിക്കു തുടക്കം കുറിച്ചു. വിദേശത്തു ജോലിചെയ്യുന്ന മലയാളികളുടെ പ്രയാസം മാറ്റിക്കൊണ്ട് തിരുവന്തപുരത്തു നിന്നും ദുബായിലേക്ക് വിമാന സര്‍വ്വീസുകള്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് തുടക്കം കുറിപ്പിച്ചു. ഒപ്പം തൊഴിലില്ലാത്തവര്‍ക്ക് തൊഴിലില്ലായ്മ വേതനം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് ചെങ്കല്‍ചൂളയിലെ കോളനിയില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ അസൗകര്യങ്ങളാലും അനാരോഗ്യകരമായ അന്തരീക്ഷത്തിന്‍റെയും വിളനിലമായ കുടിലുകളിലായിരുന്നു തിങ്ങിപാര്‍ത്തത്. ഈ കുടിലുകള്‍ക്കു പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിത് കോളനിവാസികളെ പുന:രധിവസിപ്പിക്കാന്‍ ഹൗസിംഗിന്‍റെ ചാര്‍ജ്ജുണ്ടായിരുന്ന മന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുഖ്യമന്ത്രി എ.കെ. ആന്‍റണിക്കും ചുരുങ്ങിയ 18 മാസങ്ങളേ വേണ്ടിയിരുന്നുള്ളൂ.
പി.കെ.വി. മന്ത്രിസഭ
ഒക്ടോബര്‍ 28 ന് ആന്‍റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഒക്ടോബര്‍ 29 ന് പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്‍റെ കാലയളവിലാണ് പഴശ്ശിജലസേചന പദ്ധതിയുടെ 245 മീറ്റര്‍ നീളവും 17.38 മീറ്റര്‍ ഉയരവുമുള്ള അണക്കെട്ട് പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഉദ്ഘാടനം ചെയ്തത്. ജില്ലാ ഭരണ ബില്‍ അന്ന് ഭേദഗതികളോടെ നിയമസഭ പാസ്സാക്കിയെങ്കിലും അതു നടപ്പിലാക്കാന്‍ സാധിച്ചില്ല. തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കല്‍ സെന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുവാനും കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുവാനും പി.കെ.വി. വഹിച്ച പങ്ക് പ്രശംസനീയമാണ്. കൊച്ചി ആസ്ഥാനമായി കേരള പ്രസ് അക്കാദമി, ആലപ്പുഴയില്‍ ഫോം മാറ്റിംഗ്സ് എന്നിവ ആരംഭിച്ചതും പി.കെ.വി. മുഖ്യമന്ത്രിയായിരുന്ന കാലയളവിലായിരുന്നു. എറണാകുളത്തുനിന്നും ആലപ്പുഴവരെയുള്ള റെയില്‍വെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, തിരുവനന്തപുരം-കന്യാകുമാരി റെയില്‍വെ ലൈന്‍ ഉദ്ഘാടനം, തിരുവനന്തപുരം വിമാനത്താവളത്തോടനുബന്ധിച്ച് എയര്‍കാര്‍ഗോ കോംപ്ലക്സ് എന്നിവയും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നടപ്പിലാക്കിയത് ഈ കാലഘട്ടത്തിലായിരുന്നു. കമ്യൂണിസ്റ്റ് ഐക്യത്തിനായി 1979 ഒക്ടോബര്‍ 7 ന് പി.കെ.വി രാജിവച്ചു .
സി.എച്ച് മന്ത്രിസഭ
പി.കെ.വി.യുടെ രാജിയെ തുടര്‍ന്ന് 1979 ഒക്ടോബര്‍ 12 ന് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇഷ്ടദാന ബില്‍ എന്ന പേരില്‍ അറിയപ്പെടുന്ന കേരള ഭൂപരിഷ്കരണ ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കിയതും പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആരംഭിച്ചതും അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന ചുരുങ്ങിയ ഈ കാലയളവിലാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ്കോയ മുഖ്യമന്ത്രി സ്ഥാനം 1979 ഡിസംബര്‍ 1 ന് രാജിവച്ചു. തുടര്‍ന്ന് 1980 ജനുവരിയില്‍ തിരഞ്ഞെടുപ്പു നടക്കുന്നതുവരെ പ്രസിഡന്‍റ് ഭരണത്തിലായിരുന്നു സംസ്ഥാനം.
നായനാര്‍ മന്ത്രിസഭ
1980 ജനുവരി 25 ന് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യമുന്നണി അധികാരത്തിലെത്തി. എ.കെ.ആന്‍റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് , കേരള കോണ്‍ഗ്രസ് (മാണി) എന്നീ കക്ഷികളും ഇടതുജനാധിപത്യമുന്നണിയുടെ ഭാഗമായിരുന്നു. ഘടക കക്ഷിയായ കോൺഗ്രസിന്റെ തിരുവനന്തപുരത്തെ ഓഫീസ് മാർക്സിസ്റ്റ് പാർട്ടിക്കാർ ആക്രമിച്ചു തകർത്തതിന്റെ തുടർന്ന് ഉണ്ടായ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ, ഘടകകക്ഷികളായ കോണ്‍ഗ്രസ് (എസ്) കേരള കോണ്‍ഗ്രസ് (മാണി) എന്നിവര്‍ പിന്തുണ പിന്‍വലിച്ചു. തുടർന്ന്, 1981 ഒക്ടോബര്‍ 20 ന് നായനാര്‍ മന്ത്രിസഭ രാജിവയ്ക്കുകയും, പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. 1981 ഡിസംബര്‍ 28 ന് കെ. കരുണാകരന്‍റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി. ഈ താത്കാലിക മന്ത്രിസഭ 1982 മാര്‍ച്ച് 17 ന് രാജിവച്ചു.
കരുണാകരന്‍ മന്ത്രിസഭ
1982 മെയ് 19 ന് നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച ഐക്യജനാധിപത്യമുന്നണി കെ. കരുണാകരന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു. മെയ് 21 ന് മന്ത്രിസഭ അധികാരമേറ്റു. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ആഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് നിന്നും ടെലിവിഷന്‍ പ്രക്ഷേപണം ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ബസ് സര്‍വീസുകളും ആരംഭിച്ചു. കേരളപിറവി ദിനമായ നവംബര്‍ 1 ന് പത്തനംതിട്ട ജില്ല രൂപീകരിച്ചു. കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കയറ്റുമതി വികസന മേഖല സ്ഥാപിക്കാന്‍ കെ. കരുണാകരന്‍റെ നേതൃത്വത്തിലെടുത്ത നടപടികള്‍ സംസ്ഥാനത്തുനിന്നുമുള്ള കയറ്റുമതിയ്ക്ക് അനുഗ്രഹമായി. കരിപ്പൂരില്‍ സംസ്ഥാനത്തെ രണ്ടാമത്തെ വിമാനത്താവളത്തിന്‍റെ പണി തുടങ്ങുവാനുള്ള തീരുമാനവും ഇക്കാലയളവിലാണ് കൈക്കൊണ്ടത്.
1983 ഒക്ടോബര്‍ മാസം 26 ന് അക്ഷരനഗരിയായ കോട്ടയം കേന്ദ്രീകരിച്ച് മധ്യതിരുവിതാംകൂറിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതപഠനത്തിന് സഹായകരമാകത്തക്കവിധത്തില്‍ ഗാന്ധിജി യൂണിവേഴ്സിറ്റി സ്ഥാപിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടും കഷ്ടപ്പാടും കുറയ്ക്കാനായി 25000 പേര്‍ക്ക് അല്ലെങ്കില്‍ 25 കിലോമീറ്റര്‍ എന്ന കണക്കില്‍ സംസ്ഥാനത്ത് 202 പുതിയ വില്ലേജുകള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. പ്രീഡിഗ്രി പഠനം സര്‍വകലാശാലയില്‍ നിന്നും മാറ്റി ഒരു ബോര്‍ഡിന്‍റെ കീഴിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം സര്‍വകലാശാല ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ശക്തമായ സമരവും എതിര്‍പ്പുമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. 1984 മെയ് 24 ന് കാസര്‍കോട് ജില്ല രൂപീകരിച്ചു. കെ. കരുണാകരന്‍റെ ശ്രമത്തിന്‍റെ ഭാഗമായി ആലപ്പുഴ-കായംകുളം റെയില്‍വെ പാളം നിര്‍മ്മാണവും ഏഴിമലയില്‍ നാവിക അക്കാദമിയുടെ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തികരിക്കാനും പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുവാനും സാധിച്ചു. അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ അങ്ങനെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 1987 മാര്‍ച്ച് 23 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. ഭൂരിപക്ഷം ലഭിച്ചതിനെതുടര്‍ന്ന് ഇടതുമുന്നണി ഇ.കെ. നായനാരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയും മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു.
കരുണാകരന്‍റെ നേതൃത്വത്തിലെ നാലാം മന്ത്രിസഭ
കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് 1991 ജൂണില്‍ പൊതുതെരഞ്ഞെടുപ്പു നടന്നു. ജൂണ്‍ 24 ന് യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റു. കെ. കരുണാകരന്‍ നാലാം തവണയും മുഖ്യമന്ത്രിയായി. കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, ആര്‍.സി.സി., ശ്രീചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ്, കൊച്ചിയിലെ ഗോശ്രീ പാലങ്ങള്‍, പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് എന്നിവ ഈ മന്ത്രിസഭയുടെ കാലത്താണ് പ്രവര്‍ത്തനമാരംഭിച്ചത്. പ്രീഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയതും കരുണാകരന്‍ മന്ത്രിസഭയാണ്. വ്യവസായ വികസനം ത്വരിതപ്പെടുത്തുവാനായി 1993 ല്‍ ആരംഭിച്ച കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവല്പെമെന്‍റ് കോര്‍പ്പറേഷന്‍ വികസന ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. കെ. കരുണാകരന്‍റെ ദീര്‍ഘദൃഷ്ടിയുടെ ഏറ്റവും മികച്ച തെളിവാണ് പൊതു-സ്വകാര്യപങ്കാളിത്തത്തില്‍ നെടുമ്പാശേരിയില്‍ 1994 ആഗസ്റ്റ് 21 ന് നിര്‍മ്മാണം ആരംഭിച്ച കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (CIAL ). ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പൊതു-സ്വകാര്യപങ്കാളിത്തത്തില്‍ ഇത്തരത്തില്‍ ബൃഹത്തായ ഒരു പദ്ധതി നടപ്പിലാക്കിയത്.
രണ്ടാം ആന്‍റണി മന്ത്രിസഭ
1995 മാര്‍ച്ച് 16 ന് കെ. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പകരം എ.കെ. ആന്‍റണി 1995 മാര്‍ച്ച് 22 ന് മുഖ്യമന്ത്രിയായി . കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്പോര്‍ട്സ് സ്റ്റേഡിയം, ഗുരുവായൂര്‍-തൃശൂര്‍ റെയില്‍വെലൈന്‍ എന്നിവയുടെ ഉദ്ഘാടനം 1996 ല്‍ ആയിരുന്നു. 1995 നവംബര്‍ 18 ന് ടെക്നോപാര്‍ക്കിന്‍റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനമന്ത്രി പി.വി. നരസിംഹറാവു നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി എ.കെ. ആന്‍റണിയായിരുന്നു അദ്ധ്യക്ഷന്‍. മലബാര്‍ യൂണിവേഴ്സിറ്റി 1996 മാര്‍ച്ച് 1 ന് ഉദ്ഘാടനം ചെയ്തു. ആന്‍റണി സര്‍ക്കാരിന്‍റെ ധീരവും വിപ്ലവകരവുമായ തീരുമാനമായിരുന്നു 1996 ഏപ്രില്‍ 1 മുതല്‍ കേരളത്തില്‍ നടപ്പിലാക്കിയ ചാരായ നിരോധനം. ഒട്ടേറെ കുടുംബങ്ങളെ കണ്ണീര്‍കയത്തില്‍ നിന്നും മോചിപ്പിച്ച ധീരോദാത്തമായ തീരുമാനമായിരുന്നു അത്.
1996 ഏപ്രില്‍ 27 ന് പൊതുതെരഞ്ഞെടുപ്പു നടന്നു. വീണ്ടും ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചു. 1996 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണി ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു. അഞ്ചാമത്തെ വര്ഷം ആയപ്പോഴേക്കും, സാമ്പത്തിക സ്ഥിതി രൂക്ഷമായി. സർക്കാർ നൽകിയ ചെക്കുകൾ പോലും മാറാൻ സാധിക്കാത്തവിധം ഖജനാവ് കാലിയായി. അഞ്ചു വർഷ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് 2001 മെയ് മാസത്തിൽ പൊതു തെരഞ്ഞെടുപ്പ് നടന്നു. . 99 സീറ്റുകള്‍ കരസ്ഥമാക്കിയ ഐക്യജനാധിപത്യ മുന്നണി എ.കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചു.
മൂന്നാം ആന്‍റണി മന്ത്രി സഭ
സാമ്പത്തിക രംഗം വളരെ കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിലാണ് ആന്‍റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറുന്നത്.ഭരണം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി കൈക്കൊണ്ട ചെലവുചുരുക്കല്‍ നടപടി സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശക്തമായ എതിര്‍പ്പിനും സമരത്തിനും ഇടയാക്കി.. ഒരു മാസത്തിനുമേല്‍ നീണ്ടു നിന്ന സമരം സര്‍ക്കാരിന്‍റെയും ജീവനക്കാരുടെയും വിട്ടുവീഴ്ചയുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍ന്നു. വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തില്‍ നിന്നും വ്യത്യസ്ഥമായി ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാതെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം നഷ്ടത്തിലുള്ളവ പുനരുദ്ധരിക്കാനും ആവശ്യമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. കേരളത്തിലേയ്ക്ക് കൂടുതല്‍ വ്യവസായങ്ങള്‍ ആകര്‍ഷിയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആഗോള നിക്ഷേപസംഗമം കൊച്ചിയില്‍ വച്ചു സംഘടിപ്പിച്ചു. ഇത് കേരളത്തിന്‍റെ വികസനത്തില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കി. ഇന്ത്യയില്‍ ആദ്യമായി പ്രവാസികള്‍ക്കായി ഒരു വകുപ്പും പ്രത്യേക മന്ത്രിയേയും നിയോഗിച്ചു. എം.സി. റോഡിനെ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട്, എ.ഡി.ബി. ധനസഹായത്തോടെ കെ.എസ്.റ്റി.പി. പ്രോജക്റ്റിന് തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലായിരുന്നു.
കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കാതിരുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ അന്യ സംസ്ഥാനങ്ങളില്‍ ഉന്നത പഠനത്തിന് പോകേണ്ടിവന്നത് നമ്മുടെ സമ്പത്തും വരുമാനവും അന്യ സംസ്ഥാനങ്ങളിലേയ്ക്ക് ഒഴുകാനിടയാക്കി. ഇതിനൊരു പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുമ്പോട്ട് വരികയും വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. 50 ശതമാനം സര്‍ക്കാര്‍ ഫീസടിസ്ഥാനത്തിലുള്ള മെരിറ്റ് സീറ്റ്, 50 ശതമാനം മാനേജ്മെന്‍റ് സീറ്റെന്ന ആന്‍റണിയുടെ തത്വത്തിന്‍റെ അടിസ്ഥാനത്തില്‍ ഒട്ടേറെ മെഡിക്കല്‍-എഞ്ചിനിയറിംഗ് സ്വാശ്രയ കോളേജുകള്‍ കേരളത്തില്‍ ആരംഭിച്ചത് ഉപരിപഠനം ആഗ്രഹിച്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസവും സൗകര്യപ്രദവുമായി മാറി.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭ
2004 മെയ് മാസത്തില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി പൊന്നാനിയില്‍ മത്സരിച്ച ഇ. അഹമ്മതൊഴികെ ബാക്കി എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. പരാജയത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് എ.കെ. ആന്‍റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തുടര്‍ന്ന് 2004 ആഗസ്റ്റ് 31 ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യമുയര്‍ത്തി ഉമ്മന്‍ ചാണ്ടി മന്ത്രിസഭ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. പതിനായിരക്കണക്കിന് ജനങ്ങളുടെ കണ്ണീരൊപ്പിയ ജനസമ്പര്‍ക്കപരിപാടി അദ്ദേഹം എല്ലാ ജില്ലകളിലും നടത്തി ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റി . ദാരിദ്രരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് മൂന്ന് രൂപയ്ക്ക് പ്രതിമാസം 25 കിലോ അരി, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട തുടങ്ങിയ പരിപാടികള്‍ നടപ്പിലാക്കി. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് സിവില്‍ സര്‍വീസില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുവാന്‍ പരിശീലന സ്ഥാപനം വേണമെന്നു മനസ്സിലാക്കി സിവില്‍ സര്‍വീസ് അക്കാദമി ആരംഭിചു. കൊച്ചി മെട്രോ സംബ്ന്ധിച്ച പ്രാഥമിക രൂപരേഖ സർക്കാർ തലത്തിൽ തയ്യാറാക്കി. ആഗോളതലത്തിലെ വമ്പന്‍ ഐ.ടി കമ്പനികളെ ആകര്‍ഷിയ്ക്കാനായി സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ സ്ഥാപിക്കാന്‍ ധാരണയായി. എന്നാല്‍ അതിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് .അച്യുതാനന്ദൻ ഉൾപ്പെടെ ചിലർ കേസുമായി പോയി. ഒടുവില്‍ അനുകൂലമായ വിധി ഹൈക്കോടതിയില്‍ നിന്നും ലഭിച്ചപ്പോഴേയ്ക്കും നിയമസഭ തിരഞ്ഞെടുപ്പിനുള്ള കാഹളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അടുത്ത സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാട് മുഖ്യമന്ത്രി കൈക്കൊണ്ടു.
അച്യുതാനന്ദൻ സർക്കാർ
2006 ഏപ്രില്‍-മെയ് മാസങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേറി.
അച്യുതാനന്ദന്‍റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റു. മാർക്സിസ്റ്റ് പാർട്ടിയിലെ അച്യുതാനന്ദൻ-പിണറായി ആഭ്യന്തര യുദ്ധത്തിനിടയിൽ ഭരണം ഏ കെ ജി സെന്റററിൻറ്റെ പിടിയിലായിരുന്നു. അഞ്ചുവര്ഷവും. അച്യുതാനന്ദനെ വരിഞ്ഞുമുറുക്കി, സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു ഭരണത്തിന്റെ ചക്രം തിരിച്ചത്.
ഈ സർക്കാരിന്റെ കാലഘട്ടത്തിലാണ് അലിഗർ സർവകലാ ശാലയുടെ ഒരു ക്യാമ്പസ് മലപ്പുറത്ത് 2010ൽ ആരംഭിച്ചത്. ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥക്കു പരിഹാരം നിർദേശിക്കാൻ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നിയോഗിച്ച രാജേന്ദ്ര സച്ചാർ കമ്മിറ്റിയുടെ റിപ്പോർട്ടിന്റ്റെ അടിസ്ഥാനത്തിൽ മലപ്പുറത്തും, ബംഗാളിലെ മൂർഷിദാബാദിലും , ബിഹാറിലെ കിഷൻ ഗഞ്ചിലും ഒരേസമയത്താണ് സെന്ററുകൾ അനുവദിച്ചത്. എന്നാൽ ഇതിന്റെ പ്രവർത്തനം ഔപചാരികമായി ആരംഭിച്ചത് 2011 ൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷമായിരുന്നു. സംസ്ഥാന സർക്കാർ പെരുന്തൽമണ്ണക്കടുത്തുള്ള ചെറുകരയിൽ 343 ഏക്കർ സ്ഥലമാണ് ഈ സെന്ററിനായി നൽകിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, കേന്ദ്ര മനുഷ്യവിഭവ ശേഷി മന്ത്രി കപിൽ സിബലുംകൂടിയായിരുന്നു ഈ സെന്ററിൻറ്റെ ഉദ്‌ഘാടനം നടത്തിയത്. വിശദ പദ്ധതി റിപ്പോർട്ടും , മാസ്റ്റർ പ്ലാനും സ്ഥലവും എല്ലാമുണ്ടെങ്കിലും ആവശ്യമായ സാമ്പത്തിക സഹായം കിട്ടാത്തതിനാൽ, വിഭാവനം ചെയ്ത രീതിയിൽ ഈ സെന്ററിന്റെ പ്രവർത്തനം ഇന്നുവരെ മുന്നോട്ടു പോയിട്ടില്ല.
അതുകൊണ്ട് കേരളത്തിന്റെ വികസനത്തിന് കാര്യമായ ഒരു സംഭാവനയും ചെയ്യാൻ ഈ സർക്കാരിന് കഴിഞ്ഞില്ല.
രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭ (18.05.2011 - 18 -5 -2016 )
അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2011 ഏപ്രില്‍ 13 ന് നിയമസഭ തിരഞ്ഞെടുപ്പു നടന്നു. 72 പേരുടെ നേരിയ ഭൂരിപക്ഷത്തില്‍ ഐക്യജനാധിപത്യമുന്നണി, ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. മന്ത്രിസഭയുടെ ആദ്യ നൂറുദിവസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ നിശ്ചയിച്ച് അതു നടപ്പിലാക്കുവാനുള്ള ഊര്‍ജിതമായ ശ്രമമാണ് ആദ്യം നടത്തിയത്. സര്‍ക്കാരിന്‍റെ മുദ്രാവാക്യം 'കരുതലും വികസനവും' ആയിരിക്കുമെന്ന് അധികാരമേറ്റെടുത്ത സമയത്തുതന്നെ പ്രഖ്യാപിച്ച മുഖ്യമന്ത്രി അതിനനുസൃതമായ നടപടികളാണ് അഞ്ചു വര്‍ഷക്കാലവും കാഴ്ചവച്ചത്. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ പിന്തുടര്‍ന്നെങ്കിലും സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളേയും സാമൂഹ്യസുരക്ഷാ പ്രവര്‍ത്തനങ്ങളെയും ഇവയൊന്നും ബാധിയ്ക്കാതിരിക്കാന്‍ പ്രത്യേകം ശുഷ്കാന്തി കാട്ടിയതാണ്, ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ ഇടവരുത്തിയത്. 1973 ല്‍ കമ്മിഷന്‍ ചെയ്ത ഇടുക്കി ജലവൈദ്യുത പദ്ധതിക്കും, 1999 ല്‍ പൊതു-സ്വകാര്യ സഹകരണത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിനുശേഷം കേരളത്തില്‍ പുതിയതായി വന്‍കിട പദ്ധതികളൊന്നും നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കേരളത്തിന്‍റെ മുഖച്ഛായ മാറ്റാനുതകുന്ന ഒട്ടേറെ വന്‍കിട സ്വപ്ന പദ്ധതികൾക്കാണ് ഉമ്മൻ ചാണ്ടി സർക്കാർ തുടക്കം കുറിച്ചത്. . 5500 കോടി രൂപ മുതല്‍മുടക്കുള്ള കൊച്ചി മെട്രോക്കായി ഇ.ശ്രീധരനെ ചുമതല ഏൽപ്പിക്കുകയും 2012 ൽ നിർമാണം ആരംഭിക്കുകയും ചെയ്തു. 2016 ജനുവരിയിൽ ട്രയൽ റണ്‍ നടത്തി. 90 ശതമാനം പണി പൂർത്തിയാക്കിയ ശേഷമാണു, 2016 മേയിൽ അധികാരം ഒഴിഞ്ഞത്. ഇതിന്റെ ഔപചാരികമായ ഉദ്‌ഘാടനം 2017 ജൂണിൽ പ്രധാനമന്ത്രി മോഡി നിർവഹിച്ചു.
ഉത്തര കേരളത്തിന്‍റെ ചിരകാലാഭിലാഷമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സിംഹ ഭാഗവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എയർ ഫോഴ്സ് വിമാനം ട്രയൽ ലാൻഡിംഗ് നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉദ്‌ഘാടന പരിപാടി അന്ന് നടത്തിയില്ല. ഈ വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം പിന്നീട് 2018 ഫെബ്രുവരിയി 29 ന് പിണറായി സർക്കാർ നടത്തി.
കേരളത്തിന് പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനമാണ് വിഴിഞ്ഞം തുറമുഖം. ചേര-ചോള രാജവംശത്തിന്‍റെയും ആയ് രാജാക്കډാരുടേയും കാലത്തുതന്നെ പ്രസിദ്ധമായ വാണിജ്യ തുറമുഖമായിരുന്നു വിഴിഞ്ഞം. അന്താരാഷ്ട്ര കപ്പല്‍പ്പാതയോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ പ്രകൃതിദത്ത തുറമുഖം കഴിഞ്ഞ ഒരു നൂറ്റാണ്ടായി വിസ്മൃതിയിലായിരുന്നു. ത്രേതായുഗത്തില്‍ ശ്രീരാമസ്പര്‍ശം കൊണ്ട് മോഹിനിയായി മാറിയ അഹല്യയെ പോലെയാണ് വിഴിഞ്ഞം ഇന്ന്. ഈ തുറമുഖം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ മദര്‍പോര്‍ട്ടായി വികസിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അദാനിപോര്‍ട്ട് ലിമിറ്റഡുമായി കരാറൊപ്പിട്ടതും 2015 ഡിസംബറിൽ നിര്‍മ്മാണം ആരംഭിച്ചതും. 1000 ദിവസങ്ങൾ കൊണ്ട് പണി പൂർത്തിയാക്കി 2019 ഡിസംബർ മാസത്തിൽ ഉദ്‌ഘാടനം നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും നിർമാണ സാമഗ്രികളുടെ ദൗർലഭ്യവും , പുനരധിവാസത്തിലുള്ള തർക്കങ്ങളും കാരണം പദ്ധതി അനന്തമായി നീടുപോയിരിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ യാത്രാകപ്പലുകള്‍ക്കും ചരക്കുകപ്പലുകള്‍ക്കും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുവാന്‍ സാധിക്കും. ഇതോടെ, വന്‍ സാമ്പത്തിക ശക്തിയായി മാറുവാനുള്ള നമ്മുടെ രാജ്യത്തിന്‍റെ ശ്രമങ്ങള്‍ക്ക്, നാം കേരളീയര്‍ നല്‍കുന്ന വലിയ സംഭാവനായായി വിഴിഞ്ഞം തുറമുഖം മാറും. മാത്രമല്ല കേരളത്തിന്‍റെ സമ്പത്ത് മേഖലയിലും വലിയ കുതിപ്പുണ്ടാക്കുവാന്‍ വിഴിഞ്ഞത്തിനു സാധിക്കും.
തലസ്ഥാനമായ തിരുവനന്തപുരത്തും കോഴിക്കോടും അനുഭവപ്പെടുന്ന ട്രാഫിക് കുരുക്കിന് പരിഹാരം കാണുവാനുള്ള 6800 കോടി രൂപയുടെ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാന്‍ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചെങ്കിലും, പിണറായി സർക്കാർ ഇതു ഉപേക്ഷിക്കുകയാണ് ചെയ്തത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് നഗരങ്ങളുടെ ട്രാഫിക് കുരുക്കഴിയ്ക്കാന്‍ ലക്ഷ്യമിട്ട് നാലു ദശാബ്ദങ്ങള്‍ക്കു മുമ്പ് 45 മീറ്ററില്‍ സ്ഥലം അക്വയര്‍ ചെയ്തിട്ടുള്ള ബൈപാസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം സ്തംഭിച്ച സാഹചര്യത്തിൽ ചെലവിൻറ്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാർ വഹിക്കാമെന്നു കേന്ദ്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിടുകയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 2017 ൽ നിർമാണം പൂർത്തിയാക്കുവാൻ ഉദ്ദേശിച്ച ആലപ്പുഴ, കൊല്ലം ബൈപാസ്സുകളുടെ നിർമാണം വൈകിയാണെങ്കിലും, 2019 ലും 2021 ലും ആയി പൂർത്തിയാക്കി, പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. തിരുവനന്തപുരം -കാരോട് ബൈപ്പാസിന്റെ നിർമാണം ആരംഭിക്കുകയും അതിൻറ്റെ കഴക്കൂട്ടം മുതൽ ചാക്കവരെയുള്ള ആദ്യഘട്ടത്തിണ്റ്റെ ഉദ്‌ഘാടനം നടത്തുകയും ചെയ്തു. അതുപോലെ കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി. കോഴിക്കോട് ബൈപ്പാസിന്റെ നിർമാണവും പൂർത്തിയാക്കി. 660 കോടി രൂപയുടെ ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കി.
ദക്ഷിണ-മധ്യ-ഉത്തര കേരളത്തിലെ 363 കി.മീറ്റര്‍ റോഡുകള്‍ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഉയര്‍ത്തി നിര്‍മ്മിയ്ക്കുന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റ് രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
തിരുവനന്തപുരത്തു നിന്നു ചെങ്ങന്നൂര്‍ വരെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനായി റെയില്‍വേയുമായി ചേര്‍ന്ന് ധാരണാപത്രം ഒപ്പുവച്ചു. റെയില്‍വേയും സംസ്ഥാന സര്‍ക്കാരും 50:50 എന്ന നിരക്കില്‍ മുതല്‍മുടക്കി വേഗതയാര്‍ന്ന ട്രെയിന്‍ സര്‍വീസ് ആരംഭിയ്ക്കുവാന്‍ ഉദ്ദേശിചിരുന്നെങ്കിലും, പിണറായി സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചു. പകരം സെമി-സ്പീഡ് റെയിൽവേ ലൈനിന്നുള്ള കേന്ദ്രനുമതിക്കായി ശ്രമിക്കുകയാണ്.
.
2005 മുതല്‍ കേരളത്തില്‍ ചര്‍ച്ചയിലായിരുന്ന കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി ആദ്യഘട്ടത്തില്‍ 6.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് വലിപ്പമുള്ള കെട്ടിടം പണി പൂര്‍ത്തിയാക്കി 2016ഫിബ്രുവരിയിൽ ഉദ്‌ഘാടനം ചെയ്യുകയും രണ്ടാം ഘട്ടത്തിന്റെ നിർമ്മാണോദ്‌ഘാടനം നടത്തുകയും ചെയ്തു. എന്നാൽ രണ്ടാം ഘട്ടം ഇപ്പോഴും പൂർത്തിയായില്ല. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ദിര ആവാസ് യോജന പദ്ധതിയിലെ ഉൾപ്പെടെ 443459 വീടുകൾ അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കി അർഹരായവർക്ക് കൈമാറി
കേരളത്തിന്‍റെ ഒരു സ്വപ്നമായിരുന്നു, നമ്മുടെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനായി, സാങ്കേതിക മികവുള്ള ഒരു ഐ.ഐ.ടി. എന്നത്. കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് 2015 ല്‍ പാലക്കാട് ഐ.ഐ.ടി. ആരംഭിപ്പിക്കാന്‍ കഴിഞ്ഞതും വിതുരയിലുള്ള സ്വന്തം കാമ്പസില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍റ റിസര്‍ച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചതും വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനായി സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കാന്‍ സാധിച്ചത് മികവാര്‍ന്ന നേട്ടമാണ്. എ.പി.ജെ അബ്ദുല്‍കലാം അന്തരിച്ചതിനെ തുടര്‍ന്ന് എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല എന്ന് പുനര്‍നാമകരണം ചെയ്ത് അദ്ദേഹത്തിന്‍റെ പേരിലുള്ള രാജ്യത്തെ ആദ്യ സ്മാരകമായി മാറ്റുവാനും സാധിച്ചു.
2015 ല്‍ ദേശീയ ഗെയിംസ് പരാതികള്‍ക്കിടയില്ലാതെ കേരളത്തില്‍ വച്ചു നടത്താന്‍ സാധിച്ചത് വലിയ വിജയമായിരുന്നു. അതോടെ സ്പോര്‍ട്സ് രംഗത്ത് വിവിധ ജില്ലകളില്‍ അടിസ്ഥാനസൗകര്യം ലഭ്യമാക്കാനും അന്തര്‍ദ്ദേശീയ നിലവാരമുള്ള കളിക്കളങ്ങള്‍ സ്വന്തമാക്കാനും സാധിച്ചു. ഇവയില്‍ ഏറ്റവും തിളക്കമാര്‍ന്നത് 240 കോടി രൂപ ചിലവില്‍ കാര്യവട്ടത്തു നിര്‍മ്മിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്. സിന്തറ്റിക് പ്രതലത്തോടുകൂടിയ തിരുവനന്തപുരത്തെ ടെന്നീസ് അക്കാദമി, കൊല്ലം ആശ്രമത്തെ കേരളത്തിലെ ആദ്യത്തെ ആസ്ട്രോ ടര്‍ഫ് ഹോക്കി സ്റ്റേഡിയം, കണ്ണൂര്‍ മുണ്ടയാട്ടെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം, തൃശൂര്‍ രാമപുരത്തെ ട്രാപ് ആന്‍റ് സ്കീറ്റ് ഷൂട്ടിംഗ് റേഞ്ച്, തിരുവനന്തപുരം പാളയത്തെ അന്താരാഷ്ട്ര നിലവാരമുള്ള സ്ക്വാഷ് കോര്‍ട്ട്, തിരുവനന്തപുരം നെട്ടയത്തെ കേരളത്തിലെ ഏറ്റവും വലിയ ഷൂട്ടിംഗ് റേഞ്ച് തുടങ്ങി ഒട്ടനവധി വന്‍കിട സ്റ്റേഡിയങ്ങള്‍ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് പണിപൂര്‍ത്തീകരിയ്ക്കാന്‍ സാധിച്ചത് കേരളത്തിലെ വളര്‍ന്നുവരുന്ന സ്പോര്‍ട്സ് താരങ്ങള്‍ക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്.
.
മുപ്പത്തിഅഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് പുതിയതായി സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചത്.. മെഡിക്കല്‍ കോളേജുകള്‍ ഇല്ലാതിരുന്ന മഞ്ചേരി, വയനാട്, പാലക്കാട്, കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ സർക്കാർ മെഡിക്കൽ കോളേജ് നിർമിച്ച തീരുമാനിച്ചു.. ഇതില്‍ പാലക്കാട്ടെ മെഡിക്കല്‍ കോളേജ് രാജ്യത്ത് ആദ്യമായി പട്ടികജാതി വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ചതാണ് എന്ന പ്രത്യേകതയുണ്ട്. പാലക്കാടിനൊപ്പം ഇടുക്കി മെഡിക്കൽ കോളേജും 2016 ഓടെ ഉദ്‌ഘാടനം ചെയ്യപ്പെട്ടെങ്കിലും, ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാത്തതിനെ തുടർന്ന് 2017 ൽ ഇന്ത്യൻ മെഡിക്കൽ കൌൺസിൽ ഇടുക്കിക്കുള്ള അംഗീകാരം പിൻവലിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് 2013 ൽ ആരംഭിച്ചു. ആലപ്പുഴയില്‍ ഒരു ഗവണ്‍മെന്‍റ് ഡെന്‍റല്‍ കോളേജും ആരംഭിച്ചു.എന്നാൽ വയനാട്, പത്തനംതിട്ട , മെഡിക്കൽ കോളേജുകൾ ഇപ്പോഴും എങ്ങും എത്തിയില്ല. കണ്ണൂരിലും, എറണാകുളത്തുമുള്ള സഹകരണ മെഡിക്കൽ കോളേജുകളും, കേന്ദ്ര സർക്കാർ ഉപേക്ഷിക്കാൻ തീരുമാനിച്ച കൊല്ലം പാരിപ്പള്ളിയിലെ ഇ.എസ.ഐ മെഡിക്കൽ കോളേജും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഓരോ ജില്ലയിലും സർക്കാർ മേഖലയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നതായിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിന്റെ ലക്‌ഷ്യം.
കാറ്റു വീഴ്ചയ്ക്കും, വേരുചീയല്‍ രോഗത്തിനും ഫലപ്രദമായി ചികിത്സ ഇന്നും അകലെയായത്, തെല്ലൊന്നുമല്ല, കേര കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയത്. നാളികേരത്തില്‍ നിന്നും മാത്രമുള്ള ആദായം കൊണ്ട് കുടുംബം പുലര്‍ത്തിയ കാലം പോയ് മറഞ്ഞു. നാളീകേരത്തിന്‍റെ ഉത്പാദനം കുറഞ്ഞു. തെങ്ങില്‍ നിന്നും ഉത്പാദിപ്പിക്കുന്ന നീരയുടെ സാദ്ധ്യതകള്‍ മനസ്സിലാക്കിയ ശ്രീലങ്കയേയും, ഫിലിപ്പെന്‍സിനെയും പോലുള്ള രാജ്യങ്ങള്‍ നീര കയറ്റുമതി ചെയ്ത് വിദേശനാണ്യം സമ്പാദിക്കുമ്പോള്‍, നാം ഉറക്കത്തിലായിരുന്നു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അബ്കാരി നിയമത്തില്‍ മാറ്റം വരുത്തി, 2015 ല്‍ സര്‍ക്കാര്‍ നീര ചെത്തുന്നതിന് അനുമതി നല്‍കിയതോടെ കേരകര്‍ഷകര്‍ക്ക് പുത്തനുണര്‍വാണ് പകര്‍ന്നു നല്‍കിയത്. 175 ഓളം നാളികേര ഉത്പാദക ഫെഡറേഷനുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയെങ്കിലും, സർക്കാർ ,മാറിയതോടെ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍
സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിയതോടെ, പൊതു-സ്വകാര്യ ബിസിനസ് ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ടപ് വന്‍ വിജയമായി. പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച യുവാക്കള്‍ ജോലിതേടി വിദേശരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും പോകുന്നതിനു പകരം നമ്മുടെ സംസ്ഥാനത്തുതന്നെ നിന്നുകൊണ്ട് സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ആരംഭിച്ചു. 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പ് 900 ല്‍പരം പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
വ്യത്യസ്ത നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, നടപ്പില്‍ വരുത്തുന്നതിനുമായി കേരള അക്കാഡമി ഫോര്‍ സ്കില്‍ എക്സലന്‍സ് (KASE ) ന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത് യുവാക്കള്‍ക്ക് ആത്മവിശ്വാസത്തോടെ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും തൊഴില്‍ സാദ്ധ്യത തേടാനും അവസരം ഒരുക്കും. രാജ്യത്ത് ആദ്യമായി സ്കില്‍ കാമ്പസ് ആരംഭിച്ചതിനു പുറമേ, കണ്‍സ്ട്രാക്ഷന്‍ അക്കാദമി, നഴ്സിംഗ് അക്കാദമി എന്നിവയും ആരംഭിച്ചു.
ജനങ്ങള്‍ക്ക് വേഗതയില്‍ സര്‍ക്കാരിന്‍റെ സേവനങ്ങള്‍ ലഭ്യമാക്കാനായി 24 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ റവന്യൂ വകുപ്പില്‍ നിന്നും ഇ-ഗവേണന്‍സ് പദ്ധതിപ്രകാരം എല്ലാ ജില്ലകളിലും ലഭ്യമാക്കാന്‍ സാധിച്ചത്, വളരെ പ്രയോജനപ്രദമാണ്. ഇതിലൂടെ 2 കോടിയോളം സര്‍ട്ടിഫിക്കറ്റുകളാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുള്ളത്. കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി മാറി. 2015-16 ല്‍ ഐ.ടിയില്‍ നിന്നുള്ള കയറ്റുമതി വരുമാനം 15,000 കോടി രൂപയായി.
കേരളത്തിന്‍റെ തെക്കു-വടക്കായിട്ടുള്ള മലയോരമേഖലയുടെ വികസനത്തിനായി മലയോര വികസന ഏജന്‍സി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
തുഞ്ചത് എഴുത്തച്ഛൻറ്റെ പേരിൽ മലയാളം സർവകലാശാലയും, അലിഗഡ്
മുസ്ലിം സർവകലാശാലയുടെ ഒരു ക്യാമ്പസം മലപ്പുറത്തു തുടങ്ങി. തമിഴിനും, തെലുങ്കിനും, കന്നഡയ്കും പിറകേ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞത് മലയാള ഭാഷക്ക് ലഭിച്ച വലിയ അംങ്ങീകാരമാണ്.. മതേതരമൂല്യങ്ങള്‍ പുതിയ തലമുറയിലേക്കു പകരുവാനായി ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങളെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് സാമൂഹ്യ വികസനമെന്ന ലക്ഷ്യത്തോടെയാണ്.
സ്റ്റാന്‍റിയാഗോ മാര്‍ട്ടിനെപോലെയുള്ള വന്‍കിട കുത്തകകള്‍, അടക്കിഭരിച്ച ലോട്ടറിരംഗം, അവരില്‍ നിന്നും മോചിപ്പിച്ചപ്പോള്‍ ആയിരക്കണക്കിന് ലോട്ടറി ഏജന്‍റുമാര്‍ക്ക് ഉപജീവനത്തിനു മാര്‍ഗമായി. അശരണര്‍ക്ക് കാരുണ്യമേകാന്‍ കാരുണ്യ ലോട്ടറി അവതരിപ്പിച്ചതിലൂടെ പതിനായിരക്കണക്കിന് പാവങ്ങള്‍ക്ക് ആശ്വാസമായി മാറി. 3 ലക്ഷത്തിലേറെ രോഗികള്‍ക്ക് കാരുണ്യവഴി ചികിത്സയ്ക്കായി സാമ്പത്തിക സഹായം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ജനകീയവല്ക്കരിച്ചതിലൂടെ എഴുന്നൂറുകോടിയോളം രൂപ അശരണര്‍ക്കു നല്‍കി.
ശ്രുതിതരംഗം, സ്നേഹപൂര്‍വം, സ്നേഹസ്പര്‍ശം, താലോലം, ക്യാന്‍സര്‍ സുരക്ഷ, സ്നേഹസാന്ത്വനം, പകല്‍വീട്, വയോമിത്രം, ആശ്വാസകിരണം തുടങ്ങിയ നിരവധി പദ്ധതികളിലൂടെ സമൂഹത്തിലെ അധ:സ്ഥിതരും ദു:ഖിതരും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുമായ ജനങ്ങള്‍ക്ക് സാമൂഹ്യസുരക്ഷയുടെ കവചം നല്‍കി.
മദ്ധ്യകേരളത്തിലേയും, ഉത്തര കേരളത്തിലേയും ഏഴു ജില്ലകളില്‍ കൂടി കടന്നുപോകുന്ന 2000 കോടി ചെലവുള്ള കൊച്ചി-കൂറ്റനാട്-ബാംഗ്ളൂര്‍-മാംഗലൂര്‍ എല്‍.എന്‍.ജി ഗ്യാസ് പൈപ്പ് ലൈന്‍ പണി ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ പൈപ്പ് ലൈന്‍ വഴി വീടുകളില്‍ എല്‍.പി.ജി. ഗ്യാസ് വിതരണത്തിന് തുടക്കം കുറിച്ചത് വീട്ടമ്മമാര്‍ക്ക് അനുഗ്രഹമായി മാറി.. കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി പാചകവാതകം വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനുള്ള അവസരമാണ് കൈവന്നത്. ഈ സൗകര്യം സംസ്ഥാനത്തിന്‍റെ ഇതരഭാഗങ്ങളിലേയ്ക്കും ക്രമേണ വ്യാപിപ്പിക്കേണ്ടതുണ്ട്.
വനാവകാശ നിയമം നടപ്പാക്കിയതിലൂടെ 25000 ത്തോളം കുടുംബങ്ങള്‍ക്ക് 33000 ഏക്കര്‍ വിസ്തീര്‍ണത്തിലുള്ള ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കി. അതുപോലെ സീറോ ലാന്‍ഡ് ലെസ്സ് പദ്ധതിപ്രകാരം നാല്പതിനായിരത്തില്‍പരം കുടുംബങ്ങള്‍ക്ക് മൂന്ന് സെന്‍റ് ഭൂമി വീതം നല്‍കി. ഒന്നര ലക്ഷത്തോളം ആളുകള്‍ക്ക് പട്ടയം വിതരണം ചെയ്തു.
ഉമ്മൻ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് 70 പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുകയും 28 പഞ്ചയത്തുകളെ മുനിസിപ്പാലിറ്റികളാക്കി മാറ്റുകയും കണ്ണൂര്‍ മുനിസിപ്പാലിറ്റിയെ കോര്‍പ്പറേഷന്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. അതുപോലെ 12 താലൂക്കുകളും 31 വില്ലേജുകളും പുതിയതായി രൂപീകരിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി യ്ക്കു കീഴില്‍ കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എന്ന പേരില്‍ ഒരു അനുബന്ധ കോര്‍പറേഷന്‍ ആരംഭിച്ചു . പക്ഷിപനി തുടങ്ങി മൃഗങ്ങളിലുണ്ടാക്കുന്ന രോഗങ്ങള്‍ കണ്ടെത്താനും ഫലപ്രദമായി തടയാനുതകുന്ന പരീക്ഷണങ്ങള്‍ നടത്താന്‍ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഒരു ലാബറട്ടറി മൃഗസംരക്ഷണവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ദക്ഷിണേന്ത്യയിലാദ്യമായി പാലോട് സ്ഥാപിച്ചു. മനുഷ്യരിലുണ്ടാകുന്ന സാംക്രമികരോഗങ്ങളെക്കുറിച്ച് ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുവാനായി കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആന്‍റ് ഇന്‍ഫേക്ഷ്യസ് ഡിസീസ് എന്ന സ്ഥാപനം ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗണിതശാസ്ത്രത്തിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ടും, ദൃശ്യ-മാധ്യമരംഗത്ത് ആധുനിക പരിശീലനത്തിനായി കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ കോട്ടയത്ത് പാമ്പാടിയിലും പ്രവര്‍ത്തനം ആരംഭിച്ചു. മലയാള ഭാഷയുടെ ഉന്നമനത്തിനായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല തിരൂരിലും വര്‍ക്കലയുടെ വികസനത്തിനുള്ള വര്‍ക്കല വിഷന്‍ അതോറിറ്റി ഒമ്പതു സ്വയം ഭരണ കോളേജുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനംത്തോടൊപ്പം തൊഴില്‍ നൈപുണ്യം നേടാന്‍ എ.ഡി.ബി.യുടെ സഹായത്തോടെ) ശുദ്ധജലഗുണനിലവാര പരിശോധനയ്ക്ക് 50 സബ്ഡിവിഷന്‍ ലാബുകള്‍, 84 സമുദായങ്ങളുള്‍പ്പെടുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കുവേണ്ടി പിന്നോക്കവികസന വകുപ്പ്, സംസ്ഥാന യുവജന കമ്മീഷന്‍, സംസ്ഥാന ബാലാവകാശ കമ്മീഷന്‍, റിയല്‍ എസ്റ്റേറ്റ് കമ്മീഷന്‍, ക്ലീന്‍ കേരള കമ്പനി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ എന്നിവയും ഇന്ത്യയില്‍ ആദ്യമായി മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായി മുന്നോക്ക കോര്‍പറേഷന്‍, മുന്നോക്ക കമ്മീഷന്‍ എന്നിവയും രൂപീകരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും, സ്പോര്‍ട്സ് സയന്‍സിനായി കടജഅഞഗ എന്ന സ്ഥാപനവും പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും തിരുവനന്തപുരത്ത് സ്ഥാപിച്ചു.
ആഗോളപൈതൃക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതും കുട്ടനാട്ടില്‍ പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. എം.എസ്. സ്വാമിനാഥന്‍റെ നേതൃത്വത്തില്‍ രൂപം നല്‍കിയതുമായ ഇന്‍റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍റ് ട്രെയിനിംഗ് സെന്‍റര്‍ ഫോര്‍ ബിലോസിലെവല്‍ ഫാമിംഗ് എന്ന സ്ഥാപനം അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ സ്ഥാപിക്കപ്പെടുന്ന ആദ്യ സ്ഥാപനമെന്ന ഖ്യാതി ഇതിനോടകം നേടിക്കഴിഞ്ഞു. പ്രശസ്ത സരോജ് സംഗീതജ്ഞന്‍ അംജദ് അലിഖാനുമായി പങ്കുചേര്‍ന്ന് ഒരു ഇന്‍റര്‍നാഷണല്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് ആരംഭിക്കുവാനും സര്‍ക്കാര്‍ അനുവാദം നല്‍കി. പക്ഷേ , ഈ സംഗീത ഇൻസ്റ്റിട്യൂട്ടിനു സ്ഥലം കൈമാറാൻ ഇതുവരെയും സംസ്ഥാനസ സർക്കാർ തയ്യാറായില്ല എന്നത് ഖേദകരമാണ്.
താറുമാറായികിടന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊതുമരാമത്തുവകുപ്പ് റോഡുകള്‍ കണ്ടെത്തി 6 000 കോടി രൂപ ചെലവില്‍ 11776 കി.മീറ്റര്‍ റോഡുകള്‍ ഉപരിതലം പുതുക്കുകയും, വികസിപ്പിക്കുകയും ചെയ്തു. 2000 കോടി രൂപ ചെലവില്‍ 245 പാലങ്ങള്‍ പൂര്‍ത്തിയാക്കി. 400 ദിവസങ്ങള്‍ക്കുള്ളില്‍ 100 പാലം എന്ന പദ്ധതി നടപ്പിലാക്കി. നൂറാമത്തെ പാലമായി ഉദ്ഘാടനം ചെയ്യപ്പെടുന്നത് ആലുവാ ശിവരാത്രി മണപ്പുറത്തേക്കുള്ള പാലമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുനലൂര്‍ പാലവും, കേരളത്തിലെ ആദ്യ പബ്ളിക് ലിമിറ്റഡ് കമ്പനിയായ പുനലൂര്‍ പേപ്പര്‍ മില്ലും പുനരുദ്ധീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത് തികച്ചും മാതൃകാപരമായ നടപടികളായിരുന്നു.
5 വര്ഷം കൊണ്ട് 1,58,680 ഉദ്യോഗാർത്ഥികൾക്ക് പി.എസ് സി മുഖേന വിവിധ സർക്കാർ വകുപ്പുകളിൽ നിയമനം നൽകി. ഇതിനു പുറമെ അധ്യാപക പാക്കേജിൽ 17000 തസ്തികകൾ,3674 എം പാനൽ തസ്തികകൾ, ആരോഗ്യ വകുപ്പിൽ 5800 പുതിയ തസ്തികകൾ, ആശ്രിത നിയമ മനുസരിച്ചു 908 ,സ്പോർട്സ് കോട്ടയിൽ 108 , ശാരീരിക വൈകല്യമുള്ളവർക് പി എസ് സി മുഖേന 2799 തസ്തികകൾ ഉൾപ്പെടെ 33303 തസ്തികകളിലും നിയമനം നടത്തി. കേരളത്തിലെ ദേവസ്വം ബോർഡ്‌കൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലെ നിയമങ്ങൾക്കു ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചു.
പിണറായി സർക്കാർ
2016 മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക് വന്നു. മുഖ്യമന്ത്രിയായി പിണറായി വിജയനെ തെരഞ്ഞെടുത്തു. മേയ് 25 നു കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി അദ്ദേഹം അധികാരം ഏറ്റെടുത്തു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നിർമാണംതൊണ്ണൂറു ശതമാനം പൂർത്തീകരിച്ച കൊച്ചി മെട്രോയുടെ ആദ്യ ഘട്ടവും, കണ്ണൂർ എയർപോർട്ടും തുറന്നു കൊടുത്തു എന്നതൊഴിച്ചാൽ പുതിയ ഒരു വൻകിട വികസന പദ്ധതിയും പിണറായി സർക്കാരിന് തുടങ്ങാനോ, പൂർത്തീകരിക്കാനോ സാധിച്ചില്ല. 2017 ൽ ഉണ്ടായ ഓഖി ചുഴലിക്കാറ്റ് , 2018 ലെ നിപ്പ സാംക്രമിക രോഗവും, വെള്ളപ്പൊക്കവും . 2019 ലെ വെള്ളപ്പൊക്കം, 2020 ലെ കോവിഡ് -19 മഹാമാരി തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാർട്ടിക്കാരും മന്ത്രിമാരും കൂട്ടായി അഴിമതി നടത്തി കേരളത്തിനെ കൊള്ളയടിക്കാൻ ശ്രമിച്ചതിന്റെ കഥകളാണ് കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്. പിണറായി സർക്കാർ ക്ഷണിച്ചു വരുത്തിയ കേന്ദ്രത്തിന്റെ വിവിധ അന്വേഷണ ഏജൻസികൾ, കിട്ടിയ തെളിവുകൾ വച്ച് പിണറായി സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നതും നാം ഇന്ന് കാണുന്നു. അതുപോലെ തന്നെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു തുടങ്ങിയതും മാർക്സിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള സംഘടനകളുടെ എതിർപ്പും പ്രക്ഷോഭവും കാരണം പൂർത്തിയാക്കാൻ സാധിക്കാതിരുന്നതുമായ ഗെയിൽ പൈപ്പ് ലൈൻ, കുണ്ടന്നൂർ , വൈറ്റില, മേല്പാലങ്ങൾ, ആലപ്പുഴ, കൊല്ലം നാഷണൽ ഹൈവേ ബൈപാസ്സുകൾ, എന്നിവപോലും അനാവശ്യമായി കാലതാമസം വരുത്തിയാണ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുവാൻ പിണറായി സർക്കാരിന് സാധിച്ചത് . എന്നിട്ട് ഇതൊക്കെ തങ്ങളുടെ വികസന നേട്ടങ്ങളാണെന്നാണ് എണ്ണൂറുകോടിയിൽ പരം രൂപ ചിലവാക്കി പരസ്യ ഏജൻസികൾ വഴി യാതൊരു ഉളുപ്പുമില്ലാതെ പ്രചാരണം നടത്തുന്നത്. പൊതുജനം ഇതൊക്കെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്നും അവരുടെ ശക്തമായ മറുപടി തെരഞ്ഞെടുപ്പിലൂടെ നല്കുമെന്നതിൽ യാതൊരു സംശയവുമില്ല.
പി.എസ്.ശ്രീകുമാര്‍
9847173177