സർക്കാരിൻറ്റെ മുൻഗണന അധികാരവർഗത്തിനോട്
"വികസനവും കരുതലും"എന്ന ശീർഷകത്തിൽ 2011 ൽ ഐക്യ ജനാധിപത്യ മുന്നണി പ്രസിദ്ധീകരിച്ച പ്രകടന പത്രികയിൽ സാമൂഹ്യ ക്ഷേമം എന്ന അധ്യായത്തിലെ പ്രധാനപ്പെട്ട രണ്ടു വാഗ്‌ദാനങ്ങളായിരുന്നു ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് ഒരു രൂപയ്ക്കു പ്രതിമാസം 35 കിലോഗ്രാം അരി നല്കുമെന്നതും, സാമൂഹ്യ ക്ഷേമ പെൻഷൻ തുക വർധിപ്പിച്ചു മുടക്കമില്ലാതെ എല്ലാ മാസവും ബാങ്കുകൾ വഴി വിതരണം നടത്തുമെന്നതും. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ കയറിയ ഉടൻ തയ്യാറാക്കിയ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 5.8 ലക്ഷം അതി ദരിദ്ര കുടുംബങ്ങൾക്ക് കിലോക്ക് ഒരു രൂപ നിരക്കിൽ 35 കിലോഗ്രാം അരിയും , 14.7 ലക്ഷം ബി പി എൽ കുടുംബങ്ങൾക്ക് ഒരു രൂപ നിരക്കിൽ 25 കിലോഗ്രാം അരിയും രണ്ടു രൂപയ്ക്കു ഗോതമ്പും നൽകി. 95 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. അന്നപൂർണ പദ്ധതിയിൽപെട്ടവർക്കു 10 കിലോഗ്രാം അരി സൗജന്യമായാണ് നൽകിയത് . പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ തന്നെ ബിപിഎൽ കുടുംബങ്ങൾക്കും, തികച്ചും സൗജന്യമായി അരി നൽകി. എന്നാൽ അതിദരിദ്ര വിഭാഗങ്ങൾക്ക് കാർഡിന് 30 കിലോ അരിയും , 3 കിലോ ഗോതമ്പും, സൗജന്യമായും, 2 പാക്കറ്റ് ആട്ട 6 രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 21 രൂപക്കുമാണ് പിണറായി സർക്കാർ ഇപ്പോൾ നൽകുന്നത്.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, 2020 ൽ സാമൂഹ്യക് സുരക്ഷാ പെൻഷനുകൾ 1500 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരിന്റെ വലിയ നേട്ടമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചരിപ്പിക്കുന്നത്. എന്നാൽ യാഥാർഥ്യം എന്താണ്? 2006 -2011 ലെ അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്തു പെൻഷൻ തുക 250 രൂപയായിരുന്നു. ആ സർക്കാരിന്റെ അവസാന വർഷത്തിൽ ജി.ഒ [എം എസ് ].38/ 2010 /സാ നീ വ പ്രകാരം 50 രൂപ വർധിപ്പിച്ചു 300 രൂപയാക്കി. 50 രൂപ വർധിപ്പിക്കാൻ അച്ചുതാനന്ദൻ സർക്കാർ എടുത്തത് അഞ്ചു വർഷമായിരുന്നു. അന്ന് പെൻഷൻ ലഭിച്ചിരുന്നത് 13.8 ലക്ഷം പേർക്ക് മാത്രമായിരുന്നു. മാത്രമല്ല , വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരുന്നു പെൻഷനുകൾ വിതരണം ചെയ്തിരുന്നത്.
എന്നാൽ 2016 മേയ് മാസത്തിൽ അധികാരത്തിലേറിയ ഉമ്മൻചാണ്ടി സർക്കാർ ആദ്യ വര്ഷം തന്നെ സ.ഉ [എം എസ് ] 60/ 2011 /സാ നീ വ പ്രകാരം എല്ലാ പെൻഷനുകളും 400 രൂപയായി വർധിപ്പിച്ചു. 80 വയസ്സിനു മുകളിലുള്ളവരുടെയും 75 ശതമാനത്തിലധികം അംഗവൈകല്യം ഉള്ളവരുടെയും പെൻഷൻ 700 രൂപയായും വർധിപ്പിച്ച് ഉത്തരവിറക്കി. 2012 ൽ എല്ലാ പെൻഷനുകളും വർധിപ്പിച്ച കൂട്ടത്തിൽ , വീണ്ടും ഈ പെൻഷനുകൾ 1100 രൂപയായും മറ്റുള്ള പെൻഷനുകൾ 525 രൂപയായും വർധിപ്പിക്കുകയും, ഇതിന് 2012 ഏപ്രിൽ 1 മുതൽ പ്രാബല്യവും നൽകി.
മറ്റൊരു പ്രധാന കാര്യം , 2014 ൽ സ.ഉ.[എം എസ് ] 52 / 2014 /സ നീ വ പ്രകാരം പെന്ഷന് അപേക്ഷിക്കാനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയായിഏകീകരിക്കുകയും, ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ അർഹതക്കുള്ള പ്രായം 65 ൽ നിന്നും 60 വയസ്സായികുറക്കുകായും ചെയ്‌തു .അതോടൊപ്പം മറ്റു ക്ഷേമനിധി ബോർഡ്‌കളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ പെന്ഷന് അർഹത വരുത്തി ഉത്തരവിറക്കി. 80 വയസ്സിനു മുകളിലുള്ളവർക്കും 75 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും പെൻഷൻ 1200 രൂപയായി വർധിപ്പിക്കുകയും ചെയ്തു. അതുപോലെ വിധവ പെൻഷൻ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള ഗ്രാന്റ് എന്നിവ 800 രൂപയാക്കി. വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം പെൻഷനുകൾ പോസ്റ്റ് ഓഫീസുകൾ മുഖേന വിതരണം ചെയ്തിരുന്ന രീതി മാറ്റിയതോടൊപ്പം , മണി ഓർഡർ കമ്മീഷൻ ഒഴിവാക്കി,2015 ഏപ്രിൽ മാസം മുതൽ പെൻഷനുകൾ ബാങ്കുകൾ മുഖേന വിതരണം ചെയ്യാനുള്ള നടപടിയുമെടുത്തു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ 2016- .2017വർഷത്തെ ബജറ്റിൽ, പെൻഷനുകൾ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചു. 2016 മാർച്ച് 1 നു ഇറക്കിയ ജി ഒ [24/ 2016 /സാ നീ വ പ്രകാരം 75 വയസ്സിനു മുകളിലുള്ളവർക്ക് വാർദ്ധക്യകാല പെൻഷൻ 1500 രൂപയുൾപ്പെടെ അഞ്ചു സ്ലാബുകളിലായാണ് ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തത്. 600 മുതൽ 1500 രൂപവരെ യായിരുന്നു ഈ സ്ലാബുകൾ. വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കുകയും , വാർദ്ധക്യകാല പെന്ഷന് അപേക്ഷിക്കാനുള്ള പ്രായ പരിധി 65 ൽ നിന്നും 60 ആക്കുകയും ചെയ്തതോടെ പതിനായിരക്കണക്കിന് ആളുകളാണ് പുതിയതായി പെന്ഷന് അർഹരായത് . അവരിൽ പലർക്കും അവരുടെ രേഖകൾ ബാങ്കുകളിൽ ഹാജരാക്കാൻ സാധിക്കാതിരുന്നതിനാലും, ഹാജരാക്കിയവയിൽ പലതിനും പോരായ്മകൾ ഉണ്ടായതുകൊണ്ടും, കുറെ പേർക്ക് കുടിശ്ശിക വന്നു. ഇക്കാര്യം നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം നമ്പർ 371 ന് ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനു പുറമെ രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതു മുന്നണി ഭരിച്ച പല തദ്ദേശ്ശ സ്ഥാപനങ്ങളും മനഃപൂർവം കുടിശ്ശിക വരുത്തുകയും ചെയ്തു. 2016 ഫെബ്രുവരിയിൽ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാനായി 246 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനു അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20 നു ജി.ഓ [ആർ ടി ]1676/ 2016/ഫിൻ എന്ന നമ്പറിൽ ഉത്തരവ് ഇറക്കിയെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പിലാക്കാതിരിക്കാനായി ചിലർ ബോധപൂർവം ശ്രമിച്ചു.
പെൻഷൻകാരുടെ എണ്ണം വെട്ടിച്ചുരുക്കി
ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാലത്തു 34 ലക്ഷമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ എണ്ണം പിണറായി സർക്കാർ , 60 .ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 13.8 ലക്ഷം പെന്ഷനിർമാരുള്ളതിനെ 34 ലക്ഷമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു എന്നത് വിസ്മരിക്കരുത്. അന്ന് സാമൂഹ്യ സുരക്ഷാ പെന്ഷനും , ക്ഷേമനിധി പെൻഷനും ഒരാൾക്ക് ഒരേ സമയം വാങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റ ഉടൻ ചെയ്തത് ക്ഷേമനിധി പെൻഷനുകൾ എല്ലാം 1000 രൂപയായി എകികരിക്കുകയായിരുന്നു. അപ്പോൾ 1500 രൂപ പെൻഷൻ വാങ്ങിയ വയോജനങ്ങൾക്കു കിട്ടികൊണ്ടിര്ന്ന 1500 രൂപ, ഏകീകരണത്തിലൂടെ 1000 രൂപയായി മാറി. പിന്നീട് വരുത്തിയ 100 രൂപയുടെ വർധനവിലൂടെ , നിലവിൽ പ്രതിമാസം 1600 രൂപയാണ് സാമൂഹ്യ സുരക്ഷാ പെൻഷനായി നൽകുന്നത്. . സാമൂഹ്യ പെൻഷൻ വാങ്ങുന്നവരിൽ 53 ശതമാനം പേരും വാർധക്യകാല പെൻഷൻ വാങ്ങുന്നവരാണ്. 23.9.2020ലെ സ.ഉ [97/ 20 /ധന ഉത്തരവനുസരിച്ചു രണ്ടു പെൻഷൻ വാങ്ങാൻ അനുമതി പിണറായി സർക്കാർ നിഷേധിച്ചു.അനുമതി നിഷേധിച്ചില്ലായിരുന്നെങ്കിൽ, വാർധക്യകാല പെൻഷനായി 1600 രൂപ വാങ്ങുന്ന ആൾ കർഷകത്തൊഴിലാളി ആണെങ്കിൽ മറ്റൊരു 1600 രൂപകൂടി[മൊത്തം 3200 രൂപ] പെൻഷനായി വാങ്ങാമായിരുന്നു. അതാണ് പിണറായി സർക്കാർ നിഷേധിച്ചത്. അതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്നും ചെറിയ തുകയുടെ പെൻഷൻ വാങ്ങിയവർ സാമൂഹ്യ സുരക്ഷാ പെന്ഷനുകളിലേക്കു വലിയ തോതിൽ മാറി. അങ്ങിനെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതു. ഏകദേശം 60 ലക്ഷത്തോളം പേർക്കാ ണ് പെൻഷൻ നൽകുന്നതെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. എന്നാൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് വര്ഷങ്ങള്ക്കിടെ 11 ലക്ഷത്തിൻറ്റെ കുറവാണു ഉണ്ടായിട്ടുള്ളത്. ബയോ-മെട്രിക് മസ്റ്ററിങ് , വരുമാന പരിധി നിബന്ധന എന്നിവയിലൂടെയാണ് ഇത്രയും പേരെ ഒഴിവാക്കിയത്. 2020 ഫെബ്രുവരിയിൽ മസ്റ്ററിങ് കഴിഞ്ഞതോടെ ഇത് 43,37, 189 ആയി കുറഞ്ഞു. ഗുണഭോക്‌തൃ പട്ടിക വീണ്ടും പുതുക്കിയപ്പോൾ പെൻഷന് അർഹതയുള്ളവരായി ബാക്കിയുള്ളത് 34,97.795 പേരാണ്. മൂന്ന് വർഷത്തിനിടെ 11,39,297 പേരുടെ കുറവാണ് ഉണ്ടായത് . ഇതുവഴി, പ്രതിമാസം 180 കോടി രൂപയിലേറെയാണ് സർക്കാർ ലാഭിക്കുന്നത്. അടുത്തഘട്ട മസ്റ്ററിങ് ഈ അടുത്ത സമയത്താണ് പൂർത്തിയായത്. അതിന്റെ കണക്കുകൾ പുറത്തു വന്നിട്ടില്ല. വീണ്ടും എത്രപേർ സാമൂഹ്യ ക്ഷേമ പെൻഷൻ പദ്ധതിയിൽ നിന്നും പുറത്തായി എന്നത് അപ്പോൾ മാത്രമേ അറിയുകയുള്ളൂ. എന്നിട്ടും സാമൂഹ്യ ക്ഷേമ പെൻഷൻ കൃത്യമായി നല്കാൻ സർക്കാരിന് കഴിയുന്നില്ല. ഓഗസ്റ്റ് വരെ നാല് മാസത്തെ പെൻഷൻ കുടിശ്ശികയായിരുന്നു ഗുണഭോക്താക്കൾക്ക് നല്കാനുണ്ടായിരുന്നത്. അതിൽ മേയ് , ജൂൺ മാസങ്ങളിലെ രണ്ടു ഗഡു കുടിശിക ഓണത്തിന് മുമ്പ് നൽകുവാൻ സർക്കാർ തീരുമാനിച്ചെങ്കിലും . അതുപോലും പാവപ്പെട്ട പെന്ഷന്കാരിൽ ബഹുഭൂരിപക്ഷത്തിനും നൽകുവാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ല.
മുൻഗണന ആരോട്
സർക്കാരിന്റെ മുൻഗണകൾ പാവങ്ങളോടല്ല, അത് ഭരണാധികാരികളോട് തന്നെയാണ് എന്നതിന്റ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സാമ്പത്തിക ഞെരുക്കത്തിനിടയിലും, മുഖ്യമന്ത്രിക്കായി പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി ഹെലികോപ്റ്റർ എടുക്കുവാനുള്ള തീരുമാനം. മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായിട്ടാണ് ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ലക്ഷങ്ങൾ മുടക്കി ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നത് എന്നതാണ് വിരോധാഭാസം. 20 മണിക്കൂർ നേരം പറക്കുന്നതിനാണ് 80 ലക്ഷം രൂപ വാടക ഈടാക്കുന്നത്. അതിൽ കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം. സർക്കാർ ഖജനാവ് കാലിയായതിനാൽ, ആശുപത്രികളിൽ മരുന്ന് വാങ്ങാനോ ഉപകരണങ്ങൾ വാങ്ങാനോ പണമില്ല, നെല്ല് സംഭരിച്ച വകയിൽ നെല്കര്ഷകര്ക്കു ഏകദേശം 1000 കോടിയോളം രൂപ യാണ് നൽകാനുള്ളത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 6 ഗഡു കുടിശ്ശിഖയിലൂടെ 32000 കോടി രൂപ നൽകാനുണ്ട് . മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങൾ ആവശ്യത്തിന് സംഭരിച്ചു വക്കാൻ പണമില്ലാ തെയാണ് ഓണം കടന്നുപോയത്.. എൻഡോസൾഫാൻ , കാൻസർ രോഗികൾ ഉൾപ്പെടെ വിവിധ വിഭാഗം രോഗികൾക്കായി ഉമ്മൻചാണ്ടി സർക്കാർ ആരംഭിച്ച സഹായ/പെൻഷൻ പദ്ധതികളെല്ലാം നിശ്ചലമായിരിക്കുകയാണ്. അതിനൊന്നും പണം കണ്ടെത്താൻ കഴിയാത്ത സർക്കാരാണ്, ക്ലിഫ് ഹൗസിൽ ലിഫ്റ്റ് സ്ഥാപിക്കാനും ,പശുത്തൊഴുത്ത്, നീന്തൽ കുളം എന്നിവക്കും, മന്ത്രിമാർക്ക് കാറുവാങ്ങാനും, മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ വാടകക്ക് എടുക്കാനും ഒരു ലോഭവുമില്ലാതെ പണം ചെലവഴിക്കുന്നത്. ഇത് വ്യക്തമാക്കുന്നത്, സർക്കാരിന്റെ മുൻഗണന പാവങ്ങളോടല്ല, അധികാരസ്ഥാനങ്ങളിലിരിക്കുന്നവരോട് മാത്രമാണ് എന്നാണ്.
പി.എസ് ,ശ്രീകുമാർ
(ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന ഉപദേശകസമിതി അംഗമാണ് ലേഖകൻ)
9847173177

No comments:
Post a Comment