വിദേശകാര്യ വകുപ്പിന് തലവേദനയായി ആഭ്യന്തര പ്രശ്നങ്ങൾ
ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് വെല്ലുവിളികൾ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുക്രൈനിനെതിരെയുള്ള റഷ്യയുടെ യുദ്ധവും അതുയർത്തിയ പ്രശ്നങ്ങളെയും, നമ്മുടെ ദേശീയ താത്പര്യത്തിൻറ്റെ മറവിൽ നാം അതിജീവിച്ചു. എന്നാൽ, നമ്മുടെ വിദേശനയവുമായി ബന്ധമില്ലാത്തതും, തികച്ചും ആഭ്യന്തരവുമായ ഒരു പ്രശ്നമാണ് ഒരു ആശങ്കയായി പുതിയതായി വന്നത്. ഒരു ദേശിയ ചാനലിൻറ്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ബി ജെ പിയുടെ ഔദ്യോഗിക വക്താവായ നൂപുർ ശർമ്മ, പ്രവാചകനായ മുഹമ്മദ് നബിയേക്കുറിച്ചു , പറഞ്ഞതും, ഡൽഹിയിലെ ബി ജെ പി മാധ്യമ വിഭാഗം മേധാവി അതേറ്റുപിടിച്‌ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമാണ് തീയണക്കുന്ന ഗൗരവത്തോടെ വിദേശകാര്യ വകുപ്പ് സജീവമായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്.
നമ്മളുമായി നൂറ്റാണ്ടുകളായി അടുത്ത ബന്ധം പുലർത്തുന്ന ഗൾഫ് മേഖലയിലെ രാജ്യങ്ങൾ ഉൾപ്പെട്ട , 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും , ഇന്ത്യ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു . ഖത്തർ, കുവൈറ്റ്, ഒമാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ നമ്മുടെ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ, നമ്മുടെ വിദേശകാര്യ വകുപ്പ് നേരിടുന്ന വലിയ വെല്ലുവിളിയാണിത്. ബി ജെ പി യുടെ ഉന്നത പദവിയിൽ ഇരിക്കുന്നവർ തുടങ്ങി താഴെ തട്ടിലുള്ള പ്രവർത്തകർവരെ സാമുദായിക സൗഹൃദവും, സാഹോദര്യവും തകർക്കുന്ന രീതിയിലുള്ള വിദ്വേഷ പ്രസംഗങ്ങളും, പ്രസ്താവനകളും നടത്തി രാജ്യത്ത് സാമുദായിക സ്പർദ്ധ ഊട്ടിവളർത്തുവാനും അതുവഴി സാമുദായിക കലാപങ്ങൾ ഉണ്ടാക്കുവാനും വഴിതെളിക്കുകയാണ്.
അനാവശ്യവിവാദങ്ങൾ
ബനാറസിലെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്ന ചില ആളുകൾ കഴിഞ്ഞ കുറെ നാളുകളായി അനാവശ്യമായ ഒച്ചപ്പാടുകളാണ് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാക്കികൊണ്ടിരിക്കുന്നതു. നീതീകരണമില്ലാത്ത തങ്ങളുടെ നിലപാടുകൾക്ക് നിയമ പരിരക്ഷ ലഭിക്കുമോ എന്നുള്ള പരീക്ഷണത്തിൻറ്റെ ഭാഗമായാണ് വിവിധ കോടതികളിൽ മാറി മാറി കേസുമായി നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിലാണ് നൂപുർ ശർമ്മ വിവാദ പ്രസ്താവന നടത്തിയത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത മറ്റൊരു പാനലിസ്റ്റ് ഹിന്ദു ദൈവങ്ങൾക്കെതിരെ നടത്തിയ ആക്ഷേപങ്ങളാണ് പ്രകോപിപ്പിച്ചതെന്നു അവർ അവകാശപ്പെടുന്നതെങ്കിലും, ഒരു തെറ്റിനെ സാധൂകരിക്കാൻ മറ്റൊരു തെറ്റ് ചെയ്യുന്നതുപോലെയായിപ്പോയി. ചാനലിൽ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കെതിരെ , മുഹമ്മദ് സുബൈർ എന്ന മാധ്യമ പ്രവർത്തകൻ ട്വിറ്ററിൽ വീഡിയോ ക്ലിപ്പിംഗ് സഹിതം പങ്കുവച്ചതോടെയാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. ഇതിൻറ്റെ തുടർച്ചയായി, ഡൽഹി സംസ്ഥാന ബി ജെ പി മീഡിയ തലവൻ , നബിവിരുദ്ധ പരാമർശങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് രാജ്യത്തിനകത്ത് ഇത് ചർച്ചാവിഷയവും, വിവാദവുമായത് . തുടർന്ന് , ജൂൺ 3 നു കാൺപൂരിൽ കലാപം ഉണ്ടായി. പിന്നീട് രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ സാമുദായിക കലാപം ഉടലെടുത്തു.
ഇന്ത്യയുടെ സൽപ്പേരിനു കളങ്കമാകുന്നു
രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ സാമുദായിക കലാപം ഉണ്ടായതോടെയാണ്, അറബ് മാധ്യമ ലോകം വലിയ പ്രാധാന്യത്തോടെ ഈ വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത് . ഈ പ്രശ്‍നം ഒമാനിലെ മതമേധാവിയായ അഹ്മദ് അൽ ഖലീലി ഇസ്ലാമിനെതിരെയുള്ള കടന്നു കയറ്റമാണെന്നു ആരോപിച്ചതോടെ മറ്റു ഇസ്ലാമിക രാഷ്ട്രങ്ങളും ഇതിനെ അപലപിക്കുകയും, മോദി സർക്കാർ മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഖത്തർ, ഒമാൻ, കുവൈറ്റ്, ഇറാൻ, സൗദി അറേബ്യ, മൊറോക്കോ, മാലി, ഇന്തോനേഷ്യ,ജോർദാൻ, ലിബിയ, അഫ്ഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ ഐ സി യും ഇതിനെ ശക്തിയായി അപലപിച്ചു. ഗൾഫ് രാജ്യങ്ങൾ നബിവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചതോടെ, സാമ്പത്തികമായി തകർന്ന് , വിശ്വാസ്യത നഷ്ടപ്പെട്ട് , ഗൾഫ് രാജ്യങ്ങൾപോലും കൈവിട്ട, പാകിസ്ഥാൻ എരി തീയിൽ എണ്ണയൊഴിക്കുന്ന പോലെ ഇന്ത്യക്കെതിരെ സടകുടഞ്ഞു എഴുനേറ്റ് ഐക്യ രാഷ്ട്ര സഭ ഉൾപ്പെയുള്ള വേദികളിൽ പ്രശ്‍നം അവതരിപ്പിക്കാനുള്ള ശ്രമം നടത്തി. ഇന്ത്യയുമായി നൂറ്റാണ്ടുകളായി അടുത്തബന്ധം പുലർത്തുന്ന ഗൾഫ് രാജ്യങ്ങൾപോലും ഈ പ്രസ്താവനകളെ തള്ളിപ്പറഞ്ഞപ്പോൾ മാത്രമാണ് നൂപുർ ശർമയെ സസ്‌പെൻഡ് ചെയ്യാനും, നവീൻ ജിൻഡാലിനെ പുറത്താക്കാനും ബി ജെ പി നേതൃത്വം നിർബന്ധിതമായത് .
ഗൾഫ് രാജ്യങ്ങൾ ഈ പ്രസ്താവനകളെ തള്ളി പറയുകയും, ഇന്ത്യ മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ബി ജെ പി തങ്ങളുടെ ഔദ്യോഗിക വക്താക്കൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറായത്. ഈ പ്രസ്താവനകൾ വന്നപ്പോൾ തന്നെ അവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ , അന്തർദേശിയ തലത്തിൽ ഇന്ത്യക്കെതിരെ ഒരു നീക്കം ഉണ്ടാകുമായിരുന്നില്ലായെന്നുമാത്രമല്ല, ഈ പ്രശ്നത്തിന്റെ പേരിൽ , രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മത കലഹങ്ങൾ ഒഴിവാക്കുകയും ചെയ്യാമായിരുന്നു. വൈകി ആണെങ്കിലും നമ്മുടെ വിദേശനയത്തിന് ഭീഷണിയായ സംഭവം പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത് നന്നായി.
ബാബരി മസ്ജിദ് പ്രശ്‍നം സുപ്രീം കോടതിയുടെ വിധിയോടെ, ആറിത്തണുത്തപ്പോൾ, ഗ്യാൻവാപി മസ്‌ജിദ് , മധുര, ശ്രീരംഗപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ സംഘർഷ സാദ്ധ്യതകൾ കുത്തിപ്പൊക്കാൻ ബി ജെ പി നേതാക്കൾ തന്നെ ശ്രമിക്കുന്നത് വിധ്വംസക ശക്തികൾക്ക് ഊർജം പകരുന്നതാണ്. ഇപ്പോഴത്തെ അനുഭവം ഒരു പാഠമായിക്കണ്ട് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കുന്ന രീതിയിൽ, അണികളെയും, നേതാക്കളെയും നിലക്കുനിർത്താനും, അതുവഴി എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകുന്ന രാജ്യമെന്ന നമ്മുടെ സൽപ്പേര് നിലനിർത്താനും കേന്ദ്ര സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.
പി.എസ് .ശ്രീകുമാർ
9847173177
No comments:
Post a Comment