ഡെമോക്ലിസിൻറ്റെ വാളുപോലെ മെഡിസെപ്
അഡ്വ.പി എസ് ശ്രീകുമാർ
സർക്കാർ ജീവനക്കാർക്കും ,പെൻഷൻകാർക്കും
മാത്രമായി
ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്നതു കേരളത്തിലെ
സർവീസ്
സംഘടനകളുടെയും, വിരമിച്ച ജീവനക്കാരുടെയും
ചിരകാല അഭിലാഷമായിരുന്നു. വെറുമൊരു മുദ്രാവാക്യം
മാത്രമായി നിലനിന്നിരുന്ന ഈ ആവശ്യത്തിന് ജീവൻ
നൽകിയത് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ ആയിരുന്നു. ഇൻഷുറൻസ് പദ്ധതി
നടപ്പിലാക്കണമെന്ന വിവിധ സർക്കാർ, പെൻഷൻ സംഘടനകളുടെ ആവശ്യങ്ങൾ സംബന്ധിച്ച് നിവേദനം 2014 ൽ നൽകിയപ്പോൾ , മുഖ്യമന്ത്രിയായിരുന്ന
ഉമ്മൻ
ചാണ്ടി, ആവശ്യം ഉന്നയിച്ച സംഘടനകളുമായി ചർച്ച
നടത്തി. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ
ജസ്റ്റിസ്
സി.എൻ.രാമചന്ദ്രൻ നായർ ചെയർമാനായി രൂപീകരിച്ച പത്താം ശമ്പള കമ്മീഷൻറ്റെ പരിഗണനാ
വിഷയങ്ങളിൽ,
ഈ
ആവശ്യം ഉൾപ്പെടുത്തു വാൻ തീരുമാനിച്ചു. പത്താം ശമ്പള കമ്മീഷൻറ്റെ
പരിഗണനാ
വിഷയം
സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ ഈ വിഷയം
ഒന്പതാമത്തെ
ഇനമായി
ഉൾപ്പെടുത്തുകയും
ചെയ്തു.
ശമ്പള കമ്മീഷൻ ശുപാര്ശകൾ അംഗീകരിച്ചുകൊണ്ട്
സർക്കാർ
2016 ജനുവരിയിലാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവിൽ,
ശമ്പള
കമ്മീഷൻ ശുപാർശ ചെയ്തത് പ്രകാരം സമഗ്ര ആരോഗ്യ പരിരക്ഷ എന്ന ആവശ്യം
സർക്കാർ
തത്വത്തിൽ അംഗീകരിച്ചു. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി
റിപ്പോർട്ട്
സമർപ്പിക്കുവാൻ ധനകാര്യ വകുപ്പിന് നിർദേശവും നൽകി. ധനകാര്യവകുപ്പ്
പ്രാഥമിക
പഠനം നടക്കുന്നതിനിടയിലാണ് സംസ്‌ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ്
പ്രഖ്യാപിച്ചത്. തുടർന്ന് അധികാരത്തിലെത്തിയ ഒന്നാം
പിണറായി സർക്കാർ സമഗ്ര ആരോഗ്യ
ഇൻഷുറൻസ് പദ്ധതിയെന്ന പത്താം ശമ്പള കമ്മീഷൻ റിപ്പോർട്ടിനോട് തണുത്ത സമീപനമാണ്
കൈക്കൊണ്ടത്. ഉമ്മൻചാണ്ടി സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ ഈ
ആവശ്യം എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
സംഘടനകൾ പ്രക്ഷോഭ രംഗത്തേക്ക് വന്ന സാഹചര്യത്തിലാണ്,
സാമ്പത്തികമായി
തകർന്ന അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഷുറൻസ്
കമ്പനിയെ ഈ പദ്ധതി നടപ്പിലാക്കുവാൻ ചുമതല നൽകി പിണറായി
സർക്കാർ ഉത്തരവിറക്കിയത് . റിലയൻസുമായി ഒപ്പിട്ട കരാർ ചാപിള്ളയായി
മാറി. അതോടെ അവരെ ഒഴിവാക്കുവാൻ സർക്കാർ തീരുമാനിച്ചു. ഒഴിവാക്കിയതിനെതിരെ
അവർ നൽകിയ കേസ് ഇന്നും കേരള ഹൈക്കോടതിയിൽ നിലനിൽക്കുകയാണ്.
പിന്നീട്
വിളിച്ച
ടെണ്ടറിൻറ്റെ അടിസ്ഥാനത്തിലാണ് ഓറിയന്റൽ ഇൻഷുറൻസ്
കമ്പനിയുമായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഒപ്പിട്ടതും
ജൂലൈ 1
മുതൽ നടപ്പിലാക്കുവാൻ
തീരുമാനിച്ചതും. കമ്പനി മാറിയപ്പോൾ വന്ന വലിയ വ്യത്യാസങ്ങളിലൊന്ന് റിലയൻസിന്റെ
പ്രീമിയം തുക വര്ഷം 3000 രൂപയായിരുന്നെങ്കിൽ ഓറിയന്റൽ
ഇൻഷുറൻസിൻറ്റെ പേരിൽ ജീവനക്കാരിൽ
നിന്നും പെൻഷൻകാരിൽ നിന്നും സർക്കാർ
പിടിക്കുന്നത് 6000 രൂപയാണ് എന്നതാണ്. പ്രീമിയം തുകയിൽ
മാത്രം 100 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഇൻഷുറൻസ് പരിരക്ഷ
സർക്കാർ അംഗീകരിച്ച ചികിത്സകൾക്ക് പോളിസി കാലാവധിയായ മൂന്ന്
വർഷത്തേക്ക്, വര്ഷം മൂന്നു ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷയാണ്
നൽകുന്നത്.ഇതിൽ 1.5 ലക്ഷം രൂപ അതാതു വർഷം ഉപയോഗിക്കണം. ബാക്കിയുള്ള 1.5
ലക്ഷം
രൂപ മൂന്നുവർഷത്തിനകം എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. ഇരുപത്തിനാലു
മണിക്കൂർ എങ്കിലും ആശുപത്രിയിൽ കഴിയുന്നവർക്ക് മെഡിക്കൽ,
സർജിക്കൽ
ചികിത്സക്കാവശ്യമായ
ചെലവ്
ഇൻഷുറൻസിലൂടെ ലഭിക്കും എന്നാൽ ഒ.പി ചികിത്സക്ക് ഇൻഷുറൻസ് ലഭിക്കുകയില്ല.മരുന്നിന്റെ
വില, ഡോക്ടർ ഫീസ്, പരിശോധനകളുടെ ചെലവ്, ഇമ്പ്ലാൻറ് ചെലവ്,
ഭക്ഷണ
ചെലവ്, ആശുപത്രിയിൽ ശസ്ത്രക്രിയക്കായി
അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പും, പിമ്പുമുള്ള 15 ദിവസങ്ങളിലെ
മെഡിക്കൽ,
ലബോറട്ടറി
ചെലവ് എന്നിവയും പരിരക്ഷയിൽ ലഭിക്കും എന്നാണ് സർക്കാർ ഉത്തരവിൽ
പറയുന്നത് . എന്നാൽ 1000 രൂപ
മുതൽ പരമാവധി 2000 രൂപവരെ മാത്രമേ മുറി വാടകയിനത്തിൽ
ലഭിക്കുകയുള്ളു.
12 മാരക രോഗങ്ങൾക്കും,അവയവ മാറ്റ ശസ്ത്രക്രിയകൾക്കും 35 കോടി
രൂപയുടെ ബഫർ ഫണ്ട് സ്വരൂപിച്ച് ,
അതിൽനിന്നും
ചെലവ് വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു.
സർക്കാരിന് ഒരു രൂപയുടെ പോലും ചെലവ് ഈ പദ്ധതി
നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്നില്ല. സംസ്ഥാനത്തെ സർക്കാർ എയിഡഡ് സ്കൂൾ/കോളേജ്,
സർവ്വകലാശാലകൾ
എന്നിവിടങ്ങളിൽ 6.50 ലക്ഷം ജീവനക്കാരും, 5.50 ലക്ഷം
വിരമിച്ച ജീവനക്കാരും കൂടെ മൊത്തം 12 ലക്ഷം പേർക്കാണ്
ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ഇവരുടെ ശമ്പളം/പെൻഷൻ ഇനത്തിൽ പ്രതിമാസം
500 രൂപവച്ചു ഏകപക്ഷീയമായി സർക്കാർ കുറവുവരുത്തുകയാണ്. അതിലൂടെ
720 കോടി
രൂപയാണ് സർക്കാരിന് ലഭിക്കുന്നത്.ഇൻഷുറൻസ് കമ്പനിയുടെ
പ്രീമിയം തുകയായ 4600 രൂപയും അതിൻറ്റെ 18 ശതമാനം ജി എസ് ടി
യും ചേർത്ത് 5664 രൂപയാണ് സർക്കാർ
ഈടാക്കുന്നത്. ജിഎസ്‌ടി യുടെ 9 ശതമാനം കേന്ദ്രസർക്കാരിനും ൯ശതമാനം സംസ്ഥാനസറിനുമാണ് ലഭിക്കുന്നത്. അതിനുപുറമെ ഓരോ ജീവനക്കാർ/വിരമിച്ചവർ
എന്നിവരിൽ
നിന്നും 336 രൂപ ബഫർ ഫണ്ട് എന്ന പേരിലും, സർക്കാർ
വർഷംതോറും ഈടാക്കുകയാണ്.. ഇതിലൂടെ
സർക്കാരിന്
270.32 കോടി രൂപയാണ്, പ്രതിവർഷം ഒരു പൈസ പോലും
ചെലവഴിക്കാതെ, ലഭിക്കുന്നത്. അതിനുപുറമെ നേരത്തെ
മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് , പലിശയില്ലാത്ത മെഡിക്കൽ അഡ്വാൻസ് എന്നീ ഇനങ്ങളിൽ
ഓരോ വർഷവും സർക്കാർ ചെലവഴിച്ചുകൊണ്ടിരുന്ന 50 കോടിയോളം
രൂപ ലാഭിക്കുകയും ചെയ്യുന്നു. എല്ലാംകൊണ്ടും
സർക്കാരിന് ലാഭം മാത്രമേ ഉണ്ടാകുന്നുള്ളൂ.
സർക്കാർ ഇപ്പോൾ നടപ്പിലാക്കിയ ഇൻഷുറൻസ് പദ്ധതിയുടെ പ്രധാന
ന്യുനത സർക്കാരിൻറ്റെ ഓഹരി ഇതിൽ ഇല്ലായെന്നതാണ്. ജീവനക്കാർക്കായുള്ള
സമഗ്ര ഇൻഷുറൻസ് പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയ
സംസ്ഥാനങ്ങളിലൊന്ന് പഞ്ചാബ് സർക്കാരായിരുന്നു. 2015 സെപ്‌റ്റംബർ
മാസത്തിലാണ് അവിടെ ഈ പദ്ധതി നടപ്പിലാക്കിയത്. മെഡിക്കൽ റീഇമ്പേർഷ്മെൻറ്
സ്കീം
നിർത്തലാക്കിയിട്ടാണ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയത്. ജീവനക്കാരിൽ നിന്നും ഒരു
രൂപ പോലും പിടിക്കാതെ പ്രീമിയം തുകയായ 250 രൂപ, സർക്കാരാണ്
വഹിച്ചത്. മൂന്നുലക്ഷം രൂപയായിരുന്നു ഇൻഷുറൻസ് പരിരക്ഷ.
കേരളത്തിലെ പദ്ധതിയുടെ മറ്റൊരു പ്രധാന ന്യുനത, ഭാര്യയും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ അല്ലെങ്കിൽ രണ്ടുപേരും സർക്കാർ സർവീസിൽ നിന്നും വിരമിച്ചവരാണെങ്കിൽ, രണ്ടുപേരുടെയും മാസ ശമ്പളത്തിൽ/പെൻഷൻ തുകയിൽ നിന്നും നിര്ബന്ധമായി 500 രൂപ ട്രഷറിയിൽ നിന്നുതന്നെ മാറ്റുകയാണ് എന്നതാണ്.ഒരു കുടുംബത്തിൽ രണ്ടുപേർ വിരമിച്ച ജീവനക്കാരും, രണ്ടു പേര് സർവീസിൽ ഉള്ളവരാണെങ്കിൽ, 2000 രൂപയാണ് അവരിൽ നിന്നും ഈടാക്കുക. ആശ്രിതരുടെ എണ്ണത്തിലോ, ഇൻഷുറൻസ് പരിരക്ഷയായ 3 ലക്ഷം രൂപയെന്ന പരിധിക്കോ യാതൊരു വ്യത്യാസവും വരുത്തുന്നുമില്ല. ഈ പദ്ധതിയിൽ ചേരാനോ, ചേരാതിരിക്കാനോയുള്ള ഓപ്ഷനും നൽകിയിട്ടില്ല.
പ്രധാന ആശുപത്രികളുടെ നിസ്സഹകരണം
പ്രധാനപ്പെട്ട ആശുപത്രികളെ ഈ
പദ്ധതിയുമായി സഹകരിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു . സർക്കാർ
നിയന്ത്രണത്തിലുള്ള ആർ.സി സി , കേന്ദ്ര
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ
ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയോ, ഏറ്റവും കൂടുതൽ
സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്ന, തലസ്ഥാന നഗരത്തിലെ
കിംസ്,അനന്തപുരി,എസ്.യു.ടി, കോസ്മോ
തുടങ്ങിയ
പ്രശസ്ത ആശുപതികൾ
പോലും
ഈ
പദ്ധതിയുടെ ഭാഗമല്ല. മാത്രമല്ല
സർക്കാർ
പ്രസിദ്ധികരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആശുപത്രികളിൽ പോലും നടത്തുന്ന എല്ലാ
ചികിത്സയ്ക്കും പരിരക്ഷ ഇല്ലായെന്ന് ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുമുണ്ട്.
അതുപോലെ
വിരമിച്ച ജീവനക്കാർ ആശ്രയിക്കുന്ന ആയുർവേദം, സിദ്ധ, യുനാനി,
ഹോമിയോപ്പതി
തുടങ്ങിയ ചികിത്സകളൊന്നും ഈ പദ്ധതിയുടെ പരിധിയിൽ
ഉൾപ്പെടുത്തിയിട്ടില്ല. വിരമിച്ച ജീവനക്കാരെ സംബന്ധിച്ചാണെങ്കിൽ, അവരുടെ
ജീവിത പങ്കാളിയും , ശാരീരിക,മാനസിക വെല്ലുവിളി നേരിടുന്ന മക്കളും
മാത്രമേ പദ്ധതിയുടെ കീഴിൽ വരുന്നുള്ളു. ആശ്രിതരായ മറ്റു
മക്കളും, മാതാപിതാക്കളും പദ്ധതിക്ക് പുറത്താണ്. ജീവനക്കാരുടേതുപോലെതന്നെ 500
രൂപയാണ് പെൻഷൻകാരുടെ മാസ പെന്ഷനിലൽ നിന്നും പ്രീമിയം ആയി പിടിക്കുന്നത്.
എന്നിട്ടാണ്
ഈ വിവേചനം അവരോടു കാണിക്കുന്നത്.
പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ടവരോട് വലിയ നെറികേടാണ്
സർക്കാർ
കാണിക്കുന്നത്.എൻ.പി.എസ് പെൻഷൻകാർ മെഡിസിപ്പിൽ
അംഗമാകണമെങ്കിൽ മൂന്നു വർഷത്തെ പ്രീമിയം തുകയായ 18000
രൂപ
ഒറ്റ
തവണയായി അടക്കണം. തികച്ചും വിവേചനപരമായ നടപടിയാണിത്.
ഇങ്ങനെയുള്ള പോരായ്മകൾ നിരവധിയാണ്. ഇവയൊക്കെ പരിഹരിച്ച് ജീവനക്കാർക്കും, വിരമിച്ച ജീവനക്കാർക്കും പ്രയോജനകരമായ രീതിയിൽ ഈ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. പ്രീമിയം തുക കുറയ്ക്കുകയോ അല്ലെങ്കിൽ, അതിൻറ്റെ പകുതിയെങ്കിലും സർക്കാർ വഹിക്കുകയും ചെയ്യണം. ഒപ്പം സംസ്ഥാന സർക്കാരിന്റെ ജിഎസ്‌ടി വിഹിതമായ 9 ശതമാനം സർക്കാറിന് വേണ്ടെന്നുവച് ജീവനക്കാരോടുള്ള പ്രതിബദ്ധത കാണിക്കാം. അങ്ങനെ ഒന്നും ചെയ്യാൻ തയ്യാറാകുന്നില്ലെങ്കിൽ, സറണ്ടർ, ക്ഷാമബത്ത, എച്ബിഎ തുടങ്ങിയ കാര്യങ്ങളിൽ ചെയ്തപോലെ , ജീവനക്കാരുടെ പോക്കറ്റടിക്കാനുള്ള മറ്റൊരു പദ്ധതി മാത്രമായി ഇത് മാറും എന്ന കാര്യത്തിൽ സംശയമില്ല.
പി.എസ് .ശ്രീകുമാർ
9847173177
[ഓഫീസർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെല്ലിൻറ്റെ
സംസ്ഥാന
കൺവീനറും, കേരള സെക്രട്ടേറിയറ്റ് അസ്സോസിയേഷൻറ്റെ മുൻ പ്രസിഡണ്ടുമാണ്
ലേഖകൻ]