ഷിൻസോ ആബെ : ജപ്പാൻ സംഭാവന ചെയ്ത വിശ്വപൗരൻ
പി.എസ് .ശ്രീകുമാർ
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ആഗോള നയതന്ത്ര രംഗത്ത് ജപ്പാൻ സംഭാവന ചെയ്ത മഹത്തായ വ്യക്തിത്വമാണ് കഴിഞ്ഞ ദിവസം ഒരു അക്രമിയുടെ വെടിയേറ്റ് മരിച്ച മുൻ പ്രധാനമന്ത്രിയായ ഷിൻസോ ആബെ . നേതാക്കൾ വന്നും പോയും ഇരിക്കുന്ന ജപ്പാനിലെ രാഷ്ട്രീയ നഭസ്സിൽ, എട്ടു വര്ഷം പ്രധാനമന്ത്രി കസേരയിൽ ഇരിക്കുകയെന്നത് നിസ്സാരമല്ല. ആബേക്കു മുമ്പുള്ള പ്രധാനമന്ത്രിമാർ സമ്പത്‌വ്യവസ്ഥ പുഷ്ടിപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രികരിച്ചപ്പോൾ, ആബെ വിദേശനയത്തിനും സമ്പത്‌വ്യവസ്ഥക്കും തുല്യ പ്രാധാന്യമാണ് നൽകിയത്. ഒരു പക്ഷെ,വിദേശനയത്തിനു തെല്ലു മുൻഗണന അദ്ദേഹം നൽകിയിരുന്നു എന്നതാണ് വാസ്തവം.
ക്വാഡിൻറ്റെ ഉപജ്ഞാതാവ്
മുത്തച്ഛൻ പ്രധാനമന്ത്രിയും, അച്ഛൻ വിദേശകാര്യമന്ത്രിയുമായിരുന്ന ഒരു കുടുംബത്തിൽ പിറന്നു വീണ അദ്ദേഹം നയതന്ത്ര രംഗത്ത് ശോഭിച്ചില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ. ആദ്യമായി അദ്ദേഹം പ്രധാന മന്ത്രിയാകുന്നത് 2006 ൽ ആയിരുന്നു, ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങൾക്കെതിരെ ഏഷ്യയിലെ മറ്റൊരു വൻശക്തിയായ ഇന്ത്യയുമായി ഉള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ദക്ഷിണ ചൈന സമുദ്ര മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ചൈനയുടെ ഏകപക്ഷീയമായ നയങ്ങളോട് വിയോജിപ്പുള്ള അദ്ദേഹം, ഇന്ത്യയുമായുള്ള ഉഭയ കക്ഷി ബന്ധങ്ങൾ സുരക്ഷാ രംഗത്തേക്കും വ്യാപിപ്പിക്കണമെന്നും ആഗ്രഹിച്ചു. അതിനായി ഇൻഡോ-പസിഫിക് മേഖലയിലെ ജനാധിപത്യ രാജ്യങ്ങൾ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കേണ്ട ആവശ്യകത മനസ്സിലാക്കിയാണ് ഇൻഡോ-പസിഫിക് മേഖലയിലെ പ്രധാന ജനാധിപത്യ രാജ്യങ്ങളായ അമേരിക്ക,ഇന്ത്യ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ കൂട്ടി ഒരു ചതുർ രാഷ്‌ട്ര കൂട്ടായ്മയായ " ക്വാഡ്" എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചത്, ഈ ആശയം മൂർത്തഭാവം വെക്കുന്നതിനു മുമ്പ് തന്നെ അമേരിക്കയും, ഇന്ത്യയും, ജപ്പാനും യോജിച്ചു മലബാർ എക്സർസൈസ് എന്ന പേരിൽ നാവിക സേനകളുടെ യോജിച്ച പ്രകടനം നടത്തിയിരുന്നു . ക്വാഡ് കൂട്ടായ്മയുടെ ആദ്യ യോഗം 2007 ൽ ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിൽ വച്ച് കൂടി, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ ,മൻമോഹൻസിംഗ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ജോൺ ഹൊവാഡ്, അമേരിക്കൻ വൈസ്-പ്രസിഡന്റ് ഡിക്ക് ചീനി എന്നിവരാണ് ആബെയോടൊപ്പം ചർച്ചയിൽ പങ്കെടുത്ത് സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുവാൻ തീരുമാനിച്ചത്. ക്വാഡിൻറ്റെ യഥാർത്ഥ ശിൽപ്പി ഷിൻസോ ആബെയാണ്. ഈ കൂട്ടായ്മയെ ഒരു ഏഷ്യൻ നാറ്റോ സഖ്യമായി ചൈന ചിത്രീകരിക്കുകയും അതിനെതിരെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. 2007 ആഗസ്റ്റിൽ അദ്ദേഹം പ്രധാനമന്ത്രിയെന്ന നിലയിൽ ആദ്യമായി ഇന്ത്യയിൽ വന്നു. ഡോ ,മൻമോഹൻസിങ്ങുമായി ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി നിരവധി കരാറുകളാണ് ഒപ്പുവച്ചത്. മാത്രമല്ല, അന്ന് അദ്ദേഹം നമ്മുടെ പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയും ചെയ്തു. ഇന്ത്യയും ജപ്പാനുമായുള്ള അടുത്ത ബന്ധത്തെ "രണ്ട് മഹാസമുദ്രങ്ങളുടെ സംഗമം " [Confluence of two seas] എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ അദ്ദേഹം, 2012 ലെ തെരഞ്ഞെടുപ്പിലൂടെ ശക്തമായ ഒരു തിരിച്ചുവരവാണ് നടത്തിയത്. അന്ന് മുതൽ 2020 ഓഗസ്റ്റിൽ, ആരോഗ്യപരമായ കാരണങ്ങളാൽ രാജിവക്കുന്നതുവരെയുള്ള എട്ടു വർഷ കാലയളവിൽ, ജനാധിപത്യ രാജ്യങ്ങളുടെ സഹകരണത്തിനും, സാമ്പത്തിക ഉന്നമനത്തിനും വളരെ വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത്.
സമാധാനത്തിൽ ഊന്നിയുള്ള നയം
അദ്ദേഹം 2012 ൽ വീണ്ടും പ്രധാനമന്ത്രിയാകുന്നതിനു തൊട്ടുമുമ്പാണ് ചൈനയുമായി തർക്കമുണ്ടായിരുന്ന സെൻകാകു ദ്വീപ് രാഷ്ട്രത്തിൻറ്റെ സ്വത്തായി ജപ്പാൻ പ്രഖ്യാപിച്ചത്. അതോടെ ചൈന, ജപ്പാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. ചൈനയുടെ പല നടപടികളോടും എതിർപ്പുണ്ടായിരുന്ന ആബെ, വീണ്ടും പ്രധാനമന്ത്രിയായ ശേഷം ചൈനയുമായുള്ള സാമ്പത്തിക, വാണിജ്യ സഹകരണം മെച്ചപ്പെടുത്തുവാൻ ശ്രമിച്ചു. ഏഷ്യ-പസിഫിക് മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ്മയായ അപ്പക്കിന്റ്റെ [ഏഷ്യ-പസിഫിക് ഇക്കണോമിക് കോ-ഒപ്പറേഷന്] സമ്മേളനം ചൈനയിൽ വച്ച് നടന്നപ്പോൾ അദ്ദേഹം അതിൽ നേരിട്ട് പങ്കെടുക്കുകയും ചൈനയുടെ പ്രസിഡന്റായ ഷി ജിൻപിങ്ങുമായി നേരിൽ കണ്ടു സഹകരണം മെച്ചപ്പെടുത്തുവാൻ തീരുമാനിക്കുകയും ചെയ്തു. അപ്പോഴും, ദക്ഷിണ ചൈന മേഖലയിൽ ചൈന സ്വീകരിക്കുന്ന ഏകപക്ഷീയമായ നടപടികളെ അദ്ദേഹം ശക്തിയുക്തം എതിർത്തിരുന്നു. ആഗോള രംഗത്ത് സമാധാനം നിലനിർത്തിക്കൊണ്ടു സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം.
ട്രാൻസ്വി പസിഫിക് ഉടമ്പടി യാഥാർഥ്യമാക്കി
വിദേശ രംഗത്തുള്ള ആദ്ദേഹത്തിന്റെ മറ്റൊരു പ്രധാന സംഭാവന ട്രാൻസ്-പസിഫിക്- പാർട്ണർഷിപ് [TPP ] യാഥാർഥ്യമാക്കുന്നതിലായിരുന്നു. അമേരിക്കയുടെ പ്രസിഡണ്ട് ആയിരുന്ന ബരാക്ക് ഒബാമയുടെ ആശയമായിരുന്നു ടി.പി.പി. പസിഫിക് സമുദ്രമേഖലയിലെ രാജ്യങ്ങൾ തമ്മിൽ സ്വതന്ത്ര വാണിജ്യ-സാമ്പത്തിക ഉടമ്പടി ഒപ്പുവെക്കുകയായിരുന്നു ഇതിന്റെ ലക്‌ഷ്യം. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ ഉടമ്പടി ഒപ്പുവെക്കുന്നതിൽ നിന്നും അമേരിക്ക പിന്മാറി. ഈ ആശയത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന ആബെ, അമേരിക്ക ഒഴിച്ചുള്ള രാജ്യങ്ങളെ സംഘടിപ്പിച്ചുകൊണ്ട് മുന്നോട്ടുപോയി. അങ്ങിനെയാണ്, ജപ്പാൻ, ഓസ്ട്രേലിയ, ബ്രൂണെ, കാനഡ, ചിലി, മലേഷ്യ,മെക്സിക്കോ, പെറു , ന്യൂസിലാൻഡ്, സിംഗപ്പൂർ, വിയറ്റ്നാം എന്നീ രാജ്യങ്ങളെ ഒരു മേശക്കു ചുറ്റുമിരുത്തി 2018 മാർച്ചിൽ കൊമ്പ്രീഹെൻസീവ് ആൻഡ് പ്രോഗ്രസ്സിവ് എഗ്രിമെന്റ് ഫോർ ട്രാൻസ്-പസിഫിക് പാർട്ണർഷിപ് എന്ന ഉടമ്പടി യാഥാർഥ്യമാക്കിയത് .
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവ് എന്ന പേരിൽ ചൈന വൻകിട സാമ്പത്തിക സഹായവുമായി മുന്നോട്ടുവന്ന്ഏഷ്യയിലെയും,ആഫ്രിക്കയിലെയും, ലാറ്റിൻ അമേരിക്കയിലെയും രാജ്യങ്ങളെ കടക്കെണിയിൽപെടുത്തിയപ്പോൾ അമേരിക്കയോടും മറ്റു ജനാധിപത്യ രാജ്യങ്ങളോടും ചേർന്ന് ആ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടു വന്നത് ഷിൻസോ ആബെയായിരുന്നു.
ജപ്പാൻറ്റെ സമ്പത്‌വ്യവസ്ഥയെ ശക്തമാക്കുന്നതിനൊപ്പം, മറ്റ് ജനാധിപത്യ രാജ്യങ്ങളുടെ വളർച്ചയും, സുരക്ഷയും ശക്തിപ്പെടുത്തണമെന്ന ആശയത്തിൽ ഊന്നിയുള്ള നയമാണ് അദ്ദേഹത്തിന്റെ വിദേശനയത്തിന്റെ അടിസ്ഥാന ശില.
പി.എസ് .ശ്രീകുമാർ
9847173177
{
No comments:
Post a Comment