കുട്ടികൾ സുരക്ഷിതരല്ലാത്ത കേരളം
കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടയിൽ 214 കുട്ടികളാണ് കേരളത്തിൽ കൊല്ലപ്പെട്ടത് എന്ന് നമ്മുടെ മാധ്യമങ്ങളിൽ വന്ന വാർത്ത തികച്ചും ആശങ്കാജനകമാണ്. ഈ വാർത്ത വായിച്ച നമ്മുടെ നാട്ടിലെ മാതാപിതാക്കളുടെ ഹൃദയമിടിപ്പ് കൂടിയില്ലെങ്കിലേ അത്ഭുതമുള്ളു.. ഈ കാലയളവിൽ 9604 കുട്ടികളാണ് ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുള്ളത്. അതിൽ ആൺകുട്ടികളും പെൺകുട്ടികളുംപെടും. പോലീസ് ഡേറ്റ ശേഖരത്തിൽ നിന്നുമാണ് ഈ സ്ഥിതിവിവര കണക്കുകൾ പുറത്തുവന്നിട്ടുള്ളത് . 2021 ൽ മാത്രം 41 കുട്ടികളാണ് സംസ്ഥാനത്തു കൊല്ലപ്പെട്ടത്.
. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള ആറ് മാസകാലയളവിൽ കുട്ടികൾക്കെതിരെയുള്ള 983 ലൈംഗികാതിക്രമ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. 2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം ഓരോ വർഷവും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. 2015 ൽ 1583 കേസുകൾ ആയിരുന്നത് 2016 ൽ 2122 ആയി. 2017 ൽ 2697 ആയും, 2018 ൽ 3179 ആയും, 2019 ൽ 3609 ആയും വർധിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം ഇപ്പോൾ നാലാം സ്ഥാനത്താണ്. എല്ലാത്തിലും, നമ്പർ വൺ ആണെന്ന് അവകാശപ്പെടുന്ന പിണറായി സർക്കാർ, ഇക്കാര്യത്തിലും കേരളത്തെ നമ്പർ വൺ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയല്ലേ പ്രവർത്തിക്കുന്നതെന്ന് ആരും സംശയിച്ചു പോകും. സംസ്ഥാനത്തു നടക്കുന്ന മറ്റു അതിക്രമങ്ങൾ പോലെ ലൈംഗികാതിക്രമണ കേസുകളിലും പ്രതിസ്ഥാനത്തു പലപ്പോഴും കാണുന്നത് പിണറായി ഭക്തരായ എസ് .എഫ്.ഐ /ഡി വൈ എഫ് ഐ പ്രവർത്തകരെയാണ് . ഇവർക്ക് വേണ്ട എല്ലാ സംരക്ഷണവും നൽകുന്നത് പോലീസും ആഭ്യന്തര വകുപ്പുമാണ് എന്നത് പച്ചവെള്ളം പോലെ ജനങ്ങൾക്കറിയാം. ചില കേസുകളിൽ പോലീസ് ഊർജസ്വലമായി അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുമ്പിൽ ഹാജരാക്കിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. അങ്ങിനെയുള്ള കേസുകളുടെ ഉറവിടം അന്വേഷിച്ചുപോയാൽ മനസ്സിലാകും മാർക്സിസ്റ്റുകൾ പ്രതികളല്ലാത്ത കേസുകളിൽ മാത്രമേ പൊലീസിന് നിഷ്പക്ഷമായി അന്വേഷണം നടത്താനും, നിയമ നടപടികളുമായി മുന്നോട്ടു പോകാനും അനുമതിയുള്ളു എന്ന സത്യം.
പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട കേസുകളാണെങ്കിൽ, അവരെ കേസിൽ നിന്നും രക്ഷിക്കാൻ പിണറായി സർക്കാരും, സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടി നേതൃത്വവും എന്ത് നടപടി സ്വീകരിക്കാനും മടിക്കുകയില്ലെന്നതിൻറ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്വ വണ്ടിപ്പെരിയാറിൽ ആറ്ലി വയസ്സുകാരിയായ പെൺകുട്ടിയുടെ ആരും കോല. 2021 ജൂൺ 30 നാണ് വണ്ടിപ്പെരിയാറിൽ ചുരക്കുളം എസ്റ്റേറ്റിലെ ലയത്തിലെ മുറിയിൽ ആറ് വയസ്സുമാത്രം പ്രായമുള്ള കുട്ടിയെ ഷാളിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കുപോകുകയും, സഹോദരൻ ബാർബർ ഷോപ്പിൽ പോകുകയും ചെയ്ത അവസരത്തിലാണ് കുട്ടിയെ ഷാളിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയപ്പോളാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിലാണ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവായ അർജുൻ അറസ്റ്റ് ചെയ്യപ്പെട്ടത്. പോലീസിന്റെ ചോദ്യംചെയ്യലിലാണ് മൂന്നു വയസ്സുമുതൽ പ്രതിയായ അർജുൻ ഈ കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നതായി മനസ്സിലായത്. പിന്നീട് നടന്നത്, കേസ് അട്ടിമറിക്കാനുള്ള നടപടികളായിരുന്നു. ഡി വൈ എഫ് ഐ നേതാവായ പ്രതിക്കുവേണ്ടി സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ദുരുപയോഗിക്കപ്പെട്ടു. കൊലപാതകവും, പീഡനവും കണ്ടെത്തിയിട്ടും, കുറ്റം തെളിയിക്കാനാവശ്യമായ രേഖകളൊന്നും തന്നെ പോലീസ് കോടതിയിൽ ഹാജരാക്കിയില്ല. തെളിവുകളുടെ അഭാവത്തിലാണ് പ്രതിയായ അർജുനെ കട്ടപ്പന അതിവേഗ കോടതി വെറുതെവിട്ടത്.
ഇതിലും ക്രൂരമായ മറ്റൊരു സംഭവമാണ് വാളയാറിൽ സഹോദരിമാരായ രണ്ട് ദളിത് പെൺകുട്ടികൾക്ക് സംഭവിച്ചത്. എട്ടും പൊട്ടും തിരിയാത്ത ആ പെൺകുട്ടികളെ പിച്ചിച്ചീന്തിയവരെ രക്ഷിക്കാൻ ഭരണത്തിന്റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ചു. പതിമൂന്നും, ഒൻപതും വയസ്സുള്ള പെൺകുട്ടികൾ വീടിന്റെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. 52 ദിവസത്തെ ഇടവേളയിലാണ് രണ്ടു കുട്ടികളും സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. മൂത്ത കുട്ടിയുടെ ശരീരം 2017 ജനുവരി 13 നും, ഇളയകുട്ടിയുടെ ശരീരം 2017 മാർച്ച് 4 നുമാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് ഈ രണ്ടു പെൺകുഞ്ഞുങ്ങളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്. പ്രാദേശിക മാർക്സിസ്റ് നേതാക്കളായ പ്രതികളിൽ ഒരാൾ കുട്ടികളെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടു എന്ന് പറഞ്ഞത് മറ്റാരുമല്ല, കുട്ടിയുടെ അമ്മയായിരുന്നു. എന്നിട്ടും, ഈ രണ്ടു കേസുകളും അത്മഹത്യയാണെന്നു പറഞ്ഞു എഴുതി തള്ളാനാണ് പിണറായി സർക്കാരിന്റെ പോലീസും, പ്രോസിക്യൂഷനും ശ്രമിച്ചത്. മാത്രമല്ല, ഈ കേസിലെ പ്രതികളായ മാർക്സിസ്റ് പ്രവർത്തകർക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനെ പിന്നീട് ബാലാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുകയും ചെയ്തു.
കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ആശ്വാസകരമായ വാർത്തയുണ്ടാകുന്നത് നീതിന്യായ കോടതികളിൽ നിന്നും മാത്രമാണ്. അങ്ങിനെയുള്ള ഒരു വാർത്തയാണ് 2023 നവംബർ 14 ലെ ശിശുദിനത്തിൽ ആലുവാ കോടതിയിൽ നിന്നും ഉണ്ടായത്. ആലുവയിലെ അഞ്ച് വയസ്സുകാരി പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസ്ഫാക് ആലത്തിനു എറണാകുളം പോക്സോ കോടതി, വധ ശിക്ഷക്ക് വിധിച്ചത് അന്നായിരുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന ഈ കാലഘട്ടത്തിൽ, അതിനെതിരായ കടുത്ത സന്ദേശമായി മാറുകയായിരുന്നു ഈ വിധി.
ക്രൂരമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അനുകൂലമായ ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്ന് പോക്സോ കോടതി ജഡ്ജി കെ .സോമൻ വിധിച്ചു. "ആവർത്തിച്ചുള്ള ഇത്തരം കുറ്റകൃത്യങ്ങൾ കാരണം കുട്ടികളെ സ്വതന്ത്രമായി കളിയ്ക്കാൻ വിടാൻപോലും മാതാപിതാക്കൾ ഭയപ്പെടുകയാണ് എന്നും , ഇത് സമൂഹത്തെ തന്നെ ബാധിക്കുന്ന കാര്യമാണെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. തങ്ങളുടെ മകൾക്കു ഈ അവസ്ഥ ഉണ്ടായാൽ നിയമം എങ്ങനെ പരിഗണിക്കുമെന്നു വലിയ ആശങ്കയും, ഭയവും രാജ്യത്തെ ഓരോ രക്ഷിതാക്കൾക്കുമുണ്ട്. കുട്ടികൾക്ക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുന്നതാണ് ഇത്തരം ക്രൂരകൃത്യങ്ങളെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദമുഖങ്ങൾ കോടതി അംഗീകരിച്ചാണ് വധ ശിക്ഷ തന്നെ പ്രതിക്ക് വിധിച്ചത്.
2023 ജൂലൈ 27 നാണ് അസ്ഫാക് ആലം, അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചു കൊന്നത്. കുട്ടികളോട് അമിത ലൈംഗിക താല്പര്യമുള്ള അസ്ഫാക്, ഡൽഹിയിൽ ഇതുപോലെ നടത്തിയ ഒരു കുറ്റകൃത്യത്തിന് ജാമ്യത്തിലായിരിക്കുമ്പോളാണ് ആലുവയിലെത്തി കണ്ണിൽ ചോരയില്ലാത്ത ഇത്തരം പൈശാചിക കൃത്യം ചെയ്തത്. അസ്ഫാക് ആലത്തിനെ പോലെ ക്രൂരനായ ഒരു നരാധമനെ ശിക്ഷിച്ചത്തോടെ , നീതിന്യായ വ്യവസ്ഥയോടുള്ള ജനത്തിൻറ്റെ വിശ്വാസം വർദ്ധിച്ചു. അപ്പോഴും, പിണറായി വിജയന്റ്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടത്തെ ജനം സംശയ ദൃഷ്ടിയോടെയാണ് നോക്കുന്നത്. വണ്ടിപ്പെരിയാറിലെയും, വാളയാറിലെയും കൊലപാതക കേസുകൾ പോലീസും, പ്രോസിക്യൂഷനും കൈകാര്യം ചെയ്ത രീതി അത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. . രാഷ്ട്രീയത്തിനതീതമായി കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. കേരളത്തിൽ അത് നടക്കുന്നില്ലായെന്നത് തികച്ചും നിരാശാജനകമാണ്. പ്രത്യേകിച്ചും കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുന്ന ഇടതു ഭരണം, ആ തെറ്റ് തിരുത്താൻ ഇനിയെങ്കിലും തയ്യാറാകണം.
പി.എസ് .ശ്രീകുമാർ
9495577700
