നയതന്ത്ര രംഗത്ത് സമാധാന ദൂതുമായി ചൈന
ചിരകാല വൈരികളായിരുന്ന സൗദി അറേബ്യയും ഇറാനും, ചൈനയുടെ മധ്യസ്ഥതയിൽ, നയതന്ത്ര ബന്ധങ്ങൾ പുനസ്ഥാപിക്കുവാൻ കരാറിൽ ഒപ്പുവച്ച വാർത്ത തെല്ല് ആശ്ചര്യത്തോടെയാണ് അന്തർദേശിയ നയതന്ത്ര സമൂഹം ശ്രവിച്ചത് . ഏഴു വർഷങ്ങൾക്ക് മുമ്പ് നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിച്ച്, പരസ്പരം പ്രോക്സി യുദ്ധം നടത്തിയ ഗൾഫ് മേഖലയിലെ രണ്ട് പ്രമുഖ രാജ്യങ്ങൾ സമാധാനത്തിൻറ്റെ പാതയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചത് മേഖലയിലെ, ഇസ്രായേൽ ഒഴികെ , എല്ലാ രാജ്യങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട് . ചൈനയുടെ വിദേശകാര്യ വിഭാഗത്തിൻറ്റെ തലവനായ വാങ് യിയുടെ നേതൃത്വത്തിലാണ് സൗദിയുടെയും ഇറാൻറ്റെയും സുരക്ഷാ ഉപദേശകർ, കഴിഞ്ഞ കുറെ നാളുകളായി നടത്തിവന്ന രഹസ്യ ചർച്ചകൾക്കൊടുവിൽ, മാർച്ച് 10 ന് ബെയ്‌ജിങ്ങിൽ വച്ച് അന്തിമ കരാറിൽ ഒപ്പുവച്ചത്. സൗദി അറേബ്യയുടെ സുരക്ഷാ ഉപദേഷ്‌ടാവും മന്ത്രിയുമായ മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനും, ഇറാനിലെ ദേശിയ സുരക്ഷാ സമിതിയുടെ സെക്രട്ടറി അലി ശംഖാനിയുമാണ്
ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ചു കരാറിൽ ഒപ്പുവച്ചത്. ആ ദിവസത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അന്നാണ് ചൈനയുടെ പ്രസിഡന്റ് ഷി ജിങ് പിംഗ് മൂന്നാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അമേരിക്കയുടെ സാന്നിധ്യം ഇല്ലാത്ത കരാർ
ഈ കരാർ അനുസരിച്ചു് നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനു പുറമേ ഇരു രാജ്യങ്ങളും പരസ്പരം പരമാധികാരത്തെ മാനിക്കുമെന്നും, മറു രാജ്യത്തിൻറ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയില്ലെന്നും ഉറപ്പുവരുത്തും. ഇതിനു പുറമേ, മുമ്പ് ഒപ്പുവച്ചതും പിന്നീട് ചവറ്റുകുട്ടയിൽ എറിയുകയും ചെയ്ത 1998 ലെ സാമ്പത്തിക-സാങ്കേതിക- ശാസ്ത്ര -സാംസ്‌കാരിക ബന്ധങ്ങൾ ക്കായുള്ള കരാറും , 2001 ലെ സുരക്ഷാ-സഹകരണ കരാറും പുനരുജ്ജീവിപ്പിക്കുവാനും തീരുമാനിച്ചു. ഈ കരാറിൻറ്റെ ഒരു സവിശേഷത അമേരിക്കയുടെ സാന്നിധ്യമില്ലാതെ, ഗൾഫ് മേഖലയിൽ, രണ്ടു രാജ്യങ്ങൾ സമാധാന ശ്രമങ്ങളുടെ ഫലമായി കരാറിൽ ഒപ്പുവച്ചു എന്നതാണ്. ഇറാഖിലെയും, അഫ്ഘാനിസ്ഥാനിലെയും സൈനിക പരാജയങ്ങളുടെ പശ്ചാത്തലത്തിൽ, മധ്യേഷ്യയിൽ അമേരിക്കയുടെ വിശ്വാസ്യത വളരെയധികം ഇടിഞ്ഞു. പുറമേ, ലോക പൊലീസിങ്ങിൽ നിന്നും മാറിനിൽക്കുവാനുള്ള അമേരിക്കയുടെ തീരുമാനവും അന്തർദേശിയ കാര്യങ്ങളിൽ ഒരു വൻശക്തിയുടെ സാന്നിധ്യം ആവശ്യമാക്കിയിരുന്നു. സോവിയറ്റ് യൂണിയൻറ്റെ തകർച്ചയും ഈ രംഗത്ത് വലിയ വിടവാണ് സൃഷ്ടിച്ചത്. ഈ അവസരമാണ്ചൈന ബുദ്ധിപൂർവം കൈകാര്യം ചെയ്തത്.
അറാബ് മേഖലയിലെ ഏറ്റവും വലിയ രാജ്യങ്ങളാണ് സൗദി അറേബ്യയും , ഇറാനും. സൗദി, രാജഭരണത്തിന്റെ കീഴിലാണെങ്കിൽ, ഇറാൻ യാഥാസ്ഥികരായ തീവ്ര ഇസ്ലാമിസ്റ്റുകൾ നേതൃത്വം നൽകുന്ന ഇസ്ലാമിക റിപ്പബ്ലിക്ക് ആണ്. 1979 വരെ ഇരു രാജ്യങ്ങൾക്കിടയിൽ കാര്യമായ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലായിരുന്നു. 1979 ൽ ഷാ മുഹമ്മദ് റിസ പഹ്ലവിയുടെ നേതൃത്വത്തിലുള്ള രാജ ഭരണത്തെ അട്ടിമറിച്ചു ഇസ്ലാമിക തീവ്രവാദികൾ അധികാരം പിടിച്ചെടുത്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പുറത്തുവന്നത്. സിറിയയിലും, യമനിലും നടന്ന യുദ്ധങ്ങളിൽ സൗദിയും ഇറാനും രണ്ടു വശങ്ങളിലായി അണിനിരന്നു പ്രോക്സി യുദ്ധം ചെയ്യുകയായിരുന്നു. സൗദി രാജഭരണത്തിനു, സുരക്ഷാ സേനക്കുമെതിരെ വിദേശ ശക്തികളുടെ കരങ്ങളായി പ്രവർത്തിച്ചു അട്ടിമറി ക്ക് ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഷെയ്ഖ് നിമാർ അൽ നിമാർ എന്ന ഷിയാ പുരോഹിതനെ സൗദി അറേബ്യ 2016 ജനുവരി 2 ന് വധിച്ചത്. ഇതിൻറ്റെ തിരിച്ചടിയെന്നോണം ഇറാൻറ്റെ തലസ്ഥാനത്തെ സൗദി എംബസിയും, മാഷാദ് നഗരത്തിലെ സൗദി കോൺസുലേറ്റും ഷിയാ ജനക്കൂട്ടം ആക്രമിച്ചു നശിപ്പിച്ചു. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ഏഴ് വര്ഷങ്ങളായി നയതന്ത്ര ബന്ധം ഇല്ലാതിരിക്കുകയായിരുന്നു.
ചൈനയുടെ താല്പര്യം എന്ത്?
ലോകത്തെ രണ്ടാമത്തെ സൈനിക-സാമ്പത്തിക ശക്തിയായ ചൈനയുമായുള്ള ബന്ധം ഊർജം, വ്യവസായികം, സാങ്കേതികം, വാണിജ്യം, മുതൽമുടക്ക് തുടങ്ങി വൈവിധ്യമാർന്ന നിരവധി രംഗങ്ങളിൽ പ്രയോജനപ്പെടുത്താം എന്ന് രാജ്യങ്ങൾ കരുതുന്നു. മാത്രമല്ലാ, ലോകത്തെ ഏറ്റവും വലിയ ഊർജ ഉപഭോക്താവാണ് ചൈന. കുറഞ്ഞവിലയ്ക്ക് ഗൾഫ് മേഖലയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ ലഭിക്കുന്നത് ചൈനയുടെ സാമ്പത്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കും എന്നതിൽ സംശയമില്ല. കോവിദിന്റെയും, യുക്രൈൻ യുദ്ധത്തിന്റെയും സാഹചര്യത്തിൽ നിന്നും ലോക രാജ്യങ്ങൾ മോചിതരാകുമ്പോൾ , ബെൽറ്റ് ആൻഡ് റോഡ് പദ്ധതികളിലൂടെ മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ കടന്നുകയറാമെന്നും ചൈന കരുതുന്നുണ്ടാവാം. യഥാർത്ഥ ശക്തി മറച്ചുപിടിച്ചിരുന്ന പഴയ ചൈന അല്ല ഇന്നുള്ളത്. തങ്ങളുടെ ശക്തി മുഴുവൻ പ്രദർശിപ്പിക്കാനും, പ്രകടിപ്പിക്കാനും മടിയില്ലാത്ത ചൈനയാണ് ഷി ജിങ് പിങ്ങിൻറ്റെ നേതൃത്വത്തിലുള്ള ആധുനിക ചൈന.
യുക്രൈൻ യുദ്ധവിരാമം അകലെയോ?
സാമ്പത്തിക രംഗത്തും, സൈനിക രംഗത്തും വൻശക്തിയായി ഉയർന്ന ചൈന, ഇത്രയും നാൾ അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. അതിനൊരു മാറ്റം കുറിച്ചുകൊണ്ടാണ് സൗദി അറേബ്യയുടേയും ഇറാൻറ്റെയും ഇടയിൽ സമാധാന ദൂതുമായി എത്തിയത്.അവരുടെ ആദ്യ ചുവടു വെപ്പ് വാൻ വിജയമായി മാറി. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് റഷ്യ-യുക്രൈൻ യുദ്ധത്തിന് വിരാമമിടാനുള്ള പദ്ധതി തയ്യാറാക്കിയത് . ഈ ലക്ഷ്യത്തോടെയാണ് ഷി ജിങ് പിംഗ് മാർച്ച് 20 ന് മോസ്‌കോയിൽ നേരിട്ടെത്തി വ്ലാദിമിർ പുത്തിനുമായി ചർച്ച നടത്തിയത്. എന്നാൽ തങ്ങളുടെ മണ്ണിൽ നിന്നും റഷ്യ പിന്മാറാതെ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലിൻസ്കിയുടെയും, അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെയും നിലപാട് ചൈനയുടെ സമാധാന ദൂതിന് മുമ്പിൽ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. എടുത്ത നിലപാടിൽ നിന്നും പിൻവാങ്ങാൻ പുത്തിനും സാധിക്കുകയില്ല. റഷ്യ-യുക്രൈൻ യുദ്ധത്തിന് വിരാമം ഉണ്ടാക്കുവാൻ സാധിച്ചില്ലെങ്കിലും, അമേരിക്കക്കു വെല്ലുവിളി ഉയർത്തികൊണ്ട് ഒരു നയതന്ത്ര ശക്തി ആകുവാൻ ചൈന തയ്യാറായിക്കഴിഞ്ഞു എന്ന സന്ദേശം നൽകുവാൻ അവർക്കു സാധിച്ചു.
അഡ്വ.പി.എസ് .ശ്രീകുമാർ
9847173177