Wednesday, 26 April 2023


                 യുക്രൈൻ  യുദ്ധം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ 


അഡ്വ. പി.എസ് . ശ്രീകുമാർ



ഡോ .കെ.ആർ.ജ്യോതികുമാരി 


 യുക്രൈനെതിരെ  റഷ്യ ഏകപക്ഷീയമായ യുദ്ധം ആരംഭിച്ചിട്ട്  ഒരു വർഷവും രണ്ടു മാസവും പിന്നിട്ടു കഴിഞ്ഞു.   ഇരു  പക്ഷത്തും  ഗുരുതരമായ നാശനഷ്ടങ്ങളാണ്    ഉണ്ടായിട്ടുള്ളത് .  ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ്  പുറത്തുവിട്ട കണക്കുകൾ പ്രകാരം  രണ്ടു ലക്ഷത്തിനും  രണ്ടര ലക്ഷത്തിനും ഇടയിൽ റഷ്യൻ സൈനികരും,   റഷ്യയുടെ  സഹായത്തിന്  എത്തിയിട്ടുള്ള   സ്വകാര്യ സേനയായ  വാഗ്‌നർ  ഗ്രൂപ്പിലെ  അംഗങ്ങളും കൊല്ലപ്പെടുകയോ, പരുക്കുപറ്റുകയോ  അല്ലെങ്കിൽ  കാണാതാവുകയോ ചെയ്തിട്ടുണ്ട്. യുക്രൈൻ  സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം , സർക്കാരിൻറ്റെ  നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 17820  പേര് കൊല്ലപ്പെടുകയോ, ഗുരുതര പരുക്കേൽക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്.   യഥാർത്ഥ കണക്കു ഇതൊന്നുമല്ല.   യുക്രൈൻ  സൈനികരും,  സാധാരണ പൗരന്മാരും  ഉൾപ്പെടെ  രണ്ടുലക്ഷത്തിലേറെപ്പേരാണ്  യുദ്ധത്തിൻറ്റെ  ഇരകളായി  മാറിയത് എന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ വിലയിരുത്തൽ.  ഭൗതികമായ നാശനഷ്ടങ്ങൾ ഏറെ ഉണ്ടായതു യുക്രൈൻ    പക്ഷത്താണ്. ഏകദേശം  ഒന്നര  കോടിയോളം  യുക്രൈൻ  പൗരന്മാരാണ്  കയറിക്കിടക്കാനൊരിടമില്ലാതെ അഭയാർഥികളായി  അയൽ രാജ്യങ്ങളിലേക്ക്   പലായനം ചെയ്തത്..   ,

യുക്രൈനിലെ  അടിസ്ഥാന സൗകര്യങ്ങളിൽ സിംഹഭാഗവും  റഷ്യൻ സൈന്യം തകർത്തു. റോഡുകൾ, പാലങ്ങൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, എയർപോർട്ടുകൾ  , ഫാക്ടറികൾ, രണ്ടായിരത്തിൽ പരം സ്കൂളുകൾ, ആശുപത്രികൾ, ഒരുലക്ഷത്തിൽ  പരം സ്വകാര്യ വസതികൾ, പതിനയ്യായിരത്തിൽ പരം അപ്പാർട്മമെൻറ്റുകൾ , വാണിജ്യകേന്ദ്രങ്ങൾ   എന്നിവയെല്ലാം റഷ്യൻ ആക്രമണത്തിൽ  നാമാവശേഷമായി.  യുക്രൈന്റ്റെയും റഷ്യയുടേയും   എത്ര സൈനിക വാഹനങ്ങളും, ഉപകരണങ്ങളും, ആയുധങ്ങളും നഷ്ടപ്പെട്ടു എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എന്നാൽ റഷ്യയുടെ നാലായിരത്തോളം സൈനിക വാഹനങ്ങളും, ദിവസേന പതിനായിരത്തില്പരം ആർട്ടിലറി ഷെല്ലുകളും  നശിപ്പിക്കപ്പെടുന്നുണ്ട്. പ്രാഥമിക കണക്കുകൾ പ്രകാരം  349     ബില്ലിയൻ  ഡോളറാണ് യുക്രൈൻറ്റെ  ഇതുവരെയുള്ള  നഷ്ടം.   ചില സാമ്പത്തിക വിദഗ്‌ധർ  കണക്കാക്കിയിട്ടുള്ളത്   750 മുതൽ 1000  ബില്യൺ ഡോളറിൻറ്റെ  നഷ്ടമാണ്  യുക്രൈന്  മൊത്തത്തിൽ  ഉണ്ടായിട്ടുള്ളതെന്നാണ്.

പ്രവചനാതീതമായ  ആരോഗ്യപ്രശ്നങ്ങൾ 

ബ്രഹ്മപുരത്തെ  ചവറുകൂന തീകത്തിയപ്പോൾ ആ പ്രദേശത്തുള്ളവർ അനുഭവിച്ച   ശാരീരിക പ്രശ്നങ്ങൾ   നമുക്ക് അറിവുള്ളതാണല്ലോ.  തീ കത്തിയ സമയത്തു മാത്രമല്ലാ,   ഇനിയുള്ള കുറെ വർഷങ്ങൾ പ്രദേശ വാസികൾ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ  മുന്നറിയിപ്പ് നൽകിയത്.  സംസ്ഥാന ആരോഗ്യ വകുപ്പ് ബ്രഹ്മപുരത്തു നിയോഗിച്ച നോഡൽ ഓഫീസറും  ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിലെ  ശ്വാസകോശ വിഭാഗം പ്രൊഫസറുമായ ഡോ .പി.എസ് .ഷാജഹാൻറ്റെ  അഭിപ്രായത്തിൽ, .  മാലിന്യം കത്തുമ്പോൾ  താലേറ്റ്‌സ്‌ , ഡയോക്സിൻ എന്നിവ  പോലുള്ള   നിരവധി  രാസ ഘടകങ്ങളുമുണ്ടാകുന്നു.  ഇവ  വര്ഷങ്ങളോളം ശരീരത്തിൽ കിടന്ന്‌ മാരകമായ രോഗങ്ങളും, ജനിതകമായതും പ്രത്യുത്പാദന സംബന്ധമായതുമായ പ്രശ്നങ്ങൾ പോലും ഉണ്ടാക്കാം.  ഇതൊക്കെ നമുക്ക്   ഭാവിയിലേ  പറയാൻ പറ്റൂ . പെട്ടെന്നുണ്ടാകുന്ന ശ്വാസകോശ  പ്രശ്നങ്ങൾ നേരത്തെ പറയാൻ പറ്റുമെങ്കിലും  മറ്റുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത ചിലപ്പോൾ പത്തോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞാകും ഉണ്ടാകുക.

 ബ്രഹ്മപുരത്ത്   ആറ്  ലക്ഷം ടണ്ണിൽ  താഴെമാത്രമുള്ള പ്ലാസ്റ്റിക്  ഉൾപ്പെടെയുള്ള  മാലിന്യങ്ങൾ കത്തിയതിൽ നിന്നും ഉണ്ടായ   കാർബൺ ഡയോക്സൈഡ്  , ഡയോക്സിൻ മുതലായ  വിഷവാതകങ്ങളാണ്    ആരോഗ്യപ്രശ്നങ്ങൾ  ഉണ്ടാക്കുന്നതെങ്കിൽ ,  യുക്രൈൻ  യുദ്ധത്തിൽ അതിലേറെ  മാരകമായ നിരവധി വിഷവസ്തുക്കളാണ് ബോംബുകൾ,  ഷെല്ലുകൾ, മൈനുകൾ, റോക്കറ്റുകൾ    തുടങ്ങിയ  വെടിക്കോപ്പുകളിലൂടെ     വിവിധ പ്രദേശങ്ങളിൽ  ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  ഭൂമിയുടെ  പരിസ്ഥിതിക്കും ഈ പ്രപഞ്ചത്തിനാകെയും ഈ   യുദ്ധം വരുത്തുന്ന കെടുതികൾ നാം അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളു.  യുദ്ധം അവസാനിച്ചാൽ പോലും പ്രകൃതിക്ക്  അതുണ്ടാക്കിയ ആഘാതവും ദുരിതവും വർണ്ണനാതീതമായിരിയ്ക്കും . എണ്ണ ശുദ്ധീകരണശാലകൾ, എണ്ണ  സംഭരണ ശാലകൾ, എണ്ണ കിണറുകൾ , എണ്ണ കുഴലുകൾ , ഖനികൾ, വ്യവസായ ശാലകൾ, കാർഷിക സ്ഥലങ്ങൾ   തുടങ്ങി നിരവധി  മേഖലകൾ യുദ്ധത്തിൽ    തകർത്തത്   അവിടത്തെ വായുവും  , മണ്ണും,   ,ഉപരിതല-ഭൂഗർഭജലവുമൊക്കെ  മലിനമാക്കി.  ഭൂമി, വായു , ജലം എന്നിവയുടെ   മലിനീകരണത്തിലൂടെ മാത്രം   സാമ്പത്തികമായി  51.4 ബില്യൺ   ഡോളറിൻറ്റെ  നഷ്ടമാണ്   ഉണ്ടായിട്ടുള്ളത്  എന്നാണ്   യുക്രൈൻ  പരിസ്ഥിതി സംരക്ഷണ മന്ത്രാലയം പുറത്തുവിട്ട രേഖകളിൽ പറയുന്നത്. . 

യുദ്ധ കെടുതിയിൽ   വനങ്ങളും 

എൻവയർമെന്റ്  പ്യൂപ്പിൾ  ലോ  എന്ന പരിസ്ഥിതി  സന്നദ്ധ സംഘടനക്കുവേണ്ടി   കാറ്ററിന പോളിയൻസ്ക  എന്ന  പരിസ്ഥിതി  ഗവേഷക നടത്തിയ പഠനത്തിലൂടെ യുദ്ധം ഉണ്ടാക്കിയ പ്രകൃതി ദുരന്തത്തിൻറ്റെ    യഥാർത്ഥ ചിത്രം, വെളിപ്പെടുത്തപ്പെട്ടു .  ആർക്കും ചിന്തിക്കാൻ കഴിയാത്ത രീതിയിലുള്ള  ദുരന്തമാണ്  യുക്രൈനിലെ പരിതസ്ഥിതിക്ക്‌  യുദ്ധം മൂലം   ഉണ്ടായത്.   റോക്കറ്റുകളിൽ നിന്നും, മിസ്സൈലുകളിൽ നിന്നും, ടാങ്കുകളിൽ നിന്നും  തൊടുത്തുവിട്ട  ബോംബുകൾ പൊട്ടിത്തെറിച്ചു  നിരവധി ജീവനുകൾ പൊലിഞ്ഞതിനു പുറമേ, വന്യ മൃഗങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളും, വനങ്ങളും, കൃഷിസ്ഥലങ്ങളുമൊക്കെ  നശിപ്പിക്കപ്പെട്ടു. സ്ഫോടനങ്ങളിലൂടെ  മാരകവും വിഷലിപ്തവുമായ  രാസഘടകങ്ങൾ വായുവിലും, മണ്ണിലും, ജലത്തിലും അലിഞ്ഞിറങ്ങി, അവയൊക്കെ ഉപയോഗശൂന്യമാക്കി.   ഭൂഗർഭ ജലം പോലും മലിനമാക്കപ്പെട്ടു. ശുദ്ധമായ കുടിവെള്ളം   പലസ്ഥലങ്ങളിലും ജനങ്ങൾക്ക്  ലഭിക്കുന്നില്ല. 40  ലക്ഷം ജനങ്ങളാണ് ശുദ്ധമായ കുടിവെള്ളം    ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്.   ജനവാസ കേന്ദ്രങ്ങളിലെ 15.2  ബില്യൺ ടൺ  കോൺക്രീറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ്   നഗര പ്രദേശങ്ങളിൽ   കൂമ്പാരമായി കിടക്കുന്നത് .     ആദ്യത്തെ രണ്ടു മാസങ്ങൾക്കുള്ളിൽ  തന്നെ ,  റഷ്യയുടെ  3,25,000  ടൺ  സൈനിക വാഹനങ്ങൾ  പാതയോരങ്ങളിൽ   നശിപ്പിക്കപ്പെട്ടു .   . സ്‌ഫോടനങ്ങളിലൂടെ  ഭൂമിയിലുണ്ടായ   വിള്ളലുകളിൽ എല്ലാം  മാരകമായ   ഫോസ്‌ഫറസ്‌ ഉൾപ്പെടെയുള്ള  രാസപദാർത്ഥങ്ങൾ  മാറ്റപ്പെടാതെ  കിടപ്പുണ്ട്. ബോംബുകളിലെ ചില രാസപദാർത്ഥങ്ങളുടെ  സാന്നിദ്ധ്യത്തിലൂടെ  പൊള്ളൽ, ലുക്കേമിയ, ട്യൂമർ, കാൻസർ   തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനും  സാധ്യതയുണ്ട്.    ഫോസ്‌ഫറസ്‌   ശ്വസിച്ചാൽ  തൊണ്ടക്കും, കണ്ണിനുമൊക്കെ  അസ്വസ്ഥതയുണ്ടാകും .  ഇതിൻറ്റെ  അളവ്  ശരീരത്തിനുള്ളിൽ  കൂടുതൽ പ്രവേശിച്ചാൽ  കരൾ, കിഡ്നി   എന്നീ   അവയവങ്ങൾക്ക് തകരാറുണ്ടാകാൻ  സാധ്യതയുണ്ട്  . ശാസ്ത്ര   പഠനങ്ങൾ പറയുന്നത് 48  ശതമാനത്തിനു മുകളിൽ ഫോസ്‌ഫറസ്‌  ശരീരത്തിനുള്ളിൽ കയറിയാൽ, മരണത്തിലേക്കുവരെ നയിക്കാം എന്നാണ്.    ഡോൾഫിൻ ഉൾപ്പെടെ  നൂറുകണക്കിന്   കടൽ ജീവികളും  കരിങ്കടലിൽ   ചത്ത് പൊങ്ങി.  വനങ്ങളിൽ  ഉണ്ടായ   ബോംബ്  സ്‌ഫോടനങ്ങളിൽ,   കൊല്ലപ്പെട്ട വന്യജീവികളുടെ  ജഡങ്ങളും , അസ്ഥികൂടങ്ങളും   മറവുചെയ്യപ്പെടാതെ  കിടക്കുന്നു .  അംഗഭംഗം  വന്ന നിരവധി വന്യജീവികൾ    ആരാരും പരിചരിക്കപ്പെടാതെ  നരകയാതന അനുഭവിക്കുന്നു.   നൂറും നൂറ്റമ്പതും  വര്ഷങ്ങളുടെ വളർച്ചയുള്ള  കൂറ്റൻ വൃക്ഷങ്ങൾ  സ്‌ഫോടനങ്ങളിൽ നശിച്ചു.ഇരുപത്  ലക്ഷത്തിലേറെ ഹെക്ടർ  വനപ്രദേശമാണ്  റഷ്യൻ ആക്രമണത്തിൽ നശിച്ചത്.   ഇവയൊക്കെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ  പ്രതികൂലമായി ബാധിക്കും  എന്ന് മാത്രമല്ല  ആഗോളതാപന വര്ധനവിലേക്കു നയിക്കുകയും ചെയ്യും.

ചെർണോബില്ലിൽ  നിന്നും ആണവവികിരണം 

1986 ൽ ഉണ്ടായ അപകടത്തെത്തുടർന്ന്  ഉപേക്ഷിക്കപ്പെട്ട  ചെർണോബിൽ  ആണവ നിലയവും, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപോരിശിയ ആണവ നിലയവും  റഷ്യൻ സേന യുദ്ധത്തിൻറ്റെ  യുദ്ധത്തിനിടെ   പിടിച്ചെടുത്തു.  ചെര്ണോബിൽ  അപകടത്തെത്തുടർന്ന് ഉണ്ടായ  ആണവ വികിരണം  വ്യാപിച്ചതിൻറ്റെ  പശ്ചാത്തലത്തിൽ   4143  ചതുരശ്ര  കിലോമീറ്റർ  പ്രദേശം "എക്‌സ്‌ക്‌ളൂസീവ്  സോൺ" ആയി പ്രഖ്യാപിക്കുകയും അവിടെയുള്ള മുഴുവൻ ജനങ്ങളെയും സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തശേഷമാണ് 2000 ൽ  ചെർണോബിൽ  ആണവ നിലയത്തിൻറ്റെ  പ്രവർത്തനം അവസാനിപ്പിച്ചത്.  എന്നാൽ ഈ ആണവ നിലയം പിടിച്ചെടുത്ത റഷ്യൻ സൈനികർ അതിൻറ്റെ  ചുറ്റും   ആഴത്തിലുള്ള  കിടങ്ങുകൾ കുഴിച്ച്   ആണവനിലയത്തിന്    സംരക്ഷണം  ഒരുക്കിയിട്ടുള്ളതിലൂടെ    അപകടകരമായ  റേഡിയോആക്റ്റിവ് വികിരണങ്ങൾ  പുറത്തേക്കു വ്യാപിക്കുവാൻ    ഇടയാക്കുമെന്നാണ് പാശ്ചാത്യ ആണവ ശാസ്ത്രഞ്ജർ  അഭിപ്രായപ്പെടുന്നത്.

മലിനീകരണം പരത്തി  കാർബൺ ഡയോക്‌സൈഡ് 

യുദ്ധം  ആരംഭിച്ച  2022  ഫെബ്രുവരിക്കു ശേഷമുള്ള  ഏഴ്  മാസകാലയളവിൽ 82.8 ദശലക്ഷം മെട്രിക് ടൺ  കാർബൺ  ഡയോക്‌സൈഡ്  ആണ്  സ്ഫോടനങ്ങളിലൂടെ  യുക്രൈൻറ്റെ  അന്തരീക്ഷത്തിൽ  എത്തിയത്.  ,  സിംഹഭാഗം  കാർബൺ മാലിന്യങ്ങൾ നിർഗമിച്ചതു   യുദ്ധത്തിൽ  തകർന്നടിഞ്ഞ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമ്മിതികളിൽ  നിന്നുമായിരുന്നു.   യുദ്ധത്തിൽ തകർന്ന കെട്ടിട അവശിടങ്ങളിൽ നിന്നും 15.2  ദശ ലക്ഷം കാർബൺ ഡയോക്‌സൈഡ് ആണ് പുറത്തു വന്നത്.  തകർന്ന കെട്ടിടങ്ങൾ പുനർനിർമ്മിക്കുന്ന അവസരത്തിൽ 48.7  ദശ ലക്ഷം കാർബൺ ഡയോക്‌സൈഡ്  അന്തരീക്ഷത്തിൽ പടരും.     യുക്രൈൻ  പരിസ്ഥിതി സംരക്ഷണ മന്ത്രാലയത്തിൻറ്റെ  കണക്കുകൾ പ്രകാരം 2021 ലേതിനേക്കാൾ, 2022 ൽ 23  ശതമാനമാണ് , യുദ്ധം തുടങ്ങി ആറ് മാസങ്ങൾക്കുള്ളിൽ , കാർബൺ മലിനീകരണത്തിൻറ്റെ   വർദ്ധനവ്.  ഇതിൻറ്റെ  വ്യാപനം യുക്രൈനിൽ  മാത്രമായി ഒതുങ്ങി നിൽക്കുകയില്ല. ഇത് മറ്റു  യൂറോപ്യൻ  രാജ്യങ്ങളിലേക്കും വ്യാപിക്കും. 

റഷ്യ നടത്തിയ "എക്കോസൈഡ് "

യുദ്ധത്തിൽ  നേരിട്ട് ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളേക്കാൾ തീക്ഷണമുള്ളതായിരുക്കും,   വരുംകാലങ്ങളിൽ  പ്രകൃതിക്കു  സംഭവിക്കാൻ  പോകുന്ന   കെടുതികൾ     എന്നാണ് പരിസ്ഥിതി  ശാസ്ത്രഞ്ജർ നൽകുന്ന മുന്നറിയിപ്പ്.  ഭീകരമായ  ബോംബിങ്ങിലൂടെ  കാർഷിക  മേഖലകളും, ജലസേചന പദ്ധതികളും, വനങ്ങളും, പ്രകൃതി വിഭവങ്ങളുമെല്ലാം  നശിപ്പിക്കപ്പെട്ടു.  യുക്രയിൻറ്റെ  മാത്രമല്ല, യൂറോപ്പിന്റെ തന്നെ കാലാവസ്ഥയിൽ  മാറ്റം ഉണ്ടാക്കുവാൻ   ഇതിടയാക്കും. സ്വാഭാവികമായുള്ള   പരിസ്ഥിതി  അട്ടിമറിക്കാൻ ശ്രമിക്കുന്ന "എക്കോസൈഡ് " (ECOCIDE)  ആണ്   യുദ്ധത്തിലൂടെ        റഷ്യ നടത്തിയിട്ടുള്ളതെന്നാണ്   യുക്രൈൻ  പരിസ്ഥിതി സംരക്ഷണ  മന്ത്രാലയം  ആരോപിക്കുന്നത്.  ഇതിനുള്ള നഷ്ടപരിഹാരം   റഷ്യയിൽ നിന്നും നിയമപരമായി ലഭിക്കാനും, പ്രകൃതിക്കും,പരിസ്ഥിതിക്കും ലക്കും ലഗാനുമില്ലാതെ ആക്രമണങ്ങളിലൂടെ കനത്ത  നാശനഷ്‌ടം  വരുത്തിയ   റഷ്യയെ  അന്തർദേശിയ ക്രിമിനൽ കോടതിയുടെ വിചാരണക്കു വിധേയമാക്കുവാനും,  ഐക്യ രാഷ്ട്ര സഭയിലെ മറ്റു രാജ്യങ്ങളുടെ സഹായം വേണമെന്ന്  യുക്രൈൻ  പ്രസിഡണ്ട്  വോളോഡിമിർ സെലെൻസ്കി 2022   നവംബറിൽ ഈജിപ്തിൽ വച്ച് നടന്ന (COP-27 ) കാലാവസ്ഥ വ്യതിയാന കോൺഫറൻസിൽ ആവശ്യപ്പെട്ടു.  റഷ്യ  ഏകപക്ഷീയമായി തുടങ്ങിയ  യുദ്ധത്തിലൂടെ  ആഗോള  താപനത്തിൻറ്റെ  തോത് വർധിക്കാൻ ഇടയാക്കുമെന്നും  അന്തർദേശിയ   ക്രിമിനൽ കോടതിയുടെ  വിചാരണയിലൂടെ    യുക്രൈൻറ്റെയും യൂറോപ്പിൻറ്റെ ആകെയും    പരിസ്ഥിതിക്കും, പ്രകൃതിക്കും  അപരിഹാര്യമായ  നഷ്ടം ഉണ്ടാക്കിയ  റഷ്യയെ  അന്തർദേശിയ സമൂഹത്തിനു മുമ്പിൽ  തുറന്നു കാട്ടാമെന്നും  യുക്രൈൻ  കരുതുന്നു.

പി.എസ്‌ .ശ്രീകുമാർ   9847173177 

ഡോ .കെ.ആർ.ജ്യോതികുമാരി  9447213847 



പിന്നിടുകയാണ് 












 

 

No comments:

Post a Comment