നെഹ്രുവിൻറ്റെ സിംഹാസനം ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയത്തിൽ
അഡ്വ. പി.എസ് .ശ്രീകുമാർ
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്തിന് നൽകിയ സംഭാവനയാണ് ജവാഹർലാൽ നെഹ്‌റു എന്ന നേതാവും, രാജ്യ തന്ത്രജ്ഞനും . സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്ത് 9 തവണകളായി 3529 ദിവസമാണ് അദ്ദേഹം ജയിൽ വാസം അനുഭവിച്ചത്. രാജ്യ സ്വാതന്ത്ര്യത്തിനായി സ്വയം സമർപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, രാഷ്ട്ര ശിൽപ്പിയുമായ നെഹ്‌റു താസിച്ചിരുന്ന വസതിയാണ് തീൻമൂർത്തി ഭവൻ. പ്രധാനമന്ത്രി സ്ഥാനത്തിരുന്ന 16 വർഷങ്ങൾ അദ്ദേഹം താമസിച്ചത് തീൻമൂർത്തി ഭവനിലായിരുന്നു . ആധുനിക ഇന്ത്യയുടെ ചട്ടക്കൂട്, മറ്റ് നേതാക്കളുമായി , അദ്ദേഹം തയ്യാറാക്കിയത് തീൻമൂർത്തി ഭവൻ അങ്കണത്തിൽ വച്ചായിരുന്നു. ഇന്ത്യ കണ്ട ഉന്നത ശീര്ഷനായ ഈ ജനകീയ നേതാവിൻറ്റെ സംഭാവനകളോടുള്ള ആദരസൂചകമായാണ് 1964 ൽ, അദ്ദേഹത്തിന്റെ മരണശേഷം, നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി തീൻമൂർത്തി ഭവനിൽ സ്ഥാപിച്ചത് . അന്നത്തെ പ്രസിഡന്റ് ആയിരുന്ന ഡോ . എസ് . രാധാകൃഷ്ണൻറ്റെ അധ്യക്ഷതയിൽ രൂപീകരിച്ച ജവാഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് ആയിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്ത് കേന്ദ്ര സർക്കാരിനോട് ശുപാര്ശചെയ്തത് . സ്വാതന്ത്ര്യ സമരകാലഘട്ടത്തിലും, അതിനു ശേഷവും ജവാഹർലാൽ നെഹ്‌റു രാജ്യത്തിന് നൽകിയ സംഭാവനകളെ കുറിച്ച് സമഗ്രമായ പഠനം നടത്തുവാനും, സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട രേഖകൾ ഭാവി തലമുറയ്ക്കായി സംരക്ഷിച്ചു സൂക്ഷിക്കുവാനും വേണ്ടിയാണ് മ്യൂസിയവും, ലൈബ്രറിയും സ്ഥാപിക്കുവാൻ നെഹ്രുവിനു ശേഷം പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചത്. ഈ മ്യൂസിയത്തിന് തറക്കല്ലിട്ടത് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ആയിരുന്നു. 1966 നവംബർ 14 ന് അദേഹത്തിന്റെ 75 ആം ജന്മദിനത്തിൽ, പ്രസിഡന്റ് ഡോ . എസ് . രാധാകൃഷ്ണൻ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ഔപചാരികമായി തീൻമൂർത്തി ഭവനിൽ ഉദ്‌ഘാടനം ചെയ്തു . അമൂല്യവും, ലോകോത്തരവുമായ ആയിരക്കണക്കിന് ഗ്രന്ഥങ്ങളുടെയും, സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള രേഖകളുടെയും കലവറയാണ് ഈ മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്.
മോദി സർക്കാർ 2014 ൽ അധികാരത്തിൽ വന്നശേഷം നെഹ്രുവിൻറ്റെ ഓർമകളെ ജനങ്ങളിൽ നിന്നും തുടച്ചുമാറ്റാനുള്ള ശ്രമമാണ്, നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത് . അതിൻറ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തീൻമൂർത്തി ഭവനിൽ പ്രവർത്തിക്കുന്ന മ്യൂസിയത്തിൻറ്റെയും , ലൈബ്രറിയുടെയും പേരിൽ നിന്ന് നെഹ്രുവിൻറ്റെ പേര് വെട്ടിമാറ്റുവാൻ എടുത്ത തീരുമാനം. ഒരു വർഷത്തിന് മുമ്പ് നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിൻറ്റെയും ലൈബ്രറിയുടെയും ഭരണ സമിതിയിൽ നിന്നും, നെഹ്രുവിയൻ ചിന്താഗതിയുള്ളവരെയെല്ലാം മാറ്റി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസിഡണ്ടും, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ വൈസ് പ്രസിഡണ്ടായും നിയമിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ധര്മേന്ദ്രപ്രധാൻ , ജി. കിഷൻ റെഡ്‌ഡി, അനുരാഗ് താക്കൂർ തുടങ്ങി സംഘ പരിവാർ സഹയാത്രികരായ 29 പേരാണ് ഭരണ സമിതിയിൽ ഉള്ളത്. ഈ ഭരണ സമിതിയുടെ വൈസ്സ് പ്രസിഡണ്ടായ രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നെഹ്രുവിന്റെ പേര് മാറ്റി പ്രൈംമിനിസ്റ്റർസ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്ന് നാമകരണം ചെയ്യുവാൻ തീരുമാനിച്ചത്. മുൻ പ്രധാനമന്ത്രിമാരുടെ സംഭാവനകൾ കൂടി സ്‌മരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പെരുമാറ്റൽ എന്നാണ് ഇതിനു വിശദീകരണമായി സംഘ് പരിവാർ കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.
എന്നാൽ, നെഹ്രുവിൻറ്റെ പേര് മാറ്റിയത് സദുദ്ദേശത്തോടെയല്ല എന്ന് വ്യക്തമാണ്. ഗാന്ധിജിയുടെയും, നെഹ്രുവിൻറ്റെയും , സുഭാഷ് ചന്ദ്ര ബോസ്സിൻറ്റെയും മൗലാനാ അസദിന്റ്റെയും സംഭാവനകളും, പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽനിന്നും മാറ്റിയ കേന്ദ്ര സർക്കാർ, നെഹ്രുവിന്റെ സംഭാവനകൾ തമസ്കരിക്കുന്നതിന്റ്റെ ഭാഗമായാണ് പേരുമാറ്റൽ നടപടികളുമായി മുന്നോട്ടുപോകുന്നത് എന്നതിൽ സംശയമില്ല.കാർഷിക വികസനത്തിലൂടെ ഭക്ഷ്യ സുരക്ഷ എന്ന ലക്‌ഷ്യം മുൻനിർത്തി, ഭക്രാനംഗൽ , ഹിരാക്കുഡ് തുടങ്ങിയ വൻകിട ജലപദ്ധതികൾ സ്ഥാപിച്ച് , ഇവയാണ് രാജ്യത്തിന്റെ മഹാക്ഷേത്രങ്ങളെന്ന് പ്രഖ്യാപിച്ച നെഹ്രുവിൻറ്റെ പേര് കേൾക്കുന്നത് തന്നെ മോദി ഭക്തരെ അസ്വസ്ഥരാക്കുന്നുണ്ട്. ഇന്ത്യയുടെ ജനാധിപത്യത്തിന് അടിത്തറ പാകിയ , മതേതരത്വത്തിന് പുതിയ മാനങ്ങൾ നൽകിയ, പൊതുമേഖലയെ ശക്തിപ്പെടുത്തി മിശ്ര സമ്പത്ഘടന എന്ന സാമ്പത്തിക തത്വശാസ്ത്രം ലോകത്തിനു നൽകിയ, ഉന്നതമായ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും രാജ്യത്തിന് നൽകിയ നെഹ്‌റുവിനെ ഇന്ത്യ ഉള്ളിടത്തോളം കാലം ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ നിന്നും പറിച്ചുമാറ്റാൻ മോദിക്കോ, ബി ജെ പി സർക്കാരിനോ സാധിക്കില്ല . നെഹ്രുവിൻറ്റെ സിംഹാസനം ഇട്ടിരിക്കുന്നത് ഇന്ത്യയിലെ ജനതയുടെ ഹൃദയത്തിലാണ്. ആ സിംഹാസനം ഇളക്കി മാറ്റുവാൻ ഒരു ശക്തിക്കും സാധിക്കുകയില്ല.
അഡ്വ.പി.എസ് .ശ്രീകുമാർ
9847173177
