,
നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡയുടെ ഇന്ത്യാ സന്ദർശനം
അഡ്വ.പി.എസ് .ശ്രീകുമാർ
ഇന്ത്യൻ മാധ്യമങ്ങളിൽ പ്രാധാന്യം കിട്ടാതിരുന്ന ഒരു സന്ദർശനമായിരുന്നു നേപ്പാൾ പ്രധാന മന്ത്രി പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡയുടെ മെയ് 31 മുതൽ ജൂൺ 3 വരെയുള്ള, നാലു ദിന ഇന്ത്യാ സന്ദർശനം. 2022 ഡിസംബറിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ശേഷം അദ്ദേഹം നടത്തിയ ആദ്യ വിദേശ സന്ദർശനമെന്ന നിലയിൽ മാത്രമല്ല, ഇന്ത്യക്കും, ചൈനക്കും ഇടയിൽ ഉള്ള ബഫർ രാജ്യത്തിലെ ഭരണാധികാരി എന്ന നിലയിലും ഈ സന്ദർശനത്തിന് ഒരു പ്രത്യേക പ്രാധാന്യം ഉണ്ട്.
നേപ്പാളിലെ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എല്ലാ നേതാക്കളും, ഒരു കീഴ്വഴക്കമെന്നനിലയിൽ ആദ്യം സന്ദർശിക്കുന്ന വിദേശ രാജ്യം ഇന്ത്യയാണ് . എന്നാൽ 2008 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മാവോയിസ്റ്) നേതാവെന്ന നിലയിൽ ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്തെത്തിയ പ്രചണ്ഡ, അന്നുവരെയുള്ള എല്ലാ കീഴ്വഴക്കങ്ങളും മാറ്റിവച്ച് ആദ്യ സന്ദർശനം നടത്തിയത് ചൈനയിലേക്കായിരുന്നു. ആ സന്ദർശനവും അതിനു ശേഷം അദ്ദേഹം ചൈനയുമായി പുലർത്തിയ ബന്ധവും ഇന്ത്യ സംശയ ദൃഷ്ടിയോടെയാണ് കണ്ടത്. ഇന്ത്യമായുള്ള കരാറുകളൊക്കെ റദ്ദാക്കണമെന്ന് ഉൾപ്പെടെയുള്ള ഇന്ത്യ-വിരുദ്ധ നിലപാടുകൾ നേപ്പാൾ-ഇന്ത്യ ബന്ധത്തെ അന്ന് ദോഷകരമായി ബാധിച്ചു. പ്രചണ്ഡക്കെതിരെ ഇന്ത്യയും അന്ന് കരുക്കൾ നീക്കിയിരുന്നു. പിന്നീട് ഇന്ത്യയോട് അനുഭാവമുള്ള നേപ്പാളി കോൺഗ്രസ്സുമായി പ്രചണ്ഡ സഖ്യമുണ്ടാക്കിയപ്പോൾ, ഇന്ത്യയോടുള്ള നിലപാടിൽ മാറ്റങ്ങൾ ദൃശ്യമായി. 2016 ലാണ് അദ്ദേഹം രണ്ടാമത് പ്രധാനമന്ത്രിയായത്. അപ്പോഴേക്കും ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിൽ കാര്യമായ മാറ്റം വന്നു. വിദേശകാര്യങ്ങളിൽ സമചിത്തതയും, യാഥാർഥ്യബോധവും ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനമാണ് പിന്നീട് അദ്ദേഹത്തിൽനിന്നുമുണ്ടായത്. കഴിഞ്ഞ കുറെ നാളുകളായി ചൈനയോട് അനുഭവമുള്ള നിലപാടാണ് മാറിമാറി വന്ന നേപ്പാൾ പ്രധാനമന്ത്രിമാർ സ്വീകരിച്ചിരുന്നത്. ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കപ്പെടാതെ നിൽക്കുന്ന പശ്ചാത്തലത്തിൽ പ്രചണ്ഡയുടെ സന്ദർശനത്തിന് ഭാരത സർക്കാരും, വിദേശകാര്യ വകുപ്പും തന്ത്രപരമായ പ്രാധാന്യമാണ് നൽകിയത്.
ഇന്ത്യയുമായുള്ള ബന്ധം
നേപ്പാളിൻറ്റെ അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി മധേസിവിഭാഗക്കാരായ ആളുകൾ നേപ്പാൾ പൗരന്മാരുമായി വിവാഹബന്ധത്തിലേർപ്പെടുന്നുണ്ട്. ഇങ്ങനെ വിവാഹിതരാകുന്നവർക്കു രാഷ്ട്രീയ സ്വാതന്ത്ര്യവും, നേപ്പാൾ പൗരത്വവും നൽകുന്നത് 2016 ൽ ഭരണഘടനാ ഭേദഗതിയിലൂടെ നേപ്പാൾ എടുത്തുകളഞ്ഞു. ഇതുൾപ്പെടെയുള്ള ചില നടപടികൾ ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്ത്തുകയും ഇന്ത്യയിൽ നിന്നുമുള്ള വാഹങ്ങൾ തടയുന്നതിലേക്കും , വാണിജ്യ ബന്ധങ്ങൾ തകരാറിലാക്കുന്നതിലേക്കും നയിച്ചു . ബദൽ എന്ന നിലയിൽ ചൈനയുമായി കൂടുതൽ വാണിജ്യബന്ധം സ്ഥാപിക്കുകയും, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിയുടെ ഭാഗമാവുകയും ചെയ്തു. അതിനുപുറമേ, ചൈനയുമായി നിരവധി റെയിൽവേ, റോഡ് പദ്ധതികൾ ക്കായി കരാറുകൾ ഒപ്പുവെക്കുകയും ചെയ്തു. ഖഡ്‌ഗ പ്രസാദ് ഒലിയായിരുന്നു അന്നത്തെ പ്രധാനമന്ത്രി. ഏതായാലും, ഇന്ത്യയിലേക്കുള്ള സന്ദർശനം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് പ്രചണ്ഡ മുൻകൈ എടുത്തു ആ നിയമം ഭേദഗതി ചെയ്ത് പഴയതുപോലെയാക്കി .
ഒലിയുടെ ഭരണകാലത്തുണ്ടായ മറ്റൊരു ഗുരുതര പ്രശ്‍നം , ഇന്ത്യയുടെ ഭാഗമായ ലിമ്പിയാധുര, കാലാപാനി,ലിപുലേഖ് തുടങ്ങി , അതിർത്തിയോട് ചേർന്നുകിടക്കുന്ന ഭാഗങ്ങൾ നേപ്പാളിന്റ്റെതാണെന്ന് അവകാശപ്പെട്ടുകൊണ്ട് പുതിയ ഭൂപടം പാർലമെന്റ് കൂടി പാസാക്കുകയും,ഇന്ത്യയുമായി വാക്‌പോര് നടത്തുകയും ചെയ്തതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കല്ലുകടിയായി ഇത് ഇപ്പോളും നിലനിൽക്കുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ, സമാധാനപൂർവമായ അന്തരീക്ഷത്തിൽ നയതന്ത്ര തലത്തിൽ ചർച്ച ചെയ്‌ത് പരിഹാരം കണ്ടെത്തുമെന്നാണ് പ്രചണ്ഡയും മോദിയും തമ്മിൽ ഡൽഹിയിൽ നടന്ന ചർച്ചകളിൽ തീരുമാനിച്ചത്.
വളരുന്ന വാണിജ്യബന്ധങ്ങൾ
നേപ്പാളിൻറ്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളി ഇന്ത്യയാണ്. ആ രാജ്യത്തിൻറ്റെ കയറ്റുമതിയുടേയും , ഇറക്കുമതിയുടേയും പ്രധാന കേന്ദ്രം കൽക്കട്ട തുറമുഖമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാട് 20-21 ൽ 976 .78 ബില്യൺ നേപ്പാളി രൂപയുടേതായിരുന്നു. അതിൽ 886.59 ബില്യൺ ഇന്ത്യയിൽ നിന്നുമുള്ള കയറ്റുമതിയായിരുന്നു. ഇന്ത്യയിലേക്കുള്ള കയറ്റുമതി 90.19 ബില്യൺ രൂപയുടേതായിരുന്നു. അതായത് നേപാളിൻറ്റെ കയറ്റുമതിയുടെ 80 ശതമാനം ഇന്ത്യയിലേക്കാണ്. അതുപോലെ ഇറക്കുമതിയുടെ 61 ശതമാനവും ഇന്ത്യയിപ്പോൾ നിന്നുമായിരുന്നു. പെട്രോ ളിയം ഉത്പന്നങ്ങൾ മുതൽ മരുന്നുകൾ വരെയുള്ളവക്ക് നേപ്പാൾ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. ചരക്കു ഗതാഗതം സുഗമമാക്കുന്നതിൻറ്റെ ഭാഗമായി, പുതിയ റെയിൽ-റോഡ് ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാനും, അതിർത്തി കടന്നുള്ള പെട്രോളിയം പൈപ്പ് ലൈൻ നിര്മിക്കാനുമുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.
ഹിമാലയത്തിൽ നിന്നുമുള്ള ജല സമൃദ്ധി ഉപയോഗിച്ച് നിർമിച്ച വൈദ്യുത പദ്ധതികൾ വളരെയധികം ഉള്ള ഒരു രാജ്യമാണ് നേപ്പാൾ. ഇന്ത്യയിലേക്കും, ബംഗ്ലാദേശിലേക്കും വൈദ്യുതി കയറ്റുമതി ചെയ്തു വിദേശനാണ്യം അവർ നേടുന്നുണ്ട്. ഇന്ത്യയിലേക്ക് 16 ബില്യൺ രൂപയുടെ വൈദ്യുതിയാണ് 2023-24 വർഷത്തിൽ കയറ്റുമതി ചെയ്യാൻ ലക്‌ഷ്യം വച്ചിട്ടുള്ളത്. കഴിഞ്ഞ കുറെ നാളുകളായി നിർമാണത്തിനുള്ള ജലവൈദ്യുത പദ്ധതികൾക്ക് പുറമെ,480 മെഗാ വാട് ഉള്ള ഫുക്കോട്-കർണാലി ജല വൈദ്യുത പദ്ധതി, 490.2 മെഗാ വാട്ട് ഉത്പ്പാദനശേഷിയുള്ള അരുൺ-4 ഉൾപ്പെടെയുള്ള പുതിയ വൈദ്യുത പദ്ധതികൾ നിർമിക്കാനുള്ള കരാറുകൽ ഉൾപ്പെടെ ഏഴ് ധാരണ പത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. അടുത്ത വർഷങ്ങളിൽ 10000 മെഗാ വാട്ട് വൈദ്യുതി നേപ്പാളിൽ നിന്നും വാങ്ങുവാനും മോദി -പ്രചണ്ഡ ചർച്ചകളിൽ ധാരണയായി.
ഇന്ത്യയുമായി അടുക്കുമ്പോഴും, ചൈനയുമായുള്ള സൗഹൃദം നിലനിറുത്തേണ്ടത് നേപ്പാളിൻറ്റെ ആവശ്യമാണ്. ചൈനയെ ശത്രുപക്ഷത് ആക്കിയാലുള്ള ദോഷങ്ങൾ നേപ്പാളിനറിയാം. ഈ ബുദ്ധിമുട്ടു മനസ്സിലാക്കി നേപ്പാളിനോട് കൂടുതൽ ഉദാര സമീപനമാണ് ഇന്ത്യ എടുത്തിട്ടുള്ളത്. ഇന്ത്യയുമായും ചൈനയുമായും ഒരേ സമയം സഹകരിച്ചുപോകുന്നത് നൂൽപ്പാലത്തിലൂടെയുള്ള നടത്തം പോലെ ശ്രമകരമാണ്. നേപ്പാളിലെ ജനങ്ങളുമായി നൂറ്റാണ്ടുകളായി ഉള്ള സാംസ്‌കാരിക ബന്ധമാണ് നമുക്കുള്ളത് . ഏതായാലും ഇന്ത്യയുമായി സഹകരിച്ചു മുന്നോട്ട് പോവുക എന്ന നയ സമീപനം പ്രചണ്ഡയും, നേപ്പാളും സ്വീകരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായിരുന്ന പഴയ സൗഹൃദാന്തരീക്ഷം മടക്കി കൊണ്ടുവരുവാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് .
അഡ്വ.പി.എസ് .ശ്രീകുമാർ
9847173177

No comments:
Post a Comment