ജനങ്ങളെ ഞെക്കി പിഴിയുന്ന പിണറായി സർക്കാർ
അഡ്വ. പി.എസ് .ശ്രീകുമാർ
പിണറായി സർക്കാരിന്റ്റെ ജനവിരുദ്ധ നിലപാടുകളുടെ മുഖംമൂടി അഴിഞ്ഞുവീഴുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കേരളീയർ കടന്നു പോകുന്നത്. തുടർ ഭരണം നൽകിയ അമിത ആത്മവിശ്വാസത്തിൽ ജനങ്ങളെ ഞെക്കി പിഴിയുന്ന നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പിണറായി സർക്കാർ. ഒന്നാം പിണറായി സർക്കാരും, രണ്ടാം പിണറായി സർക്കാരും കേരളത്തിലെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി സമാനതകളില്ലാത്തതാണ് . ഈ വര്ഷം ആദ്യ മൂന്നുമാസങ്ങൾക്കുള്ളിൽ തന്നെ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർധിച്ചു. പല വ്യഞ്ജനങ്ങൾ,പച്ചക്കറി, മാംസം, മരുന്ന്, തുണിത്തരങ്ങൾ തുടങ്ങി നിത്യജീവിതത്തിൽ ആവശ്യമുള്ള എല്ലാ സാധനങ്ങൾക്കും 20 മുതൽ 100 ശതമാനം വരെ യാണ് വില കുതിച്ചുകയറിയത് . ഇതിനു പുറമെ പാൽ, വെള്ള കരം, വൈദ്യുതി നിരക്ക്, ഭൂ നികുതി, ഓട്ടോ-ബസ് നിരക്കുകൾ, തുടങ്ങിയവയിലും ഭീകരമായ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്.
ഇതൊന്നും പോരാഞ്ഞിട്ടാണ് ഈ ഏപ്രിൽ മുതൽ പെട്രോൾ/ഡീസൽ എന്നിവക്ക് 2 രൂപ അധിക സെസ് ബജറ്റിലൂടെ ഏർപ്പെടുത്തിയത്. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞതുപോലെയാണ് സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ. അതോടെ വീണ്ടും എല്ലാ സാധനങ്ങൾക്കും വിലവർദ്ധനവ് വന്നിരിക്കുകയാണ്. ഇന്ത്യയിലെ മെട്രോ നഗരങ്ങളായ മുംബൈ,ചെന്നൈ, ഡെൽഹി , കൊൽക്കൊത്ത, ബാംഗ്ലൂർ എന്നിവയോടു മത്സരിച്ചു വിലക്കയറ്റത്തിൻറ്റെ കാര്യത്തിൽ പിണറായി സർക്കാർ കേരളത്തിന് ഒന്നാം സ്ഥാനം നേടി കൊടുത്തിരിക്കുകയാണ്.
പതുങ്ങിനിന്നു ആളുകൾക്ക് ഇരുട്ടടി നൽകുന്ന മാഫിയ സംഘങ്ങളെ പോലെയാണ് ബജറ്റ് അവതരണത്തിന് ശേഷം കെട്ടിട നികുതി ഉയർത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്. . നിലവിലുള്ള കെട്ടിടങ്ങൾക്കു ഓരോ വർഷവും, അഞ്ചു ശതമാനം വീതം നികുതി വർധിപ്പിച്ചുകൊണ്ടുള്ളതാണ് സർക്കാർ ഉത്തരവ്. ഇതിന് പുറമെയാണ് പുതിയ കെട്ടിട നിർമാണത്തിനുള്ള ഫീസുകളും നികുതിയും സർക്കാർ കൂട്ടിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിൽ 1000 ചതുരശ്ര അടിക്ക് നിലവിൽ 278 രൂപ മുതൽ 743 രൂപവരെ നൽകിയിരുന്ന നികുതി ഇനി 557 രൂപ മുതൽ 929 രൂപാവരെയാണ് വർധിപ്പിച്ചിരിക്കുന്നതു. 300 ചതുരശ്ര മീറ്റർ(3200 ചതുരശ്ര അടി) മുകളിലുള്ളവക്ക് നികുതിയിൽ വലിയ വർധനവാണ് ഉണ്ടാകുക. ഇവക്കു ഗ്രാമ പഞ്ചായത്തുകളിൽ 8 മുതൽ 12 രൂപവരെയും, നഗരസഭകളിൽ 12 മുതൽ 25 വരെയുമാണ് ചതുരശ്ര മീറ്ററിന്റെ നികുതി നിരക്ക്. റോഡിൽ നിന്നും വീട്ടിലേക്കുള്ള വഴി, വീടിന്റെ സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ കൂടി പരിഗണിച്ചാണ് നികുതി നിശ്ചയിക്കുക.
സാധാരണക്കാരൻറ്റെ വീടെന്ന സ്വപ്നം മരീചികയായി മാറ്റുന്ന തരത്തിലാണ് നിർമിക്കാൻ ഉദ്ദേശിക്കുന്ന വീടുകളുടെ ഫീസുകൾ കൂട്ടിയിരിക്കുന്നത്. 100 ചതുരശ്ര മീറ്ററിന് താഴെയുള്ള കെട്ടിട നിർമാണ പെർമിറ്റിനുള്ള അപേക്ഷ ഫീസ് 30 രൂപയിൽ നിന്നും 300 രൂപയാക്കി മാറ്റി. പത്തു മടങ്ങാണ് വർധന.100 ചതുരശ്ര മീറ്റർ മുതലും, 300 ചതുരശ്ര മീറ്ററിന് മുകളിലും സ്ലാബുകൾ തിരിച്ചു 3000 രൂപവരെ അപേക്ഷ ഫോമിന് ഈടാക്കും. മുനിസിപ്പാലിറ്റികളിൽ ഇത് 4000 രൂപവരെയും, കോര്പറേഷന് പരിധിയിൽ 5000 രൂപവരെയുമാണ്. പഞ്ചായത്തിൽ 150 (1615 ചതുരശ്ര അടി) ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ചെറിയൊരു വീടിനു പെര്മിറ്റി ഫീസ് ഇനത്തിൽ നേരത്തെ അടക്കേണ്ടിയിരുന്നത് 555 രൂപയായിരുന്നു. ഇപ്പോഴത് 8500 രൂപയായി. നഗരസഭയിലെ നിരക്ക് 11500 രൂപയാണ്. കോർപറേഷനിൽ 16000 രൂപയാണ്. 10000 ചതുരശ്രമീറ്റർ ഫ്ളാറ്റിന് പെര്മിറ്റി ഫീസ് ഒരു ലക്ഷം രൂപയായിരുന്നു 20 ലക്ഷം, രൂപയാക്കി വർധിപ്പിച്ചു. റെജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിൽ ബജറ്റിലൂടെ വർധിപ്പിച്ച നികുതിക്ക് പുറമെയാണ് ഇത്. ഇന്ധനത്തിനുള്ള 2 രൂപ സെസ് കൂടി വന്നതോടെ പാറപ്പൊടി, ഇഷ്ടിക, സിമന്റ്, ഇരുമ്പ് കമ്പികൾ, തുടങ്ങി എല്ലാ നിർമാണ സാമഗ്രികൾക്കും അനിയന്ത്രിതമായ നിരക്കിലാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്.
ബജറ്റിലൂടെ 5000 കോടി രൂപയും, അതിനുശേഷംകെട്ടിട നികുതി, ഫീസ് എന്നിവയിലെ വര്ധനവിലൂടെ മറ്റൊരു 2000 കോടി രൂപയും ജനങ്ങളെ പിഴിഞ്ഞ് എടുക്കാമെന്നാണ് ധനകാര്യ മന്ത്രി ബാലഗോപാൽ കരുതുന്നത്. ഇതിലൂടെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാമെന്നും ധന മന്ത്രി കരുതുന്നു. എന്നാൽ അദ്ദേഹം മറച്ചു വെക്കുന്ന ഒരു കാര്യം, പഴയ നികുതി നിരക്കിൽ പോലും കോടികൾ പിരിച്ചെടുക്കാൻ ഉണ്ട് എന്ന വസ്തുതയാണ്.വിവിധ നികുതികുടിശ്ശികയായി 19920 കോടി രൂപ പിരിച്ചെടുക്കാൻ ഉണ്ടെന്നാണ് ബജറ്റ് രേഖകളിൽ പറയുന്നത്. വൻകിട മുതലാളിമാർ ഉൾപ്പെടയുള്ളവർ വരുത്തിയ ഈ നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ ചെറുവിരൽ പോലും സർക്കാർ അനക്കുന്നില്ല. അതുപോലെ പല പൊതുമേഖലാ സ്ഥാപനങ്ങൾക്കും സർക്കാർ ഗ്യാരണ്ടി നിന്നതു വഴി 27967 കോടി കിട്ടാനുള്ളത് പിരിച്ചെടുക്കാനും സർക്കാർ ശ്രമിക്കുന്നില്ല. ഈ രണ്ട് ഇനത്തിൽ മാത്രം പിരിച്ചെടുക്കാനുള്ളത് 47887 കോടി രൂപയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സാധനങ്ങൾക്കും, സേവനങ്ങൾക്കും ഈടാക്കുന്ന നികുതിയാണ് IGST .ഈ ഇനത്തിൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി സംസ്ഥാന സർക്കാരിന് കിട്ടാനുള്ളത് 25000 കോടി രൂപയാണ്. ഇതിന്റ്റെ കണക്കുകൾ കൃത്യമായി തയ്യാറാക്കി കേന്ദ്ര സർക്കാരിനയച്ചു വാങ്ങിയെടുക്കാനും സംസ്ഥാന സർക്കാർ വീഴ്ചവരുത്തിയിരിക്കുകയാണ്. അനിയന്ത്രിതമായി വർധിക്കുന്ന സർക്കാരിന്റെ ധൂർത്തിനും, അനാവശ്യ ചെലവകൾക്കുമുള്ള ഫണ്ട് കണ്ടെത്തുന്നതിന്, സാധാരണക്കാരുടെ മേൽ നികുതി അടിച്ചേൽപ്പിക്കുക എന്ന എളുപ്പവഴിയാണ് നല്ലതെന്ന് മനസ്സിലാക്കിയാണ് പിണറായി സർക്കാരും, ബാലഗോപാലും ജനങ്ങളുടെ മേൽ കുതിര കയറുന്നത് .
9847173177
No comments:
Post a Comment