കൊച്ചിയിലെ ജലമെട്രോയും പിണറായി സർക്കാരിന്റെ അവകാശവാദവും
അഡ്വ. പി.എസ് .ശ്രീകുമാർ
കഴിഞ്ഞ ഒരു വ്യാഴവട്ടകാലമായി കൊച്ചി നഗരവാസികൾ ആഗ്രഹിച്ചിരുന്ന ഒരു സംയോജിത ജല ഗതാഗത സംരംഭമാണ് 2023 ഏപ്രിൽ 25 നു പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു ഉദ്‌ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോ. ഇത് ഇടതുപക്ഷ സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന ചടങ്ങിൽ അവകാശപ്പെട്ടത്. കൊച്ചി ജല മെട്രോയുടെ പിറകിലുള്ള ചരിത്രം മറച്ചുവച്ചാണ് പിണറായിയും, പിന്നീട് വ്യവസായ മന്ത്രി രാജീവും ഉൾപ്പെടെയുള്ളവർ ഈ വ്യാജ അവകാശം ഉന്നയിക്കുന്നത്.
കൊച്ചി മെട്രോ റെയിലിന് അനുമതി നൽകിയപ്പോൾ, അന്ന് കേന്ദ്രം ഭരിച്ച മൻമോഹൻ സിംഗ് സർക്കാർ ഒരു നിബന്ധനകൂടി വച്ചിരുന്നു. കൊച്ചി നഗരത്തിലെ റോഡ് ഗതാഗതത്തിലെ തിരക്ക് ഒഴിവാക്കുവാൻ മെട്രോ റയലിന് പുറമേ ജല ഗതാഗതം ഉൾപ്പെടെയുള്ള സംയോജിത ഗതാഗതത്തിന് രൂപം നൽകണമെന്നതായിരുന്നു ആ നിബന്ധന. അതിൻറ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേതൃത്വം നൽകിയ മന്ത്രിസഭ, അന്നത്തെ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ ആയിരുന്ന ഏലിയാസ് ജോർജ് ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരുമായി ചർച്ച ചെയ്താണ് സമഗ്രമായ ഒരു ഗതാഗത നയം കൊച്ചിനഗരത്തിനായി രൂപം കൊടുത്ത്ത്. റോഡ് സൗകര്യങ്ങളും, വാഹനങ്ങളുടെ എണ്ണവും വർധിച്ചതോടെ വിവിധ ദ്വീപുകളിൽ താമസിക്കുന്നവും, കനാലുകളുടെ തീരത്തു താമസിക്കുന്നവുമെല്ലാം, മുൻകാലങ്ങളിൽ ആശ്രയിച്ചിരുന്ന ജലഗതാഗതത്തെ അവഗണിച്ചിരിക്കുകയായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിൽ, ആധുനികവും സുരക്ഷിതവുമായ ബോട്ടുകൾ, ബോട്ട് ജെട്ടികൾ, ദ്വീപുകളൾക്കുള്ളിലും, വിവിധ ജെട്ടികളിലേക്കുമുള്ള റോഡുകൾ, തെരുവ് വിളക്കുകൾ എന്നിവ എല്ലാം ഉൾപ്പെടുത്തിയുള്ള സമഗ്രമായ ജലഗതാഗത പദ്ധതിയാണ് തയ്യാറാക്കി 2014 നവംബർ മാസത്തിൽ കേന്ദ്ര സർക്കാരിന് നൽകിയത്.
അങ്ങിനെ, കേന്ദ്ര സർക്കാരിന്റെകൂടി അംഗീകാരത്തോടെയാണ്, 2015 ൽ ഉമ്മൻചാണ്ടി സർക്കാർ ഒരു സംയോജിത ജല ഗതാഗത സംവിധാനം വിഭാവനം ചെയ്തത് . 19-11-2015ൽ സ.ഉ.(എം.എസ് ) 73/2015 /ഗതാഗതം എന്ന ഉത്തരവ് പ്രകാരമാണ് 682 .01 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. അതിനു മുമ്പ് തന്നെ അന്നത്തെ കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ആയിരുന്ന എലിയാസ് ജോർജിനെ ഇതിനു ധനസഹായം നൽകുന്ന ഏജൻസിയെ കണ്ടുപിടിക്കാൻ ചുമതല ഏൽപ്പിച്ചു. ജർമൻ ധനകാര്യ സ്ഥാപനമായ Kfu (Kreditanstalt fur Wiederauthau ) എന്ന സ്ഥാപനവുമായി ചർച്ചനടത്തി ധനസഹായം ഉറപ്പാക്കിയത് എലിയാസ് ജോർജിൻറ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമായിരുന്നു. ഇന്ത്യയിലെ മാത്രമല്ലാ ഏഷ്യയിലെ തന്നെ ആദ്യത്തെ ജല മെട്രോ എന്ന രീതിയിലാണ് ഇതിനു രൂപം നൽകിയത് .
കൊച്ചിയിലെ പത്തു ദ്വീപുകളെ ആധുനിക മെട്രോ ജലഗതാഗത സംവിധാനവുമായി ബന്ധപ്പെടുത്തികൊണ്ടു വേഗതയിൽ യാത്ര സൗകര്യം ഒരുക്കുകയായിരുന്നു പ്രധാന ഉദ്ദേശം. അന്ന് നിലവിലുണ്ടായിരുന്ന, സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ജലഗതാഗത സംവിധാനം, ആറു പഴഞ്ചനും, വളരെ വേഗതകുറഞ്ഞതുമായിരുന്നു. മാത്രമല്ലാ , ആധുനിക സൗകര്യങ്ങളൊന്നും അതിലില്ലായിരുന്നു. അതുകൊണ്ട് കൊച്ചി നഗരത്തിലെ ദ്വീപു നിവാസികൾ പോലും റോഡ് ഗതാഗതത്തെ ആശ്രയിക്കേണ്ടിവരുന്നു. കൊച്ചിയിലെ റോഡുകളിലെ വാഹനങ്ങളുടെ പെരുപ്പവും, തിരക്കും, ഗതാഗത കുരുക്കുകളും രൂക്ഷമാണ്. റോഡുകളുടെ വീതിയില്ലായ്മ തിരക്കിന്റെ രൂക്ഷത വർധിപ്പിക്കുകയും ചെയ്യുന്നു . ദ്വീപു നിവാസികൾ റോഡ് ഗതാഗതം ഒഴിവാക്കി ജല ഗതാഗതത്തെ ആശ്രയിക്കുകയാണെങ്കിൽ അവരുടെ യാത്രാ ക്ലേശങ്ങൾ ഒഴിവാക്കുന്നതിനൊപ്പം റോഡിലെ തിരക്ക് അല്പമെങ്കിലും കുറക്കുവാനും സാധിക്കും എന്ന വിശ്വാസത്തിലാണ് മെട്രോ റയിലിനൊപ്പം , വാട്ടർ മെട്രോ എന്ന സംയോജിത ഗതാഗത സംവിധാനത്തിന് വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ അർബൻ മാസ്സ് ട്രാൻസിറ്റ് കമ്പനിയെ ഏൽപ്പിച്ചത്. ജലമേട്രോ, മൂന്നു ഘട്ടങ്ങളായി പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്തത്. പദ്ധതിയുടെ ആദ്യഘട്ടമായാണ് ഹൈകോർട്-വൈപ്പിൻ ടെര്മിനലുകളിൽ നിന്നും, വൈറ്റില-കാക്കനാട് ടെർമിനലിൽ നിന്നുമുള്ള വാട്ടർ മെട്രോ സർവീസുകൾ. ഒന്നാം ഘട്ടത്തിന് 214 കോടി രൂപയും, രണ്ടാം ഘട്ടത്തിന് 156 കോടി രൂപയും, മൂന്നാം ഘട്ടത്തിന് 312 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിച്ചത്. ആദ്യ ഘട്ടത്തിൽ 35000 യാത്രികർക്കും,പിന്നീട് 90000 യാത്രികർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രൊജക്റ്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. പദ്ധതിയുടെ മൂന്നു ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ പത്തു ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് 78 വാട്ടർ മെട്രോ സർവിസുകൾ നടത്തുവാൻ സാധിക്കും. പദ്ധതി നടത്തിപ്പിൽ കാലതാമസം ഉണ്ടായതോടെ പദ്ധതി ചെലവ് 1136.83 കോടിയായി വർധിച്ചു. അതിൽ 908.76 കോടി രൂപ ജർമൻ ഫണ്ടിംഗ് ഏജൻസിയുടെ ധനസഹായമാണ്.
വാട്ടർ മെട്രോക്ക് വേണ്ട ബോട്ടുകൾ നിർമിക്കുന്നത് കൊച്ചി കപ്പൽ നിർമ്മാണശാലയാണ് . ഭാരം കുറവുള്ള അലൂമിനിയവും, ആധുനിക സാങ്കേതികവിദ്യകളും, അതുപോലെ നൂതനമായ ഗതിനിയന്ത്രണ-ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ചാണ് ബോട്ടുകൾ നിർമിച്ചിട്ടുള്ളത്. ശീതികരിച്ച ഈ ഇലക്ട്രിക്ക്ബോട്ടുകളിൽ സുരക്ഷിതമായി യാത്രചെയ്യുവാൻ സാധിക്കും. ഡീസലോ,മറ്റു പെട്രോളിയം ഇന്ധനങ്ങളോ ഉപയോഗിക്കാത്തതിനാൽ, മലിനീകരണം തീരെ കുറവാണു. പ്രകൃതി സൗഹൃദമായാണ് മെട്രോക്ക് ആവശ്യമായ ബോട്ടുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.
നഗരത്തിലെ തിരക്ക് കുറക്കുന്നതിനൊപ്പം, കാർബൺ ഫുട്പ്രിൻറ് കുറക്കാനും ഇത് സഹായിക്കും. പദ്ധതിയുടെ മൂന്നു ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ, കാർബൺ ബഹിർഗമനത്തിൽ 44000 ടണ്ണിൻറ്റെ കുറവ് ഉണ്ടാകും. ഉമ്മൻചാണ്ടി സർക്കാർ വിഭാവനം ചെയ്ത ഈ പദ്ധതി അനാവശ്യമായ കാലതാമസം വരുത്തിയതിലൂടെ അധിക ചെലവ് വരുത്തിയതാണ് പിണറായി സർക്കാരിന്റെ സംഭാവന . യു ഡി എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന നിലയിൽ ഈ പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിന് യു ഡി എഫിനെ പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവിനെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടതായിരുന്നു.
അഡ്വ. പി.എസ് .ശ്രീകുമാർ
9847173177
No comments:
Post a Comment