Monday, 29 May 2023

 

                  ഇങ്ങനെയാണോ  ആരോഗ്യ രംഗത്തെ നമ്പർ വൺ ?

അഡ്വ. പി.എസ് .ശ്രീകുമാർ 

കൊട്ടാരക്കര  താലൂക്ക് ആശുപത്രിയിൽ  ജോലിക്കിടെ മയക്കുമരുന്നിന് അടിമയായ ഒരു അക്രമിയുടെ കുത്തേറ്റ്  മോഹൻദാസ്- വസന്തകുമാരി ദമ്പതികളുടെ ഏക മകളായ  വന്ദന ദാസ് എന്ന  23  കാരിയായ ഹൌസ്  സർജൻ മരിക്കാനിടയായത്,   കേരളം സമൂഹത്തിൻറ്റെ നൊമ്പരമായി മാറി.  കടത്തുരുത്തി മുട്ടുചിറയിലെ വീട്ടുവളപ്പിൽ  നാട്ടുകാരായ   ആയിരങ്ങളുടെ  തേങ്ങലുകൾക്കിടയിലാണ്  വന്ദന ദാസിന്റെ ചേതനയറ്റ ഭൗതിക  ശരീരം  ചിതയിലേക്ക് എടുത്തത്. പോലീസ്  പിടികൂടി  കൊണ്ടുവന്ന  പ്രതിയാണ്  വന്ദന ദാസിനെ അതിക്രൂരമായ രീതിയിൽ  കൊലചെയ്തത് എന്നത് സംഭവത്തിന്റെ  ഗൗരവം വർധിപ്പിക്കുന്നു.   ഈ ആരും കൊലയുടെ പശ്ചാത്തലത്തിൽ, ഡോക്ടർമാരുടെ സംഘടനകൾ ശക്തമായ സമരത്തിന് ഇറങ്ങിയപ്പോളാണ്, ആശുപത്രികളുടെയും, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും സുരക്ഷക്കായി  നിലവിലുള്ള നിയമം  ശക്തമായി നടപ്പാക്കുന്നതിനെക്കുറിച്ചു  സർക്കാരിന്  ആലോചിക്കേണ്ടി വന്നിരിക്കുന്നത്.  ഒരു പതിറ്റാണ്ട് പഴക്കമുള്ള    നിയമം ബന്ധപ്പെട്ടവരുമായി ചർച്ചചെയ്‌തു  പരിഷ്കരിക്കാൻ  പിണറായി സർക്കാർ തയ്യാറായില്ല.     ഇന്ത്യൻ മെഡിക്കൽ അസ്സോസിയേൻറ്റെ   ഈ ആവശ്യം  അംഗീകരിക്കാൻ  നിഷ്കളങ്കയായ  ഒരു പെൺകുട്ടിയുടെ   ജീവൻ ഹോമിക്കേണ്ടി   വന്നു  എന്നത്   ഒരു പരിഷ്‌കൃത സമൂഹം  എന്ന്  അവകാശപ്പെടുന്ന  നമുക്ക്   അപമാനമാണ്  .

യു ,ഡി.എഫ് സർക്കാർ കൊണ്ടുവന്ന നിയമം 

2011-12  കാലഘട്ടത്തിൽ   ആശുപത്രികൾ  ആക്രമിക്കപ്പെട്ട   ചില  സംഭവങ്ങളുടെ  പശ്ചാത്തലത്തിൽ  ആരോഗ്യ പ്രവർത്തകർക്കും, ആശുപത്രികൾക്കും സംരക്ഷണം നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ്  സംഘടനകളും ആവശ്യപ്പെട്ടതിൻറ്റെ  അടിസ്ഥാനത്തിൽ  അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, ആരോഗ്യമന്ത്രിയായിരുന്ന അടൂർ പ്രകാശും മുൻകൈ എടുത്താണ്  ആശുപത്രി സംരക്ഷണ നിയമം  സംസ്ഥാനത്തു കൊണ്ടുവരണമെന്ന് തീരുമാനിച്ചത്.  മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി അടൂർ പ്രകാശ്  റവന്യൂ വകുപ്പിന്റെ ചുമതലയിലേക്ക് മാറിയപ്പോൾ, ആരോഗ്യ മന്ത്രിയായി  വി.എസ. ശിവകുമാർ   ചുമതലയേറ്റു .    അദ്ദേഹത്തിന്റെ നേതൃത്വത്തിൽ,    ആരോഗ്യമേഖലയിലെ ബന്ധപ്പെട്ട എല്ലാ സംഘടനകളുമായി വിശദമായ ചർച്ച നടത്തിയാണ്   2012 ലെ കേരളാ  ആരോഗ്യ  രക്ഷ  സേവന പ്രവർത്തകരും ആരോഗ്യ രക്ഷ സേവന സ്ഥാപനങ്ങളും(അക്രമവും, സ്വത്തിനുള്ള നാശവും തടയൽ) നിയമം 2012  ഓഗസ്റ്റ് 26 നു സർക്കാർ  നടപ്പിലാക്കിയത്.  ഈ നിയമം അനുസരിച്ചു  ആരോഗ്യ പ്രവർത്തകരോ, സ്ഥാപനമോ ആക്രമിക്കപ്പെട്ടത്   ജാമ്യം ഇല്ലാത്ത കൊഗ്‌നൈസബിൾ  കുറ്റമായി കേസ് എടുക്കാൻ  ഈ നിയമത്തിലെ  സെക്ഷൻ  4  അനുസരിച്ചു സാധിക്കും.  മാത്രമല്ല പ്രസ്തുത കുറ്റം തെളിയിക്കപ്പെട്ടാൽ  കുറ്റവാളിയെ  മൂന്നു വർഷം  വരെ തടവും   50,000 .രൂപ വരെ  ശിക്ഷ വിധിക്ക്കാമെന്നും   നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  പുറമേ, നാശനഷ്ടങ്ങൾക്ക്  നഷ്ടപരിഹാരം നൽകാനും   പറയുന്നു .  ഈ നിയമത്തിനു 2010  ഒക്ടോബര് 26 മുതൽ മുൻകാല പ്രാബല്ല്യവും  അന്ന്  സർക്കാർ  നൽകി.  നിയമം പ്രാബല്യത്തിൽ വന്നതോടെ  കുറെ നാളത്തേക്ക് ആശുപത്രി ആക്രമണങ്ങൾക്കു  താത്ക്കാലിക വിരാമം ഉണ്ടായി..

നിയമം    നടപ്പിൽ വന്ന  2012  മുതൽ  2016  വരെ ആരോഗ്യ സ്ഥാപനങ്ങൾ ആക്രമിച്ചതിന് 8  കേസുകളും ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചതിന്  തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ  ജില്ലകളിലായി  50  കേസുകളുമാണ്  ആകെ എടുത്തത്.  മറ്റു ജില്ലകളിൽ നിന്നും  അക്രമ സംഭവങ്ങളോ  കേസുകളോ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലായിരുന്നു.  എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം  2016  മുതൽ   2021  മേയ് വരെ  220  അക്രമ സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്തത് .   പലപ്പോഴും സംഭവിക്കുന്നത്  ആശുപത്രികളിൽ ആക്രമണം നടന്നാൽ നിയമപ്രകാരം  കേസ് രജിസ്റ്റർ ചെയ്യാറില്ല. അതിനുപകരം,  രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ പേരിൽ  അടിപിടി കേസ് ആയി ഇതൊക്കെ രേഖപ്പെടുത്തപ്പെടും .  അടിപിടി കേസ് ആണെങ്കിൽ പോലീസ് സ്റ്റേഷനിൽ നിന്നുതന്നെ  ജാമ്യം നൽകാം. എന്നാൽ  2012 ലെ നിയമപ്രകാരം കേസ് എടുത്താൽ  സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിക്കുകയില്ലെന്നു മാത്രമല്ല,  മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാക്കുകയും വേണം.. അങ്ങിനെ വന്നാൽ ചിലപ്പോൾ പ്രതിയെ റിമാൻഡ് ചെയ്യാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് പോലീസും പ്രതികളും കൂടി ഒത്തുകളിച്ചു  അക്രമ സംഭവങ്ങൾ അടിപിടി കേസ് ആയി ഒതുക്കുന്നത്.


രാഷ്ട്രീയ സ്വാധീനത്താൽ കേസുകൾ ഒതുക്കപ്പെടുന്നു.

കേരളത്തിൽ നടക്കുന്ന മറ്റു അക്രമ സംഭവങ്ങൾ പോലെ  ആശുപത്രികൾക്കെതിരായ ആക്രമണങ്ങളിൽ  ഏറിയകൂറും  ഉണ്ടാകുന്നത്   മാർക്സിസ്റ്റ് പാർട്ടിയുടെ  പ്രാദേശിക നേതാക്കളുടെ   നേതൃത്വത്തിലോ അവരുടെ പിന്തുണയോടെയോ ആണ്  എന്നതാണ് വസ്തുത.  ഇന്ന് മന്ത്രിസഭാംഗമായിരിക്കുന്ന ഒരു മാർക്സിസ്റ്റ് പാർട്ടി നേതാവ് മുമ്പ്  തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ കയറി  ഒരു  ഡോക്റ്ററിനെ  അസഭ്യം പറഞ്ഞ സംഭവം ആ ഡോക്ടർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.  ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്  കോങ്ങാട് എം.എൽ.എ  ഒരു വനിതാ ഡോക്ടറിനോട്  കഴിഞ്ഞദിവസം  അപമര്യാദയായി പെരുമാറി എന്ന വാർത്ത.   നിയമം ഇല്ലാത്തതല്ല  ഇവിടെ  പ്രശ്നം.  ഭരണ കക്ഷിക്ക്  വേണ്ടപ്പെട്ടവർക്ക്   വേണ്ടി  നിയമങ്ങൾ വളച്ചൊടിക്കുകയോ, ലംഘിക്കപ്പെടുകയോ ചെയ്യുന്നു.   നിയമങ്ങൾ  അതിൻറ്റെ  ഉദ്ദേശം  മനസ്സിലാക്കി  നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടിരിക്കയാണ് .  ദുരന്തങ്ങളിൽ നിന്നും പാഠം  പഠിക്കുമെന്നു  ജനങ്ങൾ  വിചാരിക്കുന്നെൻകിലും  അതിൽ നിന്നൊന്നും  ഒരു പാഠവും  പിണറായി  സർക്കാർ പഠിക്കുന്നില്ല  എന്നതാണ് കേരളത്തിൻറ്റെ  ശാപം.


അഡ്വ. പി.എസ്‌ .ശ്രീകുമാർ 

9847173177  



നിയമങ്ങളുടെ 






No comments:

Post a Comment