വഷളാകുന്ന ഇന്ത്യാ -കാനഡ ബന്ധം
അഡ്വ. പി .എസ് .ശ്രീകുമാർ
ഇന്ത്യയും, കാനഡയും തമ്മിൽ ചരിത്രപരമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി ആ ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന രീതിയിലുള്ള നടപടികളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് കൊളമ്പിയയിൽ വച്ച് ഖാലിസ്ഥാൻ നേതാവിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യ നിയോഗിച്ച ഏജന്റുമാർക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ വിവരമുണ്ടെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൻറ്റെ അടിയന്തിര സമ്മേളനത്തിൽ അറിയിക്കുകയും, കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ പവൻ കുമാർ റായിയെ പുറത്താക്കാനുള്ള കാനഡ സർക്കാരിന്റെ തീരുമാനവുമാണ് പൊടുന്നനെയുണ്ടായ പ്രതിസന്ധിക്കു കാരണം. പകരം വീട്ടിക്കൊണ്ട്, ഇന്ത്യയിലെ മുതിർന്ന കാനഡ നയതന്ത്ര പ്രതിനിധിയായ ഒലിവർ സിൽവെസ്റ്ററിനെ പുറത്താക്കിക്കൊണ്ട് ഇന്ത്യയും തിരിച്ചടിച്ചു..
ഏറ്റവും ഒടുവിലുണ്ടായ ഈ നടപടികൾക്ക് ഹേതുവായത് ജി-20 ഉച്ചകോടി സമ്മേളനത്തിൽ പങ്കെടുക്കാൻ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഡൽഹിയിൽ എത്തിയപ്പോൾ മുതലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും തമ്മിലുണ്ടായ ഉഭയകക്ഷി ചർച്ചയിൽ, ഖാലിസ്ഥാൻ വാദികളായ ചില സിഖ് ഭീകരർ കാനഡയുടെ മണ്ണിൽ നടത്തുന്ന ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ കാനഡ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ മോദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും, ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ അഭിപ്രായം പറയാനും, സമാധാനപരമായ പ്രകടനങ്ങൾ നടത്താനുമുള്ള അവകാശത്തെ മാനിക്കുമെന്നാണ് ട്രൂഡോ പറഞ്ഞത്. ഉച്ചകോടിക്ക് ശേഷം ട്രൂഡോ മടങ്ങേണ്ടിയിരുന്ന വിമാനത്തിന് യന്ത്രത്തരാർ സംഭവിച്ച് അദ്ദേഹം രണ്ടുദിവസം കൂടി ഹോട്ടലിൽ തന്നെ തങ്ങേണ്ടിവന്നതും, ജി-20 ഉച്ചകോടിയിൽ ട്രൂഡോക്ക് അർഹമായ പ്രാധാന്യം നൽകിയില്ലെന്ന കാനഡയിലെ മാധ്യമങ്ങളുടേയും രാഷ്ട്രീയ വൃത്തങ്ങളുടെയും പ്രചാരണവും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കരിനിഴൽ വീഴ്ത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള അകൽച്ച വർധിച്ചതോടെ കാനഡയും, ഇന്ത്യയുമായി കഴിഞ്ഞ കുറെ വര്ഷങ്ങളായി നടത്തിവന്ന വാണിജ്യ ചർച്ചകൾ നിർത്തിവക്കുകയും, ഇക്കാര്യത്തിനായുള്ള കാനഡ വാണിജ്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കുകയും ചെയ്തു.
ട്രൂഡോയും ഇന്ത്യാ വിരുദ്ധ സംഘടനകളും
2015 ലാണ് ജസ്റ്റിൻ ട്രൂഡോ ആദ്യമായി പ്രധാനമന്ത്രിസ്ഥാനത്തെത്തിയത്. പാർലമെന്റിൽ ഭൂരിപക്ഷമില്ലാതിരുന്ന ട്രൂഡോയുടെ ലിബറൽ പാർട്ടി ഇന്ത്യാ വിരുദ്ധനായ ജഗ്‌മീത് സിങ് നേതൃത്വം കൊടുക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുമായി ധാരണ ഉണ്ടാക്കിയാണ് മന്ത്രിസഭ രൂപീകരിച്ചത്. അന്നത്തെ അദേഹത്തിൻറ്റെ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ നാല് മന്ത്രിമാരിൽ പേരിൽ മൂന്നു പേരും സിഖ് വംശജരായിരുന്നു. മന്ത്രിസഭയിലെ സിഖ് മന്ത്രിമാരുടെ സ്വാധീനത്തിനു വഴങ്ങി ഇന്ത്യാ വിരുദ്ധരായ പല സംഘടനകളുടെയും മീറ്റിംഗുകളിൽ അദ്ദേഹത്തിന് പങ്കെടുക്കേണ്ടി വന്നു. ഖാലിസ്ഥാൻ വാദികളായ സിഖ് ഖൽസയുടെ നേതൃത്വത്തിൽ 2017 ൽ കാനഡയിൽ നടത്തിയ പരേഡിൽ ട്രൂഡോ മുഖ്യാതിഥിയായി പങ്കെടുത്തപ്പോൾ, ഇന്ത്യൻ വിദേശകാര്യവകുപ്പ് ശക്തമായ പ്രതിഷേധം അറിയിക്കുകയുണ്ടായി. ഈ ഒരു പശ്ചാത്തലത്തിൽ, ഇന്ത്യയുമായുള്ള ബന്ധം സുദൃഡമാക്കുവാൻ 2018 ഫെബ്രുവരിയിൽ 8 ദിവസം നീണ്ടുനിന്ന ഇന്ത്യ സന്ദർശനത്തിന് അദ്ദേഹം എത്തി. എന്നാൽ, ഡൽഹിയിൽ നടത്തിയ അത്താഴവിരുന്നിൽ, പഞ്ചാബ് സംസ്ഥാന മന്ത്രിസഭയിലെ അംഗമായിരുന്ന മൽക്കിയത് സിങ് സിധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാനഡ കോടതി ശിക്ഷിച്ച ജസ്പാൽ അത്‌വാലിനെ ഔദ്യോഗിക അംഗമായി ട്രൂഡോ ക്ഷണിച്ചത് വലിയ പ്രശ്നമായി. അയാളെ ഒഴിവാക്കാൻ ഇന്ത്യ ആവശ്യപ്പെടുകയും, കാനഡ സർക്കാരിന് ഒടുവിൽ അയാളെ ഒഴിവാക്കേണ്ടിവരുകയും ചെയ്തത് ട്രൂഡോക്കും, അന്തർദേശിയ തലത്തിൽ കാനഡാക്കും, വലിയ ക്ഷീണമായി മാറി. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെയാണ് ട്രൂഡോ വീണ്ടും പ്രധാനമന്ത്രിയായത്. അദ്ദേഹത്തിൻറ്റെ നിലവിലുള്ള മന്ത്രിസഭയിലും ഖാലിസ്ഥാൻ തീവ്രവാദികളോട് അനുഭാവം പുലർത്തുന്ന മന്ത്രിമാർ ഉണ്ടെന്നത് ശ്രദ്ധേയമാണ്.
ആരാണ് ഹർദീപ്‌സിങ് നിജ്ജ?
ഇന്ത്യാ - കാനഡ ബന്ധത്തിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രതിസന്ധിക്ക് കാരണമായ സംഭവമാണ് ഖാലിസ്ഥാൻ നേതാവ് ഹർദീപ്‌സിങ് നിജ്ജയുടെ കൊലപാതകം. കഴിഞ്ഞ ജൂൺ 18 നായിരുന്നു ഹർദീപ്‌സിങ് നിജ്ജാർ എന്ന തീവ്രവാദി, വാൻകൂവറിലെ ഗുരുനാനാക് ഗുരുദ്വാരക്കു സമീപം അജ്ഞാതരായ രണ്ടുപേരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ജലന്ധറിൽ 1977 ൽ ജനിച്ച നിജ്ജാർ, 1997 ലാണ് കാനഡയിലേക്ക് കുടിയേറിയത്. പ്ലംബറായി ജോലിചെയ്തിരുന്ന നിജ്ജാർ , സിഖ് തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി, ബാബ്ബർ ഖൽസ ഇന്റർനാഷണൽ എന്ന വിഘടനവാദ സംഘടനയുടെ സജീവ പ്രവർത്തകനായി. പിന്നീട്, ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന തീവ്രവാദ സംഘടനയുടെ തലവനായി മാറി. പഞ്ചാബിനെ സ്വതന്ത്രമാക്കി ഒരു ഖാലിസ്ഥാൻ രാജ്യം സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ അയാൾ സജീവമാകുകയും, ഇന്ത്യയിലേതുൾപ്പെടുയുള്ള സിഖ് യുവാക്കളെ ആകർഷിച്ച് കൂടെക്കൂട്ടി ഹിതപരിശോധന എന്ന ആവശ്യത്തിന് വേണ്ടി പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പാകിസ്ഥാൻ ചാര സംഘടയായ ഐ.എസ് .ഐ യുടെ സഹായത്തോടെയാണ് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്ന് ആരോപിച്ചുകൊണ്ട് ഇന്ത്യാ സർക്കാർ ഈ സംഘടനയെ നിരോധിക്കുകയും ,2020 ജൂലൈയിൽ നിജ്ജാറിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇയാളെ പിടിച്ചുകൊടുക്കുന്നവർക്കു 10 ലക്ഷം രൂപയും ഇന്ത്യ പ്രഖ്യാപിച്ചു. . പിന്നീട് ഇയാളെ പ്രതിയാക്കി, ദേശിയ അന്വേഷണ ഏജൻസി (NIA ) ഒരു കേസ് രജിസ്റ്റർ ചെയ്ത് കാനഡ സർക്കാരിനെയും അറിയിച്ചു. ഇക്കഴിഞ്ഞ ജൂണിൽ കാനഡയിലെ സിഖ് മതവിശ്വാസികൾ നടത്തിയ ഘോഷയാത്രയിൽ നുഴഞ്ഞുകയറിയ തീവ്രവാദികൾ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവഹേളിക്കുന്ന ഒരു ഫ്‌ളോട്ട് ഉൾപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം കാനഡ സർക്കാരിനെ അറിയിച്ചു. ടൊറൊനന്റോയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് നേരെയും അടുത്തിടെ ആക്രമണം ഉണ്ടായി. ഈ വിധ്വംസക ശക്തികളുടെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിനെതിരെ കാനഡ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കു ന്നില്ലെന്നതാണ് ഇന്ത്യയുടെ ആരോപണം. സിഖ് തീവ്രവവാദികളോടുള്ള കാനഡ സർക്കാരിൻറ്റെ മൃദു സമീപനമാണ് തീവ്രവാദി സംഘടനകൾക്ക് വളമായി മാറുന്നത്.
വോട്ട് ബാങ്കായി മാറിയ സിഖ് സമൂഹം
2024 ൽ രണ്ടാം ഊഴം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി ട്രൂഡോ വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതുണ്ട്. കാനഡയുടെ ജനസംഖ്യയുടെ 4 ശതമാനം ഇന്ത്യൻ വംശജരാണ്. ഏകദേശം 14 ലക്ഷം ഇന്ത്യൻ വംശജരാണ് അവിടെയുള്ളത്. അതിൽ 2.12 ശതമാനം പേരും സിഖ് വംശജരാണ്. അതായതു സിഖ് വംശജരുടെ എണ്ണം 2021 ലെ സ്ഥിതിവിവരക്കണക്കനുസരിച്ചു 7,71,790 പേർ. ഇന്ത്യക്കു വെളിയിൽ ഏറ്റവും കൂടുതൽ സിഖ് വംശജർ ഉള്ളത് കാനഡയിലാണ്. അമേരിക്കയിലും, ബ്രിട്ടനിലും 5,00,000 പേർ വീതവും , ഓസ്‌ട്രേലിയയിൽ 2,00,.000 സിഖ് വംശജരുമാണ് ഉള്ളത്. സിഖ് വംശജരെ വോട്ട് ബാങ്കായി ട്രൂഡോ ഉപയോഗിക്കുന്നതാണ് തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുന്നതിൽ നിന്നും കാനഡ സർക്കാരിനെ പിന്നോട്ടുവലിക്കുന്ന പ്രധാന ഘടകം.
വിദ്യാർത്ഥികളുടെ ആശങ്ക
ഇന്ത്യയിൽ നിന്നും, പഠനത്തിനായി ഏറ്റവും കൂടുതൽ വിദ്യാർഥികൾ പോകുന്ന രാജ്യമാണ് കാനഡ. 2022 ൽ ഇന്ത്യയിൽ നിന്നും കാനഡയിൽ എത്തിയ വിദ്യാർത്ഥികളുടെ എണ്ണം 2,26,450 ആയിരുന്നു. 2023 ൽ ആഗസ്റ്റ് വരെ വിവിധ രാജ്യങ്ങളിൽ നിന്നുമായി 4,34,899 വിദ്യാർത്ഥികളാണ് പഠനത്തിനായി അവിടെ എത്തിയത്. അതിൽ 40 ശതമാനം വിദ്യാർഥികളാണ് ഇന്ത്യയിൽ നിന്നും ഉണ്ടായിരുന്നത് . അതായത് 1,75,021 വിദ്യാർഥികൾ. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് വീസയ്‌ക്കും പി.ആറിനും അപേക്ഷിച്ചു ഇപ്പോൾ കാത്തിരിക്കുന്നത്. കേരളത്തിലെ ഒരു ഏജൻസി മുഖാന്തിരം ഈ വര്ഷം കാനഡയിലേക്കു 7300 ഓളം വിദ്യാർത്ഥികളാണ് പോയത്. ഇന്ത്യയും കാനഡയും തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ കാനഡയിലേക്ക് പഠനത്തിനും, ജോലിക്കുമായി പോകുവാൻ വീസ /പി.ആർ എന്നിവ പ്രതീക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെയും,, യുവാക്കളെയും ആശങ്കാകുലരാക്കിയിരിക്കുകയാണ്. വിദേശവിദ്യാർഥികളിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ഒരു രാജ്യമാണ് കാനഡ. അവിടത്തെ സർവ്വകലാശാലകളുടെ പ്രധാന വരുമാന സ്രോതസും ഇന്ത്യൻ വിദ്യാർത്ഥികളാണ്. 2021 ൽ വിദ്യാർഥികളിൽ നിന്നും ലഭിച്ചത് 600 കോടി ഡോളർ ആയിരുന്നു. ഇന്ത്യയിലെ ഷെയർ മാർക്കറ്റിൽ കാനഡയിൽ നിന്ന് ലഭിച്ച നിക്ഷേപം 4000 കോടി ഡോളറാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 800 കോടി ഡോളറിന്റ്റെതാണ്. ഈ സാഹചര്യത്തിൽ, വരുമാനത്തിൽ ഇടിവുണ്ടാകുന്ന നടപടികൾ കാനഡ കൈക്കൊള്ളാനായുള്ള സാധ്യത കുറവാണ്.
അഡ്വ. പി.എസ് .ശ്രീകുമാർ
9847173177