Wednesday, 6 September 2023

                           ഇമ്രാൻഖാനും   പാകിസ്താൻ   രാഷ്ട്രീയവും 

അഡ്വ.പി.എസ്‌ . ശ്രീകുമാർ 

പാകിസ്ഥാൻ  പട്ടാളവുമായി  ഉണ്ടാക്കിയ  ധാരണയുടെ  അടിസ്ഥാനത്തിലാണ്  2018 ലെ തെരഞ്ഞെടുപ്പിൽ  പട്ടാളത്തിൻറ്റെ  സഹായത്തോടെ   ഇമ്രാൻഖാൻ  അധികാരത്തിലേറിയത്.   പട്ടാളമേധാവിയായിരുന്ന  ജാവേദ്  ബാജ്‌വക്ക്   കാലാവധി  നീട്ടിനൽകുന്നത്  സംബന്ധിച്ച്   ഉണ്ടായ   അഭിപ്രായ വ്യത്യാസത്തെ തുടർന്ന്   അധികാരത്തിൽ നിന്ന്  പുറത്തായതുമുതൽ പാക്കിസ്ഥാൻ രാഷ്ട്രീയം  കലങ്ങിമറിയുകയാണ്. 2022  ഏപ്രിൽ മാസത്തിൽ  പാകിസ്ഥാൻ നാഷണൽ അസ്സംബ്ലിയിൽ  അവതരിപ്പിച്ച  അവിശ്വാസ  പ്രമേയത്തെത്തുടർന്നാണ് ഇമ്രാൻ ഖാന്  രാജിവച്ചു ഒഴിയേണ്ടിവന്നതെങ്കിലും,  ഇമ്രാൻറ്റെ  ഘടക കക്ഷികളെക്കൊണ്ട് പിന്തുണ പിൻവലിപ്പിച്ചതിൻറ്റെ,   പിറകിൽ ചരട് വലിച്ചത്    പട്ടാളമേധാവിയായിരുന്ന  ജാവേദ്ബജ്‌വയായിരുന്നു.  അധികാരത്തിൽ നിന്ന് പുറത്തുപോയത് മുതൽ  നാഷണൽ  അസ്സംബ്ലിയിലേക്കുള്ള   തെരഞ്ഞെടുപ്പ്   ഉടൻ  നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്     നിരന്തരമായ പ്രക്ഷോഭങ്ങൾ   നടത്തി ,   പ്രധാനമന്ത്രി ഷാബാസ്  ഷെരീഫിനും, പട്ടാളത്തിനും  കനത്ത വെല്ലുവിളി ഉയർത്തിയ   ഇമ്രാൻഖാനെ  തളക്കേണ്ടത്  രണ്ടുകൂട്ടരുടെയും ആവശ്യമായിരുന്നു. അതിനായി  വിവിധ  കാരണങ്ങളുടെ പേരിൽ  നൂറ്റിഅമ്പതില്പരം  കേസുകളാണ്  ഇമ്രാൻ ഖാനെതിരെ  എടുത്തിട്ടുള്ളത്.

ഇമ്രാനും അദ്ദേഹത്തിന്റെ ഭാര്യ ബുഷ്‌റാബീഗവും ചേർന്ന് രൂപീകരിച്ച അൽ- ക്വാദിർ ട്രസ്റ്റിൽ  നടത്തിയതായി പറയുന്ന അഴിമതികളുടെ പേരിൽ എടുത്ത കേസിൽ, ലാഹോർ ഹൈകോടതിയിൽ  അദ്ദേഹം ഹാജരായ അവസരത്തിലാണ്  നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ യുടെ  ഉത്തരവ് അനുസരിച്ചു്   2022  മെയ് 9 ന്   അദ്ദേഹത്തെ  ആദ്യമായി  ബലാൽക്കാരമായി  അറസ്റ്റ് ചെയ്‌ത്‌  ജയിലിലാക്കിയത്.  അതേത്തുടർന്ന്  പട്ടാളത്തിനും, ഷാബാസ്  ഷെരീഫിന്റെ  സർക്കാരിനുമെതിരെ  രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടായി.   അതിനെതിരെ അദ്ദേഹം സുപ്രീം കോടതിയിൽ  ഫയൽ ചെയ്‌ത  കേസിൽ, അനുകൂലമായ വിധി വന്നതിനാലാണ്    അടുത്ത ദിവസം  അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചത്‌ 

.  ജാമ്യം ലഭിച്ചതിനെ തുടർന്ന്  സ്വന്തം വീട്ടിൽ അദ്ദേഹം  എത്തിയെങ്കിലും, അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലായ്‌മ  ചെയ്യാനുള്ള   ഗൂഢാലോചനയിലായിരുന്നു   എതിർപാർട്ടിക്കാരും,  പട്ടാളവും. അദ്ദേഹത്തിന്റെ പാർട്ടി  നേതാക്കളെയും, പ്രവർത്തകരെയും വിവിധ കേസുകളുടെ മറവിൽ  അറസ്റ്റ് ചെയ്തു ജയിലിലാക്കികൊണ്ട് , അദ്ദേഹത്തിന്റെ ചിറകുകൾ ആദ്യം അവർ അരിഞ്ഞു തുടർന്ന്,അദ്ദേഹത്തെ  സ്ഥിരമായി ജയിലിലാക്കുവാനുള്ള  കരുക്കൾ നീക്കി.  അതിന്റെഭാഗമായാണ്   നേരത്തെ  എടുത്ത തോഷാഖാനാ കേസിലെ വിചാരണ ഊര്ജിതപ്പെടുത്തിയത് . പാകിസ്താനിലെ നിയമമനുസരിച്ചു  അധികാരസ്ഥാനത്തിരിക്കുന്നവർക്   ലഭിക്കുന്ന ഉപഹാരങ്ങൾ  തോഷഖാന വകുപ്പിന്  നൽകണം.  അവർ അത് വിറ്റു പണമാക്കി  സർക്കാർ ഖജനാവിലേക്ക്  മുതൽ  കൂട്ടും.   എന്നാൽ  പ്രധാനമന്ത്രിയെന്ന നിലയിൽ  ഇമ്രാന്ഖാന്   ലഭിച്ച  ഉപഹാരങ്ങൾ   അദ്ദേഹം  കുറഞ്ഞ  വിലക്ക്  തോഷഖാനയിൽനിന്നും  വാങ്ങിയ  ശേഷം,  കൂടിയ  വിലക്ക് വിറ്റു പണമാക്കി  എന്നതാണ്  കേസ്.  635000  ഡോളർ  വിലവരുന്ന  ഉപഹാരങ്ങളാണ്  (140  ദശലക്ഷം പാക്കിസ്ഥാൻ രൂപ) തോഷഖാനാ  കേസിൽ  പെട്ടത്.  ലാഹോറിലെ വിചാരണ കോടതി ഈ കേസിൽ  ഓഗസ്റ്റ്  5 ന്      മൂന്ന്  വർഷത്തെ തടവ് ശിക്ഷയാണ്  ഇമ്രാന്‌  വിധിച്ചത്. വിധിയുടെ അടിസ്ഥാനത്തിൽ   അദ്ദേഹത്തിന് അടുത്ത  5 വർഷം   തെരഞ്ഞെടുപ്പുകളിൽ  മത്സരിക്കാൻ  വിലക്കുണ്ട്.  വിധി  പ്രസ്താവിച്ചു  മണിക്കൂറുകൾക്കകം  അദ്ദേഹത്തെ  വീണ്ടും  അറസ്റ്റ്  ചെയ്തു   റാവൽപിണ്ടിയിലെ   ജയിലിലാക്കി.    ഭരണത്തിലെ സഖ്യകക്ഷികളായ   പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്),  പാക്കിസ്ഥാൻ പ്യൂപ്പിൾസ് പാർട്ടി  എന്നിവരുടെയും  പട്ടാളത്തിന്റെയും   ആസൂത്രണം  അനുസരിച്ചാണ് പാക്കിസ്ഥാൻ രാഷ്ട്രീയം   ചലിച്ചുകൊണ്ടിരിക്കുന്നത്. 

നവാസ് ഷെരീഫും മടങ്ങി വരുന്നു  ?

ഇമ്രാൻ ഖാൻറ്റെ  പി.ടി.ഐ   പാർട്ടി നേതാക്കളും, പ്രവർത്തകരുമെല്ലാം വിവിധ കേസുകളിൽ പെട്ട്   അറസ്‌റ്റിലായതിനാലും ,  ഷിറീൻ മസാരി, ഫവാദ് ചൗധുരി തുടങ്ങിയ ചില മുൻമന്ത്രിമാർ  പുതിയ പാർട്ടി രൂപീകരിച്ചു  പട്ടാളത്തിന്റെ പ്രീതി പിടിച്ചു  പറ്റാൻ കാലുമറിയതിനാലും,  അറസ്റ്റിനെതിരെ  വലിയ പ്രകടനങ്ങളോ, എതിർപ്പോ ഉണ്ടായില്ല. അറസ്റ്റിനെതിരെ പ്രതീക്ഷിച്ച രീതിയിൽ  എതിർപ്പ് ഇല്ലാതിരുന്നത്  പാകിസ്ഥാൻ ഭരണകൂടത്തിനും, പട്ടാളത്തിനും വലിയ ആശ്വാസമാണ് നൽകിയത്.  എന്നാൽ  അവർ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി  അറസ്റ്റിലായ  ആഴ്ച തന്നെ  കിട്ടി.  പെഷവാറിൽ   , തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ  ഇമ്രാൻറ്റെ  പാക്കിസ്ഥാൻ തെഹ്രീക് -ഇ-ഇൻസാഫ് പാർട്ടി വൻ ഭൂരിപക്ഷത്തിനു വിജയിച്ചു. അത് നൽകുന്ന  സൂചന,  ഇമ്രാൻറ്റെ  ജനപ്രീതിക്ക് ഒരു ഇടിവും സംഭവിച്ചിട്ടില്ല എന്നാണ്.  നിലവിലെ സാഹചര്യത്തിൽ  പാക് രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് എന്ന സ്ഥാനം നിലനിർത്താൻ  അദ്ദേഹത്തിന് ഇപ്പോഴും സാധിക്കുന്നു.

താത്ക്കാലിക മന്ത്രിസഭയും  തെരഞ്ഞെടുപ്പും 

പാക്കിസ്ഥാൻ ഭരണഘടനപ്രകാരം, നാഷണൽ അസംബ്ലിയുടെ  കാലാവധിപൂർത്തിയായാൽ  നിലവിലെ സർക്കാർ രാജിവച്ചു  ഒരു  കാവൽ  സർക്കാരിന് അധികാരം കൈമാറണം.  അതനുസരിച്ചു  ഓഗസ്റ്റ് 9 ന്  പ്രസിഡന്റ് ആരിഫ് ആൽവിയോടെ  നാഷണൽ അസംബ്‌ളി പിരിച്ചുവിടാൻ പ്രധാനമന്ത്രി ഷാബാസ്  ഷെരീഫ്  ശുപാര്ശചെയ്യുകയും, പ്രസിഡന്റ് നാഷണൽ അസംബ്ലി പിരിച്ചുവിടുകയും ചെയ്തു.  പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ശുപാർശ ചെയ്ത ബലൂചിസ്ഥാൻ അവാമി പാർട്ടി നേതാവായ അൻവൽ -  ഉൽ- ഹഖ് കാക്കറിനെയാണ്   കാവൽ  പ്രധാനമന്ത്രിയായി  ഇപ്പോൾ  നിയമിച്ചത്. സാധാരണഗതിയിൽ, 90 ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടത്തണം. പക്ഷേ, രാജിവക്കുന്നതിനു മുമ്പ്    ഷെരീഫ്   സർക്കാർ   പാസ്സാക്കിയ  മണ്ഡലം പുനർനിർണയ  നിയമമനുസരിച്ചു, മണ്ഡലങ്ങൾ പുനർനിർണയം നടത്തേണ്ടതുണ്ട്.  അതിനാൽ, ആ കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാൻ സാധിക്കും.  അങ്ങിനെ ചെയ്യുന്നതിലൂടെ    ചില   സാദ്ധ്യതകൾ  ഷാബാസ്  ഷെരീഫ് കാണുന്നു.

 ഒന്ന്, ഇമ്രാൻഖാൻ ദീർഘനാൾ  പൊതുപ്രവർത്തന രംഗത്തുനിന്നും, സാമൂഹ്യമാദ്ധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുന്നതിനാൽ,  വിസ്‌മൃതിയിൽ ആകുമെന്നും,  അദേഹത്തിന്റെ  പാർട്ടി ഇല്ലാതെയാകുമെന്നും  കണക്കുകൂട്ടുന്നു.  ഈ സാഹചര്യം   പാകിസ്ഥാൻ മുസ്ലിം ലീഗിന്   അനുകൂലമായ  അന്തരീക്ഷം ഉണ്ടാക്കും.

  രണ്ടാമതായി അദ്ദേഹം കണക്കുകൂട്ടുന്നത്,  തൻറ്റെ  ജേഷ്ഠനും, മുൻ പ്രധാനമന്ത്രിയുമായ  നവാസ് ഷെരീഫിന്റ്റെ  സാന്നിധ്യമാണ്.    അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട്   തടവറയിൽ ആയിരുന്ന നവാസ് ഷെരീഫ്  2019  മുതൽ   ബ്രിട്ടനിൽ   ഒളിവിൽ കഴിയുകയാണ് .  അദ്ദേഹത്തിനെതിരെയുള്ള കേസുകളെല്ലാം പട്ടാളത്തിന്റെ സഹായത്തോടെ  പിൻവലിച്ച ശേഷം,  ഈ   വർഷം  അവസാനത്തോടെ പാകിസ്ഥാനിൽ മടക്കികൊണ്ടുവരുവാൻ   സാധിക്കുമെന്നും,  അദ്ദേഹം , തെരഞ്ഞെടുപ്പിൽ  പാർട്ടിയെ നയിച്ചാൽ  വൻ ഭൂരിപക്ഷത്തിൽ  അധികാരത്തിലെത്തുമെന്നുമാണ്  പി.എം.എൽ പാർട്ടി കരുതുന്നത്..  

ഒരു കാര്യം വ്യക്തമാണ്.  നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ജനസമ്മതിയുള്ളത്    ഇമ്രാൻ  ഖാനാണ്.  ഇസ്ലാമബാദ്  ഹൈക്കോടതി  അദ്ദേഹത്തിന്റെ ശിക്ഷ  സസ്‌പെൻഡ്  ചെയ്‌തതോടെ  അദ്ദേഹത്തിന്  ജയിലിൽ നിന്നും പുറത്തുവരുവാൻ  സാധിക്കുമെന്നും, അടുത്തു  വരുന്ന തെരഞ്ഞെടുപ്പിൽ  മത്സരിക്കാമെന്നും  പ്രതീക്ഷിക്കുന്നു.  മറ്റ്   ഏതെങ്കിലും  കേസിൽ പെടുത്തി  വീണ്ടും  ജയിലിലാക്കിയാൽ  അദ്ദേഹത്തിന്  മത്സരിക്കാൻ  സാധിക്കുകയില്ല.    തെരഞ്ഞെടുപ്പിൽ,  അദ്ദേഹത്തിന് മത്സരിക്കാൻ സാധിച്ചില്ലെങ്കിലും,  അദ്ദേഹത്തിന്റെ  പാർട്ടി വിജയിച്ചാൽ   ഇമ്രാൻ ഖാന്  ഭരണരംഗത്തു   മടങ്ങിവരുവാൻ  വഴിയൊരുങ്ങുമെന്നാണ്    അദ്ദേഹത്തിന്റെയും,  അടുത്ത അനുയായികളുടെയും  പ്രതീക്ഷ.  അതേസമയം   പട്ടാളവുമായുണ്ടായ   അഭിപ്രായ വ്യത്യാസങ്ങൾ   പരിഹരിച്ച  സാഹചര്യത്തിൽ,    അവരുടെ സഹായത്തോടെ  അധികാരത്തിൽ തിരിച്ചുവരാമെന്നാണ്  ഷെരീഫ്   കുടുംബം  പ്രതീക്ഷിക്കുന്നത്.  കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിൽ  അവസരം മുതലെടുത്ത്   മുമ്പ് പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ  പട്ടാളം തന്നെ  അധികാരം ഏറ്റെടുക്കുമോ എന്ന ആശങ്കയും  ഇല്ലാതില്ല. 

അഡ്വ. പി.എസ്‌ .ശ്രീകുമാർ 

9847173177 


 

 




No comments:

Post a Comment