ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് രൂപീകരണവും ഉമ്മൻചാണ്ടിയും
ജോർജ് എബ്രഹാം
കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന നേതാക്കളിൽ മലയാളികൾ ഹൃദയത്തിൽ കൊണ്ടുനടന്ന നേതാവാണ് ഉമ്മൻചാണ്ടിക്ക്. അദ്ദേഹം നടത്തിയ എണ്ണമറ്റ അമേരിക്കൻ സന്ദര്ശനങ്ങളും , അദ്ദേഹത്തെ കാണാനും അഭിവാദ്യം ചെയ്യാനും ഉള്ള മലയാളി സമൂഹത്തിൻറ്റെ ഉണർവും,ആകാംക്ഷയും,അഭിവാഞ്ചയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. ഫലപ്രദമായ നേതൃത്വം എന്നത് പ്രചോദനം നൽകലും, അണിനിരത്തലുമാണെന്ന് പറയപ്പെടുന്നു. ഈ ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിൽ ജനങ്ങളെ സ്നേഹത്തോടെയും, സൗഹൃദത്തോടെയും, ഒരുമിപ്പിയ്ക്കാൻ ഉമ്മൻചാണ്ടി ശ്രമിച്ചിരുന്നു.
1998-ൽ അദ്ദേഹം നടത്തിയ അമേരിക്കൻ സന്ദർശനം എൻറ്റെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്. യാത്രയുടെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനും, തൻറ്റെ മണ്ഡലത്തിൽ നിന്നും അമേരിക്കയിലേക്ക് വന്നവരെയും, അതുപോലെ കഴിയുന്നത്ര മറ്റുള്ളവരെയും നേരിൽ കാണുവാനുമായി അദ്ദേഹം എന്നെ ബന്ധപ്പെട്ടു . അന്നത്തെ സന്ദർശനത്തിൽ, ഭാര്യ മറിയാമ്മയും മകൻ ചാണ്ടിയും ഉൾപ്പെടെയുള്ള കുടുംബവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻറ്റെ ഏറ്റവും അടുത്ത സഹപ്രവർത്തകനായ ബെന്നിബെഹ്‌നാനാനും, അദ്ദേഹത്തെ അനുഗമിച്ചിരുന്നു .പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി ആണ് അന്ന് ഇന്ത്യയുടെ ഭരണത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ വംശജരായ പ്രവാസികൾ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ, വസ്തുനിഷ്ഠവും സൃഷ്ടിപരവുമായ വിമർശനങ്ങൾ ഒന്നും ഇല്ലാതെ, വാജ്പേയി സർക്കാരിനെ പ്രകീർത്തിക്കുന്ന വാർത്തകൾ മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ മോശമാക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതുമായ വാർത്തകൾ മാത്രം പ്രവാസികൾക്കിടയിൽ എത്തിക്കുന്ന ഈ പ്രവണതയെ ചോദ്യം ചെയ്യണ്ടതിൻറ്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങളിൽ ചിലർ ഒത്തുചേർന്ന് ചർച്ച ചെയ്തു.
പ്രവാസികൾക്കിടയിൽ, ഏകപക്ഷീയമായി , ബി.ജെ.പിയുടെ പ്രചരണം മാത്രം നടത്തുന്നത് തടയിടുന്നതിനായി, ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ബന്ധമുള്ള ഒരു സംഘടന രൂപീകരിക്കുന്നതു സംബന്ധിച്ച്, കെ.പി.സി.സി.യിൽ, ഉമ്മന്ചാണ്ടിയോടൊപ്പം . പ്രവർത്തിക്കുകയും പിന്നീട് സാൻഫ്രാൻസിസ്‌കോയിലേക്ക് താമസം മാറ്റുകയും ചെയ്‌ത ജോൺ ഫിലിപ്പോസും ഞാനും സംസാരിച്ചു. അമേരിക്കക്കു വെളിയിലുള്ള ഒരാളുമായി ആദ്യം ഈ ആശയം പങ്കുവെച്ചത് ഉമ്മൻചാണ്ടിയുമായിട്ടായിരുന്നു. പുതിയ ആശയങ്ങളെ ഉൾക്കൊള്ളാനും, അതിനനുസൃതമായി പ്രവർത്തിക്കാനും അദ്ദേഹത്തിന് ഒരു പ്രത്യേക വൈഭവം ഉണ്ടായിരുന്നു. ഞങ്ങളുടെ ആശയം അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയും, അതുമായി മുന്നോട്ടു പോകുവാൻ ഞങ്ങൾക്കു വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു.
ജോൺ ഫിലിപ്പോസിനൊപ്പം ന്യൂയോർക്കിലെ ട്രൈ-സ്റ്റേറ്റ് ഏരിയയിൽ താമസിക്കുന്ന, ഞങ്ങളിൽ കുറേപ്പേർ ന്യൂയോർക്കിലെ ജാക്‌സൺ ഹൈറ്റ്‌സിലെ എൻറ്റെ വീട്ടിൽ ഒത്തുകൂടി. 'ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ' എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കാൻ തീരുമാനിക്കുകയും, ന്യൂയോർക്കിൽ വന്ന് പുതിയ സംഘടന ഉദ്ഘാടനം ചെയ്യാൻ അന്നത്തെ പ്രതിപക്ഷ നേതാവായ ഉമ്മൻചാണ്ടിയെ ക്ഷണിക്കുകയും ചെയ്തു. ജോൺ ഫിലിപ്പോസ് പ്രസിഡണ്ടായും , ഞാൻ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ജാക്‌സൺ ഹൈറ്സിലെ , ഡൽഹി പാലസ് ഹോട്ടലിൽ വച്ചുകൂടിയ യോഗത്തിൽ വച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിൻറ്റെ ഉദ്‌ഘാടനം ഉമ്മൻചാണ്ടി നിർവഹിച്ചു. തുടർന്ന് നടത്തിയ പ്രസംഗത്തിൽ, ജനിച്ചു വളർന്ന നാടിനെയും, ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിയെയും പ്രവാസികൾ മറക്കരുതെന്ന് അദ്ദേഹം പ്രത്യേകം ഓർമിപ്പിച്ചു. കോൺഗ്രസ് പാർട്ടിയുമായി എല്ലാ രംഗങ്ങളിലും യോജിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പങ്കെടുത്തവരോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിൻറ്റെ പിറവി ഇങ്ങിനെയായിരുന്നു. 2001 ൽ കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന സോണിയഗാന്ധി ന്യൂയോർക്കിൽ എത്തി ഈ സംഘടനയുടെ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിക്കുകയും, അതുവഴി ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയും ചെയ്തു. പിന്നീട്, ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി , ഒരു പ്രത്യക ഡിപ്പാർട്മെന്റായി , ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് രൂപീകരിക്കുകയും , ഇന്ത്യയുടെ ടെലികോം വിപ്ലവത്തിന്റ്റെ ശിൽപിയായ സാം പിട്രോഡയെ സംഘടനയുടെ ചെയർമാനായി നിയമിക്കുകയും ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാനും, പ്രവാസികളെയും, ഇന്ത്യൻ വംശജരെയും കോൺഗ്രസ്സിൻറ്റെ കുടക്കീഴിൽ അണിനിരത്തുവാനും പരിശ്രമിക്കുന്ന ഈ സംഘടന ഇന്ന് മുപ്പതിലേറെ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു.
കോൺഗ്രസ് അനുഭാവികളുടെ ഇത്രയും ബൃഹത്തായ സംഘടനാ ശൃംഖല ആഗോളതലത്തിൽ എത്തിയ്ക്കാനും, പാർട്ടിയെ ശക്തിപ്പെടുതുന്ന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും കഴിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ ദീർഘ വീക്ഷണവും, പ്രോത്സാഹനവും ഒന്ന് കൊണ്ട് മാത്രമാണ് അദ്ദേഹത്തോടുള്ള നന്ദിയും, കടപ്പാടും,ദീപ്തമായ ഓർമ്മകളും ഭാവിയിൽ ഞങ്ങൾക്ക് പ്രത്യാശയുടെ ദീപമായി നില നിൽക്കും .
(ഐക്യ രാഷ്ട്ര സഭയുടെ മുൻ ചീഫ് ടെക്നോളജി ഓഫീസറും , അമേരിക്കയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിൻറ്റെ മുൻ ജനറൽ സെക്രട്ടറിയുമാണ് ജോർജ് എബ്രഹാം)
