Wednesday, 20 December 2023

                           കുട്ടികൾ സുരക്ഷിതരല്ലാത്ത  കേരളം 

പി.എസ്‌ .ശ്രീകുമാർ 


            കഴിഞ്ഞ  ഏഴ്  വർഷങ്ങൾക്കിടയിൽ 214  കുട്ടികളാണ് കേരളത്തിൽ കൊല്ലപ്പെട്ടത് എന്ന്  നമ്മുടെ മാധ്യമങ്ങളിൽ വന്ന  വാർത്ത  തികച്ചും  ആശങ്കാജനകമാണ്.  ഈ വാർത്ത വായിച്ച  നമ്മുടെ നാട്ടിലെ മാതാപിതാക്കളുടെ   ഹൃദയമിടിപ്പ്  കൂടിയില്ലെങ്കിലേ അത്ഭുതമുള്ളു..    ഈ കാലയളവിൽ 9604  കുട്ടികളാണ്  ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുള്ളത്.  അതിൽ ആൺകുട്ടികളും പെൺകുട്ടികളുംപെടും.  പോലീസ് ഡേറ്റ ശേഖരത്തിൽ  നിന്നുമാണ്   ഈ സ്ഥിതിവിവര  കണക്കുകൾ പുറത്തുവന്നിട്ടുള്ളത് .  2021 ൽ മാത്രം  41  കുട്ടികളാണ് സംസ്ഥാനത്തു കൊല്ലപ്പെട്ടത്.  

.          ഈ വർഷം  ജനുവരി മുതൽ ജൂലൈ വരെയുള്ള  ആറ്  മാസകാലയളവിൽ  കുട്ടികൾക്കെതിരെയുള്ള  983  ലൈംഗികാതിക്രമ  കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.  2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം ഓരോ വർഷവും  കുട്ടികൾക്കെതിരെയുള്ള  ലൈംഗികാതിക്രമം കേസുകൾ  വർധിച്ചുകൊണ്ടിരിക്കുകയാണ്.  2015 ൽ   1583  കേസുകൾ ആയിരുന്നത്  2016 ൽ  2122  ആയി. 2017 ൽ 2697 ആയും, 2018 ൽ 3179  ആയും, 2019 ൽ 3609  ആയും വർധിച്ചു.   ഏറ്റവും കൂടുതൽ  കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം  ഇപ്പോൾ  നാലാം സ്ഥാനത്താണ്.  എല്ലാത്തിലും, നമ്പർ വൺ   ആണെന്ന് അവകാശപ്പെടുന്ന  പിണറായി  സർക്കാർ,   ഇക്കാര്യത്തിലും കേരളത്തെ നമ്പർ വൺ  ആക്കി  മാറ്റുക  എന്ന  ലക്ഷ്യത്തോടെയല്ലേ    പ്രവർത്തിക്കുന്നതെന്ന്    ആരും സംശയിച്ചു പോകും.  സംസ്ഥാനത്തു നടക്കുന്ന മറ്റു അതിക്രമങ്ങൾ പോലെ   ലൈംഗികാതിക്രമണ കേസുകളിലും പ്രതിസ്ഥാനത്തു  പലപ്പോഴും കാണുന്നത്     പിണറായി ഭക്തരായ   എസ്‌ .എഫ്.ഐ /ഡി  വൈ എഫ്  ഐ    പ്രവർത്തകരെയാണ് .  ഇവർക്ക് വേണ്ട എല്ലാ സംരക്ഷണവും നൽകുന്നത് പോലീസും  ആഭ്യന്തര വകുപ്പുമാണ്   എന്നത്  പച്ചവെള്ളം പോലെ  ജനങ്ങൾക്കറിയാം.    ചില  കേസുകളിൽ  പോലീസ് ഊർജസ്വലമായി  അന്വേഷണം നടത്തി  പ്രതികളെ  നിയമത്തിനു മുമ്പിൽ ഹാജരാക്കിയിട്ടുണ്ട്  എന്നത് വിസ്മരിക്കുന്നില്ല.    അങ്ങിനെയുള്ള  കേസുകളുടെ ഉറവിടം അന്വേഷിച്ചുപോയാൽ മനസ്സിലാകും  മാർക്സിസ്റ്റുകൾ  പ്രതികളല്ലാത്ത കേസുകളിൽ മാത്രമേ  പൊലീസിന്   നിഷ്പക്ഷമായി  അന്വേഷണം നടത്താനും, നിയമ നടപടികളുമായി മുന്നോട്ടു പോകാനും അനുമതിയുള്ളു  എന്ന  സത്യം.

            പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട കേസുകളാണെങ്കിൽ, അവരെ കേസിൽ നിന്നും രക്ഷിക്കാൻ  പിണറായി സർക്കാരും,  സർക്കാരിന് നേതൃത്വം നൽകുന്ന  പാർട്ടി നേതൃത്വവും  എന്ത് നടപടി സ്വീകരിക്കാനും മടിക്കുകയില്ലെന്നതിൻറ്റെ   ഏറ്റവും  ഒടുവിലത്തെ ഉദാഹരണമാണ്വ  വണ്ടിപ്പെരിയാറിൽ  ആറ്ലി  വയസ്സുകാരിയായ   പെൺകുട്ടിയുടെ ആരും  കോല.    2021   ജൂൺ  30  നാണ്    വണ്ടിപ്പെരിയാറിൽ  ചുരക്കുളം  എസ്‌റ്റേറ്റിലെ   ലയത്തിലെ  മുറിയിൽ  ആറ്  വയസ്സുമാത്രം  പ്രായമുള്ള  കുട്ടിയെ  ഷാളിൽ  കെട്ടിത്തൂങ്ങിയ  നിലയിൽ  കണ്ടെത്തിയത്.    കുട്ടിയുടെ  മാതാപിതാക്കൾ  ജോലിക്കുപോകുകയും,  സഹോദരൻ  ബാർബർ  ഷോപ്പിൽ  പോകുകയും   ചെയ്‌ത   അവസരത്തിലാണ്   കുട്ടിയെ  ഷാളിൽ   തൂങ്ങിയ   നിലയിൽ  കാണപ്പെട്ടത്.    കുട്ടിയെ  ആശുപത്രിയിൽ  എത്തിച്ചപ്പോഴേക്കും  മരണം സംഭവിച്ചിരുന്നു.    പോസ്‌റ്റുമോർട്ടം   റിപ്പോർട്ട്  കിട്ടിയപ്പോളാണ്  കുട്ടി  ലൈംഗിക  പീഡനത്തിനിരയായതായി  കണ്ടെത്തിയത്.  വിശദമായ  അന്വേഷണത്തിലാണ്  ഡി വൈ എഫ് ഐ  പ്രാദേശിക  നേതാവായ  അർജുൻ  അറസ്റ്റ്  ചെയ്യപ്പെട്ടത്.  പോലീസിന്റെ   ചോദ്യംചെയ്യലിലാണ്  മൂന്നു  വയസ്സുമുതൽ  പ്രതിയായ അർജുൻ  ഈ  കുട്ടിയെ  പീഡനത്തിനിരയാക്കിയിരുന്നതായി  മനസ്സിലായത്.   പിന്നീട്  നടന്നത്,  കേസ്  അട്ടിമറിക്കാനുള്ള  നടപടികളായിരുന്നു.   ഡി വൈ എഫ് ഐ  നേതാവായ  പ്രതിക്കുവേണ്ടി  സർക്കാരിന്റെ  എല്ലാ സംവിധാനങ്ങളും  ദുരുപയോഗിക്കപ്പെട്ടു.  കൊലപാതകവും,  പീഡനവും  കണ്ടെത്തിയിട്ടും,  കുറ്റം  തെളിയിക്കാനാവശ്യമായ  രേഖകളൊന്നും  തന്നെ  പോലീസ്  കോടതിയിൽ  ഹാജരാക്കിയില്ല.  തെളിവുകളുടെ അഭാവത്തിലാണ് പ്രതിയായ  അർജുനെ    കട്ടപ്പന  അതിവേഗ  കോടതി  വെറുതെവിട്ടത്.

        ഇതിലും  ക്രൂരമായ  മറ്റൊരു  സംഭവമാണ്  വാളയാറിൽ   സഹോദരിമാരായ   രണ്ട്   ദളിത് പെൺകുട്ടികൾക്ക് സംഭവിച്ചത്.  എട്ടും പൊട്ടും തിരിയാത്ത  ആ  പെൺകുട്ടികളെ  പിച്ചിച്ചീന്തിയവരെ രക്ഷിക്കാൻ  ഭരണത്തിന്റെ  എല്ലാ അധികാരങ്ങളും ഉപയോഗിച്ചു.  പതിമൂന്നും, ഒൻപതും  വയസ്സുള്ള പെൺകുട്ടികൾ വീടിന്റെ  കഴുക്കോലിൽ തൂങ്ങിമരിച്ച  നിലയിൽ കാണപ്പെട്ടു.  52  ദിവസത്തെ ഇടവേളയിലാണ്  രണ്ടു കുട്ടികളും   സാഹചര്യത്തിൽ  കൊല്ലപ്പെട്ടത്.  മൂത്ത  കുട്ടിയുടെ  ശരീരം 2017  ജനുവരി 13 നും, ഇളയകുട്ടിയുടെ ശരീരം  2017   മാർച്ച്    4  നുമാണ്   തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.  പോസ്റ്റുമോർട്ടം  റിപ്പോർട്ട്  വന്നപ്പോഴാണ്  ഈ രണ്ടു  പെൺകുഞ്ഞുങ്ങളും  ലൈംഗികമായി  പീഡിപ്പിക്കപ്പെട്ടുവെന്ന്   വ്യക്തമായത്.   പ്രാദേശിക  മാർക്സിസ്റ്    നേതാക്കളായ   പ്രതികളിൽ  ഒരാൾ  കുട്ടികളെ  ഉപദ്രവിക്കുന്നത്  നേരിട്ട് കണ്ടു എന്ന് പറഞ്ഞത് മറ്റാരുമല്ല,  കുട്ടിയുടെ  അമ്മയായിരുന്നു.  എന്നിട്ടും,  ഈ രണ്ടു കേസുകളും  അത്മഹത്യയാണെന്നു പറഞ്ഞു എഴുതി തള്ളാനാണ്  പിണറായി  സർക്കാരിന്റെ  പോലീസും, പ്രോസിക്യൂഷനും  ശ്രമിച്ചത്.  മാത്രമല്ല,  ഈ കേസിലെ  പ്രതികളായ മാർക്സിസ്റ്  പ്രവർത്തകർക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനെ   പിന്നീട്  ബാലാവകാശ കമ്മീഷൻ ചെയർമാനായി  നിയമിക്കുകയും ചെയ്തു.

             കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവുമായി  ബന്ധപ്പെട്ട്  ആശ്വാസകരമായ വാർത്തയുണ്ടാകുന്നത്  നീതിന്യായ   കോടതികളിൽ നിന്നും  മാത്രമാണ്.  അങ്ങിനെയുള്ള   ഒരു വാർത്തയാണ്  2023  നവംബർ  14 ലെ ശിശുദിനത്തിൽ  ആലുവാ  കോടതിയിൽ നിന്നും ഉണ്ടായത്.    ആലുവയിലെ അഞ്ച്  വയസ്സുകാരി പെൺകുട്ടിയെ ക്രൂരമായ  ബലാത്സംഗത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസ്ഫാക്  ആലത്തിനു  എറണാകുളം പോക്സോ കോടതി,  വധ ശിക്ഷക്ക് വിധിച്ചത്  അന്നായിരുന്നു.   കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന ഈ കാലഘട്ടത്തിൽ, അതിനെതിരായ  കടുത്ത സന്ദേശമായി മാറുകയായിരുന്നു  ഈ വിധി.

       ക്രൂരമായ  കുറ്റകൃത്യം നടത്തിയ  പ്രതിക്ക്  അനുകൂലമായ  ഒരു  സാഹചര്യവും  നിലനിൽക്കുന്നില്ലെന്ന്  പോക്സോ കോടതി ജഡ്‌ജി  കെ .സോമൻ വിധിച്ചു.   "ആവർത്തിച്ചുള്ള  ഇത്തരം  കുറ്റകൃത്യങ്ങൾ  കാരണം  കുട്ടികളെ  സ്വതന്ത്രമായി  കളിയ്ക്കാൻ വിടാൻപോലും  മാതാപിതാക്കൾ  ഭയപ്പെടുകയാണ്  എന്നും ,   ഇത് സമൂഹത്തെ തന്നെ  ബാധിക്കുന്ന   കാര്യമാണെന്നും  കോടതി വിധിന്യായത്തിൽ   വ്യക്തമാക്കി.    തങ്ങളുടെ  മകൾക്കു  ഈ അവസ്ഥ ഉണ്ടായാൽ  നിയമം എങ്ങനെ പരിഗണിക്കുമെന്നു  വലിയ ആശങ്കയും, ഭയവും  രാജ്യത്തെ  ഓരോ രക്ഷിതാക്കൾക്കുമുണ്ട്. കുട്ടികൾക്ക് വളരാനുള്ള  സാഹചര്യം  ഇല്ലാതാക്കുന്നതാണ്  ഇത്തരം ക്രൂരകൃത്യങ്ങളെന്നും പ്രോസിക്യൂഷൻ  വാദിച്ചു.  ഈ വാദമുഖങ്ങൾ കോടതി അംഗീകരിച്ചാണ് വധ ശിക്ഷ തന്നെ പ്രതിക്ക് വിധിച്ചത്.

          2023 ജൂലൈ 27 നാണ്  അസ്ഫാക് ആലം,  അതിഥി തൊഴിലാളി കുടുംബത്തിലെ  അഞ്ചു വയസ്സുകാരിയെ  തട്ടിക്കൊണ്ടുപോയി, മദ്യം കുടിപ്പിച്ച  ശേഷം  പീഡിപ്പിച്ചു കൊന്നത്.  കുട്ടികളോട്  അമിത ലൈംഗിക  താല്പര്യമുള്ള  അസ്ഫാക്, ഡൽഹിയിൽ  ഇതുപോലെ നടത്തിയ ഒരു  കുറ്റകൃത്യത്തിന്‌  ജാമ്യത്തിലായിരിക്കുമ്പോളാണ്   ആലുവയിലെത്തി കണ്ണിൽ ചോരയില്ലാത്ത ഇത്തരം പൈശാചിക കൃത്യം ചെയ്തത്.  അസ്ഫാക്   ആലത്തിനെ  പോലെ ക്രൂരനായ ഒരു  നരാധമനെ  ശിക്ഷിച്ചത്തോടെ ,  നീതിന്യായ വ്യവസ്ഥയോടുള്ള  ജനത്തിൻറ്റെ    വിശ്വാസം വർദ്ധിച്ചു.  അപ്പോഴും, പിണറായി വിജയന്റ്റെ   നേതൃത്വത്തിലുള്ള  സംസ്ഥാന ഭരണകൂടത്തെ   ജനം  സംശയ ദൃഷ്ടിയോടെയാണ് നോക്കുന്നത്.  വണ്ടിപ്പെരിയാറിലെയും, വാളയാറിലെയും  കൊലപാതക  കേസുകൾ  പോലീസും,  പ്രോസിക്യൂഷനും  കൈകാര്യം  ചെയ്ത  രീതി   അത്തിലേക്കാണ്    വിരൽ  ചൂണ്ടുന്നത്. .   രാഷ്ട്രീയത്തിനതീതമായി  കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. കേരളത്തിൽ  അത് നടക്കുന്നില്ലായെന്നത്   തികച്ചും നിരാശാജനകമാണ്.   പ്രത്യേകിച്ചും  കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ  നടത്തുന്നവരെ  സംരക്ഷിക്കുന്ന  ഇടതു ഭരണം,   ആ തെറ്റ്  തിരുത്താൻ ഇനിയെങ്കിലും തയ്യാറാകണം.

പി.എസ്‌ .ശ്രീകുമാർ 

9495577700 






  







Tuesday, 19 December 2023

                      

 രാജശില്പിയായ  കരുണാകരൻ  

 

അഡ്വ.പി.എസ് .ശ്രീകുമാർ 

                1991 ലെ പാർലമെൻറ്  തെരഞ്ഞെടുപ്പ്  പ്രചാരണത്തിന്റ്റെ  ഭാഗമായി  ശ്രീ പെരുമ്പത്തൂരിലെ  തെരഞ്ഞെടുപ്പ്  സമ്മേളനത്തിൽ  പങ്കെടുക്കാനെത്തിയ  രാജീവ് ഗാന്ധി   എൽടിടിഇ  ആത്മഹത്യാ  സ്‌ക്വാഡിലെ  വനിതാ  അംഗം നടത്തിയ  ബോംബ്  സ്‌ഫോടനത്തിൽ  ചിന്നിച്ചിതറിയപ്പോൾഅനാഥത്വത്തിൻറ്റെ   ആഴക്കയങ്ങളി ലേക്കാണ്  കോൺഗ്രസ്  വീണത് . നെഹ്‌റു കുടുംബത്തിൽ നിന്നും  ഒരാൾ പോലും  അന്ന്  കോൺഗ്രസ്സിനെ  നയിക്കാൻ  വരാതിരുന്ന  സാഹചര്യത്തിൽകോൺഗ്രസ്സിനെ   നയിക്കാൻ     ഒരു  നേതാവിനെ  കണ്ടെത്തുക  ശ്രമകരമാ യിരുന്നു.  അവസരത്തിനൊത്തു  ഉയർന്ന് നരസിംഹ റാവുവിനെ  അധ്യക്ഷസ്ഥാനത്തേക്കു  തെരഞ്ഞെടുക്കാനും  പിന്നീട്  പ്രധാനമന്ത്രിസ്ഥാനത്തേക്ക്   അവരോധിക്കാനും   മുന്നിട്ടിറങ്ങി  ചരടുവലി  നടത്തിയത്  കേരളാ  രാഷ്ട്രീയം  ദേശിയ രാഷ്ട്രീയത്തിന്  നൽകിയ  പ്രതിഭാശാലിയുംരാഷ്ട്ര തന്ത്രജ്ഞനുമായ    കെ.കരുണാകരനായിരുന്നു.  അതോടെ   ദേശിയ  മാധ്യമങ്ങൾ  അദ്ദേഹത്തെ  രാജശില്പിയായി {King  Maker } ആയിവിശേഷിപ്പിച്ചു.

         തലയെടുപ്പുള്ള  നിരവധി  രാഷ്ട്രീയ നേതാക്കൾക്ക് കേരളം  ജന്മം നൽകിയിട്ടുണ്ടെങ്കിലും,  ലീഡർ  എന്ന  വിശേഷണത്തിന്   അക്ഷരാർഥത്തിൽതന്നെ  അർഹനായ  ഒരു നേതാവ്  കെ. കരുണാകരൻ  മാത്രമായിരുന്നു.  അദ്ദേഹം  എല്ലാവരുടെയും  നേതാവായിരുന്നു.  കോൺഗ്രസ്  പ്രവർത്തകരും  നേതാക്കളും   മാത്രമല്ല,  മറ്റു രാഷ്ട്രീയ  പാർട്ടി  നേതാക്കളും  അദ്ദഹത്തെ    ലീഡറായി  അംഗീകരിച്ചു.  

         കണ്ണൂരിലെ  ചിറക്കൽ  കോവിലകത്തിന്   സമീപമുള്ള  കണ്ണോത്തു   തറവാട്ടിൽ   ജനിച്ച  കരുണാകരൻ,  ഹൈ സ്കൂൾ  വിദ്യാഭ്യാസത്തിനു ശേഷമാണ്,  ജന്മനാ ലഭിച്ച ചിത്രകലാ അഭിരുചിയിൽ  തുടര്പഠനത്തിനായി   തൃശൂർ ആർട്സ്  സ്‌കൂളിൽ  എത്തിയത്.  ചിത്ര രചനയോടുള്ള  ഈ അഭിനിവേശത്തിൽ  നിന്നും  ആവേശം ഉൾക്കൊണ്ടാണ്,  പിന്നീട്,   അദ്ദേഹം  കേരളത്തിൻറ്റെ  രാഷ്ട്രീയ ചിത്രം തന്നെ  മാറ്റി വരച്ചത്. ദിവാൻ ഭരണത്തിനെതിരായി   കോൺഗ്രസ് അനുഭാവികളായ  ചെറുപ്പക്കാർപ്രജാമണ്ഡലം എന്ന സംഘടന  രൂപം കൊടുത്തപ്പോൾ  കരുണാകരൻ  അതിൻറ്റെ   പ്രവർത്തനങ്ങളിൽ സജീവമായി.  1942   മഹാത്മാ ഗാന്ധി  ക്വിറ്റ് ഇന്ത്യാ  സമരം പ്രഖ്യാപിച്ചപ്പോൾ,   അദ്ദേഹവും  അതിൽ പങ്കാളിയായി. പോലീസ് മർദ്ദനവും   തുടർന്ന്  ജയിൽ വാസവും  അദ്ദേഹം അനുഭവിച്ചു. പിന്നീടാണ്,    അദ്ദേഹം  തൊഴിലാളി സംഘടനാ രംഗത്തേക്ക് എത്തിയത്.  തൊഴിലാളി സംഘടനാ  രംഗത്തു  വളർത്തിയെടുത്ത  സംഘാടക  പ്രതിഭയാണ്പിൽക്കാലത്തു  അദ്ദേഹത്തെ  തിരു-കൊച്ചി  കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തിച്ചതും,  തൃശൂർ നഗരസഭാ  കൗൺസിലറായും  , പിന്നീട്,  കൊച്ചി നിയമസഭാംഗമാക്കി  മാറ്റിയതും. കേരള  പിറവിക്കു  ശേഷം നടന്ന  1957 ലെ  നിയമസഭാ തെരഞ്ഞെടുപ്പിൽ,  അദ്ദേഹം   തൃശ്ശൂരിൽ  നിന്ന്  മത്സരിച്ചെങ്കിലും,   തോറ്റു.  1965   മാളയിൽ നിന്നും  വിജയിച്ചശേഷംപാർലമെൻറ്റിലേക്കു  പോകുന്നതുവരെ  മാളയുടെ മാണിക്യമായി അദ്ദേഹം  മാറി.

 

         കോൺഗ്രസ്  നേതാവും  മുൻ  ആഭ്യന്തര മന്ത്രിയുമായിരുന്ന  പി.ടി.ചാക്കോയുടെ  മരണശേഷമുണ്ടായ  പിളർപ്പോടെ   കോൺഗ്രസ്  നന്നേ ശോഷിച്ചുപോയി.   1967 ലെ   നിയമസഭാ  തെരഞ്ഞെടുപ്പിലൂടെ   ഒരു അംബാസിഡർ  കാറിൽ  യാത്ര ചെയ്യാവുന്നത്ര   അംഗബലം  മാത്രമുണ്ടായിരുന്ന  കോൺഗ്രസ്സിനെ   പിന്നീട്    നയിച്ചത്  അദ്ദേഹമായിരുന്നു. കുശാഗ്ര  ബുദ്ധിമാനായിരുന്ന  ഇ.എം.എസ്സിന്റ്റെ  നേതൃത്വത്തിലുണ്ടായിരുന്ന   സപ്തകക്ഷി  മുന്നണിയുടെ  പരാജയങ്ങൾ,   അദ്ദേഹം,   കോൺഗ്രസ്സിൻറ്റെ   നേട്ടമാക്കി  മാറ്റി.  1970 ലെ തെരഞ്ഞെടുപ്പോടെ  യുവ  നിരയെ   ഉൾപ്പെടുത്തി   കോൺഗ്രസ്സിനെ  ശക്തമായ  രീതിയിൽ  തിരിച്ചു കൊണ്ടുവരുവാനും,  ഐക്യ  മുന്നണി  സംവിധാനത്തിന്  അടിത്തറയിടാനും  അദ്ദേഹത്തിന്റ്റെ   ചാണക്യ  തന്ത്രങ്ങൾക്ക്    സാധിച്ചു.  കേരളത്തിൻറ്റെയും,  കോൺഗ്രസ്സിൻറ്റെയും   രാഷ്ട്രീയ  ചിത്രം    അദ്ദേഹം  മാറ്റി  വരച്ചു.  ജനാധിപത്യ ചേരിയിലുള്ള  എല്ലാ  രാഷ്ട്രീയ പാർട്ടികളേയും  ഒരേ കുടക്കീഴിൽ  കൊണ്ടുവന്നതിലൂടെ         ഐക്യ ജനാധിപത്യ  മുന്നണിയുടെ  യഥാർത്ഥ  ശില്പിയായി   കരുണാകരൻ   മാറി.   

           അച്യുതമേനോൻ  മന്ത്രിസഭയിൽ  ശക്തനായ  ആഭ്യന്തര  മന്ത്രിയെന്നനിലയിൽ   അസാമാന്യമായ  ഭരണ  നൈപുണ്യവും,  രാഷ്ട്രീയ തന്ത്രജ്ഞതയും   അദ്ദേഹം  കാഴ്ചവച്ചു.    പോലീസ് സ്റ്റേഷനുകളിൽ    ആക്രമണം  നടത്തികൊണ്ട്   കേരളത്തിൽ  വേരുറപ്പിക്കുവാൻ  ശ്രമിച്ച  നക്സലൈറ്റ്  പ്രസ്ഥാനത്തെ  വേരോടെ  പിഴുതെറിയാൻ   അദ്ദേഹം   നേതൃത്വം നൽകി.  ചില  പോലീസ്  ഉദ്യോഗസ്ഥരുടെ  അത്യുത്സാഹത്തിൽ  ഉണ്ടായ  രാജൻ  കേസ്  ഒഴിച്ചുനിർത്തിയാൽ,   അടിയന്തരാവസ്ഥയുടെ  ദൂഷ്യ  വശങ്ങൾ  ഒഴിവാക്കി  ആഭ്യന്തര  വകുപ്പിനെ   ജനോപകാരപ്രദമാക്കി  മാറ്റുന്നതിൽ   അദ്ദേഹത്തിന്റെ  സംഭാവന  വളരെ  വലുതാണ്.    അദ്ദേഹം  കണ്ടെത്തി  നിയമിച്ച  ശിങ്കാരവേലു   എന്ന  ഐ.ജിയിലൂടെയാണ്  പോലീസിനെ  ജനകീയവൽക്കരിക്കാനുള്ള  ശ്രമങ്ങൾക്ക്    തുടക്കമിട്ടത്.  പോലീസ് സ്റ്റേഷനുകളിലേക്ക്  കടന്നുചെല്ലാൻ  മാത്രമല്ലഫോൺ  ചെയ്യാന്പോലും   സാധാരണക്കാർ   ഭയപ്പെട്ടിരുന്ന   ഒരു    കാലഘട്ടമായിരുന്നു  അത്.  പോലീസ്  സ്റ്റേഷനിലേക്ക്  ആര്  ഫോൺ  ചെയ്താലും,  ഫോൺ എടുക്കുന്ന  ഉദ്യോഗസ്ഥന്റെ  പേരുംനമ്പറും  പറയുന്നതിനൊപ്പം,  "ഗുഡ് മോണിങ്ഗുഡ് ആഫ്‌റ്റർനൂൺ ഗുഡ്  ഈവെനിംഗ്" എന്നിവ  അവസരോചിതമായി  പറയണമെന്ന്  നിർബന്ധമാക്കി.  ഇന്ത്യയുടെ  പോലീസ്   ചരിത്രത്തിൽ  തന്നെവിപ്ലവകരമായ  മാറ്റമായിരുന്നു  അത്.  ജനങ്ങളോട്  മാന്യമായും,  മര്യാദയോടും  കൂടി  പെരുമാറണമെന്നത്  ശക്തമായി  നടപ്പിലാക്കി.  ഒന്നിൽ കൂടുതൽ  ആളുകളുമായി  സൈക്കിളിലിൽ  യാത്ര  ചെയ്താൽ  പെറ്റിയടിക്കുന്ന  സമ്പ്രദായവും  എഴുപതുകളിൽ തന്നെ  അദ്ദേഹം  നിർത്തലാക്കിച്ചു.

 

           ആഭ്യന്തര  മന്ത്രിയായിരുന്ന  കരുണാകരന് തന്നെയായിരുന്നു  സിനിമ ഉൾപ്പെടെയുള്ള  സാംസ്‌കാരിക വകുപ്പിൻറ്റെയും   ചുമതല.   മലയാള സിനിമ  നിർമ്മാണം    കാലഘട്ടത്തിൽ  കേന്ദ്രികരിച്ചിരുന്നത്  മദ്രാസിലായിരുന്നു. അവിടെനിന്നും,  മലയാള സിനിമയെ  കേരളത്തിലേക്ക്  പറിച്ചുനടേണ്ടതിൻറ്റെ   ആവശ്യകത   ചലച്ചിത്രലോകത്തെ  പ്രഗത്ഭർ ആയിരുന്ന  രാമുകാര്യാട്ട്പി.ഭാസ്കരൻതോപ്പിൽ ഭാസി   എന്നിവർ  കരുണാകരനെ  കണ്ടു  സംസാരിച്ചു.  ഇതിൻറ്റെ   പ്രാധാന്യം മനസ്സിലാക്കിയ  കരുണാകരനാണ്,  ഫിലിം ഡെവലപ്മെൻറ്  കോര്പറേഷന്  രൂപീകരിക്കാൻ നടപടിയെടുത്തത്.  അന്നത്  രൂപീകരിക്കുമ്പോൾഇന്ത്യയിൽ തന്നെ  പൊതുമേഖലയിൽ  രൂപീകരിക്കുന്ന  ആദ്യ ഫിലിം കോര്പറേഷൻ   ആയിരുന്നു.  പട്ടികജാതി-പട്ടിക വർഗ  വിഭാഗങ്ങളുടെ  ഉന്നമനത്തിനായും അദ്ദേഹം നിരവധി  നടപടികൾ  കൈക്കൊണ്ടു.

 

.          നാല് തവണ മുഖ്യമന്ത്രിയുംഒരു തവണ  കേന്ദ്രമന്ത്രിയുമായ  കരുണാകരൻ,  ഭരണാധികാരിയെന്ന  നിലയിൽ  സംസ്ഥാനത്തിൻറ്റെ  വികസനത്തിൽ  വലിയ   പങ്കാണ്   വഹിച്ചിട്ടുള്ളത്.  അസാധ്യമെന്ന്  തോന്നുന്ന  പല  പദ്ധതികളും  യാഥാർഥ്യമാക്കി  മാറ്റുന്നതിൽ  വൈദഗ്ധ്യമുള്ള  നേതാവായിരുന്നു  അദ്ദേഹം.  അതിൻറ്റെ    തെളിമയാർന്ന   ഉദാഹരണമാണ്  നെടുമ്പാശ്ശേരി  അന്തർദേശിയ  വിമാനത്താവളം.  പൊതുമേഖലയെയുംസ്വകാര്യ  മേഖലയെയും ഒരുമിപ്പിക്കുന്ന  PPP  എന്ന  ആശയം  ഇന്ത്യയിൽ  തന്നെ നിലവിലില്ലാതിരുന്ന  അവസരത്തിലാണ്,  പൊതുമേഖലയെയുംസ്വകാര്യമേഖലയെയും  സംയോജിപ്പിച്ചുകൊണ്ട്   നെടുമ്പാശ്ശേരിയിൽ  അന്തർദേശിയ  വിമാനത്താവളം  നിർമിക്കാൻ  അദ്ദേഹം  മുൻകൈ  എടുത്തത്.  കൊച്ചിയിലെ  ഗോശ്രീ  പദ്ധതി,  തൃശൂർ-ഗുരുവായൂർ  റെയിൽവേ ലൈൻ,  ഏഴിമല  നാവിക അക്കാദമി,  ദക്ഷിണ വ്യോമസേനാ കമാൻഡ്കായംകുളം എൻ.ടി.പി,സി   താപ നിലയം ,  കൊച്ചിയിലെ  അന്തരാഷ്ട്ര  സ്റ്റേഡിയം ,  കാലടി സംസ്‌കൃത  സർവകലാശാല,  മഹാത്മാ  ഗാന്ധി  സർവകലാശാല ,  തിരുവനന്തപുരത്തെ  റീജിയണൽ  കാൻസർ  സെന്റർരാജീവ് ഗാന്ധി സെന്റർ  ഫോർ ബയോ-ടെക്നോളജി,    എന്നിവ  സ്ഥാപിക്കുന്നതിലും   അദ്ദേഹത്തിണ്റ്റെ   ദീർഘവീക്ഷണം  കാണുവാൻ  സാധിക്കും.  കൊച്ചിയിൽ  കയറ്റുമതി  വികസന  മേഖല  സ്ഥാപിക്കുന്നതിലും,   ഏഷ്യാഡ്‌  നടന്ന  അവസരത്തിൽ   കേരളത്തിൽ  ദൂരദർശൻ  പ്രക്ഷേപണ നിലയം സ്ഥാപിക്കുന്നതിലും    അദ്ദേഹം    പ്രത്യേകം   താല്പര്യം  എടുത്തിരുന്നു.

         ഒരു  കാര്യം  നടപ്പിലാക്കുവാൻ  തീരുമാനിച്ചാൽ,  എല്ലാ  പ്രതിബന്ധങ്ങളെയും  അതിജീവിച്ചു  അത്  നടപ്പിലാക്കുവാൻ  അദ്ദേഹം  ശുഷ്‌കാന്തി  കാണിച്ചിരുന്നു.  അതുപോലെ,   സർക്കാർ  നയങ്ങൾ  ആത്മാർത്ഥതയോടെ  നടപ്പിലാക്കുവാൻ  ശ്രമിക്കുന്ന  ഉദ്യോഗസ്ഥർക്ക്  മനഃപൂർവമല്ലാത്ത  പിഴവുകൾ  ഉണ്ടായാൽ    അവരെ സംരക്ഷിക്കുവാൻ  അദ്ദേഹത്തിന്  മടിയില്ലായിരുന്നു.  അതുകൊണ്ടു തന്നെയാണ്  ഉദ്യോഗസ്ഥന്മാർക്ക്  അദ്ദേഹം  പ്രിയങ്കരനായി  മാറിയത്.

കേരളം ഭരിച്ചആജ്ഞാശക്തിയും കരുത്തുംഭരണപാടവവും  കാഴ്ചവച്ച  അപൂർവം  ഭരണാധിപന്മാരിൽ   ഒരാളായിരുന്നു  അദ്ദേഹം.  അദ്ദേഹത്തിന്റെ   ഓർമ്മക്കു  മുന്നിൽ   സ്മരണാഞ്ജലി  അർപ്പിക്കുന്നു .

 

അഡ്വ.പി.എസ്‌ .ശ്രീകുമാർ 

 

9847173177