Tuesday, 30 April 2024

 തലസ്ഥാന വികസനവും  ഐക്യ ജനാധിപത്യ സർക്കാരുകളും 

അഡ്വ.പി.എസ് .ശ്രീകുമാർ 

 സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൻറ്റെ  സമഗ്ര വികസനം  ലക്ഷ്യമാക്കി ആദ്യമായി ഒരു നയം രൂപീകരിച്ചത്  2001  ൽ അധികാരത്തിൽ വന്ന ഏ .കെ .ആൻറണിയുടെ  നേതൃത്വത്തിലുള്ള  ഐക്യ ജനാധിപത്യ  മുന്നണി  സർക്കാരായിരുന്നു. ക്യാപിറ്റൽ റീജിയൻ ഡെവലപ്മെന്റ് പ്രൊജക്റ്റ്  എന്ന   പദ്ധതിക്ക്   സർക്കാർ  അംഗീകാരം നൽകി.  ഇതനുസരിച്ചു  നഗരത്തിലെ റോഡുകൾ വീതികൂട്ടി നവീകരിക്കുക, നഗരത്തിലെ പ്രധാന റോഡുകളുമായി ബന്ധപ്പെടുത്തി, റിങ് റോഡുകളും, ലിങ്ക് റോഡുകളും , വാഹന പാർക്കിംഗ് നയം രൂപീകരിക്കുക,  ജലസ്രോതസുകൾ വൃത്തിയാക്കുക, പ്രധാന മാർക്കറ്റുകളും  ഷോപ്പിംഗ് സ്ട്രീറ്റ്‌സും  നവീകരിക്കുക,  സീവെജുകൾ  നഗരം മുഴുവൻ വ്യാപിപ്പിക്കുക, ബ്രോഡ്  ബാൻഡ്/  വൈഫൈ  സംവിധാനം  നഗരത്തിൽ എമ്പാടും സജ്ജമാക്കുക, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഒരു ലക്ഷം വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുക  എന്നിവയാണ്  പദ്ധതിയിലെ  പ്രധാന നിർദേശങ്ങളായി ഉണ്ടായിരുന്നത്. ഇവയിൽ  ആദ്യം തുടക്കം കുറിച്ചത്  നഗരത്തിലെ പ്രധാനപ്പെട്ട 42  കി.മീ  ദൈർഘ്യമുള്ള  റോഡുകളുടെ  നവീകരണ പ്രവർത്തനങ്ങൾ  ആയിരുന്നു. 25 വര്ഷം പരിപാലനം എന്ന നിബന്ധനയോടെ ഐ.എൽ   & എഫ്.എസ്  എന്ന കമ്പനിയുമായാണ് സർക്കാർ ഉടമ്പടി ഒപ്പുവച്ചത്.  ഇതിന്റെ ഭാഗമായാണ്, പാളയത്തെ അടിപ്പാത, ബേക്കറി ജങ്ക്ഷൻ , പഴവങ്ങാടി  എന്നിവിടങ്ങളിലെ മേൽപ്പാത എന്നിവ നിർമ്മിച്ചത്. നഗരത്തിലെ  ഏറ്റവും പ്രധാനപ്പെട്ട     റോഡുകളാണ് പൊതു-സ്വകാര്യ സഹകരണത്തോടെ  സമയബന്ധിതമായി  വികസിപ്പിച്ചത്.  ശംഖുമുഖം-കവടിയാർ, കിള്ളിപ്പാലം-അട്ടകുളങ്ങര ,വെള്ളയമ്പലം-വഴുതക്കാട് -തമ്പാന്നൂർ  തുടങ്ങിയ  പ്രധാന സിറ്റി റോഡുകളാണ് നവീകരിച്ചു നാല് വാരി പാതകളാക്കിയത്.  ഇതിൻറ്റെ   നിർമാണം പൂർത്തിയായി കഴിഞ്ഞപ്പോൾ, ഏഷ്യാ -മധ്യേഷ്യ  റീജിയണിലെ ലോകനിലവാരത്തിലുള്ള   ഏറ്റവും  നല്ല റോഡുകൾക്കുള്ള  യുണൈറ്റഡ്  നേഷൻസ് ഇക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പിൻറ്റെ  പ്രത്യേക പ്രശംസക്ക്  അർഹമായി. ഇതിൻറ്റെ  വിജയത്തെത്തുടർന്നു   കോഴിക്കോട്,  ആലപ്പുഴ, മലപ്പുറം തുടങ്ങിയ മറ്റു ജില്ലകളിലും  ഇതേ രീതിയിൽ നഗര ഗതാഗത സംവിധാനം പരിഷ്കരിക്കാനുള്ള പദ്ധതിക്ക്  തുടക്കം  കുറിച്ചു.

  

വിഴിഞ്ഞം തുറമുഖവും പുനരധിവാസ പദ്ധതിയും :

തിരുവനന്തപുരം  നഗരം  തിരുവിതാംകൂർ  രാജ്യത്തിൻറ്റെ   തലസ്ഥാനമായിരുന്നപ്പോൾ  മുതൽ  സജീവ പരിഗണയാളുണ്ടായിരുന്ന  ഒരു അടിസ്ഥാന  വികസനപദ്ധതിയാണ്  വിഴിഞ്ഞം തുറമുഖം.  ഈ പദ്ധതിക്ക്  മൂർത്ത  രൂപം  നൽകിയത്  1991-96  കാലഘട്ടത്തിലെ  കരുണാകരൻ മന്ത്രിസഭയും,  ആ  മന്ത്രിസഭയിൽ  തുറമുഖ വകുപ്പ്  മന്ത്രിയായിരുന്ന  എം.വി. രാഘവനും  ആയിരുന്നെങ്കിലും  പിന്നീട് വന്ന  ഇടതു  മന്ത്രിസഭകൾ, ആ പദ്ധതിക്ക് മുകളിൽ അടയിരിക്കുകയായിരുന്നു.    ശിലയായി മാറിയ  അഹല്യക്ക്  ശ്രീരാമ സ്പർശത്താൽ മോക്ഷം കിട്ടിയതുപോലെ,   2011-16 കാലത്തു  മുഖ്യമന്ത്രിയായിരുന്ന  ഉമ്മൻചാണ്ടിയുടെയും , തുറമുഖ മന്ത്രിയായിരുന്ന  കെ .ബാബുവിൻറ്റെയും, പാർലമെന്റ് അംഗമായിരുന്ന  ശശി തരൂരിൻറ്റെയും  ആത്മാർത്ഥമായ  ശ്രമഫലമായാണ്, കേന്ദ്രാനുമതിയോടെ  പദ്ധതി   നിർമാണം  2015  സെപ്റ്റംബറിൽ    ആരംഭിച്ചത്.    ആദ്യ ഘട്ടത്തിൽ  7525  കോടി രൂപ മുടക്കുമുതലുള്ള  പദ്ധതി  നാലുഘട്ടവും  പൂർത്തീകരിക്കുമ്പോൾ  31000  കോടി  രൂപയുടെ  നിക്ഷേപമാണ് ഉണ്ടാകുന്നതു.  പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ  ഇതിൽ 6000  കോടി രൂപയുടെ അഴിമതി നടന്നെന്നു അന്ന് സി.പി.എം  സംസ്ഥാന  സെക്രട്ടറിയായിരുന്ന  പിണറായി വിജയൻ  ആരോപണം ഉന്നയിച്ചു. തങ്ങൾ അധികാരത്തിലെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.  2016 ലെ നിയമ സഭ തെരഞ്ഞെടുപ്പിനെ തുടർന്ന്  അധികാരത്തിലെത്തിയ പിണറായി  ആദ്യം വിഴിഞ്ഞം പ്റദ്ധതിയിലെ അഴിമതിയെക്കുറിച്ചു  അന്വേഷിക്കാൻ  വിജിലൻസ് വകുപ്പിനോട്  ആവശ്യപ്പെട്ടു.  പിണറായിയുടെ ഉത്തരവനുസരിച്ചു   അന്നത്തെ മുഖ്യമന്ത്രിക്കും, തുറമുഖ വകുപ്പ് മന്ത്രിക്കും  പുറമെ  അന്നത്തെ പോർട്ട് സെക്രട്ടറി,  വിഴിഞ്ഞം പോർട്ട്  മാനേജിങ് ഡയറക്ടർ  തുടങ്ങിയ  ഉദ്യോഗസ്ഥർ   ക്കെതിരെ   വിശദമായ അന്വേഷണം  നടത്തിയെങ്കിലും,  യാതൊരു വിധ അഴിമതിയും  അവർക്കു കണ്ടെത്താൻ  സാധിച്ചില്ല.  അതുകൊണ്ടും കലി തീരാതിരുന്ന പിണറായി   ജസ്റ്റി: സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ  ജുഡീഷ്യൽ അന്വേഷണം  പ്രഖ്യാപിച്ചു. അഴിമതി ആരോപണം ഉന്നയിച്ച പിണറായി ഉൾപ്പെടെ ഒരാൾ പോലും  ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ  എന്തെങ്കിലും സാമ്പത്തിക ക്രമക്കേട് നടന്നെന്ന് തെളിയിക്കാനുള്ള ഒരു രേഖ പോലും ഹാജരാക്കുവാൻ സാധിച്ചില്ല. അതിനാൽ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു  യാതൊരുവിധ  അഴിമതിയും  നടന്നിട്ടില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകി. 

വിഴിഞ്ഞം പദ്ധതി  നടപ്പാക്കുമ്പോൾ  ആ പ്രദേശത്തുള്ള   മത്സ്യത്തൊഴിലാളികൾ  ഉൾപ്പെടെയുള്ള  ചിലരെ  ബാധിക്കാൻ  സാധ്യത ഉണ്ടെന്ന്   പോർട്ട് മാനേജ്‌മന്റ് നടത്തിയ പഠനത്തിൽ കണ്ടെത്തിയതിനെ  തുടർന്ന്,  അഞ്ച്  വര്ഷം കൊണ്ട്  അത്  പരിഹരിക്കാനായി  475  കോടി  രൂപയുടെപുനരധിവാസ പദ്ധതിക്ക്  എം.പി. യുടെ  കൂടി ശ്രമഫലമായി  ഉമ്മൻ ചാണ്ടി  സർക്കാർ  രൂപം നൽകി.  പദ്ധതിനടപ്പാക്കുമ്പോൾ   ബാധിക്കുന്ന  തീരദേശ നിവാസികൾക്ക്‌   നഷ്ടപരിഹാരം, പുനരധിവാസം എന്നിവക്കുള്ള  പദ്ധതി,  ജില്ലാ കളക്ടറുടെ  നേതൃത്വത്തിലുള്ള  കമ്മിറ്റി  നിദ്ദേശിക്കുന്നതനുസരിച്ചു  നടപ്പിലാക്കുവാനും,  തീരുമാനിച്ചു.  സ്ഥലം  ഏറ്റെടുക്കൽ,  വീട് നിർമാണം എന്നിവക്ക്  350  കോടി രൂപ ,  ജീവിതോപാധി  കണ്ടെത്തൽ 59  കോടി രൂപ, സ്ത്രീ ശാക്തീകരണം 39  കോടി  രൂപ,  വാർധക്യ കല പരിചരണം 2.5  കോടി  രൂപ,  കപ്പാസിറ്റി ബിൽഡിംഗ് 50 ലക്ഷം  എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. 20 ലക്ഷം  രൂപ വച്ച് 100  സ്റ്റേ  ബോട്ടുകൾ,  ആഴക്കടൽ മത്സ്യബന്ധനത്തിന് 10  യന്ത്രവൽകൃത ബോട്ടുകൾ, 1000  മത്സ്യത്തൊഴിലാളികൾക്ക് മറ്റു  ജീവിധോപാധികൾ , 1000  സുരക്ഷാ ഉപകരണങ്ങൾ  തുടങ്ങിയവയാണ്  ജീവിദോപാധി കണ്ടെത്തലിൽ  ഉള്ളത്.  ഇതിനു പുറമെ,  കൊല്ലങ്കോടുമുതൽ  അടിമലത്തുറവരെയുള്ള 6926  സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള  നടപടികൾക്കാണ്  39  കോടി രൂപ  വകയിരുത്തിയത്.

1000  സ്വയംസഹായ  സംഘങ്ങൾ രൂപീകരിച്ചു  ഓരോ യൂണിറ്റിനും രണ്ടു ലക്ഷം രൂപ വച്ച് നൽകുന്നതായിരുന്നു  പ്രധാന പദ്ധതി. മൂവായിരത്തോളം യുവതീയുവാക്കളുടെ നൈപുണ്യം വികസിപ്പിക്കുക, സംരംഭകത്വം വികസിപ്പിക്കുക തുടങ്ങിയ  പദ്ധതികളുമുണ്ട്. ഉമ്മൻചാണ്ടി  സർക്കാരിന്റെ  കാലാവധി  തീരുന്നതിനു മുമ്പ് ഇക്കാര്യങ്ങൾക്കായി  ചിലവഴിച്ച  99  കോടി  രൂപയല്ലാതെ   പിന്ന്നീട് വന്ന പിണറായി  സർക്കാർ  ഒന്നും  ചെയ്തില്ല  എന്നതാണ്  വാസ്തവം.    അതുകൊണ്ടാണ് ഓഖി  ദുരന്തത്തെ തുടർന്ന്,  അവിടെയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ  കാറിൽ നിന്നും ഇറങ്ങാൻ അനുവദിക്കാതെ  തീരദേശ വാസികൾ കൂകി ഓടിച്ചത്. 

2023  ഒക്ടോബർ  15 ന് , തുറമുഖത്തു സ്ഥാപിക്കാനുള്ള കൂറ്റൻ  ക്രെയിനുകളുമായി  ഒരു  മദർ ഷിപ്  എത്തി. 2024 ജൂലൈ 11  ന്  രാവിലെ  ലോകത്തെ  വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ  ഷിപ്പിംഗ് കമ്പനിയുടെ  സാൻ ഫെർണാണ്ടോ എന്ന കൂറ്റൻ ചരക്കു കപ്പൽ  ട്രയൽ റണ്ണിൻറ്റെ  ഭാഗമായി  2000 ഓളം  കണ്ടൈനറുകളുമായി എത്തി. മെസ്‌ക്   എന്ന  മറ്റൊരു വലിയ കപ്പൽ കമ്പനിയുടേതാണ് ഇതിലെ ചരക്കുകൾ.   ഇത് വിഴിഞ്ഞം തുറമുഖത്തു ഇറക്കി, ചെറുകപ്പലുകളിലേക്ക്  മാറ്റി മറ്റു തുറമുഖങ്ങളിലേക്ക്  കൊണ്ടുപോയി. 1000  ദിവസം കൊണ്ട് (2019  ഡിസംബർ)  പൂർത്തിയാക്കാൻ  ലക്ഷ്യമിട്ട  ഒന്നാം  ഘട്ടം  9  വർഷത്തോളമായിട്ടും  ഇതുവരെയും  പൂർത്തിയാക്കുവാൻ  പിണറായി  സർക്കാരിന്  സാധിച്ചില്ല . ഈ പദ്ധതിയും അനുബന്ധ  പദ്ധതികളും  പൂർത്തിയാക്കിയാൽ  വികസന രംഗത്ത്  വലിയൊരു  കുതിച്ചുചാട്ടമാണ്  തിരുവനന്തപുരത്തിനും,   സംസ്ഥാനത്തിന് മൊത്തത്തിലും  ഉണ്ടാകാൻ പോകുന്നത്.  പിണറായി  സര്ക്കാരിന്റെ  കെടുകാര്യസ്ഥതയുടെ  ഏറ്റവും  വലിയ  ഉദാഹരണമാണ്  ഇനിയും  പൂർത്തിയാകാത്ത  വിഴിഞ്ഞം പദ്ധതി.

കഴക്കൂട്ടം -കാരോട്  ബൈ പാസ്  നിർമാണം.

തിരുവനന്തപുരം നഗരത്തിലെ  ഗതാഗതത്തിരക്ക്  ഒഴിവാനായിട്ടാണ്  കഴക്കൂട്ടം ബൈ പാസ് പദ്ധതി കൊണ്ടുവന്നതും, അതിന്റെ  ആവശ്യത്തിന് 45  മീറ്റർ വീതിയിൽ കഴക്കൂട്ടം മുതൽ കാരോട് വരെ സ്ഥലം സർക്കാർ നാല് പതിറ്റാണ്ടിന്  മുംബ്  തന്നെ  ഏറ്റെടുത്തതും.  എന്നാൽ  ദേശീയപാതയോടൊപ്പം  ഈ പദ്ധതിയും കൂട്ടിക്കെട്ടപെട്ടതിനാൽ,  ദേശിയ പാത വികസനത്തിനൊപ്പം  മാത്രമേ  ഇതിന്റെ  വികസനവും  സാധിക്കുമായിരുന്നുള്ളൂ.  ഇക്കാര്യത്തിൽ  ഒരു പുനര്ചിന്തനം വന്നത്  2012  കാലഘട്ടത്തിലാണ്.  പാർലമെന്റ്‌  അംഗമായ  ഡോ .ശശി തരൂർ ഈ പദ്ധതി  നടപ്പാക്കേണ്ടതിന്റെ  ആവശ്യകത  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.  തുടർന്നുണ്ടായ  ചർച്ചകളിലാണ്  കഴക്കൂട്ടം -  കാരോട് ബൈ പാസ് നിർമാണം  ദേശിയ പാത വികസനത്തിൽ നിന്നും  വേർപെടുത്തി പ്രത്യേക പദ്ധതിയായി  (stand alone )  പരിഗണിക്കാൻ  സംസ്ഥാന സർക്കാർ തീരുമാനിച്ചത്.  ഇക്കാര്യം  സംസ്ഥാന സർക്കാർ രേഖാമൂലമായി കേന്ദ്ര സർക്കാരിനെ അറിയിച്ചു, അതോടൊപ്പം ഡോ .ശശി തരൂർ  ഈ  പ്രശ്‍നം  പാർലമെന്റിൽ ഉന്നയിക്കുകയും  മന്ത്രാലയങ്ങലുമായി  ചർച്ച ചെയ്യുകയും ചെയ്തത്.  ഇതിനെ തുടർന്നാണ്  മറ്റ്  നടപടി ക്രമങ്ങൾ പൂർത്തിയാക്കി 2015 ൽ  കഴക്കൂട്ടം മുതൽ കോവളം വരെയുള്ള  പദ്ധതിയുടെ നിർമാണം തുടങ്ങിയതും, ഈ ബൈ പാസ്  ഭാഗികമായി  2016  മാർച്ച് മാസത്തോടെ  തുറന്നുകൊടുക്കകയും ചെയ്തത്.  പിന്നീടുണ്ടായ നിരന്തര പരിശ്രമത്തിനൊടുവിലാണ്  കാരോട്  വരെയുള്ള  നിർമാണം  ഏകദേശം  പൂർത്തിയാക്കുവാൻ  ഇപ്പോൾ സാധിച്ചിട്ടുള്ളത്.  കഴക്കൂട്ടത്തെ 

 ഫ്‌ളൈഓവർ  നിർമാണം  ഇതിൻറ്റെ   അനുബന്ധ  പദ്ധതിയായിട്ടാണ്  പൂർത്തീകരിച്ചത്.   മറ്റൊരു  ഫ്‌ളൈഓവർ  നിർമാണം  ഈഞ്ചക്കലിൽ  ആരംഭിക്കാനും  നാഷണൽ  ഹൈവേ  അതോറിറ്റി  തീരുമാനമെടുത്തിട്ടുണ്ട്. 621  കോടി  രൂപയുടെ എസ്റ്റിമേറ്റിൽ  തുടങ്ങിയ പദ്ധതി  ഇതിനോടകം 2000  കോടി രൂപക്കു മുകളിൽ  ചെലവഴിച്ചു.  

കരമന-കളിയിക്കാവിള  സംസ്ഥാന ഹൈവേ 

കഴക്കൂട്ടം-കാരോട്   ബൈ  പാസ് നിർമാണം തുടങ്ങാൻ  ദേശിയ ഹൈവേ അതോറിറ്റി  തീരുമാനിച്ചപ്പോൾ,  പഴയ ദേശിയ പാതയായ കരമന- കളിയിക്കവിള   റോഡ്, സംസ്ഥാന പൊതുമരാമത്തു വകുപ്പിന്  ഹൈവേ അതോറിറ്റി  വിട്ടുനൽകി.നെയ്യാറ്റിൻകര വഴിയുള്ള  ഈ റോഡും  വികസിപ്പിക്കേണ്ടതിന്റെ  ആവശ്യകത   ശ്രദ്ധയിൽ   പെട്ടതിനെ   തുടർന്നാണ്  കരമന മുതൽ  പ്രാവച്ചമ്പലം വരെയുള്ള ഒന്നാം ഘട്ട നിർമാണം  2014  ൽ  തുടങ്ങുകയും,  2016  ആദ്യം  ഉദ്‌ഘാടന കർമം നിർവഹിച്ചതും.  പിന്നീട് മ്മൂന്നു  വര്ഷങ്ങള്ക്കു ശേഷമാണ്   2019 ൽ  രണ്ടാം ഘട്ടമായ ബാലരാമപുരം-കൊടിനട  റോഡ്   നിർമാണം 2019 ൽ  തുടങ്ങാൻ  പിണറായി സർക്കാരിന്  സാധിച്ചത്.. കൊടിനട  മുതൽ  വഴിമുക്കുവരെയുള്ള  ഭാഗത്തെ  സ്ഥലമേറ്റെടുക്കൽ  നടപടികൾ  നടന്നുകൊണ്ടിരിക്കുകയാണ്.  ബാക്കിയുള്ള 18.3 കി.മീ  റോഡും  എത്രയും വേഗം  പൂർത്തിയാക്കേണ്ടതുണ്ട്. ഒരു  വികസന പദ്ധതിപോലും  സമയത്തിന്  ആരംഭിക്കാനോ, സമയ ബന്ധിതമായി പൂർത്തിയാക്കുവാനോ  പിണറായി  സർക്കാരിന്  സാധിക്കുന്നില്ല  എന്നതിന്റ്റെ   തെളിവുകൂടിയാണ്  ഇഴഞ്ഞിഴഞ്ഞു  നിർമാണം നടക്കുന്ന  ഈ റോഡ് പദ്ധതി. 

ലൈറ്റ്   മെട്രോ പദ്ധതി 

 
തലസ്ഥാനമായ തിരുവനന്തപുരത്തും കോഴിക്കോടും അനുഭവപ്പെടുന്ന ട്രാഫിക് കുരുക്കിന് പരിഹാരം കാണുവാനുള്ള 6800 കോടി രൂപയുടെ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാന്‍ ഉമ്മൻ ചാണ്ടി സർക്കാർ   തീരുമാനിച്ചെങ്കിലും, പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ  ഈ രണ്ടു പദ്ധതികളും  ഒന്നാം പിണറായി സർക്കാർ  ഉപേക്ഷിച്ചു .   എന്നാൽ രണ്ടാം പിണറായി സർക്കാർ  ഈ പദ്ധതികൾ  വീണ്ടും പൊടിതട്ടിയെടുത്ത്  കേന്ദ്ര സർക്കാരിന്റെ  അംഗീകാരത്തിന്      അയച്ചിരിക്കുകയാണ്. ഉത്തരവാദിത്വമില്ലാതെ നടത്തിയ റദ്ദാക്കൽ  നടപടിയിലൂടെ  കോടിക്കണക്കിനു രൂപയുടെ  അധികബാധ്യതയും  കാലതാമസവുമാണ് പിണറായി സർക്കാർ വരുത്തിവച്ചിരിക്കുന്നത്.   വി ഴിഞ്ഞം   പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ  തിരുവനന്തപുരത്തെ ഗതാഗതം വീർപ്പുമുട്ടുന്ന അവസ്ഥയിലെത്തും.  അതൊഴിവാക്കാനായിട്ടാണ്  ദീർഘദർശിത്വത്തോടെ  മെട്രോമാൻ ഇ. ശ്രീധരൻറ്റെ   നേതൃത്വത്തിൽ  ഉമ്മൻചാണ്ടി സർക്കാർ  ലൈറ്റ് മെട്രോ പദ്ധതിക്ക്  രൂപം നൽകിയത്.

രണ്ടാം മെഡിക്കൽ കോളേജ്
 
 എല്ലാ  ജില്ലയിലും  ഒരു സർക്കാർ മെഡിക്കൽ കോളേജ്  തുറക്കണമെന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ  പ്രഖ്യാപിത നയമായിരുന്നു. അങ്ങിനെയാണ് വികസന രംഗത്ത് പിന്നോക്ക ജില്ലകളായ ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കാസർഗോഡ് ഉൾപ്പെടെ  മെഡിക്കൽ കോളേജ്  ഇല്ലാതിരുന്ന  ജില്ലകളിൽ പുതിയതായി  മെഡിക്കൽ കോളേജുകൾ  ആരംഭിക്കുവാൻ അന്നത്തെ സർക്കാർ തീരുമാനിച്ചത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെ തിരക്ക് ഒഴിവാക്കുവാൻ വേണ്ടിയാണു  രണ്ടാമതൊരു സർക്കാർ മെഡിക്കൽ കോളേജ്    ആരംഭിക്കുവാൻ  സർക്കാർ തീരുമാനിച്ചത്.     ജനറൽ ആശുപത്രി    ക്യാമ്പസിലാണ്  ഇന്ദിരാ  ഗാന്ധി മെഡിക്കൽ കോളേജ് എന്ന്  നാമകരണം ചെയ്ത  രണ്ടാം മെഡിക്കൽ കോളേജ്  അനുവദിച്ചത്..  ഇതിൻറ്റെ  മെയിൻ ബ്ലോക്കിൻറ്റെ  നിർമാണം പൂർത്തിയാക്കി  പ്രവർത്തനം  ആരംഭിക്കുവാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൻറ്റെ  അംഗീകാരവും  വാങ്ങി.  എന്നാൽ ഉമ്മൻചാണ്ടി  സർക്കാർ അധികാരം ഒഴിഞ്ഞതിനെ  തുടർന്ന്   ഭരണത്തിലേറിയ  പിണറായി സർക്കാർ   ഈ മെഡിക്കൽ കോളേജ് വേണ്ടെന്നു വച്ചു.  

2015 ൽ  കേരളത്തിൽ വച്ച് നടന്ന ദേശീയ ഗെയിംസിൻറ്റെ   ഭാഗമായി 240  കോടി രൂപ ചെലവിൽ കാര്യവട്ടതത്   നിർമിച്ച ഗ്രീൻഫീൽഡ്  സ്‌റ്റേഡിയം  സംസ്ഥാനത്തിന്  ആകെ  അഭിമാനമായി മാറി.  നിരവധി  അന്തർദേശീയ  മത്സരങ്ങൾക്ക്  ഈ സ്റ്റേഡിയം  അതിനു ശേഷം ആതിഥ്യമരുളി.തിരുവനന്തപുരത്തെ  ടെന്നീസ് അക്കാദമി, സ്ക്വാഷ് കോർട്ട്, നെട്ടയത്തെ ഷൂട്ടിംഗ് റേഞ്ച്  തുടങ്ങി  നിരവധി  സ്റ്റേഡിയങ്ങൾ പൂർത്തിയാക്കുവാൻ ഇക്കാലയളവിൽ കഴിഞ്ഞത്,  കേരളത്തിന്റെ കായിക രംഗത്തിനു ഐക്യ മുന്നണി  സർക്കാർ നൽകിയ  സംഭാവനയായിരുന്നു.

സംസ്ഥാന  തലസ്ഥാനമെന്ന നിലയിൽ, തിരുവനന്തപുരത്തിന്റെ  സമഗ്ര വികസനത്തിന്  ഐക്യ ജനാധിപത്യ സർക്കാരുകൾ  കൊണ്ടുവന്ന  മുന്നേറ്റമെല്ലാം  ഇല്ലാതാക്കുന്ന  നടപടികളാണ്  പിണറായി സർക്കാർ തുടർന്ന് വരുന്നത്.  ഐക്യ ജനാധിപത്യ മുന്നണി  സർക്കാരുകൾ  കാഴ്ചവച്ച  വികസന മുന്നേറ്റങ്ങകൾ  സ്തംഭനാവസ്ഥയിൽ  ആക്കിയതിൻറ്റെ   മുഴുവൻ  ഉത്തരവാദിത്വവും  പിണറായി  സർക്കാരിനാണ്,


അഡ്വ. പി.എസ്‌ .ശ്രീകുമാർ

കൺവീനർ,

ഓഫീസർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ  

9495577700 







   മോഡി-പിണറായി സർക്കാരുകളും  വഞ്ചിതരായ  യുവാക്കളും 


അഡ്വ .പി.എസ് .ശ്രീകുമാർ 



 നമ്മുടെ രാജ്യവും, പ്രത്യേകിച്ച്  നമ്മുടെ സംസ്ഥാനവും   തൊഴിലില്ലായ്‌മയുടെ  നീരാളി പിടുത്തത്തിൽപെട്ട്  ഉഴലുകയാണ്.  സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ  ഏറ്റവും  വലിയ തൊഴിലില്ലായ്‌മാ  കാലഘട്ടത്തിലൂടെയാണ് നാം ഇന്ന്  കടന്ന്  പോകുന്നത്.  കേരളത്തിലെ അനുഭവവും  വ്യത്യസ്ഥമല്ല.  തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം   നാൾക്കുനാൾ വർധിക്കുകയാണ്. ഇന്ത്യാ  ഗവൺമെന്റിന്റെ  നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻറ്റെ  സ്ഥിതിവിവവര കണക്കനുസരിച്ചു  1980 നും, 2010 നും ഇടക്കുള്ള കാലത്തു തൊഴിലില്ലായ്മ നിരക്ക് 2.8  ശതമാനമായിരുന്നു. 1983 ൽ 7.8 ദശലക്ഷം പേരായിരുന്നു  തൊഴിലില്ലാത്തവരായി ഉണ്ടായിരുന്നെങ്കിൽ 2004-05 കാലഘട്ടത്തിൽ, മൻമോഹൻ സിംഗ് അധികാരത്തിൽ ഏറുന്ന സമയത്തു്,   12.3 ദശലക്ഷം പേർ  തൊഴിൽ ഇല്ലാത്തവരായി ഉണ്ടായിരുന്നു.  

 ഡോ .മൻമോഹൻ സിംഗ്  അധികാരത്തിലിരുന്ന 2004  മുതൽ 2014 വരെയുള്ള  10  വർഷ കാലയളവിൽ  ഐ.എൽ.ഒ  യുടെ കണക്കനുസരിച്  തൊഴിലില്ലായ്മ നിരക്ക് 3.4  ശതമാനമായിരുന്നു..  .  ഇന്ത്യയുടെ സമ്പത്‌വ്യവസ്ഥ  ഉദാരവൽക്കരിച്ചുകൊണ്ട്  മൻമോഹൻ സിംഗ് സർക്കാർ  നടപ്പാക്കിയ  നയങ്ങളുടെ ഭാഗമായാണ്  ഇന്ത്യൻ സമ്പത് വ്യവസ്ഥ ഉയരങ്ങളിലേക്ക് കുതിക്കുകയും , ധാരാളം തൊഴിലവസരങ്ങൾ  സൃഷ്ടിച്ചുകൊണ്ട്  വൻകിട ആഗോള കമ്പനികൾ  ഇന്ത്യയിൽ വ്യവസായങ്ങൾ  ആരംഭിക്കുവാൻ  തുടങ്ങിയതും.  മൻമോഹൻ സിംഗ് സര്ക്കാറിന്റെ   ഈ നടപടികൾ  കണ്ടില്ലെന്നു നടിച്ചാണ്  2014 ലെ ലോക് സഭാ   തെരഞ്ഞെടുപ്പിൽ ബി ജെ പിയെ  നയിച്ച  നരേന്ദ്ര മോഡിയും  എൻ ഡി എ  സഖ്യവും   2  കോടി  തൊഴിലവസരങ്ങൾ  പ്രതിവർഷം  സൃഷ്ടിക്കുമെന്ന്  വാഗ്‌ദാനം   നൽകിയത്. അധികാരത്തിലേറിയ ശേഷം  പുതിയ  തൊഴിലവസരങ്ങൾ  സൃഷ്ടിച്ചില്ലെന്ന്  മാത്രമല്ലാ,  കേന്ദ്ര സർക്കാരിലെയും  റയിൽവേ, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവ  ഉൾപ്പെടുയുള്ളവയിലെ  നിലവിലുണ്ടായിരുന്ന  ഒഴിവുകൾ പോലും  നികത്താതെ   മോഡി സർക്കാർ  മാറ്റിവച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നിയന്ത്രണമുള്ള  സ്ഥാപനങ്ങളിലെ  നിയമനങ്ങൾ  ബി.ജെ.പി  അനുഭാവികൾക്ക്  മാത്രമാണ്  ലഭിക്കുന്നത്.  സർവകലാശാലകൾ  ഉൾപ്പെടെയുള്ള  അക്കാഡമിക്  സ്ഥാപനങ്ങൾ  കാവിവൽക്കരണം  നടത്തുകയാണ്.   നമ്മുടെ പ്രതിരോധ സേനകളിലേക്കുള്ള  നിയമനങ്ങൾ പോലും   അഗ്നിവീർ എന്ന പുതിയ സംവിധാനം സൃഷ്ടിച്ച്  ഇല്ലാതാക്കിയിരിക്കുകയാണ് മോഡി സർക്കാർ. നിലവിലുണ്ടായിരുന്ന  30  ലക്ഷം  തൊഴിൽ അവസരങ്ങളാണ്  നികത്തപ്പെടാതെ  മോഡി സർക്കാർ മാറ്റിവച്ചിരിക്കുന്നത്.  സെക്കണ്ടറി  അല്ലെങ്കിൽ, ഉന്നത വിദ്യാഭ്യാസം ഉള്ള തൊഴിലില്ലാത്ത യുവാക്കളുടെ   ശതമാനം  2000  ആണ്ടിൽ 35.2  ആയിരുന്നത്    2022 ൽ 65.7 ശതമാനമായി വർധിച്ചെന്നാണ് 2024 ലെ  ഇന്ത്യാ  എംപ്ലോയ്‌മെന്റ് റിപ്പോർട്ടിൽ  പറഞ്ഞിട്ടുള്ളത്.

മോദിയുടെ കാൽപാടുകൾ  പിന്തുടരുന്ന  പിണറായി 

മോഡി സർക്കാരിന്റെ  കാൽ പാടുകൾ  പിന്തുടരുന്ന  ജോലിയാണ്  സംസ്‌ഥാനത്തു  പിണറായി സർക്കാർ  ചെയ്യുന്നത്.    ഉമ്മൻ  ചാണ്ടി  സർക്കാർ  ഭരണത്തിൽ നിന്നിറങ്ങിയ  2016 മേയ്  മാസത്തിൽ  കേരളത്തിലെ തൊഴിലില്ലാത്തവരുടെ  എണ്ണം  38  ലക്ഷമായിരുന്നെങ്കിൽ,  കേരള സര്ക്കാരിന്റെ    " എന്റ്റെ തൊഴിൽ, എൻറ്റെ  അഭിമാനം" പദ്ധതിയിൽ  2023 ൽ  തൊഴിലിനു രജിസ്റ്റർ  ചെയ്തവർ 53,42,094 പേരായിരുന്നു.  കെ-ഡിസ്‌ക്കും  കുടുംബശ്രീയും ചേർന്നാണ്  ഈ പട്ടണത്തിന്റെ  ആദ്യഘട്ടം പൂർത്തിയാക്കിയത്.  ഇവർ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ചു  58.3  ശതമാനം  സ്ത്രീകളും 41.5 ശതമാനം പുരുഷന്മാരുമാണ്. 

ഐ എൽ ഒ  26/ 3/ 2024 ൽ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ചു്   ദേശിയ തലത്തിൽ  തൊഴിലില്ലായ്മ  നിരക്ക്  10  ശതമാനവും,  സംസ്ഥാനത്തു 28.7 ശതമാനവുമാണ്.  വിവര  സാങ്കേതിക  വിദ്യ രംഗത്തുപോലും  അനിശ്ചിതാവസ്ഥയാണ് ഉള്ളത്.    യുവൾക്കിടയിലാണ്  തൊഴിലില്ലായ്മ കൂടുതൽ.  തൊഴിൽ രഹിതരായ  ഇന്ത്യക്കാരിൽ  83  ശതമാനം  യുവാക്കളാണെന്നാണ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഹ്യൂമൻ  ഡവലപ്മെന്റ് മായി ചേർന്ന് ഐ.എൽ.ഒ  നടത്തിയതിയ പഠനത്തിൽ വ്യക്തമായത്. ഗ്രാമീണ മേഖലയിലും  തൊഴിലില്ലായ്മ രൂക്ഷമാണ്.ഗ്രാമീണ മേഖലയിലെ  17.5  ശതമാനം യുവൽക്കൾക്കു മാത്രമേ  സ്ഥിരം തൊഴിൽ ഉള്ളു. 

2016 ലെ  നിയമസഭാ തെരഞ്ഞെടുപ്പിൽ  ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടന പത്രികയിൽ പറഞ്ഞതു  തസ്തികകൾ വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കുമെന്നും, അഡ്വൈസ് മെമോ  ലഭിച്ചു 90  ദിവസങ്ങൾക്കുള്ളിൽ നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്നായിരുന്നു. മാത്രമല്ലാ , ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകൾ 10  ദിവസത്തിനകം പി.എസ.സി യെ അറിയിക്കുമെന്നുള്ളത്  ഉറപ്പുവരുത്തുമെന്നും പറഞ്ഞു.  2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ്  സമയത്‌ത്‌ ,  പ്രതിവർഷം  2  ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ്  മാർക്സിസ്റ് പാർട്ടി നേതാക്കൾ  പ്രസംഗിച്ചു നടന്നത്. എന്നാൽ,  ഇതിനെല്ലാം കടകവിരുദ്ധമായ കാര്യങ്ങളാണ്  ഇവിടെ നടക്കുന്നത്.പി.എസ് .സി നിയമനങ്ങൾ  കഴിയുന്നത്ര  താമസിപ്പിക്കാനുള്ള  ബോധപൂർണമായ  നടപടികളാണ് പിണറായി സർക്കാർ  കൈക്കൊള്ളുന്നത്. പി.എസ് .സിയിൽ നിന്ന്  നിയമിക്കേണ്ട തസ്തികകളിൽ പോലും  ഇടതു സഹയാത്രികളെ  പിൻവാതിൽ വഴി നിയമനം നൽകുന്നു.  ഏകദേശം മൂന്നു ലക്ഷത്തോളം   പാർശ്വവർത്തികളെ പിൻ വാതിലിലൂടെ   നിയമിച്ച  സർക്കാർ,  പി.എസ്‌  സി വഴി നിയമനം കാത്തു കഴിയുന്ന  പതിനായിരക്കണക്കിന്   യുവാക്കളെ    നിയമനാം നൽകാതെ  കണ്ണീർകുടിപ്പിക്കുകയാണ്.  നിലവിലുള്ള  ഒഴിവുകൾ  എത്രയും വേഗം  റിപ്പോർട്ട് ചെയ്‌ത്‌  തങ്ങൾക്കു  നിയമനം നൽകണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്  സിവിൽ പോലീസ് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ  സെക്രട്ടേറിയറ്റ്  നടയിൽ  മുട്ടിലിഴഞ്ഞും,, ശയന പ്രദക്ഷിണം  നടത്തിയും   അനിശ്ചിതകാല  സമരത്തിലിരുന്നത്  കേരളത്തിലെ   സാധാരണ ജനങ്ങൾ  മറക്കുമെന്നു  തോന്നുന്നില്ല.    


 വിദ്യാസമ്പന്നരിലെ തൊഴിലില്ലായ്‌മയുടെ  രൂക്ഷതയുടെ  ഉദാഹരണമാണ്  ഈയിടെ    ഉത്തർ  പ്രദേശിലെ പോലീസ് കോൺസ്റ്റബിൾ  തസ്തികയിലേക്ക് നടന്ന പരീക്ഷ.  60000  ഒഴിവുകളിലേക്ക്‌ നടന്ന പരീക്ഷയിൽ 50 ലക്ഷം അപേക്ഷകരാനുണ്ടായിരുന്നത്. കേരളത്തിലാണെങ്കിൽ   സർവ്വകലാശാലകളിലേതുൾപ്പെടെ  ഉന്നത ഉദ്യോഗങ്ങൾ പോലും, മാർക്സിസ്ററ്   പാർട്ടി  നേതാക്കളുടെ ഭാര്യമാർക്കും മറ്റു ബന്ധുക്കൾക്കും വേണ്ടി  സംവരണം ചെയ്തു വച്ചിട്ടുണ്ടോ  എന്നുപോലും  സംശയിക്കേണ്ട  സാഹചര്യമാണ്  ഉണ്ടായിട്ടുള്ളത്.  വ്യവസായ വകുപ്പ് മന്ത്രിയുടെ ഭാര്യ വാണി ഇപ്പോൾ  കൊച്ചി സർവകലാശാലയിലെ  അസിസ്റ്റന്റ് പ്രൊഫസറാണ്.  മുഖ്യമന്ത്രിയുടെ  പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഷിന്റ്റെ   ഭാര്യ പ്രിയ വര്ഗീസ് കണ്ണൂർ സർവകലാശാലയിലെ പ്രൊഫസർ തസ്തികയിൽ   ഇരിക്കുന്നു.  മന്ത്രി എം.ബി. രാജേഷിൻറ്റെ   ഭാര്യ നിമിത്ത കണിച്ചേരി  സംസ്‌കൃത സർവകലാശാലയിലെ പ്രൊഫസറാണ്.  സ്‌പീക്കർ  എ.എൻ. ഷംസീറിൻറ്റെ  ഭാര്യ ഷഹാന ഷംസീർ കോഴിക്കോട് സർവകലാശാലയിലെ ഉന്നത തസ്തികയിലാണ് ജോലി ചെയ്യുന്നത്.  ഈ   ലിസ്റ്റ് അന്ത്യമില്ലാതെ  നീണ്ടുപോകുകയാണ്. . സംസ്ഥാനത്തെ സർക്കാർ  ആശുപത്രി വികസന സമിതികളുടെ പേരിലും  സഹകരണ സ്ഥാപനങ്ങളിലും  നടക്കുന്ന  നിയമങ്ങളെല്ലാം  സി പി എം  അനുയായികൾക്കുമാത്രമാണ്. ഏകദേശം  3  ലക്ഷത്തോളം  താൽക്കാലിക  ജീവനക്കാരാണ്  വിവിധ വകുപ്പുകളിലും  സർക്കാർ സ്ഥാപനങ്ങളിലും  നിയമിക്കപ്പെട്ടിട്ടുള്ളത്.  എല്ലാ  നിയമനങ്ങളും  സി പി എം ഓഫീസുകളിൽ നിന്നുമുള്ള  നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ  മാത്രമാണ്  നടക്കുന്നത്.  കാസർഗോഡ്  താലൂക്ക്  ആശുപത്രിയിൽ 3  തൂപ്പുകാരുടെ  തസ്തികയിലേക്ക് ഒഴിവു വന്നപ്പോൾ  അപേക്ഷ നൽകിയത് 600  സ്ത്രീകളാണ്.600  പേരെയും  ഇന്റർവ്യൂവിന്‌  ക്ഷണിച്ചു.  അപേക്ഷിച്ച 600  പേരും  അഭിമുഖത്തിന്  ഹാജരായി.  എന്നാൽ   നിയമനം ലഭിച്ചത് കൃപേഷ് -ശരത്ലാൽ എന്നീ യുവാക്കളുടെ  കൊലപാതകികളായി  ജയിലിൽ  കിടക്കുന്ന പ്രതികളുടെ  ഭാര്യമാർക്കായിരുന്നു.

കോൺഗ്രസ് പ്രകടന പത്രികയും  യുവാക്കളും 

ഇന്ത്യയിലെ യുവാക്കളുടെ  പ്രശ്നങ്ങൾ സമഗ്രമായി പഠിച്ചശേഷമാണ്  കോൺഗ്രസ് പ്രകടന പത്രികയിൽ "യുവ ന്യായ" എന്ന ശീർഷകത്തിൽ  യുവാക്കൾക്കുള്ള വാഗ്‌ദാനങ്ങൾ  ഉൾപ്പെടുത്തിയത്. ഏറ്റവും പ്രധാനം,  കേന്ദ്രസർക്കാരിലെ  30   ലക്ഷം തസ്തികകളിൽ  നിയമനം നല്കുമെന്നതാണ്. ഉത്തർപ്രദേശും, മധ്യപ്രദേശും ഉൾപ്പെടെ  നിരവധി  സംസ്ഥാനങ്ങളിൽ  പബ്ലിക് സർവീസ് കമ്മീഷനും ,  സർവ്വകലാശാലകളും  നടത്തുന്ന  പരീക്ഷകളുടെ  ചോദ്യ  പേപ്പർ ചോർന്നു പോകുന്നത്  നിത്യ സംഭവമാണ്.ചോദ്യ പേപ്പർ ചോർച്ച അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരുമെന്നും,  ജിഗ്  തൊഴിലാളികൾക്ക്   മെച്ചപ്പെട്ട  തൊഴിൽ അന്തരീക്ഷവും, സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുമെന്നും,  യുവജനങ്ങൾക്ക്‌ സ്റ്റാർട്ട് അപ്പുകൾ  തുടങ്ങുവാനായി 5000  കോടിയുടെ പ്രത്യേക ഫണ്ട് മാറ്റിവക്കുമെന്നും വാഗ്ദാനം നൽകിയിട്ടുണ്ട്.  മാത്രമല്ലാ,  വിദ്യാഭ്യാസമുള്ള  മുഴുവൻ  യുവജനങ്ങൾക്കും  പ്രതിവർഷം ഒരു  ലക്ഷം രൂപ  പ്രതിഫലത്തിൽ  തൊഴിൽ പരിശീലനം  നൽകുമെന്നും  പ്രകടന പത്രികയിലൂടെ  കോൺഗ്രസ്   ഉറപ്പ്  നൽകിയിരിക്കുകയാണ്. 

 ലോകത്തിലെ  ഏറ്റവും ബ്രഹത്തായ  മഹാത്മാ ഗാന്ധി  തൊഴിൽ ഉറപ്പു പദ്ധതി  നടപ്പാക്കിയത്  മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിലുണ്ടായിരുന്ന  കോൺഗ്രസ് സർക്കാരായിരുന്നു.  ആ പദ്ധതിയുടെ  തുടർച്ചയായി,  തൊഴിലുറപ്പു തൊഴിലാളികൾ ഉൾപ്പെടെയുള്ള  രാജ്യത്തെ   എല്ലാ തൊഴിലാളികളുടെയും കുറഞ്ഞ വേതനം  400  രൂപയായി വർധിപ്പിക്കുമെന്നും, നഗര പ്രദേശങ്ങൾക്കായി  പ്രത്യേക  തൊഴിലുറപ്പു നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ പറയുന്നു.  അസംഘടിത  മേഖലയിലെ  തൊഴിലാളികൾക്കായി ലൈഫ് ഇൻഷുറൻസും, അപകട ഇൻഷുറൻസും നടപ്പിലാക്കുമെന്നും പതികയിൽ പറയുന്നുണ്ട്. ഇന്ത്യയിലെ  യുവജനങ്ങൾ  ദീർഘകാലമായി  ആവശ്യപ്പെടുന്ന ഒരു ആവശ്യമാണ്  സർക്കാർ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കണമെന്നത് .  എല്ലാ കരാർ നിയമനങ്ങളും  നിർത്തലാക്കുമെന്നും അവയെല്ലാം  സ്ഥിര നിയമങ്ങളായി മാറ്റുമെന്നുമുള്ള  വാഗ്‌ദാനം    യുവാക്കൾക്കുള്ള  അംഗീകാരമാണ്.  യുവജനങ്ങളുടെ   കാതലായ  എല്ലാ  പ്രശ്നങ്ങളെയും  പരിഹരിക്കുന്നതും  ഇത്രയും  ബൃഹത്തായതുമായ  ഒരു  പ്രകടന പത്രിക മറ്റൊരു  രാഷ്ട്രീയ  പ്രസ്ഥാനവും  പുറത്തിറക്കിയിട്ടില്ല.  കോൺഗ്രസ്ഈ നേതൃത്വം  നൽകുന്ന  ഒരു  സർക്കാരിന്  മാത്രമേ  ഈ വാഗ്‌ദാനങ്ങൾ   നടപ്പിലാക്കുവാൻ  സാധിക്കുകയുള്ളു.  അതുകൊണ്ടു തന്നെ  രാജ്യത്തെ യുവാക്കൾ     കോൺഗ്രസ്  നേതൃത്വം നൽകുന്ന  "ഇന്ത്യാ  സഖ്യത്തെ "  വിജയ കിരീടം  അണിയിക്കുമെന്നതിൽ  സംശയമില്ല.