മോഡി-പിണറായി സർക്കാരുകളും വഞ്ചിതരായ യുവാക്കളും
അഡ്വ .പി.എസ് .ശ്രീകുമാർ


നമ്മുടെ രാജ്യവും, പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനവും തൊഴിലില്ലായ്‌മയുടെ നീരാളി പിടുത്തത്തിൽപെട്ട് ഉഴലുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്‌മാ കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്ന് പോകുന്നത്. കേരളത്തിലെ അനുഭവവും വ്യത്യസ്ഥമല്ല. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻറ്റെ സ്ഥിതിവിവവര കണക്കനുസരിച്ചു 1980 നും, 2010 നും ഇടക്കുള്ള കാലത്തു തൊഴിലില്ലായ്മ നിരക്ക് 2.8 ശതമാനമായിരുന്നു. 1983 ൽ 7.8 ദശലക്ഷം പേരായിരുന്നു തൊഴിലില്ലാത്തവരായി ഉണ്ടായിരുന്നെങ്കിൽ 2004-05 കാലഘട്ടത്തിൽ, മൻമോഹൻ സിംഗ് അധികാരത്തിൽ ഏറുന്ന സമയത്തു്, 12.3 ദശലക്ഷം പേർ തൊഴിൽ ഇല്ലാത്തവരായി ഉണ്ടായിരുന്നു.
ഡോ .മൻമോഹൻ സിംഗ് അധികാരത്തിലിരുന്ന 2004 മുതൽ 2014 വരെയുള്ള 10 വർഷ കാലയളവിൽ ഐ.എൽ.ഒ യുടെ കണക്കനുസരിച് തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനമായിരുന്നു.. . ഇന്ത്യയുടെ സമ്പത്‌വ്യവസ്ഥ ഉദാരവൽക്കരിച്ചുകൊണ്ട് മൻമോഹൻ സിംഗ് സർക്കാർ നടപ്പാക്കിയ നയങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ സമ്പത് വ്യവസ്ഥ ഉയരങ്ങളിലേക്ക് കുതിക്കുകയും , ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് വൻകിട ആഗോള കമ്പനികൾ ഇന്ത്യയിൽ വ്യവസായങ്ങൾ ആരംഭിക്കുവാൻ തുടങ്ങിയതും. മൻമോഹൻ സിംഗ് സര്ക്കാറിന്റെ ഈ നടപടികൾ കണ്ടില്ലെന്നു നടിച്ചാണ് 2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ നയിച്ച നരേന്ദ്ര മോഡിയും എൻ ഡി എ സഖ്യവും 2 കോടി തൊഴിലവസരങ്ങൾ പ്രതിവർഷം സൃഷ്ടിക്കുമെന്ന് വാഗ്‌ദാനം നൽകിയത്. അധികാരത്തിലേറിയ ശേഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ലാ, കേന്ദ്ര സർക്കാരിലെയും റയിൽവേ, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവ ഉൾപ്പെടുയുള്ളവയിലെ നിലവിലുണ്ടായിരുന്ന ഒഴിവുകൾ പോലും നികത്താതെ മോഡി സർക്കാർ മാറ്റിവച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നിയന്ത്രണമുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങൾ ബി.ജെ.പി അനുഭാവികൾക്ക് മാത്രമാണ് ലഭിക്കുന്നത്. സർവകലാശാലകൾ ഉൾപ്പെടെയുള്ള അക്കാഡമിക് സ്ഥാപനങ്ങൾ കാവിവൽക്കരണം നടത്തുകയാണ്. നമ്മുടെ പ്രതിരോധ സേനകളിലേക്കുള്ള നിയമനങ്ങൾ പോലും അഗ്നിവീർ എന്ന പുതിയ സംവിധാനം സൃഷ്ടിച്ച് ഇല്ലാതാക്കിയിരിക്കുകയാണ് മോഡി സർക്കാർ. നിലവിലുണ്ടായിരുന്ന 30 ലക്ഷം തൊഴിൽ അവസരങ്ങളാണ് നികത്തപ്പെടാതെ മോഡി സർക്കാർ മാറ്റിവച്ചിരിക്കുന്നത്. സെക്കണ്ടറി അല്ലെങ്കിൽ, ഉന്നത വിദ്യാഭ്യാസം ഉള്ള തൊഴിലില്ലാത്ത യുവാക്കളുടെ ശതമാനം 2000 ആണ്ടിൽ 35.2 ആയിരുന്നത് 2022 ൽ 65.7 ശതമാനമായി വർധിച്ചെന്നാണ് 2024 ലെ ഇന്ത്യാ എംപ്ലോയ്‌മെന്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
മോദിയുടെ കാൽപാടുകൾ പിന്തുടരുന്ന പിണറായി
മോഡി സർക്കാരിന്റെ കാൽ പാടുകൾ പിന്തുടരുന്ന ജോലിയാണ് സംസ്‌ഥാനത്തു പിണറായി സർക്കാർ ചെയ്യുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ ഭരണത്തിൽ നിന്നിറങ്ങിയ 2016 മേയ് മാസത്തിൽ കേരളത്തിലെ തൊഴിലില്ലാത്തവരുടെ എണ്ണം 38 ലക്ഷമായിരുന്നെങ്കിൽ, കേരള സര്ക്കാരിന്റെ " എന്റ്റെ തൊഴിൽ, എൻറ്റെ അഭിമാനം" പദ്ധതിയിൽ 2023 ൽ തൊഴിലിനു രജിസ്റ്റർ ചെയ്തവർ 53,42,094 പേരായിരുന്നു. കെ-ഡിസ്‌ക്കും കുടുംബശ്രീയും ചേർന്നാണ് ഈ പട്ടണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്. ഇവർ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ചു 58.3 ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്മാരുമാണ്.
ഐ എൽ ഒ 26/ 3/ 2024 ൽ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ചു് ദേശിയ തലത്തിൽ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനവും, സംസ്ഥാനത്തു 28.7 ശതമാനവുമാണ്. വിവര സാങ്കേതിക വിദ്യ രംഗത്തുപോലും അനിശ്ചിതാവസ്ഥയാണ് ഉള്ളത്. യുവൾക്കിടയിലാണ് തൊഴിലില്ലായ്മ കൂടുതൽ. തൊഴിൽ രഹിതരായ ഇന്ത്യക്കാരിൽ 83 ശതമാനം യുവാക്കളാണെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്മെന്റ് മായി ചേർന്ന് ഐ.എൽ.ഒ നടത്തിയതിയ പഠനത്തിൽ വ്യക്തമായത്. ഗ്രാമീണ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമാണ്.ഗ്രാമീണ മേഖലയിലെ 17.5 ശതമാനം യുവൽക്കൾക്കു മാത്രമേ സ്ഥിരം തൊഴിൽ ഉള്ളു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടന പത്രികയിൽ പറഞ്ഞതു തസ്തികകൾ വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കുമെന്നും, അഡ്വൈസ് മെമോ ലഭിച്ചു 90 ദിവസങ്ങൾക്കുള്ളിൽ നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്നായിരുന്നു. മാത്രമല്ലാ , ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകൾ 10 ദിവസത്തിനകം പി.എസ.സി യെ അറിയിക്കുമെന്നുള്ളത് ഉറപ്പുവരുത്തുമെന്നും പറഞ്ഞു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്‌ത് , പ്രതിവർഷം 2 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് മാർക്സിസ്റ് പാർട്ടി നേതാക്കൾ പ്രസംഗിച്ചു നടന്നത്. എന്നാൽ, ഇതിനെല്ലാം കടകവിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.പി.എസ് .സി നിയമനങ്ങൾ കഴിയുന്നത്ര താമസിപ്പിക്കാനുള്ള ബോധപൂർണമായ നടപടികളാണ് പിണറായി സർക്കാർ കൈക്കൊള്ളുന്നത്. പി.എസ് .സിയിൽ നിന്ന് നിയമിക്കേണ്ട തസ്തികകളിൽ പോലും ഇടതു സഹയാത്രികളെ പിൻവാതിൽ വഴി നിയമനം നൽകുന്നു. ഏകദേശം മൂന്നു ലക്ഷത്തോളം പാർശ്വവർത്തികളെ പിൻ വാതിലിലൂടെ നിയമിച്ച സർക്കാർ, പി.എസ് സി വഴി നിയമനം കാത്തു കഴിയുന്ന പതിനായിരക്കണക്കിന് യുവാക്കളെ നിയമനാം നൽകാതെ കണ്ണീർകുടിപ്പിക്കുകയാണ്. നിലവിലുള്ള ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്‌ത് തങ്ങൾക്കു നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിവിൽ പോലീസ് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റ് നടയിൽ മുട്ടിലിഴഞ്ഞും,, ശയന പ്രദക്ഷിണം നടത്തിയും അനിശ്ചിതകാല സമരത്തിലിരുന്നത് കേരളത്തിലെ സാധാരണ ജനങ്ങൾ മറക്കുമെന്നു തോന്നുന്നില്ല.
വിദ്യാസമ്പന്നരിലെ തൊഴിലില്ലായ്‌മയുടെ രൂക്ഷതയുടെ ഉദാഹരണമാണ് ഈയിടെ ഉത്തർ പ്രദേശിലെ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നടന്ന പരീക്ഷ. 60000 ഒഴിവുകളിലേക്ക് നടന്ന പരീക്ഷയിൽ 50 ലക്ഷം അപേക്ഷകരാനുണ്ടായിരുന്നത്. കേരളത്തിലാണെങ്കിൽ സർവ്വകലാശാലകളിലേതുൾപ്പെടെ ഉന്നത ഉദ്യോഗങ്ങൾ പോലും, മാർക്സിസ്ററ് പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും മറ്റു ബന്ധുക്കൾക്കും വേണ്ടി സംവരണം ചെയ്തു വച്ചിട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. വ്യവസായ വകുപ്പ് മന്ത്രിയുടെ ഭാര്യ വാണി ഇപ്പോൾ കൊച്ചി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഷിന്റ്റെ ഭാര്യ പ്രിയ വര്ഗീസ് കണ്ണൂർ സർവകലാശാലയിലെ പ്രൊഫസർ തസ്തികയിൽ ഇരിക്കുന്നു. മന്ത്രി എം.ബി. രാജേഷിൻറ്റെ ഭാര്യ നിമിത്ത കണിച്ചേരി സംസ്‌കൃത സർവകലാശാലയിലെ പ്രൊഫസറാണ്. സ്‌പീക്കർ എ.എൻ. ഷംസീറിൻറ്റെ ഭാര്യ ഷഹാന ഷംസീർ കോഴിക്കോട് സർവകലാശാലയിലെ ഉന്നത തസ്തികയിലാണ് ജോലി ചെയ്യുന്നത്. ഈ ലിസ്റ്റ് അന്ത്യമില്ലാതെ നീണ്ടുപോകുകയാണ്. . സംസ്ഥാനത്തെ സർക്കാർ ആശുപത്രി വികസന സമിതികളുടെ പേരിലും സഹകരണ സ്ഥാപനങ്ങളിലും നടക്കുന്ന നിയമങ്ങളെല്ലാം സി പി എം അനുയായികൾക്കുമാത്രമാണ്. ഏകദേശം 3 ലക്ഷത്തോളം താൽക്കാലിക ജീവനക്കാരാണ് വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലും നിയമിക്കപ്പെട്ടിട്ടുള്ളത്. എല്ലാ നിയമനങ്ങളും സി പി എം ഓഫീസുകളിൽ നിന്നുമുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നടക്കുന്നത്. കാസർഗോഡ് താലൂക്ക് ആശുപത്രിയിൽ 3 തൂപ്പുകാരുടെ തസ്തികയിലേക്ക് ഒഴിവു വന്നപ്പോൾ അപേക്ഷ നൽകിയത് 600 സ്ത്രീകളാണ്.600 പേരെയും ഇന്റർവ്യൂവിന് ക്ഷണിച്ചു. അപേക്ഷിച്ച 600 പേരും അഭിമുഖത്തിന് ഹാജരായി. എന്നാൽ നിയമനം ലഭിച്ചത് കൃപേഷ് -ശരത്ലാൽ എന്നീ യുവാക്കളുടെ കൊലപാതകികളായി ജയിലിൽ കിടക്കുന്ന പ്രതികളുടെ ഭാര്യമാർക്കായിരുന്നു.
കോൺഗ്രസ് പ്രകടന പത്രികയും യുവാക്കളും
ഇന്ത്യയിലെ യുവാക്കളുടെ പ്രശ്നങ്ങൾ സമഗ്രമായി പഠിച്ചശേഷമാണ് കോൺഗ്രസ് പ്രകടന പത്രികയിൽ "യുവ ന്യായ" എന്ന ശീർഷകത്തിൽ യുവാക്കൾക്കുള്ള വാഗ്‌ദാനങ്ങൾ ഉൾപ്പെടുത്തിയത്. ഏറ്റവും പ്രധാനം, കേന്ദ്രസർക്കാരിലെ 30 ലക്ഷം തസ്തികകളിൽ നിയമനം നല്കുമെന്നതാണ്. ഉത്തർപ്രദേശും, മധ്യപ്രദേശും ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പബ്ലിക് സർവീസ് കമ്മീഷനും , സർവ്വകലാശാലകളും നടത്തുന്ന പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നു പോകുന്നത് നിത്യ സംഭവമാണ്.ചോദ്യ പേപ്പർ ചോർച്ച അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരുമെന്നും, ജിഗ് തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും, സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുമെന്നും, യുവജനങ്ങൾക്ക് സ്റ്റാർട്ട് അപ്പുകൾ തുടങ്ങുവാനായി 5000 കോടിയുടെ പ്രത്യേക ഫണ്ട് മാറ്റിവക്കുമെന്നും വാഗ്ദാനം നൽകിയിട്ടുണ്ട്. മാത്രമല്ലാ, വിദ്യാഭ്യാസമുള്ള മുഴുവൻ യുവജനങ്ങൾക്കും പ്രതിവർഷം ഒരു ലക്ഷം രൂപ പ്രതിഫലത്തിൽ തൊഴിൽ പരിശീലനം നൽകുമെന്നും പ്രകടന പത്രികയിലൂടെ കോൺഗ്രസ് ഉറപ്പ് നൽകിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും ബ്രഹത്തായ മഹാത്മാ ഗാന്ധി തൊഴിൽ ഉറപ്പു പദ്ധതി നടപ്പാക്കിയത് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാരായിരുന്നു. ആ പദ്ധതിയുടെ തുടർച്ചയായി, തൊഴിലുറപ്പു തൊഴിലാളികൾ ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ തൊഴിലാളികളുടെയും കുറഞ്ഞ വേതനം 400 രൂപയായി വർധിപ്പിക്കുമെന്നും, നഗര പ്രദേശങ്ങൾക്കായി പ്രത്യേക തൊഴിലുറപ്പു നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ പറയുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ലൈഫ് ഇൻഷുറൻസും, അപകട ഇൻഷുറൻസും നടപ്പിലാക്കുമെന്നും പതികയിൽ പറയുന്നുണ്ട്. ഇന്ത്യയിലെ യുവജനങ്ങൾ ദീർഘകാലമായി ആവശ്യപ്പെടുന്ന ഒരു ആവശ്യമാണ് സർക്കാർ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കണമെന്നത് . എല്ലാ കരാർ നിയമനങ്ങളും നിർത്തലാക്കുമെന്നും അവയെല്ലാം സ്ഥിര നിയമങ്ങളായി മാറ്റുമെന്നുമുള്ള വാഗ്‌ദാനം യുവാക്കൾക്കുള്ള അംഗീകാരമാണ്. യുവജനങ്ങളുടെ കാതലായ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്നതും ഇത്രയും ബൃഹത്തായതുമായ ഒരു പ്രകടന പത്രിക മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും പുറത്തിറക്കിയിട്ടില്ല. കോൺഗ്രസ്ഈ നേതൃത്വം നൽകുന്ന ഒരു സർക്കാരിന് മാത്രമേ ഈ വാഗ്‌ദാനങ്ങൾ നടപ്പിലാക്കുവാൻ സാധിക്കുകയുള്ളു. അതുകൊണ്ടു തന്നെ രാജ്യത്തെ യുവാക്കൾ കോൺഗ്രസ് നേതൃത്വം നൽകുന്ന "ഇന്ത്യാ സഖ്യത്തെ " വിജയ കിരീടം അണിയിക്കുമെന്നതിൽ സംശയമില്ല.
No comments:
Post a Comment