Friday, 27 September 2024

 


                                ആര്   ആരെയാണ് ഭയക്കുന്നത്?

അഡ്വ.പി.എസ.ശ്രീകുമാർ 


തമ്പ്രാൻ അൽപ്പം കട്ടുഭുജിച്ചാൽ  അമ്പലവാസികളൊക്കെ കക്കും.............എന്ന ഈ  ഓട്ടൻതുള്ളൽ വരികൾ  തുള്ളൽ പാട്ടുകളുടെ ഉപജ്ഞാതാവും, ആചാര്യനുമായ  കലക്കത്തു കുഞ്ചൻ നമ്പ്യാർ   പണ്ട് പാടിയതാണ്.  ആധുനിക കാലത്തു  ഈ വരികൾ  ഏറ്റവും പ്രസക്തമാണെന്ന്  തെളിയിച്ചുകൊണ്ടിരിക്കുകയാണ്  പിണറായി സർക്കാർ.  ഓരോ ദിവസവവും  ഭരണ സിരാകേന്ദ്രത്തിൽനിന്നും, അനുബന്ധ  മേഖലകളിൽനിന്നും പുറത്തു വരുന്ന   അഴിമതി കഥകളും,  കൊള്ളയും, ധൂർത്തും   കേരളീയ സംസ്കാരത്തിനും, കേരളീയർക്കുമെതിരെയുള്ള കൊഞ്ഞനം കുത്തലായി മാറിക്കൊണ്ടിരിക്കുകയാണ്.

       ഒന്നാം പിണറായി സർക്കാരും  തുടർച്ചയായിവന്ന രണ്ടാം പിണറായി സർക്കാരും കൂടി   കഴിഞ്ഞ ഏഴ്   വർഷത്തിലേറെയായി  കേരളം  അടക്കി ഭരിക്കുകയാണ്.   വികസന, ക്ഷേമ പ്രവർത്തനങ്ങളെല്ലാം  നിശ്ചലമായിരിക്കുന്നു.  കഴിവില്ലായ്‌മയും, കെടുകാര്യസ്ഥതയും, പിടിപ്പുകേടും, ധാർഷ്ട്യവും, ധൂർത്തും മുഖമുദ്രയാക്കിയ സർക്കാർ  സംസ്ഥാനത്തെ  ബഹുദൂരം പിന്നിലേക്ക് പായിച്ചിരിക്കുന്നു.  മുൻ  ഉമ്മൻചാണ്ടി സർക്കാരിന്റെ  കാലത്തു ആരംഭിച്ച വൻകിട വികസന പദ്ധതികൾ പോലും, വിഭാവനം ചെയ്ത രീതിയിൽ  സമയബന്ധിതമായി പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല.  മാത്രമല്ല പല പദ്ധതികളും താളം തെറ്റി കിടക്കുകയാണ്.  പൊതുമരാമത്തു വകുപ്പിൻറ്റെയും , തദ്ദേശസ്വയം ഭരണ വകുപ്പുകളുടെയും  കീഴിലുള്ള  റോഡുകൾ എല്ലാം  തകർന്നു കിടക്കുന്നതിനാൽ, ജനങ്ങൾക്ക് സുഗമമായ യാത്രപോലും നിഷേധിക്കപ്പെട്ടിരിക്കുന്നു.   തെരഞ്ഞെടുപ്പുകാലത്തു ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളെല്ലാം  തകർത്തെറിഞ്ഞു  തികച്ചും  സ്‌റ്റാലിനിസ്റ്   ശൈലിയിലാണ്  പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്.  യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത  ധൂർത്തുകാരണം,  കേരളത്തിൽ പിറന്നു വീഴുന്ന വരുന്ന തലമുറകളിലെ കുഞ്ഞുങ്ങൾ  പോലും   കടക്കെണിയിൽ  പെട്ട് ഉഴലും.  പ്രകൃതിപോലും പിണറായി സർക്കാരിനെ വെറുക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്, മാറി മാറി ഉണ്ടാകുന്ന  അതി രൂക്ഷമായ ദുരന്തങ്ങൾ.

       ഇതിനെല്ലാം പുറമേയാണ്   അമ്പേ തകർന്നടിഞ്ഞ     ക്രമ സമാധാന നില.  പോലീസ് അതിക്രമങ്ങളും, അഴിമതിയും, കസ്റ്റഡി മരണങ്ങളും, രാഷ്ട്രീയ കൊലപാതകങ്ങളും അരങ്ങു തകർക്കുന്നു.  അക്രമങ്ങളും, കൊലപാതകങ്ങളും, കവർച്ചകളും നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു.   മുഖ്യമന്ത്രി പിണറായി വിജയൻ  നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ്   ഏറ്റവും കൂടുതൽ കുത്തഴിഞ്ഞു കിടക്കുന്നതു.  പോലീസിന്റെ മേലുള്ള നിയന്ത്രണം  പിണറായിക്ക്  പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു.  ആത്മാഭിമാനമുള്ള  പോലീസുകാർക്ക്  യൂണിഫോം ഇടാൻ പോലും അറപ്പുണ്ടാക്കുന്ന രീതിയിലാണ്  പോലീസിനുള്ളിലെ  അഴിമതി. അടിമുതൽ മുടിവരെ  അഴിമതിയിൽ  മുങ്ങി കിടക്കുകയാണ്  കേരളാ  പോലീസ്. അതുകൊണ്ടാണ്  കോട്ടയത്ത് ചേർന്ന കേരളാ  പോലീസ് അസോസിയേഷൻ  സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾക്ക്   പോലീസിന്റെ  അന്തസ് വീണ്ടെടുക്കാൻ  നടപടി വേണമെന്ന്  ആവശ്യപ്പെടേണ്ടിവന്നത്.   പിണറായിയുടെ കീഴിൽ  കേരളാ  പോലീസ് വന്ധ്യങ്കരിക്കപ്പെട്ടിരിക്കുകയാണെന്നു  പ്രതിപക്ഷം പറയാൻ തുടങ്ങിയിട്ട് നാളേറെയായി. പ്രതിപക്ഷത്തിൻറ്റെ  ആവശ്യങ്ങളെല്ലാം  രാഷ്ട്രീയത്തിന്റ്റെ പേരിലാണെന്ന് പറഞ്ഞാണ് ഇത്രയും നാൾ  പിണറായി തള്ളിക്കളഞ്ഞത്. പ്രതിപക്ഷം പൊലീസിലെ അഴിമതിക്കാർക്കെതിരെ ഉന്നയിച്ച  ആരോപണങ്ങളെല്ലാം ശരിയാണെന്നു അദിവാരയിട്ടു  പറയുന്നതാണ്  ഭരണ കക്ഷി എം.എൽ.എ ആയ പി.വി. അൻവറിൻറ്റെ  ആരോപണങ്ങൾ.  അൻവർ പ്രധാനമായും ഉന്നയിച്ചത്   അഞ്ച്  പ്രധാന ആരോപണങ്ങളാണ്.

       ഒന്നാമത്തെ  ആരോപണം, സ്വർണ കള്ളക്കടത്തു സംഘത്തിൻറ്റെ  തലവനായിട്ടാണ്  ക്രമസമാധാന ചുമതലയുള്ള അഡിഷണൽ  ഡി.ജി.പി യും  പിണറായിയുടെ വിശ്വസ്‌തനമായ എം.ആർ. അജിത്കുമാർ  പ്രവർത്തിക്കുന്നത്.  അജിത്കുമാർ കണ്ണിയായി ദുബായിയിൽ കള്ളക്കടത്തു സംഘം ഉണ്ടെന്നും, സ്വർണ കള്ളക്കടത്തു കൈകാര്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ തൃശ്ശൂരിലെ ബന്ധുക്കളാണെന്നും  അൻവർ  ആരോപിച്ചു.

      രണ്ടാമത്തെ ആരോപണം മന്ത്രിമാരുടെയും, ജനപ്രതിനിധികളുടെയും ഫോണുകൾ   ചോർത്തുവാൻ  അജിത്കുമാർ   സംവിധാനം ഒരുക്കിയിട്ടുണ്ട് .ഇതനുസരിച്ചു കഴിഞ്ഞ കുറേനാളുകളായി  ഫോൺ ചോർത്തൽ നിർബാധം തുടരുന്നു.

      മൂന്നാമത്തേത്, എ.ഡി.ജി.പി യുടെ  കള്ളക്കടത്തു ബന്ധത്തെക്കുറിച്ച്  അറിവുണ്ടായിരുന്ന  എടവണ്ണയിലെ  റിദാൻ ബാസിൽ എന്നാ യുവാവിനെ വെടിവച്ചുകൊന്നതിൽ  അജിത് കുമാറിനും ബന്ധമുണ്ട്.

      നാലാമത്തെ ആരോപണം  അഴിമതി പണം ഉപയോഗിച്ച്    തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിനു സമീപം   കോടികൾ വിലമതിക്കുന്ന ഭൂമി വാങ്ങി കൊട്ടരസദൃശ്യമായ ഒരു കെട്ടിടം അദ്ദേഹം പണിയുന്നു.

         മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ  പി.ശശിയുടെ  നേതൃത്വത്തിലുള്ള  ഒരു മാഫിയ സംഘമാണ്   പോലീസിൽ നടമാടുന്ന  അഴിമതിയ്ക്കും, അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും സംരക്ഷണ വലയമൊരുക്കുന്നത്.

         പിണറായി  സർക്കാരിനെതിരെ അൻവർ  ഉയർത്തിയത്  വളരെ ഗുരുതരമായ ആരോപണങ്ങളാണ്.  ഇക്കാര്യത്തിൽ   ശക്തമായ അന്വേഷണം നടത്തുമെന്നും  ഏത്  ഉന്നതനായാലും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും  പോലീസ്  അസ്സോസിയേഷൻറ്റെ   കോട്ടയത്ത് നടന്ന  സമ്മേളനത്തിൽ  പ്രഖ്യാപിച്ച്   കയ്യടി വാങ്ങിയ പിണറായി  തിരുവനന്തപുരത്തു  തൻറ്റെ  ഓഫീസിൽ  എത്തിക്കഴിഞ്ഞപ്പോഴേക്കും  സ്വരം മാറ്റുന്ന കാഴ്ചയാണ്  നാം പിന്നീട് കണ്ടത്.  പി.ശശിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ ഉത്തരവ് പ്രകാരം  അന്വേഷണം നടത്തുവാൻ എ ഡി ജി പി ക്കു കീഴിൽ  ജോലിചെയ്യുന്ന  ഐ.ജി യും, ഡി ഐ ജിയും, എസ.പി മാരും  ഉൾപ്പെടെയുള്ളവരെയാണ്  ചുമതലപ്പെടുത്തിയിരിക്കുന്നത്.  അന്വേഷണത്തിന് അടിസ്ഥാനമാക്കുന്നത്  എ.ഡി.ജി.പി  നൽകിയ കത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയവയാണ്.   ഭരണപരമായ നിയന്ത്രണമുള്ള മേലുദ്യോഗസ്ഥനെതിരെ   കീഴ്   ഉദ്യോഗസ്ഥർ   അന്വേഷണം നടത്തിയാൽ  മല  എലിയെ പ്രസവിച്ചപോലെയുള്ള റിപ്പോർട്ട്ന്വേ മാത്രമേ വരികയുള്ളു. ഇതിലും ഭേദം  അന്വേഷണം നടത്താൻ അജിത്കുമാറിനെ തന്നെ ഏൽപ്പിക്കുന്നതായിരുന്നു നല്ലതു.   മാത്രമല്ലാ,  അന്വേഷണത്തിൻറ്റെ  പരിധിയിൽ  അൻവർ ഉന്നംവച്ച  പൊളിറ്റിക്കൽ സെക്രട്ടറിയെ  ഒഴിവാക്കുകയും ചെയ്തു.  മാധ്യമങ്ങളിലൂടെ  ഉന്നയിച്ച ആരോപണങ്ങൾ  മുഖ്യമന്ത്രിയെ നേരിൽ കണ്ട്  എഴുതി നൽകുമെന്നും പറഞ്ഞു   മുഖ്യമന്ത്രിയെ കണ്ട ശേഷം പുറത്തുവന്ന   അൻവറും  മാനസാന്തരം വന്ന  ആളായിമാറി. രൗദ്രഭാവത്തോടെ മുഖ്യമന്ത്രിയെ  കാണാൻ  പോയ അൻവർ,  തിരിച്ചിറങ്ങിയത്  പൂച്ചയെപ്പോലെ ശാന്തനായിട്ടായിരുന്നു. "പ്രശ്നങ്ങൾ  അതിൻറ്റെ  എല്ലാ ഗൗരവവും നിലനിർത്തിക്കൊണ്ടുതന്നെ ഏറ്റവും ഉന്നതനായ പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും.  സേനയുടെ അച്ചടക്കം വളരെ പ്രധാനമാണ്. അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്താൽ  ഒരു ഘട്ടത്തിലും വച്ചുപൊറുപ്പിക്കില്ല. പ്രത്യേകമായ നടപടിയുണ്ടാകും. അച്ചടക്കത്തിന് നിരക്കാത്ത ഏതെങ്കിലും പ്രവൃത്തികണ്ട്‌  എനിക്കും ഇങ്ങനെ ആയിക്കളയാം എന്ന്  ആറും ധരിച്ചേക്കരുത്, അതിന്റെ ഫലം തിക്തമായിരിക്കുമെന്ന്  ഓർമ്മവേണം" എന്ന് കോട്ടയത്ത്  പ്രഖ്യാപിച്ച മുഖ്യമന്ത്രിയും,  മലപ്പുറത്തുവച്ചു  പത്രസമ്മേളനം നടത്തി പോലീസിനും, ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതരമായ  ആരോപണങ്ങൾ ഉന്നയിച്ച അൻവറും ,   നേരം വെളുത്തപ്പോഴേക്കും അഭിപ്രായം മാറ്റിയത്  എന്തുകൊണ്ടായിരിക്കും.  രണ്ടുപേരും  ഏതോ അദൃശ്യ ശക്തിയെ  ഭയപ്പെടുന്നുണ്ടോ അതോ  അവർ മറ്റാരുടെയെങ്കിലും ബ്ലാക്‌മെയിലിംഗിന്  വിധേയരായതാണൊ     എന്ന്  ജനം   ചിന്തിച്ചാൽ  അവരെ കുറ്റപ്പെടുത്തുവാൻ സാധിക്കുമോ?   ഡെമോക്ക്ളിസ്സിൻറ്റെ  വാളുപോലെ  പഴയ സ്വർണകേസുമുതൽ  പുതിയ സ്വർണ കേസും, സി.എം ആർ.എൽ  വരെയുള്ള നിരവധി  കേസുകൾ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുമ്പോൾ,  ആരും ബ്ലാക്‌മെയിലിംഗിൽ വീഴും എന്നകാര്യത്തിൽ സംശയമില്ല.



.






















                

ഹേമ കമ്മിറ്റി റിപ്പോർട്ടും  തുടർനടപടികളും:  അഭികാമ്യം ഹൈക്കോടതിയുടെ നേരിട്ടുള്ള അന്വേഷണം    

അഡ്വ .പി.എസ്‌ .ശ്രീകുമാർ 



മലയാള സിനിമയിലെ  പ്രമുഖയായ ഒരു യുവനടിയെ   2017  ഫെബ്രുവരിയിൽ  ലൈംഗികമായി അക്രമിച്ചതിനെ   തുടർന്നാണ്,    മലയാള ചലച്ചിത്ര  മേഖലയിലെ  സ്ത്രീകൾ നേരിടുന്ന ഗുരുതരമായ  പ്രശ്നങ്ങൾ  പൊതു സമൂഹത്തിന്റ്റെ  മുമ്പാകെ വരുന്നത്.   ഈ  മേഖലയിൽ പ്രവർത്തിക്കുന്ന  സ്ത്രീകൾ  അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച്  സർക്കാർ അന്വേഷിച്ചു  പരിഹാര നടപടികൾ കൈക്കൊള്ളണമെന്ന്  സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടത്  വനിതാ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ  ഡബ്ല്യൂ .സി.സി.( Women   Cinema  Collective )  ആണ്.  അവർ  ആവശ്യപ്പെട്ടതിൻറ്റെ  അടിസ്ഥാനത്തിലാണ്    2017 ൽ    സംസ്ഥാന സർക്കാർ   കേരളാ  ഹൈക്കോടതിയിലെ  റിട്ടയേർഡ്   ജസ്റ്റിസ് കെ. ഹേമ  അധ്യക്ഷയായും,  സിനിമ നടിയായ ശാരദ, മുൻ ഐ.എ.എസ്  ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അംഗങ്ങളുമായ   കമ്മിറ്റിയെ  നിയമിച്ചത്.   2019  ഡിസംബർ 31  നു  കമ്മിറ്റിയുടെ റിപ്പോർട്ട്  മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട്‌   അവർ നൽകിയെങ്കിലും, സർക്കാർ  റിപ്പോർട്ടിൽമേൽ  യാതൊരു നടപടിയും കൈക്കൊള്ളാതെ  അടയിരിക്കുകയായിരുന്നു .  വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടുപോലും     റിപ്പോർട്ട്   നല്കാൻ സർക്കാർ വിസമ്മതിച്ചു.   ജനങ്ങളുടെ  അവകാശങ്ങളെക്കുറിച്ചു ബോധമുള്ള   ഒരു ഇൻഫർമേഷൻ കമ്മിഷണർ  പുറപ്പെടുവിച്ച  ഉത്തരവിന്റെയും, ഹൈക്കോടതി നൽകിയ വിധിയുടെയും   അടിസ്ഥാനത്തിലാണ്  റിപ്പോർട്ടിന്റ്റെ  പകർപ്പ് നല്കാൻ  ഒടുവിൽ   സർക്കാർ  നിർബന്ധിതരായത് .  എന്നിട്ടും  നിരവധി പേജുകൾ  ഒഴിവാക്കിക്കൊണ്ടുള്ള  റിപ്പോർട്ടാണ്  സർക്കാർ കൈമാറിയത്.  

ചലച്ചിത്ര  മേഖലയിൽ    ജോലിചെയ്യുന്ന സ്ത്രീകൾ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ലൈംഗിക വിവേചനവും, ലൈംഗിക പീഡനവുമാണ്. റിപ്പോർട്ടിൽ  ഇക്കാര്യം ഹേമ കമ്മിറ്റി വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.                  ജോലിക്കു നൽകുന്ന വേതനത്തിലെ  വിവേചനവും, ആത്മാഭിമാനമുള്ള  വനിതകൾക്കുമേൽ  പുരുഷാധിപത്യം  വിധിക്കുന്ന  തൊഴിൽ വിലക്കും  റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.  നായികമാർ അല്ലാത്തവർക്ക്  ഷൂട്ടിംഗ് ലൊക്കേഷനിൽ  പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് നിർമാതാക്കളും, മാനേജർമാരും  പെരുമാറുന്നത്.  സ്ത്രീകൾ അനുഭവിക്കുന്ന  അത്രയുമില്ലെങ്കിലും,  ശക്തരായ ലോബിക്ക്  വഴങ്ങാത്ത  പുരുഷന്മാരെപ്പോലും , ചലച്ചിത്ര രംഗത്തെ  പ്രബലരായ ചിലർ  വിലക്കേർപ്പെടുത്തിയിട്ടുള്ള  കാര്യം   നമ്മുടെയൊക്കെ ഓർമയിൽ  ഉണ്ട്.  ഈ  ലോബിക്ക്  വഴങ്ങാൻ കൂട്ടാക്കാതിരുന്ന  അഭിനയ പ്രതിഭയായിരുന്ന തിലകനെയും, സംവിധായകനായ വിനയനെയുമൊക്കെ വർഷങ്ങളോളം  സിനിമയിലെ  ഈ പവർ ലോബി     വിലക്കേർപ്പെടുത്തി പീഡിപ്പിച്ചു.  തങ്ങളുടെ സിനിമ ജീവിതം പോലും പ്രതിസന്ധിയിലാകുമെന്ന  സന്ദേഹത്തോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ  കമ്മിറ്റി മുമ്പാകെ ഹാജരായി  പരാതികൾ പറഞ്ഞത്.   റിപ്പോർട്ടിൽ  ഇവയെപ്പറ്റിയൊക്കെ  പരാമര്ശിച്ചിട്ടുണ്ടെങ്കിലും,    അവയിലൊന്നിലും, ഒരു നടപടിയും എടുക്കാൻ സർക്കാർ തയ്യാറായില്ല.  ഈ സാഹചര്യത്തിലാണ്   2019 ൽ സർക്കാരിന് ലഭിച്ച  റിപ്പോർട്ടിന്മേൽ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാഞ്ഞതെന്ന്  ഹൈക്കോടതിക്ക്  ചോദിക്കേണ്ടിവന്നത്.  

 സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്  സംബന്ധിച്ച്  വിവരാകാശ നിയമപ്രകാരം  സംസ്ഥാന സർക്കാർ  സെൻസർ ചെയ്‌ത്‌ പുറത്തുവിട്ട  പരിമിതമായ    വിവരങ്ങളുടെ അടിസ്ഥാനത്തിൽ,  കുറ്റം  ചെയ്തവർക്കെതിരെ  ശക്തമായ നടപടി എടുക്കണമെന്ന്  സമൂഹത്തിൻറ്റെ വിവിധ വിഭാഗങ്ങളിലുള്ളവർ  ആവശ്യപ്പെട്ടതിനു ശേഷമാണ്  പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയമിക്കാൻ സർക്കാർ തയ്യാറായത്..  ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ്  സിനിമ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ചിലർ,   ലൈംഗിക പീഡനവുമായി  ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ നടത്തിയത്. എന്നിട്ടും  നടപടി എടുക്കാൻ മടിച്ച സർക്കാർ സംവിധാനത്തിന്,  കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ്  ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായി തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് നല്കാൻ സെപ്റ്റംബർ  10 നു ഹൈക്കോടതി വിധിച്ചത്.  നാലര കൊല്ലമായി റിപ്പോർട്ടിൽ  എന്ത് നടപടി എടുത്തുവെന്നു ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. മാത്രമല്ലാ , എന്തുകൊണ്ടാണ് സർക്കാർ നിശബ്ദമായി ഇരുന്നതെന്നും  കോടതി ചോദിച്ചു.  ക്രിമിനൽ  സ്വഭാവമുള്ള  വിഷയത്തിൽ   എന്ത് നടപടി സ്വീകരിച്ചുവെന്ന്  വിശദീകരിക്കാനും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. റിപ്പോർട്ട് സർക്കാരിന്റെ കൈവശം ഇരുന്നിട്ടും, ഡി.ജി.പി യും കുറ്റകൃത്യങ്ങളിൽ നടപടി എടുത്തില്ലെന്നു കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ നിരവധി കുറ്റകൃത്യങ്ങൾ വെളിപ്പെടുന്നുണ്ട്.  സുരക്ഷിതത്വത്തെക്കരുത്തി, മൊഴി നൽകിയവരുടെ  വിവരങ്ങൾ രഹസ്യമാക്കി വെക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഹൈക്കോടതിയുടെ ഉത്തരവിനും , ഹേമ കമ്മിറ്റിയുടെ നിർദേശത്തിനും കടക വിരുദ്ധമായി,   കമ്മിറ്റി മുമ്പാകെ സിനിമയിൽ  ജോലിചെയ്യുന്ന    സ്ത്രീകൾ  നൽകിയ രഹസ്യ മൊഴികൾ ,    കലാരംഗത്തെ  അവരുടെ  നിലനില്പിനെയും,  സുരക്ഷിതത്വത്തെയും  മോശമായി ബാധിക്കുന്ന തരത്തിൽ    സർക്കാരിൽ അവിഹിതസ്വാധീനമുള്ള   ചിലർ  നിയന്ത്രിക്കുന്ന ഒരു സ്വകാര്യ ടെലിവിഷൻ  ചാനൽ  പുറത്തുവിട്ടു. പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ചു, മൊഴി കൊടുത്തവർ ആരാണെന്ന്   ചലച്ചിത്ര രംഗത്ത്  നിൽക്കുന്നവർക്ക്  തിരിച്ചറിയാൻ സാധിക്കും വിധമാണ് വന്നിട്ടുള്ളതു. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന് പ്രതീതി ഉണ്ടാക്കുന്ന രീതിയിൽ ചെയ്ത,  ഈ പ്രവൃത്തി , അതിനു വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണവും, കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും  ചെയ്യും.  സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം  അന്യായവും, പൈശാചികവുമായിപ്പോയി.   ഈ നടപടിക്കെതിരെ   ഡബ്ല്യൂ.സി.സി  അതിശക്തമായി പ്രതികരിച്ചു. തികച്ചും നീതിരഹിതവും, വഞ്ചനാത്മകവുമായ ഈ പ്രവൃത്തി ഉയർത്തുന്ന ഒരു ചോദ്യം, സർക്കാർ ആർക്കൊപ്പമാണെന്നതാണ്. ഇരകൾക്കൊപ്പം എന്ന് പത്രപ്രസ്താവനകളിലൂടെ  മുതല കണ്ണീരൊഴുക്കുന്ന സർക്കാർ യഥാർത്ഥത്തിൽ ഭരണത്തിൽ പിടിപാടുള്ള,  ശക്തരായ  വേട്ടക്കാർക്കൊപ്പമാണ് എന്നതിൽ സംശയമില്ല. റിപ്പോർട്ടിൻറ്റെ  കുറെ ഭാഗങ്ങൾ പുറത്തുവന്നപ്പോൾ തന്നെ, പരാതികളും, കേസുകളും ഒഴിവാക്കാൻ  കോടികളുടെ ഇടപാടുകൾ കൊച്ചി കേന്ദ്രികരിച്ചു  തിരശീലക്ക്  പിന്നിൽ  നടക്കുന്നുണ്ട് .  അതിനൊക്കെ ഇടനിലക്കാരായി, ഭരണവുമായി ബന്ധമുള്ള ചില ദല്ലാളുമാരും രംഗത്തുണ്ട്.    ചാനൽ  വഴിയുള്ള  ഈ വെളിപ്പെടുത്തൽ വഴി അവർ  ഉദ്ദേശിക്കുന്നത്,  സ്ത്രീ പീഡകർക്കെതിരെ  ആരും പരസ്യമായി വരരുതെന്ന് മാത്രമല്ല  ഇതന്വേഷിക്കുന്ന  പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിലും  തെളിവുമായി  ആരും വരരുതെന്ന്  അല്ലേ ?   ഹൈക്കോടതിയുടെ നേരിട്ടുള്ള  അന്വേഷണമാണെങ്കിലേ,  അന്വേഷണം ശരിയായ ദിശയിൽ പോകുവാൻ സാധ്യതയുള്ളൂ.  ഇല്ലെങ്കിൽ, ഹേമ കമ്മിറ്റി റിപ്പോർട്ടും  തുടർനടപടികളും കാലക്രമേണ  സാംസ്‌കാരിക വകുപ്പിന്റെയും,  ഏതെങ്കിലുമൊക്കെ പോലീസ്   സ്റ്റേഷനുകളുടെയും  അലമാരകളിൽ    മാറാല പിടിച്ചു  കിടക്കുവാനാണ് സാധ്യത.