Friday, 27 September 2024

                

ഹേമ കമ്മിറ്റി റിപ്പോർട്ടും  തുടർനടപടികളും:  അഭികാമ്യം ഹൈക്കോടതിയുടെ നേരിട്ടുള്ള അന്വേഷണം    

അഡ്വ .പി.എസ്‌ .ശ്രീകുമാർ 



മലയാള സിനിമയിലെ  പ്രമുഖയായ ഒരു യുവനടിയെ   2017  ഫെബ്രുവരിയിൽ  ലൈംഗികമായി അക്രമിച്ചതിനെ   തുടർന്നാണ്,    മലയാള ചലച്ചിത്ര  മേഖലയിലെ  സ്ത്രീകൾ നേരിടുന്ന ഗുരുതരമായ  പ്രശ്നങ്ങൾ  പൊതു സമൂഹത്തിന്റ്റെ  മുമ്പാകെ വരുന്നത്.   ഈ  മേഖലയിൽ പ്രവർത്തിക്കുന്ന  സ്ത്രീകൾ  അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച്  സർക്കാർ അന്വേഷിച്ചു  പരിഹാര നടപടികൾ കൈക്കൊള്ളണമെന്ന്  സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടത്  വനിതാ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ  ഡബ്ല്യൂ .സി.സി.( Women   Cinema  Collective )  ആണ്.  അവർ  ആവശ്യപ്പെട്ടതിൻറ്റെ  അടിസ്ഥാനത്തിലാണ്    2017 ൽ    സംസ്ഥാന സർക്കാർ   കേരളാ  ഹൈക്കോടതിയിലെ  റിട്ടയേർഡ്   ജസ്റ്റിസ് കെ. ഹേമ  അധ്യക്ഷയായും,  സിനിമ നടിയായ ശാരദ, മുൻ ഐ.എ.എസ്  ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അംഗങ്ങളുമായ   കമ്മിറ്റിയെ  നിയമിച്ചത്.   2019  ഡിസംബർ 31  നു  കമ്മിറ്റിയുടെ റിപ്പോർട്ട്  മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട്‌   അവർ നൽകിയെങ്കിലും, സർക്കാർ  റിപ്പോർട്ടിൽമേൽ  യാതൊരു നടപടിയും കൈക്കൊള്ളാതെ  അടയിരിക്കുകയായിരുന്നു .  വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടുപോലും     റിപ്പോർട്ട്   നല്കാൻ സർക്കാർ വിസമ്മതിച്ചു.   ജനങ്ങളുടെ  അവകാശങ്ങളെക്കുറിച്ചു ബോധമുള്ള   ഒരു ഇൻഫർമേഷൻ കമ്മിഷണർ  പുറപ്പെടുവിച്ച  ഉത്തരവിന്റെയും, ഹൈക്കോടതി നൽകിയ വിധിയുടെയും   അടിസ്ഥാനത്തിലാണ്  റിപ്പോർട്ടിന്റ്റെ  പകർപ്പ് നല്കാൻ  ഒടുവിൽ   സർക്കാർ  നിർബന്ധിതരായത് .  എന്നിട്ടും  നിരവധി പേജുകൾ  ഒഴിവാക്കിക്കൊണ്ടുള്ള  റിപ്പോർട്ടാണ്  സർക്കാർ കൈമാറിയത്.  

ചലച്ചിത്ര  മേഖലയിൽ    ജോലിചെയ്യുന്ന സ്ത്രീകൾ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ലൈംഗിക വിവേചനവും, ലൈംഗിക പീഡനവുമാണ്. റിപ്പോർട്ടിൽ  ഇക്കാര്യം ഹേമ കമ്മിറ്റി വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.                  ജോലിക്കു നൽകുന്ന വേതനത്തിലെ  വിവേചനവും, ആത്മാഭിമാനമുള്ള  വനിതകൾക്കുമേൽ  പുരുഷാധിപത്യം  വിധിക്കുന്ന  തൊഴിൽ വിലക്കും  റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.  നായികമാർ അല്ലാത്തവർക്ക്  ഷൂട്ടിംഗ് ലൊക്കേഷനിൽ  പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് നിർമാതാക്കളും, മാനേജർമാരും  പെരുമാറുന്നത്.  സ്ത്രീകൾ അനുഭവിക്കുന്ന  അത്രയുമില്ലെങ്കിലും,  ശക്തരായ ലോബിക്ക്  വഴങ്ങാത്ത  പുരുഷന്മാരെപ്പോലും , ചലച്ചിത്ര രംഗത്തെ  പ്രബലരായ ചിലർ  വിലക്കേർപ്പെടുത്തിയിട്ടുള്ള  കാര്യം   നമ്മുടെയൊക്കെ ഓർമയിൽ  ഉണ്ട്.  ഈ  ലോബിക്ക്  വഴങ്ങാൻ കൂട്ടാക്കാതിരുന്ന  അഭിനയ പ്രതിഭയായിരുന്ന തിലകനെയും, സംവിധായകനായ വിനയനെയുമൊക്കെ വർഷങ്ങളോളം  സിനിമയിലെ  ഈ പവർ ലോബി     വിലക്കേർപ്പെടുത്തി പീഡിപ്പിച്ചു.  തങ്ങളുടെ സിനിമ ജീവിതം പോലും പ്രതിസന്ധിയിലാകുമെന്ന  സന്ദേഹത്തോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ  കമ്മിറ്റി മുമ്പാകെ ഹാജരായി  പരാതികൾ പറഞ്ഞത്.   റിപ്പോർട്ടിൽ  ഇവയെപ്പറ്റിയൊക്കെ  പരാമര്ശിച്ചിട്ടുണ്ടെങ്കിലും,    അവയിലൊന്നിലും, ഒരു നടപടിയും എടുക്കാൻ സർക്കാർ തയ്യാറായില്ല.  ഈ സാഹചര്യത്തിലാണ്   2019 ൽ സർക്കാരിന് ലഭിച്ച  റിപ്പോർട്ടിന്മേൽ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാഞ്ഞതെന്ന്  ഹൈക്കോടതിക്ക്  ചോദിക്കേണ്ടിവന്നത്.  

 സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്  സംബന്ധിച്ച്  വിവരാകാശ നിയമപ്രകാരം  സംസ്ഥാന സർക്കാർ  സെൻസർ ചെയ്‌ത്‌ പുറത്തുവിട്ട  പരിമിതമായ    വിവരങ്ങളുടെ അടിസ്ഥാനത്തിൽ,  കുറ്റം  ചെയ്തവർക്കെതിരെ  ശക്തമായ നടപടി എടുക്കണമെന്ന്  സമൂഹത്തിൻറ്റെ വിവിധ വിഭാഗങ്ങളിലുള്ളവർ  ആവശ്യപ്പെട്ടതിനു ശേഷമാണ്  പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയമിക്കാൻ സർക്കാർ തയ്യാറായത്..  ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ്  സിനിമ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ചിലർ,   ലൈംഗിക പീഡനവുമായി  ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ നടത്തിയത്. എന്നിട്ടും  നടപടി എടുക്കാൻ മടിച്ച സർക്കാർ സംവിധാനത്തിന്,  കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ്  ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായി തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് നല്കാൻ സെപ്റ്റംബർ  10 നു ഹൈക്കോടതി വിധിച്ചത്.  നാലര കൊല്ലമായി റിപ്പോർട്ടിൽ  എന്ത് നടപടി എടുത്തുവെന്നു ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. മാത്രമല്ലാ , എന്തുകൊണ്ടാണ് സർക്കാർ നിശബ്ദമായി ഇരുന്നതെന്നും  കോടതി ചോദിച്ചു.  ക്രിമിനൽ  സ്വഭാവമുള്ള  വിഷയത്തിൽ   എന്ത് നടപടി സ്വീകരിച്ചുവെന്ന്  വിശദീകരിക്കാനും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. റിപ്പോർട്ട് സർക്കാരിന്റെ കൈവശം ഇരുന്നിട്ടും, ഡി.ജി.പി യും കുറ്റകൃത്യങ്ങളിൽ നടപടി എടുത്തില്ലെന്നു കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ നിരവധി കുറ്റകൃത്യങ്ങൾ വെളിപ്പെടുന്നുണ്ട്.  സുരക്ഷിതത്വത്തെക്കരുത്തി, മൊഴി നൽകിയവരുടെ  വിവരങ്ങൾ രഹസ്യമാക്കി വെക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഹൈക്കോടതിയുടെ ഉത്തരവിനും , ഹേമ കമ്മിറ്റിയുടെ നിർദേശത്തിനും കടക വിരുദ്ധമായി,   കമ്മിറ്റി മുമ്പാകെ സിനിമയിൽ  ജോലിചെയ്യുന്ന    സ്ത്രീകൾ  നൽകിയ രഹസ്യ മൊഴികൾ ,    കലാരംഗത്തെ  അവരുടെ  നിലനില്പിനെയും,  സുരക്ഷിതത്വത്തെയും  മോശമായി ബാധിക്കുന്ന തരത്തിൽ    സർക്കാരിൽ അവിഹിതസ്വാധീനമുള്ള   ചിലർ  നിയന്ത്രിക്കുന്ന ഒരു സ്വകാര്യ ടെലിവിഷൻ  ചാനൽ  പുറത്തുവിട്ടു. പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ചു, മൊഴി കൊടുത്തവർ ആരാണെന്ന്   ചലച്ചിത്ര രംഗത്ത്  നിൽക്കുന്നവർക്ക്  തിരിച്ചറിയാൻ സാധിക്കും വിധമാണ് വന്നിട്ടുള്ളതു. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന് പ്രതീതി ഉണ്ടാക്കുന്ന രീതിയിൽ ചെയ്ത,  ഈ പ്രവൃത്തി , അതിനു വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണവും, കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും  ചെയ്യും.  സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം  അന്യായവും, പൈശാചികവുമായിപ്പോയി.   ഈ നടപടിക്കെതിരെ   ഡബ്ല്യൂ.സി.സി  അതിശക്തമായി പ്രതികരിച്ചു. തികച്ചും നീതിരഹിതവും, വഞ്ചനാത്മകവുമായ ഈ പ്രവൃത്തി ഉയർത്തുന്ന ഒരു ചോദ്യം, സർക്കാർ ആർക്കൊപ്പമാണെന്നതാണ്. ഇരകൾക്കൊപ്പം എന്ന് പത്രപ്രസ്താവനകളിലൂടെ  മുതല കണ്ണീരൊഴുക്കുന്ന സർക്കാർ യഥാർത്ഥത്തിൽ ഭരണത്തിൽ പിടിപാടുള്ള,  ശക്തരായ  വേട്ടക്കാർക്കൊപ്പമാണ് എന്നതിൽ സംശയമില്ല. റിപ്പോർട്ടിൻറ്റെ  കുറെ ഭാഗങ്ങൾ പുറത്തുവന്നപ്പോൾ തന്നെ, പരാതികളും, കേസുകളും ഒഴിവാക്കാൻ  കോടികളുടെ ഇടപാടുകൾ കൊച്ചി കേന്ദ്രികരിച്ചു  തിരശീലക്ക്  പിന്നിൽ  നടക്കുന്നുണ്ട് .  അതിനൊക്കെ ഇടനിലക്കാരായി, ഭരണവുമായി ബന്ധമുള്ള ചില ദല്ലാളുമാരും രംഗത്തുണ്ട്.    ചാനൽ  വഴിയുള്ള  ഈ വെളിപ്പെടുത്തൽ വഴി അവർ  ഉദ്ദേശിക്കുന്നത്,  സ്ത്രീ പീഡകർക്കെതിരെ  ആരും പരസ്യമായി വരരുതെന്ന് മാത്രമല്ല  ഇതന്വേഷിക്കുന്ന  പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിലും  തെളിവുമായി  ആരും വരരുതെന്ന്  അല്ലേ ?   ഹൈക്കോടതിയുടെ നേരിട്ടുള്ള  അന്വേഷണമാണെങ്കിലേ,  അന്വേഷണം ശരിയായ ദിശയിൽ പോകുവാൻ സാധ്യതയുള്ളൂ.  ഇല്ലെങ്കിൽ, ഹേമ കമ്മിറ്റി റിപ്പോർട്ടും  തുടർനടപടികളും കാലക്രമേണ  സാംസ്‌കാരിക വകുപ്പിന്റെയും,  ഏതെങ്കിലുമൊക്കെ പോലീസ്   സ്റ്റേഷനുകളുടെയും  അലമാരകളിൽ    മാറാല പിടിച്ചു  കിടക്കുവാനാണ് സാധ്യത.    







No comments:

Post a Comment