Tuesday, 24 December 2024

                       ആണവനിലയം - ഒരു ലഘുലേഖനം

കഴിഞ്ഞ കുറെ കാലങ്ങളായി അനുദിനം കേട്ടുകൊണ്ടിരിയ്ക്കുന്നതും , ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിയ്ക്കുന്നതും , അനുകാലിക  പ്രസക്തിയുള്ളതുമായ ഒരു വിഷയമാണ് ആണവനിലയം അഥവാ ന്യൂക്ലിയർ പവർ സ്റ്റേഷനുകൾ.ഓരോ കാലഘട്ടത്തിലും സാങ്കേതിക പുരോഗതിയ്‌ക്കൊപ്പം എല്ലാമേഖലകളിലും, നമ്മുടെ ആവശ്യാനുസരണം പുതിയ പുതിയ കണ്ടുപിടുത്തങ്ങളും,പ്രചാരത്തിൽ വന്നുകൊണ്ടിരിയ്ക്കുകയാണ് .അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഊർജോല്പാദനത്തിൽ രാജ്യം കൈ വരിച്ച നേട്ടങ്ങൾ. ആദ്യകാലങ്ങളിൽ കൽക്കരി ,ജലം,താപം, കാറ്റ് , സൗരോർജം മുതലായ പ്രകൃതിദത്ത വസ്തുക്കളിൽ നിന്നാണ് വൈദ്യുതോർജം ഉല്പാദിപ്പിച്ചിരുന്നത്.എന്നാൽ  ഉയർന്ന ജനസാന്ദ്രതയും,ഈ സ്രോതസുകളുടെ അപര്യാപ്തതയും,വർധിച്ചുവരുന്ന വ്യവസായികാവശ്യങ്ങളും  പരിഗണിച്ചു  പുതിയവഴികൾ തേടുവാൻ ശാസ്ത്രം   നിർബന്ധിതമായിക്കൊണ്ടിരിയ്ക്കുകയാണ്  .അതിലൊന്നാണ് ഇന്ത്യയിൽ വൈദ്യുതോർജം ഉല്പാദിപ്പിയ്ക്കുന്നതിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ആണവോർജം അഥവാ ന്യൂക്ലീയർ  എനർജി. രാജ്യത്ത് നിലവിൽ 24 നുക്ലീയർ  റിയാക്ടറുകൾ പ്രവർത്തനക്ഷമമാണ്. കൂടാതെ 11 എണ്ണം പ്രവർത്തനോന്മുഖമായിക്കിക്കൊണ്ടിരിയ്ക്കുന്നു. അതിനൂതനമായ  സാങ്കേതിക വിദ്യകൾ ഉ പയോഗിച്ചു  കൊണ്ട് ,  ഉയർന്നുവരുന്ന പരാതികളും,കുറവുകളും പരിഹരിയ്ക്കപ്പെട്ട് നിർമ്മിച്ചിട്ടുള്ളതുമായ നുക്ലീ യർ റിയാക്ടർ  ആണ് കൂടംകുളത്തെ പവർ സ്റ്റേഷനിലുള്ളത് .അതിനാൽ ഈ നിലയത്തിൻറ്റെ പ്രവർത്തനത്തെയും,സുരക്ഷയെയും കുറിച്ച് പഠി യ്ക്കാനായി ശാസ്ത്രവേദി സംഘടിപ്പിച്ച ഒരു പഠന-വിനോദയാത്രയുടെ ഭാഗമായി 2024  ഡിസംബർ 21 നു ,ഈ സ്റ്റേഷൻ സന്ദർശിയ്ക്കുകയും  ആ  സ്ഥാപനത്തിലെ സയൻടിഫിക്ക്  ഓഫീസർ ആയ ശ്രീ എ വി സതീഷിൻറ്റെ  രസകരമായ ക്ലാസ്സുകളിലൂടെ അവിടുത്തെ പ്രവർത്തനങ്ങൾ വിശദമായി മനസ്സിലാക്കുവാനുള്ള അവസരം ലഭിയ്ക്കുകയും ചെയ്തതിൽ  പങ്കെടുത്ത എല്ലാവർക്കും  അതിയായ സന്തോഷമുണ്ട്. 

ഇനി അല്പം  ചരിത്രം  പരിശോധിയ്ക്കാം . 

1945 ൽ ഹിരോഷിമയിലെ  ആറ്റം ബോംബ് സ്‌ഫോടനത്തെ തുടർന്ന് ഭൗതിക ശാസ്ത്രജ്നനായ ആർ .എസ് കൃഷ്ണൻ  , യുറേനിയം പോലെയുള്ള മൂലകങ്ങൾ , ചില രാസപ്രവർത്തനത്തിലൂടെ വിഘടിയ്ക്കുമ്പോൾ ഉൽപ്പാദിപ്പിയ്ക്കപ്പെടുന്ന വൻതോതിലുള്ള ഊർജം ഉപയോഗപ്പെടുത്തി യന്ത്രങ്ങൾ പ്രവർത്തിപ്പിയ്ക്കാമെന്നും , അതുമൂലം വ്യാവസായികവിപ്ലവത്തിനു വഴി തെളിയുമെന്നും തിരിച്ചറിഞ്ഞു.കൂടാതെ ഗവേഷണഫലമായി സമാധാന പരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഏറ്റവും വലിയ ഊർജ സ്രോതസാക്കാമെന്നും കണ്ടെത്തി,അപ്രകാരം 1946 ൽ CSIR, The Board of Scientific and Industrial Research (B S I R ) എന്ന റിസർച്ച് കമ്മിറ്റി  Dr .Homi J Bhabha എന്ന ശാസ്ത്രഞ്ജൻറ്റെ നേതൃത്വത്തിൽ ,ഇന്ത്യയുടെ ആണവോർജ സ്രോതസുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചു.1948 ൽ,  പ്രധാനമന്ത്രി  ജവാഹർലാൽ നെഹ്‌റു പാർലമെൻറ്റിൽ Atomic Energy Bill സമർപ്പിയ്ക്കുകയും,The Indian Atomic Energy Act പാസ്സാക്കപ്പെടുകയും ചെയ്തു.  അത് വഴി  അറ്റോമിക്ക് മിനറലുകളുടെ  ശേഖരം  കണ്ടെത്താനും , വ്യാവസായികാടിസ്ഥാനത്തിൽ സമാധാനപരമായ ആവശ്യങ്ങൾക് ഉപയോഗപ്പെടുത്താനുമുള്ള ശ്രമമാരംഭിച്ചു.അതിനെത്തുടർന്നാണ് 1948 ൽ Atomic Commission of India(ACE) രൂപീകൃതമായത് .പിന്നീട് 1954 ൽ റേഡിയോആക്റ്റിവ് മൂലകങ്ങളുടെ ഐസോടോപ് കളുടെ റേഡിയേഷൻ പ്രഭാവത്തെ കുറിച്ചും, വ്യവസായം,കൃഷി,വൈദ്യശാസ്ത്രം എന്നിവയിൽ ഉള്ള ഉപയോഗ സാധ്യതകളെ കുറിച്ചും , പഠിയ്ക്കാനും ഗവേഷണത്തിനും,പരിശീലനത്തിനുമൊക്കെ യായി Bhabha Atomic Research Centre (BARC) എന്ന സ്ഥാപനം രൂപീകൃതമായി. ട്രോംബെയിൽ   ഒരു ചെറിയ ന്യൂക്ലിയർ റിയാക്ടർ  സ്ഥാപിയ്ക്കുന്നതിനായി NRX (natural research expermental) Type നിർമിച്ചു നൽകിയത് കാനഡ സർക്കാർ   ആയിരുന്നു.

ആണവോർജത്തിൻറ്റെ പ്രസക്തിയെക്കുറിച്ച്    മുൻ പ്രസിഡൻറ്റും ,ശാസ്ത്രജ്ഞനുമായ ഡോക്ടർ .എ.പി.ജെ.അബ്ദുൾ കലാം  ഇപ്രകാരം പറയുകയുണ്ടായി."Energy Independence is India's first and highest priority. India has to go for nuclear power generation in a big way using Thorium based reactors , a non-fissile material which is available in abundance in our country ".അദ്ദേഹത്തിൻറ്റെ  വാക്കുകൾ യാഥാർഥ്യമാകും വിധമായിരുന്നു ഈ മേഖലയിലെ മുന്നേറ്റം.2014 ൽ സ്ഥാപിയ്ക്കപ്പെട്ട കൂടംകുളം പദ്ധതിയുൾപ്പടെ മറ്റു പല സംസ്ഥാനങ്ങളിലുമുള്ള സ്റ്റേഷനുകൾ ഇന്ന് ആവശ്യത്തിലധികം വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുന്നുണ്ട്. വർധിച്ചു വരുന്ന വൈദ്യുതി ഉപഭോഗവും,ചാർജ് വർധനവും പരിഹരിയ്ക്കാനും,പുതിയ തലമുറയ്ക്ക് ജോലിസാധ്യത വർദ്ധിയ്ക്കാനും കേരളത്തിലും ഇത്തരം സംരംഭങ്ങൾ അനിവാര്യമാണ്. 

ആദ്യഘട്ടത്തിൻ U 235  എന്ന രാസപദാർത്ഥമാണ്   ഉപയോഗിച്ചിരുന്നത് .എന്നാൽ ഇന്ത്യയിലെ യുറേനിയം ലഭ്യതയുടെ അപര്യാപ്തതയും, പ്രകൃതിദത്തമായി ലഭിയ്ക്കുന്ന ആയിരുകളിൽ ഏതാണ്ട്  0.7% മാത്രമേ ഉപയോഗയോഗ്യമായ ഐസോടോപ്പ് ഉള്ളു എന്നതിനാലും,1990 മുതൽ റഷ്യയുമായികരാറുണ്ടാക്കുകയും,enriched Uranium(4% U 235 ) എന്ന പദാർത്ഥം ആവശ്യാനുസരണം  ലഭ്യമാകുകയും ചെയ്തു. എന്നാൽ ആവശ്യകത വർദ്ധിയ്ക്കുന്നതനുസരിച്ചു  കാനഡ,ഫ്രാൻസ്,യുകെ , ദക്ഷിണ  കൊ റിയ,കസാഖ്ഖിസ്ഥാൻ എന്നീ രാജ്യങ്ങളുമായി കരാറുണ്ടാക്കി .2011 ഓടെ  ആന്ധ്രാപ്രദേശ്, കർണാടകം, എന്നിവിടങ്ങളിലും യുറേനിയം ശേഖരം കണ്ടെത്തുകയുണ്ടായി.കേരളത്തിലെ കടൽത്തീരങ്ങളിൽ തോറിയം എന്ന റേഡിയോആക്റ്റിവ് പദാർത്ഥം അടങ്ങിയ മോണോസൈറ്റ് ധാരാളമുള്ളതിനാൽ യൂറേനിയത്തിനു പകരമായി പവർ യൂണിറ്റിൽ ഉപയോഗിയ്ക്കാവുന്നതുകൊണ്ടു തന്നെ കേരളത്തിൽ പവർ പ്ലാൻറ്റ്   സ്ഥാപിയ്ക്കാനുള്ള അനുകൂല സാഹചര്യമാണുള്ളത്.എന്നാൽ കൂടൻകുളം സന്ദർശിച്ചപ്പോൾ, വളരെ വലിയ വിസ്തീർണമുള്ളതും, ജനവാസമില്ലാത്തതും, ജലസ്രോതസിനു സമീപമുള്ളതും , പ്രകൃതി ക്ഷോഭങ്ങൾക്ക് സാധ്യത  ഇല്ലാത്തതുമായ  സ്ഥലം കണ്ടെത്തുക എന്നത് അത്ര എളുപ്പമാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത് .തുടർച്ചയായുള്ള ഗവേഷണഫലമായി,സമീപഭാവിയിൽ  മൈക്രോ റിയാക്ടറുകൾ  സ്ഥാപിയ്ക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ശ്രീ എ,വി, സതീഷിൻറ്റെ വിശദീകരണങ്ങളിൽ നിന്നും  മനസിലാക്കാൻ കഴിഞ്ഞു .ഓരോ ജില്ലയിലും  ഇപ്രകാരം സ്ഥാപിക്കാൻ കഴിഞ്ഞാൽ കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യത ഉറപ്പു വരുത്താനാകുമെന്നു പ്രതീക്ഷിയ്ക്കാം . മാത്രമല്ല വലിയ റിയാക്ടറുകൾ സ്ഥാപിയ്ക്കാനും,സംരക്ഷിയ്ക്കാനുമുള്ള  ചിലവ്  കണക്കിലെടുക്കുമ്പോൾസാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടുകയില്ല എന്ന്  ഉറപ്പു വരുത്താനുമാകും.

ഇനി അല്പം രസതന്ത്രം .

ഒരു അറ്റോമിക് ന്യൂക്ലിയസിൽ അടങ്ങിയിരിയ്ക്കുന്ന  , പ്രോട്ടോണും ,ന്യൂ ട്രോണും ചേർന്നതാണല്ലോ ന്യൂക്ലിയോൺസ് എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത് .ഇവയെ പരസ്പരം ബന്ധിപ്പിയ്ക്കുന്നതു ആകർഷണ-വികർഷണ  ബലമാണ്. എന്നാൽ ന്യൂക്ലിയർ മാസ്സിൻറ്റെ ഏറ്റക്കുറച്ചിലനുസരിച് ഇവ വ്യത്യാസപ്പെട്ടിരിയ്ക്കും.ഭാരം കൂടുമ്പോൾ വികർഷണം വർദ്ധിയ്ക്കുകയും ,ന്യൂക്ലിയസിനു  ആകൃതി വ്യത്യാസമുണ്ടാകുകയും  (ഒരു ജലത്തുള്ളി മാതൃക ) , ഒരു ചെറിയ  ഊർജം നൽകുമ്പോൾ വിഘടിയ്ക്കപ്പെടുകയും  ചെയ്യും.U 235 പോലെ മാസ്സ് നമ്പർ ഒറ്റ സംഖ്യയായി  വരുന്ന മൂലകങ്ങൾക്ക് സ്ഥിരതകുറവായിരിയ്ക്കും.ഇവ ഊർജം ആഗിരണം ചെയ്തോ,അല്ലാതെയോ, കണികകൾ  ഉയർന്ന ഊർജ സ്ഥിതിയിലേയ്ക്ക്  (excited )  ചാടുകയും പിന്നീട അധികമായ ഊർജം പുറത്തേയ്ക്ക് പ്രസരിപ്പിച് തിരിയെ താഴ്ന്ന സ്ഥിതിയിലേക്ക് (ground) മാറുമ്പോൾ , രണ്ടോ അതിലധികമോ, മൂലകങ്ങളായി   വിഭജിയ്ക്കപ്പെടുകയും ചെയ്യുന്നു.ഈ പ്രതിഭാസത്തെയാണ് ന്യൂക്ലിയർ ഫിഷൻ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത്.സാധാരണയായി ന്യൂ ട്രോൺ,പ്രോട്ടോൺ,ഇലെക്ട്രോൺ  ,ഗാമ റെയ്‌സ് ഇവയിലേതെങ്കിലും ഉപയോഗിച്ചു ബൊംബാർഡ്  ചെയ്യുമ്പോൾ വലിയ തോതിലുള്ള താപോർജ്ജവും, അണുപ്രസരണവും ഉണ്ടാകുകയും   വീണ്ടും പ്രവർത്തനം തുടരുകയും ചെയ്യും. ഇതിനെയാണ് chain reaction എന്ന് വിളിയ്ക്കുന്നത്. ഏറ്റവും സ്ഥിരതയുള്ള  മൂലകം ലഭിയ്ക്കുന്നത് വരെ ഇത് തുടർന്ന് കൊണ്ടേയിരിയ്ക്കും, എന്നാൽഅനുയോജ്യമായ ഒരു  moderator ഉപയോഗിച്ചു  ഈ പ്രവർത്തനം  നിയന്ത്രിയ്ക്കാവുന്നതാണ്  .ന്യൂക്ലിയർ പവർ പ്ലാൻറിൽ യുറേനിയം,പ്ലൂട്ടോണിയം തുടങ്ങിയ ഇന്ധനങ്ങൾ fission reaction നു വിധേയമാക്കി താപോർജം പ്രവഹിപ്പിയ്ക്കുകയും,ഒരു steam generator ലെയ്ക്ക് കടത്തിവിട്ടു നീരാവി ഉല്പാദിപ്പിയ്ക്കുകയും, ഈ നീരാവി ഉപയോഗിച്ചു പിന്നീട് steam turbine കറക്കി  അതിനോട് ബന്ധിപ്പിച്ചിരിയ്ക്കുന്ന generator വഴി വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുകയുമാണ് ചെയ്യുന്നത്.അതിനു ശേഷം  പുറത്തേയ്ക്കു വരുന്ന നീരാവി ഒരു condenser ലൂടെ കടത്തി വിട്ടു തണുപ്പിയ്ക്കുകയും  generator ലേക്ക് തിരിയെ പമ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. തണുപ്പിയ്ക്കാനുപയോഗിയ്ക്കുന്നജലത്തിൽഅണുപ്രസരണമേൽക്കാത്തതിനാൽ തിരിച്ചു ജല സ്രോതസ്സിലേയ്ക്ക് തന്നെ കടത്തി വിടുന്നു. തിരഞ്ഞെടുക്കുന്ന   പ്രക്രിയ  അനുസരിച് ഘനജലമോ ,സാധാരണ ജലമോ moderator ആയി ഉപയോഗിയ്ക്കുന്ന രീതിയാണ് നിലവിലുള്ളത് .

റഷ്യയിൽ നിന്നുള്ള ഏറ്റവും ആധുനിക രീതിയിലുള്ള,സുരക്ഷിതത്വത്തിനു മുൻഗണന നൽകുന്ന,Generation 111 plus (3G +) മാതൃകയിലുള്ള റിയാക്ടർ ആണ് കൂടംകുളത്തു  നിർമ്മിച്ചിരിയ്ക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്..കൂടുതൽ സൗകര്യപ്രദമായ 4 th Generation റിയാക്ടറുകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിയ്ക്കുകയാണ്.

വളരെ പ്രചാരമേറിക്കൊണ്ടിരിയ്ക്കുന്ന ആണവോർജ്ജത്തിൻറ്റെ  ഗുണ ദോഷ വശങ്ങളെ കുറിച്ച് കൂടി ചിന്തിയ്ക്കേണ്ടതായിട്ടുണ്ട് .പലഭാഗങ്ങളിൽ നിന്നുമുള്ള എതിർപ്പുകൾ മൂലമാകാം ഒട്ടു മിയ്ക്കരാജ്യങ്ങളും താല്പര്യപൂർവം  മുന്നോട്ട് വരാത്തതെന്നു കരുതാം .അണുപ്രസരണശേഷിയുള്ള മൂലകങ്ങൾ കൈ കാര്യം ചെയ്യുന്നതിൽ എന്തെങ്കിലും പിഴവ് പറ്റിയാലോ ,പ്രകൃതി ദുരന്തങ്ങളാലോ  ,ഭീകരാക്രമണത്താലോ പ്ലാൻറ്റുകൾക്കു  കേടുപാടുകൾ സംഭവിച്ചാൽ  അത് മനുഷ്യരാശിയെ തന്നെ നശിപ്പിച്ചേക്കാമെന്നു അഭിപ്രായപ്പെടുന്നവരുണ്ട്.റേഡിയോആക്റ്റിവ് അവശിഷ്ടങ്ങൾ കാലം കഴിയുംതോറും നീക്കം  ചെയ്യാനുള്ള ബുദ്ധിമുട്ടും,യൂറേനിയവും തോറിയവും പോലെയുള്ള പ്രകൃതിദത്ത അസംസ്കൃതവസ്തുക്കൾക്ക് ഭാവിയിൽ ദൗർലഭ്യം സംഭവിയ്ക്കാനുള്ള  സാധ്യതയും തള്ളിക്കളയാനാവില്ല. അതുപോലെ തന്നെ വലിയപ്ലാൻറ്റ്  സ്ഥാപിയ്ക്കാനും,സംരക്ഷിയ്ക്കാനും,ആവശ്യമുള്ള വസ്തുക്കൾ വാങ്ങാനുമൊക്കെയുള്ള ഭീമമായ ചിലവ് താങ്ങാൻ ദരിദ്ര രാജ്യങ്ങൾക്ക് ബുദ്ധിമുട്ടായിരിയ്ക്കും .എന്നാൽ ഇതിനെല്ലാമുള്ള മറുപടിയുമായാണ് പുതിയ പ്ലാൻറ്റുകൾ  നിർമ്മിച്ചിരിയ്ക്കുന്നതെന്നാണ് ആണവനിലയങ്ങളിലെ ശാസ്ത്രജ്ഞരുടെ  അവകാശവാദം.മറ്റു രീതികളിലെ  പോലെ വിഷ വാതകങ്ങളായ കാർബൺ മോണോ ഓക്സയിഡ്,കാർബൺഡൈ ഓക്സയിഡ്,  നൈട്രിക്ഓക്സയിഡ് , പുക,ചാരം മുതലായവ ബഹിർഗമിയ്ക്കാത്തതിനാൽ ഗ്രീൻ ഹൌസ് ഇഫ്ഫക്ട് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും തദ്വാരാ അന്തരീക്ഷ മലിനീകരണ ത്തെക്കുറിച്ച ചിന്തിയ്‌ക്കേണ്ടതില്ലെന്നുമാണ്  വാദിയ്ക്കുന്നത് . നീരാവി തണുപ്പിയ്ക്കാനുപയോഗിക്കുന്ന  ജലമുൾപ്പടെ,പ്രവർത്തനശേഷം ലഭിയ്ക്കുന്ന വസ്തുക്കൾ വീണ്ടും ഉപയോഗിയ്ക്കുകയും , രാസപ്രവർത്തനഫലമായുണ്ടാകുന്ന പ്ലൂട്ടോണിയത്തിൽ നിന്നു വീണ്ടും യുറേനിയം ഉല്പാദിപ്പിയ്ക്കാൻ സാധിയ്ക്കുമെന്നത് കൊണ്ടും ആദ്യം ചിലവിടുന്ന ഭീമമായ തുക തിരിച്ചുപിടിയ്ക്കാൻ കഴിയുമെന്ന് അവർ വിശ്വസിയ്ക്കുന്നു. കൂടാതെ അണുപ്രസരണം പരിസ്ഥിതിയ്ക്ക്  ദോഷകരമായി ബാധിയ്ക്കാതിരിയ്‌ക്കാനുള്ള  എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടാണ് നൂതനമായ റിയാക്ടറുകൾ നിർമ്മിയ്ക്കപ്പെടുന്നത് എന്നത്  ആശ്വാസമുള്ള കാര്യമാണ്.. ഏതായാലും ഭാവിയിൽ എല്ലാ ദോഷവശങ്ങളും മുൻകൂട്ടി കണ്ട്  പരിഹരിച്ചു   ശാസ്ത്രം ഈ  രംഗത്തും   അഭിമാനകരമായ നേട്ടവും  അഭിവൃദ്ധിയും രാജ്യത്തിനു  നൽകുമെന്ന് പ്രത്യാശിയ്ക്കാം.     


  Dr .K R .Jyothi Kumari,

 Scientific Officer,(Rtd),

State Public Health & Clinical Lab,

Thiruvananthapuram

Ph.No.9447213847.










Tuesday, 17 December 2024

  മതേതരത്വത്തിൻറ്റെ  അപ്പോസ്തലനായ  ജവാഹർലാൽ നെഹ്‌റു 

അഡ്വ.പി.എസ് .ശ്രീകുമാർ 

            ഇന്ത്യയുടെ  ആദ്യ പ്രധാനമന്ത്രിയായ  ജവാഹർലാൽ നെഹ്രുവിൻറ്റെ  135 ആം   ജന്മദിനമാന് ഇന്ന്.  രാഷ്ട്രപിതാവ് കഴിഞ്ഞാൽ   കന്യാകുമാരിമുതൽ കാശ്മീർ വരെയുള്ള  ജനങ്ങളെ, രാഷ്ട്രീയ, മതപരിഗണകൾക്കതീതമായി   ഏറ്റവും കൂടുതൽ സ്വാധീനിക്കുവാൻ സാധിച്ചിട്ടുള്ള    ഏക നേതാവ് നെഹ്രുവായിരിക്കും.  ഓരോ വര്ഷം കഴിയുമ്പോഴും അദ്ദേഹത്തിന്റെ പ്രസക്തി കൂടുന്നതല്ലാതെ കുറയുന്നില്ല. അതാണ് അദ്ദേഹവും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള ബന്ധം.

  അദ്ദേഹം  രാജ്യത്തിന് നൽകിയ  ഏറ്റവും വലിയ സംഭാവന ഏതാണെന്നു ചോദിച്ചാൽ, മറുപടി പറയാൻ    ആരും ഒന്ന്  വിഷമിക്കും . രാഷ്ട്രത്തിൻറ്റെ  ആദ്യ പ്രധാനമന്ത്രിയെന്ന നിലയിൽ  അദ്ദേഹത്തിന്റെ കയ്യൊപ്പു പതിയാത്തതും,  അദ്ദേഹത്തിന്റെ  സംഭാവന ഇല്ലാത്തതുമായ ഒരു മേഖലയും സ്വതന്ത്ര ഇന്ത്യയിൽ   ഇല്ല .  രാജ്യത്തിൻറ്റെ   ഭരണഘടനാ നിർമാണത്തിന് നൽകിയ സംഭവനയാണോ ,  അതോ  ആദ്യ ഭരണാധിപനെന്ന നിലയിൽ ഭരണത്തിന് ദിശാബോധം നൽകുന്നതിലെ സംഭവനയാണോ,  അതുമല്ലെങ്കിൽ  ശാസ്ത്ര സാങ്കേതിക, സാഹിത്യ, വിദേശനയ  രൂപീകരണ  മേഖലകൾക്ക് നൽകിയ സംഭവനയാണോ, അതുമല്ലെങ്കിൽ ജനാധിപത്യ സംവിധാനത്തിന്  തന്നെ നൽകിയ സംഭാവനയാണോ എന്നു  തുടങ്ങി നിരവധി  മേഖലകളിൽ അദ്ദേഹം   നൽകിയ  അതുല്യമായ  സംഭാവനകളിൽ  ഒന്നിനേക്കാൾ മറ്റൊന്ന് മികച്ചു നിൽക്കുന്നു എന്ന് പറയുവാൻ സാധിക്കുകയില്ല.  എങ്കിൽപ്പോലും,   രാജ്യത്തിൻറ്റെ  അഖണ്ഡതയും , കെട്ടുറപ്പും അരക്കിട്ടുറപ്പിക്കുവാൻ  മതേതരത്വം എന്ന മഹത്തായ ആശയം   അക്ഷരാർഥത്തിൽ  നടപ്പാക്കിയ നെഹ്രുവിൻറ്റെ   സംഭാവന, മറ്റുള്ളവയെക്കാൾ   അണുവിടയെങ്കിലും ഉയർന്നു നിൽക്കുന്നതാണ്  എന്ന് പറയാതിരിക്കാൻ സാധിക്കുകയില്ല.   ജനാധിപത്യ രീതിയിൽ  ഇത്രയും അർത്ഥവത്തായി  മതേതരത്വം നടപ്പാക്കിയിട്ടുള്ള  ഒരു രാജ്യം ഇന്ത്യയല്ലാതെ  മറ്റൊന്നില്ല എന്നതാണ് യാഥാർഥ്യം.

            അദ്ദേഹം ജനിച്ചുവളർന്ന സാഹചര്യത്തിന്റെ  പ്രത്യേകതകൊണ്ടാകാം   മതേതരത്വം എന്ന ദർശനത്തെ  അതിന്റെ എല്ലാ അർത്ഥത്തിലും ഉൾക്കൊള്ളുവാൻ അദ്ദേഹത്തിന് സാധിച്ചത്. ധാരാളിത്തത്തിൻറ്റെ  മടിത്തട്ടിൽ  കാശ്മീരി ബ്രാഹ്മണ കുടുംബത്തിൽ  പിറന്ന  അദ്ദേഹത്തെ, വസതിയിൽ വച്ച് പഠിപ്പിച്ചിരുന്നത്  ഫെർഡിനാൻഡ്  ടി. ബ്രൂക്ക്സ്  എന്ന അധ്യാപകനായിരുന്നു. സംസ്‌കൃതം പഠിപ്പിച്ചിരുന്നത്  കാശ്മീരി പണ്ഡിറ്റ് ആയിരുന്നു.  ബ്രിട്ടനിൽ പോയി നിയമം പഠിച്ചതിനു  യാഥാസ്ഥികരായ  കാശ്മീരി ബ്രാഹ്മണ സമുദായം  അദ്ദേഹത്തിന്റെ പിതാവ് മോത്തിലാൽ നെഹ്‌റുവിനെ ഭ്രഷ്ട്ട് കൽപ്പിച്ചകാര്യമൊക്കെ പിന്നീട് അദ്ദേഹം വിശദമായി മനസ്സിലാക്കി. സ്വാതന്ത്ര്യ സമര സേനാനിയും  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന    മോത്തിലാൽ നെഹ്രുവിൻറ്റെ  സുഹൃത്തുക്കളായിരുന്ന  തിയോസഫി  പ്രസ്ഥാനത്തിൻറ്റെ  നേതാവ്  ആനി ബസന്ത്,  ഇസ്ലാം മത പണ്ഡിതൻകൂടിയായിരുന്ന   മുൻഷി മുബാറക് അലി  എന്നിവരുമായുള്ള ആശയ വിനിമയവും  സഹവാസവുമൊക്കെ മതേതരത്വ ചിന്ത അദ്ദേഹത്തിൽ രൂഢമൂലമാക്കി. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ബ്രിട്ടനിൽ പോയപ്പോൾ  ജൂത മതസ്ഥരായ  സുഹൃത്തുക്കൾ അദ്ദേഹത്തിന്റ്റെ  മതേതരത്വ ചിന്തകൾക്ക് പുതിയ മാനം നൽകി. എന്നാൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്  ബുദ്ധമതത്തിലെ  വിവേചനമില്ലായ്മയാണ്.

            അടിസ്ഥാനപരമായി നെഹ്‌റു ഒരു ചരിത്രാന്വേഷിയായിരുന്നു.  അദ്ദേഹത്തിന്റെ  പഠനങ്ങളിൽ നിന്നും ബഹുസ്വരത നിലനിൽക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയെന്നും  അല്ലാതെ, ഏതെങ്കിലും ഒരു മതത്തിൻറ്റെ  മാത്രം കുത്തകസ്വഭാവമുള്ളതല്ലെന്നും  അദ്ദേഹത്തിന് ബോധ്യമായി.  ബുദ്ധമതവും, ജൈനിസവും ഇന്ത്യൻ മണ്ണിൽ പിറന്നുവീഴാൻ ഇടയായ സാഹചര്യങ്ങളും  അതിനെ  ഹിന്ദുമതം എങ്ങിനെ ഉൾക്കൊള്ളാൻ തയ്യാറായതെന്നും, പിന്നീട് ക്രിതുമതവും, ഇസ്‌ലാമും  സോരാഷ്ട്രീയനിസവും  ഇന്ത്യൻ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവും അദ്ദേഹം മനസ്സിലാക്കി.  ഇതിൻറ്റെ  തുടർച്ചയായാണ്,    1857 ലെ  ആദ്യ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ  ഹിന്ദുക്കളും ഇസ്‌ലാം  മത വിശ്വസികളും ഒറ്റക്കെട്ടായി നിന്ന്  ബ്രിട്ടീഷ്-ഈസ്റ്റിന്ത്യാ കമ്പനിയുടെ   ദുര്ഭരണത്തിനെതിരെ  പ്രതികരിച്ചത്.  ഈ  അടിത്തറയിൽ നിന്നാണ്  മതേതരത്വം എന്ന നിർമ്മിതി കെട്ടിപ്പൊക്കുവാൻ അദ്ദേഹത്തിന് സാധിച്ചത്.

             ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ   പ്രവേശിച്ച ശേഷമാണ്  ബ്രിട്ടീഷ്-ഇന്ത്യ  ഭരണത്തിൽ മതങ്ങൾക്കുള്ള സ്വാധീനം അദ്ദേഹത്തിന് മനസ്സിലായത്.  ബ്രിട്ടീഷ്-ഇന്ത്യ ഭരണ സംവിധാനം  മതശക്തികൾക്ക്   വഴങ്ങുന്നതിനെ അദ്ദേഹം  എതിർത്തു .  രാഷ്ട്രിയവും,  മതവും തമ്മിൽ  അകലം വേണമെന്ന്  അദ്ദേഹം  വിശ്വസിച്ചു.  ഇക്കാര്യത്തിൽ പാശ്ചാത്യ ചിന്തകനായ മാക്യവല്ലിയുടെ കാഴ്ചപ്പാടാണ്  നെഹ്രുവിനും ഉണ്ടായിരുന്നത്.  പ്രധാനമന്ത്രി സ്ഥാനം  ഏറ്റെടുത്തശേഷം,    അദ്ദേഹവുമായി അഭിമുഖ സംഭാഷണത്തിനെത്തിയ  ഒരു ഫ്രഞ്ച് പത്രപ്രവർത്തകൻ അദ്ദേഹത്തിനോട് ചോദിച്ച ആദ്യ ചോദ്യം    "സ്വതന്ത്ര ഇന്ത്യയുടെ   പ്രധാനമന്ത്രി  എന്ന നിലയിൽ   എന്താണ്  താങ്കൾ  നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി " എന്നതായിരുന്നു.  മതാധിസ്ഥിതമായ  ഒരു സമൂഹത്തിൽ  ഒരു മതേതര രാജ്യം എങ്ങിനെ കരുപ്പിടിപ്പിക്കണമെന്നതായിരിക്കും  പ്രധാനമന്ത്രിയെന്ന നിലയിൽ  താൻ  നേരിടാൻ പോകുന്ന ഏറ്റവും പ്രയാസമേറിയ  പ്രശ്‍നം   എന്നാ യിരുന്നു  അദ്ദേഹത്തിൻറ്റെ  മറുപടി. 

              1952 ൽ  വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിൻറ്റെ   ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ യുവാക്കളുടെ ആഗോള  സമ്മേളനം  ഇന്ത്യയിൽ വച്ചാണ് നടത്തുവാൻ  തീരുമാനിച്ചത്. .ഈ  സമ്മേളനത്തിൻറ്റെ  ഉദ്‌ഘാടനത്തിന്  അതിൻറ്റെ  സംഘാടകർ  അന്നത്തെ കേന്ദ്ര ധനമന്ത്രിയും, റിസപ്ഷൻ കമ്മിറ്റി ചെയർമാനുമായ ഡോ .ജോൺ മത്തായിയുടെ നേതൃത്വത്തിൽ  പ്രധാനമന്ത്രി  നെഹ്‌റുവിനെ നേരിൽ കണ്ടു ക്ഷണിച്ചു.  എന്നാൽ,  ഒരു  മതേതര രാജ്യത്തിൽ   മതാത്തിന്റെ  പേരിൽ നടത്തുന്ന  സമ്മേളനത്തിൽ പ്രധാനമന്ത്രി  സംബ്ബന്ധിക്കുന്നതു  തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് പറഞ്ഞു  അദ്ദേഹം അവരുടെ ക്ഷണം നിരാകരിച്ചു.  അദ്ദേഹം ഒരു മതത്തെയും തള്ളി പറഞ്ഞില്ല.  മതവിശ്വാസം വ്യക്തിപരമായിരിക്കണമെന്നതായിരുന്നു  അദ്ദേഹത്തിന്റെ  കാഴ്ചപ്പാട്. രാജ്യം ഭരിക്കുന്ന  എല്ലാ ഭരണാധിപന്മാരും  അക്ഷരാർഥത്തിൽ  പാലിക്കേണ്ട ഒരു തത്വമാണ് നെഹ്‌റു തന്റെ ജീവിതകാലത്തു കാണിച്ചുതന്നത്.   ഇന്ന് നമ്മുടെ രാജ്യത്തിന്റെ  ചില  ഭാഗങ്ങളിലെങ്കിലും    കാണുന്ന അസ്വസ്ഥതകളും  പ്രശ്നങ്ങളും ഇല്ലാതാക്കുവാൻ  നെഹ്‌റു നൽകിയ ഈ തത്വസംഹിതയിലൂടെ സാധിക്കുമെന്നതിൽ സംശയമില്ല.   അദ്ദേഹത്തെ തമസ്കരിക്കാൻ   ആര്ശ്രമിച്ചാലും , അതിനെയെല്ലാം അതിജീവിക്കുവാനും   ,  കൂടുതൽ പ്രഭചൊരിയുവാനും  അദ്ദേഹത്തിന്  സാധിക്കുന്നു എന്നതാണ്   അദ്ദേഹത്തിന്റെ  വ്യക്തിത്വത്തിൻറ്റെ  മഹത്വം..