യാഥാർഥ്യമാകുന്ന സ്വപ്‌നം
വിഴിഞ്ഞതിൻറ്റെ പ്രശസ്തിക്ക് ആയ് വംശത്തോളം പഴക്കമുണ്ടെന്നാണ് "തിരുവനന്തപുരത്തിന്റെ ഇതിഹാസം" എന്ന ഗ്രന്ഥത്തിൽ പട്ടം ജി.രാമചന്ദ്രൻ നായർ പറഞ്ഞിട്ടുള്ളത്. അഞ്ചാം നൂറ്റാണ്ടുവരെ ആയ് രാജവംശത്തിന്റെ തലസ്ഥാനം ഇന്ന് കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ആയിക്കുടിയായിരുന്നു. പിന്നീടാണ് രാജധാനിയും, സൈനിക കേന്ദ്രവും തുറമുഖപട്ടണമായി മാറിയ വിഴിഞ്ഞത്തേക്ക് മാറ്റിയത്. കൂറ്റൻ മണിമന്ദിരങ്ങൾ, രാജകീയ പ്രഭാവം വിളംബരം ചെയ്യുന്ന കൊട്ടാരക്കെട്ടുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സൈനികത്താവളങ്ങൾ എന്നിവയെല്ലാം അക്കാലത്തു വിഴിഞ്ഞത്ത് ഉണ്ടായിരുന്നു. പാണ്ട്യ - ചോള രാജാക്കന്മാരുടെ തുടരെ, തുടരെയുണ്ടായ ആക്രമണങ്ങൾ മൂലം വിഴിഞ്ഞത്തിന്റെ പ്രഭാവം ക്രമേണ അസ്തമിച്ചു. രാജാ കേശവദാസൻറ്റെ കാലഘട്ടത്തിൽ വിഴിഞ്ഞം വീണ്ടും വാണിജ്യ തലസ്ഥാനമായി മാറിയെങ്കിലും, കാലത്തിന്റെ വേഗപ്പാച്ചിലിൽ പ്രഭാവം വീണ്ടും നഷ്ടപ്പെട്ടു . പിന്നീട് ചിത്തിരതിരുനാൾ മഹാരാജാവിൻറ്റെ രാജഭരണ കാലത്തു ദിവാനായിരുന്ന സർ സി.പി വിഴിഞ്ഞത്തിന്റെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞു. വിഴിഞ്ഞത്തിന്റെ തന്ത്രപ്രാധാന്യം മനസ്സിലാക്കിയ സർ സി..പി, വെള്ളായണി കായലുമായി ബന്ധപ്പെടുത്തി തുറമുഖം വികസിപ്പിക്കാനുള്ള വൻ പദ്ധതി വിഭാവനം ചെയ്തു. സർ സി.പി. തിരുവിതാംകൂർ വിടാൻ നിർബന്ധിതനാവുകയും, ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്‌തതോടെ വിഴിഞ്ഞം വികസന പദ്ധതി വിസ്‌മൃതിയിലായി.
ആദ്യ കരുക്കൾ നീക്കി എം.വി.ആർ
വര്ഷങ്ങള്ക്കുശേഷം, 1991 ലെ കരുണാകരൻ സർക്കാരിന്റെ കാലത്തു തുറമുഖ മന്ത്രിയായിരുന്ന എം.വി. രാഘവനാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ജീവൻ വയ്പ്പിച്ചത്. കേരളത്തിൽ ആദ്യമായി തുറമുഖ നയത്തിന് രൂപം നൽകിയ അദ്ദേഹം, വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി , 1995 ഒക്‌ടോബറിൽ ഹെദരാബാദിലെ കുമാർ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. എന്നാൽ 1996 ൽ സർക്കാർ മാറിയതോടെ ഈ പദ്ധതി ശീതികരണപെട്ടിയിലായി. 2001 ൽ അദ്ദേഹം വീണ്ടും മന്ത്രിയായപ്പോൾ അന്നത്തെ ചീഫ് സെക്രട്ടറി ബാബു ജേക്കബ്, തുറമുഖ കാര്യ ഉപദേശകൻ പി. ജയകുമാർ എന്നിവർക്കൊപ്പം ലോകത്തെ പ്രധാന തുറമുഖ നഗരങ്ങളിൽ പര്യടനം നടത്തി നിക്ഷേപകരെ ക്ഷണിച്ചു. അതേത്തുടർന്നാണ് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡ് (VSIL) രൂപീകരിചത്. തുടർന്ന് നടത്തിയ ടെണ്ടറിൽ 12 കമ്പനികൾ ടെൻഡർ നൽകി. ചൈന സർക്കാറിന്റെ കമ്പനി ഉൾപ്പെടുന്ന കൺസോർഷ്യത്തിനു കരാർ നല്കാൻ തീരുമാനമായെങ്കിലും, അദ്ദേഹം ഭരണത്തിൽ നിന്നും മാറുന്നതുവരെ സാങ്കേതികയുടെ പ്രതിബന്ധത്തിൽ തട്ടിക്കിടന്നു. 2010 ലെ വി.എസ് സർക്കാർ ടെൻഡർ വിളിച്ചെങ്കിലും, അതിൽ അവസാനമെത്തിയ വെൽസ്‌പൻ കൺസോർഷ്യത്തിന് സർക്കാർ അംഗീകാരം നൽകിയില്ല. തുറമുഖത്തിന് വീണ്ടും ജീവൻ വച്ചതു ഉമ്മൻചാണ്ടി സർക്കാർ 2012ൽ അധികാരത്തിൽ വന്നശേഷമാണ്. ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച സാങ്കേതിക ഉപദേഷ്ടാക്കൾ തയ്യാറാക്കിയ രൂപരേഖ പ്രകാരം പദ്ധതിയിൽ കാര്യമായ മാറ്റം വരുത്തി. വലിയ കപ്പലുകൾ തുറമുഖത്തു എത്തുന്ന രീതിയിൽ രൂപരേഖ നവീകരിച്ചു. 2013 ഡിസംബറിൽ ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും, ഉദ്ദേശിച്ച രീതിയിൽ വൻകിട കമ്പനികളുടെ സഹകരണം ഉണ്ടായില്ല. തുടർന്നാണ് 2014 ൽ പൊതു - സ്വകാര്യ - സംരംഭം എന്ന ആശയത്തിലേക്ക്, അന്നത്തെ പ്ലാനിംഗ് കമ്മീഷൻ ഉപദേശകനായിരുന്ന ഗജേന്ദ്ര ഹാൽദിയയുടെ ശുപാർശപ്രകാരം , പദ്ധതിയിൽ മാറ്റം വരുത്തിയത്. ഇതുപ്രകാരം, തുറമുഖത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിൽ നിക്ഷിപ്‌തമായിരിക്കും , എന്നാൽ അത് നിർമിച്ചു ദീർഘകാല വ്യവസ്ഥയിൽ, പ്രവർത്തനം നടത്തുന്നത് ടെൻഡർ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്പനിയായിരിക്കും. രൂപരേഖയിൽ വന്ന ഈ മാറ്റത്തോടെയാണ് വിഴിഞ്ഞത്തിന്റെ തലവര മാറിയത്.
അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങൾ
2015 ൽ പരിസ്ഥിതി അനുമതി ഉൾപ്പെടെ എല്ലാ അനുമതികളും വാങ്ങിയെടുത്തശേഷമാണ്, മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും, അദാനി പോർട്ട് കമ്പനി ചെയർമാൻ ഗൗതം അദാനിയുടെയും സാന്നിധ്യത്തിൽ തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന ജെയിംസ് വർഗീസും, അദാനി പോർട്ടിൻറ്റെ സി.ഇ.ഒ ആയിരുന്ന സന്തോഷ് കുമാർ മഹോപത്രയും 2015 ഓഗസ്റ്റ് 17 ന് പ്രൗഢഗംഭീരമായ സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ വച്ച് കരാറിൽ ഒപ്പുവച്ചത്. 7525 കോടി രൂപയാണ് ഈ പദ്ധതിക്കായി അന്ന് കണക്കാക്കിയ നിർമാണ ചെലവ്. . അതിൽ 2800 കോടി രൂപയാണ് അദാനി ഗ്രൂപ്പിൻറ്റെ മുതൽമുടക്ക്. വയബിലിറ്റി ഗാപ് ഫണ്ട് ആയി കേന്ദ്ര സർക്കാർ 800 കോടി രൂപ വാഗ്‌ദാനം ചെയ്തു. 206.89 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു നൽകി. 524 കോടി രൂപയാണ് ഭൂമി വാങ്ങാൻ സർക്കാർ 2015 ൽ ചെലവഴിച്ചത്. കടൽ നികത്തി എടുക്കുന്ന 131 ഏക്കർ അടക്കം ഭൂമിയുടെയും തുറമുഖത്തിൻറ്റെയും ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിന് ആയിരിക്കുമെന്നും കരാറിൽ പ്രത്യേകം എഴുതി ചേർത്ത് സംസ്ഥാന താത്പര്യം ഉമ്മൻചാണ്ടി സർക്കാർ ഉറപ്പിച്ചു. മത്സ്യ തൊഴിലാളികൾക്കുള്ള പുനരധിവാസ പദ്ധതിയും അംഗീകരിച്ചു നടപ്പാക്കി. പക്ഷേ, ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാണ് അന്നത്തെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പിണറായി വിജയൻ 6000 കോടി രൂപയുടെ അഴിമതിയാണ് ഉമ്മൻചാണ്ടി സർക്കാർ നടത്തിയതെന്ന് ആരോപിച്ചത്.
1000 ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നടത്തിയത് 2015 ലെ കേരളപ്പിറവി ദിനമായ നവംബർ 1 ന് ആയിരുന്നു. അതനുസരിച്ചു 2019 ഡിസംബറിൽ പദ്ധതി പൂർണമായി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, 2016 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ പിണറായി വിജയൻറ്റെ നേതൃത്വത്തിലുള്ള സർക്കാർ, പദ്ധതിക്കെതിരെ അവർ മുമ്പ് ഉന്നയിച്ച അഴിമതി ആരോപണങ്ങളെ ക്കുറിച്ചു വിജിലൻസ് അന്വേഷണം നടത്താനാണ് ഉത്തരവിട്ടത്. ഒരഴിമതിയും നടന്നിട്ടില്ലെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു . അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണത്തിന് തെളിവൊന്നും ലഭിക്കാതായതോടെ, ഒരു ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ വച്ചു. . വിശദമായ അന്വേഷണത്തിനു ശേഷം വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ യാതൊരു വിധ അഴിമതിയും നടന്നിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകി. പിണറായി സർക്കാർ ഏർപ്പെടുത്തിയ എല്ലാ അന്വേഷണങ്ങളെയും തുറന്ന മനസ്സോടെ നേരിട്ട് അഗ്നിശുദ്ധി വരുത്തി തൻറ്റെ നിഷ്കളങ്കതയും, വിശുദ്ധിയും തെളിയിച്ച ശേഷമാണ് ഉമ്മൻചാണ്ടി ഈ ലോകത്തോട് വിടപറഞ്ഞത്.
വിഴിഞ്ഞത്തിന്റെ പ്രത്യേകതകൾ
75166 കിലോമീറ്റര് തീരപ്രദേശമുള്ള ഇന്ത്യയിൽ 229 തുറമുഖങ്ങളാണുള്ളത്. അവയിൽ മുംബൈയും, കൊച്ചിയുമുൾപ്പെടെ 13 മേജർ തുറമുഖങ്ങൾ നമുക്കുണ്ട്. എന്നാൽ അന്തർദേശിയ കപ്പൽ ചാനലിനോട് അടുത്തുള്ള ഒരു ട്രാൻസ് ഷിപ്മെന്റ് ഡീപ് പോർട്ട് നമുക്കില്ല. . അതിനാലാണ് ഇന്ത്യയിലേക്ക് മദർഷിപ് വഴിയുള്ള ചരക്കു ഗതാഗതത്തിന് കൊളംബോ, ദുബായ്, സലാല, സിങ്കപ്പൂർ തുടങ്ങിയ വൻകിട തുറമുഖങ്ങളെ നമ്മൾ ആശ്രയിക്കുന്നത്. അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന് പോലും പ്രകൃതിദത്ത ആഴം 16.5 മീറ്റർ മാത്രമേയുള്ളു. അന്തർദേശിയ കപ്പൽ പാതയിലേക്ക് വിഴിഞ്ഞത്തുനിന്നും, ഒരു നോട്ടിക്കൽ മൈൽ മാത്രമേ അകലമുള്ളൂ. ഇവിടെയാണ് വിഴിഞ്ഞത്തിന്റെ പ്രസക്തി. ഡ്രെഡ്ജിങ് ഇല്ലാതെതന്നെ വിഴിഞ്ഞം തുറമുഖത്തിന് 20 മീറ്റർ ആഴമുണ്ട്. അതിനാൽ ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ കണ്ടൈനർ കപ്പലിനുപോലും അനായാസേന വിഴിഞ്ഞത്ത് എത്തി കണ്ടൈനറുകൾ കയറ്റി ഇറക്കുവാൻ സാധിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കണ്ടൈനർ ആയ MSC Turkiye എന്ന മദർ ഷിപ് ഏതാനും മാസങ്ങൾക്കു മുമ്പ് വിഴിഞ്ഞത്തുവന്ന് കണ്ടൈനറുകൾ ഇറക്കിയിരുന്നു. ഈ കപ്പലിന്റെ TEU (Twenty Foot Equivalent) 24346 ആണ്. അതോടെ ഇക്കാര്യത്തിൽ ചിലർക്കുണ്ടായിരുന്ന ആശങ്കകളും മാറി.
വിഴിഞ്ഞം പോലൊരു മാതൃ തുറമുഖം(Mother Port) രാജ്യത്തിനുണ്ടാക്കുന്ന വളർച്ച വളരെ വലുതാണ്. തലസ്ഥാന ജില്ലക്കാകെ പ്രയോജനകരമാകുന്ന രീതിയിലുള്ള അടിസ്ഥാന വികസന സൗകര്യങ്ങൾ, ജില്ലക്കും സംസ്ഥാനത്തിനും ലഭിക്കും. വലിയ കണ്ടൈനർ കപ്പലുകൾ വരുന്നതോടെ ഒരു വലിയ വ്യവസായ നഗരമായി തിരുവനന്തപുരം മാറാനാണ് സാധ്യത. തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങൾ തിരുവനന്തപുരം ജില്ലയുടെ ചരിത്രവും മാറും. ലോജിസ്റ്റിക്സ് മേഖലയിൽ വലിയ തൊഴിൽ സാധ്യതയും ഉണ്ടാകും. മറ്റു മേഖലകളിലെപ്പോലെ, കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലും കാതലായ മാറ്റങ്ങൾ ഉണ്ടാക്കും. ആഡംബര കപ്പലുകൾക്കും വിഴിഞ്ഞം ഒരു പ്രധാന കേന്ദ്രമായി മാറും. ഇക്കാര്യത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് കരാർ ഒപ്പിടീൽ ചടങ്ങിനോടനുബന്ധിച്ച് VSIL ഇറക്കിയ കൈപ്പുസ്തകത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇങ്ങനെ വ്യക്തമാക്കിയത് ." The government's vision for the State's development reaffirmed that Vizhinjam was one of the dream projects that could place Kerala on a course of unprecedented and impressive growth." .
സർക്കാർ തലത്തിൽ ചെയ്യേണ്ട നിർമാണങ്ങൾ
ട്രയൽ റൺ കാലത്ത് ഇവിടെ എത്തിയ മദർ ഷിപ്പുകളിൽ നിന്നും, മറ്റു ചെറു കപ്പലുകളിലേക്കാണ് ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്തത്. എന്നാൽ റോഡ് മാർഗവും, റെയിൽ മാർഗവും കണ്ടൈനറുകൾ പോകുകയും വരുകയും ചെയ്യുമ്പോഴാണ് വിഴിഞ്ഞതിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം ഉണ്ടാകുക. തുറമുഖത്തിൻറ്റെ ശരിക്കുള്ള പ്രയോജനം ലഭിക്കാൻ അത്യാവശ്യം ചെയ്തുതീർക്കേണ്ട ചില വികസന പദ്ധതികൾ കൂടി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. പദ്ധതിക്ക് അനുബന്ധമായുള്ള വിഴിഞ്ഞം-ബാലരാമപുരം 10.7 കി.മി റെയിൽവേ ലൈൻ പൂർത്തീകരിക്കുകയെന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ആത്മാർഥമായ ഒരു ശ്രമവും ഇതുവരെ നടത്തിയിട്ടില്ല. 2015 ൽ റെയിൽവേ വികാസ് നിഗം ലിമിറ്റഡ് തയ്യാറാക്കിയ കരട് DPR ഉപേക്ഷിക്കുകയും, പകരം കൊങ്കൺ റയിൽവേയെ കൊണ്ട് പുതിയ DPR തയ്യാറാക്കി എന്ന വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ. അതിനപ്പുറത്തേക്ക് പോയിട്ടില്ല. ചുരുക്കത്തിൽ റെയിൽവേ ലൈൻ വരണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. അദാനിയുമായുള്ള എഗ്രിമെന്റ് അനുസരിച്ചു 2021 ൽ റെയിൽവെ കണക്റ്റിവിറ്റി പൂർത്തീകരിക്കേണ്ടതായിരുന്നു.
അതുപോലെ 2017 ൽ സംസ്ഥാന സർക്കാർ പൂർത്തീകരിക്കേണ്ട വിഴിഞ്ഞം-ബാലരാമപുരം റോഡ് നിർമാണം, ഇതുവരെയും തുടങ്ങിയിട്ടില്ല. ഇതിനാവശ്യമായ സ്ഥലം 2016 നു മുമ്പ് തന്നെ ഏറ്റെടുത്തിരുന്നതാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള റിംഗ് റോഡ് പദ്ധതിയുടേയും നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മറ്റൊന്ന് കഴക്കൂട്ടം-കാരോട് ബൈ പാസ്സ് റോഡിൻറ്റെ നിർമാണമാണ്. പലവിധ സാങ്കേതിക പ്രശ്നങ്ങളിൽപെട്ട് ഇതിൻറ്റെ നിർമ്മാണവും ഇതുവരെ പൂർത്തിയായിട്ടില്ല.
വിഴിഞ്ഞത്തിന് ലഭിച്ച പരിസ്ഥി അനുമതി നിബന്ധന പ്രകാരം സംസ്ഥാന സർക്കാർ പദ്ധതിപ്രദേശത്ത് ഒരു മത്സ്യബന്ധന തുറമുഖവും, സീ ഫുഡ് പാർക്കും നിർമിക്കണം. ഈ നിർമാണ പദ്ധതികളും ഇതുവരെ ആരംഭിച്ചിട്ടില്ല.മേല്പറഞ്ഞ പ്രധാനപ്പെട്ട നിർമാണ പ്രവർത്തികൾ പൂർത്തിയായാൽ മാത്രമേ വികസനത്തിന്റെ ഗുണഫലം അനുഭവവേദ്യമാകുകയുള്ളു. അതിനുള്ള ശ്രമമാണ് ഇനി സർക്കാർ തലത്തിൽ ചെയ്യേണ്ടത്.
അഡ്വ. പി.എസ് .ശ്രീകുമാർ
(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു)
.