വിഴിഞ്ഞം: നന്ദി പറയേണ്ടത് ഉമ്മൻചാണ്ടിയോട്
മേയ് 2 ന് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുമ്പോൾ കേരളം നന്ദിപറയേണ്ടത് ആരോടാണ്? വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലൂടെ തിരുവനന്തപുരത്തിൻറ്റെയും, കേരളത്തിന്റെയും മുഖച്ഛായ മാറ്റുന്ന വികസനം യാഥാർഥ്യമാക്കിയ മൺമറഞ്ഞ ജനപ്രിയ നേതാവും, മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയോടോ, അതോ ഈ പദ്ധതി മുഴുവൻ അഴിമതിയാണെന്നും, അതുകൊണ്ട് പദ്ധതിയുമായി മുന്നോട്ടു പോകരുതെന്ന് പറഞ്ഞ അന്നത്തെ സി.പി.എം സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനോടോ?
വിഴിഞ്ഞം തുറമുഖത്ത് കൂറ്റൻ ക്രെയിനുകളുമായി എത്തിയ ആദ്യ കണ്ടൈനർ കപ്പലിന് സ്വീകരണമൊരുക്കികൊണ്ട് പിണറായി സർക്കാർ ചടങ്ങു് സംഘടിപ്പിച്ച, 2024 ഒക്ടോബർ 13 ന് ഇറങ്ങിയ "ദേശാഭിമാനി " പത്രം നൽകിയ തലക്കെട്ട് രസകരമാണ്.
"തെളിഞ്ഞത് സർക്കാരിൻറ്റെ ഇച്ഛാശക്തി" എന്നാണ്. "വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു പടുകൂറ്റൻ കപ്പൽ നങ്കൂരമിട്ടതോടെ തെളിഞ്ഞത് എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തി. മലയാളിയുടെ ദീർഘകാല സ്വപ്നമായിരുന്നു ആഴവും അനുകൂല സാഹചര്യവുമുള്ള വിഴിഞ്ഞം തീരം ഉപയോഗപ്പെടുത്തുകയെന്നത്. പ്രതികൂല ഘടകങ്ങൾ തരണം ചെയ്‌ത് പൂർത്തീകരണത്തിലേക്കു അടുക്കുമ്പോൾ സർക്കാരിനും മലയാളിസമൂഹത്തിനും അഭിമാനിക്കാം. കഴിഞ്ഞ ഏഴര വർഷമായി പദ്ധതിയുടെ ഓരോ ഘട്ടത്തിലും ശ്രദ്ധപതിപ്പിച്ചു ലക്ഷ്യത്തിലേക്കു അടുക്കുകയായിരുന്നു. വികസന, വ്യാപാര, തൊഴിൽ മേഖലകളിൽ വലിയ നേട്ടമുണ്ടാക്കുന്നതാണ് പദ്ധതി. അതിവേഗം എത്തുന്നതിന്റെ ആദ്യപടിയായിട്ടാണ് ചൈനീസ് കപ്പൽ അടുത്തതും പടുകൂറ്റൻ ക്രെയിനുകൾ ഇറങ്ങുന്നതും."
ഇങ്ങനെ ഊറ്റം കൊണ്ട ദേശാഭിമാനി , ഈ പദ്ധതിക്കായി ഉമ്മൻചാണ്ടി സർക്കാരിന്റെ പ്രതിനിധിയും , അദാനി പോർട്ടിൻറ്റെ പ്രതിനിധിയും 2015 ഓഗസ്റ്റ് 17 ന് പ്രൗഢഗംഭീരമായ സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ വച്ച് ഒപ്പിട്ടപ്പോൾ വെണ്ടയ്ക്ക അക്ഷരത്തിൽ നിരത്തിയ ഹെഡിങ് " കടൽക്കൊള്ള " എന്നായിരുന്നു. 7525 കോടി രൂപയാണ് ഈ പദ്ധതിക്കായി അന്ന് കണക്കാക്കിയ നിർമാണ ചെലവ്. അതിൽ 2800 കോടി രൂപയാണ് അദാനി ഗ്രൂപ്പിൻറ്റെ മുതൽമുടക്ക്. 206.89 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു നൽകി. 524 കോടി രൂപയാണ് ഭൂമി വാങ്ങാൻ സർക്കാർ 2015 ൽ ചെലവഴിച്ചത്. കടൽ നികത്തി എടുക്കുന്ന 131 ഏക്കർ അടക്കം ഭൂമിയുടെയും തുറമുഖത്തിൻറ്റെയും ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിന് ആയിരിക്കുമെന്നും കരാറിൽ പ്രത്യേകം എഴുതി ചേർത്ത് സംസ്ഥാന താത്പര്യം ഉമ്മൻചാണ്ടി സർക്കാർ ഉറപ്പിച്ചു. പക്ഷേ, ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാണ് അന്നത്തെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പിണറായി വിജയൻ 6000 കോടി രൂപയുടെ അഴിമതിയാണ് വിഴിഞ്ഞം പോർട്ടിൻറ്റെ പേരിൽ ഉമ്മൻചാണ്ടി സർക്കാർ നടത്തിയതെന്ന് ആരോപിച്ചത്. മറവിരോഗം ബാധിച്ച ദേശാഭിമാനിയും, സി.പി.എം നേതാക്കളും ഇതൊക്കെ മറന്നുകാണുമായിരിക്കും. എന്നാൽ കേരളത്തിലെ ജനങ്ങൾ ഇതൊന്നും മറന്നിട്ടില്ല.
അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത്, വിവാദങ്ങളിൽ കുടുങ്ങി കേരളത്തിന് ഇനി ഒരു വികസന പദ്ധതിയും നഷ്ടപ്പെടാൻ പാടില്ലെന്നത് യു,ഡി.എഫ്. സർക്കാരിന്റെ പ്രഖ്യാപിത നയമാണ് എന്നാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി ഇക്കാര്യം അദ്ദേഹം നിയമസഭയിൽ തറപ്പിച്ചു പറയുകയും ചെയ്തു. ഈ നയത്തിന്റെ സാക്ഷാത്കാരമാണ് 2025 മെയ് 2 ന് വിഴിഞ്ഞതു നടക്കുന്നത്. അന്താരാഷ്ട്ര തുറമുഖ പദ്ധതിയിലൂടെ ഒരു സമൂഹത്തിന്റെ സ്വപ്നം യാഥാർഥ്യമാകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വളർച്ചയുമാണ് സർക്കാർ വിഭാവന ചെയ്തത്. ഭൂമിയുടെ ഉടമസ്ഥാവകാശം പൂർണമായും സംസ്ഥാന സർക്കാരിൽ നിലനിർത്തി പദ്ധതി നടപ്പാക്കാൻ കഴിയുന്നുവെന്നതും പ്രധാന നേട്ടങ്ങളിൽ പെടുന്നു. സ്വകാര്യ പങ്കാളിക്ക് തുറമുഖ നിർമാണ നടത്തിപ്പിനുള്ള ലൈസൻസ് മാത്രമാണുള്ളത്. ഏഴാം വര്ഷം മുതൽ സർക്കാരിന് തുറമുഖേതര പ്രവർത്തനങ്ങളിൽനിന്നും 10 ശതമാനം വരുമാനവിഹിതം കിട്ടിത്തുടങ്ങും. പതിനഞ്ചാം വര്ഷം മുതൽ ഓരോ കൊല്ലവും തുറമുഖ നടത്തിപ്പിൽ നിന്നുള്ള മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം, രണ്ട് ശതമാനം, മൂന്ന് ശതമാനം എന്നീ ക്രമത്തിൽ 40 ശതമാനം വരെ റവന്യൂ വിഹിതം ലഭിക്കും. സംസ്ഥാനത്തിന്റെ ഭൂമി കൈകാര്യം ചെയ്യുന്നതിലും, ലാഭം നിശ്ചയിക്കുന്നതിലും വളരെ കരുതലോടെയാണ് സർക്കാർ പ്രവർത്തിച്ചത്.
1000 ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നടത്തിയത് 2015 ലെ കേരളപ്പിറവി ദിനമായ നവംബർ 1 ന് ആയിരുന്നു. അതനുസരിച്ചു 2019 ഡിസംബറിൽ പദ്ധതി പൂർണമായി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, 2016 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ പിണറായി സർക്കാർ, പദ്ധതിക്കെതിരെ അവർ മുമ്പ് ഉന്നയിച്ച അഴിമതി ആരോപണങ്ങളെ ക്കുറിച്ചു വിജിലൻസ് അന്വേഷണം നടത്താനാണ് ഉത്തരവിട്ടത്. ഒരഴിമതിയും നടന്നിട്ടില്ലെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ വെട്ടിലായത് പിണറായിയും, സി.പി.എം നേതാക്കളുമായിരുന്നു. അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണത്തിന് തെളിവൊന്നും ലഭിക്കാതായതോടെ, ഒരു ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ വച്ച് വിഴിഞ്ഞം തുറമുഖത്തിൻറ്റെ ശിൽപ്പിയായ ഉമ്മൻചാണ്ടിയെയും, തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ. ബാബുവിനെയും, ഉദ്യോഗസ്ഥന്മാരെയും കുടുക്കാൻ സാധിക്കുമോ എന്നാണ് സർക്കാർ ശ്രമിച്ചതു. വിശദമായ അന്വേഷണത്തിനു ശേഷം വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ യാതൊരു വിധ അഴിമതിയും നടന്നിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകി. പിണറായി സർക്കാരിന്റെ ദുഷ്ടലാക്കോടെയുള്ള എല്ലാ അന്വേഷണങ്ങളെയും തുറന്ന മനസ്സോടെ നേരിട്ട് അഗ്നിശുദ്ധി വരുത്തി തൻറ്റെ നിഷ്കളങ്കതയും, വിശുദ്ധിയും തെളിയിച്ച ശേഷമാണ് ഉമ്മൻചാണ്ടി ഈ ലോകത്തോട് വിടപറഞ്ഞത്. വിഴിഞ്ഞം പദ്ധതി അഞ്ചു വർഷം വൈകിയതിന്റെ കാരണം ഉമ്മൻചാണ്ടി സർക്കാരിനെ ഏതെങ്കിലും രീതിയിൽ കുടുക്കുവാനുള്ള വൃധാ ശ്രമങ്ങളുമായിരുന്നു. . സംസ്ഥാന താല്പര്യം ബലികഴിച്ചും പാർട്ടി താല്പര്യങ്ങൾ സംരക്ഷിക്കുന്ന എൽ ഡി എഫ് സർക്കാരിന്റെ ഇടുങ്ങിയ മനസ്ഥിതിയാണ് ഇതിന്റെയൊക്കെ പിറകിൽ ഉണ്ടായിരുന്നത്.
2015 ൽ പരിസ്ഥിതി അനുമതി ഉൾപ്പെടെ എല്ലാ അനുമതികളും വാങ്ങിയെടുക്കുകയും,, സ്ഥലമെടുപ്പ് പൂർത്തിയാക്കുകയും, പുനരധിവാസ പാക്കേജ് നടപ്പാക്കുകയും ചെയ്ത് പണി തുടങ്ങിയ ശേഷമാണ് ഉമ്മൻചാണ്ടി സർക്കാർ അധികാരം ഒഴിഞ്ഞത്. 2019 ൽ നിർമാണം പൂർത്തിയാക്കാൻ വേണ്ടി എല്ലാ നടപടികളും അന്ന് എടുത്തു. പിടിപ്പുകേട് മാത്രം കൈമുതലായുള്ള പിണറായി സർക്കാരിന് സമയബന്ധിതമായി പദ്ധതിയുമായി മുന്നോട്ടുപോകാൻ സാധിച്ചിട്ടില്ല. ഈ പദ്ധതിക്ക് അനുബന്ധമായുള്ള വിഴിഞ്ഞം-ബാലരാമപുരം 12 കി.മി റെയിൽവേ ലൈനിനും, വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള റിംഗ് റോഡ് പദ്ധതിയുടേയും നിർമാണം ഇതുവരെ ആരംഭിക്കാൻ പോലും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും പിണറായി സർക്കാരിന് സാധിച്ചിട്ടില്ല. വിഴിഞ്ഞം പദ്ധതിയെ ഭ്രുണവസ്ഥയിൽ അലസിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ശേഷമാണ് ഇന്ന് പദ്ധതിയുടെ നേട്ടം കൊയ്യാൻ പി.ആർ. ഏജൻസികളെ ഉപയോഗിച്ച് പ്രചാരണ പ്രവർത്തനങ്ങളുമായി പിണറായി സർക്കാർ ഇറങ്ങിയിരിക്കുന്നത്. നെല്ലും പതിരും തിരിച്ചറിയാനുള്ള ബുദ്ധിശക്തി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്കുണ്ടെന്ന യാഥാർഥ്യം പിണറായി സർക്കാർ ഓർക്കണം.
അഡ്വ. പി.എസ് ,ശ്രീകുമാർ
No comments:
Post a Comment