നിലമ്പൂർ തേക്കിൻറ്റെ കരുത്തുള്ള ആര്യാടൻ മുഹമ്മദ്
അഡ്വ .പി.എസ് .ശ്രീകുമാർ
നിലമ്പൂർ തേക്കിൻറ്റെ കരുത്തും, കാമ്പും ലോകപ്രശസ്തമാണ്. നിലമ്പൂർ തേക്കിൻറ്റെ കരുത്തുമുഴുവൻ തന്നിലേക്ക് ആവാഹിച്ച ജനനേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. ഏതു പ്രതിസന്ധിയേയും തന്ത്രപൂർവം നേരിടാനും, പരിഹരിക്കാനുള്ള വഴി കണ്ടെത്താൻ അദ്ദേഹത്തോളം സമർത്ഥനായ മറ്റൊരു ഭരണാധികാരിയോ നേതാവോ കേരളാ രാഷ്ട്രീയത്തിൽ വിരളമാണ് എന്നത് ഒരു വസ്തുതയാണ് . മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രജ്ഞൻ, ട്രേഡ് യൂണിയൻ നേതാവ് തുടങ്ങിയ നിലകളിലെല്ലാം തന്റ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭാവം നിലമ്പൂർ നിയമസഭാ മണ്ഡലത്തിന് മാത്രമല്ല ഏറനാടിനും, സംസ്ഥാനത്തിന് തന്നെയും സൃഷ്ടിച്ചിട്ടുള്ളത് നികത്താനാവാത്ത വിടവാണ്.
1956 ൽ വണ്ടൂർ ഫർക്കാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം 1958 ലാണ് , കെ പി സി സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നുമുതൽ അദ്ദേഹത്തിന്റെ മരണമുണ്ടായ 2022 വരെ അദ്ദേഹം കെ പി സി സി അംഗമായി തുടർന്നു . മലപ്പുറം ജില്ലയുടെ പ്രഥമ ഡി സി സി പ്രസിഡണ്ടും അദ്ദേഹമായിരുന്നു. പിന്നീടാണ് അദ്ദേഹം ഐ എൻ ടി യു സി യുടെ പ്രവർത്തന മേഖലയിലേക്ക് കടന്നത്. പുല്ലങ്കോട് എസ്റ്റേറ്റിലെ ഐ എൻ ടി യു സി യൂണിയൻറ്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തോട്ടം തൊഴിലാളി രംഗത്തു സജീവമായി. സി.എം.സ്റ്റീഫൻ, കെ. കരുണാകരൻ എന്നിവരോടൊപ്പം ഐ എൻ ടി യു സിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്ന അദ്ദേഹം അതിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനവും, ദേശീയ ഭാരവാഹിത്വത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. തൊഴിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഒരു അഭിഭാഷകനെക്കാൾ വീര്യത്തോടെ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ച് അവ നേടിയെടുക്കുന്നതിൽ അതീവ ശുഷ്‌കാന്തി പുലർത്തിയ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് .അതുപോലെ, തൊഴിലാളികൾക്ക് അനുകൂലമായ തൊഴിൽ നിയമ ഭേദഗതികൾ, തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കൽ എന്നിവ നടപ്പിലാക്കുവാനും അദ്ദേഹം തൊഴിൽ മന്ത്രിയായിരുന്നപ്പോൾ മുൻകൈ എടുത്തു
കർഷകത്തൊഴിലാളി പെൻഷൻറ്റെ ഉപജ്ഞാതാവ്
നിലമ്പൂർ മാനവേദൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ഫുട്ബോൾ ക്യാപ്റ്റൻ ആയിരുന്ന ആര്യാടൻ എട്ടു തവണയാണ് നിയമസഭാ സാമാജികനായിരുന്നത്. നായനാർ, ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ, വനം, തൊഴിൽ, ടൂറിസം, ഗതാഗതം,വൈദ്യുതി, റെയിൽവേ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1980 ൽ നായനാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സർക്കാരിൽ വനം-തൊഴിൽ വകുപ്പ് മന്ത്രിയായിട്ടായിരുന്നു ആര്യാടൻ മുഹമ്മദിൻറ്റെ ഭരണത്തലത്തിലേക്കുള്ള പ്രവേശനം. നിരവധി തൊഴിൽ തർക്കങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുപ്പിക്കുവാൻ കഴിഞ്ഞ, അദ്ദേഹമായിരുന്നു കർഷകത്തൊഴിലാളികൾക്ക് പെൻഷൻ എന്ന ആശയം കൊണ്ടുവന്നതും , നടപ്പിലാക്കിയതും. വൈദ്യുതി മന്ത്രിയെന്ന നിലയിൽ, മലപ്പുറം ജില്ലയിൽ; മാത്രമല്ല, ഉത്തരകേരളത്തിലാകെ വൈദ്യുതി എത്തിക്കാൻ അദ്ദേഹം നടപടി സ്വീകരിച്ചു. ആദ്യ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നപ്പോളാണ് രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന എന്ന പദ്ധതി മൻമോഹൻ സിംഗ് സർക്കാരിൽ സ്വാധീനം ചെലുത്തി അദ്ദേഹം നടപ്പിലാക്കിയത്. ഈ പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്താതിരിക്കാൻ കേന്ദ്ര ഊർജവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ, അതിനെ മറുതന്ത്രത്തിലൂടെ നേരിട്ടാണ് പ്രസ്തുത പദ്ധതി അദ്ദേഹം നടപ്പിലാക്കിയത്. 2011 ൽ വീണ്ടും അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നപ്പോളാണ് ആർ.ജി .ജി.വി.വൈ പദ്ധതി ശക്തമായി നടപ്പാക്കിയത് . അതിനുശേഷമാണ് സംസ്ഥാനത്തു സമ്പൂർണ വൈദ്യുതീകരണത്തിനു വഴിയൊരുക്കിയത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് , പതിറ്റാണ്ടുകൾക്ക് ശേഷം, 2011-16 പവർ കട്ട് ആദ്യമായി സംസ്ഥാനത്തു ഒഴിവായത്.
അനുരഞ്ജനത്തിൻറ്റെ വക്താവ്
കേരളത്തെ പിടിച്ചുകുലുക്കിയ മൂന്നാറിലെ സ്ത്രീ തൊഴിലാളി കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ സമരം നടന്നത് 2015 അവസാനമായിരുന്നു . നീണ്ടുനിന്ന ഈ സമരം ഒത്തുതീർപ്പിലെത്തിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തൊഴിൽ മന്ത്രിയായിരുന്ന ഷിബു ജോണിനെ സഹായിക്കാൻ നിയോഗിച്ചത് ആര്യാടൻ മുഹമ്മദിനെയായിരുന്നു. അദ്ദേഹം പുറത്തിറക്കിയ തന്ത്രങ്ങളിലൂടെയാണ് പെമ്പിളൈ ഒരുമൈ സമരം ഒത്തുതീർപ്പിലെത്തിച്ചത്. ന്യായമായ കൂലി വർധനവും, അനൂകൂല്യങ്ങളും നൽകുവാൻ തോട്ടം ഉടമകളെ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു . .
വൈദ്യുതി വകുപ്പിനെ പാവങ്ങൾക്ക് തുണയാക്കി മാറ്റി.
വൻകിട വ്യവസായ ശാലകൾ നടത്തിവന്ന വൈദ്യുതി മോഷണം കണ്ടുപിടിച്ച് 700 കോടിയിൽ പരം തുക സർക്കാർ ഖജനാവിൽ എത്തിക്കുന്നതിനാവശ്യമായ പദ്ധതികൾ രൂപീകരിച്ച് വൈദ്യുതി ബോര്ഡിനെ കരകയറ്റാൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളിൽ ഒന്നായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, ജീവൻ നിലനിർത്തുവാൻ വേണ്ടി ലൈഫ് സപ്പോർട്ട് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗജന്യമായി നൽകുന്ന പദ്ധതി, ഉടമസ്ഥാവകാശം ഇല്ലാത്ത ഭൂമിയിൽ 100 ച.മീ. താഴെ വിസ്തൃതിയുള്ള വീടുകൾക്ക് താൽക്കാലിക റെസിഡൻഷ്യൽ സര്ടിഫിക്കറ്റിൻറ്റെ അടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ നൽകുന്ന പദ്ധതി, നിർമാതാക്കളിൽ നിന്നും നേരിട്ട് വൈദ്യുത മീറ്റർ വാങ്ങുന്നതിനും, അങ്ങിനെ വൈദ്യുത ബോർഡിന് നൽകേണ്ടിവന്ന മീറ്റർ വാടക ഒഴിവാക്കുന്നതിനും ഉപഭോക്താവിനെ അവസരം നൽകുന്ന പദ്ധതി, എന്നിവ നടപ്പിലാക്കിയത് അദ്ദേഹം വൈദ്യുത മന്ത്രിയായിരുന്ന അവസരത്തിലാണ്. എന്നാൽ പിന്നീട് വന്ന പിണറായി സർക്കാർ ഇവയിൽ പലതും നിർത്തലാക്കി.
വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യ നിരക്കിൽ രണ്ട് എൽ.ഇ.ഡി ബൾബുകൾ വീതം നൽകി. 9 വാട്ടിന്റെ 400 രൂപ വിലയുള്ള ബൾബ് 95 രൂപയ്ക്കാണ് അന്ന് നൽകിയത്. നിലമ്പൂരിലെ പാവപ്പെട്ടവർ ഉൾപ്പെടെ സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് വലിയ സഹായമായിരുന്നു ഈ പദ്ധതി.
കൊച്ചിമെട്രോക്ക് പിന്നിലും ആര്യാടൻ
2011 ലെ സർക്കാരിൽ വൈദ്യുതി വകുപ്പിന് പുറമേ സംസ്ഥാനത്തെ റയിൽവെയുടെ ചുമതലയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൊച്ചി മെട്രോ നടപ്പാക്കുകയെന്നത് ആ സർക്കാരിൻറ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മെട്രോമാൻ ഇ. ശ്രീധരനെ കൊച്ചിമെട്രോയുടെ ചുമതല ഏൽപ്പിക്കാനായിരുന്നു സർക്കാർ താല്പര്യപ്പെട്ടത്. എന്നാൽ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരുടെ ലോബി ഇ. ശ്രീധരനെ കൊണ്ടുവരുന്നതിനെതിരായിരുന്നു. ഇക്കാര്യത്തിലുള്ള സർക്കാർ തീരുമാനങ്ങൾ പോലും നടപ്പിലാക്കാതെ നീട്ടികൊണ്ടുപോയപ്പോൾ, ആ നീക്കങ്ങളെ തടയിട്ടുകൊണ്ട് ഉദ്യോഗസ്ഥരെ വരച്ച വരയിൽ നിർത്താൻ സാധിച്ചത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും, ആര്യാടൻ മുഹമ്മദിൻറ്റേയും ഉറച്ച തീരുമാനമായിരുന്നു. കൊച്ചി മെട്രോ യാഥാർഥ്യമാക്കുന്നതിന് കേന്ദ്ര അനുമതി നേടിയെടുക്കുന്നതിലും അതിൻറ്റെ നടപടി ക്രമങ്ങളിലും ഫലപ്രദമായ നടപടികളാണ് മന്തിയായിരുന്ന ആര്യാടൻ കൈക്കൊണ്ടത്.
നിയോജക മണ്ഡല വികസനം
പുഴകളും, ഉപനദികളും ധാരാളമുള്ള മണ്ഡലം എഴുപതുകളിൽ, ഒന്ന് ചുറ്റിവരണമെങ്കിൽ നാലഞ്ച് ദിവസങ്ങൾ എടുത്തിരുന്നു. എന്നാൽ ആര്യാടൻ മുഹമ്മദ് നിയമസഭാ സാമാജികനായി വന്നശേഷമാണ് മൈലാടി പാലം, കൂട്ടപ്പായി പാലം, മൂട്ടിക്കടവ് പാലം തുടങ്ങി നിരവധി പാലങ്ങൾ നിർമിച്ച് മണ്ഡലത്തെ ഗതാഗതയോഗ്യമാക്കിയത് . ഇന്ന്, ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് വാഹനത്തിൽ മണ്ഡലം മുഴുവൻ ചുറ്റിവരുവാൻ സാധിക്കും. ആഢ്യൻപാറ വെള്ളച്ചാട്ടം, കരിമ്പുഴ വന്യമൃഗ സംരക്ഷണ കേന്ദ്രം, കോട്ടപ്പുഴ ചെക് ഡാം തുടങ്ങിയവും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുവാൻ സാധിച്ചത്. നിലംബുരിലുള്ള, ലോകത്തിലെ ആദ്യത്തെ തേക്കു മ്യൂസിയം നവീകരിച്ചത് അദ്ദേഹത്തിന് വനം വകുപ്പിൻറ്റെ ചുമതല ഉള്ളപ്പോഴായിരുന്നു. പൂക്കോട്ടുപാടത്തെ സർക്കാർ കോളേജ്, സർക്കാർ ഐ.ടി.ഐ, എല്ലാ പഞ്ചായത്തുകളിലും ഹയർ സെക്കന്ററി സ്കൂളുകൾ, നിലമ്പൂരിലെ വൈദ്യുതി ഡിവിഷനും ഓഫീസിൽ സമുച്ചയവും, നിലംബൂർ വനമേഖലയിലെ ആദിവാസികൾക്ക് വൈദ്യുതി കണക്ഷൻ, അപകടങ്ങളും കാട്ടുതീയും ഒഴിവാക്കുന്നതിനായി വനത്തിലൂടെ ഭൂഗർഭ കേബിളുകൾ എന്നിവ നടപ്പിലാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടും. ഇങ്ങനെ നിരവധി വികസന പദ്ധതികളാണ് അദ്ദേഹം നിയമസഭാ സാമാജികനും, മന്തിയുമായിരുന്ന കാലഘട്ടത്തിൽ നിലമ്പൂർ നിയമ സഭാ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. അതിനൊരു തുടർച്ച നല്കുവാൻ അദ്ദേഹത്തിനൻറ്റെ മകനും ഊർജസ്വലനായ നേതാവുമായ ആര്യാടൻ ഷൗക്കത്തിൻറ്റെ വിജയത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
( ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ)
