Thursday, 5 June 2025

 


   ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ  ബിജെപി യുടെ രാഷ്ട്രീയ മുതലെടുപ്പ് 

ഒരിക്കലും മറക്കാനാകാത്തതാണ്  ഏപ്രിൽ 22 ന്  കാശ്മീരിലെ  പഹൽഗാമിൽ  സംഭവിച്ചത്. കശ്മീരിന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാൻ രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ നിന്നും വിനോദസഞ്ചാരികളായി എത്തിയ  നിരപരാധികളായ  26  പേരുടെ ജീവനാണ്  അതിർത്തികടന്നെത്തിയ ഭീകരാക്രമണത്തിലൂടെ  നഷ്ടപ്പെട്ടത്. അതിനുള്ള  രാജ്യത്തിൻറ്റെ  പ്രതികരണമാണ്    ഓപ്പറേഷൻ സിന്ദൂർ (Operation Sindoor) ലൂടെ 2025 മേയ് 7-ന്  നമ്മുടെ സൈന്യം  പാകിസ്താന് നൽകിയത്. 

ലക്ഷ്യങ്ങൾ

പാകിസ്ഥാൻ ആസ്ഥാനമാക്കി ഇന്ത്യക്കെതിരെ പ്രവർത്തിച്ചുവരുന്ന  ജയ്‌ഷ്-എ-മൊഹമ്മദ്, ലഷ്കർ-എ-തോയ്ബ, ഹിസ്ബുൽ മുജാഹിദ്ദീൻ എന്നീ സംഘടനകളുടെ ഭീകര താവളങ്ങൾ ലക്ഷ്യമാക്കിയാണ് ,  പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും പാകിസ്താൻ അധീന കശ്മീരിലും (PoK) ഉള്ള ഒമ്പത് കേന്ദ്രങ്ങളാണ്  ഇന്ത്യൻ സൈന്യം  ആക്രമിച്ചത് .  ബഹാവൽപൂർ (Bahawalpur), മുരിദ്കെ (Muridke), സിയാൽക്കോട്ട്  (Sialkot), മുസ്സ ഫറാബാദ് (Muzaffarabad), കോട്ട്ലി (Kotli) തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ഭീകര കേന്ദ്രങ്ങളാണ്  ഇന്ത്യൻ സൈന്യം  25  മിനിറ്റ് മാത്രം ഉണ്ടായിരുന്ന ഓപ്പറേഷനിലൂടെ  തരിപ്പണമാക്കിയത്.

 സാങ്കേതിക വിദ്യയുടെ പങ്ക്

ഓപ്പറേഷനിൽ ഇന്ത്യയുടെ ആഭ്യന്തരമായി വികസിപ്പിച്ച ആയുധങ്ങൾ പ്രധാന പങ്ക് വഹിച്ചു:ബ്രഹ്മോസ് (BrahMos) ക്രൂയിസ് മിസൈലുകൾ,അകാശ് (Akash) വ്യോമ പ്രതിരോധ മിസൈലുകൾ, റഫാൽ (Rafale) യുദ്ധവിമാനങ്ങൾ,  SCALP മിസൈലുകൾ, സ്കൈസ്ട്രൈക്കർ (SkyStriker) സ്വയം നശിപ്പിക്കുന്ന ഡ്രോണുകൾ എന്നിവയുടെ  സംയുക്ത ഉപയോഗമാണ്  പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ സഹായിച്ചത് .ഡമ്മി ജെറ്റുകൾ ഉപയോഗിച്ച് പാകിസ്താന്റെ റഡാർ സംവിധാനങ്ങളെ  ജാം ചെയ്തതിനു പുറമേ , സാറ്റലൈറ്റ് നിരീക്ഷണവും മനുഷ്യബുദ്ധിവിവരവും (HUMINT) ഉപയോഗിച്ച് ലക്ഷ്യങ്ങൾ നിർണ്ണയിച്ചശേഷമാണ്  പാകിസ്താന്റെ സൈനിക താവളങ്ങളെ ഒഴിവാക്കി, ഭീകര താവളങ്ങളെ മാത്രം  നമ്മുടെ സൈന്യം ലക്ഷ്യമാക്കിയത്.

ഇന്ത്യയുടെ സൈനികമായ കരുത്തും പാകിസ്താൻ ഉപയോഗിച്ച ചൈനീസ് വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കനത്ത പരാജയവും ഓപ്പറേഷൻ സിന്ദൂർ ലോകത്തിനു കാട്ടിക്കൊടുത്തു. ഇന്ത്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങളായ ആകാശും,  ആകാശ് തീറും പിനാക്കാ മിസൈലും ബ്രഹ്മോസ് മിസൈലുമൊക്കെ പ്രതിരോധ സാങ്കേതികവിദ്യയില്‍ ഭാരതത്തിന്റെ മേന്മ  ലോകത്തിനു കാട്ടിക്കൊടുത്തു. പുറമെ , രാജ്യത്തെ ഉപഗ്രഹരംഗത്തെ മികവും. പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക്  അയച്ച  ഡ്രോണുകളെയും മിസൈലുകളെയും  അതിർത്തി കടക്കുംമുൻപ്   വെടിവച്ചിടാൻ ഇന്ത്യക്കു കഴിഞ്ഞു. അതേസമയം, ശത്രുരാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കാനും എല്ലാ മിസൈലുകളും ലക്ഷ്യത്തില്‍ പതിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

 ഇന്ത്യയുടെ ആത്മാഭിമാനം പണയപ്പെടുത്തിയ  വെടിനിറുത്തൽ പ്രഖ്യാപനം 

ഓപ്പറേഷൻ സിന്ദൂർ,  ഇന്ത്യയുടെ സൈനിക ശേഷിയും തന്ത്രപരമായ കഴിവുകളും ലോകത്തിന് മുന്നിൽ തെളിയിച്ച ഒരു നിർണായക നടപടിയായിരുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ശൂന്യ സഹിഷ്ണുതാ നയത്തിന്റെ ഉദാഹരണമായും ഇത് മാറി.  നാല് ദിവസം നീണ്ടുനിന്ന  ഈ  സൈനിക നടപടിക്ക്  ജാതി, മത, രാഷ്ട്രീയ  ചിന്തകൾക്കതീതമായി   ഇന്ത്യയിലെ പ്രതിപക്ഷവും, ജനങ്ങളും  മോദി സർക്കാരിന്  പിന്തുണ പ്രഖ്യാപിക്കുകയും,  സർക്കാരിന് പിന്നിൽ അണിനിരക്കുകയും ചെയ്തു.  എന്നാൽ കേന്ദ്ര സർക്കാർ  പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുവാൻ തയ്യാറായില്ല. പ്രതിപക്ഷത്തോടുള്ള പ്രധാനമന്ത്രിയുടെ  പെരുമാറ്റം പോലും  മാന്യതയോടെയായിരുന്നില്ല.  സർക്കാർ വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുവാനോ  പ്രതിപക്ഷ നേതാക്കളോട് സംസാരിക്കുവാനോ പ്രധാനമന്ത്രി തയ്യാറായില്ല എന്നത് തികച്ചും ഖേദകരമാണ്.  മാത്രമല്ല, താൽക്കാലിക വെടിനിർത്തൽ ആദ്യം  അറിയിച്ചത്   അമേരിക്കൻ പ്രസിഡണ്ടായ   ഡൊണാൾഡ്   ട്രംപായിരുന്നു   എന്നത്  ഇന്ത്യൻ ജനത  തെല്ല്  ജാള്യതയോടെയാണ്    ശ്രവിച്ചത്.  അതിനുശേഷമാണ്  നമ്മുടെ സേനാവക്താക്കൾ  പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.  . മാത്രമല്ല, വെടിനിർത്തിയില്ലെങ്കില്‍ അമേരിക്കയുമായി വ്യാപാരം അനുവദിക്കില്ലെന്നു താൻ പറഞ്ഞെന്നും അത് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ മനസ്സിലാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. കശ്മീർ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥതയ്ക്കു തയ്യാറാണെന്നു ട്രംപ് പ്രഖ്യാപിച്ചതും ഇന്ത്യക്ക്  നാണക്കേടുണ്ടാക്കിയിരിക്കയാണ് .  ദക്ഷിണേഷ്യൻ മേഖലയിൽ  ചൈനീസ് സ്വാധീനം ചെറുക്കുന്നതില്‍ നിർണായകമായ പങ്കുവഹിക്കുന്ന  ഇന്ത്യയെ പാകിസ്താനുമായി സമീകരിച്ചത് രാജ്യത്ത് കടുത്ത നീരസം ഉണ്ടാക്കിയിട്ടുണ്ട്.

അമേരിക്കയുടെ നയതന്ത്രവിജയം എന്ന നിലയില്‍ ട്രംപ് നടത്തിയ വെടിനിർത്തല്‍ പ്രഖ്യാപനം തന്റെ മറ്റു പരാജയങ്ങള്‍ മറച്ചുവെക്കാനായിരുന്നുവെന്ന് കരുതപ്പെടുന്നു. അധികാരമേറ്റാല്‍ ഒരു മാസത്തിനകം റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധത്തിന് വിരാമമുണ്ടാക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പു വാഗ്ദാനം. മാസം നാലു തികയുമ്ബോള്‍ ഇരു രാജ്യങ്ങളെയും സമാധാന ചർച്ചയ്ക്കിരുത്താനായിട്ടില്ല. ഗാസയിലെ യുദ്ധവും അനന്തമായി നീളുകയാണ്. നിർണായകമായ വ്യാപാരചർച്ചകള്‍ നടക്കുന്നതിനിടെ ട്രംപ് നടത്തിയ ഈ പ്രസ്താവനകള്‍ ഇന്ത്യ  തള്ളിക്കളഞ്ഞുവെങ്കിലും പരസ്യവിമർശനത്തിന്  തയ്യാറായിട്ടില്ല. .


പക്ഷേ, അമേരിക്കയുടെ മധ്യസ്ഥതയെ തുടർന്നാണ് വെടിനിർത്തലുണ്ടായതെന്ന ട്രംപിന്റെ അവകാശം  ഇന്ത്യയ്ക്കകത്തും പുറത്തും വലിയതോതില്‍ ചർച്ചയായി. പതിറ്റാണ്ടുകളായി, ഇന്ത്യ മുന്നോട്ടു വച്ച നിലപാടിൽ നിന്നും വ്യത്യസ്ഥമായി ,  എന്തുകൊണ്ടാണ് ഇന്ത്യ-പാകിസ്താൻ വിഷയത്തില്‍ ഇടപെടാൻ ഒരു മൂന്നാംകക്ഷിയെ അനുവദിച്ചതെന്ന ചോദ്യമുയർന്നു. സാമ്ബത്തികത്തകർച്ചയെ നേരിടുന്ന, രാഷ്ട്രീയമായി അസ്ഥിരമായ, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താനെ  ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായ ഇന്ത്യയുമായി  സമീകരിക്കുന്നത് (equate)  അപമാനകരമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ  ചൂണ്ടിക്കാട്ടുന്നു .  വെടിനിർത്തൽ നിലവിൽ വരുത്തുവാൻ  ട്രംപ് മധ്യസ്ഥത വഹിച്ചു എന്ന് അവകാശപ്പെടുന്നത് നിർഭാഗ്യകരമാണെന്നത്തിൽ സംശയമില്ല .  ഇന്ത്യയുടെ എതിർപ്പുപോലും അവഗണിച്ചു് ,  പാക്കിസ്താന്  ഐ.എം.എഫിൽ നിന്നും വായ്‌പ  നൽകുന്നതിന് മുൻകൈ എടുത്തത് അമേരിക്കയാണ്. അമേരിക്കയുടെ  ഇതുപോലെയുള്ള   അവസരവാദപരമായ   നടപടികൾക്ക്  പുറകിൽ അമേരിക്കയുടെ ഗൂഡലക്ഷ്യമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മത സ്പർദ്ധ വളർത്തുന്ന  ബിജെപി തന്ത്രങ്ങൾ 

ഓപ്പറേഷൻ സിന്ദൂർ  പോലും  സമൂഹത്തിൽ മതസ്പർദ്ധ  വളർത്താൻ ബിജെപി  ഉപയോഗിക്കുകയാണ്.  അതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ് സൈനിക വക്താവായ കേണൽ സോഫിയ ഖുറേഷിക്കെതിരെ  മധ്യപ്രദേശ്  മന്ത്രിയായ വിജയ് ഷായുടെ അധിക്ഷേപകരമായ പരാമർശങ്ങൾ. ഇന്ത്യയുടെ വിജയം ആഘോഷിക്കാനായി  മധ്യപ്രദേശിൽ സംഘടിപ്പിച്ച  ഒരു മീറ്റിംഗിൽ പങ്കെടുത്തുകൊണ്ടാണ്  പാകിസ്താനെതിരെ  "ഭീകരുടെ സഹോദരി" യെ ഉപയോഗിച്ച് തിരിച്ചടിച്ചു എന്ന് പറഞ്ഞുകൊണ്ട്  കേണൽ ഖുറേഷിയെ  അധിക്ഷേപിച്ചത്.  അധിക്ഷേപാര്ഹമായ പരാമർശം നടത്തിയ ഈ മന്ത്രിക്കെതിരെ  കേസ് എടുക്കാൻ സുപ്രീം കോടതി നിർദേശിച്ച ശേഷമാണ് അയാൾക്കെതിരെ മധ്യപ്രദേശ് പോലീസ് കേസ് എടുത്തത്.  എന്നിട്ടും,  വിദ്വെഷപരമായ പരാമർശം നടത്തിയ മന്ത്രി ഷായെ  മന്ത്രിസഭയിൽ നിന്നും പുറത്താക്കുന്നതിനു പകരം അയാളെ സംരക്ഷിക്കുന്ന നിലപാടാണ്  ബിജെപി കൈക്കൊണ്ടിട്ടുള്ളത്.  ഇതിന്റെ തുടർച്ചയായാണ്  മധ്യപ്രദേശിലെ  ഉപമുഖ്യ  മന്ത്രി   ജഗദിഷ് ദേവ്‌ദാ  രാജ്യവും സൈന്യവും മോദിയുടെ  കാൽപ്പാദങ്ങളിൽ  സാഷ്ടാംഗം വണങ്ങണമെന്നു  പ്രസംഗിച്ചത്. ഇതൊക്കെ കാണിക്കുന്നത്  ഓപ്പറേഷൻ സിന്ദൂറിൻറ്റെ  പേരിൽ   സാമുദായിക സ്പർധ വളർത്തി  രാഷ്ട്രീയ മുതലെടുപ്പിന്  ശ്രമിക്കുന്ന ബിജെപി യുടെ   കുടില തന്ത്രങ്ങളാണ്.

ജനാധിപത്യത്തിന് വിലകല്പിക്കാത്ത മോദി സർക്കാർ 

പ്രതിപക്ഷം ഉന്നയിക്കുന്ന മറ്റൊരു ആവശ്യം ഏപ്രിൽ 22 ന്  പഹൽഗാമിൽ ഉണ്ടായ   സുരക്ഷാവീഴ്‌ചയും , ഓപ്പറേഷൻ സിന്ദൂർ  സംബന്ധിച്ച  വിശദ  വിവരങ്ങളും  പ്രതിപക്ഷവുമായി സംസാരിക്കണമെന്നതാണ്.   ഇന്ത്യ-ചൈന യുദ്ധം നടന്ന 1962 ൽ അന്നത്തെ പ്രതിപക്ഷം  ആവശ്യപ്പെട്ടതനുസരിച്ചു  പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പ്രത്യേക പാർലമെൻറ്  സമ്മേളനം വിളിച്ചുകൂട്ടി  യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തു.  ഇന്ത്യക്കെതിരെയുള്ള ചൈനയുടെ   സൈനിക കടന്നുകയറ്റം ആരംഭിച്ചത്  1962  ഒക്ടോബർ  20  മുതൽ നവംബർ  20 വരെയായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന  ജനസംഘത്തിന്റെ  വിരലിൽ എണ്ണാവുന്ന  അംഗങ്ങളിൽ  ഒരാളായിരുന്ന    എ.ബി. വാജ്പേയി ഉൾപ്പെടെയുള്ളവരുടെ  അഭ്യർത്ഥന മാനിച്ചാണ്  1962  നവംബർ  14 ന്   പാർലമെൻറ്റിൻറ്റെ  പ്രത്യേക സമ്മേളനം നെഹ്‌റു വിളിച്ചു ചേർത്തത് . യുദ്ധം നടക്കുന്നതിനിടയിലായിരുന്നു   സമ്മേളനം നടന്നത് എന്നതാണ്‌  അതിൻറ്റെ  പ്രത്യേകത. ജനാധിപത്യ വിശ്വാസിയായിരുന്ന നെഹ്‌റു  പ്രതിപക്ഷം ആവശ്യമുന്നയിച്ചപ്പോൾ തന്നെ  സമ്മേളനം വിളിച്ചു കൂട്ടി സർക്കാരിന്റെ വീഴ്ചയുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ യാതൊരു  മടിയും കാണിച്ചില്ല.  എന്നാൽ മോദി  സർക്കാർ  ഈ പ്രശ്നങ്ങൾ ഒന്നും  പാർലമെണ്റ്റിൽ  ചർച്ചചെയ്യാൻ തയ്യാറാകുന്നില്ല. ജനാധിപത്യത്തോടും, ജനാധിപത്യ സംവിധാനങ്ങളോടുമുള്ള ബിജെപി യുടെയും, പ്രധാനമന്ത്രി മോദിയുടെയും അവജ്ഞാപരമായ  നിലപാടിൻറ്റെ  വ്യക്തമായ സൂചനയാണിത്.

അഡ്വ.പി.എസ്‌ .ശ്രീകുമാർ 


No comments:

Post a Comment