നവംബറിൻറ്റെ നഷ്ടം ആർക്ക് ?
പി.എസ് .ശ്രീകുമാർ
നവംബർ 3 ന് അമേരിക്കയിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൻറ്റെ ഫലം എന്തായിരിക്കും എന്നറിയാനാണ് ലോകം കാത്തിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ ഒന്നായി മാറുകയാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിൽക്കുന്ന ഡൊണാൾഡ് ട്രംപും , ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ നിൽക്കുന്ന മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മത്സരിക്കുന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ നാൾ മുതൽ അഭിപ്രായസർവേകളിൽ ചെറിയ മുൻതൂക്കം ബൈഡനുണ്ട്. എന്നാൽപ്പോലും ഫലം എങ്ങിനെ വരും എന്നതിൽ രണ്ടു പാർട്ടികൾക്കും ആശങ്കയുണ്ട്. അതിനു പ്രധാന കാരണം 2016 ലെ തെരഞ്ഞെടുപ്പ് ഫലമാണ്.
അന്ന് ട്രംപിന്റ്റെ എതിരാളി ഹിലരി ക്ലിന്റൺ ആയിരുന്നു. എല്ലാ അഭിപ്രായ സർവേകളിലും തുടക്കം മുതൽ മുന്നിട്ടു നിന്നതു ഹിലരി ആയിരുന്നു. പക്ഷെ, ഫലം മറിച്ചായിരുന്നു. ഭരണ രംഗത്ത് അനുഭവ സമ്പത്തും പ്രാഗത്ഭ്യവും ഉണ്ടായിരുന്ന ഹില്ലാരിയെ ഭരണ-രാഷ്ട്രീയ രംഗങ്ങളിൽ തുടക്കക്കാരനായിരുന്ന ട്രംപ് അടിയറവു പറയിച്ചു. സാധാരണ അമേരിക്കകാരന്റ്റെ സാമ്പത്തിക പ്രശ്നങ്ങൾക്കും, തൊഴിലില്ലായ്മക്കും , അനിയന്ത്രിതമായ കുടിയേറ്റങ്ങൾക്കും പരിഹാരം കാണുമെന്നു പറഞ്ഞും , വിദേശത്തുള്ള അമേരിക്കയുടെ സൈനിക സാന്നിധ്യം കുറക്കുമെന്നു വാഗ്ദാനം നൽകിയും , ദേശീയതക്ക് ഊന്നൽ നൽകിയുമായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ. സാധരണക്കാരും, മധ്യ വർത്തികളുമായവെള്ളക്കാർ ട്രംപിന്റ്റെ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായാണ് അദ്ദേഹത്തിന് വോട്ടു നൽകി യത്.
വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടോ?
ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ ട്രംപ് പ്രചരണങ്ങൾക്കു തുടക്കം കുറിച്ചത് 2016 ലെ തെരഞ്ഞെടുപ്പിൽ താൻ നൽകിയ പ്രധാന വാഗ്‌ദാനങ്ങൾ നടപ്പിലാക്കി എന്ന് അവകാശപ്പെട്ടുകൊണ്ടാണ്.. വിദേശ രാജ്യങ്ങളിൽ സൈനിക ആവശ്യങ്ങൾക്കായി ചിലവാക്കിയിരുന്ന വൻ തുകയിൽ കാര്യമായി കുറവ് വരുത്തിയത് നേട്ടം ആയി അദ്ദേഹം ഉയർത്തി കാട്ടുന്നു. താലിബാനുമായി 16 വര്ഷങ്ങള്ക്കു ശേഷം സമാധാന കരാർ ഉണ്ടാക്കികൊണ്ട് അമേരിക്കൻ സൈനികരെ ഘട്ടം ഘട്ടം ആയി പിൻവലിച്ചു തുടങ്ങിയത് അദ്ദേഹം എടുത്തു പറയുന്നു. അത് പോലെ തന്നെ ഇറാഖിലെയും സിറിയയിലെയും സൈനിക സാന്നിദ്ധ്യത്തിൽ കുറവ് വരുത്തിയതും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ യുമായി നടത്തിയ സംഭാഷണങ്ങളിലൂടെ സംഘർഷത്തിൽ അയവു വന്നതും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചൈന, കാനഡ, മെക്സിക്കോ യൂറോപ്യൻ യൂണിയൻ എന്നിവയുമായി വാണിജ്യ രംഗത്ത് അമേരിക്കക്കുണ്ടായിരുന്ന അസന്തുലിതാവസ്ഥക്കു പരിഹാരം കാണുമെന്നു തിരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം പറഞ്ഞിരുന്നു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഉടൻ തന്നെ കാനഡയുമായും മെക്സികോയുമായും ഒബാമ ഉണ്ടാക്കിയ കരാർ (North American Free Trade Agreement ) അദ്ദേഹം റദ്ദാക്കി. അതിനു ശേഷം, അമേരിക്കക്ക് അനുകൂലമായ നിബന്ധനങ്ങൾ ഉൾപ്പെടുത്തി ഈ രാജ്യങ്ങളുമായി പിന്നീട് ട്രംപ് ഒപ്പിട്ടു. അമേരിക്കക്ക് അനൂകൂലമായ രീതിയിൽ ഉള്ള നിയന്ത്രണങ്ങൾ പുതിയതായി ഏർപ്പെടുത്തിയാണ് യൂറോപ്യൻ യൂണിയനിൽ നിന്നും ഇപ്പോൾ ഇറക്കുമതികൾ ചെയുന്നത്.
ചൈനയുമായി 2019 ൽ ഉണ്ടായിരുന്ന വാണിജ്യ കമ്മി (balance of trade ) കുറയ്ക്കുവാൻ ഉള്ള നടപടിക്കും അദ്ദേഹം തുടക്കം കുറിച്ചു . 2018 ൽ 2.500 ട്രില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ചൈനയിലേക്ക് നടത്തിയത്. അതെ സമയം ഇറക്കുമതി 3.121 ട്രില്യൺ ആയിരുന്നു. വാണിജ്യ കമ്മി 621 ബില്യൺ ഡോളർ . അമേരിക്ക ഏർപ്പെടുത്തിയ താരിഫുകളിലൂടെ 2019ൽ വാണിജ്യ കമ്മി 345.2 ബില്യൺ ഡോളറായി കുറച്ചു. 2020 സെപ്റ്റംബർ മാസത്തെ കണക്കനുസരിച്ചു കഴിഞ്ഞ ഒൻപത് മാസത്തെ വാണിജ്യ കമ്മി 218.57 ബില്യൺ ഡോളറായി കൊണ്ടുവരുവാൻ ട്രംപിന് സാധിച്ചു. അതോടൊപ്പം ചൈനയിൽ നിന്നും ഉത്പാദന യൂണിറ്റുകൾ അമേരിക്കയിലേക്ക് മാറ്റുവാൻ, അമേരിക്കൻ കമ്പനികൾക്കു നൽകിയ മുന്നറിയിപ്പ് കുറെയൊക്കെ നടപ്പിലാക്കാൻ സാധിച്ചതോടെ ' അമേരിക്ക ഫസ്റ്റ് ' എന്ന മുദ്രാവാക്യം സാധൂകരിക്കാനും അദ്ദേഹത്തിന് സാധിച്ചു.
കൊറോണ മഹാമാരി അമേരിക്കയിൽ ആദ്യം എത്തുന്നത് 2020 ജനുവരിയിൽ ആയിരുന്നു. പ്രസിഡന്റ് സ്ഥാനത്തു എത്തിയശേഷം തൊഴിലില്ലായ്‌മയുടെ നിരക്ക് കുറച്ചു കൊണ്ടുവരുവാൻ ട്രംപിന് സാധിച്ചെങ്കിലും, കൊറോണയുടെ വ്യാപനത്തോടെ തൊഴിലില്ലായ്‌മയുടെ തോത് വർധിച്ചു. 2016 ൽ 4.7 % ആയിരുന്ന തൊഴിലില്ലായ്മാ നിരക്ക്, 2019 മെയ് മാസം ആയപ്പോഴേക്കും 3.6 % ആയി കുറച്ചു കൊണ്ട് സമ്പത് വ്യവസ്ഥ ശക്തിപ്പെടുത്തുവാൻ സാധിച്ചു. അതുപോലെ , ഒബാമയുടെ കാലഘട്ടത്തിൽ പ്രതിവർഷ ശരാശരി വളർച്ചാനിരക്ക് 2 .5 ആയിരുന്നത് 3 ശതമാനമായി വർധിപ്പിക്കാനും സാധിച്ചു. അങ്ങിനെ ശക്തമായ സമ്പദ്ഘടനയുടെ അടിത്തറയിലാണ് രണ്ടാമൂഴത്തിനായി ട്രംപ് തയ്യാറെടുപ്പു നടത്തിയത്.
മെക്സിക്കൻ മതിൽ
അനധികൃത കുടിയേറ്റം നിരോധിക്കുമെന്ന് തെരഞ്ഞെടുപ്പുകാലത്തു പറഞ്ഞത് നടപ്പിലാക്കുന്നതിന്റ്റെ ഭാഗമായാണ് കുടിയേറ്റങ്ങൾക്കു കടുത്ത നിയന്ത്രണങ്ങൾ ട്രംപ് കൊണ്ടുവന്നത്. അമേരിക്ക-മെക്സിക്കോ അതിർത്തി പഴുതില്ലാതെ അടച്ചതോടെ തെക്കൻ സംസ്ഥാനങ്ങളിലേക്കു മെക്സിക്കോയിൽ നിന്നുമുള്ള അഭയാർത്ഥി പ്രവാഹം തടയുവാൻ സാധിച്ചു. മാത്രമല്ല മെക്സിക്കൻ അതിർത്തിയിൽ മതില് പണിയുമെന്ന വാഗ്ദാനം നടപ്പിലാക്കുവാൻ തുടക്കം കുറിക്കുകയും ചെയ്തു. ഡെമോക്രറ്റുകൾക്കു ഭൂരിപക്ഷമുള്ള കോൺഗ്രസ്, മതിലുകെട്ടാൻ ആവശ്യമായ തുക പാസ്സാക്കിയില്ലെങ്കിലും സൈനികാവശ്യങ്ങൾക്കുള്ള ഫണ്ട് വകമാറ്റിക്കൊണ്ടാണ് മതിൽ നിർമാണം ആരംഭിച്ചത്. ഈ വര്ഷം ഡിസംബറോടെ 450 മൈൽ നീളത്തിൽ മതിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്..
അമേരിക്കയുടെ രാഷ്ട്രീയ,സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ സ്വാധീനമുള്ള ജൂദ മതസ്ഥരുടെ പ്രീതി പിടിച്ചുപറ്റാനായി, ഇസ്രായേലിലെ അമേരിക്കൻ എംബസി, തലസ്ഥാനമായ ടെൽ അവീവിൽനിന്നും തർക്കസ്ഥലമായ ജറുസലേമിലേക്കു മാറ്റുകയും ചെയ്തു. അതുപോലെ ഭീകരതക്കെതിരായ നടപടികളുടെ ഭാഗമായി ഐസിസ് തലവൻ ബാഗ്ദാദിയെ വധിക്കാൻ സാധിച്ചതും ട്രംപിന്റ്റെ നേട്ടമായാണ് ചിത്രീകരിക്കുന്നത്.
വില്ലനായി കൊറോണ
ഇങ്ങനെ, നേട്ടങ്ങളുടെ പട്ടികയുമായാണ് ട്രംപ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഈ വർഷം ആദ്യം തയാറെടുപ്പ് നടത്തിയത്. ലോകത്തിൻറ്റെ ഇതര ഭാഗങ്ങളിൽ കൊറോണ പടർന്നു പിടിച്ചപ്പോൾ, അമേരിക്കയെ കൊറോണ ബാധിക്കില്ലെന്നാണ് ട്രംപ് പറഞ്ഞത്. ജനുവരി 20 ന് ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ എല്ലാം നിയന്ത്രണ വിധേയമാണെന്ന് പറഞ്ഞു കോവിഡിനെ അദ്ദേഹം പുച്ഛിച്ചു തള്ളി. രോഗ നിയന്ത്രണത്തിനുള്ള കിറ്റുകളും, വെന്റിലേറ്ററുകളും കരുതി വെക്കുന്നതിൽ വീഴ്ച വരുത്തി. രോഗ നിർണയം നടത്തുവാനോ, രോഗികളെ കണ്ടെത്തി ചികിത്സ നടത്തുവാനോ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ല. സാമൂഹ്യ വ്യാപനം തടയാൻ നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരുകളെ ട്രംപ് അതിനിശിതമായാണ് വിമർശിച്ചത്. സാധാരണ ജനങ്ങളുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കുന്നതിന് പകരം വ്യവസായികളുടെയും സമ്പന്നരുടെയും താല്പര്യം സംരക്ഷിക്കുന്നതിനാണ് ട്രംപ് താല്പര്യപ്പെട്ടതു. ട്രംപിന്റ്റെ ഭരണ പരാജയമാണ് കോവിഡ് മറനീക്കിയത്. ഒക്ടോബർ 26 ആയപ്പോഴേക്കും 8 .75 ദശ ലക്ഷം അമേരിക്കക്കാർ കോവിഡ് ബാധിതരായി. രണ്ടു ലക്ഷത്തി മുപ്പതിനായിരം പേർ മരണമടയുകയും ചെയ്തു. ഒടുവിൽ ട്രംപ് തന്നെ കോവിഡ് ബാധിതനായി ആശുപത്രിയിൽ കിടക്കേണ്ടി വന്നത് അദ്ദേഹത്തിന് വലിയ ക്ഷീണമാണ് വരുത്തിയത്. ഇതിനിടയിലും, കോവിഡ് മൂലം മന്ദഗതിയിലായ സമ്പത്ഘടനയെ ഉത്തേജിപ്പിച് പഴയ നിലയിലാക്കുവാൻ തനിക്കു മാത്രമേ സാധിക്കുകയുള്ളുവെന്നാണ് ട്രംപ് സംവാദങ്ങളിൽ ശക്തമായി ഉന്നയിക്കുന്ന വാദം.
ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും , വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസും ട്രംപിനെതിരെ തൊടുക്കുന്ന ആഗ്നേയാസ്ത്രം കോവിഡ് കൈകാര്യം ചെയ്തതിലെ പിടിപ്പുകേടാണ്. മാത്രമല്ല നവംബർ മാസത്തിൽ തുടങ്ങുന്ന ശൈത്യ കാലത്തു കോവിഡ് വ്യാപനവും മരണ നിരക്കും കൂടുവാനുള്ള സാധ്യതയും ബൈഡൻ ശക്തമായി പ്രചരിപ്പിക്കുന്നുണ്ട്.
ബ്ലാക്ക് ലൈവ്സ് മാറ്റർ
ഈ വര്ഷം മെയ് 25 നു ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡ് വര്ണവെറിയനായ ഒരു പോലീസ് ഓഫീസർ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവം വെള്ളക്കാരല്ലാത്ത എല്ലാ വംശജരെയും ഭീതിപ്പെടുത്തിയ സംഭവമാണ്. ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന കറുത്ത വർഗക്കാരുടെ സംഘടന അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. അതിനെ തുടർന്നുണ്ടായ കലാപം അമേരിക്കയെ അക്ഷരാർഥത്തിൽ പിടിച്ചു കുലുക്കി. ഇതിനു ശേഷവും കറുത്ത വർഗക്കാർ വര്ണവെറിയൻമാരാൽ കൊല്ലപ്പെടുന്ന സംഭവങ്ങൾ മറ്റു സ്ഥലങ്ങളിൽ ഉണ്ടായത് ട്രംപിനെതിരായ ഒരു വികാരം രാജ്യത്തു ഉണ്ടാക്കിയിട്ടുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ വംശജരുടെ വോട്ട് തങ്ങൾക്കനുകൂലമാക്കാൻ ഡെമോക്രാറ്റുകൾ ശ്രമിക്കുന്നു. ബൈഡനെയും കമലയെയും വിജയിപ്പിക്കണമെന്ന് അഭ്യർത്ഥനയുമായി ബരാക്ക് ഒബാമ ഇപ്പോൾ പ്രചാരണ രംഗത്ത് സജീവമായി ഉണ്ട്. ബൈഡനു ലഭിച്ച മറ്റൊരു അനുകൂല ഘടകം ആഫ്രിക്കൻ-ഇന്ത്യൻ വംശജയായ കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരത്തിനിറക്കിയതാണ്. കമലയിലൂടെ ആഫ്രിക്കൻ-ഏഷ്യൻ വംശജരെ തങ്ങൾക്കൊപ്പം അണിനിരത്താൻ സാധിക്കുമെന്നാണ് ഡെമോക്രറ്റുകൾ പ്രതീക്ഷിക്കുന്നത്.
ചൈനയിലെ വ്യാപാര ബന്ധങ്ങൾ
പ്രചാരണ രംഗത്ത് ഏറ്റവും ഒടുവിൽ ഉയർന്നു വന്ന ആരോപണം ട്രംപിന്റ്റെയും ബൈഡന്റെയും ചൈനയുമായുള്ള വാണിജ്യ ബന്ധങ്ങളാണ്.ബൈഡന്റെ മകനായ ഹണ്ടർ ബൈഡനു ചൈനയിൽ വ്യാപാര ബന്ധങ്ങൾ ഉണ്ടെന്നും, അതുകൊണ്ട് ബൈഡൻ, അമേരിക്കൻ താല്പര്യങ്ങൾ ചൈനക്ക് മുമ്പിൽ അടിയറ വാക്കുമെന്നുമാണ് ട്രംപിന്റ്റെ ആരോപണം. അതേസമയം, ട്രംപിന് ചൈനയിൽ ഒരു രഹസ്യ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നുള്ള , ന്യൂ യോർക്ക് ടൈംസ് വാർത്ത ഉദ്ധരിച്ചുകൊണ്ട് ട്രംപിന്റെ പൊള്ളത്തരം ബൈഡൻ തുറന്നു കാട്ടി. ഇക്കാര്യം നികുതി വകുപ്പിൽ നിന്നും ട്രംപ് മറച്ചുവച്ചു വെന്നും ബൈഡൻ ആരോപിച്ചു. ട്രംപ് കഴിഞ്ഞ കുറെ വര്ഷങ്ങളായി നികുതി രേഖകൾ പുറത്തുവിടാത്തതിനെയും ബൈഡൻ ചോദ്യം ചെയ്തു.
അഭിപ്രായ വോട്ടെടുപ്പുകളിൽ മുമ്പൻ ബൈഡൻ
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതൽ അഭിപ്രായ വോട്ടുകളിലെല്ലാം നേരിയ ഭൂരിപക്ഷം ബൈഡനായിരുന്നു. ഈ വര്ഷം മാർച്ച് മാസത്തിൽ നടത്തിയ സർവ്വേകളിൽ ബൈഡന് 4 -6 ശതമാനം വരെയേ മുൻതൂക്കം ഉണ്ടായിരുന്നുള്ളു. എന്നാൽ ഒക്ടോബര് 17 നു നടത്തിയ സർവ്വേകൾ അനുസരിച്ചു ബൈഡന് ട്രംപിനെക്കാൾ, 10 .7 ശതമാനം മുൻതൂക്കം ഉണ്ട് .അവസാന ദിനങ്ങളിൽ ബൈഡൻ തൻറ്റെ സ്വീകാര്യത വർധിപ്പിക്കുന്നു എന്നാണ് അഭിപ്രായ സർവേകൾ സൂചി പ്പിക്കുന്നതു. 2016 ലെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ അഭിപ്രായ സർവ്വേകൾ , തെരഞ്ഞെടുപ്പ് ഫലതിൻറ്റെ സൂചിക ആകണമെന്നില്ല. അന്ന് ജനകീയ വോട്ടിൽ ട്രംപിനെക്കാൾ മുപ്പതുലക്ഷം കൂടുതൽ വോട്ട് ഹില്ലരി നേടിയെങ്കിലും, സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇലക്ട്‌റൽ വോട്ടിൽ ഭൂരിപക്ഷം നേടികൊണ്ടാണ് ട്രംപ് ഹില്ലാരിയെ അട്ടിമറിച്ചത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത, ജനകീയ വോട്ടുകൾ മാത്രമല്ല, ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇലക്ട്‌റൽ വോട്ടുകൾ കൂടി കണക്കുകൂടിയാണ് ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലുമായി 538 ഇലക്ട്‌റൽ വോട്ടുകളാണ് ഉള്ളത്. 270 ഇലക്ട്‌റൽ വോട്ടെങ്കിലും കിട്ടുന്ന സ്ഥാനാർഥി മാത്രമേ ജയിക്കുകയുള്ളു. അടുത്ത തെരഞ്ഞെടുപ്പ് ഫലം ആറ് സ്വിങ് സ്റ്റേറ്റുകളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് പണ്ഡിതന്മാർ പറയുന്നത്. ഫ്ലോറിഡ,പെൺസിൽവാനിയ , മിഷിഗൺ,നോർത്ത് കരോലിന, അരിസോണ,വിസ്കോൺസിൻ, എന്നീ സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലും അഭിപ്രായ സർവ്വേകളിൽ ബൈഡനാണ് മുന്നിൽ നിൽക്കുന്നത് . നിലവിലെ സാഹചര്യത്തിൽ ഇലക്ട്‌റൽ വോട്ടിലും ബൈഡനാണ് നേരിയ സാദ്ധ്യത കാണുന്നത്. അട്ടിമറികളും അടിയൊഴുക്കുകളും ഉണ്ടായില്ലെങ്കിൽ ബൈഡൻ വൈറ്റ് ഹൗസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രസിഡന്ററ്റിനെ കോടതി തീരുമാനിക്കുമോ ?
തെരഞ്ഞെടുപ്പ് ഫലം ട്രംപിനെതിരാണെങ്കിൽ, വിഷയം സുപ്രീം കോടതിയിലേക്ക് കൊണ്ടുപോകുന്നതിനെ കു റിച്ച് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. മെയിൽ ഇൻ വോട്ടിങ്ങിൽ വിശ്വാസമില്ലെന്നും, അതിൽ അട്ടിമറി നടക്കാനിടയുണ്ടെന്നും ട്രംപ് പലപ്പോഴും പറഞ്ഞിട്ടുള്ളത് ഈ ഉദ്ദേശത്തോടെ ആയിരിക്കാനാണ് സാധ്യത. അങ്ങിനെയാണെങ്കിൽ നിയമത്തിൻറ്റെ തലനാരിഴ കീറി പരിശോധിച്ചശേഷമായിരിക്കും ആരാണ് വിജയി എന്നറിയുക .
പി.എസ് .ശ്രീകുമാർ
98471 73177
