ഭരണ നിർവഹണം എങ്ങിനെ ആയിരിക്കണമെന്ന് നിഷ്കർഷിക്കുന്ന ചട്ടങ്ങളാണ് സംസ്ഥാനത്തിൻറ്റെ ബിസിനസ് റൂൾസ്. ഭരണഘടനയുടെ 166 ആം വകുപ്പിൻറ്റെ രണ്ടും മൂന്നും ഉപ വകുപ്പുകളനുസരിച്ചാണ് സര്ക്കാറിന്റെ ബിസിനസ് റൂൾസിന് ഗവർണറുടെ ഉത്തരവോടെ രൂപം നൽകിയിട്ടുള്ളത്. സെക്രെട്ടറിമാരുടെയും, മന്ത്രിമാരുടെയും, മുഖ്യമന്ത്രിയുടെയും, മന്ത്രിസഭയുടെയും അധികാരവകാശങ്ങൾ ബിസിനസ് റൂൾസിൽ പറഞ്ഞിട്ടുള്ള പ്രകാരമാണ് നിർവഹിക്കേണ്ടത്. ബിസിനസ് റൂൾസിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. ഏറ്റവും ഒടുവിൽ ഇത് പരിഷ്കരിച്ചത് 2002 ൽ ആയിരുന്നു. അതിനുശേഷം, 2018 ഒക്ടോബറിലാണ് അന്നത്തെ ജലവിഭവ വകുപ്പ് സെക്രട്ടറിയും , ഇന്നത്തെ ചീഫ് സെക്രെട്ടറിയുമായ ബിശ്വാസ് മേത്തയുടെ അധ്യക്ഷതയിൽ നിയമ,ധന,പൊതുഭരണ, ഐ.ടി വകുപ്പുകളുടെ സെക്രെട്ടറിമാരടങ്ങിയ സമിതിയെ ബിസിനസ് റൂൾസിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ നിര്ദേശിക്കാനായി സർക്കാർ നിയോഗിച്ചത്.
മന്ത്രിമാർക്കു വകുപ്പുകൾ അനുവദിച്ചു നൽകുന്നത്, മുഖ്യമന്ത്രിയുടെ ശുപാർശപ്രകാരം ഗവർണറാണ്. സർക്കാർ നയരൂപീകരണം നടത്തിക്കഴിഞ്ഞാൽ, വകുപ്പ് മന്ത്രിയുടെ നിർദേശാനുസരണം സെക്രട്ടറിമാർ അവ നടപ്പിലാക്കുന്നു. ജനാധിപത്യ സംവിധനത്തിൽ നിയമസഭയോടും ജനങ്ങളോടും ഉത്തരവാദിത്വമുള്ളതു ജനപ്രതിനിധികളായ മന്ത്രിമാർക്കാണ്, അല്ലാതെ ഉദ്യോഗസ്ഥർക്കല്ല. ബിസിനസ് റൂൾസിലെ
ഏഴാം വകുപ്പ് പ്രകാരം മന്ത്രി തനിച്ചെടുക്കുന്ന തീരുമാനമാണെങ്കിലും , മന്ത്രിക്കു പുറമെ മന്ത്രിസഭക്കും കൂട്ടുത്തരവാദിത്വമുണ്ട് . എങ്കിൽപ്പോലും, വകുപ്പിനെ സംബന്ധിച്ച കാര്യങ്ങളിൽ റൂൾ 9 പ്രകാരം മന്ത്രിക്കു തന്നെയാണ് പ്രാഥമിക ഉത്തരവാദിത്വം. വകുപ്പിൻറ്റെ പരാജയതിൻറ്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് 1956 ൽ അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി, നെഹ്‌റു മന്ത്രിസഭയിൽ നിന്നും രാജിവച്ചത്. അന്ന് തമിഴ്‌നാട്ടിലെ അരിയല്ലൂരിൽ നടന്ന ഒരു റെയിൽവേ അപകടത്തിൽ 144 പേര് കൊല്ലപ്പെട്ടു. ആ അപകടത്തിൻറ്റെ ധാർമിക ഉത്തരവാദിത്വമാണ് അദ്ദേഹം സ്വയം ഏറ്റെടുത്തത് . അതുപോലെ ആസ്സാമിലെ ഗൈസാലിലെ ട്രെയിൻ അപകടത്തിൽ 290 പേര് കൊല്ലപ്പെട്ടത്തിന്റ്റെ ഉത്തരവാദിത്വം ഏറ്റെടുത്തു റെയിൽവേ മന്ത്രിയായിരുന്ന നിധിഷ് കുമാർ വാജ്പേയി മന്ത്രിസഭയിൽ നിന്നും 1999 ൽ രാജിവച്ചു.
ബിസിനസ് റൂൾ 22 പ്രകാരം ഒരു വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, സാധാരണ ഗതിയിൽ , തീർപ്പു കൽപ്പിക്കുന്നത് മന്ത്രിയോ, മന്ത്രിയുടെ ഉത്തരവുപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള സെക്രട്ടറിയോ ആ തസ്തികക്ക് താഴെയുള്ള ഉദ്യോഗസ്ഥന്മാരോ ആണ്. എല്ലാ ഫയലുകളും മന്ത്രി കണ്ടതിനുശേഷമേ തീർപ്പുകല്പിക്കാവു എന്നല്ല. മന്ത്രിക്കു തൻറ്റെ അധികാരങ്ങൾ രേഖാമൂലമുള്ള ഉത്തരവുകളിലൂടെ {ഡെലിഗേഷന് ഓഫ് പവർ}, സെക്രെടരിക്കോ അതിനു താഴെയുള്ള ഉദ്യോഗസ്ഥർക്കോ നൽകാൻ റൂൾ 23 പ്രകാരം സാധിക്കും. അപ്പോഴും വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം മന്ത്രിക്കു തന്നെയാണ്. ഇപ്പോൾ ഉദ്യോഗസ്ഥ സമിതി തയ്യാറാക്കിയിട്ടുള്ള കരട് റിപ്പോർട്ട് പ്രകാരം റൂൾ 9 ൽ ഭേദഗതി വരുത്തി, മന്ത്രിക്കുപുറമെ , സെക്രട്ടറിയെ കൂടി പ്രാഥമിക ഉത്തരവാദിത്വം ഏൽപ്പിക്കുവാനാണ് നിർദേശിച്ചിട്ടുള്ളത്. ഇതനുസരിച്ചു ഒരു വകുപ്പിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകും. വര്ഷങ്ങളായി ഭരണ രംഗത്തിരുന്ന് ഭരണത്തിൻറ്റെ അലകും പിടിയും ഹൃദിഷ്ഠമാക്കിയ ഒരു സെക്രട്ടറി വിചാരിച്ചാൽ മന്ത്രിയെ നോക്കുകുത്തിയാക്കികൊണ്ട് സർ സി.പിയെപ്പോലെ ആ വകുപ്പിൻറ്റെ സർവ്വാധികാരിയായി മാറുവാൻ സാധിക്കും.
സെക്രെട്ടറിമാറിലേക്കു അധികാരം കേന്ദ്രീകരിക്കുമ്പോൾ, വളയമില്ലാതെ ചാടുന്ന ചിലരെങ്കിലും അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അഴിമതിയിലേക്കും അതുവഴി കാര്യക്ഷമതയില്ലായ്മയിലേക്കും നയിക്കും. ജനപ്രധിനിധികളായ മന്ത്രിമാരെ മാറ്റിനിർത്തി സെക്രെട്ടറിമാർക്ക് അധികാരം നൽകുന്നത് ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കുന്നതിന് തുല്യമാണ്. വകുപ്പിൽ ക്രമക്കേടോ അഴിമതിയോ നടന്നാൽ സെക്രട്ടറി അല്ലല്ലോ നിയമസഭയിൽ മറുപടിപറയേണ്ടത്. ആരോടും പ്രതിബദ്ധതയില്ലാത്ത ഉദ്യോഗ്സസ്ഥന്മാർ നടത്തുന്ന അഴിമതിക്കും ക്രമക്കേടുകൾക്കും ഉത്തരവാദിത്വം പേറേണ്ട ബാധ്യത മന്ത്രിമാരുടെ ചുമലിലാകും. മാത്രമല്ല ഇത് ഭരണഘടനാ തത്വങ്ങൾക്കും എതിരാണ്.
ഒമ്പതാം വകുപ്പുമായി ബന്ധപ്പെട്ടു നിർദേശിക്കപ്പെട്ട മറ്റൊരു ഭേദഗതി , മുഖ്യമന്ത്രിക്ക് , അദ്ദേഹത്തിൻറ്റെ സ്വന്തം ഇഷ്ടപ്രകാരം, ഏതൊരു വകുപ്പിൻറ്റെയും, ഏതു ഫയലും വിളിച്ചു വരുത്തി തീരുമാനമെടുത്തു തീർപ്പാക്കുകയോ, അല്ലെങ്കിൽ , മന്ത്രിസഭയിൽ ചർച്ച ചെയ്തു തീരുമാനിക്കുകയോ ചെയ്യാമെന്നാണ്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമായ നിർദേശമാണ്. സർവാധിപത്യം ആഗ്രഹിക്കുന്ന ഒരു മുഖ്യമന്ത്രിയും, അധികാര ദാഹിയായ ഒരു സെക്രട്ടറിക്കും കൂടി, വകുപ്പുമന്ത്രിയെ പാർശ്വവൽക്കരിച്ചുകൊണ്ട് ഫയലുകളിൽ തീരുമാനമെടുക്കുവാൻ ഇടയായാൽ അത് അഴിമതിയെലിക്കും അരാജകത്വത്തിലേക്കും,നയിക്കും എന്ന കാര്യത്തിൽ സംശയമില്ല.൦ മുഖ്യമന്ത്രിയെന്ന നിലയിൽ ഏതു വകുപ്പിലെ ഫയലും വകുപ്പുമന്ത്രിയിലൂടെ വിളിച്ചു വരുത്തുവാനും പരിശോധിക്കുവാനും അധികാരമുണ്ട്. ബിസിനസ് റൂൾസിന്റ്റെ 15 [1 ] വകുപ്പുപ്രകാരം രണ്ടാം പട്ടികയിൽ, മന്ത്രിസഭയുടെ അംഗീകാരം ആവശ്യമുണ്ടെന്ന് പറഞ്ഞിട്ടുള്ള ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട ഫയലിൽ പോലും ബന്ധപ്പെട്ട മന്ത്രിമാരുടെ സമ്മതത്തോടെ, മന്ത്രി സഭയുടെ പരിഗണക്കു വയ്ക്കാതെ തന്നെ, ആവശ്യമുള്ള സന്നർഭങ്ങളിൽ, തീരുമാനം എടുക്കാൻ അധികാരം നൽകുന്നുണ്ട്. റൂൾ 34 [1 ] പ്രകാരം, വകുപ്പധ്യക്ഷന്മാർ, അഡ്വക്കേറ്റ് ജനറൽ, ഓൾ ഇന്ത്യ സർവീസ് ഓഫീസർമാർ,കളക്ടർമാർ, സെക്രെട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥർ, കണ്സോളിഡേറ്റഡ് ഫണ്ടിൽ നിന്നുമുള്ള ചെലവഴിക്കൽ, ഒരു നിശ്ചിത തുകക്ക് മുകളിലുള്ള വ്യയങ്ങൾ എന്നിവ സംബന്ധിച്ച ഫയലുകൾ മുഖ്യമന്ത്രിയുടെ അനുവാദത്തോടുകൂടി മാത്രമേ വകുപ്പുകൾക്ക് തീർപ്പു കല്പിക്കുവാൻ സാധിക്കുകയുള്ളു. ഇത്രയൊക്കെ അധികാരവകാശങ്ങൾ മുഖ്യമന്ത്രിക്കു നിലവിലുള്ള ബിസിനസ് റൂൾസ് അനുസരിച്ചു തന്നെ ഉള്ളപ്പോൾ, അമിതാധികാരം ആവശ്യമുണ്ടോ?
ഇതിനൊക്കെ പുറമേ, റൂൾ 21 എ എന്ന പുതിയ വകുപ്പ് ബിസിനസ് രുളിൽ ചേർക്കുവാൻ ഉദ്യോഗസ്ഥ സമിതി ശുപാര്ശ ചെയ്തതായി മനസിലാക്കുന്നു.ഇത് പ്രകാരം മുഖ്യമന്ത്രിക്ക് ഏതൊരു ഫയലിലും യുക്തമെന്നു തോന്നുന്ന തരത്തിൽ ബിസിനസ് റൂൾസിലെ ചട്ടങ്ങളിൽ നിന്നും വ്യതിചലിക്കാൻ അനുമതി നൽകാമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ നിർദേശം സാമാന്യ നീതിക്കും, യുക്തിബോധത്തിനും എതിരാണ്. നിയമങ്ങളും ചട്ടങ്ങളും മുഖ്യമന്ത്രിക്കൊഴികെ ബാക്കി എല്ലാവര്ക്കും ബാധകമാക്കിയാൽ, ഭരണഘടനാ തത്വങ്ങൾക്കു തന്നെ എതിരായി മാറും.
ഇപ്പോൾ നിലവിലുള്ള ബിസിനസ് റൂൾസിന് അനുബന്ധമായി രണ്ടു പട്ടികകളാണ് ഉള്ളത്. ഒന്നാം പട്ടികയിൽ പറഞ്ഞിട്ടുള്ളത് വകുപ്പുകളുടെ എണ്ണവും, പേരും, വകുപ്പുകളിൽ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളെ സംബന്ധിച്ച കാര്യങ്ങളുമാണ്. രണ്ടാം പട്ടികയിൽ മന്ത്രിസഭായോഗത്തിനു മുമ്പാകെ വരേണ്ട ഫയലുകൾ/വിഷയങ്ങളെ സംബന്ധിച്ചാണ്. ഉദ്യോഗസ്ഥ സമിതിയുടെ നിർദേശം ഒരു മൂന്നാം പട്ടിക കൂടി കൂട്ടിച്ചേർക്കണമെന്നാണ്. ഈ പട്ടികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ മന്ത്രിമാർക്ക് തീരുമാനമെടുത്തു ഫയൽ തീർപ്പാക്കാം. അതുപോലെ തന്നെ ഈ പട്ടികയിൽ പറഞ്ഞിട്ടുള്ളതും നയപരമായ തീരുമാനം വേണ്ടതുമായ കാര്യങ്ങൾക്കുൾപ്പെടെ സെക്രട്ടറി തലത്തിൽ തീരുമാനമേടിക്കാമെന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. മാത്രമല്ല , ഈ പട്ടികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ചീഫ് സെക്രട്ടറിക്കു സ്വയമേവയും, മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ചും സമയാസമയങ്ങളിൽ ഭേദഗതി വരുത്താമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.
നിലവിൽ, ബിസിനസ് റൂൾസോ അതിന്റെ ഭാഗമായ പട്ടികകളോ ഭേദഗതി ചെയ്യണമെങ്കിൽ, മന്ത്രിസഭയും, ഗവർണറും അംഗീകരിച്ചു ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതുൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തീ കരിക്കേണ്ടതുണ്ട്. പി എസ് സി ചർമാൻറ്റെയും അംഗങ്ങളുടെയും ഉൾപ്പെടെയുള്ള ഭരണഘടനാ പദവികളിലേക്കുള്ള നിയമനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ നിയമനങ്ങൾ എന്നിവ മന്ത്രിസഭയുടെ അംഗീകാരത്തോടു കൂടി മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളു. അതിനുപകരം, ഈ നിയമനങ്ങൾ സെക്രട്ടറിയുടെ അഭിപ്രായത്തോടെ മുഖ്യമന്ത്രിക്കോ, മന്ത്രിസഭക്കോ ചെയ്യാമെന്നാണ് പുതിയതായി സമിതി ശുപാര്ശ നൽകിയിരിക്കുന്നത്. ഈ നിർദേശം വളരെ അപകടം പിടിച്ചതാണ്. വകുപ്പ് മന്ത്രി കാണാതെ പൊതുമേഖലാ സ്ഥാപങ്ങളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നതും , ഭരണഘടനാ സ്ഥാപനമായ പി.എസ് സി യുടെ ചെയർമാനെയും അംഗങ്ങളെയും സെക്രട്ടറിയും മുഖ്യമന്ത്രിയും കൂടി നിയമിക്കുന്നത് മന്ത്രി സഭയെയും സർക്കാരിനെയും മൊത്തത്തിൽ ഹൈജാക്ക് ചെയ്യുന്ന ശുപാർസയാണ് . സെക്രട്ടറി തല സമിതിയുടെ ശുപാർശകളിൽ പലതും പാർലമെന്ററി ജനാധിപത്യത്തിന് എതിരും,ഏകാധിപത്യ പ്രവണത പുലർത്തുന്നതുമാണ്. അതുകൊണ്ട് ജനാധിപത്യ വിരുദ്ധമായ എല്ലാ ശുപാർശകളും ഒഴിവാക്കിയും ബന്ധപ്പെട്ട എല്ലാവരുമായി ചർച്ചചെയ്തു മാത്രമേ ബിസിനസ് റൂൾസിൽ ഭേദഗതികൾ വരുത്താവൂ
No comments:
Post a Comment