Sunday, 11 October 2020

യൂറോപ്പിൻറ്റെ സമാധാനം കെടുത്തുന്ന നാഗോർണോ -കാര്ബാക്ക്‌  യുദ്ധം

പി .എസ് .ശ്രീകുമാർ 

മുൻ സോവിയറ്റ് യൂനിയന്റ്റെ  ഭാഗമായിരുന്ന അർമേനിയയും അസർബൈജാനും    തമ്മിൽ  സെപ്തംബര് 27 മുതൽ നടത്തുന്ന യുദ്ധം ഇരു രാജ്യങ്ങളിലുമുള്ള  നിരവധി ആളുകളുടെ  ജീവനാണ് അപഹരിച്ചിരിക്കുന്നത് .ഈ രണ്ടു രാജ്യങ്ങളോടും വെടിനിർത്തലിന്  തയ്യാറാകണമെന്ന്  ഐക്യ രാഷ്ട്ര സഭയും, അമേരിക്കയും, റഷ്യയും  ഉൾപ്പെടെയുള്ള രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടും രണ്ടു രാജ്യങ്ങളും ഇതുവരെ അതിനു തയ്യാറായിട്ടില്ല.  അർമേനിയയും , അസർബൈജാനും തമ്മിലുള്ള തർക്കത്തിന്റ്റെ  പ്രധാന കാരണം 'നാഗോർണോ -കാര്ബാക്ക്  പ്രദേശത്തെ ചൊല്ലിയുള്ള അവകാശ തർക്കമാണ്.  സോവിയറ്റ് യൂനിയന്റ്റെ   പതനത്തിന്  ശേഷമാണ്   രണ്ട്  സ്വതന്ത്ര രാജ്യങ്ങളായി മാറിയ  അർമേനിയയും    അസർബൈജാനും ,  നാഗോർണോ - കാര്ബാക്കിന്റ്റെ  പേരിൽ തർക്കം തുടങ്ങിയത്.

തർക്കത്തിന്റ്റെ കാരണം 

               അസർബൈജാനിനുള്ളിലാണ്   പർവത നിരകൾ നിറഞ്ഞ  നാഗോർണോ-കാര്ബാക്ക്  സ്ഥിതിചെയ്യുന്നത് .  4400  ചതുരശ്ര കിലോമീറ്റര് വലിപ്പമുള്ള ഈ പ്രദേശത്തെ ജനസംഖ്യ  1 .47 ലക്ഷമാണ്.  ഇവരിൽ ഭൂരിപക്ഷവും ക്രൈസ്തവ മത വിശ്വാസികളാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള അർമീനിയയുടെ  ഭാഗമാകുവാനാണ് ഇവർക്കു താല്പര്യം.  അതേസമയം  ന്യുനപക്ഷമായ മുസ്ലിം ജനതയുടെ താല്പര്യം,  മുസ്ലിം ഭൂരിപക്ഷമുള്ള അസർബൈജാന്റെ  ഭാഗമാകണമെന്നാണ്. ഈ രണ്ടു രാജ്യങ്ങളും സോവിയറ്റ് യൂനിയന്റ്റെ  ഭാഗമായിരുന്നപ്പോൾ  നാഗോർണോ-കാര്ബാക്കിനെ അസർബൈജാന്റെ  ഭാഗമായി അംഗീകരിച്ചു സ്വയംഭരണ മേഘലയാക്കി മാറ്റിയിരുന്നു.  സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷമാണ്  വിഘടനവാദം  നാഗോർണോ-കാര്ബാക്കിലെ ജനങ്ങളിൽ രൂഢമൂലമായത് . 1988 ൽ നാഗോർണോ-കാര്ബാക്കിലെ നാഷണൽ അസംബ്ലി ചേർന്ന്, അർമേനിയയുടെ  ഭാഗമാകുവാൻ തീരുമാനിച്ചു.  അതോടെ  ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധത്തിലായി.  നൂറ്കണക്കിന് ആളുകളാണ്  അന്നത്തെ  യുദ്ധത്തിൽ  കൊല്ലപ്പെട്ടത്.  ഒടുവിൽ  ഐക്യ രാഷ്ട്ര സഭയുടെയും മറ്റ്  യൂറോപ്യൻ രാജ്യങ്ങളുടെയും  ഇടപെടലോടെ  1994 ൽ  വെടിനിറുത്തൽ നടപ്പിൽ വന്നു.   അപ്പോഴേക്കും  നാഗോർണോ-കരബക്കിന്റെ  നിയന്ത്രണം  അർമേനിയ്ക്കു ലഭിക്കുകയും,  അവർ  അർമേനിയൻ  അനുകൂലികളായ  വിഘടന വാദികൾക്ക്  നിയന്ത്രണം  കൈമാറുകയും ചെയ്തു.  അർമേനിയ അനുകൂലികൾ , നാഗോർണോ-കാര്ബാക്കിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചെങ്കിലും , അർമേനിയ ഒഴികെ മറ്റൊരു രാജ്യവും, നാഗോർണോ-കാര്ബാക്കിനെ  സ്വതന്ത്ര രാജ്യമായി  അംഗീകരിച്ചില്ല.

 തുർക്കി രംഗപ്രവേശം ചെയ്യുന്നു 

1994 ൽ വെടിനിറുത്തൽ നിലവിൽ വന്നെങ്കിലും, ഇടയ്ക്കിടെ  നാഗോർണോ-കാര്ബാക്ക്  അതിർത്തികളിൽ ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.  സെപ്റ്റംബർ  27 ന്  ഉണ്ടായ ആക്രമണങ്ങളാണ് ഇപ്പോൾ യുദ്ധത്തിലേക്ക് നയിച്ചത്.  അർമേനിയൻ അനുകൂലികളായ വിഘടന വാദികൾക്ക്  പിന്തുണയേകി  അർമേനിയൻ സൈന്യവും , മറു  ഭാഗത്തിന്റെ പിന്നിൽ അസർബെയ്ജാൻ സൈന്യവും ഇറങ്ങിയതോടെ ആക്രമണങ്ങൾക്കു തീവ്രത ഏറി.  അസർബൈജാണ്  ശക്തമായ പിന്തുണ നൽകിക്കൊണ്ട്  തുർക്കി  രംഗപ്രവേശം ചെയ്തതോടെ യുദ്ധത്തിന് രൂക്ഷതയേറി.

                 തുർക്കിയുടെ താല്പര്യം   അസർബൈജാനിലെ   എണ്ണ -പ്രകൃതി വാതക സമ്പത്താണ്.   തുർക്കിയുടെ സഹായത്തോടെ അസർബൈജാൻ  പ്രകൃതി വാതക/എണ്ണ  പൈപ്പ് ലൈനുകൾ  സ്ഥാപിച്ചിട്ടുണ്ട്.  യുദ്ധ മേഖലക്ക് സമീപം കൂടിയാണ് ഇവയിൽ ചില ലൈനുകൾ  കടന്നു പോകുന്നത്. അസ്‌ർബൈജാനിലെയും  തുർക്കിയിലെയും ജനങ്ങൾ തമ്മിൽ സാംസ്കാരികമായും  വളരെ  സമാനതകളുണ്ട് .  സാമ്പത്തികമായും സാംസ്കാരികമായും ഉള്ള ഈ ബന്ധങ്ങളാണ്  അസർബൈജാനുപിന്നിൽ   പിന്നിൽ  സൈനിക സഹായവുമായി നിലകൊള്ളാൻ തുർക്കിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

റഷ്യൻ നിലപാട് 

മുൻ സോവിയറ്റ് യൂനിയന്റ്റെ  ഭാഗങ്ങൾ എന്ന നിലയിൽ റഷ്യക്ക്   അർമേനിയയുമായും  അസർബൈജാനുമായും   നല്ല ബന്ധമാണുള്ളത്.  രണ്ടു രാജ്യങ്ങൾക്കും യുദ്ധോപകരണങ്ങൾ നൽകുന്നത് റഷ്യയാണ്.  അസർബൈജാനേക്കാൾ   അർമേനിയായാണ്   റഷ്യയെ കൂടുതൽ ആശ്രയിക്കുന്നത്.  മാത്രമല്ല, റഷ്യക്ക് അർമേനിയയിൽ  ഒരു സൈനികത്താവളവുമുണ്ട്.  എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ  റഷ്യ ഒരു മധ്യസ്തൻറ്റെ  റോളിലാണ്.  ഇരു രാജ്യങ്ങളെയും  അനുനയിപ്പിച്ചുകൊണ്ടുപോകുവാൻ  റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോനും  രംഗത്തിറങ്ങിയിരിക്കുകയാണ്. സമാധാന ശ്രമങ്ങൾക്ക് യൂറോപ്യൻ യൂണിയനും ശക്തമായ പിന്തുണയുമായി ശ്രമിക്കുന്നു.  ഈ സാഹചര്യത്തിൽ യുദ്ധം കൂടുതൽ നീടുപോകുകയില്ലെന്നാണ്  പ്രതീക്ഷിക്കുന്നത്.


പി.എസ് .ശ്രീകുമാർ 

9847173177 





No comments:

Post a Comment