ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഖൊറാസാനും അഫ്‌ഗാനിസ്ഥാനും
പി.എസ് ,ശ്രീകുമാർ
കാബൂൾ വിമാനത്താവളത്തിന്റെ ഗേറ്റിനു പുറത്തു ആഗസ്റ്റ് 26 നു നടന്ന ബോംബാക്രമണം ലോകമനഃസാക്ഷിക്കു നേർക്ക് ഉയർന്ന ഒരു വെല്ലുവിളിയാണ്. കൂടിക്കിടക്കുന്ന മൃത ദേഹങ്ങൾക്കിടയിൽ ബന്ധുക്കളെ തിരയുന്ന അമ്മമാരുടെയും സഹോദരങ്ങളുടെയും ചിത്രങ്ങൾ ആരുടേയും കരളയിക്കുന്നതാണ്. വിമാനത്താവളത്തിലേക്കുള്ള ഗേറ്റിൽ സുരക്ഷാ ജോലി നിർവഹിച്ചിരുന്ന 13 അമേരിക്കൻ സൈനികരും, ഒരു കുട്ടി അടക്കം മൂന്നു ബ്രിട്ടീഷുകാരും, 79 അഫ്‌ഗാനികളും അടക്കം 170 ൽ പരം പേരാണ് കൊല്ലപ്പെട്ടത്. ഏകദേശം 150 ഓളം പേർക്ക് പരുക്കു പറ്റുകയും ചെയ്തു. താലിബാൻ അഫ്‌ഗാൻ പിടിച്ചെടുത്തതോടെ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാനായി കാബൂളിലെ ഹമീദ് കർസായി എയർ പോർട്ടിലേക്കു പ്രവഹിച്ചുകൊണ്ടിരിക്കുന്നതു. ആദ്യദിനത്തിൽ അമേരിക്കൻ വ്യോമസേനയുടെ വിമാനത്തിന്റെ ചിറകിനടിയിൽ ഒളിച്ചിരുന്ന് യാത്ര ചെയ്ത മൂന്ന് അഫ്‌ഗാനികൾ ആകാശത്തുനിന്നും താഴെ വീണു ചിന്നിച്ചിതറിയ ദയനീയമായ ചിത്രം അഫ്‌ഗാൻ ജനതയുടെ നഷ്ടബോധത്തെയും, പെട്ടുപോയ ദുരിത കയത്തിൽനിന്നും രക്ഷപ്പെടുവാനുള്ള അഭിവാഞ്ചയുമാണ് കാണിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഖൊറാസാൻ തീവ്രവാദികൾ ചാവേറായി പൊട്ടിത്തെറിച്ച ആളിന്റെ ചിത്രവും പുറത്തു വിട്ടു.
എന്താണ് ഖൊറാസാൻ ഇസ്ലാമിക സ്റ്റേറ്റ് ?
സൂര്യൻ ഉദിക്കുന്ന സ്ഥലം എന്ന പേർഷ്യൻ പദത്തിൽനിന്നുമാണ് ഖൊറാസാൻ എന്ന പേര് ഉദ്ഭവിച്ചതു. ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയയോട് കൂറ് പ്രഖ്യാപിച്ചുകൊണ്ട് 2014 ന്റ്റെ അവസാന കാലയളവിൽ കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ രൂപം കൊണ്ട തീവ്രവാദി സംഘടനയാണ് ഖൊറാസാൻ ഇസ്ലാമിക സ്റ്റേറ്റ്. പാകിസ്ഥാൻ താലിബാനിൽ നിന്നും പിരിഞ്ഞുപോയ കടുത്ത ഭീകരവവാദികളായ ഒരുപറ്റം തീവ്രവാദികളാണ് ഈ സംഘടനക്ക് പിന്നിലെന്നും പറയപ്പെടുന്നു. പാകിസ്താനോട് ചേർന്ന നന്ഗർഹാർ പ്രവശ്യയാണ് ഈ സംഘടനയുടെ ആസ്ഥാനം. ഇറാൻറ്റെ വടക്കുകിഴക്കൻ മേഖല കേന്ദ്രികരിച്ചു ഉണ്ടായിരുന്ന പഴയ സാമ്രാജ്യത്തിന്റെ പുനഃസൃഷ്ടിയും, വിപുലീകരണവുമാണ് ഇവർ ലക്‌ഷ്യം വക്കുന്നത്. ഇറാനുപുറമേ , മദ്ധ്യേഷ്യ , അഫ്‌ഗാനിസ്ഥാൻ പാകിസ്ഥാൻ എന്നീ ഭൂപ്രദേശങ്ങളും ചേർത്തുള്ള വിപുലമായ ഒരു ഇസ്ലാമിക കാലിഫേറ്റ് ആണ് ആദ്യ ഘട്ടത്തിൽ ഇവർ സ്വപ്നം കാണുന്നത്.
2014 ൽ പാകിസ്താനിയായ ഹാഫിസ് സയിദ് ഖാനെയാണ് ഖൊറാസാൻ ആദ്യ എമിർ ആയി എടുത്തത്.ഇദ്ദേഹം നേരത്തെ തെഹ്‌രിക് -ഇ- പാകിസ്ഥാൻ കമാണ്ടർ ആയിരുന്നു. ഐസിസ് മേധാവിയായിരുന്ന അബു ബക്കർ അൽ ബാഗ്ദാദിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഖൊറാസാനിലേക്ക് ഇദ്ദേഹം വന്നത്. ഇറാക്കിലും, സിറിയയിലും പരാജയപ്പെട്ട ഐസിസ് അഫ്‌ഗാൻ കേന്ദ്രമാക്കി കാലിഫേറ്റ് രൂപീകരിക്കണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. 2016 ൽ അമേരിക്കൻ സേന ഹഫീസ് സായിദ് ഖാനെ കൊലപ്പെടുത്തിയശേഷം, ഒന്നിന് പിറകെ ഒന്നായി മൂന്ന് എമിർമാരെ തലവന്മാർ ആക്കിയെങ്കിലും, അവരെയും അമേരിക്കൻ സേന വധിച്ചു. എമിർ ആയ അബ്ദുൽ ഹാസീബിനെ 2017 ഏപ്രിലിലും, അബു സയിദിനെ 2017 ജൂലൈയിലും , അബു സാദ് ഒരാക്‌സായിയെ 2018 ആഗസ്റ്റിലും അമേരിക്ക ഇല്ലാതാക്കി. ഖൊറാസാന്റെ ഇപ്പോഴത്തെ തലവൻ പാകിസ്താനിലെ ഖൈബർ പാക്തുൻ കാരനായ അസ്‌ലം ഫറൂക്കിയാണ്. 2017 ന് ശേഷം അഫ്‌ഗാനിലേയും , പാകിസ്താനിലെയും സാധാരണ ജനങ്ങൾക്ക് എതിരായി നൂറോളം ആക്രമണങ്ങളാണ് ഇവർ നടത്തിയിട്ടുള്ളത്. ഷിയാ എം,മുസ്ലിമുകളെയും ഇവർക്ക് കണ്ടുകൂട . കഴിഞ്ഞ വര്ഷം കാബൂളിലെ ഷിയാ വംശജർ കൂടുതലുള്ള ഒരു സ്ഥലത്തെ ആശുപതിയിലെ പ്രസവ വാർഡിൽ കയറി പതിനാറോളം ഗര്ഭിണികളെയും, അമ്മമാരെയും നിർദാക്ഷിണ്യം അവർ വെടിവച്ചു കൊന്നു. കാബൂളിൽ ഗുരുദ്വാര ആക്രമിചച് 25 ഓളം സിഖ് മതസ്ഥരെ കഴിഞ്ഞ വര്ഷം വധിച്ചതിന്റെ പിറകിലും ഐസിസും, ഹക്കാനി നെറ്റ് വർക്കും കൂടി ചേർന്നായിരുന്നു. അതുപോലെ ഒരു സ്കൂൾ ആക്രമിച്ചു നിരവധി കുഞ്ഞുങ്ങളെ അവർ നിഷ്കരുണം വധിച്ചു. അമേരിക്കൻ, അഫ്‌ഗാൻ , പാകിസ്ഥാൻ സുരക്ഷാ സേനകൾക്കെതിരെ 250 ഓളം ഏറ്റുമുട്ടലുകളും ഐസിസ് നടത്തി. ശരിയത് നിയമം അനുശാസിക്കുന്ന കാലിഫേറ്റാണ് ഇവർ ലക്ഷ്യമിടുന്നത്. ജനാധിപത്യ ഭരണക്രമമോ, തെരഞ്ഞെടപ്പോ ഇവർ അംഗീകരിക്കുന്നില്ല. താലിബാനുമായും ഇവർ രസത്തിലല്ല. ശുദ്ധമായ ശരിയാ നിയമം അല്ല താലിബാൻ പിന്തുടരുന്നതെന്നാണ് ഖൊറാസാൻ ആരോപിക്കുന്നത്. അതുകൊണ്ടാണ് താലിബാനുമായും ഇവർ ഏറ്റുമുട്ടുന്നത്. ഇവരുടെ ആഗോള ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത് ജെറുസലേമും വൈറ്റ് ഹൗസും പിടിച്ചടക്കി കാലിഫേറ്റിന്റെ ഭാഗമാക്കുക എന്നതാണ്. വിവിധ രാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്ത നാലായിരത്തോളം പോരാളികളാണ് ഇവരുടെ കൂടെയുള്ളത്. അഫ്‌ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും മാത്രമല്ലാ, ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും എല്ലാം ഇവർ യുവാക്കളെ റിക്രൂട്ടിട് ചെയ്യുന്നു. കസർഗോഡുനിന്നുമുള്ള മുഹമ്മദ് സാജിദ് , മുർഷിദ് മുഹമ്മദ് എന്നിവരും ഗുരുദ്വാര ആക്രമണത്തിൽ പങ്കെടുത്ത ഇസ്ലാമിക സ്റ്റേറ്റ് ഭടന്മാരാണ്.
രക്തച്ചൊരിച്ചിൽ തുടരുമോ ?
ആഗസ്റ്റ് 31 നു മുമ്പ് അമേരിക്കൻ സൈനികരെയെല്ലാം ഒഴിപ്പിക്കുമെന്നാണ് പ്രസിഡന്റ് ബൈഡൻ ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്. ബ്രിട്ടൻ ഉൾപ്പെടെയുള്ള സഖ്യ കക്ഷികളുടെ സേനകളെല്ലാം ഇതിനോടകം അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി. അതിനു ശേഷമുള്ള ഭരണ സംവിധാനത്തെക്കുറിച്ചു താലിബാൻ ഓഗസ്റ്റ് 15 നു ശേഷം ആലോചന തുടങ്ങിയെങ്കിലും ചർച്ചകൾ എവിടെ വരെ എത്തി എന്നത് സംബന്ധിച്ച് സൂചനകളൊന്നും പുറത്തു വന്നിട്ടില്ല. അഫ്‌ഗാനിസ്ഥാൻ മുൻ പ്രസിഡന്റ ഹമീദ് കർസായി, മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, മുൻ വിദേശ കാര്യ മന്ത്രിയുമായ അബ്ദുല്ല അബ്ദുല്ല എന്നിവരുമായി ചർച്ച ചെയ്തുകൊണ്ട് വിശാലമായ ഒരു ഭരണ സംവിധാനം രൂപീകരിക്കുമെന്ന് റിപോർട്ടുകൾ വന്നെങ്കിലും അത് സംമ്പന്ധിച്ചും ഇപ്പോൾ ഒന്നും കേൾക്കുന്നില്ല. താലിബാനുമായി നിരന്തരം യുദ്ധം ചെയ്തുകൊണ്ടിരുന്ന അഹമ്മദ് മസൂദും അദ്ദേഹം നേതൃത്വം നൽകുന്ന വടക്കൻ സഖ്യവും, അനുനയത്തിനു വഴങ്ങി സർക്കാരിൽ ചേരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഭീകര സംഘടനയായി ആഗോളതലത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ഐസിസ് ന് താലിബാൻ സർക്കാരുമായി യോജിച്ചു പോകുവാൻ സാധിക്കുകയില്ല. ഐസിസ് പോരാട്ടം തുടരുകയാണെന്നതിന്റെ സൂചനകളാണ് കാബൂൾ വിമാനത്താവള ആക്രമണത്തിലൂടെ തെളിയിക്കുന്നത്. വീണ്ടും ആക്രമണ സാധ്യത ഉണ്ടെന്നു അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ആക്രമണങ്ങളും സംഘട്ടനങ്ങളും ഒരു തുടർ കഥപോലെ തുടരാനാണ് സാദ്ധ്യത . അങ്ങിനെ വരുമ്പോൾ , ഇസ്ലാമിക സ്റ്റേറ്റിനെതിരെ താലിബാന് പ്രതികാര നടപടികളുമായി പോകേണ്ടി വരും. ഇതൊക്ക സൂചിപ്പിക്കുന്നത് താലിബാൻ ഭരണത്തിൽ വന്നാലും അഫ്‌ഗാനിസ്‌ഥാനിൽ സമാധാനം പുലരാനുള്ള സാധ്യത കുറവാണെന്നാണ്. അഫ്‌ഗാനിലെ സാധാരണ ജനങ്ങളുടെ ദുരിതത്തിന് അറുതി ഉണ്ടാകാനുള്ള സാധ്യത വളരെ വിദൂരമാണ്.
പി.എസ് .ശ്രീകുമാർ
9847173177
ഏകപക്ഷീയമായ രീതിയിൽ താലിബാൻ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ എത്ര രാജ്യങ്ങൾ ആ സർക്കാരിനെ അംഗീകരിക്കുമെന്ന് കണ്ടറിയണം. മുമ്പ് കെനിയയിലെയും, ടാൻസാനിയയിലെയും അമേരിക്കൻ എംബസികളിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് താലിബാനെതിരെ ചില സാമ്പത്തിക ഉപരോധങ്ങൾ ഐക്യ രാഷ്ട്ര പ്രഖ്യാപിച്ചിട്ടുണ്ട്. അതിപ്പോഴും നിലവിലുണ്ട്. ആ സാഹചര്യത്തിൽ താലിബാന്റെ മാത്രം നേതൃത്വത്തിൽ ഒരു സർക്കാർ രൂപീകരിച്ചാൽ ഐക്യ രാഷ്ട്ര സഭക്ക് അതിനോട് എന്ത് നിലപാടെടുക്കണമെന്നു ആലോചിക്കേണ്ടിവരും. സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരംഗങ്ങളായ ചൈനയും റഷ്യയും താലിബാനൊപ്പം നിൽക്കും.
