Saturday, 28 August 2021

 

 ഗവർണറുടെ  ഉപവാസം മാനസാന്തരം ഉണ്ടാക്കുമ

 

പി. എസ്‌ .ശ്രീകുമാ  

സ്ത്രീധനമെന്ന തിന്മക്കെതിരെയും, സ്ത്രീകളുടെയും പെൺകുട്ടികളുടെയും  സുരക്ഷിതത്വത്തിനു വേണ്ടിയും സംസ്ഥാന  ഗവർണർ  ആരിഫ്  മുഹമ്മദ് ഖാൻ നടത്തിയ ഉപവാസം  ദേശീയതലത്തിൽ തന്നെ  ശ്രദ്ധിക്കപ്പെട്ടു.  ഭരണഘടനാ പദവിയുള്ള   സംസ്ഥാന ഗവർണർ , താൻ  തലവനായ ഒരു സംസ്ഥാനത്തു നടക്കുന്ന ഗുരുതരമായ  സംഭവങ്ങളെക്കുറിച്ചു    ജനങ്ങളിൽ  ജാഗ്രതയും, ബോധവൽക്കരണവും   നടത്തുവാനായി  ഉപവാസം നടത്തിയത് ഇന്ത്യയിൽ ഇതാദ്യമായിരുന്നു.  സ്ത്രീ ശാക്തീകരണത്തിലും  സാക്ഷരതയിലും രാജ്യത്തു മുൻപന്തിയിൽ നിൽക്കുന്നുവെന്ന് നാഴികക്ക് നാല്പതുവട്ടം  വിളിച്ചു കൂവുന്ന സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ കനത്ത ആഘാതമായിരുന്നു  ഗവർണറുടെ ഉപവാസം.തളളിനപ്പുറം,   പിണറായി ഭരണത്തിൽ സ്ത്രീ സുക്ഷിതത്വത്തിനു  യാതൊരു വിലയും കല്പിക്കുന്നില്ലെന്നു  ഗവർണർക്കു ബോധ്യമായത്  കൊണ്ടായിരിക്കുമല്ലോ   രാജ്ഭവനിൽ തന്നെ അദ്ദേഹം ഉപവാസം ഇരിക്കാൻ നിര്ബന്ധിതനായത് .

 നെഹ്‌റു നടപ്പിലാക്കിയ സ്ത്രീധന നിരോധന നിയമം  

 ലിംഗ  സമത്വത്തിന്റെ  ആവശ്യകത ഊന്നി പറയുന്ന  ഭരണഘടനയാണ് നമ്മുടേത്.  "പദവിയിലും അവസരത്തിലും സമത്വം" എന്നത് ഭരണഘടനയുടെആമുഖത്തിൽ  വ്യക്തമായി പറഞ്ഞിട്ടുള്ളതിനു പുറമേ പൗരന്റെ മൗലികാവകാശവുമാണ്.  അനുച്ഛേദം 14 ൽ പറയുന്നത്  " ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്തു യാതൊരാൾക്കും നിയമത്തിന്റെ മുമ്പിൽ  സമത്വമോ  സമമായ സംരക്ഷണമോ നിഷേധിക്കുവാൻ പാടുള്ളതല്ല" എന്നാണ്. അനുച്ഛേദം 15 ൽ പറഞ്ഞിട്ടുള്ള  "മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം അല്ലെങ്കിൽ അവയിൽ ഏതെങ്കിലും മാത്രം കാരണമാക്കി രാഷ്ട്രം  യാതൊരു പൗരനോടും  വിവേചനം കാണിക്കുവാൻ പാടുള്ളതല്ല" എന്ന  വാഗ്ദാനം, അനുച്ഛേദം  14 നോട്  കൂട്ടിവായിക്കണം.  സ്ത്രീകളോട് വിവേചനം കാണിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന   സ്ത്രീ ധന നിരോധന നിയമം പാർലമെന്റ് അംഗീകരിച്ചു  നിയമമായതു ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന  1961 ൽ ആയിരുന്നു. എന്നാൽ,  സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന അതിക്രമങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ടു നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും ഇന്ത്യയിൽ   വെളിച്ചത്തുവന്നുതുടങ്ങിയത് എഴുപത്തുകളുടെ അവസാനത്തിലായിരുന്നു.  പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടകം ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും, രാജ്യ തലസ്ഥാനമായ ഡെൽഹിയിലുമായിരുന്നു ഇതിലേറെയും നടന്നത്. ഇതിനെതിരെ വിവിധ വനിതാ സംഘടനകൾ  പ്രക്ഷോഭനടപടികളുമായി മുന്നോട്ടുവന്നു. ഈ പശ്ചാത്തലത്തിലാണ്  സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാനായി 1983  ഇന്ത്യൻ ശിക്ഷാ നിയമം  സെക്‌ഷൻ  498  എ ഭേദഗതി വരുത്തുവാൻ  അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ  മുൻകൈ എടുത്തത്. .  ഭേദഗതിയനുസരിച്  ശാരീരികമോ, മാനസികമോ ആയ  പീഡിപ്പിക്കലുകളും  ശിക്ഷാർഹമാക്കി.  സ്ത്രീധന തർക്കത്തെത്തുടർന്ന് , ആത്‍മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതും  കുറ്റകരമാക്കികൊണ്ടു ഇന്ത്യൻ തെളിവ് നിയമം സെക്ഷൻ 113  ഭേദഗതി വരുത്തി.  വിവാഹത്തിന്  ശേഷം  7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിച്ചാൽ നിർബന്ധമായും പോസ്റ്റ് മോർട്ടം  നടത്തണമെന്ന വകുപ്പ് ഉൾപ്പെടുത്തി  ക്രിമിനൽ പ്രോസെജുവർ  കോഡിലും ഭേദഗതി വരുത്തി. ഇതിന്  അനുബന്ധമായി,   സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിൽ   " സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെയോ  അവരെ ആശ്രയിച്ചു കഴിയുന്നവരുടെയോ വിവാഹങ്ങൾക്ക് സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് "  പുതിയ  സെക്‌ഷൻ  ചേർത്തു . 1984    ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു.  ഇതനുസരിച്ചു  വിവാഹവുമായി  ബന്ധപ്പെട്ടോ , വിവാഹ സമയത്തോ അതിനു മുമ്പോ, പിമ്പോ വിവാഹിതരാകുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ , വിവാഹിതരാകുന്നവരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ കൊടുക്കുന്ന എല്ലാ  സ്വത്തുക്കളും , വിലയുള്ള പ്രമാണങ്ങളും സ്ത്രീധനമാണ്. 

2004   എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ,     സർവീസിൽ  പ്രവേശിക്കുന്ന ഉദ്യോഗസ്ഥർ  തങ്ങളുടെ വിവാഹത്തിന്  സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുള്ള സത്യവാങ്മൂലം  തങ്ങളുടെയും, വധുവിന്റെയും മാതാപിതാക്കളുടെ  ഒപ്പോടുകൂടി  വകുപ് അധ്യക്ഷന്മാർക്ക്  സമർപ്പിക്കണമെന്ന് നിഷ്കർഷിച്ചുകൊണ്ട്  ,    സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതിവരുത്തി  ഉത്തരവിറക്കി.  എന്നാൽ ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു നടപടിയും  വകുപ്പ് അധ്യക്ഷന്മാർ  ഇപ്പോൾ എടുക്കുന്നില്ല. സ്ത്രീധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ പരിശോധിച്ച് നടപടി എടുക്കാൻ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  എന്നീ  മേഖലകളിൽ സ്ത്രീധന  നിരോധന  ഓഫീസർമാരെയും ചുമതലപ്പെടുത്തിയെങ്കിലും, പിണറായി സർക്കാർ  അതെല്ലാം നിഷ്ഫലമാക്കി.

 

ഏട്ടിലെ പശുവായിമാറിയ വനിതാ കമ്മീഷൻ 

വനിതകൾ നേരിടുന്ന പ്രശ്നങ്ങളിലും വനിതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും  അന്വേഷിച്ചു  പരിഹാരം കാണുന്നതിനായിട്ടാണ്  വനിതാ കമ്മീഷൻ സംസ്ഥാനത്തു സ്ഥാപിക്കുന്നത്. കെ.ആർ. ഗൗരിഅമ്മ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആയിരുന്ന അവസരത്തിലാണ്  ദേശീയ വനിതാ കമ്മീഷൻറ്റെ  മാതൃകയിൽ  സംസ്ഥാന വനിതാ കമ്മീഷൻ ബിൽ  തയ്യാറാക്കിയത്.  എന്നാൽ ഇത് നടപ്പിലാക്കിയത് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ്. ആദ്യ വനിതാ കമ്മീഷൻ അധ്യക്ഷയായി    നിയമിതയായതു പ്രശസ്ത കവയിത്രിയും  സാമൂഹ്യ പ്രവർത്തന രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തിട്ടുള്ള  പരേതയായ  സുഗതകുമാരി ടീച്ചർ ആയിരുന്നു.  അവർ  കമ്മീഷൻ അധ്യക്ഷയായി ചുമതയേറ്റതു  1996  മാർച്ച് മാസത്തിലായിരുന്നു. വനിതകളുടെ പ്രശ്നങ്ങളിൽ  ഇടപെട്ടുകൊണ്ട്  ക്രിയാത്മകമായ  പ്രവർത്തനങ്ങളാണ് സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ കാഴ്ചവച്ചത്. എന്നാൽ   നിലവിലെ പിണറായി സർക്കാർ  ഈ കമ്മീഷനെ മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു പോഷക സംഘടനയുടെ നിലവാരത്തിലേക്ക് അധപതപ്പിച്ചു. പാർട്ടി പ്രവർത്തകരും, നേതാക്കളും ഉൾപ്പെട്ട  ഏതു പരാതിയിലും  അന്വേഷണം  നടത്തുന്നതിന്  മാർക്സിസ്റ്റ് പാർട്ടിക്ക് സ്വന്തം പോലീസും, അന്വേഷണ സംഘവും, കോടതിയുമുണ്ടെന്നു തുറന്ന പറഞ്ഞത്  വനിതാ കമ്മീഷൻ അധ്യക്ഷയായ ജോസഫൈൻ ആയിരുന്നു.   വനിതകളോട്  വളരെ ക്രൂരവും മനുഷ്യത്വ രഹിതവുമായി  പെരുമാറിയ   എം.സി. ജോസഫൈനെ  ഒടുവിൽ പിണറായി സർക്കാരിന്  തന്നെ പുറത്താക്കേണ്ടി വന്നു. കോൺഗ്രസ് സർക്കാരുകളും കമ്മ്യൂണിസ്റ്റ് സർക്കാരുകളും  വനിതാ പ്രശ്നങ്ങളിൽ കൈക്കൊള്ളുന്ന നിലപാടാണ് പ്രധാനം.  കോൺഗ്രസ് സര്കാരുകൾക്കുകീഴിൽ  വനിതാ കമ്മീഷനുകൾക്കു പൂർണ സ്വാതന്ത്ര്യത്തോടെയും നീതിയുക്തമായും പ്രവർത്തിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ, കമ്മ്യൂണിസ്റ്റ് സർക്കാരുകൾ   രാഷ്ട്രീയ ലക്ഷ്യത്തോടെയും , അതിർ വരമ്പുകൾ തീർത്തും മാത്രമേ  പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നുള്ളൂ. അതുകൊണ്ടാണ് ഇടതുപക്ഷ ഭരണത്തിൻകീഴിൽ വനിതാ കമ്മീഷനുകൾക്കു    ഫലപ്രദമായി  പ്രവർത്തിക്കുവാൻ സാധിക്കാതെ, ഏട്ടിലെ പശുക്കുക്കളെപോലെ ഇരിക്കേണ്ടി വരുന്നത്.

രോഷാഗ്നിപടർത്തിയ സ്ത്രീധന മരണങ്ങൾ 

ജൂൺ മാസം അവസാന ആഴ്ച നടന്ന മൂന്നു മരണങ്ങളാണ്  സ്ത്രീധനത്തിനെതിരെയുള്ള രോഷാഗ്നി  കേരള സമൂഹത്തിൽ ഇപ്പോൾ  ആളിക്കത്തിക്കാൻ  ഇടയാക്കിയത് .  മൂന്നു പേരും  25  വയസ്സിനു താഴെയുള്ള പെണ്കുട്ടികളായിരുന്നു.  ഇതിൽ ആദ്യത്തേത് ആയുർവേദ മെഡിസിന് പഠിക്കുകയായിരുന്നു വിസ്മയുടെ മരണമാണ്.  സുന്ദരിയായ ഈ കുട്ടിയെ   വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ കിരണ്കുമാർ  വിവാഹം  ചെയ്തപ്പോൾ  100  പവൻ സ്വർണവും, 1.25 ഏക്കർ സ്ഥലവും ഒരു പുതിയ കാറും  നൽകിയിരുന്നു.  കാറിനു പകരം ആഡംബര കാർ വാങ്ങാനുള്ള രൂപ നൽകണമെന്ന് പറഞ്ഞു ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും നിരന്തരമായി പീഡിപ്പിച്ചു. കൊലപാതകമാണോ ആത്മഹത്യാ ആണോ എന്നതല്ല പ്രശ്‍നം .  സ്ത്രീധന തർക്കത്തെ തുടർന്നാണ്  ആ കുട്ടി  ഭർതൃ ഗൃഹത്തിൽ വച്ച്  മരണമടഞ്ഞത്  എന്നതിൽ ആർക്കും സംശയമില്ല.   ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്  19  വയസ്സുകാരിയായ  സുചിത്ര ഭർതൃഗൃഹത്തിൽ  മരണപ്പെട്ടതാണ് രണ്ടാമത്തെ കേസ്. വിവാഹ സമയത് 51  പവൻ സ്വർണവുംഒരു കാറും കൊടുത്തിരുന്നു. ഇതിനു പുറമെ  10  ലക്ഷം രൂപകൂടി വേണമെന്ന് പറഞ്ഞു ഭർത്താവു വിഷ്ണുവും  അയാളുടെ വീട്ടുകാരും  ആ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.  മൂന്നാമത്തെ കേസ്  തിരുവനന്തപുരത്തിനടുത്തുള്ള വിഴിഞ്ഞതായിരുന്നു. സ്ത്രീധനമായി ലക്ഷം രൂപ കൂടി വേണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്   ഭർതാവ്  സുരേഷിന്റെ  വീട്ടുകാർ മാനസികമായും ശാരീരികമായും  പീഡിപ്പിക്കുന്നതിനിടയിലാണ് അർച്ചന എന്ന  കുട്ടി മരണമടയുന്നത് .

സ്ത്രീ പീഡനം വർധിച്ച അഞ്ചുവര്ഷങ്ങൾ 

സംസ്ഥാന പോലീസിന്റെ ക്രൈം റെക്കോർഡ്‌സ് പ്രകാരം  പിണറായി സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ഭരണത്തിനിടക്ക് 66  സ്ത്രീധന മരണങ്ങളും 15143  പരാതികളുമാണ് ഉണ്ടായിട്ടുള്ളത്. 2015  7  സ്ത്രീധന മരണങ്ങളായിരുന്നു കേരളത്തിൽ നടന്നത്.  ഓരോ വർഷവും സ്ത്രീ ധന മരണങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. 2020 ൽ സ്ത്രീധനവുമായി ബന്ധപ്പെട്ട പോലീസ്  കേസുകൾ 2715  ആയിരുന്നു.വനിതാ മതിലും, സ്ത്രീ സുരക്ഷയുമെല്ലാം പിണറായി സർക്കാരിന്  വെറും മുദ്രാവാക്യങ്ങൾ  മാത്രമാണ്.  ഈ സർക്കാർ അധികാരത്തിലേറിയശേഷം  കഴിഞ്ഞ ഏപ്രിൽ മാസം വരെ    പെൺകുട്ടികൾ ഉൾപ്പെടെ  16656 സ്ത്രീകളാണ്   ബലാൽ സംഘത്തിനിരയായത്. ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും  റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങളില്ല.  ഉത്തർപ്രദേശിലെ  ഉന്നാവുംഹത്രാസും അടക്കം നിരവധി ലൈംഗിക പീഡനങ്ങളും, കൊലപാതകങ്ങളും നടന്ന യോഗിയുടെ ഭരണവും   വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ലൈംഗിക പീഡനങ്ങളും  കൊലപാതകങ്ങളും നടന്ന കേരളത്തിലെ  പിണറായി സർക്കാരിന്റെ ഭരണവും തമ്മിലുള്ള ഏക വ്യത്യാസം                  കൊടിയുടെ നിറത്തിൽ മാത്രമാണ്. എന്ത് വിലകൊടുത്തും പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്  ഇരു   മുഖ്യമന്ത്രിമാരും  സ്വീകരിക്കുന്നത്. യോഗിയുടേത് കാവിയാണെങ്കിൽ, പിണറായി ഏന്തിയിരിക്കുന്നതു ചുവന്ന   കൊടിയാണ്.  അത് മാത്രമാണ് വ്യത്യാസം.  ഗവർണർ  ഒരു ദിവസം  ഉപവസിച്ചതുകൊണ്ട്  മുഖ്യമന്ത്രി പിണറായി വിജയന്  മാനസാന്തരം ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലതുതന്നെ എന്ന് ആശ്വസിക്കാം .

പി.എസ്‌ .ശ്രീകുമാർ 

9847173177 

 

No comments:

Post a Comment