കാബൂളിൽ ഇനി മുല്ല അബ്ദുൽ ഗനി ബർദാറോ ?
പി.എസ് .ശ്രീകുമാർ
പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് താലിബാന്റെ മുന്നേറ്റം. ഈ മാസം അവസാനത്തോടെ അമേരിക്കയുടെ മുഴുവൻ സൈന്യവും അഫ്‌ഗാനിസ്ഥാനിൽ നിന്നും മടങ്ങുകയാണ്. ഒപ്പം ബ്രിട്ടനും, ജർമനിയും ഉൾപ്പെടെയുള്ള അമേരിക്കയുടെ സഖ്യ കക്ഷികളും അവരുടെ സൈന്യത്തെ പിൻവലിക്കും. അതോടെ താലിബാൻ അഫ്ഘാൻ സൈന്യത്തെ അടിയറവു പറയിച്ചു ഭരണം പിടിച്ചടക്കുമെന്നാണ് അന്തർദേശീയ സമൂഹം പ്രതീക്ഷിച്ചതു. എന്നാൽ അമേരിക്കയെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് താലിബാൻ അഫ്ഘാൻ പിടിച്ചടക്കിയതും, അഫ്‌ഗാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി തജികിസ്താനിലേക്കു പലായനം ചെയ്തതും. പ്രസിഡന്റിന്റെ കൊട്ടാരം താലിബാൻ കയ്യടക്കി കഴിഞ്ഞു. കാബൂൾ നഗരതിന്നട്ടെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ പോരാളികൾ , ദോഹയിൽ നടക്കുന്ന സമാധാന ചർച്ചകളിലെ തീരുമാനം പ്രതീക്ഷിച്ചു നിൽക്കുകയാണ്. സമാധാനപരമായ ഒരു അധികാരമാറ്റത്തിനായാണ് അവർ കാത്തു നിൽക്കുന്നത്. ഏതുനിമിഷവും അധികാരം പിടിച്ചെടുത്തതായി താലിബാൻ പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. അഫ്ഘാനിസ്ഥാൻ ഇനി ഇസ്ലാമിക എമിറേറ്റ് ആയി മാറും. പ്രസിഡണ്ട് ആയി വരാൻ സാധ്യത താലിബാൻ തലവനായ മുല്ല അബ്ദുൽ ഗനി ബർദാറാണ് . അതിനു ശേഷം അഫ്‌ഗാനിൽ എന്താണ് സംഭവിക്കുകയെന്നത് അന്തർദേശീയ സമൂഹത്തെയാകെ അലട്ടുന്ന ഒരു ചോദ്യമാണ് .
2001 സെപ്റ്റംബർ 11 ന് ന്യൂയോർകിലെ വേൾഡ് ട്രേഡ് സെന്ററിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സൈന്യം അഫ്‌ഗാനിസ്ഥാനിൽ ഇരച്ചു കയറിയത് . ഭീകരാക്രമണം ആസൂത്രണം ചെയ്തത് താലിബാനാണെന്നു ആരോപിച്ചുകൊണ്ട് അവരെ അഫ്‌ഗാനിസ്ഥാൻറ്റെ മണ്ണിൽ നിന്നും തൂത്തുമാറ്റുമെന്നു അവകാശപ്പെട്ടാണ് അമേരിക്ക യുദ്ധം ആരംഭിച്ചത്. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് താലിബാനെ അമർച്ചചെയ്‌തു ജനകീയ ഭരണം കൊണ്ടുവരുവാൻ അമേരിക്കക്ക് കഴിഞ്ഞെങ്കിലും, താലിബാനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തിലെത്താൻ ഇരുപതു വർഷങ്ങൾക്കിപ്പുറവും സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഏതായാലും കഴിഞ്ഞ ഇരുപതു വർഷം അമേരിക്ക എന്താണോ അമേരിക്ക ഉദ്ദേശിച്ചത് അതൊക്കെ ഇപ്പോൾ വൃഥാവിലായി.
2500 ഓളം അമേരിക്കയുടെ സൈനികരും, അവരെ സഹായിക്കാനായി എടുത്ത 3800 ഓളം താൽക്കാലികക്കാരും യുദ്ധത്തിൽ കൊല്ലപ്പെട്ടു. അഫ്‌ഗാൻറ്റെ സൈനികരും, പോലീസും കൂടി 66000 പേരും, പൗരന്മാരായ 47245 പേരുമാണ് താലിബാനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. താലിബാൻ തീവ്രവാദികളായ 51191 പേരും. കഴിഞ്ഞമാസം കൊല്ലപ്പെട്ട ഇന്ത്യൻ പത്രപ്രവര്തകനായ ഡാനിഷ് സിദ്ദിഖി ഉൾപ്പെടെ 72 പത്രപ്രവർത്തകരുമാണ് കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കുള്ളിൽ അഫ്‌ഗാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഈ യുദ്ധത്തിന് നേതൃത്വം നൽകിയ അമേരിക്കയുടെ ഖജനാവിൽ നിന്നും 2 ലക്ഷം കോടി ഡോളറാണ് ചെലവഴിച്ചത്. അൽ ഖായിദ നേതാവ് ഒസാമ ബിൻ ലാദനെ 2011 മേയ് 16 ന് പാകിസ്താനിലെ അബ്ബോട്ടാബാദിലെ ഒളിതാവളത്തിൽ വച്ച് കൊലപ്പെടുത്തിയതൊഴിച്ചാൽ താലിബാനെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിച്ചില്ലെന്ന് മാത്രമല്ല, ഒരിക്കൽ തീവ്രവാദികൾ എന്ന് മുദ്രകുത്തി അകറ്റിനിർത്തിയവരുമായി സമാധാന ചർച്ച നടത്തിയാണ് സൈനികരെ പിൻവലിക്കാനുള്ള കരാറിൽ മുൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് എത്തിച്ചേർന്നതും. ഔദ്യോഗിക തലത്തിൽ താലിബാനുമായി നടന്ന ചർച്ചയുടെ തുടർച്ചയായാണ് 2020 ഫെബ്രുവരി 29 ന് അമേരിക്കയും താലിബാനുമായി ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ വച്ച് കരാർ ഒപ്പിട്ടത്. അഫ്‌ഗാനിലെ അധികാര മാറ്റം അവിടത്തെ സർക്കാരും താലിബാനുമായി ചർച്ചനടത്തി പരിഹരിക്കണമെന്നും, അമേരിക്കയുടെയും സഖ്യകഷികളുടെയും സൈനികർ ഘട്ടം ഘട്ടമായി പിൻവാങ്ങുമെന്നും, ഇരുഭാഗത്തുമായി തടവിൽ കഴിയുന്നവരെ സമയബന്ധിതമായി വിട്ടയക്കുമെന്നും, അതിനു അവസരമൊരുക്കത്തക്കരീതിയിൽ വെടിനിർത്തൽ നടപ്പിൽ വരുത്തുമെന്നും ഉള്ള നിബന്ധനകളാണ് കരാറിൽ ഉള്ളത് .
താലിബാന്റെ സ്വഭാവം മാറുന്നു
2021 മേയ് മാസത്തിൽ അമേരിക്കൻ സൈനികർ അഫ്‌ഗാൻ വിടാൻ തുടങ്ങിയതോടെ താലിബാന്റെ സ്വഭാവം മാറി. വെടിനിർത്തൽ ലംഘിച്ചുകൊണ്ട് അവർ ഓരോ നഗരങ്ങളും , പ്രവിശ്യകളും പിടിച്ചെടുക്കുവാൻ തുടങ്ങി. അഫ്‌ഗാനിൽ അമേരിക്ക ഏറ്റവും വലിയ സൈനിക ക്യാമ്പ് നടത്തിയത് സൈനിക വിമാന താവളം ഉള്ള ബഗ്രാമിലാണ്. കാബൂളിൽ നിന്നും 43 കിലോ മീറ്ററാണ് ബഗ്രാമിലേക്ക്. യുദ്ധത്തിന്റെ മൂര്ധന്യ ഘട്ടങ്ങളിൽ പതിനായിരക്കണക്കിന് സൈനികരും, ആയിരക്കണക്കിന് സൈനിക വാഹനങ്ങളും , യുദ്ധവിമാനങ്ങളും ആയുധങ്ങളും ഒക്കെ ഉള്ള ഒരു ആധുനിക മിനി നഗരമായിരുന്നു ബഗ്രാം. കരാറിന്റെ ഭാഗമായി സൈനികരുടെ എണ്ണം ഇവിടെ കുറച്ചുകൊണ്ടുവരികയായിരുന്നു അമേരിക്ക. എന്നാൽ ബാക്കിയുണ്ടായിരുന്ന മുഴുവൻ സൈനികരെയും ജൂലൈ രണ്ടാം തീയതി അർധരാത്രിക്ക് അമേരിക്ക ഒഴിപ്പിച്ചു കൊണ്ടുപോയി. അഫ്‌ഗാൻ സൈനിക മേധാവിയെപ്പോലും അറിയിക്കാതെയാണ് അമേരിക്ക സൈനികരെ ഒഴിപ്പിച്ചത്. സൈനികർ ഒഴിഞ്ഞതിനെ തുടർന്ന് ബഗ്രാം ക്യാമ്പിൽ ആളുകൾ ഇരച്ചുകയറി കൊള്ളയടിച്ചപ്പോഴാണ് അമേരിക്കൻ സൈനികർ അവിടെനിന്നും ഒഴിഞ്ഞ വിവരം അഫ്‌ഗാൻ സൈനികർ അറിഞ്ഞത്. ഇപ്പോൾ ബഗ്രാം സൈനിക ക്യാമ്പിന്റെ നിയന്ത്രണവും താലിബാൻ ഏറ്റെടുത്തു.
ഓഗസ്റ്റ് ആദ്യവാരത്തോടെ അഫ്ഗാനിസ്ഥാനിലെ 421 ജില്ലകളിൽ പകുതിയോളം ജില്ലകളുടെ നിയന്ത്രണം താലിബാൻറ്റെ കൈകളിലായി. ഏറ്റവും ഒടുവിലത്തെ റിപോർട്ടുകൾ അനുസരിച്ചു് അഫ്ഘാനിസ്ഥാനിലെ 34 പ്രവിശ്യകളും താലിബാൻ പിടിച്ചെടുത്തു. ഏറ്റവും ഒടുവിലത്തെ റിപോർട്ടുകൾ പ്രകാരം അഫ്ഘാനിസ്ഥാൻ മുഴുവൻ താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു.
അമേരിക്കയുടെ പിൻഗാമി ആര് ?
അഫ്‌ഗാനിസ്ഥാനിൽ അമേരിക്കക്കുണ്ടായിരുന്ന റോളിൽ ഇനി ആരായിരിക്കും? അതിനുള്ള മത്സരം തുടങ്ങി. ആ റോൾ കയ്യടക്കാൻ റഷ്യക്കും, ചൈനക്കും, പാകിസ്ഥാനും, ഇറാനും താല്പര്യമുണ്ട്. ഇന്ത്യക്കു താല്പര്യമുണ്ടെങ്കിലും താലിബാനുമായുള്ള ഇന്ത്യയുടെ ബന്ധം അത്ര സുഖകരമല്ല. താലിബാനെ, അമേരിക്കയുടെ ആക്രമണങ്ങളിൽനിന്നും അഭയം നൽകിരക്ഷിച്ചതും, ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും നൽകി ഊട്ടി വളർത്തിയതും പാകിസ്താനാണ്. അതുകൊണ്ട് താലിബാന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, അമിതമായ സ്വാധീനം ചെലുത്താൻ സാധിക്കും എന്നാണ് പാകിസ്ഥാൻ കരുതുന്നത്. ഇക്കാര്യത്തിൽ വളരെ സൂക്ഷിച്ചാണ് ചൈനയും റഷ്യയും കരുക്കൾ നീക്കുന്നത്. ചൈനക്ക് രണ്ടു കാര്യങ്ങളിലാണ് ശ്രദ്ധ. ഒന്ന്, അവരുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ ഉൾപ്പെട്ട റോഡ്, റെയിൽ ലൈനുകൾ കടന്നു പോകുന്നത് അഫ്ഗാനിലൂടെയാണ്. യൂറോപ്പിലേക്കും , മധേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള അവരുടെ ചരക്കു ഗതാഗതം തടസ്സപ്പെടരുതെന്നതാണ് ചൈനയുടെ ഒരു ആവശ്യം. രണ്ടാമത്തേത് ചൈനയുടെ സുരക്ഷയെ ബാധിക്കുന്നതാണ്. മുസ്ലിം ഭൂരിപക്ഷ മേഖലയായ ചൈനയുടെ വടക്ക് പടിഞ്ഞാറൻ സിൻജിയാങ് പ്രവശ്യ അഫ്ഗാനോട് ചേർന്നാണ് കിടക്കുന്നത്. ഉയിഗർ മുസ്‌ലിം വംശജർ ചൈനയുടെ അധീശത്തിനെതിരെ കുറെകാലങ്ങളായി പോരാടുന്നു. സൈനിക ശക്തിയും അധികാരവുമുപയോഗിച്ചാണ് ഉയിഗർ വംശജരെ ചൈന അടിച്ചൊതുക്കുന്നത്. താലിബാനുമായി ചേർന്ന് ചൈനക്കെതിരെ അവർ ഭാവിയിൽ പോരാടുമോ എന്ന ഭയം ചൈനയെ വല്ലാതെ അലോസരപ്പെടുത്തുന്നു. അതൊഴിവാക്കുക എന്ന ലക്ഷ്യത്തോടെ താലിബാനുമായി, പാകിസ്താന്റെ സഹായത്തോടെ അവർ ചർച്ചകൾ നടത്തുന്നുണ്ട്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ പെട്ട ചൈനയുടെ വൻകിട പദ്ധതികൾക്ക് വേണ്ട സഹായവും സുരക്ഷയും നൽകുമെന്നും, ഉയിഗർ പ്രശ്നത്തിൽ ചൈനയുടെ നിലപാടിന് അനുസരിച്ചു നീങ്ങാമെന്നുമാണ് ഇപ്പോൾ താലിബാൻ അവർക്ക് നൽകിയിട്ടുള്ള ഉറപ്പു.
റഷ്യക്കും പ്രശ്‍നം സുരക്ഷയും സാമ്പത്തിക ഇടപാടുകളും,ആണ്. ദക്ഷിണ-ഉത്തര റോഡ്/റെയിൽ ഗതാഗതം അഫ്‌ഗാനിലൂടെ സ്ഥാപിക്കുകയാണെങ്കിൽ, അറബിക്കടൽ മുഖേന ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിലേക്കും, ആഫ്രിക്കൻ രാജ്യങ്ങളിലേക്കും വ്യാപാര-വാണിജ്യ ഇടപാടുകൾ വ്യാപിപ്പിക്കുവാൻ എളുപ്പം സാധിക്കും. മറ്റൊന്ന് മുസ്ലിം തീവ്രവാദം തടഞ്ഞു നിർത്തുക എന്നുള്ളതാണ്.പഴയ സോവിയറ്റ് യൂണിയന്റെ ഭാഗങ്ങൾ ആയിരുന്ന രാജ്യങ്ങളാണ് റഷ്യക്കും, അഫ്ഗാനുമിടയിൽ ബഫർ രാജ്യങ്ങളായി ഉള്ള തജികിസ്താൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്മെനിസ്താന് തുടങ്ങിയ രാജ്യങ്ങൾ. ഇവിടങ്ങളിലൂടെ മുസ്ലിം തീവ്രവാദം വ്യാപിച്ചാൽ അത് റഷ്യക്കും ദോഷകരമാകും. അതൊഴിവാക്കാൻ ശ്രമിക്കുന്നതിനൊപ്പം, മധ്യേഷ്യൻ രാജ്യങ്ങളിൽ മുൻ സോവിയറ്റ് യൂണിയനുണ്ടായിരുന്ന സ്വാധീനം തിരിച്ചുപിടിക്കാൻ സാധിക്കുമോ എന്നും റഷ്യ ശ്രമിക്കുന്നു.
ഇറാനുമായി സൗഹൃദം പുലർത്തുന്ന ഒരു ഭരണം അഫ്‌ഗാനിൽ ഉണ്ടാകണമെന്നാണ് ആ രാജ്യം ആഗ്രഹിക്കുന്നത്. ഗനിയുമായി നല്ലബന്ധമാണ് ഇറാനുള്ളതെങ്കിലും, അമേരിക്കയുമായുള്ള ഗനിയുടെ സൗഹൃദവും, സൈനിക സഹകരണവും ഇറാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടു നിലവിലുള്ള അഫ്‌ഗാൻ സർക്കാരിനോട് അടുപ്പം പുലർത്തുന്നതിനൊപ്പം താലിബാനുമായും ഇറാൻ നല്ല ബന്ധത്തിലാണ്.ഐസിസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഖൊറാസാൻ പ്രവിശ്യയിലെ തീവ്രവാദി ഗ്രൂപ്പിനെ രണ്ടുകൂട്ടരും എത്തിക്കുന്നു. ഇറാനിൽ നിന്നും മോചനം നേടണമെന്ന് ആഗ്രഹിക്കുന്ന ഖൊറാസാൻ തീവ്രവാദികളെ താലിബാനും ശക്തമായി എതിർക്കുകയാണ്. താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് കാബൂളിൽ അധികാരമേൽക്കുന്നതെങ്കിൽ , ഇറാൻ - അഫ്‌ഗാൻ അതിർത്തികളിലൂടെയുള്ള മയക്കുമരുന്ന് കള്ളക്കടത്തു തടയാൻ ഇരുരാജ്യങ്ങൾക്കും സഹകരിക്കുവാൻ സാധിക്കും. ഒപ്പം ഇറാന്റെ ചബാഹർ തുറമുഖം വഴി അഫ്‌ഗാനിസ്ഥാന്റെ ചരക്കു ഗതാഗതം സുഗമമാക്കുവാൻ സാധിക്കും. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിൽ വലയുന്ന ഇറാന് അഫ്‌ഗാൻ മാർക്കറ്റിലേക്കുള്ള പ്രവേശവും അഫ്ഗാനിസ്ഥാൻ വഴി ചൈനയുമായുള്ള വാണിജ്യ-വ്യാപാര ബന്ധങ്ങളും വലിയ ആശ്വാസമായി മാറും. ഏതു സാഹചര്യവും തങ്ങൾക്കുകൂടി പ്രയോജനപ്പെടണം എന്നതാണ് ഇറാൻറ്റെ അഫ്ഗാൻ നയത്തിന്റെ രത്‌നച്ചുരുക്കം.
ഇന്ത്യയുടെ സാദ്ധ്യതകൾ
റഷ്യയുടെയും, ചൈനയുടെയും, ഇറാൻറ്റെയും താല്പര്യങ്ങൾ മനസ്സിലാക്കികൊണ്ടു, നമുക്ക് അനുയോജ്യമായ ഒരു നയമായിരിക്കണം ഇന്ത്യ സ്വീകരിക്കേണ്ടത്. അതിന് റഷ്യയും ഇറാനുമായി നാം കൂടുതൽ സഹകരിക്കണം. ഇറാനുമായി വളരെ നല്ല ബന്ധമാണ് നമുക്കു ഉണ്ടായിരുന്നത്. ഇറാനിലെ ചബാഹർ തുറമുഖം വികസിപ്പിക്കുവാൻ ഇന്ത്യയാണ് പണം മുടക്കിയത് . ചബഹറിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്കു റെയിൽവേ ലൈൻ നിർമിക്കുന്ന കരാറും നമുക്കായിരുന്നു. എന്നാൽ അമേരിക്ക ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ട്രംപിന്റെ ഭീഷണിക്കു വഴങ്ങി , നമുക്ക് അതിൽ നിന്നും പിന്തിരിയേണ്ടി വന്നു. ഇക്കാര്യത്തിൽ ഇറാന് നമ്മളോട് അല്പം ഈർഷ്യയും ഉണ്ട് . ഇറാനിൽ ഇബ്രാഹിം റൈസി പുതിയ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തതുമുതൽ ബന്ധങ്ങൾ പഴയ നിലയിലേക്ക് കൊണ്ടുപോകുവാൻ നമ്മുടെ വിദേശ കാര്യ മന്ത്രാലയം കാര്യമായി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കായി പതിനൊന്നു ബില്യൺ ഡോളർ ഇന്ത്യ അഫ്‌ഗാനിൽ നിക്ഷേപിച്ചു. അതിൽ പ്രധാനപ്പെട്ടവ കാബൂളിലെ പാർലമെന്റ് മന്ദിരം, ദലേറ -സറഫ് റോഡ് വികസനം, അഫ്‌ഗാനിലെ ഏറ്റവും വലിയ അണക്കെട്ടായ സൽമ അണക്കെട്ട് എന്നിവയാണ്. അതിനു പുറമെയാണ് വാണിജ്യ-വ്യാവസായിക ബന്ധങ്ങൾ. അതിനാൽ നമ്മുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ തന്ത്രപരമായ ഇടപെടലാണ് നടത്തേണ്ടത്. തൊണ്ണൂറുകളിലെ ശൈലിയിൽ നിന്നും താലിബാനും വളരെയേറെ മാറി. അന്തർദേശീയ രംഗത്തുണ്ടായ മാറ്റങ്ങൾ ഉൾകൊള്ളാൻ അവരും തയ്യാറായിട്ടുണ്ട്. ഒറ്റയാനെപ്പോലെ പോയാൽ അധികനാൾ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് പഴയ അന്ന്ഹവങ്ങളിൽ നിന്നും അവർ പഠിച്ചിട്ടുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്.. അഫ്‌ഗാനിലെ ശാക്തിക ചേരിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടിക്കണ്ട്, താലിബാന്റെ നേതൃത്വവുമായി നല്ല ബന്ധം പുലർത്തുവാൻ നമ്മൾ അണിയറിൽ ശ്രമങ്ങൾ നടത്തിയിരുന്നു. ഇക്കാര്യത്തിൽ റഷ്യയുമായും ഇറാനുമായും കൂടുതൽ സഹകരിച്ചു കൊണ്ട് മുന്നോട്ടുപോയാൽ, കാബൂളിൽ ഉണ്ടായിട്ടുള്ള മാറ്റം നമുക്ക് കുറെയെങ്കിലും അനുകൂലമാക്കുവാൻ, ഒരു പക്ഷേ , സാധിച്ചേക്കും.
പി.എസ് .ശ്രീകുമാർ
9847173177

No comments:
Post a Comment